Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 24

3149

1441 റമദാന്‍ 01

കൊറോണക്കാലത്തെ റമദാന്‍ എങ്ങനെ ഫലപ്രദമാക്കാം?

ഡോ. താജ് ആലുവ 

ഈ വര്‍ഷത്തെ പരിശുദ്ധ റമദാന്‍ സമാഗതമാകുമ്പോള്‍ ആധുനിക മനുഷ്യസമൂഹമുള്ളത് ഇതുവരെ അവര്‍ കടന്നുപോയിട്ടില്ലാത്ത അത്യന്തം പ്രതിസന്ധി നിറഞ്ഞ ഒരു ഘട്ടത്തിലാണ്. സാധാരണ ഗതിയില്‍ പള്ളികള്‍ നിറഞ്ഞു കവിയുകയും സമൂഹ ഇഫ്ത്വാറുകളും സംഘടിത റിലീഫ് പദ്ധതികളും മറ്റുമായി വിശ്വാസിസമൂഹം ഏറ്റവും സജീവമാകുന്ന സമയമാണിത്. എന്നാല്‍ നടപ്പുശീലങ്ങള്‍ മാറിമറിയുന്ന കാലത്താണ് നാമേവരുമിപ്പോള്‍. അതു പക്ഷേ വിശ്വാസിസമൂഹത്തിന്റെ അജണ്ടകളെ അട്ടിമറിക്കുകയോ പ്രതിഫലം നഷ്ടപ്പെടുമെന്ന ഉത്കണ്ഠകള്‍ക്ക് വഴിമാറുകയോ ചെയ്യേണ്ടതില്ല. നാം വിളിക്കുന്നത് സര്‍വജ്ഞനായ, സര്‍വവ്യാപിയായ അല്ലാഹുവിനെയാണ്. പള്ളിയില്‍ നാം ആരാധന നടത്തുന്നതും പ്രാര്‍ഥന നടത്തുന്നതും അല്ലാഹു അറിയുന്നതു പോലെ, വീടുകളില്‍ വെച്ച് അത് നിര്‍വഹിക്കുന്നതും അല്ലാഹു കാണും, കേള്‍ക്കും. സമൂഹ നോമ്പുതുറ നടത്തുന്നതിന്റെ പ്രതിഫലം,  നിസ്സഹായരുടെ വീടുകളില്‍ നോമ്പ് കിറ്റുകളും മറ്റും നാം എത്തിച്ചുനല്‍കുന്നതിലൂടെ അവന്‍ നമുക്ക് നല്‍കുകതന്നെ ചെയ്യും. നമ്മുടെ സാഹചര്യങ്ങളെക്കുറിച്ച്, അവസ്ഥകളെക്കുറിച്ച് അവനുള്ള അറിവ് നമ്മുടേതിനേക്കാള്‍ സൂക്ഷ്മമാണല്ലോ. അതിനാല്‍ പ്രതിഫലത്തിലൊട്ടും കുറയാതെ തന്നെ നമുക്കതവന്‍ നല്‍കുകതന്നെ ചെയ്യും.
എന്നാല്‍ നാം വീടകങ്ങളില്‍ തളച്ചിടപ്പെട്ട അവസ്ഥയില്‍ കര്‍മങ്ങളുടെ ആത്മാവ് നഷ്ടപ്പെടാതെയും ചൈതന്യവത്തായും അവ നിര്‍വഹിക്കാന്‍ ശ്രദ്ധ വെക്കേണ്ടതുണ്ട്. ഒരുപക്ഷേ,  ഇതുവരെ കൂട്ടായി നിര്‍വഹിച്ച് ആത്മാവ് നഷ്ടപ്പെട്ടുപോയ കര്‍മങ്ങളുടെ ചൈതന്യം വീണ്ടെടുക്കാനുള്ള അവസരമായിരിക്കാം ഈ പ്രതിസന്ധിയിലൂടെ വിശ്വാസിസമൂഹത്തിന് അല്ലാഹു നല്‍കുന്നത്. അതിനുതകുന്ന ചില നിര്‍ദേശങ്ങള്‍ താഴെ:

- റമദാനിനു മുമ്പ് തന്നെ പരിശുദ്ധ മാസത്തിന് വേണ്ട കൃത്യമായ ഒരു പ്ലാന്‍ ഉണ്ടായിരിക്കുക. നമസ്‌കാരം കൃത്യമായി, സമയത്തു തന്നെ, കഴിയുന്നത്ര കുടുംബാംഗങ്ങളോടൊപ്പം സംഘടിതമായി നിര്‍വഹിക്കുമെന്ന ദൃഢനിശ്ചയമുണ്ടാകണം. ഖുര്‍ആന്‍ ഒരു തവണയെങ്കിലും മുഴുവന്‍ പാരായണം ചെയ്യുക, അര്‍ഥ-ആശയസഹിതമുള്ള പഠനം, മനഃപാഠം എന്നിവക്ക് കൃത്യമായ ടൈം ടേബിള്‍ നിശ്ചയിക്കുക. ഉദാഹരണത്തിന് എല്ലാ നമസ്‌കാരത്തിനു ശേഷവും പതിനഞ്ച് മിനിറ്റ് പാരായണം, സ്വുബ്ഹിനു ശേഷം (സാധാരണയുള്ള പാരായണം കഴിഞ്ഞ ശേഷം) അര മണിക്കൂര്‍ മനഃപാഠം, അസ്‌റിനു ശേഷം (സാധാരണയുള്ള പാരായണം കഴിഞ്ഞ ശേഷം) അര മണിക്കൂര്‍ അര്‍ഥ-ആശയ സഹിതമുള്ള പഠനം എന്നിങ്ങനെ.
- ഖുര്‍ആന്‍ പാരായണം സ്വയം ചെയ്യുന്നതോടൊപ്പം മറ്റുള്ളവരില്‍ നിന്ന് കേള്‍ക്കാനും സമയം കണ്ടെത്തുക. അത് കുടുംബാംഗങ്ങളില്‍തന്നെ നന്നായി പാരായണം ചെയ്യുന്നവരാകാം, അല്ലെങ്കില്‍ പ്രസിദ്ധരായ ഖാരിഉകളുടെ പാരായണങ്ങളാകാം. നബി (സ) അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)നെക്കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്യിക്കാറുണ്ടായിരുന്നുവെന്നത് പ്രസിദ്ധമാണല്ലോ. താങ്കള്‍ക്ക് ഞാന്‍ പാരായണം ചെയ്യുകയോ, താങ്കള്‍ക്കല്ലേ ഇതവതരിച്ചത് എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് നബി(സ)യുടെ മറുപടി, ഞാനത് മറ്റുള്ളവരില്‍നിന്ന് കേള്‍ക്കാനാഗ്രഹിക്കുന്നു എന്നായിരുന്നു. 
- തറാവീഹ് നമസ്‌കാരം പള്ളിയില്‍ ജമാഅത്തായി നിര്‍വഹിക്കാന്‍ സാധിച്ചേക്കില്ല എന്നത് പലരെയും അലട്ടന്നുണ്ടാവും. അതിന് പരിഹാരമായി നമുക്ക് മനഃപാഠമുള്ള ഭാഗങ്ങളോതി വീടുകളില്‍തന്നെ കഴിയുന്നത്ര സംഘടിതമായി അത് നിര്‍വഹിക്കാം. നബി (സ) രാത്രി നമസ്‌കാരങ്ങള്‍ വീട്ടില്‍ വെച്ചുതന്നെയാണ് നിര്‍വഹിച്ചിട്ടുള്ളത്. തീരെ മനഃപാഠമില്ലാത്ത അവസ്ഥയില്‍ മുസ്ഹഫ് നോക്കിയും പാരായണം ചെയ്യാം (ഇ-മുസ്ഹഫുകളും ഈയൊരാവശ്യത്തിന് മാത്രം പ്രത്യേകമായി പരിമിതപ്പെടുത്തി അതിന്റെ സാധ്യതകളുപയോഗപ്പെടുത്തുകയും ചെയ്യാം. നമസ്‌കാരത്തിലെ അടക്കത്തിനും മൊത്തത്തിലുള്ള അതിന്റെ ചൈതന്യത്തിനും ഭംഗം വരാത്ത രൂപത്തിലായിരിക്കണം ഇത് നിര്‍വഹിക്കേണ്ടത്).
-  സാധാരണ പള്ളിയില്‍നിന്ന് കിട്ടുന്ന ഉദ്‌ബോധനങ്ങളും ഒന്നിച്ചുള്ള ഖുര്‍ആന്‍ പഠന-പാരായണങ്ങളും നമുക്ക് നഷ്ടമായേക്കും. ആ കുറവ് പല രൂപത്തില്‍ പരിഹരിക്കാം. കുടുംബാംഗങ്ങളിലാര്‍ക്കെങ്കിലും പരിമിതമായ തോതിലെങ്കിലും ഇത് നിര്‍വഹിക്കാന്‍ സാധിക്കുമെങ്കില്‍ ആ സാധ്യത ഉപയോഗപ്പെടുത്തുന്നതു തന്നെയാണ് നല്ലത്. അതിന് സാധ്യമല്ലെങ്കില്‍, ഇപ്പോള്‍ വാട്ട്‌സാപ്പും യൂട്യൂബും വഴി നിരവധി പഠനക്ലാസുകളും ഉദ്‌ബോധനങ്ങളും മിക്കവാറും എല്ലാവര്‍ക്കും കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്. അത്തരം ക്ലാസുകളില്‍ നമുക്കിഷ്ടപ്പെട്ട, അല്ലെങ്കില്‍ എളുപ്പം കിട്ടാവുന്ന പ്രഭാഷകരുടേത് പ്രത്യേകം മാര്‍ക്ക് ചെയ്തു വെക്കുകയും അവ ഒരു നിശ്ചിത സമയത്ത് കേള്‍ക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യാം. കുടുംബത്തിലെ എല്ലാവര്‍ക്കും സൗകര്യപ്രദമായ ഒരു സമയം അതിനായി നേരത്തേ തീരുമാനിച്ചുറപ്പിക്കുന്നതും നല്ലതാണ്.
- ഖുര്‍ആനില്‍ വന്ന പ്രാര്‍ഥനകളും നബി(സ)യില്‍ നിന്ന് പ്രബലമായി ഉദ്ധരിക്കപ്പെട്ട പ്രാര്‍ഥനകളും ദിക്‌റുകളും (പ്രത്യേകിച്ച് നോമ്പുമായി ബന്ധപ്പെട്ടതും ദിനേന അത്യാവശ്യമുള്ളവയും) മനഃപാഠമാക്കുന്നതിന് ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും സമയം കണ്ടെത്തണം. കുട്ടികളെക്കൊണ്ട് ഇത് ക്രിയേറ്റീവായി ഡിസൈന്‍ ചെയ്ത് വീട്ടിനകത്ത് എല്ലാവരും കാണുന്ന രൂപത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ സ്വാഭാവികമായിത്തന്നെ ഇതവര്‍ക്ക് മനഃപാഠമാകും. കൂടാതെ, അറിയാവുന്നവര്‍ ഉറക്കെ ചൊല്ലുന്നതും ഗുണകരമാകും. 
- കുടുംബാംഗങ്ങള്‍ക്കിടയില്‍ പഠന-പാരായണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ചെറിയ ചെറിയ മത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കാം. പ്രാസ്ഥാനികവും മറ്റുമായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെടുത്തിയും ഇത് നടത്താം. ഉദാഹരണത്തിന്, പ്രാദേശികമായി നടക്കുന്ന മത്സരങ്ങള്‍ക്ക് ഇത്ര ശതമാനം മാര്‍ക്ക് വാങ്ങിയാല്‍ പ്രത്യേക സമ്മാനങ്ങള്‍ എന്ന മട്ടില്‍.
- ചരിത്ര പഠനം പ്രാധാന്യമുള്ളതാണ്. കുട്ടികളെ വിശ്വാസപരമായി ഉറപ്പിച്ചുനിര്‍ത്താന്‍ ഇതത്യാവശ്യമാണ്. എന്നാല്‍ എല്ലാറ്റിനും കൂടി സമയം കണ്ടെത്താന്‍ പ്രയാസമായിരിക്കെ, ഇതിനും സര്‍ഗാത്മക വഴികള്‍ അന്വേഷിക്കാം. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം നേരത്തേ സമയം നിശ്ചയിച്ച് നടത്തുന്ന ക്വിസ് പ്രോഗ്രാമുകള്‍ വഴിയോ കഥാകഥനം വഴിയോ മറ്റോ.
- കുടുംബത്തിലെ എല്ലാവര്‍ക്കും റമദാനിന്റെ പ്രതിഫലം ലഭിക്കണമല്ലോ. അതിനാല്‍, വീട്ടുജോലികളില്‍ സഹകരിക്കാന്‍ കുടുംബാംഗങ്ങളെല്ലാവരും തയാറാകണം.  എല്ലാവരും മുഴുസമയവും വീട്ടിലുള്ള ഈ സന്ദര്‍ഭത്തില്‍ ഇതിനു സാധിക്കാതെ വന്നാല്‍ വലിയ അനീതിയാകുമത്. വീട്ടുജോലികള്‍ വീതിച്ചെടുത്ത് സമയത്ത് ചെയ്തു തീര്‍ത്താല്‍ ആരാധനകള്‍ക്കും  പഠന-പാരായണങ്ങള്‍ക്കും എല്ലാവര്‍ക്കും തുല്യമായ അവസരം ലഭിക്കും.
- വീട്ടിലെ വൃദ്ധരായവരെയും രോഗികളെയും പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്. കുട്ടികളെയും അതില്‍ പങ്കുവഹിപ്പിക്കുന്നതിലൂടെ വലിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ സാധിക്കും.
- സകാത്തും ദാനധര്‍മങ്ങളുമൊന്നും നേരിട്ട് വിതരണം ചെയ്യാന്‍ സാധിച്ചില്ലെങ്കിലും അവ ഏറ്റെടുത്ത് വിതരണം ചെയ്യുന്ന സംഘടനകളെയും സമിതികളെയും ഏല്‍പിക്കുകയും ബാധ്യതകള്‍ മുറക്ക് വീട്ടുകയും ചെയ്യണം. ദാനധര്‍മങ്ങള്‍ എന്തിനെന്നും വിതരണം ചെയ്യുന്ന രീതിയും മറ്റും കുട്ടികളെ പറഞ്ഞുപഠിപ്പിക്കണം. ലോകം മുഴുവന്‍ പ്രയാസമനുഭവിക്കുന്നവരുടെ വേദനകള്‍ അവര്‍ അറിയണം.
- സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം അത്യാവശ്യങ്ങള്‍ക്ക്  മാത്രമായി പരിമിതപ്പെടുത്താന്‍ സാധിക്കണം. പലപ്പോഴും ലോക്ക് ഡൗണ്‍ കാലത്ത് നമ്മുടെ അധിക സമയവും കവര്‍ന്നെടുക്കുന്നത് ഫോണുകളായിരിക്കും. എന്നാല്‍ റമദാനിന്റെ സവിശേഷ സന്ദര്‍ഭത്തില്‍ അതിന് നിയന്ത്രണം വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. വിജ്ഞാനസമ്പാദനത്തിനും മറ്റുമായാണ് കൂടുതല്‍ സമയം വിനിയോഗിക്കേണ്ടത്.
- പള്ളിയില്‍ മാത്രം നിര്‍വഹിച്ചാല്‍ കിട്ടുന്ന ഇഅ്തികാഫ് പോലുള്ളവയുടെ പ്രതിഫലം ലഭിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ട് അതേ കര്‍മങ്ങള്‍ വീട്ടിലിരുന്ന് ചെയ്യാന്‍ ശുഷ്‌കാന്തി കാണിക്കണം.
- സര്‍വോപരി, ലോകത്ത് ദുരിതമനുഭവിക്കുന്ന സകല മനുഷ്യര്‍ക്കും വേണ്ടി കണ്ണീരോടെ പ്രാര്‍ഥിക്കാന്‍ ഈ പ്രതിസന്ധി നമുക്ക് തുണയാകണം. മാനവരാശി ഒന്നടങ്കം, പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ, ഒന്നാം ലോകരാജ്യങ്ങളെന്നോ മൂന്നാം ലോകരാജ്യങ്ങളെന്നോ ഭേദമില്ലാതെ ഇതുപോലെ ദുരിതമനുഭവിക്കുന്ന സാഹചര്യം ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. പുതിയൊരു ലോകത്തിന്റെ പിറവിക്കു വേണ്ടി സര്‍വശക്തന്‍ നിശ്ചയിക്കുന്നതെന്തോ, അത് നല്ലതിനായിരിക്കാനും പ്രാര്‍ഥിക്കുക. .

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (28-30)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രതിഫലാര്‍ഹമായ നോമ്പ്
സുബൈര്‍ കുന്ദമംഗലം