Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 24

3149

1441 റമദാന്‍ 01

വേനലിനെ വസന്തമാക്കുന്ന വിമോചനത്തിന്റെ മാസം

ഡോ. മുഹമ്മദ് പാണ്ടിക്കാട്

പ്രവാചകന്‍ (സ) ശഅബാന്‍ മാസത്തിലെ അവസാന ദിവസം നടത്തിയ ഒരു പ്രസംഗത്തില്‍ റമദാന്‍ മാസത്തിന്റെ പ്രാധാന്യവും പവിത്രതയും  സംഗ്രഹിച്ച് പറയുന്നുണ്ട്: ''മനുഷ്യരേ, നിങ്ങള്‍ക്കിതാ മഹത്തായ മാസം തണല്‍ വിരിച്ചിരിക്കുന്നു. അനുഗൃഹീത മാസമാണത്. ആയിരം മാസങ്ങളേക്കാള്‍ മഹത്വമുള്ള ഒരു രാത്രി ഈ മാസത്തിലാണ്. അതിലെ നോമ്പ് നിങ്ങള്‍ക്ക് അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിലെ രാത്രിനമസ്‌കാരം ഐഛികമാക്കിയിരിക്കുന്നു. ഈ മാസം ഒരു നന്മ ചെയ്തവന്‍ ഒരു നിര്‍ബന്ധകര്‍മം ചെയ്തവനെപ്പോലെയാണ്. ഒരു നിര്‍ബന്ധകര്‍മം ചെയ്തവന്‍ മറ്റ് മാസങ്ങളില്‍ എഴുപത് തവണ ആ കര്‍മം ചെയ്തവനെപ്പോലെയാണ്. ക്ഷമയുടെ മാസമാണിത്. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗമാണ്. സമത്വത്തിന്റെ മാസം. വിശ്വാസിയുടെ വിഭവങ്ങള്‍ വര്‍ധിക്കുന്ന മാസം. അതിലൊരു നോമ്പുകാരനെ നോമ്പ് തുറപ്പിച്ചാല്‍ അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും നരകത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യും. നോമ്പുകാരനുള്ള അതേ പ്രതിഫലം അവനും നല്‍കും. ഈ മാസത്തിന്റെ തുടക്കം കാരുണ്യമാണ്. മധ്യം പാപമോചനമാണ്. ഒടുക്കം നരക മോചനവും. ഈ മാസം തന്റെ അടിമക്ക് ആരെങ്കിലും ആശ്വാസം നല്‍കിയാല്‍ അവന് അല്ലാഹു പൊറുത്തു കൊടുക്കുകയും നരകത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യും. നാല് കാര്യങ്ങള്‍ ഈ മാസത്തില്‍ നിങ്ങള്‍ വര്‍ധിപ്പിക്കണം. അതില്‍ രണ്ടെണ്ണം നിങ്ങളുടെ റബ്ബിനെ തൃപ്തിപ്പെടുത്താനുള്ളതാണ്. രണ്ടെണ്ണം നിങ്ങള്‍ക്ക് അനിവാര്യമായതുമാണ്. അല്ലാഹുവല്ലാതെ ഇലാഹില്ല എന്ന സാക്ഷ്യവും അവനോട് മാപ്പിരക്കലുമാണ് നിങ്ങളുടെ റബ്ബിനെ തൃപ്തിപ്പെടുത്താനുള്ളത്. സ്വര്‍ഗം ചോദിക്കലും നരകത്തില്‍ നിന്ന് രക്ഷതേടലുമാണ് നിങ്ങള്‍ക്ക് അനിവാര്യമായത്. ആരെങ്കിലും നോമ്പുകാരനെ കുടിപ്പിച്ചാല്‍ അല്ലാഹു അവന് എന്റെ ജലാശയത്തില്‍ നിന്നും കുടിപ്പിക്കും. പിന്നെ അവന് സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതു വരെ ദാഹമനുഭവപ്പെടുകയില്ല'' (കന്‍സുല്‍ ഉമ്മാല്‍).

അത്യുജ്ജ്വല വരവേല്‍പ്പ്

പരിശുദ്ധ റമദാനിനെ ഏത് സങ്കീര്‍ണ സാഹചര്യങ്ങളിലും ആവേശത്തോടെയും ആനന്ദത്തോടെയും വരവേല്‍ക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം. റമദാന്‍ മാസത്തിന്റെ വരവിനെ അത്യന്തം ഉത്സാഹത്തോടെയും ജിജ്ഞാസയോടെയും ആയിരുന്നു പ്രവാചകനും അനുയായികളും സ്വാഗതം ചെയ്തിരുന്നത്. ഒരിക്കല്‍ അല്ലാഹുവിന്റെ ദൂതന്‍ അനുയായികളോട് ചോദിച്ചു: 'എന്താണ് നിങ്ങളിലേക്ക് ആഗതമാവുന്നത് ? എന്തിനെയാണ് നിങ്ങള്‍ സ്വാഗതം ചെയ്യുന്നത്?' മൂന്ന് തവണ പ്രവാചകന്‍ (സ)  ഈ ചോദ്യം ആവര്‍ത്തിച്ചു. ഉമര്‍(റ) അത്ഭുതത്തോടെ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, ഏതെങ്കിലും ഗോത്രക്കാര്‍ എത്തിയിട്ടുണ്ടോ?'
'ഇല്ല'
'ഏതെങ്കിലും ശത്രുക്കളാണോ?'
'ഇല്ല'
'പിന്നെയെന്താണ്?'
പ്രവാചകന്‍ പറഞ്ഞു: 'കഅ്ബയാവുന്ന ഈ ഖിബ്‌ലയുടെ മുഴുവന്‍ ആളുകള്‍ക്കും ആദ്യരാത്രി തന്നെ പാപങ്ങള്‍ പൊറുത്തു കൊടുക്കുന്ന പരിശുദ്ധ റമദാന്‍ മാസം' (കന്‍സുല്‍ ഉമ്മാല്‍).
പൂര്‍വികരായ മഹാന്മാര്‍ റമദാനിന് മുമ്പുള്ള ആറ് മാസം റമദാനിലേക്കെത്താന്‍ വേണ്ടിയും, ശേഷമുള്ള ആറ് മാസം റമദാന്‍ സ്വീകരിക്കാന്‍ വേണ്ടിയും പ്രാര്‍ഥിക്കാറുണ്ടായിരുന്നു എന്ന് മഅലബ്നു ഫദ്ല്‍ (റ) പറയുന്നുണ്ട് (ലത്വാഇഫുല്‍ മആരിഫ്).
റമദാന്‍ മാസത്തിന്റെ മഹത്വം നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍, എല്ലാ മാസവും റമദാന്‍ ആയിരുന്നുവെങ്കില്‍ എന്ന് നിങ്ങള്‍ കൊതിച്ചുപോവും എന്നൊരിക്കല്‍ നബി (സ) സ്വഹാബികളെ ഉണര്‍ത്തുകയുണ്ടായി (ഇബ്നു ഹുസൈമ). റമദാനില്‍ ജീവിച്ചിരിക്കാനുള്ള അവസരം ലഭിക്കുന്നതു തന്നെ വലിയ സൗഭാഗ്യമാണെന്ന് റസൂല്‍ (സ) അനുയായികളെ അറിയിക്കാറുണ്ടായിരുന്നു. ഇബ്നു റജബ് (റ) പറഞ്ഞു: 'അല്ലാഹുവിന്റെ വിധിപ്രകാരം ഒരാള്‍ റമദാന്‍ മാസത്തില്‍ എത്തുന്നതും നോമ്പനുഷ്ഠിക്കുന്നതും  വലിയ അനുഗ്രഹമാണ്. തിരുമേനിയുടെ കാലത്ത് വേര്‍പിരിയാത്ത മൂന്നു സഹോദരന്മാരുണ്ടായിരുന്നു. രണ്ടാളുകള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍  രക്തസാക്ഷികളായി. ഒരാള്‍ തൊട്ടടുത്ത വര്‍ഷം വിരിപ്പില്‍ കിടന്നാണ് മരണപ്പെട്ടത്. അദ്ദേഹം തന്റെ സഹോദരന്മാരേക്കാള്‍ മുന്നിലാണെന്ന് സ്വഹാബികളിലൊരാള്‍ക്ക് സ്വപ്നദര്‍ശനമുണ്ടായി. ഇതറിഞ്ഞപ്പോള്‍ നബി (സ) പറഞ്ഞു: അവര്‍ രണ്ടാളും മരണപ്പെട്ടതിനു ശേഷം ഇദ്ദേഹം ഇത്ര ഇത്ര നമസ്‌കരിച്ചില്ലേ...? റമദാനില്‍ നോമ്പനുഷ്ഠിച്ചില്ലേ...? എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെയാണ് സത്യം, ആകാശഭൂമികളേക്കാള്‍ അകലം അവര്‍ക്കിടയിലുണ്ടാക്കും' (സ്വഹീഹുല്‍ ജാമിഅ).

കോവിഡ് കാലത്തെ റമദാന്‍

ഈയിടെ ഈജിപ്തിലെ അസ്ഹര്‍ പണ്ഡിത സഭയില്‍ ഒരു ചോദ്യം ഉന്നയിക്കപ്പെട്ടു. കൊറോണാ വൈറസിനെതിരെയുള്ള മുന്‍കരുതലിന്റെ ഭാഗമായി വായയും തൊണ്ടയും വരളാതെ സൂക്ഷിക്കണം എന്ന ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം വിശ്വാസികള്‍ നോമ്പനുഷ്ഠിക്കേണ്ടതുണ്ടോ എന്നായിരുന്നു ചോദ്യം. മറുപടിയുടെ ചുരുക്കം ഇപ്രകാരമായിരുന്നു: 'രോഗപ്രതിരോധം ഇസ്ലാമിക ശരീഅത്ത് അത്യധികം പ്രാധാന്യത്തോടെ പരിഗണിക്കുന്നുണ്ട്. പക്ഷേ, വ്രതാനുഷ്ഠാനം കൊറോണാ വൈറസ് രോഗത്തിന് കാരണമാവുമെന്ന്  വിശ്വസ്തരായ ഡോക്ടര്‍മാര്‍ ഇതു വരെ അഭിപ്രായപ്പെട്ടിട്ടില്ല. അതിനാല്‍ വിശ്വാസികള്‍ക്ക് ഇതിന്റെ പേരില്‍ നോമ്പുപേക്ഷിക്കാന്‍ അനുവാദമില്ല' (േേവു:െ//ംംം.ഴീീഴഹല.രീാ/മാു//ൊ.്യീൗാ7.രീാ/മാു/2020).
എങ്കിലും കൊറോണാ രോഗം പടരാന്‍ വ്രതാനുഷ്ഠാനം ഇടയാക്കും എന്ന് പ്രഗത്ഭരായ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്ന സാഹചര്യം ഏതെങ്കിലും നാട്ടില്‍ ഉടലെടുക്കുകയാണെങ്കില്‍,നോമ്പുപേക്ഷിക്കുന്നതിനും ഇസ്ലാമിക ശരീഅത്ത് അനുവാദം നല്‍കുന്നുണ്ട് എന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ പഠനം നടത്തിയാല്‍ ബോധ്യപ്പെടും.
രോഗികളെപ്പോലെത്തന്നെ, നോമ്പിലൂടെ രോഗം വരാനുള്ള സാധ്യതയുള്ളവര്‍ക്കും നോമ്പുപേക്ഷിക്കാം എന്നതാണ് പണ്ഡിതമതം. ഇബ്നു ഖുദാമ (റ) പറഞ്ഞു: 'നോമ്പ് മുഖേന രോഗമുണ്ടാവുമോ എന്ന് ഭയപ്പെടുന്ന ആരോഗ്യവാന്മാരും, നോമ്പ് മുഖേന രോഗം വര്‍ധിക്കുമോ എന്ന് ഭയപ്പെടുന്ന രോഗികളെപ്പോലെത്തന്നെയാണ്. ഇരുവര്‍ക്കും നോമ്പ് ഉപേക്ഷിക്കാനുള്ള ആനുകൂല്യം ഉപയോഗപ്പെടുത്താവുന്നതാണ്' (മുഗ്നി, 4/403).
റമദാന്‍ ചാന്ദ്രമാസമായതിനാല്‍ എല്ലാ കാലാവസ്ഥകളിലൂടെയും അത് സഞ്ചരിക്കുന്നു.  ജീവിതത്തിന്റെ ഏത് ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴും റമദാനിലെ  വ്രതങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്. ഏതു  പരിത:സ്ഥിതികളിലും വിശ്വാസികള്‍ തന്നെ അനുസരിക്കുന്നുണ്ടോ എന്ന് അല്ലാഹു പരീക്ഷിക്കുകയാണ്.  ജീവിതത്തിന്റെ സന്തോഷസന്താപങ്ങളിലും സുഖദുഃഖങ്ങളിലും തന്റെ കല്‍പ്പനകള്‍ പാലിക്കുന്നവരെ കണ്ടെത്തുക എന്നതാണ് അല്ലാഹു ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇബ്നു ഖയ്യിം (റ) പറയുന്നു: 'തന്റെ ദാസന്മാര്‍ സന്തോഷത്തിലും സന്താപത്തിലും ആരോഗ്യത്തിലും പരീക്ഷണത്തിലും  ഇബാദത്ത് ചെയ്യുന്നത് അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നു. ഏതവസരത്തിലും തന്റെ ഉടമത്തത്തെ അംഗീകരിക്കുന്നവനും അനുസരിക്കുന്നവനുമാവണം തന്റെ ദാസന്‍ എന്നതില്‍ അല്ലാഹുവിന് നിര്‍ബന്ധമുണ്ട്. ഇത്തരം വൈവിധ്യാവസ്ഥകളിലൂടെയല്ലാതെ ഹൃദയത്തെ ശുദ്ധീകരിക്കാനാവില്ല. ചൂടും തണുപ്പും, വിശപ്പും ദാഹവും, ക്ഷീണവും ക്ലേശവും ഇവയുടെ വിപരീത അവസ്ഥകളും കൊണ്ടാണല്ലോ ശരീരം ശരിയാവുന്നത്. അതു പോലെ, പരീക്ഷണങ്ങളും പ്രയാസങ്ങളും മാനവികതയുടെ സമ്പൂര്‍ണത കൈവരിക്കാന്‍ അനിവാര്യമാണ്. കയറ്റം കയറാത്തവര്‍ക്ക് ഉയരങ്ങളില്‍ എത്താനാവില്ല' (ഇഗാസതു ലഹ്ഫാന്‍)

റമദാനും ഖുര്‍ആനും

വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം എന്നതാണ് റമദാനിന്റെ മഹത്വമായി അല്ലാഹു പ്രഖ്യാപിക്കുന്നത്. ഖുര്‍ആനുമായുള്ള ബന്ധം സുദൃഢമാക്കല്‍ തന്നെയാണ് റമദാനിലെ പ്രധാന പുണ്യം. ഖുര്‍ആന്‍ മനന, പഠന,  പാരായണങ്ങളിലൂടെ റമദാനിന്റെ ദിനരാത്രങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ക്കാവണം. ഖുര്‍ആനിനെയും റമദാനിനെയും ചേര്‍ത്തുവെച്ചു കൊണ്ട് അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: 'നോമ്പും ഖുര്‍ആനും അന്ത്യദിനത്തില്‍ അടിമയുടെ ശിപാര്‍ശകരായി വരും. നോമ്പ് പറയും: 'പകലില്‍ ഞാനവന്റെ ഭക്ഷണത്തെയും വികാരങ്ങളെയും തടഞ്ഞു നിര്‍ത്തി.' ഖുര്‍ആന്‍ പറയും: 'രാത്രിയില്‍ ഞാനവന്റെ ഉറക്കിനെ തടസ്സപ്പെടുത്തി.' അതു രണ്ടും അവനു വേണ്ടി ശിപാര്‍ശ ചെയ്യും' (അഹ്മദ്).
റമദാനിന്റെ എല്ലാ രാത്രികളിലും ജിബ് രീല്‍ പ്രവാചകന് ഖുര്‍ആന്‍ ഓതിക്കൊടുക്കാറുണ്ടായിരുന്നു എന്ന ഹദീസിനെ വിശദീകരിച്ച് ഇബ്നു റജബ് (റ) എഴുതി: 'റമദാനില്‍ ഖുര്‍ആന്‍ പഠനത്തിന് പ്രത്യേക പുണ്യമുണ്ടെന്നാണ് ഈ ഹദീസ് തെളിയിക്കുന്നത്. അതിനായി ഒരുമിച്ചു കൂടി തന്നേക്കാള്‍ മനഃപാഠമുള്ളവര്‍ക്ക് അത് ചൊല്ലിക്കൊടുക്കുന്നതിനും പ്രത്യേക പ്രതിഫലമുണ്ട്. അതു പോലെ റമദാനില്‍ ഖുര്‍ആന്‍ പാരായണം അധികരിപ്പിക്കുന്നതും ഏറെ പ്രതിഫലാര്‍ഹമാണ്' (ലത്വാഇഫുല്‍ മആരിഫ്. പേജ്: 169). ഇമാമുമാരായ ശാഫിഈ, അബൂ ഹനീഫ എന്നിവര്‍ റമദാനില്‍ അറുപത് തവണ ഖുര്‍ആന്‍ മുഴുവനും ആവര്‍ത്തിക്കാറുണ്ടായിരുന്നു എന്ന് ഗ്രന്ഥങ്ങളില്‍ കാണാം. ഇമാം സുഹ്രി (റ) റമദാന്‍ മാസമായാല്‍  ഇപ്രകാരം പറഞ്ഞിരുന്നു: 'ഇനി ഖുര്‍ആന്‍ പാരായണവും അഗതികള്‍ക്ക് ആഹാരം നല്‍കലും മാത്രം.'
ഇമാം മാലിക് (റ) റമദാന്‍  വരുന്നതോടെ ഹദീസ് പഠനത്തില്‍ നിന്നും പണ്ഡിത സഭകളില്‍ നിന്നും മാറി നിന്ന് മുസ്വ്ഹഫ് നോക്കി ഖുര്‍ആന്‍ പാരായണത്തില്‍ മാത്രം മുഴുകിരുന്നു. സുഫ് യാനുസ്സൗരി (റ) റമദാന്‍ മാസം വരുന്നതോടെ മറ്റു ഇബാദത്തുകളില്‍ നിന്ന് മാറി  ഖുര്‍ആന്‍ പാരായണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

നോമ്പും പാപങ്ങളും

നോമ്പിനെ നിര്‍വീര്യമാക്കുകയോ  മാരകമായി പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നതാണ് തെറ്റുകുറ്റങ്ങള്‍. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതിന്റെ അത്രതന്നെ ജാഗ്രത തന്റെ വാക്കിലും പ്രവൃത്തിയിലും തിന്മകള്‍ കടന്നുവരുന്നില്ലെന്ന് ഉറപ്പിക്കാന്‍ നോമ്പുകാരനാവണം. നന്മകള്‍ ആര്‍ജിക്കലും തിന്മകള്‍ വര്‍ജിക്കലുമാണ് നോമ്പിന്റെ ലക്ഷ്യം എന്ന് അല്ലാഹുതന്നെ വ്യക്തമാക്കിയതാണ്. ചീത്ത വാക്കും പ്രവൃത്തിയും ഉപേക്ഷിക്കാത്തവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കേണ്ട യാതൊരാവശ്യവും അല്ലാഹുവിനില്ലെന്ന് പ്രവാചകനും പ്രഖ്യാപിച്ചു. വിശപ്പും ദാഹവുമല്ലാതെ മറ്റൊന്നും ലഭിക്കാത്ത എത്രയോ നോമ്പുകാരുണ്ടെന്ന് റസൂല്‍ (സ) മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഉമര്‍ (റ) പറഞ്ഞു: 'അന്നപാനീയങ്ങള്‍ മാത്രമല്ല; കളവും വ്യാജവും അനാവശ്യങ്ങളും ഒഴിവാക്കലാണ് വ്രതം.'
ജാബിര്‍ (റ) പറഞ്ഞു: 'നീ നോമ്പനുഷ്ഠിക്കുകയാണെങ്കില്‍ കാതും കണ്ണും നാവും വ്യാജങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും അകന്നു നില്‍ക്കണം. ഭൃത്യനെ ദ്രോഹിക്കരുത്. വ്രതനാളുകളില്‍ നിനക്ക് അടക്കവും ഒതുക്കവും ഗാംഭീര്യവും വേണം. നോമ്പുള്ള ദിനങ്ങളും നോമ്പില്ലാത്ത ദിനങ്ങളും ഒരു പോലെയാവരുത്.'
അബൂഹുറയ്റയും കൂട്ടുകാരും നോമ്പനുഷ്ഠിച്ചാല്‍ പള്ളിയില്‍ വന്നിരുന്ന് ഇപ്രകാരം പറയാറുണ്ടായിരുന്നു: 'ഞങ്ങള്‍ വ്രതത്തെ വിശുദ്ധമാക്കുകയാണ്.' മയ്മൂനുബ്നു മഹ്റാന്‍ പറഞ്ഞു: 'അന്നപാനീയങ്ങള്‍ മാത്രം ഉപേക്ഷിക്കുന്ന വ്രതം വളരെ ഹീനമായതാണ്.'  പാപകര്‍മങ്ങള്‍ നോമ്പിനെ തകര്‍ക്കുമെന്നും അവര്‍ വീണ്ടും നോമ്പനുഷ്ഠിക്കണമെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്.
ഇമാം ഔസാഈ (റ) പറഞ്ഞു: 'പരദൂഷണം നോമ്പിനെ മുറിക്കും.' ഇബ്നു ഹസം (റ): 'നോമ്പുകാരനാണെന്ന ഓര്‍മയുള്ളതോടൊപ്പം മന:പൂര്‍വം ഒരാള്‍ പാപങ്ങള്‍ ചെയ്താല്‍ അവന്റെ വ്രതം നിഷ്ഫലമാവും.' ഇമാം ഗസ്സാലി എഴുതി: 'നോമ്പുകാരനായിരിക്കെ തെറ്റുകള്‍ ചെയ്യുന്നവന്‍ കൊട്ടാരം പണിത് പട്ടണം പൊളിക്കുന്നവനെപ്പോലെയാണ്' (തഫ്സീറുല്‍ മറാഗി).

അനാവശ്യമായ സൂക്ഷ്മത

നോമ്പുകാലത്ത് അത്താഴം കഴിക്കുന്നതിന്റെയും നോമ്പ് മുറിക്കുന്നതിന്റെയും സമയത്തില്‍ അനാവശ്യമായ സൂക്ഷ്മത പലരും പ്രകടിപ്പിക്കാറുണ്ട്.  ഇത് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. സമയമായാല്‍  കഴിയുന്നത്ര വേഗത്തില്‍ നോമ്പ് തുറക്കുകയും അത്താഴം പരമാവധി വൈകിപ്പിക്കുകയുമാണ് വേണ്ടത്. നബി (സ) പറഞ്ഞു: 'നോമ്പ് തുറക്കുന്നതില്‍ ധൃതി കാണിക്കുന്ന സമൂഹം നന്മയിലായിക്കൊണ്ടിരിക്കും.' ഇതിനെ വിശദീകരിച്ച് ഇമാം നവവി എഴുതി: 'അതായത് മുസ്ലിം സമൂഹത്തിന്റെ എല്ലാ കാര്യങ്ങള്‍ക്കും ഒരു വ്യവസ്ഥയും ചിട്ടയുമുണ്ടാവണം. വേഗത്തില്‍ നോമ്പ് തുറക്കുകയും അത്താഴം പരമാവധി വൈകിപ്പിക്കുകയും ചെയ്യുക എന്ന സുന്നത്തിനെ വിശ്വാസികള്‍ നിലനിര്‍ത്തുന്ന കാലത്തോളം അവര്‍ നന്മയിലായിരിക്കും. നോമ്പ് തുറക്കുന്നത് വൈകിപ്പിക്കുകയാണെങ്കില്‍ അത് വിശ്വാസികള്‍ അകപ്പെട്ട ജീര്‍ണതയിലേക്കുള്ള സൂചനയാണ്' (ശറഹു സ്വഹീഹു മുസ്‌ലിം, 7/208).
ഇമാം മുസ്ലിം അബൂ അത്വിയ്യയില്‍ നിന്നും ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: 'ഞാനും മസ്റൂഖും ആഇശ(റ)യെ കാണാനായി പോയി. മസ്റൂഖ് അവരോട് പറഞ്ഞു: 'മുഹമ്മദ് നബിയുടെ അനുയായികളായ രണ്ട് പേര്‍. ഇരുവരും നന്മയുടെ വിഷയത്തില്‍ വീഴ്ച വരുത്താറില്ല. അവരിലൊരാള്‍  മഗ്‌രിബ് നമസ്‌കാരവും നോമ്പുതുറയും തിടുക്കത്തില്‍ നിര്‍വഹിക്കും. മറ്റേയാള്‍ മഗ്‌രിബ് നമസ്‌കാരവും നോമ്പുതുറയും താമസിപ്പിക്കും. ഇവരിലാരാണ് ഉത്തമന്‍?'
ആഇശ (റ) ചോദിച്ചു: 'ആരാണ് മഗ്‌രിബും നോമ്പുതുറയും ധൃതിയില്‍ നിര്‍വഹിക്കുന്നത്?'
അവര്‍ പറഞ്ഞു: 'അബ്ദുല്ലാഹിബ്നു മസ്ഊദ്.'
ആഇശ (റ) പറഞ്ഞു: 'അതാണ് ശരി. അല്ലാഹുവിന്റെ റസൂല്‍ ഇപ്രകാരമാണ്  പ്രവര്‍ത്തിച്ചിരുന്നത്.' മറ്റൊരു ഹദീസ് ഇങ്ങനെയാണ്. സഹലുബ്‌നു സഅദ് (റ) പറഞ്ഞു: 'ഞാനെന്റെ കുടുംബത്തോടൊപ്പം അത്താഴം കഴിക്കും. പിന്നെ പെട്ടെന്ന് പള്ളിയില്‍ ചെന്നാലേ അല്ലാഹുവിന്റെ റസൂലിന്റെ കൂടെ സ്വുബ്ഹ് ജമാഅത്തായി നമസ്‌കരിക്കാന്‍ എനിക്ക് സാധിക്കാറുണ്ടായിരുന്നുള്ളൂ...' (ബുഖാരി).

ധ്രുവ പ്രദേശങ്ങളിലെ വ്രതാനുഷ്ഠാനം

പകല്‍ ആഴ്ചകളും മാസങ്ങളും നീണ്ടുനില്‍ക്കുന്ന ഭൂമിയുടെ ധ്രുവപ്രദേശങ്ങളിലുള്ളവര്‍ വ്രതമനുഷ്ഠിക്കേണ്ട രൂപങ്ങളെ ക്കുറിച്ച് പണ്ഡിതന്മാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അത്തരം പ്രദേശങ്ങളിലുള്ളവര്‍  തങ്ങളുടെ ഊണിനും ഉറക്കിനും, മറ്റുള്ള പ്രവര്‍ത്തനങ്ങള്‍ക്കും   അന്തരീക്ഷത്തിലെ ചിഹ്നങ്ങള്‍ മനസ്സിലാക്കി സമയം നിര്‍ണയിക്കുന്നതു പോലെ വ്രതാനുഷ്ഠാനത്തിന്റെയും സമയം കണക്കാക്കുകയാണ് ചെയ്യാറുള്ളതെന്ന് തഫ്ഹീമുല്‍ ഖുര്‍ആനില്‍ മൗലാനാ മൗദൂദി എഴുതുന്നുണ്ട്. പകല്‍ സമയം രാവിനേക്കാള്‍ വലിയ അളവില്‍ വ്യത്യാസമില്ലെങ്കില്‍ ആ പകല്‍ മുഴുവന്‍ വ്രതമനുഷ്ഠിക്കണമെന്നും, ആഴ്ചകളും മാസങ്ങളും നീണ്ടുനില്‍ക്കുന്ന പ്രദേശങ്ങളാണെങ്കിലേ ദിനരാത്രങ്ങള്‍ കണക്കു കൂട്ടി നമസ്‌കാരവും നോമ്പും അനുഷ്ഠിക്കേണ്ടതുള്ളൂ എന്നുമാണ് സലഫുകളുടെ വീക്ഷണം. നോമ്പനുഷ്ഠിക്കാന്‍ പ്രയാസകരമായത്ര ദൈര്‍ഘ്യം പകലിനുണ്ടെങ്കില്‍ ആ പ്രദേശത്തിന്റെ തൊട്ടടുത്ത നാട്ടിലെ സമയക്രമത്തെയോ മക്ക, മദീന എന്നിവിടങ്ങളിലെ സമയക്രമത്തെയോ പരിഗണിക്കണം എന്ന അഭിപ്രായമാണ് കൂടുതല്‍ അഭികാമ്യമായി തോന്നുന്നത്. ഇതിന് ഉപോദ്ബലകമായി ഒരു ഹദീസും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇമാം മുസ്ലിം തന്റെ സ്വഹീഹില്‍ നിവേദനം ചെയ്യുന്നു: 'ദജ്ജാല്‍ ഭൂമിയില്‍ നാല്‍പ്പതു ദിവസം താമസിക്കുമെന്നും, അക്കാലത്തെ ഒരു ദിവസം ഒരു വര്‍ഷത്തിനും, ഒരു ദിവസം ഒരു മാസത്തിനും, ഒരു ദിവസം ഒരാഴ്ചക്കും തുല്യമായിരിക്കുമെന്നും ബാക്കിയുള്ള ദിനങ്ങള്‍ക്കെല്ലാം നിങ്ങളുടെ സാധാരണ ദിവസങ്ങളുടെ ദൈര്‍ഘ്യമേ ഉണ്ടാവൂ എന്നും പ്രവാചകന്‍ (സ) പറഞ്ഞപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: 'ഒരു വര്‍ഷം നീളമുള്ള ദിവസത്തില്‍ സാധാരണ ദിവസത്തെ അഞ്ച് നമസ്‌കാരങ്ങള്‍ മാത്രം മതിയാവുമോ?' തിരുമേനിയുടെ മറുപടി ഇപ്രകാരമായിരുന്നു: 'പോരാ, ആ വര്‍ഷത്തിന് നിങ്ങളുടെ സാധാരണ ദിനങ്ങളുടെ അളവ് നല്‍കി കണക്കാക്കുക.'
ഇതിനെ വിശദീകരിച്ച് ഇമാം നവവി എഴുതി: 'ദിനങ്ങള്‍ കണക്കാക്കുക എന്നതു കൊണ്ട് പ്രവാചകന്‍ (സ) ഉദ്ദേശിച്ചതിതാണ്: ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ആ ദിവസം, സാധാരണ ദിനങ്ങളിലെ പ്രഭാതം മുതല്‍ ളുഹ്ര് വരെയുള്ള സമയം കഴിഞ്ഞാല്‍ ളുഹ്ര്‍ നമസ്‌കരിക്കുക. ളുഹ്റിനു ശേഷം അസ്ര് വരെയുള്ള സമയം കഴിഞ്ഞാല്‍ അസ്ര് നമസ്‌കരിക്കുക. അസ്‌റിനു ശേഷം മഗ്‌രിബ്  വരെയുള്ള സമയം കഴിഞ്ഞാല്‍ മഗ്‌രിബ് നമസ്‌കരിക്കുക. ഇപ്രകാരം ഇശാ, സ്വുബ്ഹ്, ളുഹ്ര്‍, അസ്വര്‍... എന്നിവ നിര്‍വഹിക്കുക.  ആ ദിവസം മുഴുവനും ഇതുപോലെ നമസ്‌കരിക്കുന്നതോടെ സാധാരണ ഒരു വര്‍ഷത്തിലെ നമസ്‌കാരം നിര്‍വഹിച്ചിട്ടുണ്ടാവും' നമസ്‌കാരസമയം കണക്കാക്കുന്നതു പോലെത്തന്നെ റമദാന്‍ മാസത്തിന്റെയും വ്രതാനുഷ്ഠാനങ്ങളുടെയും കാലവും സമയവും നിര്‍ണയിക്കാവുന്നതാണ്.

വ്രതാനുഷ്ഠാനത്തിന്റെ പദവികള്‍

ഇസ്ലാമില്‍ ഏതു പുണ്യങ്ങളുടെയും പദവി നിര്‍ണയിക്കുന്നത് അവ നിര്‍വഹിക്കുന്ന വ്യക്തികളുടെ ആത്മാര്‍ഥതയും ഭയഭക്തിയും കണക്കിലെടുത്താണ്. വ്രതമനുഷ്ഠിക്കുന്നവരുടെ ഈമാനിക നിലവാരമാണ് അതിന്റെ ചൈതന്യത്തിന്റെ അളവുകോല്‍. വ്യക്തികള്‍ക്ക് അല്ലാഹുവുമായുള്ള അടുപ്പത്തിന്റെ തോതനുസരിച്ച് അനുഷ്ഠാനത്തിന്റെ രീതിയിലും രൂപത്തിലും വ്യത്യാസങ്ങളുണ്ടാവും. ഇമാം ഗസ്സാലി  എഴുതി: 'അറിയുക, നോമ്പിന് മൂന്ന് തട്ടുകളുണ്ട്. പൊതുജനങ്ങളുടെ നോമ്പ്, പ്രത്യേകക്കാരുടെ നോമ്പ്, പ്രത്യേകക്കാരില്‍ പ്രത്യേകക്കാരുടെ നോമ്പ്. വയറും ലൈംഗികാവയവവും മാത്രം നിയന്ത്രിക്കുന്നവരാണ് ഒന്നാമത്തെ വിഭാഗം. കണ്ണ്, കാത്, നാവ്, കൈ, കാല്‍ തുടങ്ങിയ എല്ലാ അവയവങ്ങളെയും തെറ്റുകളില്‍ നിന്ന് മുക്തമാക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. അധമ വികാരങ്ങളില്‍ നിന്നും ഭൗതിക ചിന്തകളില്‍ നിന്നും, അല്ലാഹുവല്ലാത്ത എല്ലാ കാര്യങ്ങളില്‍ നിന്നും ഹൃദയത്തെ മോചിപ്പിക്കുന്നവരാണ് മൂന്നാമത്തെ വിഭാഗം' (ഇഹ്‌യാ ഉലൂമിദ്ദീന്‍ 1/234).
ആരാധനകളുടെ ചൈതന്യത്തിന്റെ തോത് തന്നെയാണ് അവയുടെ പ്രതിഫലത്തിന്റെ അളവിലും പരിഗണിക്കപ്പെടുക. അല്ലാഹുവിന്റെ റസൂലിനോട് ഒരാള്‍ ചോദിച്ചു: 'ഏതു പോരാളിക്കാണ് കൂടുതല്‍ പ്രതിഫലം ലഭിക്കുക?'
റസൂല്‍: 'കൂടുതല്‍ അല്ലാഹുവിനെ സ്മരിക്കുന്നവന്.'
'ഏതു നോമ്പുകാരനാണ് കൂടുതല്‍ പ്രതിഫലം ലഭിക്കുക?'
'കൂടുതല്‍ അല്ലാഹുവിനെ സ്മരിക്കുന്നവന്.'
ഇപ്രകാരം നമസ്‌കാരം, സകാത്ത്, ഹജ്ജ്, സ്വദഖ ഇവയെക്കുറിച്ചെല്ലാം ചോദിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും പ്രവാചകന്റെ മറുപടി ഇപ്രകാരമായിരുന്നു: 'കൂടുതല്‍ അല്ലാഹുവിനെ സ്മരിക്കുന്നവന്.'
അപ്പോള്‍ അബൂബക്ര്‍ (റ), ഉമറി(റ)നോട്: 'അബൂ ഹഫ്സ! എല്ലാ കൂലിയും അല്ലാഹുവിനെ സ്മരിക്കുന്നവര്‍ കൊണ്ടുപോയിരിക്കുന്നു.'
'അതെ' -  അല്ലാഹുവിന്റെ റസൂല്‍ (സ) പ്രതിവചിച്ചു (അഹ്മദ്, ത്വബറാനി).

വ്രതാനുഷ്ഠാനത്തിന്റെ ഗുണഫലങ്ങള്‍

വ്രതാനുഷ്ഠാനത്തിന്റെ ഗുണഫലങ്ങള്‍ ഇസ്ലാമിന്റെ എതിരാളികള്‍ പോലും സമ്മതിക്കുന്നുണ്ട്. നോമ്പിന്റെ ഭൗതികവും ആത്മീയവുമായ പ്രയോജനങ്ങളെക്കുറിച്ച്  പണ്ഡിതന്മാര്‍ ഏറെ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതില്‍ ഇമാം മറാഗി അദ്ദേഹത്തിന്റെ തഫ്സീറില്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ ശ്രദ്ധേയമാണ്. നോമ്പിന്റെ നേട്ടങ്ങളായി അദ്ദേഹം എഴുതി: 'ഒന്ന്: രഹസ്യമായും പരസ്യമായും അല്ലാഹുവിനെ ഭയപ്പെടാനുള്ള പരിശീലനം വിശ്വാസികള്‍ക്ക് വ്രതാനുഷ്ഠാനം നല്‍കുന്നു.
രണ്ട്: നോമ്പ് ദേഹേഛക്ക് കടിഞ്ഞാണിടുകയും മനുഷ്യനെ ശരീഅത്തിന്റെ നേര്‍രേഖയിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തനാക്കുകയും ചെയ്യുന്നു.
മൂന്ന്: സമൂഹത്തിലെ പാവങ്ങളുടെയും ദരിദ്രരുടെയും കഷ്ടപ്പാടുകളും യാതനകളും എല്ലാ വിശ്വാസികള്‍ക്കും അനുഭവിച്ചറിയാനാവുന്നു. ഇത് അവരില്‍ സാമൂഹിക അവബോധമുണ്ടാക്കുകയും ജനസേവനത്തിനുള്ള പ്രേരണ ചെലുത്തുകയും ചെയ്യുന്നു.
നാല്: എല്ലാവരും ഒരേ കാലത്തും ഒരേ സമയത്തും നോമ്പെടുക്കുന്നതിലൂടെ, പണക്കാര്‍ക്കും പാവങ്ങള്‍ക്കുമിടയിലും രാജാക്കന്മാര്‍ക്കും പ്രജകള്‍ക്കുമിടയിലും സമഭാവനയും സമത്വചിന്തയും വളരാന്‍ സഹായകമാവുന്നു.
അഞ്ച്:  എല്ലാവരും ഒരേസമയം നോമ്പെടുക്കുകയും തുറക്കുകയും ചെയ്യുന്നതിലൂടെ ജീവിതത്തില്‍ സമയനിഷ്ഠയും ചിട്ടയും വ്യവസ്ഥയും നേടിയെടുക്കാന്‍ മുസ്ലിം സമൂഹത്തിലെ എല്ലാ വ്യക്തികള്‍ക്കും സാധ്യമാകുന്നു.
ആറ്: ശരീരത്തിലെ അനാവശ്യമായ ധാതുക്കള്‍ നീക്കം ചെയ്യപ്പെടുന്നതുള്‍പ്പെടെയുള്ള ധാരാളം ആരോഗ്യപരമായ സദ് ഫലങ്ങള്‍ ആര്‍ജിക്കാന്‍ നോമ്പ് സഹായകമാവുന്നു' (തഫ്സീറുല്‍ മറാഗി).
കോവിഡ് 19 ഏല്‍പ്പിച്ച കടുത്ത യാതനകളുടെയും വേദനകളുടേയും നടുവില്‍ നിന്നു കൊണ്ടാണ്  ലോക മുസ്ലിംകള്‍ ഈ വര്‍ഷം പരിശുദ്ധ റമദാനിനെ വരവേല്‍ക്കുന്നത്. ലോകം മുഴുവനും വീടുകളില്‍ അടച്ചിടപ്പെട്ടിരിക്കുന്ന  ദുരിതകാലം. എങ്കിലും, തങ്ങളുടെ കദനഭാരങ്ങള്‍ അല്ലാഹുവിന്റെ മുമ്പില്‍  ഇറക്കിവെക്കാനുള്ള സുവര്‍ണാവസരമായാണ് വിശ്വാസികള്‍ ഈ റമദാനെ കാണേണ്ടത്. അല്ലാഹുവിനു വേണ്ടി അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് കണ്ണീരൊഴുക്കുന്നവരുടെ പ്രാര്‍ഥന അവന്‍ കേള്‍ക്കാതിരിക്കില്ല.
ദുരിതങ്ങള്‍ക്കിടയിലും അല്ലാഹുവിന്റെ വിധിയില്‍ സംതൃപ്തിയടഞ്ഞ് അത്യധികം ആവേശത്തോടെ ഈ പുണ്യമാസത്തെ ഉപയോഗപ്പെടുത്താനാവണം. അതേ, വേനലിനെ വസന്തമാക്കാനും, തിന്മകളെ നന്മകളാക്കാനും കഴിയുന്ന കനിവിന്റെ മാസമാണ് റമദാന്‍. ഇരുട്ടില്‍നിന്ന്  വെളിച്ചത്തിലേക്കും നരകത്തില്‍നിന്ന് സ്വര്‍ഗത്തിലേക്കും മാനവര്‍ക്ക് മോചനം നല്‍കുന്ന മാസം. വീട്ടില്‍ ചടഞ്ഞിരുന്ന് മനംമടുപ്പോടെയും അലസതയോടെയുമാണ് റമദാനിന്റെ ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടുന്നതെങ്കില്‍ അതിനേക്കാള്‍ ദൗര്‍ഭാഗ്യം മറ്റൊന്നുമില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (28-30)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രതിഫലാര്‍ഹമായ നോമ്പ്
സുബൈര്‍ കുന്ദമംഗലം