Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 24

3149

1441 റമദാന്‍ 01

ഭൂതത്തെ വിട്ടുപിരിയാത്തവര്‍

സി.എച്ച് ഫരീദ

'പണ്ടൊക്കെയെന്തായിരുന്നു! ഇപ്പൊ ഒന്നിനും ഒരിതില്ല.' ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഈ ഡയലോഗ് കേള്‍ക്കാത്തവരുണ്ടാവില്ല. നമ്മുടെ സമൂഹത്തിലെ അധിക ആളുകളും ഭൂതകാലത്താണ് ജീവിക്കുന്നത് എന്ന് ഇതു കേള്‍ക്കുമ്പോള്‍ തോന്നാറുണ്ട്. എല്ലാ ആഹ്ലാദങ്ങളും അവസാനിച്ചു, ഇനിയൊരു നല്ല കാര്യവും ഈ ലോകത്ത് സംഭവിക്കുകയില്ല, ഇപ്പോള്‍ കെട്ട കാലമാണ്, കലിയുഗമാണ് എന്നൊക്കെ അവര്‍ പറഞ്ഞുകൊണ്ടിരിക്കും.
അവര്‍ക്ക് എന്നും ഒരേ ഇഷ്ടങ്ങളായിരിക്കും. പഴയ പാട്ടുകള്‍, പണ്ടത്തെ സിനിമ, ഒരേതരം വസ്ത്രധാരണം, ശീലിച്ചുപോന്ന ഭക്ഷണ രീതി, പണ്ടേയുള്ള ബന്ധങ്ങള്‍, ഉപജീവന മാര്‍ഗങ്ങള്‍ എന്നിങ്ങനെ പഴയ എല്ലാറ്റിലും അള്ളിപ്പിടിച്ചായിരിക്കും അവര്‍ ജീവിക്കുക. ശീലിച്ച കാര്യങ്ങളില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചാല്‍ അവര്‍ മാനസികമായും പതിയെ ശാരീരികമായും അസ്വസ്ഥരായിത്തീരും. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ജംഗമ സാധനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുന്നതോ നഷ് ടപ്പെടുന്നതോ, എന്തിന് അവ സ്ഥാനം മാറി വെക്കുന്നതോ പോലും അവരെ പ്രകോപിതരാക്കും.
അതുപോലെ തന്നെയാണ് ജോലിയുടെ കാര്യവും. ദീര്‍ഘകാലം ചെയ്തുകൊണ്ടിരുന്ന ജോലി നഷ്ടപ്പെടുകയോ വിരമിക്കുകയോ ചെയ്യുന്നതോടെ ഇവര്‍ കടുത്ത മാനസിക സമ്മര്‍ദത്തിന് ഇരയാവുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുതിയ സാഹചര്യങ്ങളുമായി ഇണങ്ങാന്‍ ഏറെ സമയം വേണ്ടിവരും.
മതവിശ്വാസവും ഏറക്കുറെ അങ്ങനെ തന്നെയാണ്. പണ്ടേ ആചരിച്ചുപോന്ന കുറേ കാര്യങ്ങള്‍ പിന്തുടരുക എന്നതില്‍ കവിഞ്ഞ് താന്‍ വിശ്വസിക്കുന്ന മതത്തിന്റെ കാലിക പ്രസക്തി അറിയാനോ, ആ മതം തന്റെ മാനസികമോ ആത്മീയമോ ആയ വളര്‍ച്ചക്ക് ഏതെങ്കിലും തരത്തില്‍ ഉപകാരപ്പെടുന്നുണ്ടോ എന്നൊന്നും ആലോചിക്കാനോ അവര്‍ മെനക്കെടാറില്ല. പണ്ടു മുതല്‍ക്കേ ആചരിച്ചുപോന്ന കാര്യങ്ങളില്‍നിന്ന് യുക്തിബോധത്തോടെ മാറിച്ചിന്തിക്കുന്നതുപോലും വലിയൊരു തെറ്റായാണ് അവര്‍ മനസ്സിലാക്കുക. ഇത്തരം ചര്‍ച്ചകളില്‍നിന്നും സംസാരങ്ങളില്‍നിന്നും അവര്‍ ഒഴിഞ്ഞുമാറി നടക്കും.
ഭൂതകാലം ഒരു സുരക്ഷിത മേഖലയാണ്. അവിടെ കഴിയുന്നവര്‍ക്ക് ഈ ലോകത്ത് നടക്കുന്ന എല്ലാതരം ഉല്‍പാദന, നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍നിന്നും നിസ്സങ്കോചം മാറിനില്‍ക്കാം. പഴയതിലായിരുന്നു നന്മ എന്ന് വിശ്വസിക്കുന്നവര്‍ പുതുതായി ഒരു കാല്‍വെപ്പു പോലും നടത്തുകയോ ഒന്നിച്ച് ജീവിക്കുന്നവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു കൊടുക്കുകയോ  ചെയ്യില്ല. പകരം മറ്റുള്ളവര്‍ എടുക്കുന്ന ഏതൊരു തീരുമാനത്തെയും നഖശിഖാന്തം എതിര്‍ക്കുകയും അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. അവര്‍ അബദ്ധത്തില്‍പോലും ഒന്നു ചിരിച്ചുപോകാതെ മസില്‍ പിടിച്ച് പ്രഷറിനും ഡിപ്രഷനുമുള്ള ഗുളികകള്‍ കഴിച്ച് സായൂജ്യമടയും.
സമൂഹത്തിന്റെ മറ്റേ പാതി ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന  ആളുകളാണ്. സത്യം പറഞ്ഞാല്‍ ഈ ഭൂമി ഇങ്ങനെ നിലനില്‍ക്കുന്നതും അവരെക്കൊണ്ടാണ്. തന്റെയും പൊതുസമൂഹത്തിന്റെയും നല്ലൊരു നാളേക്കായി അവര്‍ അഹോരാത്രം പ്രയത്‌നിക്കുന്നു. ഭാവിയിലേക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന വിചാരം അവരെ പ്രസന്നവദനരും ഉത്സാഹികളുമാക്കി മാറ്റുന്നു. സദാ ഊര്‍ജസ്വലരായി കാണപ്പെടുന്ന അവര്‍ തങ്ങളോടൊപ്പം ജീവിക്കുന്നവരിലേക്കും ആ ഊര്‍ജം പകര്‍ന്നു നല്‍കുന്നു. ജീവിതത്തില്‍ പ്രതിസന്ധികളെ നേരിടേണ്ടിവരുമ്പോള്‍ ഒട്ടും നിരാശരാവാതെ പുതിയ വഴികള്‍ കണ്ടെത്തുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുകയും ചെയ്യുന്നു. ഏതൊരു പുതിയ സാഹചര്യത്തോടും എളുപ്പം പൊരുത്തപ്പെടാന്‍ സാധിക്കുന്നതുകൊണ്ട് അവര്‍ക്ക് അവസരങ്ങളുടെ  വലിയ സാമ്രാജ്യം തന്നെ കണ്ടെത്തുന്നതിന് പ്രയാസമില്ല. 

 

മണ്ണിട്ടു മൂടുന്ന രാഷ്ട്രീയം

ലോകമാകെ കൊറോണാ മഹാമാരി പടര്‍ന്നുപിടിക്കുകയാണ്.   ആരുടെയും സഹായം വേണ്ട എന്ന് അഹന്തയോടെ  പറഞ്ഞിരുന്ന അമേരിക്ക ഇപ്പോള്‍ ബദ്ധശത്രുവായ ചൈനയുടെ പോലും സഹായം തേടുകയാണ്. ഇന്ത്യയിലും മരണം ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ലോകം മുഴുവന്‍ സ്വന്തം വീടുകളില്‍ ഒതുങ്ങി ഈ മഹാരോഗത്തെ ഒരുമിച്ചു നേരിടാന്‍ ശ്രമിക്കുമ്പോള്‍ ഇന്ത്യയിലെ ഒരു സംസ്ഥാനമായ കര്‍ണാടക തൊട്ടടുത്ത അയല്‍ സംസ്ഥാനമായ കേരളത്തോട് കാണിക്കുന്ന കണ്ണില്‍ ചോരയില്ലാത്ത ക്രൂരത കാരണം ഇതുവരെ പതിനൊന്ന് മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. കേരളത്തിലും കര്‍ണാടകയിലും കൂടി കോവിഡ് ബാധിച്ച് മരിച്ചവരേക്കാള്‍ കൂടുതലാണിത് എന്നറിയുമ്പോഴാണ് ഈ കണ്ണില്‍ ചോരയില്ലായ്മയുടെ ഗൗരവം മനസ്സിലാവുക. കേരളവും കേന്ദ്രവും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കര്‍ണാടക നിലപാട് ഇതുവരെ മാറ്റിയിട്ടില്ല. അത്രയും കടുത്ത, ഇന്ത്യ എന്ന ആശയത്തെ പോലും വെല്ലുവിളിക്കുന്ന സങ്കുചിത പ്രാദേശിക വാദമാണ് കര്‍ണാടകയുടെ സൂക്കേട് എന്നു നിസ്സംശയം പറയാം. ഒരു ദിവസം മുഴുവന്‍ ശ്രമിച്ചിട്ടും കേരള മുഖ്യമന്ത്രിക്ക് കര്‍ണാടക മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിക്കാന്‍ പോലും സാധിക്കുകയുണ്ടായില്ല.
വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി മൂന്ന് ജില്ലകളുമായാണ് കര്‍ണാടക അതിര്‍ത്തി പങ്കിടുന്നത്. ചരക്കു വാഹനങ്ങള്‍ പോലും കടത്തിവിടാതെ അവശ്യവസ്തുക്കള്‍ പോലും തടയുകയാണ് കര്‍ണാടക.  കാസര്‍കോട് അതിര്‍ത്തിയിലാണ് ഇതു മൂലം ഏറ്റവും കൂടുതല്‍ ദുരിതം. കടുത്ത സമ്മര്‍ദം കാരണം കണ്ണൂര്‍, വയനാട് എന്നീ ജില്ലകളിലെ ഓരോ അതിര്‍ത്തി തുറക്കാമെന്ന് സമ്മതിച്ചെങ്കിലും കാസര്‍കോട് അതിര്‍ത്തി തുറക്കില്ല എന്ന വാശിയില്‍ തന്നെയാണ് കര്‍ണാടക. മാത്രമല്ല കണ്ണൂരിലേക്ക് ഏറ്റവും കൂടുതല്‍ ചരക്കു വാഹനങ്ങള്‍ കടന്നുവരുന്ന കൂട്ടുപുഴ -മാക്കൂട്ടം അതിര്‍ത്തിയില്‍ ഇപ്പോഴും മണ്ണിട്ട് തടഞ്ഞു വെച്ചിരിക്കുകയാണ്.
കാലാകാലങ്ങളായി കാസര്‍കോട്ടും കണ്ണൂരിലുമുള്ള പാവപ്പെട്ട രോഗികള്‍ മംഗലാപുരത്തെ ആശുപത്രികളെയാണ് ആശ്രയിച്ചുകൊണ്ടിരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ചെറിയ ചെലവില്‍ രോഗികള്‍ക്ക് മികച്ച ചികിത്സ കിട്ടുന്ന ഹോസ്പിറ്റലുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ നമുക്ക് ആവശ്യമായ പച്ചക്കറികളും ധാന്യങ്ങളും ഇവിടെ തന്നെ ഉല്‍പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ വ്യക്തികളുടെ ഭാഗത്തു നിന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവണം. അല്ലാതെ തമിഴ്നാടും കര്‍ണാടകയും കൈവിട്ടാല്‍ നമുക്ക് ഭക്ഷണം കിട്ടാതെ വരുന്ന അവസ്ഥ ഇനിയെങ്കിലും ഉണ്ടാവരുത്. ഭാവിയില്‍ കര്‍ണാടക അവശ്യവസ്തുക്കള്‍ക്കും ചികിത്സക്കും കേരളത്തെ ആശ്രയിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറണം. എന്നാല്‍ നമുക്ക് ഇങ്ങനെ നിലവിളിക്കേണ്ടി വരില്ല. 

നജീബ് കാഞ്ഞിരോട്, കണ്ണൂര്‍

 

സാത്വികന്‍

പി.എ ഹംസയെ കുറിച്ച് പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി എഴുതിയ അനുസ്മരണം വായിച്ചു. ഞാന്‍ ആദരവോടെ സ്മരിക്കുന്ന വ്യക്തിത്വമാണ് പി.എ ഹംസക്ക. ഇസ്‌ലാമിക ചിട്ടയും പ്രാസ്ഥാനിക ബോധവും മരണം വരെയും മുറുകെപ്പിടിച്ച് ജീവിച്ച സാത്വികന്‍. പി.പി സൂചിപ്പിച്ചപോലെ എന്റെ പിതാവിന്റെ സഹോദരീപുത്രനാണ് അദ്ദേഹം. അനുസ്മരണക്കുറിപ്പ് വായിച്ചപ്പോള്‍ ഹംസക്കയുമായി ബന്ധപ്പെട്ട പല ഓര്‍മകളും മനസ്സിലേക്ക് കടന്നുവന്നു. കൈയിലൊരു തൂവാലയുമായി കൊച്ചി തുരുത്തി പള്ളിക്ക് സമീപം നടന്നുപോകുന്ന ഹംസക്കയുടെ രൂപം മനസ്സിലുണ്ട്. ഉപ്പയും മരുമക്കളും ഒരു പ്രത്യേക ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്നതായി അനുഭവപ്പെട്ടിരുന്നു. അവരെല്ലാം പ്രസ്ഥാനത്തില്‍ സജീവമായി നിലകൊണ്ടു. ഹംസക്കയുടെ സഹോദരനും എന്റെ അധ്യാപകനുമായിരുന്ന പരേതനായ പി.എ മുഹമ്മദ് (മുഹമ്മദ്ക്ക) ജമാഅത്ത് അംഗമായിരുന്നു. 
ചെറുപ്പത്തില്‍ ഹംസക്ക വാശിക്കാരനായിരുന്നത്രെ. അതിനെക്കുറിച്ച് മുതിര്‍ന്നവരില്‍നിന്ന് രസകരമായ പലതും കേട്ടിട്ടുണ്ട്. വീട്ടുകാരോട് പിണങ്ങിയാല്‍ നിരാഹാരം തുടങ്ങും. പിണക്കം മാറിയാല്‍ ഭക്ഷണം കഴിക്കും; 'ഉപാധിയോടെ'. പിണക്ക സമയമത്രയും താന്‍ ഉപേക്ഷിച്ച ഭക്ഷണമെല്ലാം മുന്നില്‍ നിരത്തണം. അതുകൊണ്ട്, എല്ലാ നേരവും ഭക്ഷണത്തില്‍ അദ്ദേഹത്തിന്റെ വിഹിതം അമ്മായി നിര്‍ബന്ധമായും സൂക്ഷിച്ചുവെക്കും; 'ഇണങ്ങി' വരുന്ന ഹംസക്കയുടെ മുന്നില്‍ 'പ്രദര്‍ശിപ്പിക്കാന്‍'. ഇത്തരം കഥകള്‍ കേട്ടു വളര്‍ന്നതു കൊണ്ടാകാം, ഹംസക്കയോട്  എനിക്ക് അടുപ്പം തോന്നിയിരുന്നില്ല. കാര്‍ക്കശ്യക്കാരനായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. 
വളര്‍ന്നു വലുതായി ഹംസക്കയെ കൂടുതല്‍ മനസ്സിലാക്കിയപ്പോഴാണ് സരസനായിരുന്നു അദ്ദേഹമെന്ന് മനസ്സിലായത്. അദ്ദേഹം സുഊദിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ അവധിക്കു കൊച്ചിയിലെത്തിയ സമയം. പരിസരത്തെ ദന്ത ഡോക്ടറുടെ അടുക്കല്‍ ചെന്ന് പല്ല് പറിച്ച ശേഷം ഫീസ് എത്രയെന്നു ചോദിച്ചു. സാധാരണക്കാര്‍ മിനിമം ഇത്രയാണ് എന്ന മുഖവുരയോടെ ഡോക്ടര്‍ സംഖ്യ പറഞ്ഞു; ഗള്‍ഫുകാരന്‍ ഹംസക്ക കൂടുതല്‍ തരണമെന്ന് ധ്വനി.  'എന്നാല്‍ ഞാനായിട്ട് കുറക്കുന്നില്ല' എന്ന കമന്റോടെ ഡോക്ടര്‍ പറഞ്ഞ സംഖ്യ മാത്രം മേശപ്പുറത്തു വെച്ച് ഹംസക്ക പോന്നു. സുഊദിയില്‍ ജോലിക്ക് പോയതോടെയാണ് അദ്ദേഹം മാഹിയില്‍ സ്ഥിരതാമസമാക്കിയത്. എവിടെയും എല്ലാവരോടും നല്ല സുഹൃദ് ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കുമാറാകട്ടെ.  

ഡോ. വി.എം മുനീര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (28-30)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രതിഫലാര്‍ഹമായ നോമ്പ്
സുബൈര്‍ കുന്ദമംഗലം