Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 24

3149

1441 റമദാന്‍ 01

പ്രതിസന്ധിയുടെയും സമരത്തിന്റെയും കാലത്തെ റമദാന്‍

എം.ഐ അബ്ദുല്‍ അസീസ് അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

വീണ്ടും നമ്മിലേക്ക് റമദാന്‍ വന്നു ചേരുന്നു. വിശ്വാസിസമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നന്മകളുടെ വസന്തം. അല്ലാഹുവിന്റെ പ്രീതിയും സ്വര്‍ഗവും നേടിയെടുക്കാന്‍ സമൂഹമൊന്നടങ്കം ആവേശപൂര്‍വം ഉത്സുകരാകുന്ന മാസം.  പതിതരുടെയും നിസ്വരുടെയും നിരാലംബരുടെയും നെടുവീര്‍പ്പുകളറിഞ്ഞ് അവരുടെ വിമോചനത്തിനായി അല്ലാഹുവിനോട് കരളുരുകി പ്രാര്‍ഥിക്കുന്ന, സഹാനുഭൂതിയുടെയും സഹനത്തിന്റെയും ആത്മീയ ഉണര്‍വുകളുടെയും രാപ്പകലുകള്‍. അല്ലാഹുവിനെ മാറ്റിനിര്‍ത്തി ഭൂമിയില്‍  മനുഷ്യരെ ഭരിക്കുന്ന ദുഷ്ട ആധിപത്യങ്ങള്‍ക്കെതിരെ, ദുരാഗ്രഹങ്ങളുടെയും അഹങ്കാരങ്ങളുടെയും ദേഹേഛകളുടെയും ശക്തികള്‍ക്കെതിരെ, ശരീരത്തിലും മനസ്സിലും ഒട്ടിനില്‍ക്കുന്ന സമസ്ത മാലിന്യങ്ങള്‍ക്കുമെതിരെ പോരാടുന്ന  കാലം... അങ്ങനെ  ഓരോരുത്തനെയും പുതിയ മനുഷ്യനായി മാറ്റിയെടുത്താണ് ശവ്വാലിന്റെ പ്രസന്നതയിലേക്ക്  റമദാന്‍ നമ്മെ യാത്രയാക്കുക.
റമദാന്‍ എന്നു കേള്‍ക്കുമ്പോഴേക്കും നമുക്ക് ഒരുപാട് നോമ്പോര്‍മകള്‍ ഉയര്‍ന്നുവരുന്നു. ഓരോ വഖ്ത് ജമാഅത്ത് നമസ്‌കാരത്തില്‍ നിന്നും തരിമ്പും നഷ്ടമാകരുതെന്നു കരുതി ജോലിസ്ഥലങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും പള്ളികളിലേക്ക് കുതിക്കുന്നവര്‍, നമസ്‌കാരാനന്തരവും പ്രാര്‍ഥനകളിലും ഖുര്‍ആന്‍ പാരായണങ്ങളിലും മുഴുകി പള്ളിയെ വിടാന്‍ വിസമ്മതിക്കുന്ന ഹൃദയങ്ങള്‍, വെള്ളിയാഴ്ച നിറഞ്ഞു കവിഞ്ഞ് പൊതുനിരത്തുകളിലേക്ക് നീളുന്ന സ്വഫ്ഫുകള്‍, ആബാലവൃദ്ധം സാഘോഷം പങ്കെടുക്കുന്ന തറാവീഹ് നമസ്‌കാരങ്ങള്‍, ഇഹലോക വിഭവങ്ങള്‍ ആവശ്യക്കാര്‍ക്കായി തുറന്നു വെച്ച് പരലോകം നേടുന്നവര്‍, വിശ്വാസി അയച്ചിടുന്ന  കൈകളില്‍ നിന്നും സമാഹരിച്ച് അടുത്ത ഒരു വര്‍ഷത്തേക്ക് 'സമ്പന്നമാകുന്ന' അനേകം സാമൂഹിക സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും, ചെറുതും വലുതുമായ അനേകം ഇഫ്ത്വാറുകള്‍, നഗരക്കിതപ്പില്‍ നോമ്പുതുറക്കാന്‍ വെമ്പുന്ന വിശ്വാസിയെ കാത്തിരിക്കുന്ന പള്ളിയിലെ കാരക്കച്ചീളുകളും തെളിനീരും, വിശന്നവനെ കാത്തിരിക്കുന്ന ഇഫ്ത്വാര്‍ വിഭവങ്ങളും, റമദാന്‍ അവസാനത്തിലെത്തുമ്പോള്‍  പകലിരവുകളില്‍ മസ്ജിദുകളില്‍ ഇഅ്തികാഫിരിക്കുന്നവര്‍... ഇതൊന്നുമില്ലാത്ത റമദാനായിരിക്കുമോ ഇത്തവണ നമ്മെ കാത്തിരിക്കുന്നത്? തിരക്കിട്ട യാത്രകള്‍ക്കിടയില്‍ റമദാനിന്റെ വരവറിയിക്കുന്നത് അണിഞ്ഞൊരുങ്ങുന്ന പള്ളികളും വീടുകളുമായിരിക്കും. ഇത്തവണ ആ ആഹ്ലാദങ്ങളൊന്നും എവിടെയുമില്ല.

പ്രതിസന്ധി കാലത്താണ് ഈ റമദാന്‍!

സാമൂഹികതയാണ് ഇസ്ലാമിലെ ആരാധനാകര്‍മങ്ങളുടെ പ്രത്യേകത. അല്ലാഹുവിനു വേണ്ടിയുള്ള വ്യക്തിപരമായ ബാധ്യതയായിരിക്കുമ്പോഴും ഒന്നിച്ചാണ് അവ നിര്‍വഹിക്കേണ്ടത്, നമസ്‌കാരവും സകാത്തും നോമ്പും ഹജ്ജും വരെ. പക്ഷേ, പള്ളിമിനാരങ്ങളില്‍ നിന്നും ആരെയും കാത്തു നില്‍ക്കാനില്ലാതെ ബാങ്കിന്റെ വീചികളൊഴുകാന്‍ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു. എല്ലാവരും സ്വന്തം വീടുകളിലേക്ക് 'ചുരുങ്ങി.' നമ്മുടെ നാട്ടില്‍ മാത്രമല്ല, വിശുദ്ധ മക്ക മുതല്‍ സ്വന്തം നാട്ടില്‍ ഇസ്‌ലാമിക നാഗരികതയെ ഗളഛേദം ചെയ്ത സ്‌പെയിന്‍ വരെ വിറങ്ങലിച്ചു നില്‍ക്കുകയാണ്. കോവിഡ് 19 എന്ന മഹാമാരി നിയന്ത്രണമേറ്റെടുത്തിരിക്കുന്നു.
അല്ലെങ്കിലും അല്ലാഹുവിന്റെ  വിധിയാണ് എന്നും ലോകത്തെ നിയന്ത്രിക്കുന്നത്; ലോകം അത് വിസ്മരിച്ചുവെന്നു മാത്രം.
അതേ, ഈ പ്രതിസന്ധി ഘട്ടത്തിലും അല്ലാഹുവിലേക്ക് തിരിയാനുള്ള ആഹ്വാനവുമായാണ് റമദാന്‍ സമാഗതമാവുന്നത്.  ''നിങ്ങള്‍ക്കു മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ ഭക്തിയുള്ളവരാകുന്നതിനു വേണ്ടി.'' മനുഷ്യസംസ്‌കൃതിയോടൊപ്പം സഞ്ചരിച്ച ആരാധനാകര്‍മമാണ് വ്രതാനുഷ്ഠാനം എന്നര്‍ഥം. മനുഷ്യരാശിയുടെ തിന്മകളെയും സങ്കടങ്ങളെയും കരിച്ചു കളയാനുള്ള (റമദ) ശേഷി ഈ വിശുദ്ധ മാസത്തിനുണ്ട്. മറ്റൊരര്‍ഥത്തില്‍ റമദാന്‍ നല്‍കുന്ന ഊര്‍ജത്തിന്റെ ബലത്തിലാണ് നാം മുന്നോട്ട് ഗമിച്ചത്.
റമദാന്‍ നമുക്ക് നല്‍കുന്ന ഒന്നും പ്രതിസന്ധികാലം നമുക്ക് നഷ്ടപ്പെടുത്തില്ല, കൂടുതല്‍ നല്‍കുകയും ചെയ്യും. പക്ഷേ,  തീരുമാനം നാമാണെടുക്കേണ്ടത്. കോവിഡ് 19 -നെ തുരത്താന്‍ മനുഷ്യസാധ്യമായതെല്ലാം ലോകം ചെയ്യുന്നുണ്ട്. ആ സാധ്യതകളെല്ലാം അവസാനിക്കുമ്പോഴും വിശ്വാസിയുടെ കൈയില്‍ നിരാശക്കു കീഴ്പ്പെടാത്ത ഒരായുധമുണ്ടാവും, പ്രതിസന്ധികളെ പ്രതിരോധിക്കുന്ന പരിച - പ്രാര്‍ഥന. ആ പ്രാര്‍ഥനകളുടെ ബലത്തില്‍ ചരിത്രം യാത്ര തുടര്‍ന്ന ധാരാളം അനുഭവങ്ങള്‍ മനുഷ്യരാശിക്കുണ്ട്. പ്രാര്‍ഥനകള്‍ക്ക് പ്രാധാന്യമുള്ള,  അവക്ക് ഉത്തരം ലഭിക്കാന്‍ ഏറെ സാധ്യതയുള്ള റമദാനില്‍ ജീവനു വേണ്ടി കേഴുന്ന മനുഷ്യര്‍ക്കു വേണ്ടി, ലോകത്തിനു വേണ്ടി, നമ്മുടെ രാജ്യത്തിനു വേണ്ടി സര്‍വലോക രക്ഷിതാവിനോട് നാം മനമുരുകി പ്രാര്‍ഥിക്കണം. അവന്‍ നമ്മെ കാക്കുമെന്ന ഉറച്ച വിശ്വാസം നമുക്കുണ്ട്.
റമദാന്‍ ആത്മവിചാരണയുടെ കാലമാണ്. വ്യക്തിയും കുടുംബവും സമൂഹങ്ങളും പ്രസ്ഥാനങ്ങളും രാഷ്ട്രങ്ങളുമെല്ലാം അതിനു വിധേയമാവണം. നമ്മുടെ വ്യക്തി, കുടുംബ, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക ജീവിതം പൂര്‍ണമായും അല്ലാഹുവിന്റെ നിര്‍ദേശമനുസരിച്ചാണോ ചലിക്കുന്നത് എന്ന പരിശോധന. നമ്മുടെ ധാരണകളെയും വിചാരണ ചെയ്യുക. കര്‍മങ്ങള്‍ക്കു നേരെയും വിചാരണയുടെ വിരലുയരണം.  പോരായ്മകളെ കുറിച്ച് വെറുതെ നെടുവീര്‍പ്പിട്ടാല്‍ പോരാ, തിരുത്താനുള്ള ദൃഢനിശ്ചയം വേണം. നമ്മുടെ അരുതായ്മകളാണ് കരയിലും കടലിലും നാശം വിതക്കുന്നതെന്ന (ഖുര്‍ആന്‍: 30:41) വാക്യത്തിന് ഇക്കാലത്ത് വലിയ ധ്വനികളുണ്ട്.
വീടുകളില്‍ ഒതുങ്ങാന്‍ നാം നിര്‍ബന്ധിതരാണ്. പുറത്തേക്കിറങ്ങാന്‍ ധൃതിപ്പെടുകയല്ല ഇപ്പോള്‍ വേണ്ടത്. പള്ളികളിലേക്കെത്താന്‍ നുക്കാവുന്നില്ലല്ലോ. നമ്മുടെ വീട് ഈ റമദാനില്‍ ആരാധനാലയമായി മാറട്ടെ. ഓരോ വഖ്ത്  നമസ്‌കാരവും വീടുകളില്‍ കുടുംബത്തോടൊപ്പം ഒന്നിച്ച് നിര്‍വഹിക്കണമെന്ന കാര്‍ക്കശ്യം  നമുക്കുണ്ടാവണം, പിഞ്ചോമനകള്‍ മുതല്‍ അതില്‍ പങ്കാളികളാവട്ടെ. സുന്നത്ത് നമസ്‌കാരങ്ങളും തറാവീഹും ഖിയാമുല്ലൈലും തഹജ്ജുദുമെല്ലാം എല്ലാവരും ചേര്‍ന്നാവട്ടെ.
ഖുര്‍ആനിന്റെ മാസമാണല്ലോ റമദാന്‍. ഖുര്‍ആന്‍ പഠനത്തിനും പാരായണത്തിനും നമുക്കും കുടുംബത്തിനും സിലബസും സമയവും നിര്‍ണയിക്കാതെ റമദാനിലേക്ക് പ്രവേശിക്കരുത്. മതപ്രഭാഷണങ്ങളുടെയും പഠനസംഗമങ്ങളുടെയും അഭാവം വീടകങ്ങളിലെ നസ്വീഹത്ത് കൊണ്ട് നികത്തണം. പ്രവാചകന്റെ കുടുംബ ജീവിതത്തിലേക്ക് കണ്ണയച്ചാല്‍ അതിന്റെ ഉജ്ജ്വല മാതൃക കാണാനാവും. കൈയിലുള്ള സാങ്കേതിക സൗകര്യങ്ങളുപയോഗിച്ച് ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായും ഊഷ്മള ബന്ധം നിലനിര്‍ത്താനും ശ്രദ്ധിക്കുക.
പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ദരിദ്രരും അല്ലാത്തവരുമായവര്‍ക്ക് നമ്മുടെ പ്രാര്‍ഥനകളില്‍ ഇടമുണ്ടാവണം. അതില്‍ അനിവാര്യമായും ഉള്‍പ്പെടേണ്ടവരാണ് പ്രവാസികള്‍. വലിയ ആശങ്കയിലാണ് പ്രവാസി സമൂഹമെന്ന് നാം അറിയുന്നു. ഈ നാട് പച്ചപിടിച്ചത് മരുഭൂമിയില്‍ അവരൊഴുക്കിയ വിയര്‍പ്പിന്റെ ഈര്‍പ്പം കൊണ്ടാണ്. പുകയുയരുന്ന അടുപ്പിനു മുകളിലെ ശൂന്യകലങ്ങളെ സമൃദ്ധമാക്കിയത് വീടുവിട്ടിറങ്ങിയ പ്രവാസിയാണ്. നമ്മുടെ അനേകം സാമൂഹിക സ്ഥാപനങ്ങളും  പ്രസ്ഥാനങ്ങളും  അതിജീവിക്കുന്നത് അവരുടെ കരുത്തിലാണ്. നമ്മുടെ നാനാതരം സ്വപ്നങ്ങള്‍ പൂത്തുലഞ്ഞതും അവരിലൂടെയാണ്. അവരുടെ തളര്‍ച്ച ഈ നാടിന്റെ തളര്‍ച്ചയാണ്. അതിനാല്‍ അവര്‍ക്കു വേണ്ടി നമ്മുടെ കരുതലുണ്ടാവണം, അവര്‍ക്ക്  കാവലായിരിക്കേണമേ എന്ന് നാമവര്‍ക്കു വേണ്ടി അല്ലാഹുവിനോട് തേടണം.
റമദാന്‍ സഹാനുഭൂതിയുടെ കാലമാണ്. മറ്റുള്ളവരിലേക്ക് നാം നീളേണ്ട കാലം. നാട് ലോക്ക് ഡൗണിലാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചിരിക്കുന്നു. ദിവസ വേതനക്കാരായ ലക്ഷങ്ങള്‍ ദുരിതക്കയത്തിലാണ്. ബന്ധുക്കള്‍, അയല്‍പക്കങ്ങള്‍, നാട്ടുകാര്‍ ഇവര്‍ക്കൊക്കെ  നാം കൈത്താങ്ങാവണം.  നമ്മുടെ അനേകം ദീനീസംരംഭങ്ങളും  സ്ഥാപനങ്ങളും പൊതുസംവിധാനങ്ങളും വാര്‍ഷിക വിഭവസമാഹരണം നടത്തുന്നത് റമദാനിലാണ്. റമദാനിലാണ് അവര്‍ അടുത്ത വര്‍ഷത്തെ സ്വപ്നം കാണുക. നമ്മുടെ പ്രയാസം മനസ്സിലാക്കി അവരാരും നമ്മെ സമീപിച്ചേക്കില്ല, അതിനവര്‍ക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. അവരുടെ പ്രതിനിധികള്‍ റസിപ്റ്റ് ബുക്കുകളുമായി  നമ്മുടെ വീടിന്റെ ബെല്ലമര്‍ത്തിയേക്കില്ല.  കുടുംബഭാരം പേറുന്ന, രോഗം കൊണ്ട് കഷ്ടപ്പെടുന്ന ഒരാളും ദൈന്യ മുഖവുമായി കൈ നീട്ടിയേക്കില്ല. പക്ഷേ ആര്‍ക്കും ഒന്നും കുറവ് വരുത്തരുത്. അവരെത്തേടിച്ചെന്ന് കഴിഞ്ഞ തവണത്തേക്കാള്‍ മികച്ചത് അവര്‍ക്ക് കൊടുക്കണം. അല്ലെങ്കില്‍ അവ / അവര്‍ കൂമ്പടഞ്ഞു പോകും. അവ നമ്മുടെ നന്മകളാണ്, നിലയ്ക്കാത്ത പുണ്യമാണ്.
നമുക്ക് ബുദ്ധിമുട്ടുണ്ടെന്നത് ശരിയാണ്.
അപ്പോള്‍ നമ്മുടെ ചെലവുകളെ / ബഡ്ജറ്റുകളെ വെട്ടിച്ചുരുക്കി വേണം അവരുടെ വിഹിതം ഉറപ്പുവരുത്താന്‍. മിതവ്യയത്തിലേക്ക്, കൂടുതല്‍ കടുത്ത മിതവ്യയത്തിലേക്ക് നാം വന്നേ പറ്റൂ. അതിന് നാം അര മുറുക്കുക തന്നെ വേണം. 'തങ്ങള്‍ക്കു തന്നെ ആവശ്യമുള്ളപ്പോള്‍ പോലും അവര്‍ മറ്റുള്ളവരുടെ ആവശ്യത്തിന് മുന്‍ഗണന നല്‍കുന്നു. സ്വമനസ്സിന്റെ സങ്കുചിതത്വത്തില്‍നിന്ന് മുക്തരാക്കപ്പെടുന്നവരാരോ അവരത്രെ വിജയം വരിക്കുന്നവര്‍' (ഖുര്‍ആന്‍: 59:9) എന്നാണല്ലോ. അതിനെത്രമാത്രം നാം യോഗ്യരും സന്നദ്ധരുമാന്നെന്ന് അല്ലാഹുവിന് അറിയേണ്ടതുണ്ടെങ്കിലോ? അല്ലാഹു പുഞ്ചിരിക്കുന്ന ഒരു രാത്രി അവന്‍ നമുക്കും സമ്മാനിക്കാന്‍ കരുതിയതായിക്കൂടേ, ഈ കാലം?
നീതിക്കു വേണ്ടിയുള്ള സമരത്തിന് പ്രചോദനമാണ് റമദാന്‍. അനീതിയുടെ വിലാസ ഭൂമികയായി മാറിയതിന്റെ ചിത്രമാണ് ചുറ്റും. മുഹമ്മദ് നബി (സ) വിശ്വസ്തനും സത്യദീനിലേക്ക് വഴി നടത്തുന്നവനുമാന്നെന്ന് അറിയാത്തവരായിരുന്നില്ല അദ്ദേഹത്തിന്റെ സമൂഹം. ഇസ് ലാം ക്രൗര്യത്തിന്റെയും രൗദ്രതയുടെയും മതവുമായിരുന്നില്ല. എന്നിട്ടും അവരിലെ തത്ത്വജ്ഞാനികളും കവികളും നാട്ടുപ്രമാണിമാരും ധനാഢ്യരുമൊക്കെ ചേര്‍ന്ന് ബദ്‌റിലേക്ക് പട നയിച്ചു. കാരണം,  നീക്കുപോക്കിന് സന്നദ്ധമല്ലാത്ത ഈ ആദര്‍ശം അംഗീകരിക്കപ്പെടുന്നതോടുകൂടി തങ്ങളുടെ കൊട്ടാരമിളകുമെന്നവര്‍ ന്യായമായും ഭയപ്പെട്ടിരുന്നു. അതിനാലാണ് മുളയിലേ നുള്ളി ശല്യമൊഴിവാക്കാന്‍ തീരുമാനിച്ചത്. അതവരെ ബദ്ര്‍ വരെ എത്തിച്ചു. എന്നിട്ടെന്തായി? ''(ബദ്റില്‍) പരസ്പരം ഏറ്റുമുട്ടിയ ആ രണ്ടു കൂട്ടങ്ങളില്‍ നിങ്ങള്‍ക്കു ഗുണപാഠമുണ്ടായിരുന്നു. ഒരുകൂട്ടം ദൈവികസരണിയില്‍ പൊരുതുകയായിരുന്നു. മറ്റേത് നിഷേധിക്കൂട്ടമായിരുന്നു. നിഷേധിക്കൂട്ടം വിശ്വാസികളുടെ രണ്ടിരട്ടിയുള്ളതായി, നോക്കുന്നവരൊക്കെ കാണുന്നുണ്ടായിരുന്നു.പക്ഷേ, അല്ലാഹു അവന്റെ വിജയവും സഹായവും അവനിഛിക്കുന്നവര്‍ക്കരുളുന്നു (എന്നത്രെ അനന്തരഫലം തെളിയിച്ചത്). ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക് അതില്‍ മഹത്തായ പാഠമുണ്ട്'' (ഖുര്‍ആന്‍: 3:13). ആത്മീയ വസന്തം പെയ്തിറങ്ങുന്ന റമദാനിന്റെ മധ്യത്തില്‍ സത്യം ബദ്‌റില്‍ വിജയക്കൊടി നാട്ടട്ടെ എന്നായിരുന്നു അല്ലാഹുവിന്റെ തീരുമാനം. ആത്മീയതയുടെ കരുത്തിലുള്ള സമരമാണ് വിജയത്തിലെത്തുക. സത്യാസത്യ സംഘട്ടനത്തിന്റെ സ്വാഭാവിക പരിണതി എന്തായിരിക്കുമെന്നും ബദ്ര് കാണിച്ചുതരുന്നു.
ലോകത്തെല്ലായിടത്തും  നീതിക്കും സത്യത്തിനും വേണ്ടി നടക്കുന്ന ജനാധിപത്യ പോരാട്ടങ്ങളോട് ഐക്യപ്പെടാന്‍ ബദ്ര് നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരതീക്ഷ്ണതയിലാണ് റമദാന്‍ സമാഗതമായത്. പുതിയ ഊര്‍ജവുമായി നീതിക്കായുള്ള സമരഭൂമിയില്‍ നാമുണ്ടാവണം എന്നും റമദാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (28-30)
ടി.കെ ഉബൈദ്‌

ഹദീസ്‌

പ്രതിഫലാര്‍ഹമായ നോമ്പ്
സുബൈര്‍ കുന്ദമംഗലം