Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 17

3148

1441 ശഅ്ബാന്‍ 23

സാമാധാനകാംക്ഷി സൗഹൃദതല്‍പരന്‍

എ. റശീദുദ്ദീന്‍

മൗലാനാ സിറാജുല്‍ ഹസന്‍ സാഹിബ് ജമാഅത്തിന്റെ അഖിലേന്ത്യാ അമീറായ കാലത്താണ് എസ്. ഐ. ഒ പബ്ലിക് റിലേഷന്‍ ചുമതലകളുമായി ഞാന്‍ ദല്‍ഹിയില്‍ എത്തിപ്പെടുന്നത്. 1994-ല്‍ ആണത്. അതിനും മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചിയിലെ എസ്.  ഐ. ഒ സമ്മേളനത്തില്‍ ദൂരെ നിന്നു കണ്ട ആ വലിയ മനുഷ്യനെ നിത്യേനയെന്നോണം പലതരം കാര്യങ്ങള്‍ക്കായി ബന്ധപ്പെട്ടുകൊണ്ടിരുന്ന കാലം. വ്യക്തിപ്രഭാവത്തിന്റെ അത്യസാധാരണമായ ഒരു മായികപരിസരത്ത് എത്തിപ്പെടുന്നവനെപ്പോലെയാണ് അദ്ദേഹത്തിന്റെ മുമ്പില്‍ നില്‍ക്കുമ്പോഴൊക്കെ തോന്നിയിട്ടുള്ളത്. പറയാന്‍ വന്നതൊക്കെ തെറ്റിപ്പോകും, വാക്കുകള്‍ പിഴക്കും. ഉര്‍ദു എനിക്ക് അക്കാലത്ത് ഒട്ടും വഴങ്ങുമായിരുന്നില്ല. മൗലാനയോട് ഞാന്‍ സംസാരിച്ചതത്രയും ഒട്ടും ആദരവില്ലാത്ത ഭാഷയിലായിരുന്നുവെന്ന് ഉര്‍ദു തിരിച്ചറിയാന്‍ തുടങ്ങിയ പില്‍ക്കാലത്ത് എനിക്ക് ബോധ്യപ്പെടുകയും ചെയ്തിരുന്നു. അതിലൊന്നും അല്‍പം പോലും വിമ്മിട്ടം കാണിക്കാതെ, മുഖത്തിന്റെ കോണിലെവിടെയോ ഒരു മന്ദഹാസം ഒളിപ്പിച്ച്, ഞാന്‍ പറയാന്‍ തുടങ്ങിയ കാര്യം എന്തെന്ന് മനസ്സിലാക്കിയെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവും കരുണാര്‍ദ്രമായ ആ മുഖഭാവവും എനിക്ക് മറക്കാനാവില്ല. 
അബുല്‍ ഫസല്‍ എന്‍ക്‌ളേവിലെ എന്റെ ജീവിതത്തെ പിന്നീടുള്ള കാലത്ത് പല വിധത്തിലും മൗലാന സ്വാധീനിച്ചുകൊണ്ടിരുന്നു. എസ്.ഐ.ഒയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി.സി ഹംസ സാഹിബിന്റെ മകളുമായി എന്റെ വിവാഹം നിശ്ചയിച്ച കാലമായിരുന്നു അത്. ഇക്കാര്യം മൗലാനയെ അറിയിക്കാന്‍ ഞാനും പി.സിയും ഒരുമിച്ചാണ് മൗലാനയുടെ അടുത്ത് ചെന്നത്. അരേ റശീദ്, തും തൊ ഫിര്‍ മേരാ ബീ ദാമാത്ത് ഹൈ... നിഷ്‌കളങ്കമായ ചിരിയോടെ അദ്ദേഹം ആശംസിച്ചു. നീ എന്റെയും കൂടി മരുമകനാണെന്നാണ് അതിനര്‍ഥം. പിന്നീടുള്ള കാലത്തൊക്കെ അങ്ങനെയൊരു ഊഷ്മള ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. എന്റെ ആദ്യത്തെ മകന് ഇഹ്‌സാന്‍ എന്നു പേരിടാന്‍ നിര്‍ദേശിച്ചത് മൗലാനയായിരുന്നു. മൗലാന കേരളത്തില്‍ എവിടെ വരുന്നുണ്ടെങ്കിലും പി.സി നിര്‍ബന്ധമായും  അദ്ദേഹത്തെ അനുഗമിക്കണമായിരുന്നു. ദ്വിഭാഷി മാത്രമായിക്കൊണ്ടായിരുന്നില്ല അത്. അദ്ദേഹത്തിന്റെ ശീലങ്ങളുമായി അത്രയേറെ അടുത്തു പരിചയിച്ച മറ്റൊരാള്‍ പി.സിയെ പോലെ കേരളത്തില്‍ ഉണ്ടായിരുന്നില്ല.
ബംഗഌരുവില്‍നിന്ന് ആരംഭിച്ച 'മീന്‍ടൈം' പരീക്ഷണം പാളിയ കാലത്ത് പി.സിക്ക് ദല്‍ഹിയുമായും സംഘടനയുമായൊക്കെ ബന്ധപ്പെട്ട ഔദ്യോഗിക ചുമതലകള്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം അരിയൂരിലെ വീട്ടില്‍ ഒതുങ്ങിക്കൂടിയ കാലമായിരുന്നു അത്. അപ്പോഴും സിറാജുല്‍ ഹസന്‍ സാഹിബുമായുള്ള ബന്ധത്തിന്റെ ഊഷ്മളത നഷ്ടപ്പെട്ടിരുന്നില്ല. പി.സിയെ അക്കാലത്ത് മര്‍കസിലെ ചുമതലകളിലേക്ക് വിളിപ്പിക്കാന്‍ പോലും മൗലാന ശ്രമിച്ചതായി എനിക്കോര്‍മയുണ്ട്. മീഡിയാവണ്‍ ആരംഭിക്കുന്നതിനു തൊട്ടു മുമ്പെ ഞാനദ്ദേഹത്തെ റായ്ച്ചൂരിലെ വസതിയില്‍ പോയി കണ്ടിരുന്നു. അദ്ദേഹം വാര്‍ധക്യത്തിന്റെ അവശതകളിലേക്ക് കടന്നു തുടങ്ങിയ കാലമാണത്. എന്നിട്ടും മീഡിയാവണ്ണിന്റെ വിശേഷങ്ങള്‍ ചോദിച്ചറിയാനും ആശംസ നല്‍കാനുമൊക്കെ അദ്ദേഹം സമയം തന്നു. അന്ന് പ്രാതലും അദ്ദേഹത്തോടൊപ്പമായിരുന്നു. പ്രസരിപ്പിന്റെ ആ ആള്‍രൂപം വീല്‍ചെയറിലേക്കും രോഗങ്ങളിലേക്കുമൊക്കെ നടന്നടുക്കുന്നത് വല്ലാതെ വേദനിപ്പിച്ചു.
മനോഹരമായ അനുഭവമായിരുന്നു അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്നത്. ഒരു സാധാരണ മൗലാനയെ പോലെയായിരിക്കില്ല യാത്രയില്‍ അദ്ദേഹം. വളരെ രസികനും ഭക്ഷണപ്രിയനുമൊക്കെയായ മൗലാനക്ക് ഏതൊക്കെ സ്റ്റേഷനുകളില്‍ എന്തൊക്കെ ഭക്ഷണം കിട്ടുമെന്ന് കൃത്യമായി അറിയാം. ഒരിക്കല്‍ അദ്ദേഹത്തെയും കൊണ്ട് കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടി വന്നു. ചെന്നൈ വഴി ജി.ടി എക്‌സ്പ്രസില്‍ സാധാരണ സ്ലീപ്പര്‍ ക്ലാസിലാണ് ടിക്കറ്റ് എടുത്തിരുന്നത്. അവിടെ നിന്ന് വെസ്റ്റ് കോസ്റ്റിലോ മറ്റോ കോഴിക്കോട്ടേക്കും. എന്തോ കാരണം കൊണ്ട് ദല്‍ഹിയില്‍ നിന്നുള്ള ട്രെയിന്‍ അവസാന ദിവസം കാന്‍സല്‍ ആയി. മൗലാനക്ക് പോകാതിരിക്കാന്‍ നിവൃത്തിയില്ലാത്ത യാത്രയാണ്. എന്നെ അദ്ദേഹം റെയില്‍വേ സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടു. വിമാനത്തില്‍ പോകുന്നത് ഭാരിച്ച ചെലവു വരുന്നതു കൊണ്ട് കിട്ടുന്ന ക്ലാസില്‍ ട്രെയിനില്‍ ടിക്കറ്റ് എടുത്തു വരാനായിരുന്നു നിര്‍ദേശം. അന്ന് വൈകുന്നേരം പുറപ്പെടുന്ന തമിഴ്‌നാട് എക്‌സ്പ്രസില്‍ രണ്ട് ഫസ്റ്റ് ക്ലാസ് ടിക്കറ്റ് മാത്രമായിരുന്നു ആ അവസാന നിമിഷത്തില്‍ ബാക്കിയുണ്ടായിരുന്നത്. അങ്ങനെ ഞങ്ങള്‍ ചെന്നൈയിലേക്ക് പുറപ്പെട്ടു. ചൂടു കാലാവസ്ഥയില്‍ ആന്ധ്രപ്രദേശ് രാത്രിയില്‍ മറികടക്കുന്നതാണ് നല്ലത്. അതിനനുസരിച്ച ട്രെയിന്‍ ഷെഡ്യൂളും കൂടിയായിരുന്നു ഇത്. 
ഞങ്ങളുടെ കൂപ്പയില്‍ ഭോപ്പാലിലേക്കുള്ള രണ്ട് എം.പിമാരാണ് സഹയാത്രികരായി ഉണ്ടായിരുന്നത്. അവരിലൊരാള്‍ കോണ്‍ഗ്രസും മറ്റേയാള്‍ ബി.ജെ.പിയുമായിരുന്നു. മൗലാന താഴത്തെ ബര്‍ത്തിലാണ്. ഞാന്‍ മുകളിലും. ഈ എം. പിമാര്‍ തമ്മില്‍ രാഷ്ട്രീയം പറഞ്ഞ് വലിയ ഒച്ചപ്പാടായി. ഇതിനിടെ അപ്പുറത്തെ കൂപ്പയില്‍നിന്ന് രണ്ട് എം. പിമാര്‍ കൂടി എത്തി. കോണ്‍ഗ്രസുകാരും ബി. ജെ. പിക്കാരുമായി ചേരിതിരിഞ്ഞാണ് അവര്‍ തര്‍ക്കിച്ചുകൊണ്ടിരുന്നത്. മൗലാന സീറ്റില്‍ എഴുന്നേറ്റിരുന്ന് ശാന്തനായി അത് കേള്‍ക്കുന്നുണ്ട്. ബഹളം വല്ലാതെ ഉച്ചത്തിലാകുമ്പോള്‍ അവര്‍ ഇടക്കിടെ മൗലാനയോട് ക്ഷമ ചോദിക്കുന്നതും കാണാം. ക്രമേണ അവരുടെ ചര്‍ച്ചയിലേക്ക് അദ്ദേഹം കടന്നു കയറി. പതുക്കെ അവര്‍ നിശ്ശബ്ദരാവാന്‍ തുടങ്ങി. അദ്ദേഹവും രാഷ്ട്രീയമാണ് പറയുന്നതെന്ന് എനിക്കു മനസ്സിലായി. രാത്രി ഏറെ വൈകുവോളം മൗലാന അവരോടും അവര്‍ അദ്ദേഹത്തോടും ശുദ്ധമായ ഉര്‍ദുവില്‍ സംസാരിച്ചുകൊണ്ടേയിരുന്നു. എനിക്കന്ന് വലിയ പിടിപാടില്ലാത്ത ഭാഷയാണത്. ആ തര്‍ക്കത്തില്‍ അദ്ദേഹം എന്തോ ഒരു നിലപാട് സ്വീകരിക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ഭാഷയെ കുറിച്ച് അവര്‍ വലിയ മതിപ്പ് പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അതിലൊരു എം. പി തനിക്ക് ഉര്‍ദു വായിക്കാനറിയുമെന്ന് ഇടക്ക് പറയുന്നതും കേട്ടു. ഭോപ്പാലിലുള്ളവര്‍ക്ക് നല്ല വൃത്തിയായി ഉര്‍ദു അറിയുമെന്നത് എനിക്ക് പുതിയ വിവരമായിരുന്നു. പക്ഷേ ആ തര്‍ക്കത്തില്‍ മൗലാന ഇടപെട്ട രീതി അസാധാരണമായി തോന്നി. വലിയ ആദരവ് പ്രകടിപ്പിച്ചാണ് ഭോപ്പാലില്‍ ആ എം.പിമാര്‍ ഇറങ്ങിപ്പോയത്. 
മൗലാനയെ അവര്‍ക്ക് വളരെ പെട്ടെന്ന് തിരിച്ചറിയാനായി. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഓഫീസുമായി പോലും വളരെ സജീവമായി ഒരു കാലത്ത് മൗലാന ബന്ധം പുലര്‍ത്തിയിരുന്നു. മുസ്ലിംകളുടെ നിലപാടുകള്‍ അറിയുന്നതിന്റെ ഭാഗമായി ജാഫര്‍ ശരീഫ് വഴിയും പ്രൈവറ്റ് സെക്രട്ടറി വഴിയും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ സിറാജുല്‍ ഹസന്‍ സാഹിബുമായി ബന്ധപ്പെടാറുണ്ടായിരുന്നു. കര്‍ണാടകയില്‍ പ്രത്യേകിച്ചും അദ്ദേഹം ഉണ്ടാക്കിയെടുത്ത പ്രതിഛായയാണ് ജമാഅത്തിനെ കുറിച്ച് ഇന്നും നിലനില്‍ക്കുന്നത്. താഴെത്തട്ടിലും സംസ്ഥാനത്തും അഖിലേന്ത്യാ തലത്തിലുമൊക്കെ അത് വ്യാപിച്ചു. ബി.ജെ.പിയുമായും കോണ്‍ഗ്രസുമായുമൊക്കെ മൗലാന ബന്ധം സ്ഥാപിച്ചെടുത്തു. ശങ്കര്‍ദയാല്‍ ശര്‍മ, വി. വി ഗിരി, നീലം സഞ്ജീവ റെഡ്ഡി മുതലായ രാഷ്ട്രപതിമാരുമായും വി. പി സിംഗ്, ഐ. കെ ഗുജ്‌റാള്‍, ചന്ദ്രശേഖര്‍, ചരണ്‍ സിംഗ്, ദേവഗൗഡ, എ.ബി. വാജ്‌പേയി തുടങ്ങിയ പ്രധാനമന്ത്രിമാരുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തി. കര്‍ണാടകാ മുഖ്യമന്ത്രിമാരായിരുന്ന ദേവരാജ് ഉര്‍സ്, ജെ.എച്ച്. പാട്ടീല്‍, വീരേന്ദ്ര പാട്ടീല്‍, ബങ്കാരപ്പ, രാമകൃഷ്ണ ഹെഗ്‌ഡെ, എസ്.എം കൃഷ്ണ തുടങ്ങിയവരൊക്കെ വ്യക്തിപരമായി മൗലാനയെ അറിയുന്നവരായിരുന്നു. അദ്ദേഹം ഉണ്ടാക്കിയെടുത്ത പ്രതിഛായയാണ് ഇന്നും വലിയൊരളവില്‍ ഭരണവൃത്തങ്ങള്‍ക്കകത്ത് ജമാഅത്തിനെ കുറിച്ച് ബാക്കി നില്‍ക്കുന്നതും. പ്രതിപക്ഷ നേതാവായിരിക്കവെ കുമാരസ്വാമി ജമാഅത്ത് നേതാക്കളെ ഇങ്ങോട്ട് വന്ന് സന്ദര്‍ശിച്ച ചരിത്രവും അവിടെയുണ്ട്. മുസ്ലിം വിഷയങ്ങളില്‍ ജമാഅത്തിന്റെ നിലപാടുകളറിയാന്‍ കര്‍ണാടകയിലെ രാഷ്ട്രീയ നേതാക്കളില്‍ പലരും സിറാജുല്‍ ഹസന്‍ സാഹിബിനെയായിരുന്നു കാണാറുണ്ടായിരുന്നത്.
മൗലാനയോടൊപ്പം യാത്ര ചെയ്യുമ്പോഴുള്ള രസകരമായ ഒരു അനുഭവം, മിക്ക റെയില്‍വേ സ്റ്റേഷനുകളിലും അദ്ദേഹത്തെ കാത്ത് ആരെങ്കിലുമൊക്കെ നില്‍ക്കുന്നുണ്ടാവും എന്നതാണ്. സ്റ്റേഷന്‍ എത്താനാകുമ്പോള്‍ തന്നെ അവര്‍ക്ക്  കാണാനുള്ള സൗകര്യത്തിന് അദ്ദേഹം പ്ലാറ്റ്‌ഫോമിലേക്ക് തലനീട്ടി വാതില്‍ക്കല്‍ നില്‍ക്കുന്നുണ്ടാവും. ദല്‍ഹിയില്‍നിന്ന് പുറപ്പെടുമ്പോള്‍ വഴിയിലുള്ള സുഹൃത്തുക്കളെ മൗലാന തന്നെ വിളിച്ചറിയിക്കുന്നതാണത്. റായ്ച്ചൂരിലെ ശംസ് ആലം ദര്‍ഗയുടെ ഭാരവാഹികളുടെ കാര്യം ഇക്കൂട്ടത്തില്‍ എടുത്തു പറയണം. മൗലാന ദര്‍ഗകളില്‍ വിശ്വസിക്കുന്ന ആളായിരുന്നില്ല. പക്ഷേ തന്റെ നാട്ടിലെ ഈ ദര്‍ഗയുടെ നടത്തിപ്പുകാരുമായി അസാധാരണമായ ആത്മബന്ധം അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു. കാലത്ത് അഞ്ചര മണിക്കാണ് കര്‍ണാടക എക്‌സ്പ്രസ് അവിടെ എത്തുന്നത്. ഈ സമയത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ദൂരെയുള്ള വീട്ടിലേക്ക് പോകുന്നതിനു പകരം ഈ ദര്‍ഗാ ഖാദിമിന്റെ വസതിയിലേക്കാണ് മൗലാന പോകാറുണ്ടായിരുന്നത്. ഖാദിം നേരിട്ട് സ്റ്റേഷനില്‍ എത്തിയാണ് മൗലാനയെ സ്വീകരിക്കുക. അദ്ദേഹത്തോടൊപ്പം പ്രാതല്‍ കഴിച്ച് കുറേ സമയം അവരുമായി സമയം പങ്കിട്ടാണ് മൗലാന സ്വന്തം വീട്ടിലെത്തുക. ശംസ് ആലം ദര്‍ഗയുടെ നടത്തിപ്പുകാര്‍ക്ക് നഗരത്തിലെ മറ്റ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുമായി ബന്ധമുണ്ടായിരുന്നില്ല. പക്ഷേ സിറാജുല്‍ ഹസന്‍ സാഹിബ് ഞങ്ങളുടെയും കൂടി മൗലാനയാണെന്നാണ് അവര്‍ പറയാറുണ്ടായിരുന്നത്.
 കര്‍ണാടകയിലെ റായ്ച്ചൂരിലെ നാലോ അഞ്ചോ ഗ്രാമങ്ങളിലായി 3000-ത്തോളം ഏക്കര്‍ ഭൂമി കൈവശമുണ്ടായിരുന്ന വളരെ വലിയ സമ്പന്ന കുടുംബത്തിലായിരുന്നു മൗലാനയുടെ ജനനം. നാലു പെണ്‍മക്കള്‍ക്കിടയിലെ ഏക ആണ്‍തരിയായിരുന്നു സിറാജുല്‍ ഹസന്‍. 1948-ലെ കുപ്രസിദ്ധമായ പോലീസ് നടപടികള്‍ക്കും അതേ തുടര്‍ന്നുണ്ടായ കൈയേറ്റങ്ങള്‍ക്കും ശേഷം 500 ഏക്കര്‍ മാത്രമാണ് കുടുംബത്തിന് ബാക്കിയായത്. ശേഷിച്ചവയുടെ രേഖകള്‍ കൈയിലുണ്ടായിട്ടും അത് കൈയേറിയവര്‍ക്കെതിരെ കേസു നടത്താന്‍ നില്‍ക്കാതെ ആ രേഖകള്‍ കത്തിച്ചുകളഞ്ഞ് തര്‍ക്കം ഒഴിവാക്കാനാണ് അദ്ദേഹം കുടുംബത്തെ പ്രേരിപ്പിച്ചത്. പിതാവായ അലി ഹസന്റെ സ്വത്തുവകകള്‍ പിടിച്ചടക്കാന്‍ റസാഖാര്‍ മൂവ്‌മെന്റ് ശ്രമം നടത്തിയിരുന്ന കാലത്ത് അവരുടെ കണ്ണില്‍ പെടാതിരിക്കാന്‍ മാതാവ് പാഷാ ബീഗത്തിന് മകനെ വര്‍ഷങ്ങളോളം റായ്ച്ചൂരിലെ ബന്ധു വീടുകളില്‍ ഒളിവില്‍ പാര്‍പ്പിക്കേണ്ടി വന്നിരുന്നു. യുവാവായി കുടുംബത്തിന്റെ ചുമതല ഏറ്റെടുത്ത കാലത്താണ് അദ്ദേഹം സഹോദരിമാരെ സ്വത്തുവകകള്‍ വിട്ടുകൊടുക്കാന്‍ പ്രേരിപ്പിച്ചത്. ഇത് സിറാജുല്‍ ഹസന്‍ എന്ന യുവ സമീന്ദാറെ കുറിച്ച് റായ്ച്ചൂരിലുടനീളം വലിയ മതിപ്പുണ്ടാക്കി. പില്‍ക്കാലത്ത് ഹിന്ദുക്കളും മുസ്ലിംകളുമൊക്കെ കുടുംബതര്‍ക്കങ്ങളും സ്വത്തുതര്‍ക്കങ്ങളും പറഞ്ഞു തീര്‍ക്കാനായി അദ്ദേഹത്തിന്റെ വസതിയില്‍ എത്താറുണ്ടായിരുന്നു. സംഘടനയിലും മുസ്ലിം സമൂഹത്തിലും രാജ്യത്തിനകത്തും പലതരം തര്‍ക്കങ്ങളില്‍ മൗലാന നീതിപൂര്‍വകമായി ഇടപെട്ട് പരിഹാരങ്ങള്‍ നിര്‍ദേശിച്ച എത്രയെങ്കിലും സംഭവങ്ങളുണ്ട്. മൗലാനാ അലിമിയാന്റെ മരണശേഷം ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന് പുതിയ അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ തര്‍ക്കം നീണ്ടുപോയപ്പോള്‍ സിറാജുല്‍ ഹസന്‍ സാഹിബിന്റേതായിരുന്നു മുജാഹിദുല്‍ ഇസ്ലാം ഖാസിമിയെ നിര്‍ദേശിച്ച നിര്‍ണായക ഇടപെടല്‍. മൗലാനാ അബുല്ലൈസ് ഇസ് ലാഹി, അബുല്‍ ഹസന്‍ അലി നദ്‌വി, സദ്‌റുദ്ദീന്‍ ഇസ് ലാഹി എന്നിവരുടെ മുമ്പില്‍ തന്റെ ഹൃദയം കുനിഞ്ഞു പോവാറുണ്ടെന്ന് സിറാജുല്‍ ഹസന്‍ സാഹിബ് പലപ്പോഴും പറയാറുണ്ടായിരുന്നു. ലഖ്‌നൗവില്‍ മൂവരും ഒരുമിച്ചിരുന്ന ഒരു റൂമിനകത്ത് കസേരയില്‍ ഇരിക്കാന്‍ മടിച്ച് സിറാജുല്‍ ഹസന്‍ സാഹിബ് നിലത്ത് ചമ്രം പടിഞ്ഞിരുന്ന കഥയും ഞാന്‍ കേട്ടിട്ടുണ്ട്. 
 ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ അഖിലേന്ത്യാ അമീറായിരുന്നു മൗലാന. രാജ്യത്ത് സമാധാനം കാത്തുസംരക്ഷിക്കുന്നതിന് അദ്ദേഹം രാപ്പകല്‍ ഓടിനടക്കുന്ന കാലം. എഫ്.ഡി.സി.എ എന്ന സംഘടനയുടെ രൂപീകരണത്തിനായി മൗലാന അന്ന് രജീന്ദര്‍ സച്ചാറിനെ കാണാന്‍ പോയ ഒരു കഥയുണ്ട്. സച്ചാര്‍ തന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. അപ്പോള്‍ മൗലാന സച്ചാറിനോട് ഇങ്ങനെ പറഞ്ഞു: 'താങ്കളുടെ അനാരോഗ്യം ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അതിനേക്കാളും എത്രയോ രോഗാതുരമാണ്.' ഇതു കേട്ട സച്ചാര്‍ തന്റെ നിലപാട് മാറ്റുകയും മൗലാനയോടൊപ്പം എഫ്.ഡി.സി.എയുമായി സഹകരിക്കാന്‍ തീരുമാനിക്കുകയുമാണുണ്ടായത്. ഇതേ ആവശ്യം മുന്‍നിര്‍ത്തി 'ടൈംസ് ഓഫ് ഇന്ത്യ' പത്രാധിപര്‍ ഗിരിലാല്‍ ജെയിനിനെ കാണാന്‍ പോയ വേറൊരു കഥയുമുണ്ട്. പില്‍ക്കാലത്ത് 'ദ ഹിന്ദു ഫിനോമിനന്‍' എന്ന പുസ്തകം എഴുതിയ ഗിരിലാല്‍ ജെയിന്‍ അക്കാലത്ത് പൊതുവെ നിഷ്പക്ഷനായാണ് അറിയപ്പെട്ടിരുന്നത്. ഏതായാലും ഏതോ ഒരു മൗലാന തന്നെ കാണാന്‍ വന്നുവെന്ന് മാത്രം മനസ്സിലാക്കിയ ജെയിന്‍ അദ്ദേഹത്തെ ദീര്‍ഘനേരം ഓഫീസിനു പുറത്ത് കാത്തുനിര്‍ത്തിച്ചു. ഒടുവില്‍ കാര്യം തിരക്കിയപ്പോള്‍ ആവശ്യം തന്റേതല്ലെന്നും നമ്മുടെ എല്ലാവരുടേതുമാണെന്നും മൗലാന പറഞ്ഞതോടെ ജെയിന്‍ മാപ്പു പറയുകയും എഫ്.ഡി.സി.എയുമായി സഹകരിക്കാന്‍ തയാറാവുകയുമാണ് ചെയ്തത്;  അദ്ദേഹത്തിന്റെ പില്‍ക്കാല നിലപാടുകള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നവ ആയിരുന്നുവെങ്കില്‍ പോലും. 
വടക്കന്‍ കര്‍ണാടകയിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ഒരു കാലത്ത് സിറാജുല്‍ ഹസന്‍ സാഹിബ് നടത്തിയ കാളവണ്ടി യാത്രകളാണ് ബീദാര്‍, ഗുല്‍ബര്‍ഗ, റായ്ച്ചൂര്‍ മുതലായ ജില്ലകളില്‍ ജമാഅത്തെ ഇസ്ലാമിയെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. ചോളത്തിന്റെ ഒരു കെട്ട് റൊട്ടിയും അല്‍പം അച്ചാറും തൈരുമായാണ് മൗലാന യാത്ര പുറപ്പെടുക. ദിവസങ്ങളോളം കേടാകാതെ ഇരിക്കുന്ന ഈ ഭക്ഷണം ഏതെങ്കിലുമൊക്കെ പള്ളിയില്‍ സൂക്ഷിച്ച് കാലത്തു മുതല്‍ വൈകുന്നേരം വരെ ജനങ്ങളുമായി സംസാരിച്ച് അദ്ദേഹം മടങ്ങും. സംഘടനയെ കുറിച്ച് വലിയ മതിപ്പായിരുന്നു അദ്ദേഹം സൃഷ്ടിച്ചെടുത്തത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടയിലും മൗലാനയുടെ ജനാസ നമസ്‌കാരത്തില്‍ ചെറിയ സംഘങ്ങളായി നൂറുകണക്കിനാളുകള്‍ പങ്കെടുത്തത് അദ്ദേഹം അവശേഷിപ്പിച്ച ആദരവിന്റെ ബാക്കിപത്രമായിരുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (24-27)
ടി.കെ ഉബൈദ്‌