Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 17

3148

1441 ശഅ്ബാന്‍ 23

യൂസുഫ് ജാസിമുല്‍ ഹിജ്ജി സേവനങ്ങളുടെ വന്മരം

പി.കെ ജമാല്‍

യൂസുഫുല്‍ ഹിജ്ജി ഞങ്ങളെ സ്നേഹപൂര്‍വം സ്വീകരിച്ചിരുത്തി. അണ്ടര്‍ സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ ഹാരിസിനെയും ഇസ്‌ലാമിക് അഫയേര്‍സ് ഡയറക്ടര്‍ അബ്ദുല്ലാ അഖീലിനെയും കാണാനുള്ള ഏര്‍പ്പാടുകള്‍ അദ്ദേഹം തന്നെ ചെയ്തു.  മന്ത്രിയുടെ ഓഫീസ് മാനേജറായിരുന്ന ഫൈസല്‍ മഖ്ഹസിക്ക് ഞങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങളെല്ലാം ചെയ്തുതരാന്‍ യൂസുഫുല്‍ ഹിജ്ജി നിര്‍ദേശം നല്‍കി.
മൂന്നര പതിറ്റാണ്ട് നീണ്ട സ്നേഹബന്ധത്തിന്റെ തുടക്കമായിരുന്നു അത്. കറുപ്പോടടുത്ത ഇരുനിറത്തില്‍ മെലിഞ്ഞ ശരീരം. നേരിയ താടിയുള്ള ആ മുഖത്ത് അപൂര്‍വമായി മൊട്ടിട്ട് വിരിയുന്ന പുഞ്ചിരി. പതിഞ്ഞ സ്വരത്തില്‍ മൃദുഭാഷണം. പറയുന്നതെല്ലാം സശ്രദ്ധം കേള്‍ക്കും. സംസാരവേളയില്‍ ആ മുഖത്ത് ഒരു ഭാവമാറ്റവും പ്രകടമാവില്ല. കണ്ണുകളിലേക്കും കടലാസിലേക്കും മാറിമാറി സഞ്ചരിക്കുന്ന നോട്ടത്തിനൊടുവില്‍ ഒന്നോ രണ്ടോ വാക്ക് മാത്രം. ആ വാക്കുകളാണ് ഉത്തരവ്. അത് അക്ഷരംപ്രതി നടപ്പാക്കാന്‍ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാര്‍ക്ക് അറിയാമെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. അദ്ദേഹത്തിന്റെ അനുമാനങ്ങളും നിരീക്ഷണങ്ങളും കൃത്യമായിരിക്കും. കിടയറ്റ ജീവകാരുണ്യ - ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് കുവൈത്തിന്റെ മുഖമുദ്ര. ബൈത്തുസ്സകാത്ത്, ഇന്റര്‍നാഷ്നല്‍ ഇസ്‌ലാമിക് ചാരിറ്റി ഓര്‍ഗനൈസേഷന്‍, നജാത്ത് ചാരിറ്റി സൊസൈറ്റി, അബ്ദുല്ലാ നൂരി ചാരിറ്റി ഫൗണ്ടേഷന്‍, ഇസ്‌ലാം പ്രസന്റേഷന്‍ കമ്മിറ്റി, കുവൈത്ത് ഫൈനാന്‍സ് ഹൗസ്, കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റി തുടങ്ങി നന്മ നിറഞ്ഞ കുവൈത്തിന്റെ പ്രകാശ ഗോപുരങ്ങളായ സ്ഥാപനങ്ങളുടെയെല്ലാം ശില്‍പിയും പിതാവുമായിരുന്നു യൂസുഫുല്‍ ഹിജ്ജി.
ഒമ്പത് പതിറ്റാണ്ട് നീണ്ട ആ മഹദ് ജീവിതത്തിന്റെ തണലില്‍ വളര്‍ന്ന സേവന സംരംഭങ്ങളേ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കുവൈത്തിന് ഓര്‍ക്കാനുണ്ടാവുകയുള്ളൂ.
ഹൈഅ: അല്‍ ഖൈരിയ്യ അല്‍ഇസ്‌ലാമിയ്യ അല്‍ ആലമിയ്യ (ഇന്റര്‍നാഷ്നല്‍ ഇസ്‌ലാമിക് ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്‍) ആയിരുന്നു അദ്ദേഹത്തിന്റെ ദശാബ്ദങ്ങള്‍ നീണ്ട കര്‍മ കാണ്ഡത്തിലെ ഒടുവിലത്തെ തട്ടകം. ഹൈഅ: പിറന്നു വീണത് ആ മടിത്തട്ടിലേക്കാണ്. കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിച്ചു തുടങ്ങിയ ഹൈഅ: ഏഷ്യയിലേക്കും യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും അമേരിക്കയിലേക്കും മധ്യേഷ്യയിലേക്കും അതിന്റെ സഹായഹസ്തങ്ങള്‍ നീട്ടി പ്രവര്‍ത്തനങ്ങള്‍ വികസിപ്പിച്ചു. 1984-ല്‍ കുവൈത്ത് സിറ്റിയിലെ കൊച്ചുകെട്ടിടത്തില്‍ എളിയ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹൈഅ:, യൂസുഫുല്‍ ഹിജ്ജിയുടെ കഠിന പ്രയത്നത്തിന്റെ ഫലമായി അന്താരാഷ്ട്ര ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍ പകരുന്ന ഊര്‍ജ പ്രസരണ കേന്ദ്രമായിത്തീര്‍ന്നു. ഇപ്പോള്‍ ബൈത്തുസ്സകാത്ത് ആസ്ഥാന മന്ദിരത്തിന് സമീപം തലയുയര്‍ത്തി നില്‍ക്കുന്ന ഹൈഅ:യുടെ ഹെഡ് ക്വാര്‍ട്ടേഴ്സിന്റെ തൂണിലും ഓരോ തരിമണ്ണിലും യൂസുഫുല്‍ ഹിജ്ജിയുടെ വിയര്‍പ്പുകണങ്ങളുണ്ട്. ഹൈഅ: പിച്ചവെച്ചു നടന്നു തുടങ്ങിയ കാലം മുതല്‍ക്ക് അതിന്റെ വളര്‍ച്ചക്ക് നേര്‍ സാക്ഷിയാവാന്‍ സാധിച്ചുവെന്നത് എന്റെ കുവൈത്ത് ജീവിതത്തിലെ ധന്യമായ അനുഭവമാണ്. വിനയത്തിന്റെയും ലാളിത്യത്തിന്റെയും വാത്സല്യത്തിന്റെയും ഉദാത്തമാതൃകയായിരുന്ന ആ മഹദ് വ്യക്തിത്വം 97-മത്തെ വയസ്സിലാണ് ഇഹലോകവാസം വെടിയുന്നത്.

ധന്യജീവിതം 

സുഊദി അരാംകോയില്‍ ഉദ്യോഗസ്ഥനായാണ് യൂസുഫുല്‍ ഹിജ്ജി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 40-കളില്‍ കുവൈത്ത് ഹെല്‍ത്ത് മിനിസ്ട്രിയില്‍ ഉദ്യോഗസ്ഥനായ അദ്ദേഹം പടിപടിയായി ഉയര്‍ന്നു ആരോഗ്യമന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറി വരെയായി. കുവൈത്തിലെ വിദൂര ഗ്രാമങ്ങളില്‍ ആശുപത്രികളും ക്ലിനിക്കുകളും സ്ഥാപിക്കുന്നതിലായിരുന്നു മുഖ്യശ്രദ്ധ. സാധാരണ ജനങ്ങളിലേക്ക് വൈദ്യസേവനമെത്തിക്കാന്‍ കാണിച്ച ഔത്സുക്യമാണ് പിന്നീട് അദ്ദേഹത്തെ കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റിയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളാക്കിയത്. 1976-1984 കാലയളവില്‍ ഔഖാഫ് മന്ത്രിയായി സേവനമനുഷ്ഠിച്ച യൂസുഫുല്‍ ഹിജ്ജി കുവൈത്ത് ഫൈനാന്‍സ് ഹൗസ് (ബൈത്തുത്തംവീലില്‍ കുവൈത്തി), ശരീഅ കോളേജ് (കുവൈത്ത് യൂനിവേഴ്സിറ്റി) എന്നിവ സ്ഥാപിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. ഫിഖ്ഹ് എന്‍സൈക്ലോപീഡിയയുടെ ആദ്യവാള്യം പുറത്തിറങ്ങിയത് അദ്ദേഹം ചുമതല വഹിക്കുന്ന കാലത്താണ്.
1984-ല്‍ ഇന്റര്‍നാഷ്നല്‍ ഇസ്‌ലാമിക് ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷന്റെ സ്ഥാപനത്തില്‍ ഡോ. യൂസുഫുല്‍ ഖറദാവിയോടൊപ്പം പങ്ക് വഹിച്ചു. ഹൈഅ:യുടെ പ്രഥമ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുപ്പത് വര്‍ഷം തല്‍സ്ഥാനത്ത് തുടര്‍ന്നു. ബോസ്നിയ, സൊമാലിയ, ലബനാന്‍, സുഡാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ ഉണ്ടായ യുദ്ധങ്ങളിലും വംശീയ കലാപങ്ങളിലും പെട്ട് ദുരിതത്തിലായ ജനലക്ഷങ്ങള്‍ക്ക് ജീവിതം നല്‍കുന്നതിന് യൂസുഫുല്‍ ഹിജ്ജിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളെ യുനെസ്‌കോ പ്രത്യേകം പ്രശംസിക്കുകയുണ്ടായി. കൈറോയിലെ ഇന്റര്‍നാഷ്നല്‍ ഇസ് ലാമിക് കൗണ്‍സില്‍ പ്രസിഡന്റ്, കുവൈത്ത് ഫൈനാന്‍സ് ഹൗസ് ഡെപ്യൂട്ടി ചെയര്‍മാന്‍, ലെസ്റ്റര്‍ ഇസ്‌ലാമിക് സെന്റര്‍ യു.കെ രക്ഷാധികാരി, റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി സുപ്രീം കൗണ്‍സില്‍ അംഗം, ദുബൈ ഇസ്‌ലാമിക് ബാങ്ക് ഡയറക്ടര്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചു. 2006-ല്‍ ഇസ്‌ലാമിക സേവനത്തിനുള്ള അന്താരാഷ്ട്ര ഫൈസല്‍ അവാര്‍ഡ് നേടി. ഇത്തിഹാദുല്‍ ആലമില്‍ ഉലമാഇന്റെ സ്ഥാപകാംഗമായിരുന്ന യൂസുഫുല്‍ ഹിജ്ജി ഒരു ഘട്ടത്തില്‍ കുവൈത്തിലെ ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹില്‍ ഇജ്തിമാഇയുടെ പ്രസിഡന്റുമായിരുന്നു.
2006-ല്‍ ഫൈസല്‍ അവാര്‍ഡ് ലഭിച്ച യൂസുഫുല്‍ ഹിജ്ജിയെ അനുമോദിക്കാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്ന സന്ദര്‍ഭം. മര്‍ഹൂം ശൈഖ് നാദിര്‍ നൂരി, മുന്‍ ഔഖാഫ് മന്ത്രി ശൈഖ് അഹ്മദുല്‍ ജാബിര്‍, അബ്ദുല്ലാ അലി അല്‍ മുത്വവ്വ (അബൂബദ്ര്‍), ഡോ. ഖാലിദുല്‍ മദ്കൂര്‍, ഡോ. അജില്‍ അന്നഗ്മി തുടങ്ങിയ മഹദ് വ്യക്തിത്വങ്ങള്‍ യൂസുഫുല്‍ ഹിജ്ജിയെ നേരില്‍ കണ്ട് അനുമോദിക്കാന്‍ ഒത്തുകൂടിയിരിക്കുന്നു അവിടെ. കുവൈത്തിലെ ഇസ്‌ലാമിക പ്രബോധന-ചാരിറ്റി പ്രവര്‍ത്തന മേഖലയിലെ നെടുംതൂണുകള്‍. അന്ന് അദ്ദേഹം നടത്തിയ ഹ്രസ്വഭാഷണത്തിന്റെ കുറിപ്പ് ഞാന്‍ സൂക്ഷിച്ചിരുന്നു. പിന്നീട് യൂസുഫുല്‍ ഹിജ്ജി 2010-ല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് ഡോ. അബ്ദുല്ലാ അല്‍ മഅ്തൂഖ് ചെയര്‍മാന്‍ സ്ഥാനം ഏല്‍ക്കുന്ന വേളയില്‍ നടത്തിയ അഭിമുഖവും എന്റെ ഫയലില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഇവ പ്രസിദ്ധീകരിക്കാന്‍ അനുയോജ്യമായ ഇടം യൂസുഫുല്‍ ഹിജ്ജിയെ കുറിച്ച ഈ അനുസ്മരണക്കുറിപ്പാണ്.

'ഹൈഅല്‍ ഖൈരിയ്യല്‍ ഇസ്‌ലാമിയ്യല്‍ ആലമിയ്യ' എന്ന ആശയം മുളപൊട്ടിയ പശ്ചാത്തലം വിവരിക്കാമോ?

1984-ല്‍ ആണ് ഹൈഅ: ജന്മം കൊണ്ടത്. ലോകത്തെങ്ങുമുള്ള പാവങ്ങളെയും ദരിദ്രരെയും അവശതയനുഭവിക്കുന്ന പീഡിത മുസ്‌ലിം സമൂഹത്തെയും ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ കൈപിടിച്ചുയര്‍ത്താനും അവര്‍ക്ക് ജീവിതത്തെക്കുറിച്ച പുത്തന്‍ പ്രതീക്ഷകള്‍ നല്‍കാനും ഒരു അന്താരാഷ്ട്ര വേദി ആവശ്യമാണെന്ന ചിന്ത സജീവമായ ഘട്ടമായിരുന്നു അത്. ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഒരു ഏജന്‍സിയുടെ അംബ്രല്ലാ ഓര്‍ഗനൈസേഷന്റെ അഭാവം നിരവധി പ്രയാസങ്ങള്‍ ഉണ്ടാക്കിയ സന്ദര്‍ഭമായിരുന്നു അത്. ഇസ്‌ലാമിക ബാങ്കുകളുടെയും പണമിടപാട് സ്ഥാപനങ്ങളുടെയും ഒരു അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ആ സന്ദര്‍ഭത്തില്‍ കുവൈത്തില്‍ നടക്കുകയുണ്ടായി. മിക്ക ലോക രാഷ്ട്രങ്ങളിലെ പ്രതിനിധികളും പണ്ഡിതന്മാരും സംബന്ധിച്ച സമ്മേളനമായിരുന്നു അത്. 45-ഓളം രാജ്യങ്ങളില്‍നിന്ന് ഇരുനൂറില്‍പരം പ്രതിനിധികള്‍. അതില്‍ പങ്കെടുത്ത പ്രമുഖ വ്യക്തിത്വങ്ങള്‍ ഒരു അന്താരാഷ്ട്ര വേദിയുടെ രൂപവല്‍ക്കരണത്തെക്കുറിച്ച് ഗാഢമായി ആലോചിച്ചു. ഡോ. യൂസുഫുല്‍ ഖറദാവിയാണ് ഈ ആശയം അവതരിപ്പിച്ച് സംസാരിച്ചത്. കുവൈത്ത് പ്രസ്തുത വേദിയുടെ ആസ്ഥാനമായി അംഗീകരിക്കപ്പെടുകയും അതേ സമ്മേളനത്തില്‍ ഹൈഅല്‍ ഖൈരിയ്യയുടെ പ്രഖ്യാപനം നടക്കുകയും ചെയ്തു. ഹൈഅക്ക് ആദ്യത്തെ സംഭാവന അബൂബദ്റിന്റേതായിരുന്നു - പത്ത് ലക്ഷം കുവൈത്തി ദിനാര്‍. അതായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തന മൂലധനം.
ദാരിദ്ര്യം, അജ്ഞത, രോഗം- ഈ മൂന്ന് വിപത്തുകളുടെ പിടിത്തത്തില്‍നിന്ന് ലോക മുസ്‌ലിം സമൂഹത്തെയും മറ്റ് അവശവിഭാഗങ്ങളെയും മോചിപ്പിക്കുകയെന്ന ദൗത്യവുമായി രംഗത്തു വന്ന ഹൈഅ അല്‍ഖൈരിയ്യക്ക് 1986-ല്‍ അമീരീ വിജ്ഞാപനപ്രകാരം ഔദ്യോഗിക സ്വഭാവം കൈവന്നു. അന്ന്, ഞങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ചില മുദ്രാവാക്യങ്ങളുണ്ടായിരുന്നു  'സഹായാര്‍ഥി ഇനിയും ചോദിച്ചു വരാതിരിക്കാന്‍ നമുക്ക് കൈകോര്‍ക്കാം' (മഅന്‍ ഹത്താ ലായഊദസ്സാഇലു ഇലസ്സുആല്‍) ആയിരുന്നു അതിലൊന്ന്. സഹായാഭ്യര്‍ഥനയുമായി വരുന്നവരെ സ്വയംപര്യാപ്തതയിലേക്ക് നയിക്കാന്‍ ആവശ്യമായ തൊഴില്‍ തുറ കണ്ടെത്തി സാമ്പത്തിക സഹായം നല്‍കുക, തൊഴില്‍ ഉപകരണം നല്‍കുക, വിവിധ നിക്ഷേപങ്ങളിലൂടെയുള്ള വരുമാനങ്ങളിലൂടെ അവര്‍ക്ക് ഭാവി സുരക്ഷിതത്വം നല്‍കുക. ഈ പദ്ധതി ലോകാടിസ്ഥാനത്തില്‍ പ്രയോജനം  ചെയ്തു. 'വിദ്യാലയ സന്തതി സമുദായത്തിന് ജീവന്‍ നല്‍കും' (ഇബ്നു മദ്റസത്തിന്‍ യുഹ്‌യീ ഉമ്മത്തന്‍) ആയിരുന്നു മറ്റൊരു കാമ്പയിന്‍ പ്രമേയം. ഇതിന്റെ ഭാഗമായി കുവൈത്തിലും സുഡാനിലും ദ്വിഭാഷാ സ്‌കൂളുകള്‍, ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകള്‍, പാകിസ്താന്‍, വെസ്റ്റ് ആഫ്രിക്കയിലെ നൈഗര്‍, ഉഗാണ്ട എന്നിവിടങ്ങളില്‍ ഇസ് ലാമിക യൂനിവേഴ്സിറ്റികള്‍, ചെറുകിട വ്യവസായങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവ സ്ഥാപിച്ചു. അമേരിക്കയിലും യൂറോപ്പിലും ഹൈഅക്ക് കീഴിലുള്ള റിയല്‍ എസ്റ്റേറ്റുകളില്‍നിന്നുള്ള വരുമാനം അതതിടങ്ങളിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടോ?

ലോകമെങ്ങും വ്യാപിച്ച 'ഇസ്‌ലാമോഫോബിയ' ചാരിറ്റി പ്രവര്‍ത്തന രംഗത്തെയും വെറുതെ വിട്ടില്ല. അത്തരം കുതന്ത്രങ്ങള്‍ കുറഞ്ഞ നാളുകള്‍ പാവങ്ങളുടെ അന്നം മുട്ടിച്ചെങ്കിലും ഞങ്ങള്‍ ആ തടസ്സങ്ങളെല്ലാം തട്ടിമാറ്റുന്നതില്‍ വിജയിച്ചു. അല്ലാഹുവുമായുള്ള ദൃഢബന്ധം, പാവങ്ങളോടുള്ള അനുകമ്പ, പ്രവര്‍ത്തനങ്ങളില്‍ സുതാര്യത- ഈ മൂന്ന് അടിസ്ഥാനങ്ങളില്‍ ഊന്നുന്ന ഒരു പ്രവര്‍ത്തനവും പരാജയപ്പെടില്ല. ചാരിറ്റി പ്രവര്‍ത്തനത്തിന് രണ്ട് വശങ്ങളുണ്ട്. മാനവിക വശം, പ്രബോധന വശം. ഇസ്‌ലാമിന്റെ തനിമയാര്‍ന്ന മുഖം ജനമധ്യത്തില്‍ ചാരുതയോടെ പ്രദര്‍ശിപ്പിക്കാനും തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനും ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കും. 'ജനങ്ങള്‍ക്ക് വേണ്ടി എഴുന്നേല്‍പിക്കപ്പെട്ട ഉത്തമസമൂഹം' എന്ന തലത്തിലേക്കുയരാന്‍ സാധിക്കേണ്ടതുണ്ട്.

മീഡിയാ രംഗത്ത് പ്രവര്‍ത്തിക്കാന്‍ ഹൈഅക്ക് ഉദ്ദേശ്യമുണ്ടോ?

ഇക്കാലത്ത് വാര്‍ത്താ മാധ്യമങ്ങള്‍ക്കാണ് ജനാഭിപ്രായ രൂപവല്‍ക്കരണത്തില്‍ വലിയ പങ്ക് വഹിക്കാനുള്ളത്. ഹൈഅയുടെ ജനറല്‍ കൗണ്‍സില്‍ ഒരു ചാനല്‍ തുടങ്ങുന്നത് സംബന്ധിച്ച നിര്‍ദേശം പരിഗണിച്ചിരുന്നു.  ഇതിനാവശ്യമായ തുക സംഭാവന ചെയ്യാന്‍ അബ്ദുല്ല അലി അല്‍ മത്വവ്വ (അബൂബദ്ര്‍) സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, അതിപ്പോഴും സാധ്യതാ പഠനഘട്ടം പിന്നിട്ടിട്ടില്ല.
കുവൈത്തിനെ പോലെ ഖത്തറും അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയത്. ഖത്തറിലെ ഖറദാവിയുടെ സാന്നിധ്യം ഹൈഅക്ക് ഉപകരിച്ചു. ബൃഹദ് പദ്ധതികളെ സംബന്ധിച്ച സ്വപ്നങ്ങളുമായാണ് ഹൈഅ രംഗത്തിറങ്ങിയത്. ഒരു ബില്യന്‍ ഡോളര്‍ സമാഹരിച്ച് വിവിധ ഇന്‍വെസ്റ്റ്മെന്റ് പ്രോജക്ടുകളില്‍ നിക്ഷേപിച്ച്, അതില്‍നിന്ന് ലഭിക്കുന്ന വരുമാനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനരംഗങ്ങളില്‍ വിനിയോഗിക്കുക- ഇതാണ് ഉദ്ദേശ്യം. ഫണ്ട് സമാഹരണത്തിനും ഫലപ്രദമായ വിനിയോഗത്തിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദഗ്ധരുടെയും സാമ്പത്തിക ചിന്തകന്മാരുടെയും സേവനം ഞങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. കുവൈത്തിലെ അമീറായിരുന്ന ശൈഖ് ജാബിറുല്‍ അഹ്മദും ഇപ്പോഴത്തെ അമീര്‍ ശൈഖ് സബാഹുല്‍ അഹ്മദും നിര്‍ലോഭമായ സഹായവും പിന്തുണയുമാണ് നല്‍കിയിരുന്നത്. ഔദ്യോഗിക രേഖകളില്‍ ഹൈഅ: സ്ഥാപകന്‍ കുവൈത്ത് അമീര്‍ ശൈഖ് ജാബിറാണ്.

താങ്കളുടെ കുടുബം, വിദ്യാഭ്യാസം?

ഹിജ്ജി കുടുംബം സുഊദിയില്‍നിന്ന് കുവൈത്തില്‍ അധിവാസം ഉറപ്പിച്ചവരാണ്. പിതാവ് കുവൈത്ത് സൂഖില്‍ വ്യാപാരിയായിരുന്നു. കുവൈത്തിലെ വിദ്യാലയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. ശൈഖ് അബ്ദുല്ലാ അല്‍നൂരി, അബ്ദുര്‍റഹ് മാനു റുവൈഹ് എന്നിവരാണ് 'മുല്ലാ ഉസ്മാന്‍ സ്‌കൂളി'ല്‍ ഇംഗ്ലീഷ് പഠിപ്പിച്ചത്- 'ഉസ്താദ് ഹാശിമുല്‍ ബദ്ര്‍ സ്‌കൂളി'ലും ഇംഗ്ലീഷ് മുഖ്യഭാഷയായെടുത്ത് പഠിച്ചു. വിഖ്യാതരായ പണ്ഡിതന്മാരുടെ സദസ്സുകളില്‍ പിതാവ് കൂട്ടിക്കൊണ്ടുപോകുന്നത് ഇസ്‌ലാമിക വിദ്യാഭ്യാസം നേടാന്‍ സഹായകമായി. ഏഴ് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണെനിക്ക്. മൂത്തമകന്‍ ഗ്രന്ഥകര്‍ത്താവായ ഡോ. യഅ്ഖൂബ് യൂസുഫുല്‍ ഹിജ്ജി. ഏറ്റവും ഇളയവന്‍ അഹ്മദ് നിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. മറ്റുള്ളവര്‍ കുവൈത്തിലും വിദേശത്തുമുള്ള സര്‍വകലാശാലകളില്‍നിന്ന് ബിരുദമെടുത്തവരാണ്.
'അമലുല്‍ ഖൈരി' (ചാരിറ്റി-ജീവകാരുണ്യ പ്രവര്‍ത്തനം) യാണ് ചെറുപ്പം മുതല്‍ക്കേ എന്റെ ജീവിത ദൗത്യമായി ഞാന്‍ കണ്ടത്. ഇന്ന് ഇപ്പോള്‍ ഹൈഅ: അല്‍ ഖൈരിയ്യ വളര്‍ന്നു വലുതായി. സന്തോഷവും അഭിമാനവുമുണ്ട്. ഹൈഅക്ക് യു.എന്നില്‍ അംഗത്വമുണ്ട്. യുനെസ്‌കോ, ഇഡിസ്‌കോ, ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്നീ അന്താരാഷ്ട്ര വേദികളുമായി സഹകരിച്ച് നിരവധി പദ്ധതികള്‍ പൂര്‍ത്തിയാക്കി. ലോകമെങ്ങുമായി 6000 ചാരിറ്റി പ്രോജക്ടുകള്‍, (ആശുപത്രികള്‍, ക്ലിനിക്കുകള്‍, അനാഥാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെ) നടപ്പാക്കി. 200-ല്‍ ഏറെ ഉദ്യോഗസ്ഥര്‍ ഹൈഅയില്‍ പ്രവര്‍ത്തിക്കുന്നു.

****
ഹൈഅയില്‍ ഏറ്റവും ആദ്യം എത്തുന്ന വ്യക്തി യൂസുഫുല്‍ ഹിജ്ജി. ഏറ്റവും ഒടുവില്‍ പോകുന്നതും അദ്ദേഹം തന്നെ. ഏഴ് പതിറ്റാണ്ട് നീണ്ട നിശ്ശബ്ദ സേവനങ്ങള്‍ക്കൊടുവില്‍ ഹൈഅ:യുടെ പടിയിറങ്ങുമ്പോള്‍ ആ മുഖത്ത് ചാരിതാര്‍ഥ്യത്തിന്റെ കാന്തി നിറഞ്ഞിരുന്നു. 'ഇമാമുല്‍ അമലില്‍ ഖൈരി' എന്ന് കുവൈത്ത് അമീര്‍ യൂസുഫുല്‍ ഹിജ്ജിയെ വിശേഷിപ്പിച്ചത് വെറുതെയല്ല. ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യാ അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബുമായി അടുത്ത ബന്ധമായിരുന്നു. പല വിദേശ വേദികളിലും യൂസുഫ് സാഹിബിനെ യൂസുഫുല്‍ ഹിജ്ജി തന്റെ പ്രതിനിധിയായി അയച്ചിട്ടുണ്ട്. കേരളത്തിലെ ഇസ്‌ലാമിക പ്രബോധന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോട് അങ്ങേയറ്റം മതിപ്പു പുലര്‍ത്തിയ അദ്ദേഹത്തില്‍നിന്ന് കേരളത്തില്‍നിന്ന് ആഗതരാകുന്ന അതിഥികള്‍ക്ക് പ്രത്യേക പരിഗണനയും സ്നേഹവും ലഭിച്ചിരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (24-27)
ടി.കെ ഉബൈദ്‌