Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 17

3148

1441 ശഅ്ബാന്‍ 23

ഈ ഉദാഹരിക്കല്‍ അനുയോജ്യമോ?

നിദ ലുലു കെ.ജി, കാരകുന്ന്

ഏപ്രില്‍ 03, ലക്കം 44 പ്രബോധനത്തില്‍ സ്വാലിഹ് നിസാമി പുതുപൊന്നാനി എഴുതിയ 'അടച്ചിട്ട വാതില്‍' എന്ന ലേഖനത്തില്‍ പരാമര്‍ശിച്ച ഉദാഹരണം പുനര്‍ വിചിന്തനം ചെയ്യേണ്ടതായി തോന്നി. 'രോഗപ്രതിരോധ ജാഗ്രതയില്‍ അതിശയകരമായ മാതൃക സുല്‍ത്താന്‍ അബുല്‍ അബ്ബാസ് അല്‍ മന്‍സൂറിന്റെ (1578-1603) നടപടിയില്‍ കാണാം. സൂസിലും മറാക്കിശിലും പ്ലേഗ് വ്യാപിച്ച സമയത്ത്, തന്റെ ഖലീഫയായി മറാക്കിശ് ഭരിച്ചിരുന്ന സ്വപുത്രന്‍ അബൂഫാരിസിന്, സുല്‍ത്താന്‍ എഴുതിയ കത്തില്‍ ഇങ്ങനെ വായിക്കാം: ''നിങ്ങള്‍ പൊടുന്നനെ ചെയ്യേണ്ട കാര്യം ആദ്യം പറയാം: നാട്ടില്‍ പ്ലേഗിന്റെ എന്തെങ്കിലും സൂചന കാണാനിടയായാല്‍, അത് ഒരാളിലാണെങ്കില്‍ പോലും, നിങ്ങള്‍ ഉടനെ അവിടം വിടണം. നമ്മുടെ ഭൃത്യന്‍ മസ്ഊദിനെയും സൈന്യാധിപന്‍ മുഹമ്മദു ബ്‌നു മൂസയെയും വിശ്വസ്തരായ നൂറ് അമ്പെയ്ത്തുകാരെയും പോര്‍ട്ടിക്കോ സംരക്ഷണ ചാര്‍ജുള്ള പോലീസുകാരെയും കൊട്ടാരത്തില്‍ നിര്‍ത്തി, അല്ലാഹുവില്‍ തവക്കുലാക്കി സുരക്ഷിതത്വം തേടി നിങ്ങള്‍ നഗരം വിടുക. ശേഷം മണല്‍പ്പരപ്പില്‍ ചുറ്റിത്തിരിയാതെ സമാധാനത്തോടെ ഇവിടേക്ക് എത്തിപ്പെടുക. ഇന്‍ശാ അല്ലാഹ്, നമുക്ക് ഇവിടെ വെച്ച് കണ്ടുമുട്ടാം. പ്രതിരോധ ഔഷധം ഉപയോഗിക്കാന്‍ അശ്രദ്ധ കാണിക്കരുത്. അത് വിടാതെ പതിവാക്കണം. ശരീരത്തില്‍ ചൂട് അനുഭവപ്പെടുകയോ പനിക്കുമെന്ന് ഭയപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഔഷധം നിര്‍ദിഷ്ട മാത്രയില്‍ കഴിച്ചു കൊണ്ടിരിക്കണം. അശ്രദ്ധ പാടില്ല. നിന്റെ മകന്‍ ചെറുപ്പമാണ്. പ്രതിരോധ ഔഷധം പ്രയോഗിക്കാന്‍ ഈ അവസ്ഥയില്‍ പാടില്ല. അതിനാല്‍ രോഗപ്രതിരോധത്തിന് ഫലപ്രദമായ പാനീയങ്ങള്‍ അവനെ കുടിപ്പിക്കണം. മറ്റു ചെറിയ മക്കള്‍ക്കും വയറ്റില്‍ ചൂടു കുറഞ്ഞതായി കണ്ടാല്‍ അവര്‍ക്ക് ഒന്നോ രണ്ടോ തവണ ഔഷധം നല്‍കാം. പിന്നെ, മുഹമ്മദിയ്യയിലെ (സ്ഥലനാമം) ഹംവുബ്‌നു മുഹമ്മദ് നാടുവിടാന്‍ നിന്നോട് അനുവാദം തേടിയാല്‍, അന്നാട്ടില്‍ രോഗസ്ഥിതി ഗുരുതരമായിട്ടുണ്ടെങ്കില്‍ അനുവാദം നല്‍കരുത്.  കൊട്ടാരത്തില്‍ സ്‌പെയിന്‍കാരായ സൈന്യത്തെയും അവരുടെ ക്യാപ്റ്റനെയും നിര്‍ത്തി, അദ്ദേഹം നാട്ടുകാരെ കൂട്ടി വിജനമായ പ്രദേശത്തേക്ക് നീങ്ങട്ടെ. സൂസിലെ ഔദ്യോഗിക കേന്ദ്രമോ നിന്റെ അമ്മാവന്മാരുടെ മക്കളോ മറ്റുള്ളവരോ നിനക്ക് അയക്കുന്ന സാധാരണ കത്തോ കുറിപ്പോ ചീട്ടോ വാങ്ങി വായിക്കുകയോ അവ വസതിയില്‍ കടത്തുകയോ ചെയ്യരുത്. എഴുത്തുകുത്തുകള്‍ കൈകാര്യം ചെയ്യാനും അവ വായിച്ചു ഉള്ളടക്കം നിന്നെ കേള്‍പ്പിക്കാനും ചുമതലപ്പെടുത്തിയ ക്ലാര്‍ക്കിനെ അവ ഏല്‍പ്പിക്കട്ടെ. നിന്റെ സദസ്സില്‍ കടന്നുവരികയും നീ ഇരിക്കുന്നേടത്തേക്ക് വരികയും ചെയ്യേണ്ട ആവശ്യം ഉള്ളപ്പോള്‍ സഖീഫ് നിര്‍മിത 'വിനാഗിരി'യില്‍ മുക്കി ഉണങ്ങിയ ശേഷം മാത്രമേ കത്തു തുറന്നു വായിക്കാവൂ. സൂസില്‍നിന്നും വന്നിട്ടുള്ളതല്ലെങ്കില്‍ പോലും രഹസ്യസ്വഭാവമുള്ള കത്തുകള്‍ അല്ലെങ്കില്‍ ക്ലാര്‍ക്ക് തന്നെ അത് വായിച്ചു കേള്‍പ്പിക്കട്ടെ (പ്ലേഗ് ബാധിച്ചാണ് സുല്‍ത്താന്‍ മരണപ്പെട്ടത്).''
ഉത്തരവാദിത്തമുള്ള ഒരു ഇസ്ലാമിക ഭരണാധികാരി തന്റെ അധീനതയിലുള്ള പ്രദേശത്ത് രോഗം ബാധിക്കുമോ എന്ന് ഭയപ്പെടുമ്പോള്‍ സ്വപുത്രന്റെയും കുടുംബത്തിന്റെയും സുരക്ഷിതത്വത്തില്‍ ജാഗരൂകരാകുന്നത് 'അതിശയകരമായ മാതൃക' എന്ന നിലക്ക് ലേഖകന്‍ ഉദ്ധരിക്കുന്നത് ഈ ലേഖനത്തിന്റെ സത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണ്, പ്രത്യേകിച്ചും അയാള്‍ ആ പ്രദേശത്ത് ഖലീഫയായി ചുമതലയിലുള്ളപ്പോള്‍. മുസ്ലിം   ഭരണാധികാരികളുടെയും പണ്ഡിതന്മാരുടെയും രോഗപ്രതിരോധ ഇസ്ലാമിക മാതൃകകള്‍ അവതരിപ്പിക്കുന്നിടത്ത് ഇത്തരം അനുകരണീയമല്ലാത്തവ കൂടി ചേര്‍ത്തുവെക്കുന്നത് തെറ്റിദ്ധാരണാജനകമാണ്.
എല്ലാവരെയും സംരക്ഷിക്കുന്ന നിലപാടാണ് ഭരണാധികാരി സ്വീകരിക്കേണ്ടത്. സ്വപുത്രനെപ്പോലെ, അവന്റെ ചെറുമകനെപ്പോലെയുള്ള ആയിരക്കണക്കിന് പ്രജകളായിരിക്കണം തന്റെ മുന്നിലുണ്ടാവേണ്ടത്.കീഴിലുള്ള ഉദ്യോഗസ്ഥരെല്ലാം രോഗം ബാധിച്ചേക്കാവുന്ന മനുഷ്യര്‍ തന്നെയാണെന്നും അവരുടെ ജീവനും ആരോഗ്യത്തിനും മൂല്യമുണ്ടെന്നും മനസ്സിലാക്കണം. പൊടുന്നനെ ചെയ്യേണ്ട നിര്‍ദേശങ്ങളില്‍ അതാണ് ഉള്‍പ്പെടുത്തേണ്ടത് എന്നത് തന്റെ ഭരണപരമായ ബാധ്യതയാണ്. മുഹമ്മദിയ്യയിലെ ഹംവുബ്‌നു മുഹമ്മദ് നാടു വിടാന്‍ അനുവാദം ചോദിച്ചാല്‍ അനുവാദം നല്‍കരുതെന്നും വിജനമായ പ്രദേശത്തേക്ക് തന്റെ ജനങ്ങളെയും കൂട്ടി മാറാന്‍ നിര്‍ദേശിക്കണമെന്നും പറയുന്നത് ഇവിടെ കൂട്ടി വായിക്കണം. കത്തുകള്‍ ക്ലാര്‍ക്ക് തന്നെ വായിക്കട്ടെ, ഇനി രഹസ്യ പ്രാധാന്യമുള്ളതും ഒഴിച്ചുകൂടാന്‍ പറ്റാത്തതുമാണെങ്കില്‍ വിനാഗിരിയില്‍ മുക്കി ഉണങ്ങിയ ശേഷം മാത്രം ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ എത്ര വിരോധാഭാസമാണ്!
നബി(സ)ക്കും ഖുലഫാഉര്‍റാശിദീന്നും ശേഷം ഇസ്ലാമിക ഭരണക്രമത്തില്‍ വന്ന രാജാധിപത്യ പ്രവണതകള്‍ ആ അര്‍ഥത്തില്‍ തന്നെ നിരീക്ഷിക്കപ്പെടണം.
പ്ലേഗ് ബാധിച്ചാണ് സുല്‍ത്താന്‍ മരണമടയുന്നത്. ഒരുപക്ഷേ,  തന്റെ ഉത്തരവാദിത്തനിര്‍വഹണത്തില്‍ വന്ന വീഴ്ചക്ക് താന്‍ ഏറെ ഭയപ്പെട്ട രോഗം കൊണ്ട് നാഥന്‍ പരീക്ഷിച്ചതാവാം എന്ന  പാഠമുള്‍ക്കൊള്ളാവുന്നതു കൂടിയാണ് യഥാര്‍ഥത്തില്‍ ഈ ഉദാഹരണം. 

 

അല്ലാഹുവിലേക്ക് തിരിയേണ്ട നേരം

'ഹൃദയങ്ങള്‍ ദൈവസ്മരണയിലേക്ക് വിധേയപ്പെടാന്‍ സത്യവിശ്വാസികള്‍ക്ക് ഇനിയും സമയമായില്ലേ?' വിശ്വാസികളെ തൊട്ടുണര്‍ത്തുന്ന വല്ലാത്തൊരു വചനമാണിത്. മഹാപ്രഭാവനും കരുണാമയനുമായ യജമാനന്റെ ഭാഗത്തു നിന്നുള്ള, ഉള്ളില്‍ തട്ടുന്ന ഒരു കുറ്റപ്പെടുത്തലാണിത്.  ഈ കുറ്റപ്പെടുത്തലില്‍ സ്‌നേഹമുണ്ട്, പ്രേരണയുണ്ട്, പ്രോത്സാഹനമുണ്ട്. അല്ലാഹുവിന്റെ മഹത്വം മനസ്സിലാക്കാനും അവനെയോര്‍ത്ത് ഭക്തിയുള്ളവരാകാനും തദനുസൃതമായി സത്യത്തിന് വഴിപ്പെടാനുമുള്ള പ്രചോദനമുണ്ട്. ചെറിയ  ഭീഷണിയുടെ നനുത്ത ഗന്ധവുമുണ്ട്!
കരണംമറിഞ്ഞ് അതിവേഗം മറന്നുപോകുന്ന പ്രകൃതമുണ്ട് മനുഷ്യമനസ്സിന്. പ്രകാശമേറ്റാല്‍ അത് വളരെ വേഗം സ്വഛത തിരിച്ചുപിടിക്കും. അതേസമയം, ഉദ്‌ബോധനവും ഓര്‍മപ്പെടുത്തലും നടക്കാതെ കാലം നീണ്ടു പോയാല്‍ അത് കടുത്തു പോവുകയും ഇരുളടയുകയും ചെയ്യും. അതുകൊണ്ട്, അടിക്കടി അതിനെ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരിക്കണം. തുടര്‍ച്ചയായി അതിന്റെ വാതിലുകള്‍ മുട്ടിക്കൊണ്ടിരിക്കണം. സദാ കുലുക്കി ഉണര്‍ത്തിക്കൊണ്ടിരിക്കണം...! എങ്കില്‍ കടുത്തുപോയ ഒരു ഹൃദയത്തെപ്രതി നിരാശപ്പെടേണ്ടി വരില്ല. ജീവന്റെ തുടിപ്പ് ഇനിയും അതില്‍ സൃഷ്ടിക്കാന്‍ കഴിയും, വെളിച്ചം പ്രസരിപ്പിച്ച് ഇനിയും അതിനെ പ്രകാശിപ്പിക്കാന്‍ കഴിയും, അതില്‍ ദൈവസ്മരണയും ഭക്തിയുമുണര്‍ത്താന്‍ കഴിയും. നിര്‍ജീവമായ ഭൂമിയെ അല്ലാഹു ജീവിപ്പിക്കുന്നതും, അങ്ങനെ അതില്‍ ചെടികളും പൂക്കളും പലതരം ഫലവര്‍ഗങ്ങളുമുണ്ടാകുന്നതും നാം കാണുന്നില്ലേ, അതുപോലെ! ഈ ഖുര്‍ആന്‍ അതിനുള്ളതാണ്. അതിനാല്‍ മനുഷ്യമനസ്സ് ഖുര്‍ആനുമായി സംവദിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്.

സല്‍മാനുല്‍ ഫാരിസി, അല്‍ ജാമിഅ, ശാന്തപുരം

 


പോലീസ് സംയമനം പാലിക്കണം

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പേടിക്കുന്ന വിഭാഗമാണ് പോലീസ്. കുട്ടികളെ അനുസരിപ്പിക്കാന്‍, 'പോലീസ് വരും' എന്നു പറഞ്ഞ് പേടിപ്പെടുത്തുന്നവരുണ്ട്.  പോലീസിനെന്താ കൊമ്പുണ്ടോ എന്ന ചോദ്യം മുമ്പേ ഉയര്‍ത്തപ്പെടുന്നതാണ്. സമകാലിക കേരളാനുഭവങ്ങള്‍, പോലീസിന്  കൊമ്പുണ്ട് എന്നാണ് പറയുന്നത്.
ലോകവും രാജ്യവുമൊക്കെ കോവിഡ് സുരക്ഷക്കായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ വേളയില്‍ ജനം കൂട്ടംകൂടുന്നതിനെ ഒരു നിലക്കും ന്യായീകരിക്കാനാവില്ല. ഭരണാധികാരികള്‍ ചിലത് പറയുന്നത് രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ്. അത് ഉറപ്പുവരുത്തുന്നതാകട്ടെ പോലീസ് സേനയെ ഉപയോഗിച്ചും. ഔദ്യോഗിക ഉത്തരവ് മാനിക്കാത്തവരെ മര്‍ദനമുറ കൊണ്ട് അംഗീകരിപ്പിക്കേണ്ടി വരും. ഈ സന്ദര്‍ഭത്തില്‍ രാജ്യത്തിനു വേണ്ടി വിയര്‍ക്കുന്ന പോലീസുകാരെ അഭിനന്ദിക്കുന്നു. അതേസമയം, കാക്കിക്കകത്തെ ക്രിമിനല്‍ പ്രവണതകള്‍ പുറത്തെടുക്കാനുള്ള അവസരമായും കോവിഡ് പശ്ചാത്തലം ചിലപ്പോഴെങ്കിലും മാറുന്നുണ്ട്. മഹാമാരിയെ നേരിടുമ്പോള്‍ അന്നം മുട്ടാന്‍ പാടില്ല. അത് പേര്‍ത്തും പേര്‍ത്തും മുഖ്യമന്ത്രി പറഞ്ഞതുമാണ്. മൗലികാവകാശങ്ങള്‍ ഹനിച്ചുകൊണ്ടുള്ള  അടിച്ചമര്‍ത്തല്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല. 
പൗരന്മാരുടെ സുരക്ഷക്കു വേണ്ടി പണിയെടുക്കുന്നവരാണ് പോലീസുകാര്‍. പൗരന്മാരെ പഞ്ഞിക്കിടാനുള്ള ചുമതല ഏല്‍പിക്കപ്പെട്ടവരല്ല. കാസര്‍കോട് ജില്ലയില്‍ സാധനം വാങ്ങാന്‍ വന്നവരെ തടഞ്ഞതും കൊണ്ടോട്ടി നഗരസഭാ സംഘത്തെ കാര്യമറിയാതെ അടിച്ചതും   കേരളം കണ്ടതാണ്. ന്യായം നോക്കി നടപടിയെടുക്കാനാണ് പോലീസ്. ജനങ്ങളുടെയും രാഷ്ട്രീയ - സാമൂഹിക സംഘടനകളുടെയും സഹകരണം വലിയ തോതില്‍ ലഭിക്കുന്ന സര്‍ക്കാര്‍ ഈ സാഹചര്യത്തെ കരുതലോടെ വേണം കാണാന്‍. അന്യായമായ ഒരു അടിയും ആരുടെയും ശരീരത്തില്‍ വീഴരുത്. അതേസമയം, വീട്ടിലെ ബോറടി മാറ്റാന്‍ അങ്ങാടിയിലേക്ക് തള്ളിക്കയറുന്ന സംഘങ്ങളെ നിലക്കു നിര്‍ത്താനുമാകണം.

അബ്ദുര്‍റസാഖ് പുലാപ്പറ്റ
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (24-27)
ടി.കെ ഉബൈദ്‌