Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 10

3147

1441 ശഅ്ബാന്‍ 16

കോവിഡിനുമുണ്ട്  ഗുണഫലങ്ങള്‍

എ.ആര്‍

2020 ഏപ്രില്‍ ഒന്ന് രാവിലെ 10.30-ന് ഈ വരികള്‍ കുറിക്കുമ്പോള്‍ ആഗോളവ്യാപകമായി കോവിഡ്, അഥവാ കൊറോണാ വൈറസ് ബാധിച്ചവരുടെ എണ്ണം 8,56,000. മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏകദേശം നാല്‍പതിനായിരം. അമേരിക്ക, ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ ക്രമത്തിലാണ് മരണക്കണക്കും രോഗബാധിതരുടെ എണ്ണവും. തുടക്കം കുറിച്ച ചൈന പുറത്തുവിട്ട കണക്കുകള്‍ കൃത്യമല്ലെന്നും യഥാര്‍ഥത്തില്‍ മരണസംഖ്യ 42000-ത്തില്‍ അധികം വരും എന്നുമുണ്ടൊരു വാര്‍ത്ത. തീര്‍ത്തും വാസ്തവികമായ കണക്കുകള്‍ ഇവ്വിഷയകമായി പുറത്തുവരിക പല കാരണങ്ങളാല്‍ പ്രയാസകരമാണ്. ഒരുവേള കേരളത്തിലെ വിവരങ്ങള്‍ മാത്രമാവും ഒട്ടൊക്കെ വസ്തുനിഷ്ഠമാവാന്‍ സാധ്യതയുള്ളത്. അഭൂതപൂര്‍വമായ ഈ മഹാമാരി ഏതാണ്ടെപ്പോള്‍ നിയന്ത്രിതമാവും എന്നതിനെക്കുറിച്ചുമില്ല ആര്‍ക്കും ഒരു നിശ്ചയവും. അഞ്ചാറ് മാസം എന്ന് കണക്കു കൂട്ടുന്നവരുണ്ട്. അപ്പോഴേക്ക് ലോകം താങ്ങാനാവാത്ത വില കോവിഡിന് നല്‍കിക്കഴിഞ്ഞിരിക്കും. സമ്പദ് വ്യവസ്ഥയുടെയും, നഷ്ടമായ തൊഴിലവസരങ്ങളുടെയും ഉല്‍പാദനത്തിന്റെയും വീണ്ടെടുപ്പ് കടുത്ത തലവേദനയായി ദീര്‍ഘകാലം തുടരാനാണിട. അത് തന്നെയും മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ക്ക് വിടനല്‍കാന്‍ ലോകം തയാറാണെങ്കില്‍. ഈ മഹാവിപത്തിനെ നേരിടുന്നിടത്തു പോലും സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ പ്രകടമാവുമ്പോള്‍ ഭരണാധികാരികള്‍ക്ക് സദ്ബുദ്ധി ഉദിക്കുമെന്ന പ്രതീക്ഷ എത്രത്തോളം പ്രസക്തമാണ്?
ഏതു തിന്മയിലും ചില നന്മകള്‍ കാണാനാവുമെന്ന വിശ്വാസത്തിന് അടിവരയിടുന്നതാണ് കോവിഡ് വ്യാപനത്തിന്റെ അനന്തര ഫലങ്ങള്‍. കോവിഡിന്റെ സദ്ഫലങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം: 
ഒന്ന്, ഫാക്ടറികള്‍ മുഴുക്കെ പൂട്ടുകയും വാഹന ഗതാഗതം സ്തംഭിക്കുകയും ചെയ്തതിനാല്‍ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞിരിക്കുന്നു.
രണ്ട്, പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത സാഹചര്യവും ലഹരിക്കച്ചവടം ഗണ്യമായി കുറഞ്ഞതും മൂലം കുറ്റകൃത്യങ്ങളുടെ എണ്ണം വലുതായി ചുരുങ്ങിയിട്ടുണ്ട്. കേരളത്തിലെ 455 പോലീസ് സ്റ്റേഷനുകളില്‍ വളരെ കുറച്ച് മാത്രമേ മോഷണം, ലഹരി വസ്തുക്കളുടെ വ്യാപാരം, പിടിച്ചുപറി, കള്ളക്കടത്ത്, ബലാത്സംഗം, പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. 19 പോലീസ് ജില്ലകളുള്ളതില്‍ പലതിലും ഒരു മോഷണക്കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മൂന്ന്, കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കാണാത്തവര്‍ക്ക് അതിനുള്ള അവസരം യഥേഷ്ടം കൈവന്നിരിക്കുന്നു. മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരോടൊപ്പവും ഭാര്യാസന്തതികള്‍ക്കൊപ്പവും കുറേ നാള്‍ കഴിയാന്‍ ലഭിച്ച അവസരം സന്തുഷ്ടമായ കുടുംബജീവിതത്തിനും സ്നേഹബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിനും സഹായകമാവും. വെറുപ്പും അതൃപ്തിയും അകല്‍ച്ചയും താനേ ഇല്ലാതാവും.
നാല്, മദ്യാസക്തര്‍ക്ക് തങ്ങളകപ്പെട്ട ഊരാക്കുടുക്കില്‍നിന്ന് രക്ഷനേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള മികച്ച സന്ദര്‍ഭമാണ് ഒത്തുവന്നിരിക്കുന്നത്. തുടക്കത്തില്‍ അല്‍പം പ്രയാസകരമായി തോന്നിയാലും ഏതാനും നാളുകള്‍ സ്വന്തത്തോടുള്ള പോരാട്ടം തുടരാന്‍ കഴിഞ്ഞാല്‍ ലഹരിയുടെ സ്വാധീനത്തില്‍നിന്ന് മോചനം നേടാം. പകരം സ്വഗൃഹങ്ങളില്‍ വ്യാജവാറ്റിനാണ് ഉദ്യുക്തരാവുന്നതെങ്കില്‍ മദ്യഷാപ്പുകള്‍ അടച്ചുപൂട്ടുന്നതിന് എതിരുനില്‍ക്കുന്നവര്‍ക്കാണ് അത് ആയുധമാവുക. ഇഛാശക്തിയാണ് പ്രധാനം. ലഹരിയുടെ അടിമകള്‍ക്ക് ഡോക്ടറുടെ കുറിപ്പടി ഹാജരാക്കിയാല്‍ പ്രതിവാരം 3 ലിറ്റര്‍ മദ്യം എത്തിച്ചുനല്‍കാനുള്ള കേരള സര്‍ക്കാറിന്റെ ബുദ്ധിശൂന്യമായ തീരുമാനം വിപരീത ഫലമേ ഉളവാക്കൂ.
അഞ്ച്, നിരവധി വിവാഹങ്ങളും അനുബന്ധ ചടങ്ങുകളും മാറ്റിവെക്കുകയോ നിയമം അനുവദിക്കുന്ന പരിധികളില്‍ ഒതുക്കുകയോ ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. അതുപ്രകാരം ചടങ്ങുകള്‍ പരമാവധി ലളിതവും അനാര്‍ഭാടകരവുമാക്കിയവര്‍, ധൂര്‍ത്തും ദുര്‍വ്യയവും ഉപേക്ഷിക്കേണ്ടി വരുന്നത് നിര്‍ബന്ധിതാവസ്ഥയായിട്ടല്ല, അല്ലാഹുവും പ്രവാചകനും കല്‍പിച്ച ഉത്കൃഷ്ട കാര്യത്തിനുള്ള സുവര്‍ണാവസരമായാണ് കാണേണ്ടത്. മൊത്തത്തില്‍ തന്നെ സാമ്പത്തികമായ അച്ചടക്കം ശീലിക്കാനും കുടുംബ ബജറ്റ് മിതവ്യയത്തിലൊതുക്കാനുമുള്ള അസുലഭാവസരമാണ് കോവിഡ് ഒരുക്കിത്തന്നിരിക്കുന്നത്.
ആറ്, കേരളത്തെ തീര്‍ത്തും വലച്ചുകളഞ്ഞ രണ്ട് പ്രളയങ്ങളുടെ കാലത്തെന്നപോലെ സേവനത്തിനും പരസഹായത്തിനും ത്യാഗത്തിനുമുള്ള അസുലഭാവസരങ്ങളാണ് കോവിഡ് സമ്മാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സന്നദ്ധസേനയില്‍ ചേര്‍ന്നിട്ടായാലും അല്ലെങ്കിലും ചോരയും നീരുമുള്ള യുവാക്കള്‍ സ്വയം സേവനസന്നദ്ധരായി രംഗത്തിറങ്ങിയാല്‍ അവരുടെ തന്നെ ശുഭകരമായ ഭാവിക്കത് വഴിതെളിക്കും. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ക്ക് പാത്രീഭൂതരാവുകയും ചെയ്യും. കോവിഡ് ബാധിതരുടെ മയ്യിത്തുകള്‍ ഏറ്റുവാങ്ങി യഥാവിധി സംസ്‌കരിക്കാന്‍ മുന്നോട്ടുവന്ന ഐ.ആര്‍.ഡബ്ല്യുവിന്റെ സേവനം എടുത്തുപറയേണ്ടതാണ്.
ഏഴ്, ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും അമ്പരപ്പിക്കുന്ന സിദ്ധികളില്‍ അഭിമാനം കൊള്ളുന്നവരും വികസനത്തിന്റെ പാരമ്യതയിലെത്തി എന്ന് അഭിമാനിക്കുന്നവരും വെറുമൊരു വൈറസിന്റെ മുമ്പില്‍ തലകുത്തി വീഴുന്ന കാഴ്ച മനുഷ്യന്റെ അഹന്തക്കും തന്‍പ്രമാണിത്തത്തിനും ഏല്‍പിച്ചുകഴിഞ്ഞ കനത്ത ആഘാതം ഉദാഹരണമില്ലാത്തതാണ്. ലോകം അടക്കിവാഴുന്ന അജയ്യ ശക്തിയായി നിഗളിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയാണ് നിസ്സഹായതയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്നത്. വിവരവും വിവേകവുമുള്ളവര്‍ക്ക് പാഠം പഠിക്കാന്‍ ഇതില്‍പരം എന്തു വേണം?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (23)
ടി.കെ ഉബൈദ്‌

ഹദീസ്‌

ചെയ്യാതെ പോയ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്