Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 10

3147

1441 ശഅ്ബാന്‍ 16

നീതിയറ്റ നഗരത്തില്‍ നിറമഴ പെയ്യുമോ?

അബൂ സാജിദ്

'നീതിയറ്റ നഗരത്തില്‍ നിറമഴ പെയ്യുമോ' എന്നത് മലയാളത്തിലെ ഒരു പഴഞ്ചൊല്ലാണ്. ഇല്ല എന്നു തന്നെയാണ് ഉത്തരം. നീതിയില്ലാത്ത നാട്ടില്‍ ദൈവത്തിന്റെ അനുഗ്രഹം പെയ്തിറങ്ങില്ല. ഭരണാധികാരിയെന്നോ ഭരണീയനെന്നോ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ വ്യത്യാസമില്ലാതെ നിഷ്‌കൃഷ്ടമായ വിധത്തില്‍ നീതി നടപ്പിലാക്കുന്ന രാജ്യത്തിനേ അതിജീവനത്തിന് അര്‍ഹതയുള്ളൂ. എത്യോപ്യയില്‍നിന്ന് ആദ്യത്തെ അഭയാര്‍ഥി സംഘം തിരിച്ചെത്തിയപ്പോള്‍ ഉണ്ടായ സംഭവം ജാബിര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഹബ്ശയില്‍നിന്നുള്ള മുഹാജിറുകള്‍ തിരിച്ചെത്തിയപ്പോള്‍ നബി (സ) അവരോട്: 'ഹബ്ശ രാജ്യത്ത് നിങ്ങളെ ഏറെ അതിശയിപ്പിച്ച കാര്യം എന്തെന്ന് പറയൂ, കൂട്ടരേ'. യുവാക്കള്‍ തങ്ങള്‍ നേരില്‍ കണ്ട ഒരു സംഭവം നബി (സ)ക്ക് വിശദീകരിച്ചുകൊടുത്തു: 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ കവലയില്‍ ഒരിടത്തിരിക്കുമ്പോള്‍ തലയില്‍ വെള്ളപ്പാത്രവും ചുമന്ന് ഒരു വൃദ്ധ കടന്നുപോകുന്നു. എതിരെ വന്ന യുവാവ് അവരെ കൈയേറ്റം ചെയ്ത് വെള്ളപ്പാത്രം തലയില്‍നിന്ന് മറിച്ചിട്ടു. വീണിടത്തുനിന്ന് തട്ടിപ്പിടിച്ചെഴുന്നേറ്റ വൃദ്ധ യുവാവിനോട്: ദുഷ്ടാ, ഒരു നാള്‍ വരാനിരിക്കുന്നു. അല്ലാഹു തന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനായി ജനകോടികളെ ഒരുമിച്ചുകൂട്ടി വിചാരണ ചെയ്യുന്ന വേളയില്‍, കരചരണങ്ങളും മറ്റവയവങ്ങളും മൊഴി കൊടുക്കുന്ന സന്ദര്‍ഭത്തില്‍ നിനക്ക് മനസ്സിലാകും, എന്റെയും നിന്റെയും വിഷയത്തില്‍ തീരുമാനം എന്താകുമെന്ന്.' ഇതു കേട്ട നബി (സ) പ്രതിവചിച്ചു: 'സത്യമാണ് ആ സ്ത്രീ പറഞ്ഞത്. തീര്‍ത്തും സത്യം. ശക്തരില്‍നിന്ന് ദുര്‍ബലര്‍ക്ക് നീതി നേടിക്കൊടുക്കാത്ത ഒരു സമൂഹത്തെ എങ്ങനെയാണ് അല്ലാഹു വിശുദ്ധരാക്കുക?' (ഇബ്നുമാജ, ഇബ്നു ഹിബ്ബാന്‍, ത്വബറാനി, ബൈഹഖി).
നീതിയാണ് ഇസ്ലാമിന്റെ മുഖമുദ്ര. നീതി സംസ്ഥാപിക്കുകയും നീതിക്കു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ നിര്‍മിതിയായിരുന്നു പ്രവാചകന്റെ ജീവിത ദൗത്യം. നീതിനിര്‍വഹണത്തില്‍ നബി (സ) നിസ്തുല മാതൃക സൃഷ്ടിച്ചു. വരതെറ്റാത്ത നീതിയുടെ നേര്‍രേഖയിലൂടെ മാത്രം ചരിക്കാന്‍ അനുചരന്മാരെ അഭ്യസിപ്പിച്ചു. ഖൈബറിലെ കരംപിരിവിന്റെ ഭാഗമായി അബ്ദുല്ലാഹിബ്നു റവാഹ(റ)യെ ഈത്തപ്പന കൃഷിയുടെ കണക്കെടുക്കാന്‍ നബി (സ) നിയോഗിച്ചു. ഖൈബറിലെത്തിയ അബ്ദുല്ലാഹിബ്നു റവാഹയെ വരുമാനം കുറച്ചുകാട്ടാന്‍ കൈക്കൂലി കൊടുത്തു സ്വാധീനിക്കണമെന്ന് ഖൈബറിലെ ജൂതന്മാര്‍ പദ്ധതിയിട്ടു. തങ്ങളുടെ വീടകങ്ങളിലെ സ്വര്‍ണാഭരണങ്ങള്‍ കാണിക്കയായി സമര്‍പ്പിച്ച ജൂതന്മാരോട് രോഷത്തോടെ അബ്ദുല്ലാഹിബ്നു റവാഹ: 'സൃഷ്ടികളില്‍ എനിക്കേറ്റവും പ്രിയപ്പെട്ട വ്യക്തിയുടെ അടുത്ത് നിന്നാണ് ഞാന്‍ വരുന്നത്. നിങ്ങളോടെനിക്ക് അശേഷം അടുപ്പം തോന്നുന്നില്ല. എന്നുവെച്ച് ഞാന്‍ നിങ്ങളോടൊരിക്കലും അനീതി പ്രവര്‍ത്തിക്കില്ല.' അസന്ദിഗ്ധമായ ഈ പ്രഖ്യാപനത്തില്‍ തരിച്ചിരുന്നുപോയ അവര്‍ ഒരേ സ്വരത്തില്‍: 'ഇതാണ്, ഈ നീതിയാണ് ആകാശഭൂമികളുടെ നിലനില്‍പിനാധാരം. നിങ്ങള്‍ ഞങ്ങളെ തോല്‍പിക്കുന്നതും ഇവിടെയാണ്, ഇതിനാലാണ്.'
ഇസ്ലാം പഠിപ്പിച്ച കണിശമായ നീതിയുടെ പാഠങ്ങളാണ് നബി(സ)യും അനുചരന്മാരും പ്രാവര്‍ത്തികമാക്കിയത്.

നീതിയുടെ കാവലാള്‍

''അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനു വേണ്ടി നേര്‍മാര്‍ഗത്തില്‍ ഉറച്ചു നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാകുവിന്‍. ഒരു ജനത്തോടുള്ള വിരോധം നിങ്ങളെ നീതിയില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിന്‍. അതാണ് ദൈവ ഭക്തിയോട് ഏറ്റവും ഇണങ്ങുന്നത്'' (അല്‍മാഇദ 8).
കണിശമായ നീതിയുടെ കാവലാളായി വര്‍ത്തിച്ച നബി(സ)യുടെ ജീവിതം അനീതിക്കും അക്രമത്തിനും നീതിയുടെ നിറമാറ്റങ്ങള്‍ക്കുമെതിരിലുള്ള നിരന്തര സമരമായിരുന്നു എന്നതിന് ചരിത്രം സാക്ഷി. മുന്‍ധാരണയോ സ്വജനപക്ഷപാതിത്വമോ മൂലം നീതിയുടെ നിലപാടില്‍നിന്ന് മാറുമെന്നായപ്പോള്‍ അല്ലാഹു ഇടപെട്ടു നബി(സ)യെ തിരുത്തിയ സംഭവമാണ് സൂറത്തുന്നിസാഇലെ 105 മുതല്‍ 115 വരെ സൂക്തങ്ങളിലെ ഇതിവൃത്തം. സംഭവം ഇങ്ങനെ: ബനൂസഫര്‍ എന്ന അന്‍സ്വാരി ഗോത്രത്തിലെ തഅ്മത്തുബ്നു ഉബൈരിബ് ഒരു അന്‍സ്വാരിയുടെ പടയങ്കി മോഷ്ടിച്ചു. കാണാതായ അങ്കിയെക്കുറിച്ച് ഉടമ അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ തഅ്മത്ത് അത് ഒരു ജൂതന്റെ പക്കല്‍ സൂക്ഷിക്കാന്‍ കൊടുത്തു. അങ്കിയുടമ തിരുമേനിയുടെ മുമ്പാകെ കേസ് ബോധിപ്പിക്കുകയും തഅ്മത്തിനെ സംശയിക്കുന്നതായി അറിയിക്കുകയും ചെയ്തു. തഅ്മത്ത് സ്വകുടുംബക്കാരെ സമീപിച്ച് കുറ്റം ജൂതന്റെ പേരില്‍ ആരോപിക്കാന്‍ തീരുമാനിച്ചു. ജൂതനെ വിചാരണ ചെയ്തപ്പോള്‍ അയാള്‍ നിജ:സ്ഥിതി വെളിപ്പെടുത്തി തന്റെ നിരപരാധിത്വം ബോധിപ്പിച്ചു. എന്നാല്‍ തഅ്മത്തിന്റെ ഗോത്രം
അയാള്‍ക്കു വേണ്ടി പക്ഷം പിടിച്ച് ശക്തിയായി വാദിച്ചു: ''ഇവനോ ഒരു ജൂതന്‍. സത്യത്തെയും അല്ലാഹുവിന്റെ ദൂതനെയും നിഷേധിക്കുന്ന ഇവന്റെ വാദം ഒരിക്കലും വിശ്വസനീയമല്ല. വിശ്വാസികളായ ഞങ്ങളുടെ  വാദമാണ് അംഗീകരിക്കേണ്ടത്.'' കേസിന്റെ സാഹചര്യത്തെളിവുകള്‍ ഇവരുടെ വാദത്തിന് അനുകൂലമായിരുന്നു. അതിനാല്‍ നബി (സ) ജൂതനെതിരെ വിധി പ്രസ്താവിച്ചേക്കുമായിരുന്നു. അന്‍സ്വാരി കുടുംബത്തിന് നേരെ ആരോപണം ചുമത്തിയതിന് അന്യായക്കാരെ ശാസിക്കാനും ഇടയുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് അല്ലാഹു ഇടപെട്ട് സംഭവത്തിന്റെ യാഥാര്‍ഥ്യം തുറന്നു കാട്ടിയത്: 'പ്രവാചകരേ, നാം ഇതാ ഈ വേദം സത്യസമേതം താങ്കള്‍ക്ക് അവതരിപ്പിച്ചുതന്നിരിക്കുന്നു. അത് അല്ലാഹു കാണിച്ചുതരുന്നതു പ്രകാരം താങ്കള്‍ ജനത്തിനിടയില്‍ വിധി കല്‍പിക്കേണ്ടതിനാകുന്നു. താങ്കള്‍ വഞ്ചകന്മാര്‍ക്കു വേണ്ടി വാദിക്കുന്നവന്‍ ആവാതിരിക്കുക. അല്ലാഹുവിനോട് മാപ്പപേക്ഷിക്കുക, അവന്‍ വളരെ ദയാപരനും മാപ്പരുളുന്നവനുമാകുന്നു. ആത്മവഞ്ചകരായ ആളുകള്‍ക്കു വേണ്ടി താങ്കള്‍ വാദിക്കരുത്. കൊടുംവഞ്ചകനും മഹാപാപിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (അന്നിസാഅ് 105-107).
കുടുംബപരവും ഗോത്രപരവും കക്ഷിപരവുമായ പക്ഷപാതിത്വത്തിന്റെ പേരില്‍ കുറ്റവാളികളെ പിന്താങ്ങുന്നത് ആത്മവഞ്ചനയാണെന്ന് നിരീക്ഷിച്ച ഖുര്‍ആന്‍ നീതിപാലനം പക്ഷപാതങ്ങള്‍ക്ക് അതീതമായിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്നു. മതം, വര്‍ണം, ജാതി തുടങ്ങിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് വിചിത്രമായ വിധികള്‍ പുറപ്പെടുവിക്കുന്ന ന്യായാധിപന്മാരും കോടതികളും ഈ കാലത്തിന്റെ ശാപമാണ്. കോടതികളിലും നീതിന്യായ വ്യവസ്ഥയിലും ഉറച്ച വിശ്വാസമുള്ള ജനതക്കു മാത്രമേ ക്ഷേമരാജ്യത്തെക്കുറിച്ച് സ്വപ്നമുണ്ടാവുകയുള്ളൂ.  
താല്‍പര്യങ്ങള്‍ക്കു മുന്നില്‍ അടിയറവ് പറയുകയോ പതറുകയോ ചെയ്യാത്ത നീതിപീഠങ്ങളാണ് ഇസ്ലാമിക ചരിത്രത്തിന്റെ ശോഭയേറ്റിയത്. നബി(സ)യും നബി(സ)ക്കു ശേഷം നിലവില്‍ വന്ന ഖിലാഫത്തുര്‍റാശിദയും നീതിയുടെ സാക്ഷാത്കാരത്തിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ശത്രുക്കളില്‍ പോലും അതിശയമുണര്‍ത്തിയ നീതിയുടെ നിരവധി ഉദാഹരണങ്ങളാല്‍ സമ്പന്നമാണ് ഇസ്ലാമിക ചരിത്രം. നീതിമാന്മാരായ ഭരണാധികാരികളും ന്യായത്തിന് നിലകൊള്ളുന്ന വിധികര്‍ത്താക്കളും ആണ് അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടവരെന്ന് ഉണര്‍ത്തിയ നബി(സ) സ്വജീവിതത്തിലൂടെ ഉത്തമ മാതൃകകള്‍ സൃഷ്ടിച്ചു. ഒരു ദിനം നബി (സ) നമസ്‌കാരത്തിന് പുറപ്പെട്ടതാണ്. വഴിയില്‍ ഒരാള്‍ ഒട്ടകത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചുപറ്റി നബി(സ)യെ വഴിയില്‍ തടഞ്ഞു: ''ദൈവദൂതരേ, ഞാന്‍ ഉണര്‍ത്തിയ ആവശ്യം നിറവേറ്റിത്തന്നാലും!''
''നിങ്ങള്‍ എന്നെ പോകാന്‍ അനുവദിക്കൂ. ഞാന്‍ ആവശ്യം നിവര്‍ത്തിച്ചുതരാം'' - നബി (സ).
അയാള്‍ വഴങ്ങുന്ന ലക്ഷണമില്ല. അയാള്‍ തന്റെ ആവശ്യം ആവര്‍ത്തിച്ച് ഒട്ടകക്കയര്‍ ഒന്നുകൂടി മുറുക്കിപ്പിടിച്ചു. തന്റെ അഭ്യര്‍ഥനക്ക് അയാള്‍ വഴങ്ങുന്നില്ലെന്നു കണ്ട നബി (സ) കൈയില്‍ ഇരുന്ന വടിയെടുത്ത് അയാള്‍ക്ക് രണ്ട് അടി കൊടുത്തു. അയാള്‍ പിടി വിട്ടു. നബി (സ) നമസ്‌കരിച്ചു കഴിഞ്ഞ് തിരക്കി: ''ഞാന്‍ ഇപ്പോള്‍ തല്ലിയ ആള്‍ എവിടെ?''
ജനങ്ങള്‍ അമ്പരന്ന് പരസ്പരം നോക്കി. ഒടുവിലെ നിരയില്‍നിന്ന് മുന്നോട്ടു വന്ന ആള്‍ ഭവ്യതയോടെ: ''അല്ലാഹുവിന്റെയും അല്ലാഹുവിന്റെ ദൂതന്റെയും കോപത്തില്‍നിന്ന് ഞാന്‍ അല്ലാഹുവിങ്കല്‍ രക്ഷ തേടുന്നു.''
നബി (സ): (വടി അയാള്‍ക്ക് നല്‍കി) ''നിങ്ങള്‍ എന്നോട് പ്രതിക്രിയ ചെയ്യണം. ഞാന്‍ നിങ്ങളെ തല്ലിയതു പോലെ നിങ്ങള്‍ എന്നെയും തല്ലണം.''
അയാള്‍: ''റസൂലേ, ഞാന്‍ അത് മാപ്പാക്കിയിരിക്കുന്നു.''
റസൂല്‍: ''തീര്‍ച്ചയായും?'' അയാള്‍: ''അതേ,  തീര്‍ച്ചയായും ഞാന്‍ മാപ്പാക്കി.'' തുടര്‍ന്ന് നബി (സ): ''അല്ലാഹുവാണ, ഒരു വിശ്വാസി അപരനോട് അതിക്രമം കാട്ടിയിട്ട് ഇഹലോകത്ത് വെച്ചുതന്നെ പരാതിക്കും അന്യായത്തിനും പരിഹാരം ഉണ്ടാക്കുന്നില്ലെങ്കില്‍ അന്ത്യനാളില്‍ അല്ലാഹു അയാള്‍ക്കു വേണ്ടി പ്രതികാര നടപടികള്‍ കൈക്കൊള്ളും'' (മുസ്വന്നഫ് അബ്ദുര്‍റസാഖ് 9/465).
ബദ്ര്‍ യുദ്ധവേളയില്‍ അണികള്‍ ശരിപ്പെടുത്തുന്നതിനിടെ അമ്പിന്റെ തുമ്പ് കൊണ്ട് അനുചരന്‍ സവാദുബ്നു ഗസിയ്യ(റ)ക്ക് വേദനിച്ചിട്ടുണ്ടാകും എന്ന് കരുതി പ്രതിക്രിയ ചെയ്യാന്‍ അവസരം നല്‍കിയ നബി(സ)യുടെ ഉദരം ചുംബിച്ചുകൊണ്ടാണ് പക്ഷേ ആ അനുചരന്‍ പ്രതിക്രിയ ചെയ്ത് പരിഹാരം ഉണ്ടാക്കിയത്! ആ പ്രവാചകന്റെ ഓരോ ചലനവും നീതിനിര്‍വഹണത്തിന്റെ ആവിഷ്‌കാരമായിരുന്നു. ജീവിതയാത്രയുടെ അവസാനം, ഹജ്ജത്തുല്‍ വിദാഇലെ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തിന്റെ ഉള്ളടക്കം മുഴുവന്‍ നീതിയായിരുന്നു. വര്‍ഗത്തിന്റെയും വര്‍ണത്തിന്റെയും വിവേചനങ്ങളില്ലാത്ത നീതി, സ്ത്രീകള്‍ക്ക് നീതി, ദുര്‍ബലര്‍ക്ക് നീതി, അവകാശം ഹനിക്കപ്പെട്ടവര്‍ക്ക് നീതി, സാമ്പത്തിക ചൂഷണത്തിനും പലിശ സമ്പ്രദായത്തിനും വിധേയരായി കണ്ണീര്‍ കുടിക്കുന്ന കടബാധിതര്‍ക്ക് നീതി, ജാഹിലിയ്യാ നിയമങ്ങളാല്‍ വരിഞ്ഞുകെട്ടപ്പെട്ടവര്‍ക്ക് നീതി... ഇങ്ങനെ സര്‍വത്ര നീതിക്കു  വേണ്ടിയായിരുന്നു അന്ന് ആ ശബ്ദം മുഴങ്ങിയത്. നീതിസാരത്തിന്റെ വിളംബരം ആ പ്രഭാഷണത്തെ അനശ്വരമാക്കി. നീതിക്ക് നിരക്കാത്തതൊന്നും ആ പ്രവാചകന്‍ പൊറുപ്പിച്ചില്ല.

അന്ധത ബാധിച്ച നീതി

ഗ്രീക്ക് പുരാണത്തില്‍ ദൈവിക നീതിയുടെ പ്രതിരൂപമായ 'തെമിസ്' ഏതന്‍സിലെ ദേവാലങ്ങളില്‍ ദേവതയായി ആരാധിക്കപ്പെട്ടിരുന്നു. ഇടതു കൈയില്‍ തുലാസും വലതു കൈയില്‍ വാളുമേന്തി കറുത്ത തുണികൊണ്ട് കണ്ണ് കെട്ടിയ നീതിദേവതയുടെ പ്രതിമ കോടതിമുറികളില്‍ കാണാം. പ്രതിമയുടെ കണ്ണ് കെട്ടിത്തുടങ്ങിയത് പതിനാറാം നൂറ്റാണ്ട് മുതല്‍ക്കാണ്. സമ്പത്ത്, പദവി, അധികാരം തുടങ്ങിയ പരിഗണനകളൊന്നുമില്ലാതെ നിഷ്പക്ഷമായി നീതി നടത്തുമെന്നതിന്റെ അടയാളമായാണ് കറുത്ത തുണികൊണ്ടുള്ള കണ്ണ്‌കെട്ട്. എന്നാല്‍ നാം ജീവിക്കുന്ന ലോകത്തും കാലത്തും നിഷ്പക്ഷമായ നീതി എന്നൊന്നില്ല. നീതി ദേവതകളെല്ലാം ഭരണകൂട താല്‍പര്യങ്ങളുടെ അള്‍ത്താരയില്‍ ബലിയര്‍പ്പിക്കപ്പെടുകയാണ്. പണവും സ്വാധീനവുമുള്ളവര്‍ നീതിക്ക് വിലയിടുന്നു. ന്യായാധിപന്മാരെ വിലയ്ക്കു വാങ്ങുന്നു. തങ്ങളോടൊപ്പം നില്‍ക്കുന്നവര്‍ക്ക് ഭദ്രമായ ഭാവിയും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്യുന്നു. നബി(സ)യുടെയും അനുചരന്മാരുടെയും ഭരണകാലഘട്ടത്തില്‍ നിലനിന്ന കണിശമായ നീതിയുടെ കഥകള്‍ അറിയുന്നത് പ്രസക്തമാവുന്നത് ഇവിടെയാണ്. നബിപത്നി ആഇശ ഉദ്ധരിക്കുന്ന സംഭവം:  മോഷണം നടത്തിയ 'മഖ്സൂമിയ്യ' സ്ത്രീയുടെ കേസ് ഖുറൈശികളെ അസ്വസ്ഥരാക്കി. പ്രവാചകന്‍ ശിക്ഷാവിധി നടപ്പാക്കുമെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമില്ല. അവര്‍ കൂടിയിരുന്നാലോചിച്ചു, അവരുടെ കാര്യത്തില്‍ ശിക്ഷ ഇളവ് ചെയ്യാന്‍ നബി(സ)യോട് സംസാരിക്കാന്‍ പറ്റിയതാരാണ്? റസൂലിന് ഏറെ പ്രിയപ്പെട്ട ഉസാമത്തുബ്നു സൈദിനെ അവര്‍ ശിപാര്‍ശക്കായി സമീപിച്ചു. ഉസാമ (റ) നബിയോട് വിഷയം അവതരിപ്പിച്ചു. നബി(സ)യുടെ മറുപടി: ''അല്ലാഹുവിന്റെ ശിക്ഷാവിധികളില്‍ ഒന്നിനെക്കുറിച്ചാണോ നിങ്ങള്‍ ശിപാര്‍ശയുമായി എന്നെ സമീപിച്ചിരിക്കുന്നത്?'' എഴുന്നേറ്റു നിന്ന് നബി (സ) പ്രഖ്യാപിച്ചു: ''നിങ്ങളുടെ പൂര്‍വികര്‍ നശിപ്പിക്കപ്പെട്ടത് എന്തുകൊണ്ടെന്നറിയാമോ? അവരുടെ കൂട്ടത്തിലെ പദവിയും സ്ഥാനമാനങ്ങളുമുള്ള ഭേദപ്പെട്ടവരും പ്രമാണിമാരും മോഷണം നടത്തിയാല്‍ അവരെ വെറുതെ വിടും. പാവങ്ങളാണ് മോഷണം നടത്തിയതെങ്കില്‍ അവരില്‍ ശിക്ഷാവിധി നടപ്പാക്കുകയും ചെയ്യും. അല്ലാഹുവാണ, മുഹമ്മദിന്റെ പുത്രി ഫാത്വിമയാണ് മോഷണം നടത്തിയത് എങ്കില്‍ മുഹമ്മദ് അവളുടെ കരം ഛേദിക്കുക തന്നെ ചെയ്യും'' (മുസ്ലിം). ധീരമായിരുന്നു നബി(സ)യുടെ നിലപാട്. സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത നിലപാട്. നീതിനിഷ്ഠമായ നിലപാടില്‍നിന്ന് അണുവിട വ്യതിചലിക്കില്ലെന്ന ഉറച്ച ശബ്ദം ലോകാന്ത്യം വരേക്കുമുള്ള ജനതക്ക് സന്ദേശമാണ്. ''അമാനത്തുകള്‍ അവയുടെ ഉടമകള്‍ക്ക് ഏല്‍പിച്ചുകൊടുക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ വിധി നടത്തുമ്പോള്‍ നീതിപൂര്‍വം നീതി നടത്തണമെന്നും അല്ലാഹു നിങ്ങളോടാജ്ഞാപിക്കുന്നു. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്ക് നല്‍കുന്നത്. നിശ്ചയം അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു'' (അന്നിസാഅ് 58).
നീതി പുലരുന്ന രാജ്യം നിര്‍മിക്കുന്നത് ന്യായാധിപന്മാരാണ്. അവരുടെ കൈകളിലാണ് ജനക്ഷേമത്തിന്റെ താക്കോല്‍. ഈ വസ്തുത നന്നായറിയുന്ന പ്രവാചകന്റെ ഒരു വചനമുണ്ട്: ''ന്യായാധിപന്മാര്‍ മൂന്ന് തരമുണ്ട്. അതില്‍ രണ്ട് ന്യായാധിപന്മാര്‍ നരകത്തിലും ഒരു ന്യായാധിപന്‍ സ്വര്‍ഗത്തിലുമാകുന്നു. അറിഞ്ഞുകൊണ്ട് തന്നെ കക്ഷിയുടെ അവകാശങ്ങള്‍ ഹനിച്ചും അനീതിക്ക് കൂട്ടുനിന്നും വിധി പറഞ്ഞ ന്യായാധിപന്‍ നരകത്തിലാണ്. രണ്ടാമത്തെയിനം അറിവില്ലാത്ത ന്യായാധിപന്‍. അറിവില്ലാതെ അയാള്‍ ജനങ്ങളുടെ അവകാശങ്ങളൊക്കെ ചവിട്ടിമെതിക്കുകയും നശിപ്പിച്ചു ഇല്ലാതാക്കുകയും ചെയ്തു. അയാളും നരകത്തിലാണ്. സത്യസമേതം വിധി പറഞ്ഞ ന്യായാധിപന്‍, അയാള്‍ സ്വര്‍ഗത്തിലാണ്'' (തിര്‍മിദി).
വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നീ തലങ്ങളില്‍ കണിശമായ നീതി പുലരണമെന്നത് ഇസ്ലാമിന്റെ അടിസ്ഥാനാവശ്യങ്ങളില്‍ ഒന്നാണ്. നീതിയുടെ സംസ്ഥാപനത്തിനാണ് ദൈവദൂതന്മാര്‍ നിയോഗിക്കപ്പെട്ടതു തന്നെ. ''തെളിഞ്ഞ ദൃഷ്ടാന്തങ്ങളും മാര്‍ഗദര്‍ശനങ്ങളുമായി നാം നമ്മുടെ ദൂതന്മാരെ അയച്ചിരിക്കുന്നു. അവരോടൊപ്പം വേദവും ത്രാസും അവതരിപ്പിച്ചിട്ടുണ്ട്. മനുഷ്യര്‍ നീതിപൂര്‍വം നിലകൊള്ളാന്‍. നാം ഇരുമ്പും ഇറക്കിയിരിക്കുന്നു. അതില്‍ വലിയ ശക്തിയുണ്ട്; മനുഷ്യര്‍ക്ക് ഉപകാരവും'' (അല്‍ ഹദീദ് 25).
ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാതെ, ആര്‍ക്കും അനര്‍ഹമായ ആനുകൂല്യം നല്‍കാതെ നീതി നടത്താനാണ് നിര്‍ദേശം. ''അവന്‍ ആകാശത്തെ ഉയര്‍ത്തി. ത്രാസ് സ്ഥാപിച്ചു നിങ്ങള്‍ ത്രാസില്‍ കൃത്രിമം കാണിച്ചുകൂടാ എന്നതാകുന്നു അതിന്റെ താല്‍പര്യം. നീതിപൂര്‍വം ശരിയാംവണ്ണം തൂക്കുക. ത്രാസില്‍ കുറവ് വരുത്തരുത്'' (അര്‍റഹ്മാന്‍ 7-9). വിശുദ്ധ വേദത്തില്‍ ത്രാസ് ഒരു രൂപകമാണ്. നീതിനടത്തിപ്പിന്റെ അടയാളം; അണുത്തൂക്കം വ്യത്യാസം വരാത്ത നീതി.

നീതിയുടെ ചേതോഹര ചിത്രങ്ങള്‍

ഖുലഫാഉര്‍റാശിദയുടെ ചരിത്രത്തില്‍ ഏറ്റവും തിളക്കമുള്ള വശം നീതിനിര്‍വഹണത്തില്‍ അവരുടെ ശുഷ്‌കാന്തിയും നിര്‍ബന്ധ ബുദ്ധിയുമാണ്. ഭരണഭാരം ഏറ്റെടുത്ത അബൂബക്ര്‍ സ്വിദ്ദീഖി(റ)ന്റെ നയപ്രഖ്യാപനം: ''നിങ്ങളുടെ ഭരണഭാരം എന്നില്‍ ഏല്‍പിക്കപ്പെട്ടിരിക്കുകയാണ്. ഞാന്‍ നിങ്ങളേക്കാള്‍ ഉത്തമനല്ല. ഞാന്‍ നല്ലത് ചെയ്താല്‍ നിങ്ങള്‍ എന്നെ സഹായിക്കുക. ഇനി ചീത്തയാണ് എന്റെ പ്രവൃത്തിയെങ്കില്‍ നിങ്ങള്‍ എന്നെ തിരുത്തി നേരെയാക്കണം. നിങ്ങളിലെ ശക്തന്‍ എന്റെ അടുത്ത് ദുര്‍ബലനാണ്; അയാളില്‍നിന്ന് ഞാന്‍ അവകാശം പിടിച്ചുകൊടുക്കുവോളം. നിങ്ങളിലെ ദുര്‍ബലന്‍ എന്റെ അടുത്ത് ശക്തനാണ്; അയാളുടെ അവകാശം ഞാന്‍ വാങ്ങിക്കൊടുക്കുവോളം.'' നീതിക്കു വേണ്ടി നിലകൊണ്ടു എന്നു മാത്രമല്ല, വല്ല വിധേനയും താന്‍ അനീതിക്കോ അക്രമത്തിനോ നിമിത്തമായിട്ടുണ്ടെങ്കില്‍ സങ്കട കക്ഷിക്ക് പ്രതിക്രിയ ചെയ്യാന്‍ അവസരവും നല്‍കി ആ ഭരണകര്‍ത്താവ്. അബ്ദുല്ലാഹിബ്നു അംരിബ്നില്‍ ആസ്വ് ഒരു സന്ദര്‍ഭം ഓര്‍ക്കുന്നു: ഒരു വെള്ളിയാഴ്ച അബൂബക്ര്‍ (റ) സദസ്യരോട്: 'നാളെ വെളുപ്പിന് നിങ്ങള്‍ ഒട്ടകത്തിന്റെ സകാത്ത് കൊണ്ടുവരണം. നാം അത് ജനങ്ങള്‍ക്കിടയില്‍ വീതിച്ചു നല്‍കും. അനുമതിയില്ലാതെ ആരും നമ്മുടെ അടുത്ത് വരരുത്.' ഒരു സ്ത്രീ ഭര്‍ത്താവിനോട്:  'നിങ്ങള്‍ ഈ മൂന്ന് കയറും കൊണ്ട് അബൂബക്റിന്റെ അരികത്ത് ചെല്ലുക. നമുക്ക് ഒരു കുതിരയെങ്ങാനും  അദ്ദേഹം തന്നെങ്കിലോ!' ആ കയര്‍ വാങ്ങി അതുകൊണ്ട് അയാളെ അടിച്ചു. വിതരണമൊക്കെ കഴിഞ്ഞ അബൂബക്ര്‍ അയാളെ വിളിച്ചു കയര്‍ അയാളുടെ കൈയില്‍ കൊടുത്തു;  'നിങ്ങള്‍ എന്നെ തിരിച്ചു തല്ലുക'. ഉടനെ ഉമര്‍ (റ) ഇടപെട്ടു: 'അയാള്‍ക്ക് അങ്ങയെ തിരിച്ചു തല്ലാന്‍ അവസരം കൊടുക്കരുത്. അതൊരു കീഴ്‌വഴക്കമായിത്തീരും.' അബൂബക്ര്‍ (റ): 'അപ്പോള്‍ ഖിയാമത്ത് നാളില്‍ അല്ലാഹുവില്‍നിന്ന് എന്നെ രക്ഷിക്കാന്‍ ആരുണ്ടാവും?' ഉമര്‍: 'അയാളെ സന്തോഷിപ്പിച്ച് പറഞ്ഞയക്കൂ.' അബൂബക്ര്‍ തന്റെ പരിചാരകനോട്: 'അയാള്‍ക്ക് ഒരു ഒട്ടകവും അതിന് വഹിക്കാവുന്ന ഭക്ഷ്യവിഭവങ്ങളും ഒരു പുതപ്പും അഞ്ച് ദിര്‍ഹമും നല്‍കി സന്തോഷത്തോടെ യാത്രയയക്കുക.' ഇതാണ് ഭരണാധികാരി,  ഇങ്ങനെയാവണം ഭരണാധികാരി.
നീതിയുടെ നിസ്തുല മാതൃക സൃഷ്ടിച്ച ഖലീഫ ഉമറുബ്നുല്‍ ഖത്ത്വാബിന്റെ ഭരണകാലം ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള കാലഘട്ടമാണ്. നീതിയും ഉമറും പര്യായപദങ്ങളായി. മത-വര്‍ഗ-വര്‍ണ ഭേദമന്യേ നീതി സ്ഥാപിച്ചു കിട്ടുമെന്ന ബോധ്യം ജനങ്ങളില്‍ സുരക്ഷിതത്വ ബോധം വളര്‍ത്തി. ന്യായാധിപന്മാര്‍ക്ക് ഉമര്‍ (റ) അയച്ച കത്ത് ലോകാന്ത്യം വരെയുള്ള വിധികര്‍ത്താക്കള്‍ക്കും കോടതികള്‍ക്കും അനശ്വര സന്ദേശമായി: ''അമീറുല്‍ മുഅ്മിനീന്‍ ഉമറുബ്നുല്‍ ഖത്ത്വാബ് അബൂമൂസല്‍ അശ്അരിക്ക്, താങ്കള്‍ക്ക് സലാം. ന്യായവിധി നിര്‍ബന്ധ ബാധ്യതയാണ്, അനുധാവനം ചെയ്യേണ്ട പ്രവാചക മാതൃകയാണ്. അറിയുക, കേസുമായി കക്ഷികള്‍ വന്നാല്‍ നടപ്പാക്കാത്ത നിരര്‍ഥക സംസാരങ്ങള്‍ കൊണ്ടോ അവകാശങ്ങളെക്കുറിച്ച വാചാടോപങ്ങള്‍ കൊണ്ടോ കാര്യമില്ല. ജനങ്ങള്‍ക്കിടയില്‍ സമത്വത്തോടെ പെരുമാറണം. അത് നിങ്ങളുടെ മുഖത്ത് കാണണം, നിങ്ങളുടെ നീതിയില്‍ കാണണം, നിങ്ങളുടെ സദസ്സില്‍ കാണണം. നിങ്ങള്‍ അനീതിയും അക്രമവും ചെയ്യുമെന്ന് ഒരു മാന്യനും മോഹിക്കരുത്. നിങ്ങളുടെ നീതിയെ സംബന്ധിച്ച് ഒരു ദുര്‍ബലനും നിരാശ തോന്നുകയും അരുത്. ഇന്നലെ നിങ്ങള്‍ നല്‍കിയ ഒരു വിധി വീണ്ടും ബുദ്ധിയുമായി പുനരാലോചന നടത്തിയപ്പോള്‍ അതല്ലായിരുന്നു ശരിയെന്ന് ബോധ്യമായാല്‍ ആ ശരിയിലേക്കും സത്യത്തിലേക്കും തിരിച്ചുപോകാന്‍ അമാന്തിക്കരുത്. കാരണം സത്യം അനാദിയാണ്. സത്യത്തിലേക്കുള്ള തിരിച്ചുപോക്കാണ് അസത്യത്തില്‍ അള്ളിപ്പിടിക്കുന്നതിനേക്കാള്‍ ഉത്തമം.''
അബൂ ഉബൈദ(റ)ക്ക് അയച്ച കത്ത്:
''നിങ്ങള്‍ക്ക് നന്മയുണ്ടാവുന്ന കാര്യത്തില്‍ ഒരു ലോഭവും വരുത്താത്ത സന്ദേശമാണ് ഞാന്‍ നല്‍കുന്നത്. അഞ്ച് സ്വഭാവരീതികള്‍ താങ്കള്‍ കൈക്കൊണ്ടാല്‍ നിങ്ങളുടെ ദീന്‍ രക്ഷപ്പെടും. ഭാഗ്യം നിങ്ങളെ തലോടുകയും ചെയ്യും. രണ്ട് കക്ഷികള്‍ കേസുമായി സമീപിച്ചാല്‍ സത്യനിഷ്ഠമായ തെളിവുകളും അനിഷേധ്യമായ രേഖകളുമുണ്ടെന്ന് ഉറപ്പുവരുത്തുക, ദുര്‍ബലനെ അരികിലേക്ക് വിളിച്ച് നിര്‍ത്തുക, ഹൃദയം തുറന്ന് സംസാരിക്കാന്‍ അയാളുടെ നാവിനും ധൈര്യം കൈവിടാതെ നില്‍ക്കാന്‍ അയാളുടെ ഹൃദയത്തിനും അത് കരുത്തു പകരും. അപരിചിതന് താന്‍ അന്യനാണെന്ന തോന്നല്‍ ഉണ്ടാവരുത്. അധിക നേരം കാത്തുകെട്ടി കിടക്കേണ്ടിവന്നാല്‍ ആവശ്യമുണര്‍ത്താതെ അയാള്‍ തിരിഞ്ഞുപോകും. വ്യക്തമായ ഒരു വിധിതീര്‍പ്പിന് സാധ്യമാവാതെ വന്നാല്‍ കക്ഷികള്‍ക്കിടയില്‍ അനുരഞ്ജനത്തിന് ശ്രമിക്കുക, വസ്സലാം'' (ഉമറുബ്നുല്‍ ഖത്ത്വാബ്, സ്വല്ലാബി).
ഉമറും ഉബയ്യുബ്നു കഅ്ബും തമ്മില്‍ തര്‍ക്കമുണ്ടായി. ജഡ്ജ് സൈദുബ്നു സാബിത്ത് (റ). ഇരു കക്ഷികളും ജഡ്ജിക്കു മുന്നില്‍ ഹാജരായി. ജഡ്ജ് സൈദുബ്നു സാബിത്ത് ഖലീഫ ഉമറുല്‍ ഫാറൂഖിനെ കണ്ടപ്പോള്‍ 'അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ ഇവിടെ ഇരിക്കുക' എന്ന് പറഞ്ഞു. ഇതു കേട്ട ഉമര്‍ ക്രുദ്ധനായി. 'നിഷ്പക്ഷമായി വിധി പറയേണ്ട ജഡ്ജ് ആണ് താങ്കള്‍. വിവേചനം പാടില്ല. ഞങ്ങള്‍ രണ്ടാളും ഒരുപോലെ ഇരിപ്പിടത്തില്‍ ഇരിക്കണം.' രണ്ടാളും ഒരുപോലെ കസേരകളില്‍ ഇരുന്നു. കുറ്റം നിഷേധിച്ച ഉമര്‍ സത്യം ചെയ്യണം. അമീറുല്‍ മുഅ്മിനീന്‍ ഉമറിനെ സത്യം ചെയ്യുന്നതില്‍നിന്ന് ഒഴിവാക്കാന്‍ ജഡ്ജി മറുകക്ഷിയോട് അഭ്യര്‍ഥിച്ചു. ഖലീഫക്ക് ദേഷ്യം വന്നു. ജഡ്ജിയുടെ സമ്മതമില്ലാതെ സത്യം ചെയ്തു. തുടര്‍ന്ന് ഉമര്‍: 'ഖലീഫ ഉമറും സാധാരണ ജനങ്ങളും നിയമത്തിനു മുന്നില്‍ ഒരുപോലെയാണ്. ഈ സത്യം ഉള്‍ക്കൊള്ളുന്നതു വരെ സൈദുബ്നു സാബിത്ത് ജഡ്ജിയായിരിക്കാന്‍ യോഗ്യനല്ല.'
ഭരണാധികാരികളുടെ ഇംഗിതത്തിനൊത്ത് ചാഞ്ഞും ചരിഞ്ഞും നില്‍ക്കുന്ന കോടതികള്‍ക്കും ന്യായാധിപന്മാര്‍ക്കും ഉമറിന്റെ ചരിത്രത്തില്‍നിന്ന് ധാരാളം പഠിക്കാനുണ്ട്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി പറഞ്ഞു: 'നീതിമാനായ ഖലീഫ ഉമറിന്റെ ഭരണമാണ് ഞാന്‍ ഇന്ത്യയില്‍ ആഗ്രഹിക്കുന്നത്' (ഹരിജന്‍ 27.07.1937).
ഭരണാധികാരികളുടെ ഇടപെടല്‍ ഇല്ലാത്ത നീതിയായിരുന്നു ഉമര്‍ യുഗത്തിന്റെ പ്രത്യേകത.
കിസ്റാ ചക്രവര്‍ത്തിയുടെ ദൂതന്‍ ഖലീഫ ഉമറിനെ അന്വേഷിച്ചു മദീനയില്‍ വന്നു. ഒരു കൊച്ചു വീടിനു സമീപമുള്ള മരത്തണലില്‍ ലളിത വേഷവും ധരിച്ച്, കാവല്‍ക്കാരും പാറാവുമില്ലാതെ കുഞ്ഞുങ്ങളെ പോലെ ശാന്തമായി ഉറങ്ങുന്ന ഉമറിനെ നോക്കി മര്‍സബാന്‍ അത്ഭുതാതിരേകത്തോടെ മൊഴിഞ്ഞു: 'അങ്ങ് വിധി കല്‍പിച്ചപ്പോള്‍ ന്യായവും നീതിയും നടത്തി, അതിനാല്‍ താങ്കള്‍ നിര്‍ഭയനായി. നിര്‍ഭീതനായി താങ്കള്‍ക്ക് ഉറങ്ങാനുമായി.'
ഇസ്ലാം നീതിയുടെ മതമാണ്. അക്രമത്തിനും അനീതിക്കുമെതിരെ ശക്തമായി നിലകൊണ്ടതാണ് ഇസ്ലാമിന്റെ ചരിത്രം.
''നിശ്ചയം, അല്ലാഹു നീതിയും നന്മയും പ്രവര്‍ത്തിക്കാനും കുടുംബബന്ധങ്ങള്‍ പുലര്‍ത്താനും അനുശാസിക്കുന്നു. നീചകൃത്യങ്ങളും അധര്‍മവും അക്രമവും വിരോധിക്കുന്നു. നിങ്ങള്‍ പാഠം പഠിക്കാന്‍ അവന്‍ ഉപദേശിക്കുന്നു. അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്താല്‍ അത് പാലിക്കുവിന്‍. അല്ലാഹുവിനെ സാക്ഷിയാക്കിക്കൊണ്ട് ഉറപ്പിച്ചുകഴിഞ്ഞ പ്രതിജ്ഞ ലംഘിച്ചുകൂടാ' (അന്നഹ്‌ല് 90, 91). അബ്ദുല്ലാഹിബ്നു മസ്ഊദ് പറഞ്ഞതായി ഇബ്നു ജരീര്‍: 'നന്മയും തിന്മയുമെല്ലാം സമഗ്രമായി പ്രതിപാദിച്ച ഖുര്‍ആനിലെ സൂക്തമാണിത്.'
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ (റ): 'ഇഹലോകത്ത് ജനങ്ങളുടെ കാലങ്ങളെല്ലാം ശരിയായ ദിശയില്‍ നീങ്ങുക, നീതിയോടൊപ്പമാണ്. നീതി ചെയ്യുന്ന ഭരണകൂടം, അത് അവിശ്വാസികളുടേതായാലും അല്ലാഹു പിന്തുണക്കും. അക്രമവും അനീതിയും പ്രവര്‍ത്തിക്കുന്ന രാഷ്ട്രം, അത് മുസ്ലിംകളുടേതായാലും അല്ലാഹു സഹായിക്കില്ല. നീതിയോടും കുഫ്റിനോടുമൊപ്പം ഇഹലോകം നിലനിന്നേക്കാം, എന്നാല്‍ ഇസ്ലാമിനോടും അനീതിയോടുമൊപ്പം അത് നിലനില്‍ക്കില്ല' (രിസാല: അല്‍ഹസബ). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (23)
ടി.കെ ഉബൈദ്‌

ഹദീസ്‌

ചെയ്യാതെ പോയ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്