Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 10

3147

1441 ശഅ്ബാന്‍ 16

സുല്‍ത്താന്മാരുടെ കോടതികള്‍ നീതിയുടെ ഇ ന്ത്യനനുഭവങ്ങള്‍

ശിഹാബുദ്ദീന്‍ ആരാമ്പ്രം

ജനാധിപത്യ സംവിധാനത്തിലെ സുപ്രധാന ഘടകമാണ് നീതിന്യായ വ്യവസ്ഥയും കോടതികളും. ജനങ്ങളുടെ നിര്‍ഭയത്വം പോലും നീതിന്യായ വ്യവസ്ഥ ഭദ്രമാണോ എന്നതിനെ ആസ്പദിച്ചാണ് നിലനില്‍ക്കുന്നത്. നമ്മുടെ നാട്ടില്‍ ജനാധിപത്യ സംവിധാനവും നീതിന്യായ വ്യവസ്ഥകളും നിലനിര്‍ത്തപ്പെടുമ്പോഴും പൗരത്വ ധ്വംസനവും കൂട്ടക്കൊലകളും നിര്‍ബാധം അരങ്ങേറുന്നത് നാം കാണുന്നു. ജനാധിപത്യം സ്വേഛാധിപത്യമായി പരിണമിച്ചുകൊണ്ടിരിക്കുന്നു. 
ഈയൊരു പരിവര്‍ത്തന ദശയില്‍ സുല്‍ത്താന്മാരുടെ ഭരണകാലത്ത് ഇന്ത്യയില്‍ നിലനിന്നിരുന്ന നീതിന്യായ സംവിധാനങ്ങളെക്കുറിച്ച ആലോചന സംഗതമാണെന്ന് കരുതുന്നു. എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള നീതിന്യായ വ്യവസ്ഥക്ക് ഇന്ത്യയില്‍ തുടക്കം കുറിക്കുന്നത് സുല്‍ത്താന്മാരുടെ ഭരണകാലത്താണ്. അവരുടെ സംഭാവനകളില്‍ പ്രഥമ സ്ഥാനത്തുള്ളതും അന്നത്തെ നീതിനിര്‍വഹണം തന്നെയാണ്. വീട്ടുവീഴ്ചയില്ലാത്ത ആ നീതിന്യായ സംവിധാനമായിരുന്നു അന്നത്തെ രാജാധികാരത്തെ പോലും ജനാധിപത്യമാക്കി മാറ്റാന്‍ അവരെ പ്രാപ്തരാക്കിയത്. നീതിപീഠങ്ങള്‍ക്ക് സ്വതന്ത്രാധികാരമുള്ള രാജ്യത്ത് എത്ര വലിയ സ്വേഛാധിപതികള്‍ അധികാരത്തില്‍ വന്നാലും ജനാധിപത്യം നിലനില്‍ക്കും. എത്ര വലിയ ജനാധിപത്യ സംവിധാനമായാലും, നീതിപീഠങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവില്ലെങ്കില്‍ അത് ക്രമേണ സ്വേഛാധിപത്യത്തിലേക്ക് വഴുതിവീഴുകയാണ് ചെയ്യുക.
അക്കാര്യം ബോധ്യപ്പെടാന്‍ മധ്യകാല ഇന്ത്യയെ മുന്‍നിര്‍ത്തി വര്‍ത്തമാനകാല ഇന്ത്യയെ വിലയിരുത്തിയാല്‍ മതി. നീതി പുലരാന്‍ കൊതിച്ച സുല്‍ത്താന്മാരും ജീവന്‍ പണയം വെച്ചും നീതി നിര്‍വഹണത്തിന് മുന്‍ഗണന നല്‍കിയ ന്യായാധിപന്മാരുമായിരുന്നു അന്നത്തെ ഇന്ത്യയില്‍. അങ്ങനെയാണ് രാജാധിപത്യത്തെപ്പോലും ജനാധിപത്യമായി അനുഭവിക്കാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിച്ചത്.
ഇന്ത്യയില്‍ സുല്‍ത്താന്മാരുടെ ഭരണം ആരംഭിക്കുന്നതിനു മുമ്പ്, നീതിന്യായ വ്യവസ്ഥയുടെ പേരില്‍ നടന്നിരുന്നത് ജാതി മര്‍ദനങ്ങളായിരുന്നുവെന്ന് മനുസ്മൃതിയും അര്‍ഥശാസ്ത്രവും വ്യക്തമാക്കുന്നുണ്ട്. ജാതിയും മതവും വര്‍ഗവും തിരിച്ചുള്ള അന്നത്തെ ശിക്ഷകള്‍ ചരിത്ര വിദ്യാര്‍ഥികളെ ഓര്‍മിപ്പിക്കുന്നതും മറ്റൊന്നല്ല. കുറ്റവാളികളുടെ ജാതി തിരിച്ച് തലവെട്ടുക, തൊലിയുരിക്കുക, എല്ലൊടിക്കുക, ചുട്ടു കരിക്കുക, വെട്ടി നുറുക്കുക എന്നിങ്ങനെയുള്ള മുറകളായിരുന്നു പ്രചാരത്തില്‍. നിരപരാധിത്വം തെളിയിക്കുന്നതിന് അഗ്നിപരീക്ഷ, ജലപരീക്ഷ, വിഷപരീക്ഷ എന്നിവയും ഉണ്ടായിരുന്നു. തിളച്ച എണ്ണയിലോ നെയ്യിലോ കൈമുക്കിച്ചാണ് അഗ്നിപരീക്ഷ നടത്തുക. കുറ്റക്കാരനാണെങ്കില്‍ കൈപൊള്ളും; നിരപരാധിയാണെങ്കില്‍ പൊള്ളുകയില്ല! മുതലകളും ചീങ്കണ്ണികളും നിറഞ്ഞ കിടങ്ങുകളിലും കയങ്ങളിലും കുറ്റവാളികളെ നീന്താന്‍ വിടുന്നതാണ് ജലപരീക്ഷ. അവയുടെ ആക്രമണത്തിനിരയാവാതെ നീന്തി രക്ഷപ്പെട്ടാല്‍ നിരപരാധിയാണെന്ന് വിധിയുണ്ടാവും! ഉഗ്ര വിഷമുള്ള സര്‍പ്പത്തെ അടച്ചുവെച്ച കുടത്തില്‍ കൈയിടീച്ചാണ് വിഷപരീക്ഷ നടത്തുക. ഉപദ്രവം ഏറ്റാല്‍ കുറ്റക്കാരന്‍; ഇല്ലെങ്കില്‍ നിരപരാധി! ഒരാളും തന്റെ നിരപരാധിത്വം തെളിയിച്ച് രക്ഷപ്പെടുകയില്ലെന്നര്‍ഥം.
എന്നാല്‍ ഈ പരീക്ഷണങ്ങളൊന്നും ബ്രാഹ്മണര്‍ക്കും മറ്റു സവര്‍ണര്‍ക്കും ബാധകമല്ല. അവര്‍ വന്‍ കുറ്റം ചെയ്താലും നിസ്സാര ശിക്ഷയേ നല്‍കൂ. ബ്രാഹ്മണര്‍ക്ക് ലഭിക്കാവുന്ന കടുത്ത ശിക്ഷ ജാതിഭ്രഷ്ട് മാത്രമായിരുന്നു.
തീര്‍ത്തും ജാതീയമായ ഈ നിയമവ്യവസ്ഥ സുല്‍ത്താന്മാരുടെ ആഗമനത്തോടെയാണ് ഇല്ലാതായത്. മനുഷ്യരെല്ലാം സമന്മാരാണെന്ന കാഴ്ചപ്പാടില്‍ അവര്‍ നീതിന്യായ വ്യവസ്ഥ പുനഃസംവിധാനിച്ചു. നീതിനിര്‍വഹണത്തില്‍ ജാതിയെയും വര്‍ഗത്തെയും പരിഗണിച്ചില്ല. കുറ്റക്കാരെല്ലാം നിയമത്തിനു മുന്നില്‍ തുല്യരാണെന്ന് അവരുടെ നീതിനിര്‍വഹണം സാക്ഷ്യപ്പെടുത്തി. അയല്‍നാടുകളെ കേന്ദ്ര ഭരണത്തോടു ചേര്‍ക്കാന്‍ നടത്തിയ പടയോട്ടങ്ങളേക്കാളും ഇന്ത്യന്‍ ജനതയെ സുല്‍ത്താന്‍ ഭരണവുമായി അടുപ്പിച്ചുനിര്‍ത്തിയത് അവരുടെ നീതിന്യായ സമ്പ്രദായമായിരുന്നുവെന്ന് നിസ്സംശയം പറയാം.
സുല്‍ത്താന്മാരുടെ ഭരണകാലത്ത് നീതിന്യായ വ്യവസ്ഥയിലെ പ്രധാന ന്യായാധിപന്‍  'ഖാദി ഖുദാത്ത്' എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രമുഖ നിയമ വിശാരദരില്‍നിന്നൊരാളെ ആ പദവിയിലേക്ക് നിശ്ചയിക്കുക സുല്‍ത്താന്‍ തന്നെയായിരിക്കും. പ്രവിശ്യകളിലും ജില്ലകളിലുമെല്ലാം ഖാദിമാരെ നിയമിക്കുക ഖാദി ഖുദാത്താണ്. ജില്ലാ കേന്ദ്രങ്ങളില്‍നിന്ന് വിദൂരത്തുള്ള പ്രദേശങ്ങളില്‍ 'പഞ്ചായത്ത്' സംവിധാനവും ഉണ്ടായിരുന്നു. അതിന് പുറമെ സൈനിക കോടതികളും ഉണ്ടാകും. സൈനിക കോടതിയിലെ ഖാദി, പൂര്‍ണ സൈനികനെ പോലെ സദാ സൈന്യത്തോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കും. കീഴ്‌ക്കോടതികളില്‍നിന്ന് നീതി ലഭിക്കാതിരുന്നാല്‍ മേല്‍ക്കോടതിയെയും വേണ്ടിവന്നാല്‍ സുല്‍ത്താനെ തന്നെയും സമീപിക്കാന്‍ പരാതിക്കാര്‍ക്ക് അവസരമുണ്ട്.
കോടതിവിധികളില്‍ പോരായ്മകളുണ്ടെന്ന് കണ്ടെത്തി അവ പരിഹരിക്കാന്‍ നടപടിയെടുത്ത ഭരണാധികാരിയായിരുന്നു സുല്‍ത്താന്‍ ഇല്‍ത്തുമിശ്. ഇന്ത്യ കണ്ട മഹാന്മാരായ നീതിമാന്മാരോടൊപ്പമാണ് അദ്ദേഹത്തിന്റെ സ്ഥാനം. അക്കാലത്തെ ഇന്ത്യക്കാര്‍ പൊതുവെ വെളുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. മര്‍ദിതരും നീതി നിഷേധിക്കപ്പെട്ടവരുമായ ആളുകള്‍ ചായം മുക്കിയ വസ്ത്രങ്ങള്‍ ധരിക്കേണ്ടതാണെന്ന് ഇല്‍ത്തുമിശ് ഉത്തരവിറക്കിയിരുന്നതായി ഇബ്‌നു ബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്. സുല്‍ത്താന്റെ യാത്രാവേളകളിലോ മറ്റോ ചായം മുക്കിയ വസ്ത്രം ധരിച്ചവരെ കണ്ടാല്‍ അവരുടെ കേസ് താമസംവിനാ വിചാരണക്കെടുത്തിരുന്നുവെന്നും അദ്ദേഹം എഴുതുന്നു. നീതി നിഷേധിക്കപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ അനുകമ്പ അതില്‍ പരിമിതമായിരുന്നില്ല. നീതി നിഷേധിക്കപ്പെട്ടവര്‍ ആ വിവരം തന്നെ അറിയിക്കണമെന്നും ചക്രവര്‍ത്തി ആഗ്രഹിച്ചു. അതിനായി രാജധാനിയുടെ പ്രധാന കവാടത്തില്‍ രണ്ട് കൃത്രിമ സിംഹങ്ങളെ സ്ഥാപിച്ചു. അവയുടെ കഴുത്തില്‍ ഇരുമ്പുചങ്ങലയില്‍ ബന്ധിച്ച രണ്ട് മണികളും തൂക്കിയിട്ടു. പരാതിക്കാര്‍ക്ക് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആ മണികള്‍ അടിക്കാം. ശബ്ദം കേള്‍ക്കുന്ന മാത്രയില്‍ സുല്‍ത്താന്‍ പുറത്തു വന്ന് കേസ് കേള്‍ക്കും; പരിഹാരമുണ്ടാക്കും. 
ഇല്‍ത്തുമിശിന്റെ പിന്‍ഗാമിയായി വന്ന സുല്‍ത്താന്‍ ഗിയാസുദ്ദീന്‍ ബാല്‍ബനും മുന്‍ഗാമിയെ മാതൃകയാക്കി. പ്രജകളെ മര്‍ദിച്ചതിന്റെ പേരില്‍ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ അദ്ദേഹം നടപടിയെടുക്കുമായിരുന്നു. ഒരിക്കല്‍ ബദായൂനിലെ ഗവര്‍ണര്‍ അയാളുടെ ഭൃത്യനെ കൊലപ്പെടുത്തിയതായി സുല്‍ത്താന് പരാതി ലഭിച്ചു. അന്വേഷണത്തില്‍ ഗവര്‍ണര്‍ കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ സുല്‍ത്താന്‍ ഗവര്‍ണര്‍ക്ക് വധശിക്ഷ നല്‍കി. നീതിക്കും നിയമത്തിനും മുന്നില്‍ ഉറ്റ ബന്ധുക്കള്‍ക്കോ അടുത്ത സുഹൃത്തുകള്‍ക്കോ പോലും ഇളവ് ലഭിച്ചിരുന്നില്ല. മറ്റൊരിക്കല്‍ ബാല്‍ബന്റെ അടുത്ത സുഹൃത്തായിരുന്ന ഹൈബത്ത് ഖാന്‍ നിസ്സാരമായ തെറ്റിന്റെ പേരില്‍ ഒരാളെ വധിച്ചു. ബാല്‍ബന്‍ ആളെ 500 അടി അടിച്ച ശേഷം കൊല്ലപ്പെട്ടവരുടെ അവകാശികള്‍ക്ക് വിട്ടു കൊടുത്തു. ബോധം തെളിഞ്ഞാല്‍ ഹൈബത്ത് ഖാനെ വധിക്കാന്‍ വരെ ബന്ധുക്കള്‍ക്ക് അധികാരം നല്‍കുകയുണ്ടായി. ബാല്‍ബന്റെ നോട്ടത്തില്‍ ഭരണാധികാരിയുടെ പ്രധാന ചുമതല നീതിനിര്‍വഹിക്കുക എന്നതായിരുന്നു. അതുകൊണ്ടാണ് എത്ര വലിയ ഉദ്യോഗസ്ഥനാണെങ്കിലും മുഖം നോക്കാതെ നടപടിയെടുത്തത്.
സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ഭരണവും നീതിന്യായ വ്യവസ്ഥയുടെ മഹിത മാതൃകകളാല്‍ സമ്പന്നമാണ്. താന്‍ കോടതിയില്‍ ഹാജരാകുമ്പോള്‍ ബഹുമാനസൂചകമായി എഴുന്നേല്‍ക്കരുതെന്ന് ഖാദിയോട് അദ്ദേഹം കല്‍പിക്കുകയുണ്ടായി. നീതിപീഠത്തിന്റെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയായിരുന്നു ആ ഉത്തരവ്. ഒരിക്കല്‍ ദല്‍ഹിയിലെ ഹിന്ദു മതവിശ്വാസിയായ ഒരു പൗര പ്രമുഖന്‍ സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലകിനെതിരെ കോടതിയില്‍ പരാതി നല്‍കി. തന്റെ സഹോദരനെ സുല്‍ത്താന്‍ അകാരണമായി വധിച്ചു എന്നായിരുന്നു പരാതി. ഉടന്‍ തന്നെ സുല്‍ത്താനോട് കോടതിയില്‍ ഹാജരാവാന്‍ ഖാദി ഉത്തരവിട്ടു. സുല്‍ത്താന്‍ കോടതിയില്‍ ഹാജരായി. സുല്‍ത്താന് പ്രത്യേക പരിഗണനയൊന്നും നല്‍കാതെ ഖാദി ഇരുവരെയും വിസ്തരിച്ചു. വാദങ്ങള്‍ കേട്ടു കഴിഞ്ഞ ശേഷം ഖാദി സുല്‍ത്താനോട് 'മറുകക്ഷിക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നില്ലെങ്കില്‍ താങ്കള്‍ക്കെതിരെ എനിക്ക് വിധി പറയേണ്ടിവരും' എന്ന് ഉണര്‍ത്തുകയുണ്ടായി. ഖാദിയുടെ ശാസനപ്രകാരമുള്ളതെല്ലാം ചെയ്ത ശേഷമാണ് മുഹമ്മദ് ബിന്‍ തുഗ്ലക് കോടതിയില്‍നിന്ന് മടങ്ങിയത്.
അദ്ദേഹത്തിന് നീതിന്യായ വ്യവസ്ഥയോടുള്ള പ്രതിബദ്ധതക്ക് മികച്ച ഉദാഹരണമായി മറ്റൊരു സംഭവത്തിനും ഇബ്‌നു ബത്തൂത്ത ദൃക്‌സാക്ഷിയായി. ഇത്തവണ ഒരു രാജകുമാരനായിരുന്നു സുല്‍ത്താനെതിരെ പരാതി നല്‍കിയത്. രാജകുമാരനെ സുല്‍ത്താന്‍ അകാരണമായി മര്‍ദിച്ചു എന്നായിരുന്നു പരാതി. കേസ് വിസ്താരത്തില്‍ രാജകുമാരന്റെ പരാതിയില്‍ ന്യായമുണ്ടെന്ന് ഖാദിക്ക് ബോധ്യമായി. കേസിന്റെ വിധിയില്‍ രാജകുമാരന്‍ അംഗീകരിക്കുകയാണെങ്കില്‍ നഷ്ടപരിഹാരത്തുക നല്‍കി കേസ് ഒത്തുതീര്‍ക്കാമെന്നും അല്ലെങ്കില്‍ പ്രതികാര നടപടിക്ക് വിധേയനാവേണ്ടിവരുമെന്നും പ്രസ്താവിച്ചു. സുല്‍ത്താന്‍ ആ രാജകുമാരനെ വിളിച്ച് ഒരു ചൂരല്‍വടി കൊടുത്തിട്ട് പറഞ്ഞു: 'ഞാന്‍ താങ്കളെ അടിച്ചതുപോലെ എന്നെയും അടിച്ചുകൊള്ളുക.' രാജകുമാരന്‍ സുല്‍ത്താനെ 21 അടി അടിച്ചുവത്രെ. അടിയുടെ ശക്തിയില്‍ സുല്‍ത്താന്റെ തൊപ്പി തെറിച്ചുപോയതായി ഇബ്‌നു ബത്തൂത്തയുടെ വിവരണത്തിലുണ്ട്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (23)
ടി.കെ ഉബൈദ്‌

ഹദീസ്‌

ചെയ്യാതെ പോയ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്