Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 10

3147

1441 ശഅ്ബാന്‍ 16

നീതിന്യായ വ്യവസ്ഥ അരാജകത്വത്തിനും നിയമവാഴ്ചക്കുമിടയില്‍

പി.പി അബ്ദുര്‍റസാഖ്

ഒരു ജനാധിപത്യ രാജ്യത്തെ എക്സിക്യൂട്ടീവിനും ലെജിസ്ലേച്ചറിനും മീഡിയക്കും പൗരസമൂഹത്തിനുമിടയില്‍ മധ്യമ സ്തംഭമായി സംരക്ഷിച്ചു നിര്‍ത്തുന്ന ഭരണഘടനാ സ്ഥാപനമാണ് സ്വതന്ത്ര ജുഡീഷ്യറി. നാഗരികവും സംസ്‌കൃതവുമായ ഏതൊരു രാജ്യത്തിന്റെയും മുഖമുദ്ര നിയമത്തിനു മുമ്പില്‍ എല്ലാവരെയും തുല്യരായി കണ്ടുകൊണ്ടുള്ള നീതിനിര്‍വഹണത്തിലാണ് കുടികൊള്ളുന്നത്. അനീതിക്കിരയാകുന്നു എന്ന ബോധം തന്നെ നീക്കം ചെയ്യുന്നതിലൂടെയാണ് ഓരോ ന്യായാധിപനും സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമാകുന്നത്. അനീതിക്കിരയാകുന്നു എന്ന ബോധമാണ് ഏതൊരു രാജ്യത്തും സാമൂഹികമായ അസ്വസ്ഥതകള്‍ക്ക് മുഖ്യ കാരണം. അതുകൊണ്ടുതന്നെ അരാജകത്വത്തിനും നിയമവാഴ്ചക്കുമിടയിലെ കവാടമാണ് ജഡ്ജിമാരും കോടതികളും. രാഷ്ട്രീയമായി ദുര്‍ബലരായ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശസംരക്ഷകരും കോടതികള്‍ തന്നെയാണ്.
ഫ്രഞ്ച് രാഷ്ട്രമീമാംസകനും ജൂറിസ്റ്റുമായിരുന്ന മോണ്ടെസ്‌ക്യു ആണ് അധികാരങ്ങളുടെ വിഭജനം (സെപ്പറേഷന്‍ ഓഫ് പവേഴ്‌സ്) എന്നതിന്  ആദ്യമായി ഒരു ആശയ ചട്ടക്കൂടൊരുക്കിയത്. അധികാരം ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഭരണകൂടം വിഭിന്നങ്ങളായ  സ്വയംഭരണ അധികാര കേന്ദ്രങ്ങളിലൂടെ നിയന്ത്രിക്കപ്പെടണമെന്നതു കൂടിയാണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.  ഭരണകൂടത്തിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിന്റെ പണി ചെയ്യാതിരിക്കുക, ഒരു ഭാഗം മറ്റൊരു ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയോ അതില്‍ ഇടപെടുകയോ ചെയ്യാതിരിക്കുക, സ്റ്റേറ്റിന്റെ വിഭിന്ന എസ്റ്റേറ്റുകളില്‍ ഒരു വ്യക്തിയും ഒന്നില്‍ കൂടുതല്‍ ഘടകത്തിന്റെ ഭാഗമായി  മാറാതിരിക്കുക എന്നതൊക്കെ അധികാരങ്ങളുടെ വിഭജനം കൊണ്ട് ഉദ്ദേശിക്കുന്ന ഭരണഘടനാപരമായ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ അനിവാര്യമാണ്.
അഴിമതിയില്‍ മുങ്ങിയിരുന്ന കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ക്കു അഴിമതി കൂടാതെത്തന്നെ നിരവധി ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഒരു കാര്യം സമ്മതിച്ചേ പറ്റൂ.  അടിയന്തരാവസ്ഥയുടെ കരാളദിനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളുടെ അഖണ്ഡതയെയും വിശ്വാസ്യതയെയും ബാധിക്കുന്ന ഗുരുതരമായ ഒന്നും അവര്‍ ചെയ്തിരുന്നില്ല. മോദിയുടെ ആറു വര്‍ഷത്തെ ഭരണം ആസൂത്രണ കമീഷന്‍, ഇലക്ഷന്‍ കമീഷന്‍, ജുഡീഷ്യറി, സി.ബി.ഐ, ആര്‍.ബി.ഐ എന്നു വേണ്ട സകല ഭരണഘടനാ സ്ഥാപനങ്ങളുടെയും വിശ്വാസ്യത വലിയ തോതില്‍ നഷ്ടപ്പെടുത്തിയിരിക്കന്നു. ഇപ്പോള്‍ ഇന്ത്യാ രാജ്യത്ത് ജനാധിപത്യ ഭരണഘടന ഉറപ്പുവരുത്താന്‍ ആവശ്യപ്പെടുന്ന അധികാര വിഭജനത്തിനു പകരം  അവക്കിടയിലെ സഹകരണത്തിന്റെ തലവും വിട്ട് ജുഡീഷ്യറി ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ റോള്‍ കൊളോണിയല്‍ കാലത്തുണ്ടായിരുന്നതിനു സമാനമായിത്തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭരണഘടന തന്നെയില്ലാതിരുന്ന, ഭരിക്കപ്പെടുന്നവന്റെ മൗലികാവകാശങ്ങള്‍ സംബന്ധിച്ചോ സ്വതന്ത്ര ജുഡീഷ്യറിയെ സംബന്ധിച്ചോ ഒരു വിഭാവനയും ഇല്ലാതിരുന്ന, വെറും ക്രമ സമാധാന പാലനത്തില്‍ മാത്രം ശ്രദ്ധിച്ച കൊളോണിയല്‍ കാലത്ത് ജുഡീഷ്യറിയുള്‍പ്പെടെയുള്ള സകല സ്ഥാപനങ്ങളും സാമ്രാജ്യത്വ ശക്തിയുടെ അധികാരം അരക്കിട്ടുറപ്പിക്കാനുള്ള എക്സിക്യൂട്ടീവിന്റെ വെറും ചട്ടുകങ്ങളായിരുന്നു. സ്വാതന്ത്ര്യാനന്തരവും ജുഡീഷ്യറി പല രൂപേണ എക്സിക്യൂട്ടീവിനാല്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് തുടര്‍ന്നിരുന്നു.  പൗരന്മാര്‍ക്കിടയിലുള്ള സിവില്‍ - ക്രിമിനല്‍ വിഷയങ്ങളില്‍ ആവശ്യമായ ബാലന്‍സ് പുലര്‍ത്തുന്ന ജുഡീഷ്യറിക്ക്, പൗരന്മാരും സ്റ്റേറ്റും ഉള്‍പ്പെട്ട വിഷയങ്ങളിലും സ്റ്റേറ്റിന്റെ തന്നെ വിവിധ ഘടകങ്ങള്‍ക്കിടയിലും പലപ്പോഴും സന്തുലനം നിലനിര്‍ത്താന്‍  സാധിക്കാതെ പോകുന്നതിനു പിന്നിലെ കാണാച്ചരട് എക്സിക്യൂട്ടീവ് ജുഡീഷ്യറിയുടെ മേല്‍ നടത്തുന്ന ഇടപെടലുകളും നേരിട്ടോ അല്ലാതെയോ ചെലുത്തുന്ന  സ്വാധീനങ്ങളും തന്നെയാണ്. ഇതിന് വേണ്ടത്ര ഉദാഹരണങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്. 
അഫ്സല്‍ ഗുരു, യാഖൂബ് മേമന്‍ വധശിക്ഷകള്‍, ജെ.എന്‍.യുവിലെ നജീബിന്റെ തിരോധാനം സംബന്ധിച്ച കേസ് ക്ലോസ് ചെയ്യാന്‍ സി.ബി.ഐ കോടതി തീരുമാനിച്ചത്, ജ. ലോയ വധക്കേസ് അന്വേഷിക്കേണ്ടതേയില്ല എന്ന് സുപ്രീം കോടതി വിധിച്ചത്, ഹാദിയ കേസിലെ കേരള  ഹൈക്കോടതി വിധി, മേഘാലയ ഹൈക്കോടതി ജഡ്ജി സുദീപ് രഞ്ജന്‍ സെന്നിന്റെ ഇന്ത്യ ഹിന്ദു രാജ്യമാകണമായിരുന്നുവെന്ന വിധിപരാമര്‍ശം, മോദിയുടെ സുപ്രീം കോടതി സന്ദര്‍ശനത്തിനു ശേഷം റാഫേല്‍ കേസില്‍ സംഭവിച്ചത്, സൊഹ്‌റാബുദ്ദീന്‍, കൗസര്‍ബി, തുളസി പ്രജാപതി കേസുകളില്‍ ആദ്യം അമിത് ഷായെയും പിന്നീട് എല്ലാവരെയും കുറ്റ വിമുക്തമാക്കിക്കൊണ്ടുള്ള സി.ബി.ഐ കോടതിയുടെ വിധി, ഹൈദറാബാദ് മെട്രോ പൊളിറ്റന്‍ സെഷന്‍ ജഡ്ജി രവീന്ദ്രന്‍ റെഡ്ഡി മക്ക മസ്ജിദ് സ്‌ഫോടനത്തിലെ അസീമാനന്ദയുള്‍പ്പെടെ മുഴുവന്‍ ഹിന്ദുത്വ പ്രതികളെയും കുറ്റവിമുക്തരാക്കി വിധി പറഞ്ഞ ശേഷം രാജിവെച്ചത്, മാലെഗോണ്‍ സ്ഫോടന കേസിലെ മുഖ്യപ്രതിയായ സ്വാധി പ്രഗ്യാ താക്കൂറിനു മുംബൈ കോടതി ജാമ്യം നല്‍കിയതും 2016-ല്‍ എന്‍.ഐ.എ കോടതി ആ കേസ് തന്നെ വേണ്ടെന്ന് വെച്ചതും, 2017-ല്‍ കേണല്‍ പുരോഹിതിനെ മുംബൈ കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തിരസ്‌കരിച്ചത് റദ്ദ് ചെയ്തുകൊണ്ട് സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതും മോചിപ്പിച്ചതും,  സഞ്ജീവ് ഭട്ടിന്റെ കേസ് ഭരണകൂട താല്‍പര്യങ്ങള്‍ക്കനുസരിച്ച് നീട്ടിക്കൊണ്ടുപോകുന്നത്,  മനുഷ്യാവകാശ പ്രവര്‍ത്തകരെയും അക്കാദമീഷ്യന്‍സിനെയും അറസ്റ്റു ചെയ്ത ഭീമ കൊറീഗന്‍ കേസിലെ മുംബൈ ഹൈക്കോടതി വിധി, വിചാരണത്തടവുകാരായി കഴിയുന്ന ആയിരങ്ങളുടെ കേസുകള്‍, മഅ്ദനിയുമായി ബന്ധപ്പെട്ട വിചാരണകേസ് അന്തിമമായി തീരുമാനമാകാതെ അനന്തമായി നീളുന്നത്  എന്നിവ  ഈ പ്രവണതയിലേക്കു വിരല്‍ചൂണ്ടുന്ന നിരവധി ഉദാഹരണങ്ങളില്‍ ചിലതു മാത്രമാണ്. നിലവില്‍ സുപ്രീം കോടതി വിധിയിലൂടെ തന്നെ നിരോധിതമായിത്തീര്‍ന്ന മുത്ത്വലാഖ് ക്രിമിനല്‍ നിയമ  വിഷയത്തില്‍  ഇരുപത് പൊതു താല്‍പര്യ ഹരജി ലഭിച്ച സുപ്രീം കോടതി മറുപടിക്കു സമയ പരിധി നിശ്ചയിക്കാതെ കേന്ദ്രത്തിനു നോട്ടീസ് അയച്ചിട്ട്  എട്ടു മാസം  പിന്നിട്ടു. 
ഇന്ത്യന്‍ ജുഡീഷ്യറി സംവിധാനത്തിന്റെ പ്രതിഛായ  ലോകത്തിനു മുമ്പില്‍ വളരെയേറെ കളങ്കപ്പെടുത്തിയ വിധിയായിരുന്നു ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി നല്‍കിയത്.  ആ വിഷയത്തില്‍ നല്‍കപ്പെട്ട  19 റിവ്യൂ ഹരജികളില്‍  ഒന്ന് പോലും സുപ്രീം കോടതി പരിഗണിക്കുകയുണ്ടായില്ല. ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കിയതുമായും, ജമ്മു - കശ്മീരിലെ രാഷ്ട്രീയ നേതാക്കളെയും മുന്‍ മുഖ്യമന്ത്രിമാരെയും  മാസങ്ങളായി തടവില്‍വെച്ചതിനെതിരായും പൗരത്വ ഭേദഗതി നിയമവുമായും ബന്ധപ്പെട്ട ഹരജികളില്‍ ഒരു തീരുമാനവും പറയാതെ പരമാവധി നീട്ടിക്കൊണ്ടുപോയി, വിഷയം തണുപ്പിച്ചിടുന്ന നിലപാടാണ് നിര്‍ഭാഗ്യവശാല്‍ സുപ്രീം കോടതി സ്വീകരിച്ചത്.  
നമ്മുടെ കോടതികള്‍  വിധി നല്‍കാതിരിക്കുന്നതിലും  നല്‍കുന്ന വിധികളിലുമുള്ള ആന്തരാര്‍ഥങ്ങളും അതിനു എക്സിക്യൂട്ടീവുമായുള്ള അന്തര്‍ധാരകളും മനസ്സിലാക്കാന്‍  മുകളില്‍ പറഞ്ഞ കേസുകള്‍ തന്നെ പഠനവിധേയമാക്കിയാല്‍ മതിയാവും. അടുത്ത കാലത്തെ ഹര്‍ദിക് പട്ടേല്‍, റാഫേല്‍, അലോക് വര്‍മ കേസുകളുമായി ബന്ധപ്പെട്ട കോടതിവിധികളും അവയുടെ ക്രോണോളജിയും  കൂടി പഠിച്ചു നോക്കുക.  ആ കേസുകള്‍ വ്യത്യസ്ത സമയങ്ങളില്‍ പരിഗണിക്കുന്നതിലെ കോടതികളുടെ ശുഷ്‌കാന്തിയും ശുഷ്‌കാന്തിയില്ലായ്മയും ചെറിയൊരു  വിശകലനത്തിനു വിധേയമാക്കിയാല്‍ തന്നെ നമ്മുടെ ജുഡീഷ്യല്‍ സംവിധാനം ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് അനുഭവിക്കുന്ന സമ്മര്‍ദവും അതിലേറെ ഭരണകൂടത്തിനോട് ജുഡീഷ്യറി കാണിക്കുന്ന വിധേയത്വവും ബോധ്യപ്പെടും.   ഏതവസ്ഥയിലും സ്വഭാവത്തിലുമായാലും കോടതികളുടെ സമീപനങ്ങളില്‍നിന്ന്  നമുക്ക് നിരീക്ഷിക്കാന്‍ സാധിക്കുക, നിലവിലെ ഭരണകൂടങ്ങളുടെ താല്‍പര്യങ്ങള്‍ അവയെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കുന്നു എന്നതാണ്. 
അലോക് വര്‍മ വിഷയത്തില്‍ നടപടിക്രമം പാലിക്കാതെയാണ് ആദ്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുത്തത് എന്ന് കോടതി തന്നെ സമ്മതിച്ചതായിരുന്നു. ആ തെറ്റായ നടപടിക്രമത്തിലൂടെ ഒരു ഉദ്യോഗസ്ഥനെ മാറ്റിയ വിഷയത്തില്‍  പ്രധാനമന്ത്രിയെ കോടതി ശാസിക്കുകയുണ്ടായോ? ഇല്ല. കോടതി വ്യംഗ്യമായി ചോദിച്ചത്,  തെറ്റായ നടപടിക്രമങ്ങളിലൂടെ തെറ്റായ തീരുമാനം എടുക്കുന്നതിനു പകരം ശരിയായ നടപടിക്രമം പാലിച്ചു തെറ്റായ തീരുമാനം എടുത്തുകൂടേ എന്നാണെന്നു പോലും തോന്നിപ്പോകും അലോക് വര്‍മ വിഷയത്തിലെ വിധി വായിച്ചാല്‍. സുപ്രീം കോടതിയില്‍ നീതി തേടിയെത്തിയ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനു ഉണ്ടായ അനുഭവമാണിത്. പിന്നെ മറ്റുള്ളവരുടെ കാര്യം പറയാതിരിക്കുന്നതാവും നല്ലത്. എക്സിക്യൂട്ടീവിനും അതിന്റെ തലവനുമെതിരെ നീതിയുടെ തറയില്‍നിന്നുകൊണ്ട് വിധിപറഞ്ഞാല്‍, അങ്ങനെ വിധിപറയുന്നവര്‍ക്കും അലോക് വര്‍മയുടെ ഗതി തന്നെയാണ് സംഭവിക്കുകയെന്ന് നന്നായി അറിയാവുന്നതു കൊണ്ടുകൂടിയായിരിക്കണം നമ്മുടെ കോടതികള്‍ എക്സിക്യൂട്ടീവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇങ്ങനെ പെരുമാറുന്നത്. ജസ്റ്റിസ് ലോയക്ക് സംഭവിച്ചതെന്ത് എന്നതിലെ ദുരൂഹത നമ്മുടെ ജഡ്ജിമാരെ ചകിതരാക്കുന്നുണ്ടോ എന്നതും ചിന്തനീയമാണ്. പിന്നെ ഭയത്തിനു കീഴടങ്ങുന്നു എന്ന് തോന്നിക്കുന്നതിലും നല്ലത്  റിട്ടയര്‍മെന്റ് കഴിഞ്ഞുള്ള ഭരണകൂടത്തിന്റെ ഓഫറുകള്‍ക്കൊത്ത് നീങ്ങലാണ് എന്നും ജഡ്ജിമാര്‍ കരുതുന്നുണ്ടാവണം.
ഫെബ്രുവരി അവസാന വാരത്തില്‍ ഉണ്ടായ  ദല്‍ഹി കലാപത്തില്‍  ബി.ജെ.പി നേതാക്കളുടെ വിഷലിപ്ത പ്രസംഗങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കുമുള്ള പങ്കിനെതിരെയും  പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെയും നിലപാട് എടുത്തുകൊണ്ട് ഒരൊറ്റ ദിവസം കൊണ്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ദല്‍ഹി പോലീസിനോട്  ഉത്തരവിട്ട  ജസ്റ്റിസ് മുരളീധറിനെ ആ ദിവസം പാതിരാത്രി തന്നെ  തൊട്ടടുത്ത ദിവസം ജോയിന്‍ ചെയ്യുക എന്ന ആജ്ഞയോടെ പഞ്ചാബ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതും, കേസ്  ജസ്റ്റിസ് ഡി.എന്‍ പട്ടേലിന്റെ  ബെഞ്ചിലേക്ക് മാറ്റിയതും തൊട്ടടുത്ത ദിവസം തന്നെ കോടതി ദല്‍ഹി പൊലീസിന് എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നാലാഴ്ച സമയം അവധി നല്‍കിയതുമെല്ലാം കാണിക്കുന്നത് കോടതി വ്യവഹാരത്തിലെ എക്സിക്യൂട്ടീവിന്റെ അവിഹിത ഇടപെടലുകളെയാണ്. 
പക്ഷപാതിത്വം കൊണ്ട് അന്ധനായിട്ടില്ലാത്ത ഏതൊരു രാജ്യസ്നേഹിയായ പൗരനെയും അസ്വസ്ഥനാക്കുന്ന  ചില  ഉദാഹരണങ്ങളാണ് ചൂണ്ടിക്കാണിച്ചത്.  ഇത്തരം കേസുകളിലെ വിധികളെ  ഒറ്റപ്പെട്ടു കാണുന്നതിന് പകരം, അവയോരോന്നിനെയും പരസ്പരം ബന്ധിപ്പിക്കാന്‍ ശ്രമിക്കുക. കൃത്യമായ ഡിസൈനും പാറ്റേണും നമുക്കവിടെ കാണാം. കോടതികളില്‍നിന്ന് നീതി ലഭിക്കുന്നില്ലെങ്കില്‍ ഏതൊരു പൗരനും ഏറെ അസ്വസ്ഥപ്പെടും; അസ്വസ്ഥപ്പെടണം. ആ നീതിനിഷേധം  നിരന്തരമായി, കൃത്യമായ പാറ്റേണില്‍ ആണ് സംഭവിക്കുന്നതെങ്കില്‍, നമ്മുടെ നീതിന്യായ വ്യവസ്ഥയെ ബാധിച്ച ഗുരുതര രോഗത്തെയാണ് അത് കാണിച്ചു തരുന്നത്.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അക്കാദമീഷ്യന്‍സ്,  ഭരണകൂടത്തിന്റെ കിരാതത്വത്തിനെതിരെ ശബ്ദിക്കുന്നവര്‍, ദലിത് - ന്യൂനപക്ഷ വിഭാഗങ്ങളിലെ പതിനായിരക്കണക്കായ വിചാരണത്തടവുകാര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട  കേസുകള്‍  അന്തിമമായി തീരുമാനമാകാതെ അനന്തമായി നീളുകയും, മറുവശത്ത് ഫാഷിസ്റ്റ് ഭീകരരുടെ ഏതാണ്ടെല്ലാ കേസുകളും ജാമ്യം നല്‍കി പരമാവധി വലിച്ചുനീട്ടിയ ശേഷം റദ്ദ് ചെയ്യപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.    68 പേര്‍ മരിക്കാനിടയായ സംജോത എക്സ്പ്രസ്സ് സ്ഫോടന കേസില്‍ അസിമാനന്ദയുള്‍പ്പെടെ അഞ്ച് പ്രതികളെയും വെറുതെ വിട്ട വിധി ഈ രൂപത്തില്‍ കൈകാര്യം ചെയ്യപ്പെട്ട കേസുകളിലൊന്നാണ്.
നാല്‍പതിലേറെ ആളുകള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടാനിടയായ വ്യാപം അഴിമതി കേസ്  അന്വേഷണം മോദി അധികാരത്തില്‍ വന്ന ശേഷം സുപ്രീം കോടതി 2015  ജൂലൈയില്‍ മോദിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.ഐയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു. 2017 ഫെബ്രുവരി 13-ലെ വിധിയില്‍ വ്യാപവുമായി ബന്ധപ്പെട്ട മുഴുവന്‍ സംഭവങ്ങളെയും ഒരു വന്‍ കുംഭകോണമായി (രെമാ) വിശേഷിപ്പിച്ച സുപ്രീം കോടതി ആ വിഷയത്തില്‍ ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 142  പ്രയോഗിക്കാന്‍ വിസമ്മതിച്ചു. മോദിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.ഐ വേണ്ടത്ര കാര്യക്ഷമമായ  അന്വേഷണം  നടത്തി കുറ്റക്കാരെ തെളിവ് സഹിതം കോടതിക്ക് മുമ്പില്‍ കൊണ്ടുവരാതിരുന്ന പശ്ചാത്തലത്തില്‍ അധികാര സ്ഥാനത്തിരുന്ന മിക്കവാറും സംഘ് പരിവാറുകാരും തീരെ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. ജൂനിയര്‍ തലങ്ങളില്‍ പ്രവര്‍ത്തിച്ച വെറും അഞ്ചു പേര്‍ക്ക് ചുരുങ്ങിയ വര്‍ഷങ്ങളിലെ തടവും ഏഴായിരം രൂപ പിഴയുമാണ് സി.ബി.ഐ കോടതി ഇതുവരെ നല്‍കിയ ശിക്ഷ.  മോദിക്കും ഇതര രാഷ്ട്രീയക്കാര്‍ക്കും മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറ ബിര്‍ള ഗ്രൂപ്പ് കൈക്കൂലി നല്‍കിയെന്ന കേസ് അന്വേഷിക്കാനുള്ള അപേക്ഷ 2017- ല്‍ സുപ്രീം കോടതി തള്ളുകയാണ് ചെയ്തത്. 2002-ലെ ഗുജറാത്ത് വംശഹത്യയില്‍ നശിപ്പിക്കപ്പെട്ട മതസ്ഥാപനങ്ങള്‍  പുനര്‍നിര്‍മിക്കാനോ റിപ്പയര്‍ ചെയ്യാനോ കല്‍പിച്ചുകൊണ്ട് 2012-ലെ ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ച ഓര്‍ഡര്‍  ഗുജറാത്ത് ഭരണകൂടത്തിന്റെ വാദം ശരിവെച്ചുകൊണ്ട്  2017 സെപ്റ്റംബര്‍ ആദ്യത്തില്‍ സുപ്രീം കോടതി റദ്ദ് ചെയ്യുകയായിരുന്നു. 2018 ഏപ്രില്‍ മാസത്തില്‍ നരോദാപാട്യ കൂട്ടക്കൊലയില്‍ പ്രതിയായ ഗുജറാത്തിലെ മുന്‍മന്ത്രി മായാ കോഡ്‌നാനിയെ കുറ്റവിമുക്തയാക്കി ഗുജറാത്ത് ഹൈക്കോടതി വിധിച്ചു.  അതേ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗി 'ഭാര്യക്കു സുഖമില്ലാത്തതി'നാല്‍ മിക്കവാറും നേരങ്ങളില്‍ പരോളില്‍ കുടുംബത്തോടൊപ്പം ജീവിക്കുകയായിരുന്നു.  ഇനി ജയിലില്‍ ജീവിച്ചിരുന്ന സമയത്ത് കണ്ണിന് കാഴ്ച നഷ്ടപ്പെടുന്നുവെന്ന കാരണത്താല്‍ ബജ്‌റംഗിക്ക് ഒരു സഹായിയെയും കോടതി നിശ്ചയിച്ചു കൊടുത്തിട്ടുണ്ടായിരുന്നു!  കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഏഴിന്  ബാബു ബജ്‌റംഗി അസുഖബാധിതനാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കൂടി ബോധിപ്പിച്ചതിനെ തുടര്‍ന്ന്  സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി കല്‍പിച്ചു.  മറുവശത്ത് ഒരു കുറ്റവും ചെയ്തതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത, വെറും കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍, വര്‍ഷങ്ങളായി വിചാരണത്തടവുകാരായി കഴിയുന്ന, ഗുരുതര രോഗബാധിതരായ ആളുകള്‍ അവര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരാണ് എന്ന ഒരൊറ്റ കാരണത്തിന്റെ പേരില്‍ ഇപ്പോഴും ജയിലില്‍ കഴിയുന്നു. ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ് മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട്ഹിന്ദുത്വ ഭീകരര്‍ക്കെതിരെയുള്ള 131  കേസുകള്‍ പിന്‍വലിക്കാന്‍ യു.പിയിലെ യോഗി സര്‍ക്കാര്‍ നടപടി സ്വീകരിച്ച കാര്യം.  
നാഷ്‌നല്‍ ക്രൈം ബ്യൂറോയുടെ കണക്കനുസരിച്ച് ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള അറുപതിനായിരത്തോളം യുവാക്കള്‍ വര്‍ഷങ്ങളായി വിചാരണത്തടവുകാരായി (ഇന്ത്യ ടുഡേ, ഏപ്രില്‍ 27, 2016) കഴിയുന്നുണ്ട്. 2005-ല്‍ ദീപാവലി ദിവസം ദല്‍ഹിയില്‍ ഉണ്ടായ സ്ഫോടനത്തിന്റെ പേരില്‍ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ് റഫീഖിനെ 12  വര്‍ഷം കഴിഞ്ഞാണ് കുറ്റവിമുക്തനാക്കിയതെങ്കില്‍, ഇങ്ങ് പരപ്പനങ്ങാടിയിലെ സകരിയ്യ 12 വര്‍ഷമായി ഇപ്പോഴും വിചാരണത്തടവുകാരനായി കഴിയുകയാണ്. ദല്‍ഹിയില്‍ ദീപാവലി ദിവസം സ്ഫോടനം നടക്കുമ്പോള്‍ കശ്മീര്‍ യൂനിവേഴ്സിറ്റിയിലെ ക്ലാസ് റൂമിലുണ്ടായിരുന്ന കുട്ടിയായിരുന്നു മുഹമ്മദ് റഫീഖ് എങ്കില്‍, തിരൂരില്‍ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന സകരിയ്യയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത് ബാംഗ്ലൂര്‍ സ്ഫോടനത്തിന് സാങ്കേതിക സഹായം നല്‍കിയെന്ന് ആരോപിച്ചായിരുന്നു. മുക്കത്തെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ യഹ്യ കമ്മുക്കുട്ടിയെ നിരപരാധിയെന്ന് പറഞ്ഞ് മോചിപ്പിച്ചത് ഏഴു വര്‍ഷം തടവിലിട്ട ശേഷമായിരുന്നു. കര്‍ണാടകയിലെ ഫാര്‍മസിസ്റ്റ് വിദ്യാര്‍ഥിയായിരുന്ന നിസാറുദ്ദീന്‍ അഹ്മദ് ടാഡ അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട്  24 വര്‍ഷമാണ് ജയിലില്‍ കിടന്നത്. സംഘ് പരിവാര്‍ ശക്തികള്‍ നടത്തിയ ഹൈദറാബാദ് മക്ക മസ്ജിദ്, മാലിഗോണ്‍, അജ്മീര്‍, സംജോത തുടങ്ങിയ  സ്ഫോടനങ്ങളുടെ പേരില്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട നിരപരാധികളായ മുസ്ലിം യുവാക്കളില്‍ ചിലര്‍ക്ക് നീണ്ട വര്‍ഷങ്ങള്‍ ജയിലില്‍ നരകയാതന അനുഭവിച്ച ശേഷമായിരുന്നു നിരപരാധികളെന്നു പറഞ്ഞ് മോചനം ലഭിച്ചത്. മറ്റു പലരും, സംഘ് പരിവാറുകാരാണ് ഈ സ്ഫോടനങ്ങളൊക്കെ നടത്തിയത് എന്ന് വെളിവായ ശേഷവും ഇപ്പോഴും തടവറകളില്‍ നരകയാതന അനുഭവിച്ച് അവരുടെ ജീവിതം തള്ളിനീക്കുന്നു.
നീതിക്കും ന്യായത്തിനും സഹിഷ്ണുതക്കും സമഭാവനക്കും വേണ്ടി ശക്തമായി നിലകൊണ്ട് ആള്‍ക്കൂട്ട കൊലക്കും അക്രമത്തിനും എതിരെ സംസാരിക്കാന്‍ പോലും മുഴുവന്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികളും ഭയപ്പെടുന്ന സാഹചര്യം ഇന്ത്യ അകപ്പെട്ട ഭീതിദവും ദുരന്തപൂര്‍ണവുമായ സാഹചര്യത്തെ കൃത്യമായും അടയാളപ്പെടുത്തുന്നുണ്ട്. അങ്ങനെ നീതിക്കു വേണ്ടി നിലകൊള്ളുന്ന നിലപാട് സ്വീകരിക്കുന്നത് ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ നഷ്ടപ്പെടുത്തും എന്ന കാരണമാവട്ടെ ദുരന്തത്തിന്റെ ആഴത്തെയാണ് കുറിക്കുന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (23)
ടി.കെ ഉബൈദ്‌

ഹദീസ്‌

ചെയ്യാതെ പോയ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്