Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 10

3147

1441 ശഅ്ബാന്‍ 16

ഭക്ഷണരീതി: ഒരു വിയോജനക്കുറിപ്പ്

ടി. അബ്ദുര്‍റഹ്മാന്‍ തിരൂര്‍ക്കാട്

കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രബോധനത്തില്‍ വന്ന മുഖവാക്കിനെ സി. ജലീസ് മഞ്ചേരി (ലക്കം 3144) വിമര്‍ശിച്ചത് വസ്തുനിഷ്ഠമല്ല. ചൈനീസ് നഗരങ്ങളിലും തെരുവീഥികളിലും ചുറ്റി സഞ്ചരിച്ചാല്‍ ഇത് ബോധ്യമാവും. മനുഷ്യന്‍ വെറുക്കുന്ന ജന്തുക്കളെയും കീടങ്ങളെയും ഭക്ഷണമാക്കുന്നവരായി ഇവരല്ലാതെ മറ്റൊരു സമൂഹമുണ്ടോ എന്ന് സംശയമാണ്. ഹോങ്കോങ്, കാന്റണ്‍, മക്കാവോ, ഗാങ്ടെങ്, ഷാങ്ഹായ്, ബീജിംഗ് തുടങ്ങിയ നഗരങ്ങളെല്ലാം സന്ദര്‍ശിക്കാനും അവിടങ്ങളില്‍ താമസിക്കാനും ഈയിടെ അവസരം ലഭിക്കുകയുണ്ടായി. ഒരാഴ്ചക്കാലത്തെ പര്യടനത്തിനിടയില്‍ ഏറെ അത്ഭുതപ്പെടുത്തിയത് ഇവിടങ്ങളിലെ ഭക്ഷണ സംസ്‌കാരം തന്നെ. വൈകുന്നേരം ആറു മണിയോടെ പ്രധാന തെരുവീഥികളിലെല്ലാം പെട്ടിക്കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു. അവിടത്തെ ഇഷ്ടഭോജനം കമ്പികളില്‍ കുത്തി നിരനിരയായി വെച്ച വറുത്ത എലിക്കുഞ്ഞുങ്ങളും പട്ടിക്കുട്ടികളുടെ വെട്ടിനുറുക്കിയ ഉടലുകളുമാണ്. ആബാലവൃദ്ധം ജനങ്ങള്‍ നിസ്സങ്കോചം അവ കടിച്ചുവലിച്ചുകൊണ്ടിരിക്കുന്നു. കടകളുടെ സമീപം നായ, പൂച്ച, പാമ്പ് എന്നിവയുടെ വളര്‍ത്തുകേന്ദ്രങ്ങളുമുണ്ടായിരിക്കും. ഇഷ്ടമുള്ള മത്സ്യങ്ങളെ വെള്ളക്കെട്ടില്‍നിന്ന് പിടിച്ച് വറുക്കുന്ന നമ്മുടെ നാട്ടിലെ സമ്പ്രദായം പൊലെ, അവിടെ ഈ ജീവികളെ പിടിച്ച് തിളക്കുന്ന എണ്ണയില്‍ മുക്കുന്നതു കാണാം. അപ്പോള്‍ തന്നെ അവയെ വെട്ടിനുറുക്കി ഭക്ഷണവുമാക്കുന്നു. ടെക്സ്റ്റൈല്‍ ഷോപ്പുകളുടെ ചില്ലുകൂടുകളില്‍ വിവിധ മോഡലുകള്‍ പ്രദര്‍ശിപ്പിക്കുന്ന പോലെ മേത്തരം നായ്ക്കുട്ടികളുടെ തലകള്‍ വെട്ടിമാറ്റി പ്രദര്‍ശനത്തിനായി വെച്ചിട്ടുണ്ട്. അവയുടെ ഉടലുകള്‍ തൊട്ടടുത്ത് ഭംഗിയായി കമ്പികളില്‍ കോര്‍ത്തുവെച്ചിരിക്കുന്നു. നല്ല ഇനം പാമ്പുകളുടെ സൂപ്പുകള്‍ ചൈനക്കാര്‍ക്ക് വളരെ പ്രിയമാണ്. അത് ഓജസ്സും ശക്തിയും നല്‍കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. പ്രഭാതഭക്ഷണത്തോടൊപ്പം പാറ്റ, പഴുതാര, കീടങ്ങള്‍ തുടങ്ങിയവ വറുത്ത് കറുമുറാ ഭക്ഷിക്കുന്നതും അവര്‍ക്ക് രസമാണ്.
താമസിച്ചിരുന്ന റൂമുകളില്‍നിന്ന് പ്രഭാതഭക്ഷണത്തിനായി ഞങ്ങള്‍ റസ്റ്റോറന്റിലെത്തിയപ്പോള്‍ ഇതേ അനുഭവമുണ്ടായി. പക്ഷേ എല്ലാറ്റിലും വ്യക്തമായി എഴുതി ലേബല്‍ ഒട്ടിച്ചതിനാല്‍ ആര്‍ക്കും അബദ്ധം പിണയുകയില്ല. ഇപ്പറഞ്ഞതിന് അപവാദമായ പ്രദേശങ്ങളുമുണ്ടായിരിക്കാം. പക്ഷേ, പൊതുവെ ഭക്ഷണസാധനങ്ങളായി കാണുന്നത് ഇവയൊക്കെയാണ്. അവക്ക് ആവശ്യക്കാര്‍ ഏറെയുമാണ്. അതേസമയം 'ഹലാല്‍ ഫുഡ്' എന്നെഴുതിയ ഹോട്ടലുകളും ശ്രദ്ധയില്‍പെട്ടു. അവ നടത്തുന്നത് മുസ്‌ലിംകളാണെന്നാണ് ഒറ്റനോട്ടത്തില്‍ മനസ്സിലാവുന്നത്. അവിടെയും വലിയ തിരക്ക് കാണാം.
വ്യാവസായിക വളര്‍ച്ചയിലും സാങ്കേതിക മികവിലും ചൈനയെ വെല്ലുന്ന രാഷ്ട്രങ്ങള്‍ വിരളമാണ്. ജോലി ചെയ്യാത്ത സ്ത്രീപുരുഷന്മാര്‍ വളരെ കുറവായിരിക്കും. ലോകരാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ പകല്‍ സമയം ശ്മശാനമൂകതയാണ്. ബഹളങ്ങളോ തിരക്കുകളോ കാണാന്‍ സാധ്യമല്ല. എല്ലാവരും തങ്ങളുടെ ജോലിയില്‍ വ്യാപൃതരായിരിക്കും. നമ്മുടെ നാട്ടില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്നും തൊഴിലില്ലായ്മാ വേതനത്തിനും വേണ്ടി കാത്തുനില്‍ക്കുന്ന വയോവൃദ്ധരും ഭിന്നശേഷിക്കാരും അവിടെ കൃത്യമായി ജോലി ചെയ്യുന്നതു കാണാം. പൊതു ബാത്ത്റൂം വൃത്തിയാക്കുക തുടങ്ങിയവയെല്ലാം ഇത്തരക്കാരുടെ ജോലിയാണെന്നാണ് മനസ്സിലാവുന്നത്. സാംസ്‌കാരികമായും മാനുഷികമായും ചൈനക്ക് ഇനിയും ഏറെ സഞ്ചരിക്കാനുണ്ടെന്നാണ് ഈ കുറിപ്പുകാരന്റെ അഭിപ്രായം. 

 

ഹിജ്‌റ പത്താം വര്‍ഷമല്ല

'അദ്ദാസിന്റെ മുന്തിരി; റസൂലിന്റെ പുഞ്ചിരി' എന്ന ചരിത്ര ലേഖനത്തില്‍ (പ്രബോധനം 76/43) വസ്തുതാപരമായ  അബദ്ധങ്ങളുണ്ട്. 'ഹിജ്റ 10-ാം വര്‍ഷമാണ് നബി(സ) ത്വാഇഫിലേക്ക് അഭയം തേടി പോയത്' എന്ന് എഴുതിയ ആ ഒരു വാചകത്തില്‍ തന്നെ രണ്ട് പിഴവുകളുണ്ട്. ഹിജ്റക്കു മുമ്പാണ് നബിയുടെ ത്വാഇഫ് യാത്ര.
നബി ത്വാഇഫിലേക്ക് അഭയം തേടി പോയെന്നാണ് ലേഖകന്‍ പറയുന്നത്. അഭയം തേടുകയെന്നാല്‍ ആശ്രയമോ ശരണമോ തേടുക എന്നാണ് അര്‍ഥം. അങ്ങനെ ഒരു യാത്ര നബി ചെയ്തിട്ടേയില്ല. മറിച്ച്, ത്വാഇഫുകാരില്‍ പ്രതീക്ഷ വെച്ചുള്ള ദൗത്യനിര്‍വഹണത്തിന്റെ യാത്രയായിരുന്നു അത്; പ്രബോധന യാത്ര. അവിടത്തെ മൂന്ന് പ്രമുഖരും നബിയോട് പറഞ്ഞ മറുപടി, താങ്കള്‍ക്ക് അഭയം തരികയില്ല എന്നല്ല, താങ്കളുടെ പ്രബോധന സന്ദേശത്തെ തള്ളിക്കളയുന്നുവെന്നും നഖശിഖാന്തം എതിര്‍ക്കുന്നുവെന്നുമാണ്.
അവരുടെ നിഷേധവും പരിഹാസവും ഇങ്ങനെ:
ഒന്നാമന്‍ (അബ്ദ് യാലൈല്‍) പറഞ്ഞു: 'അല്ലാഹു താങ്കളെ പ്രവാചകനായി നിയോഗിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ കഅ്ബയുടെ വസ്ത്രം മോഷ്ടിക്കും.'
രണ്ടാമന്‍ (ഹബീബ്): 'അല്ലാഹുവില്‍ സത്യം, ഇനി താങ്കളുമായി ഞാന്‍ സംസാരിക്കുകയേ ഇല്ല. താങ്കള്‍ പ്രവാചകനാണെങ്കില്‍ വലിയ സ്ഥാനവും പദവിയുമുള്ള ആളായിരിക്കുമല്ലോ. പിന്നെങ്ങനെ നാം തമ്മില്‍ സംസാരിക്കും?'
മൂന്നാമന്‍ (മസ്ഊദ്): 'താങ്കളെയല്ലാതെ മറ്റാരെയും പ്രവാചകനാക്കാന്‍ കഴിയാത്ത അല്ലാഹു എത്ര കഴിവുകെട്ടവനാണ്!'
(ദലാഇലുന്നുബുവ്വത്, പേ. 103. ഉദ്ധരണം: ഹയാതുസ്സ്വഹാബ, പേ. 532. )
ഹിജ്റയെപ്പറ്റി എഴുതുമ്പോഴും  ലേഖകര്‍, നബിയും സഖാക്കളും പലായനം ചെയ്തുവെന്നും അഭയം തേടിപ്പോയെന്നുമൊക്കെ കുറിക്കാറുണ്ട്. പലായനമെന്നാല്‍, ആശ്രയം തേടിയുള്ള പിന്തിരിഞ്ഞോട്ടം, ഒളിച്ചോട്ടം എന്നൊക്കെയാണ് അര്‍ഥം. അഭയം തേടുക എന്നതിന്റെ മലയാളം ശരണം അര്‍ഥിക്കുക, രക്ഷക്ക് അപേക്ഷിക്കുക എന്നിങ്ങനെയും. അപ്പോള്‍ നബിയുടെയും അനുചരന്മാരുടെയും ഹിജ്റ പലായനമോ, അഭയം തേടിയുള്ള യാത്രയോ അല്ല. അത് ഇസ്ലാമിക പ്രബോധനത്തിനും പ്രയോഗവല്‍ക്കരണത്തിനുമുള്ള ദേശത്യാഗമായിരുന്നു. പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായിരുന്ന സി.പി ശ്രീധരനെ പോലുള്ളവര്‍ ഹിജ്റയെ ദേശത്യാഗം എന്നാണ് വ്യവഹരിച്ചിരുന്നത്.
വാര്‍ത്തയും ലേഖനവും എഴുതും പോലെ ആകരുത് ചരിത്രക്കുറിപ്പുകള്‍. വാക്കുകളും പരാമര്‍ശങ്ങളും കൃത്യവും സൂക്ഷ്മവുമായിരിക്കണം. ഒരുപക്ഷേ, ഭാഷാപരിമിതി നിമിത്തം പദങ്ങള്‍ക്ക് തത്തുല്യ മലയാളം ഇല്ലെങ്കില്‍ അവലംബ ഭാഷയിലെ മൂലപദം തന്നെ ഉപയോഗിക്കുകയാണ് വേണ്ടത്. അത് പിന്നീട് മലയാളത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കൊള്ളും. 

കെ. സുമയ്യ, തിരുവത്ര ചാവക്കാട്

 

കോവിഡ്കാല ചിന്തകള്‍

എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്! എല്ലാം കീഴടക്കി എന്നു പറഞ്ഞ നാം, വളരെ സൂക്ഷ്മമായ ഒരു വൈറസിനു മുമ്പില്‍ ഒന്നുമല്ലാതായിരിക്കുന്നു. സാമ്രാജ്യത്വശക്തികളുടെ കണ്ണുരട്ടലും കൈയൂക്കുള്ളവന്റെ അഹങ്കാരങ്ങളും കാട്ടു നീതിയും... സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി സ്വതന്ത്ര രാജ്യങ്ങളെ അട്ടിമറിക്കലും നാട്ടുകാരെ അഭയാര്‍ഥികളാക്കലും... ഭരണകൂട ഭീകരതകളും ഇരുട്ടിന്റെ ശക്തികളുടെ പ്രതിഭീകരതയും... സ്വന്തം പൗരന്മാരെ അധികാരികള്‍തന്നെ അപരവത്കരിക്കലും വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളും... ദേശത്തിന്റെയും വേഷത്തിന്റെയും ജാതിയുടെയും വിശ്വാസത്തിന്റെയും പേരില്‍ അകറ്റിനിര്‍ത്തലും വേലികെട്ടലും മൃഗീയമായി പീഡിപ്പിക്കലും... നാല്‍ക്കാലിയുടെ പേരില്‍ പോലും തല്ലിക്കൊല്ലലും പിഞ്ചുപൈതങ്ങളില്‍ പോലും കാമഭ്രാന്ത് കത്തിപ്പടരലും.... എല്ലാം നഷ്ടപ്പെട്ട, നിരാലംബരായ സ്ത്രീകളുടെയും അനാഥമാക്കപ്പെട്ട ബാല്യങ്ങളുടെയും ഹതാശരായ വൃദ്ധജനങ്ങളുടെയും നിലവിളികളും.... ഏകനായ പ്രപഞ്ച സ്രഷ്ടാവിന് പ്രണാമം ചെയ്യുന്നിടം ഇടിച്ചു നിരത്തലും മാനവ മാര്‍ഗദര്‍ശനമായി ലഭിച്ച ദിവ്യവചനങ്ങള്‍ ചുട്ടുകരിക്കലും.... ദുര മൂത്തുമൂത്ത്, ജീവിക്കുന്ന മണ്ണും വിണ്ണും വിഷം കലക്കിയും തകര്‍ത്തെറിഞ്ഞും പ്രകൃതിയെ നശിപ്പിക്കലും... 
പാവപ്പെട്ടവന്‍ എന്നും പാവപ്പെട്ടവനും പണക്കാരന്‍ വീണ്ടും വീണ്ടും കോടീശ്വരനുമാകുന്ന വൈകൃത തത്ത്വശാസ്ത്രം നാം പടച്ചുണ്ടാക്കി. അഴിമതിയും സ്വജന പക്ഷപാതിത്വവും മുഖമുദ്രയാക്കി. കള്ളവും ചതിയും പൂഴ്ത്തിവെപ്പും വിഷയമല്ലാതായി. മനുഷ്യബന്ധങ്ങളെ തകര്‍ത്തെറിയുന്ന മദ്യം വലിയ വരുമാനമാര്‍ഗമായി! പണത്തിനു മുമ്പില്‍, പാരിതോഷികങ്ങള്‍ക്കു പിന്നില്‍, മര്‍ദിതന്റെ അവസാന പ്രതീക്ഷയായ നീതിപീഠം വരെ കൈകൂപ്പി നിന്നു!
ഇത്രയൊക്കെയായിട്ടും അക്രമിയുടെ കൈക്കു പിടിക്കാന്‍, മാ നിഷാദ പറയാന്‍ നമ്മള്‍ തയാറായോ? മര്‍ദിതന്റെ പ്രാര്‍ഥനകള്‍ക്കും ദൈവത്തിനുമിടയില്‍ മറയില്ലെന്നും അതിന് കാരിരുമ്പിന്റെ ശക്തിയുണ്ടെന്നും നാം ഓര്‍ത്തിരുന്നോ?
ഇതാ ഒരു നിമിഷം, എല്ലാം ഒരു സൂക്ഷ്മാണുവിനു മുമ്പില്‍ തലകുത്തി വീണിരിക്കുന്നു. കൊറോണാ വൈറസ് ഉണ്ടാക്കിയ കോവിഡ്-19 ഈയൊരു തിരിച്ചറിവ് നമുക്ക് നല്‍കുന്നുണ്ടോ? എവിടെയാണ് നമുക്ക് പിഴച്ചത്? വിണ്ണില്‍ വര്‍ണക്കൊട്ടാരം പണിയാന്‍ വരെ ക്യൂ നില്‍ക്കുന്ന മനുഷ്യന് ചില അടിസ്ഥാന യാഥാര്‍ഥ്യങ്ങളില്‍ അപഭ്രംശം സംഭവിച്ചില്ലേ? 'ലോക്ക് ഡൗണി'ലായ നാം ഒന്നാലോചിച്ചു നോക്കൂ; ഒറ്റക്കും കൂട്ടായുമൊക്കെ പുനരാലോചന നടക്കട്ടെ.
ഈ പ്രപഞ്ചം വെറുതെ ഉണ്ടായതല്ല;  അതിനൊരു സ്രഷ്ടാവുണ്ട്. പ്രപഞ്ചത്തിലെ ഏറ്റവും ആദരണീയനായ, വിശേഷബുദ്ധിയുള്ള സൃഷ്ടി മനുഷ്യനാണ്. അവന് ഒരു നിയോഗലക്ഷ്യമുണ്ട്. ജനിച്ചതുകൊണ്ട് ജീവിക്കുന്നു; ജീവിക്കുന്നതുകൊണ്ട് മരിക്കുന്നു എന്നതിനപ്പുറം പരമമായൊരു ദൗത്യം നമുക്കിവിടെ പൂര്‍ത്തിയാക്കാനുണ്ട്. സ്രഷ്ടാവിന്റെ 'പ്രാതിനിധ്യം' തിരിച്ചറിഞ്ഞ് നിര്‍വഹിക്കേണ്ടതുണ്ട്. ഈ ജീവിതം നൈമിഷകമാണ്; ശാശ്വത ജീവിതം വരാനിരിക്കുന്നു.
മണ്ണും വിണ്ണും, ഭൗതികതയും ആത്മീയതയും സമന്വയിക്കുന്ന ഒരു യാത്രയാണത്. മരണം ഒന്നിന്റെയും അവസാനമല്ല, മറ്റൊരു ജീവിതത്തിലേക്കുള്ള പ്രവേശനമാണ്. ശരീരമേ നശിക്കുന്നുള്ളൂ, ആത്മാവ് നിലനില്‍ക്കും. ഭൂമിജീവിതത്തിലെ മുഴുവന്‍ ചെയ്തികള്‍ക്കും മരണാനന്തരം കണക്കു ബോധിപ്പിക്കേണ്ടതുണ്ട്. ഈ ജീവിതത്തില്‍ ന്യായവും നീതിയും ലഭിക്കാതെ പോയവന് സത്യമായും അത് ലഭിക്കേണ്ടതുണ്ടല്ലോ. 
അതിനാല്‍, തന്നെ സൃഷ്ടിച്ച് തനിക്കാവശ്യമായതെല്ലാം ഈ പ്രപഞ്ചത്തിലൊരുക്കിയ സ്രഷ്ടാവ് തനിക്കായി നല്‍കിയ ജീവിതമാര്‍ഗവും നാം കണ്ടെത്തേണ്ടതുണ്ട്. അതനുസരിച്ച് ജീവിതം പുതുക്കിപ്പണിയേണ്ടതുണ്ട്. നാം ശ്വസിക്കുന്ന വായു പോലെ, കുടിക്കുന്ന വെള്ളം പോലെ, ഊര്‍ജമാക്കുന്ന സൂര്യപ്രകാശം പോലെ ദൈവിക ജീവിത പദ്ധതിയും മുഴുവന്‍ മനുഷ്യര്‍ക്കുമുള്ളതാണ്. പലപ്പോഴും നമുക്കത് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു.
ആ ദര്‍ശനമായിരുന്നു ആദിപിതാവും പ്രവാചകനുമായ ആദം (അ) മുതല്‍ അന്ത്യ പ്രവാചകന്‍ മുഹമ്മദ് (സ) വരെയും പ്രബോധനം ചെയ്തത്. അതിനിടക്ക് ഒരു ലക്ഷത്തിലേറെ പ്രവാചകന്മാര്‍ ഇന്ത്യയടക്കം മനുഷ്യനാഗരികത പച്ചപിടിച്ചിടങ്ങളിലൊക്കെ സമാഗതമായിട്ടുണ്ടെന്നത് യാഥാര്‍ഥ്യം (ടി. മുഹമ്മദിന്റെ 'ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍' എന്ന ഗ്രന്ഥം നോക്കുക).
ഈയൊരു തിരിച്ചറിവില്‍, ദൈവിക സന്മാര്‍ഗം ജീവിതപാതയാകുമ്പോള്‍ വ്യക്തിയും കുടുംബവും, സമൂഹവും ലോകവും സ്വര്‍ഗീയമാകും. സ്‌നേഹം പരക്കും, സമാധാനം നിറയും, നീതി തളിരിടും,  നന്മകള്‍ വസന്തം തീര്‍ക്കും... അവിടെ പ്രപഞ്ചനാഥന്റെ കാരുണ്യവും കരുതലും പൂത്തുല്ലസിക്കും. മനുഷ്യന്‍ മാലാഖയോളം വളരും. മണ്ണിലും വിണ്ണിലും സ്വപ്‌നങ്ങള്‍ വര്‍ണരാജികള്‍ തീര്‍ക്കും.... ആത്യന്തികമായി ദൈവപ്രീതി കരഗതമാവും. ശാശ്വതജീവിതം വിജയകരമാവുകയും ചെയ്യും. കോവിഡ്-19 എന്ന മഹാമാരി ഇത്തരം ഒരു പാഠം / തിരിച്ചറിവ് നമുക്ക് നല്‍കട്ടെ. 
ഈ നൈമിഷിക ജീവിതത്തില്‍ ഭൗതികനേട്ടങ്ങള്‍ക്കൊപ്പം ആത്മീയ സൗരഭ്യം നുകരാന്‍ കൂടി നമുക്ക് സൗഭാഗ്യമുണ്ടാകട്ടെ. 

ശിഹാബ് കരുവാരകുണ്ട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (23)
ടി.കെ ഉബൈദ്‌

ഹദീസ്‌

ചെയ്യാതെ പോയ കര്‍മങ്ങള്‍ക്കുള്ള പ്രതിഫലം
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്