Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 03

3146

1441 ശഅ്ബാന്‍ 09

പ്രതിമാനിര്‍മാണം ഹറാമാക്കിയത് താല്‍ക്കാലിക നടപടിയോ?

ഇല്‍യാസ് മൗലവി

പ്രബോധനം വാരികയിലെ ഖുര്‍ആന്‍ ബോധന(മാര്‍ച്ച് 13)ത്തില്‍  നബി (സ) പ്രതിമാനിര്‍മാണം ഹറാമാക്കിയിരുന്നു എന്ന് എഴുതിയ ലേഖകന്‍ ടി.കെ ഉബൈദ്, അതൊരു താല്‍ക്കാലിക നടപടിയായിരുന്നു എന്നുകൂടി പറയുന്നു. ഇവിടെ ഉയര്‍ന്നുവരുന്ന ചോദ്യം: നബി (സ) നിരോധിച്ച ഒരു കാര്യം താല്‍ക്കാലിക നടപടിയായിരുന്നു എന്നു വിധിതീര്‍പ്പിലെത്താനുള്ള മാനദണ്ഡം എന്താണ്?
നബി (സ) നിരോധിച്ച ഒരു കാര്യം താല്‍ക്കാലിക നടപടിയായിരുന്നു എന്ന് പറയുമ്പോള്‍ ആ താല്‍ക്കാലികതയുടെ കാലാവധി എത്ര വരെയാണ്? എന്നുമുതലാണ് അത് അനുവദനീയമായിത്തീരുക? അങ്ങനെ പറയാന്‍ ഒരു പ്രത്യേക സമയമുണ്ടെങ്കില്‍ അത് ആരാണ് തീരുമാനിക്കുക? അതിന് വല്ല മാനദണ്ഡവുമുണ്ടോ?
തുടര്‍ന്ന് അദ്ദേഹം ആദ്യകാലത്ത് നബി (സ) ഖബ്ര്‍ സിയാറത്ത് വിലക്കിയതുപോലെയാണ് ഈ വിലക്ക് എന്നുകൂടി പറയുന്നു. ഇവിടെയും ചോദ്യമുയരുന്നു: ഖബ്ര്‍ സിയാറത്ത് പില്‍ക്കാലത്ത് സുന്നത്തായത് ജനങ്ങളില്‍ തൗഹീദ് രൂഢമൂലമായതുകൊണ്ടാണോ, അതോ അത്, 'നേരത്തേ ഞാന്‍ നിങ്ങള്‍ക്ക് വിലക്കിയിരുന്നു, എന്നാല്‍ ഇനിമുതല്‍ നിങ്ങള്‍ അത് സന്ദര്‍ശിച്ചുകൊള്ളുക' എന്ന് വഹ്‌യിന്റെ അടിസ്ഥാനത്തില്‍ നബി (സ)  വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണോ? മറ്റൊരു ഭാഷയില്‍ നബി (സ) അങ്ങനെ പഠിപ്പിച്ചില്ലായിരുന്നുവെങ്കില്‍ പിന്നീട് ആര്‍ക്കെങ്കിലും ഇന്നുമുതല്‍ അത് അനുവദനീയമാണെന്ന് വിധികല്‍പ്പിക്കാന്‍ ഇസ്‌ലാമില്‍ വകുപ്പുണ്ടാകുമായിരുന്നോ?
ഉദാഹരണത്തിന് നബി (സ) പുരുഷന്മാര്‍ക്ക് പട്ടുവസ്ത്രം ഹറാമാക്കി. ഇന്ന് ഒരാള്‍ വന്നുകൊണ്ട് ഇങ്ങനെ പറഞ്ഞെന്നിരിക്കട്ടെ: പുരുഷന്മാര്‍ക്ക് പട്ടുവസ്ത്രം ഹറാമാക്കിയത് ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു, എന്നാല്‍ ആ സാഹചര്യമല്ല ഇന്ന് നിലവിലുള്ളത്, അതിനാല്‍ ഇന്നത്തെ കാലത്ത് അതൊന്നും ഹറാമല്ല, അങ്ങനെ ഹറാമാണെന്ന് പറയേണ്ട കാര്യവുമില്ല... ഇങ്ങനെ പറഞ്ഞാല്‍ അത് സ്വീകാര്യമാവുമോ? ആകില്ലെങ്കില്‍ എന്തുകൊണ്ട്? പ്രതിമാ നിര്‍മാണത്തെ വിലക്കിയതിനെപ്പറ്റി പറഞ്ഞതുപോലെ 'അതൊരു താല്‍ക്കാലിക നടപടിയായിരുന്നു' എന്ന വിശേഷണം ഇവിടെ ബാധകമാക്കുന്നതിലുള്ള തടസ്സം എന്താണ്?
ഈ രൂപത്തില്‍ വിധികളെ മാറ്റാമെങ്കില്‍ ഏതെല്ലാം കാര്യങ്ങളിലാണ് ഇത് ബാധകമാവുക? ഏതെല്ലാം കാര്യങ്ങളിലാണ് ഇത് ബാധകമാവാതിരിക്കുക? എല്ലാ വിധികള്‍ക്കും ഇതു ബാധകമാണെങ്കില്‍ ഖുര്‍ആന്‍ നിഷിദ്ധമാക്കിയ കാര്യങ്ങളിലും ഇത് ബാധകമാണോ? അതോ ഹദീസുകള്‍ക്ക് മാത്രമാണോ ഈന്യായം സ്വീകാര്യം? അങ്ങനെയാണെങ്കില്‍ ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഈ തത്ത്വം? ലേഖകനല്ലാത്ത മറ്റാരെങ്കിലും ഇസ്ലാമികലോകത്ത് ഇങ്ങനെയൊരു തത്ത്വം മുമ്പ് പറഞ്ഞിട്ടുണ്ടോ? പ്രതിമാനിര്‍മാണവുമായി ബന്ധപ്പെട്ട് മുന്‍കാലക്കാരോ ആധുനികരോ ആയ ഇസ്‌ലാമിക പണ്ഡിതന്മാര്‍ ആരെങ്കിലും ഇങ്ങനെയൊരു വീക്ഷണം പ്രകടിപ്പിച്ചിട്ടുണ്ടോ?
'ആരാധ്യവിഗ്രഹമായിത്തീരാന്‍ സാധ്യതയില്ലാത്തവരുടെ പ്രതിമകളെ ആരാധ്യവിഗ്രഹങ്ങളായി കാണേണ്ടതില്ല' എന്ന് പറയുന്ന ലേഖകന്‍ തന്നെ ചില നേതാക്കന്മാരുടെ പ്രതിമകള്‍ പില്‍ക്കാലത്ത് ആരാധ്യവസ്തുക്കളാക്കപ്പെട്ട കാര്യവും എടുത്തു പറയുന്നു; നാരായണ ഗുരുവിനെപോലെ. എന്താണതിന്റെ അര്‍ഥം? ഒരുകാലത്ത് ആരാധിക്കണമെന്ന യാതൊരുദ്ദേശ്യവുമില്ലാതെ നിര്‍മിക്കപ്പെടുന്ന പ്രതിമകള്‍ പില്‍ക്കാലത്ത് ആരാധ്യവസ്തുക്കളായേക്കാം എന്നല്ലേ? അങ്ങനെ യാതൊരു സാധ്യതയും ഇല്ലാ എന്ന് ഒരു വ്യക്തിയുടെയും പ്രതിമയെപ്പറ്റി തീര്‍പ്പുകല്‍പ്പിക്കാന്‍ സാധ്യമല്ല എന്നുമല്ലേ അദ്ദേഹവും പറയാതെ പറയുന്നത്?
യഥാര്‍ഥത്തില്‍ ഒരു കാര്യം നിഷിദ്ധമാണെന്നോ നിര്‍ബന്ധമാണെന്നോ തുടങ്ങിയ ശര്‍ഈ വിധികള്‍ നസ്സ്വുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ ഏതൊരു കാരണമാണോ ആ വിധിക്ക് നിദാനമായത് ആ കാരണം/ന്യായം (ഇല്ലത്ത്) നിലനില്‍ക്കുമ്പോള്‍ മാത്രമേ പ്രസ്തുതവിധിയും നിലനില്‍ക്കുകയുള്ളൂ എന്നതും, എപ്പോള്‍ പ്രസ്തുത കാരണം ഇല്ലാതാകുന്നുവോ അതോടെ ആ വിധിയും ഇല്ലാതാകുമെന്നതും ഇസ്‌ലാമിക ശരീഅത്തില്‍ സര്‍വസമ്മതമായ തത്ത്വമാണ്. ഇതു പക്ഷേ വിധിക്ക് നിദാനമായ ഇല്ലത്ത് (ന്യായം, കാരണം) കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുന്ന നസ്സ്വുകളില്‍ മാത്രമാണ്. ഖിയാസ് ആക്കണമെങ്കില്‍ ഇല്ലത്ത് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്, ഖിയാസില്‍ ഏറ്റവും സങ്കീര്‍ണമായ കാര്യവും ഇതു തന്നെ. എത്രയോ വലിയ വലിയ പണ്ഡിതന്മാരെപ്പോലും കുഴക്കുന്ന പ്രക്രിയയാണ് ഇല്ലത്ത് കണ്ടെത്തുക എന്നത്. വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ടതല്ല ഇത് എന്നര്‍ഥം.
ഇവിടെ സംഭവിക്കുന്നത് അല്ലാഹുവിന്റെയും റസൂലിന്റെയും ഉദ്ദേശ്യം ഇന്നതാണ് എന്ന് ആദ്യമേ അങ്ങോട്ട് തീരുമാനിക്കുക, ഇന്നതാണ് ന്യായം, അഥവാ ഇന്ന കാരണം കൊണ്ടാണ് അതിന് ഈവിധി വന്നത് എന്നൊക്കെ സ്വന്തം യുക്തിയുടെ അടിസ്ഥാനത്തില്‍ ഇഛാനുസാരം അറുത്തു മുറിച്ച് അങ്ങോട്ട് പറയുക എന്നതാണ്.
'മഹാന്മാരുടെ സ്മാരകം' എന്ന തലക്കെട്ടില്‍ ഡോ. യൂസുഫുല്‍ ഖറദാവി എഴുതുന്നു: ''ചരിത്രത്തില്‍ മഹിതാധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത മഹാന്മാരോടുള്ള കടപ്പാടിന്റെ ഭാഗമായി പിന്‍തലമുറകളില്‍ അവരുടെ സ്മരണ നിലനിര്‍ത്താന്‍ പ്രതിമകള്‍ ഉണ്ടാക്കിവെക്കേണ്ടതല്ലേ എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. ഇല്ലെങ്കില്‍ കാലക്രമത്തില്‍ അവരുടെ നേട്ടങ്ങള്‍ മൃതമായിപ്പോകില്ലേ എന്നും സംശയിച്ചേക്കാം.
മറുപടി ഇതാണ്: വ്യക്തികള്‍ ജീവിച്ചിരിക്കുന്നവരാകട്ടെ മരിച്ചവരാകട്ടെ അവരുടെ പദവികള്‍ എത്ര ഉയര്‍ന്നതാണെങ്കിലും അതിരുകവിഞ്ഞ മഹത്വവത്കരണം ഇസ്‌ലാം അംഗീകരിക്കുന്നില്ല. നബി(സ) പറഞ്ഞിരിക്കുന്നു: 'ക്രിസ്ത്യാനികള്‍ മര്‍യമിന്റെ മകന്‍ ഈസായെ അമിതമായി പുകഴ്ത്തിയതുപോലെ നിങ്ങള്‍ എന്നെ അമിതമായി വാഴ്ത്തരുത്. മറിച്ച് നിങ്ങള്‍ എന്നെക്കുറിച്ച് അല്ലാഹുവിന്റെ ദൂതനെന്നും ദാസനെന്നും പറയുക' (ബുഖാരി). നബിയെ കാണുമ്പോള്‍ ആദരിച്ചും അഭിവാദ്യം ചെയ്തും അവര്‍ എഴുന്നേറ്റു നില്‍ക്കാന്‍ ഒരുങ്ങുകയായിരുന്നു, അപ്പോള്‍ തിരുമേനി അവരെ തടഞ്ഞു. എന്നിട്ടിങ്ങനെ പറഞ്ഞു: 'അനറബികള്‍ പരസ്പരം ആദരിക്കാനായി നില്‍ക്കുന്നതുപോലെ നിങ്ങള്‍ നില്‍ക്കരുത്' (അബൂദാവൂദ്, ഇബ്‌നുമാജ). തന്റെ കാര്യത്തില്‍ മരണാനന്തരം അമിതത്വം വന്നുപോകരുതെന്ന് നബി സമുദായത്തെ ഓര്‍മപ്പെടുത്തുകയായിരുന്നു. അവിടുന്ന് ഇങ്ങനെ കല്‍പിച്ചു: 'നിങ്ങള്‍ എന്റെ ഖബ്‌റിനെ ഉത്സവസ്ഥലമാക്കരുത്' (അബൂദാവൂദ്).
മനുഷ്യരെ ആദരിക്കുന്നതില്‍, ഈ മതത്തിന്റെ സമീപനം ഇതാണ്. ചില ആളുകളെ ജനങ്ങള്‍ ബഹുമാനിക്കാനും ആദരിക്കാനുമായി ആയിരങ്ങള്‍ ചെലവഴിച്ച് പ്രതിമകളുണ്ടാക്കുന്നതിനെ അതിഷ്ടപ്പെടുന്നില്ല. എത്രയെത്ര വ്യാജന്മാരും സ്വയം അവരോധിത ചരിത്രപുരുഷന്മാരുമാണ് ഈ വഴിക്ക് പ്രശസ്തി അടിച്ചെടുത്തിരിക്കുന്നത്! ശിങ്കിടികളെക്കൊണ്ട് സ്വന്തം പ്രതിമ ഉണ്ടാക്കിയ ഇവര്‍ ജനങ്ങളെ യഥാര്‍ഥ മഹാന്മാരെ തിരിച്ചറിയുന്നതില്‍നിന്ന് വഴിതെറ്റിച്ചിരിക്കുകയാണ്. സത്യവിശ്വാസികള്‍ തേടുന്ന യഥാര്‍ഥമായ ശാശ്വത സ്ഥാനം അല്ലാഹുവിന്റെ അടുക്കലുള്ളതാണ്. അവന്‍ രഹസ്യവും പരമ രഹസ്യവും അറിയുന്നവനാണ്. മറക്കാത്തവനും പിഴക്കാത്തവനുമാണ്. മനുഷ്യര്‍ക്കിടയില്‍ തീരെ അറിയപ്പെടാത്ത എത്ര സേനാനികളാണ് അവന്റെ അടുത്തുള്ള അനശ്വരതയുടെ താളുകളില്‍ മഹാന്മാരായി രേഖപ്പെട്ടു കിടക്കുന്നത്. കാരണം, സ്വന്തം സാന്നിധ്യം വിളിച്ചറിയിക്കാത്ത, അസാന്നിധ്യം നഷ്ടത്തിനിടയാക്കാത്ത രഹസ്യമായി തന്നെ സൂക്ഷിച്ചു ജീവിക്കുന്ന പുണ്യവാളന്മാരെയുമാണ് അല്ലാഹുവിന് ഇഷ്ടം. 
ശാശ്വതമായ സ്മാരകം ആവശ്യമാണെങ്കില്‍ പ്രതിമകള്‍ പ്രതിഷ്ഠിച്ചുകൊണ്ടല്ല അത് ചെയ്യേണ്ടത്; മറിച്ച് അവരുടെ നേട്ടങ്ങളും സംഭാവനകളും കര്‍മമാതൃകകളും അനുസ്മരിച്ചുകൊണ്ട് ജനഹൃദയങ്ങളില്‍ അവരെ സജീവമായി നിലനിര്‍ത്തുകയാണ്. നബിയും അവിടുത്തെ ഖലീഫമാരും ഇസ്‌ലാമിന്റെ നായകരും മഹാന്മാരായ നേതാക്കളുമൊന്നും തന്നെ ഭൗതിക ചിത്രങ്ങളിലൂടെയും കൊത്തിവെക്കപ്പെട്ട ശിലാപ്രതിമകളിലൂടെയുമല്ല മാനവ മനസ്സുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയത്. മറിച്ച്, തലമുറതലമുറയായി കൈമാറിപ്പോന്ന അവരുടെ നേട്ടങ്ങള്‍ അനുസ്മരിച്ചും മനസ്സില്‍ കൊത്തിവെച്ചുമാണ്. സദസ്സുകളിലും സമ്മേളനങ്ങളിലും അവരുടെ കഥകള്‍ പറഞ്ഞപ്പോള്‍ പ്രാണവായുപോലെ ശ്രോതാക്കളുടെ മനസ്സില്‍ ഒരുചിത്രത്തിന്റെയും പ്രതിമയുടെയും ആവശ്യം ഇല്ലാതെത്തന്നെ അവര്‍ നിറഞ്ഞുനിന്നു'' (വിധിവിലക്കുകള്‍: 121-123).

Comments