Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 03

3146

1441 ശഅ്ബാന്‍ 09

വിഷന്‍ 2026 മൂന്ന് പുതിയ പദ്ധതികള്‍

കെ.പി തശ്‌രീഫ്, മമ്പാട്

വ്യത്യസ്ത സാമൂഹികക്ഷേമ വികസന പദ്ധതികള്‍ നടപ്പിലാക്കി മുന്നേറുകയാണ് വിഷന്‍ 2026. അടിസ്ഥാന സൗകര്യങ്ങളൊരുക്കിയും പുനരധിവാസ പദ്ധതികള്‍ ഏറ്റെടുത്തും നടത്തിവരുന്ന ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ കൈയൊപ്പുകള്‍ നമുക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാം. ഗ്രാമങ്ങളുടെ പിന്നാക്കാവസ്ഥ നേരില്‍ കണ്ട് മനസ്സിലാക്കിയ സംഘമാണ് ഗ്രാമങ്ങളില്‍ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുക. അത്തരത്തില്‍ ആരംഭംകുറിച്ച പദ്ധതിയാണ് ഗ്രാമീണ്‍ ദോസ്തി പ്രോജക്റ്റ്. ദല്‍ഹി വംശഹത്യയുടെ ഇരകള്‍ക്കൊപ്പം നിന്ന് അവര്‍ക്ക് താങ്ങായി മാറിയ വിഷന്റെ അനുബന്ധഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുന്നുണ്ട്. ഇരകളാക്കപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും പലവിധ സഹായപദ്ധതികള്‍ ഇതിനകം വിഷന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ രാജ്യത്തിനു സമര്‍പ്പിച്ച വിവിധ പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് പശ്ചിമ ബംഗാളിലെ കൂച്ച്ബിഹാര്‍ ജില്ലയിലെ മോഡേണ്‍ അക്കാദമി, മേവാത്ത് ശുദ്ധജല കുടിവെള്ള പദ്ധതി, മണിപ്പൂര്‍ സന്തേല്‍ കമ്യൂണിറ്റി സെന്റര്‍ എന്നിവ.

കൂച്ച്ബിഹാര്‍ മള്‍ട്ടി പര്‍പ്പസ് പ്രോജക്റ്റ് (മോഡേണ്‍ അക്കാദമി)

പശ്ചിമ ബംഗാളിലെ കൂച്ച്ബിഹാര്‍ ജില്ലയില്‍ ഖൈരാജ ഫുലേശ്വരി ഗ്രാമത്തില്‍ അല്‍ഫലാഹ് ട്രസ്റ്റിന്റെ സഹായത്തോടെ ആരംഭിച്ച പദ്ധതിയാണ് വ്യത്യസ്ത സ്ഥാപനങ്ങളടങ്ങിയ ഈ കേന്ദ്രം. മലയോര ജില്ലകളായ ഡാര്‍ജിലിംഗ്, ജല്‍പായ്ഗുരി എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന സുന്ദരമായ ഈ ഗ്രാമത്തിന് പക്ഷേ വളര്‍ച്ചയുടെ വഴികള്‍ ഇന്നും അന്യമാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് തൊഴില്‍ തേടി കുടിയേറിയ മുസ്‌ലിംകളാണ് ഇവിടെ താമസിക്കുന്നവരില്‍ ഭൂരിപക്ഷവും. നല്ല കെട്ടിടങ്ങളോ സ്ഥാപനങ്ങളോ സൗകര്യമുള്ള വീടോ ഒന്നും ഈ ഗ്രാമത്തില്‍ കണ്ടെത്തുക അസാധ്യം. പ്രാഥമിക വിദ്യഭ്യാസ സൗകര്യങ്ങള്‍ പോലും വളരെ ദൂരെയാണ്. ചികിത്സാ സൗകര്യങ്ങളും വളരെ ശുഷ്‌കം. ഈ ഗ്രാമത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് വര്‍ണം പകരുകയാണ് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍. നിര്‍മാണ മേഖലയിയിലെ തൊഴിലാളി മരണങ്ങള്‍, ആള്‍ക്കൂട്ട ആക്രമണങ്ങള്‍, സാമുദായിക കലാപങ്ങള്‍ എന്നിവ കാരണം ധാരാളം വിധവകളെയും അനാഥകളെയും സൃഷ്ടിച്ച ഈ ഗ്രാമത്തിന് കടുത്ത ദാരിദ്ര്യവും നിരക്ഷരതയുമാണ് ഇന്നും കൂട്ട്. ഈ ഗ്രാമത്തിന്റെ മുന്നോട്ടുപോക്കിന് അടിസ്ഥാന സൗകര്യവികസനങ്ങളില്‍ ഗൗരവതരമായ അടയാളപ്പെടുത്തലുകള്‍ അത്യാവശ്യമായിരുന്നു. ഇത് തിരിച്ചറിഞ്ഞ് മുന്നോട്ടുവന്ന സാമൂഹികപ്രവര്‍ത്തരുടെ ഒരു സംഘത്തിന്റെ ഒപ്പംചേര്‍ന്ന് അവരുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്തു പകര്‍ന്നിരിക്കുകയാണ് മോഡേണ്‍ അക്കാദമി പ്രോജക്റ്റ്.
അഞ്ചു ക്ലാസ്മുറികള്‍ വീതമുള്ള സ്‌കൂള്‍ കെട്ടിടം, അനാഥക്കുട്ടികള്‍ക്കായുള്ള ഹോസ്റ്റല്‍ കെട്ടിടം, പള്ളിയും അനുബന്ധ സൗകര്യവുമുള്ള കമ്മ്യൂണിറ്റി സെന്റര്‍, മെഡിക്കല്‍ ഹെല്‍ത്ത് സെന്റര്‍, കച്ചവടമുറികള്‍ എന്നിവ അടങ്ങുന്നതാണ് ഈ പദ്ധതി.
എട്ടാം ക്ലാസ് വരെയുള്ള ഇപ്പോഴത്തെ ജൂനിയര്‍ സ്‌കൂള്‍ ഭാവിയില്‍ പത്ത്, ഹയര്‍ സെക്കന്ററി എന്നിങ്ങനെ വികസിപ്പിക്കാനും പദ്ധതിയു്. ഇരുപത് അനാഥക്കുട്ടികള്‍ക്കാണ് ഇപ്പോള്‍ ഹോസ്റ്റല്‍ സൗകര്യമുള്ളത്. ഫാര്‍മസിയും രണ്ട് ചേംബറുകളും സൗജന്യ മെഡിക്കല്‍ ക്യാമ്പ് പ്രവര്‍ത്തനങ്ങളുമടങ്ങുന്ന ഹെല്‍ത്ത് സെന്റര്‍ ഗ്രാമത്തിന്റെ സ്വപ്‌നപദ്ധതികളില്‍ പെടുന്നു. അക്കാദമിയുടെ പ്രവേശനകവാടത്തോട് ചേര്‍ന്ന് കച്ചവടഷോപ്പുകള്‍ കൂടി ഉയരുമ്പോള്‍ ഈ പദ്ധതി ഒരു ഗ്രാമത്തിന്റെ വികസന പാതയില്‍ നാഴികക്കല്ലാവുകയാണ്.
2020 ഫെബ്രുവരി 27-ന് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ടി. ആരിഫലിയാണ് കൂച്ച്ബിഹാര്‍ മോഡേണ്‍ അക്കാദമി ഉദ്ഘാടനം ചെയ്ത് നാടിനു സമര്‍പ്പിച്ചത്.

മേവാത്ത് ശുദ്ധജല കുടിവെള്ള പദ്ധതി

ദേശീയ തലസ്ഥാനമായ ദില്ലിയില്‍നിന്ന് 90 കിലോമീറ്റര്‍ അകലെ ഹരിയാനയിലാണ് മേവാത്ത് മേഖല. സര്‍ക്കാര്‍ കണക്കുകളില്‍ തന്നെ രാജ്യത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മേഖലകളിലൊന്ന്. മേവാത്ത് മേഖലയിലെ പല ഗ്രാമങ്ങളിലും കുടിവെള്ളസൗകര്യമില്ലെന്നു തന്നെ പറയാം. ഒന്നുകില്‍ അവര്‍ വിദൂരഗ്രാമങ്ങളില്‍നിന്ന് ദിവസവും വെള്ളം കൊണ്ടുവരണം. അല്ലെങ്കില്‍ ടാങ്കര്‍ വെള്ളം വാങ്ങണം. മേവാത്തിനെപ്പോലെ രാജ്യത്തെ ഏറ്റവും പിന്നാക്കപ്രദേശത്തുള്ള ആളുകള്‍ക്ക് ടാങ്കര്‍ വെള്ളം വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ല. മേവാത്തിലെ ജനങ്ങളുടെ ദുരിതങ്ങള്‍ നേരില്‍ കറിഞ്ഞ വിഷന്‍ ടീം ഈ മേഖലയില്‍ ഒരു സര്‍വേ നടത്തി. അങ്ങനെ മേവാത്തിലെ മരോറ ഗ്രാമത്തില്‍ ജലശുദ്ധീകരണ ആര്‍.ഒ പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഇത് അടുത്തുള്ള മൂന്ന് ഗ്രാമങ്ങളിലെ (ബാലായ്, ഹൈബത്ക, മരോറ) 1400 കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് സഹായകമായ പദ്ധതിയാണ്. എന്നാല്‍ മരോറ ഗ്രാമത്തില്‍നിന്ന് ചുറ്റുമുള്ള ഗ്രാമങ്ങളിലേക്ക് എങ്ങനെ വെള്ളം കൊണ്ടുപോകും എന്നത് പ്രശ്‌നമായി. പ്രദേശവാസികള്‍ അകമഴിഞ്ഞ് സഹകരിക്കുകയും വിഷന്‍ ടീം ഏര്‍പ്പെടുത്തിയ ട്രാക്ടറുകള്‍ എത്തുകയും ചെയ്തതോടെ വെല്ലുവിളികള്‍ ഓരോന്നായി വഴിമാറി.  ഒരു വര്‍ഷത്തിനുള്ളിലാണ് പ്ലാന്റ് മുഴുവനായി പ്രവര്‍ത്തനസജ്ജമായത്.
2020 മാര്‍ച്ച് 11-ന് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ടി. ആരിഫലി ഈ സംവിധാനങ്ങള്‍ നാടിന് സമര്‍പ്പിച്ചു.  'ഇന്നുമുതല്‍ ഇത് നിങ്ങളുടേതാണ്, ഈ നാടിന്റേതാണ്. ഈ സംരംഭങ്ങളുടെ തുടക്കത്തിന് ഇവിടത്തെ നിരവധി സാധാരണക്കാരുടെ പങ്കാളിത്തവും അധ്വാനവും കാണുന്നത് വളരെ സന്തോഷമാണ്. സ്വന്തം വീടുകള്‍ പോലെ ഈ സംവിധാനങ്ങള്‍ സംരക്ഷിക്കണം' - അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

മണിപ്പൂര്‍ സന്തേല്‍ കമ്യൂണിറ്റി സെന്റര്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഷന്‍ പദ്ധതികളുടെ ഏറ്റവും പുതിയ കാല്‍വെപ്പാണ് മണിപ്പൂര്‍ സംസ്ഥാനത്തെ സന്തേല്‍ ഗ്രാമത്തിലുള്ള വിവിധ സൗകര്യങ്ങളോടു കൂടിയ കമ്യൂണിറ്റി സെന്റര്‍. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ സോഷ്യല്‍ മാനേജര്‍ സഹൂര്‍ അഹ്മദാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സാമൂഹിക സേവനരംഗത്ത് ഈ പുതിയ കേന്ദ്രവും ഒരു മുതല്‍ക്കൂട്ടാവുമെന്ന് ഉറപ്പ്.
വര്‍ഷങ്ങളുടെ മുന്നൊരുക്കങ്ങളു് വിഷന്റെ ഓരോ പദ്ധതിക്കു പിന്നിലും. നാമോരുത്തരും അകമഴിഞ്ഞു പിന്തുണക്കുകയും കരുത്തായി കൂടെനില്‍ക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്.

Comments