Prabodhanm Weekly

Pages

Search

2020 ഏപ്രില്‍ 03

3146

1441 ശഅ്ബാന്‍ 09

കോവിഡ് 19 ലോകത്തെ പഠിപ്പിക്കുന്നത് 

ഡോ. മുന്‍സ്വിഫ് മര്‍സൂഖി

തൊള്ളായിരത്തി അറുപതുകളുടെ ആദ്യത്തില്‍ മൊറോക്കോയിലെ താന്‍ജീറില്‍ ഫ്രഞ്ച് സെക്കന്ററി സ്‌കൂളില്‍ ഞാന്‍ വിദ്യാര്‍ഥിയായിരിക്കുന്ന കാലം. അന്നൊരു ദിവസം ഞങ്ങള്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ മുറ്റത്ത് കൂട്ടംകൂടി നില്‍ക്കുകയാണ്. ഞങ്ങളുടെ തലയില്‍ പക്ഷികള്‍ ഇരിക്കുന്നുണ്ടെന്ന മട്ടിലുള്ള നില്‍പ്പ്. അമേരിക്കയും റഷ്യയും തമ്മില്‍ ആണവയുദ്ധം ഉണ്ടായാല്‍ നമ്മളെന്ത് ചെയ്യും എന്ന് ഗണിതശാസ്ത്ര അധ്യാപകനുമായി കൂടിയാലോചിക്കുകയാണ് ഞങ്ങള്‍.
അന്ന് ലോകം അതിഭീഷണമായ ഒരു സാഹചര്യത്തെ നേരിടുകയാണ്. അമേരിക്ക ക്യൂബക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നു. ഉപരോധം ശക്തി പ്രയോഗിച്ച് തകര്‍ക്കുമെന്ന് സോവിയറ്റ് യൂനിയനും. ഇന്ന് നമ്മള്‍ കാണുന്നതുപോലെ ആളുകളൊക്കെ ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. പിന്നെ ഞങ്ങള്‍ കേട്ടു, ക്യൂബയിലേക്ക് പുറപ്പെട്ട സോവിയറ്റ് പട വഴിക്കുവെച്ച് തിരിച്ചുപോരുകയാണെന്ന്. അപ്പോഴാണ് ഞങ്ങളുടെ ശ്വാസം നേരെ വീണത്. ശരിക്കും ലോകം ഒരു ദുരന്തമുഖത്തായിരുന്നു.
ഇതിനു ശേഷമുള്ള രണ്ടു പതിറ്റാണ്ടിനിടയില്‍ എത്രയെത്ര ഹൊറര്‍ സിനിമകളാണ് ഞങ്ങള്‍ കണ്ടു കൂട്ടിയത്! എല്ലാം ലോകത്തിന്റെ അന്ത്യം പ്രവചിക്കുന്നവ. ആണവയുദ്ധത്തോടെയായിരിക്കും ലോകാവസാനം സംഭവിക്കുക എന്നും ആ സിനിമകള്‍ ഞങ്ങളോട് പറഞ്ഞു. തകര്‍ന്നു കിടക്കുന്ന നഗരാവശിഷ്ടങ്ങള്‍ക്കിടയില്‍ അവസാനത്തെ ശവത്തിനു വേണ്ടി കടിപിടി കൂടുന്ന മനുഷ്യരുടെ കഥകള്‍! തൊള്ളായിരത്തി എണ്‍പതുകള്‍ ആയപ്പോഴേക്ക് ഭയത്തിന്റെ ഈ ഭൂതം മറ്റൊരു വേഷത്തില്‍ അവതരിച്ചു - എയ്ഡ്‌സ്!
എന്റെ ഒരു മാന്യ സുഹൃത്ത് ഒരു മെഡിക്കല്‍ ജേണലില്‍ എഴുതിയ ലേഖനം ഞാന്‍ ഓര്‍ക്കുന്നു. ഒരു വര്‍ഷത്തിനകം, അഥവാ രണ്ടായിരാമാണ്ടില്‍ മനുഷ്യകുലത്തിന്റെ കഥ തീരും എന്നാണ് അതിലദ്ദേഹം തെളിവുകള്‍ നിരത്തി സമര്‍ഥിക്കുന്നത്. അന്ന് ഞാന്‍ സോസ നഗരത്തിലെ മെഡിക്കല്‍ കോളേജില്‍ അധ്യാപകനായി ജോലി ചെയ്യുകയാണ്. പൊതു ജനാരോഗ്യ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലയും എനിക്കുണ്ട്. എയ്ഡ്‌സിന്റെ വ്യാപനത്തെക്കുറിച്ചും മറ്റും ഈ ഡിപ്പാര്‍ട്ട്‌മെന്റാണ് പഠനം നടത്തുന്നത്. ആ സമയത്ത്, എയ്ഡ്‌സ് രോഗത്തോടും രോഗികളോടുമുള്ള പൊതു ജനങ്ങളുടെ സമീപനം എന്ന വിഷയത്തില്‍ എന്റെയൊരു വിദ്യാര്‍ഥി എനിക്കു കീഴില്‍ ഡോക്ടറല്‍ തിസീസ് തയാറാക്കുന്നുണ്ടായിരുന്നു. അയാള്‍ ശേഖരിച്ചു കൊണ്ടുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. അതൊരിക്കലും പുറത്തുവിടരുതെന്ന് ഞാന്‍ അയാളോട് ആവശ്യപ്പെടുക പോലുമുണ്ടായി. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും രോഗബാധയുള്ളവരെ പറ്റേ അകറ്റിനിര്‍ത്തണം എന്ന അഭിപ്രായക്കാരായിരുന്നു. എന്നല്ല ചിലര്‍ അവരെ കൊന്നുകളയണമെന്നുവരെ അഭിപ്രായപ്പെടുകയുണ്ടായി. രോഗം സുഖപ്പെടുന്നതു വരെ രോഗിയെ തടങ്കലിലാക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു ഭരണാധികാരികളുടെ നിലപാട് (ഞാനിതിനെ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്തിരുന്നു). അന്ന് ആ രോഗത്തിന് ചികിത്സ കണ്ടെത്തിയിട്ടുണ്ടായിരുന്നില്ല എന്നോര്‍ക്കുക.
രണ്ടായിരത്തിലേക്ക് കടക്കുമ്പോള്‍ മറ്റൊരു ഭൂതം നമ്മെ കടന്നാക്രമിച്ചു. കമ്പ്യൂട്ടറുകള്‍ മൊത്തം പണിമുടക്കാന്‍ പോകുന്നു എന്നായിരുന്നു മുന്നറിയിപ്പ്. പ്രോഗ്രാമുകളിലെ ചില തകരാറുകള്‍ കാരണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോഴേക്ക് അവ നിശ്ചലമാകുമത്രെ. ഇക്കഥ നമുക്കുണ്ടാക്കിയ തലവേദന എത്രയാണ്!  വിമാനങ്ങള്‍ മരങ്ങള്‍ക്കു മീതെ തകര്‍ന്നു വീഴുന്നു, വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങള്‍ മുഴവന്‍ ചലനമറ്റു പോകുന്നു, അങ്ങനെയങ്ങനെ..... രണ്ടായിരാമാണ്ടിലേക്ക് കടക്കുന്ന രാത്രി ആകാശമിതാ തങ്ങളുടെ തലയിലേക്ക് പൊട്ടിവീഴാന്‍ പോകുന്നു എന്ന് ജനം പേടിച്ചു. മനുഷ്യര്‍ കൂട്ടത്തോടെ മരിച്ചുതീരുന്ന ആറാം ഉന്മൂലനാശം തന്നെയിത് എന്ന് ചിലര്‍ ഉറപ്പിച്ചു. ഇനി ഭൂമുഖത്ത് നിവാസികളായി കൂറകളും ഉറുമ്പുകളും മാത്രമേ ഉണ്ടാകൂ!
ഈ ചരിത്ര സന്ദര്‍ഭങ്ങളെ ഒന്നടുക്കിവെച്ചു നോക്കൂ. 1962- ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി. 1980- എയ്ഡ്‌സ്. 1999- കമ്പ്യൂട്ടര്‍ നിന്നു പോകുമെന്ന ആശങ്ക. 2020- ഇപ്പോഴത്തെ കൊറോണ വൈറസ് ഭീഷണി. അതായത് ഏതാണ്ട് ഇരുപത് വര്‍ഷം കൂടുമ്പോള്‍ ചരിത്രം അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മഹാപ്രതിസന്ധി മനുഷ്യസമൂഹം അഭിമുഖീകരിക്കുന്നുണ്ട്. ആ പ്രതിസന്ധികളൊന്നും പ്രാദേശികമോ മേഖലാപരമോ അല്ല; മറിച്ച് മുഴുലോകത്തെയും മുഴുവന്‍ മനുഷ്യരെയും ബാധിക്കുന്നവയാണ്.
ഇനി കഴിഞ്ഞ ഇരുപത് വര്‍ഷത്തെ സൂക്ഷ്മ നിരീക്ഷണം നടത്തി നോക്കുക. ലോക ആരോഗ്യ മേഖലയെ പിടിച്ചുകുലുക്കിയ മൂന്ന് ഭീഷണികള്‍ ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ട്. 2002-ല്‍ സാര്‍സ്, 2012-ല്‍ മെര്‍സ്, 2013-ല്‍ എബോള. ഈ രാഷ്ട്രീയ-ആരോഗ്യ പ്രതിസന്ധികളെ കുറേക്കൂടി വിശാലമായ പ്രതലത്തില്‍ കാണുകയല്ലാതെ നമുക്ക് നിവൃത്തിയില്ല. എന്തെല്ലാം പാരിസ്ഥിതിക പ്രശ്‌നങ്ങളിലൂടെയാണ് ഈ ഭൂമിലോകം കടന്നുപോകുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കകം എത്ര ഭീകരമായ തീപ്പിടിത്തങ്ങളാണ് നമ്മുടെ വനഭൂമികളില്‍ ഉണ്ടായിട്ടുള്ളത്. 2017-ല്‍ പോര്‍ച്ചുഗലില്‍, 2018-ല്‍ സ്വീഡനിലും അമേരിക്കയിലെ കാലിഫോര്‍ണിയയിലും, 2019-ല്‍ ബ്രസീലിലും കോംഗോയിലും റഷ്യയിലും, 2020-ല്‍ ആസ്‌ത്രേലിയയില്‍.
ഇതെല്ലാം ചേര്‍ത്തുവെക്കുമ്പോള്‍ ലോകം ഇന്നെത്തിനില്‍ക്കുന്ന അവസ്ഥയെ രണ്ടു നിലക്ക് വിശദീകരിക്കാമെന്ന് 'എന്റെ നാട് ഉണര്‍ന്നെണീക്കട്ടെ' എന്ന പുസ്തകത്തില്‍ (1986) ഞാന്‍ എഴുതിയിട്ടുണ്ട്. ചരിത്രത്തിന്റെ 'ധ്രുത ചലന' സിദ്ധാന്തമാണ് അതിലൊന്ന്. മനുഷ്യന്‍ തീ കണ്ടു പിടിക്കുന്നു, കാര്‍ഷിക വിപ്ലവമുണ്ടാകുന്നു, വ്യവസായ വിപ്ലവമുണ്ടാകുന്നു -മനുഷ്യ നാഗരികതയിലെ മൂന്ന് വലിയ ഘട്ടങ്ങളാണിവ. പക്ഷേ ഇതിലെ ഒരു ഘട്ടത്തില്‍നിന്ന് മറ്റൊരു ഘട്ടത്തിലേക്കെത്താന്‍ മനഷ്യസമൂഹം പതിനായിരക്കണക്കിന് വര്‍ഷമെടുത്തിട്ടുണ്ട്. കഴിഞ്ഞുപോയ തലമുറകളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്റെ തലമുറ എത്ര ഭാഗ്യവാന്മാരാണെന്നു നോക്കൂ. എന്റെ തലമുറ മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലു കുത്തുന്നതിന് സാക്ഷികളായവരാണ്. ശാസ്ത്ര, സാങ്കേതിക, വിവര മേഖലകളിലുണ്ടായിട്ടുള്ള ഈ കുതിച്ചുചാട്ടങ്ങള്‍ക്കൊക്കെയും ഞങ്ങള്‍ സാക്ഷികളാണല്ലോ. എത്രയെത്ര രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങള്‍ ഞങ്ങള്‍ നേരില്‍ കണ്ടു! എന്റെ തലമുറ കടന്നുപോന്ന ഏഴു പതിറ്റാണ്ടുകള്‍ നോക്കൂ. ഇംഗ്ലീഷ്, ഫ്രഞ്ച് സാമ്രാജ്യങ്ങളുടെ തകര്‍ച്ച ഞങ്ങള്‍ നേരില്‍ കണ്ടു. പിന്നെ സോവിയറ്റ് യൂനിയന്റെ തിരോധാനവും കമ്യൂണിസത്തിന്റെ തകര്‍ച്ചയും, ജനാധിപത്യത്തിന്റെ മുന്നേറ്റം, വംശീയ ദര്‍ശനങ്ങളുടെ പിന്മടക്കം, അമേരിക്കയില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്, സ്ത്രീസമൂഹം തങ്ങളുടെ മുഴുവന്‍ അവകാശങ്ങളും നേടിയെടുക്കുന്നത്, മൊത്തം മനുഷ്യരെയും ഒരേ ചരടില്‍ കോര്‍ക്കുന്ന ആഗോള മനുഷ്യാവകാശ പ്രഖ്യാപനം.... ചരിത്രത്തില്‍ ഒരു ഘട്ടത്തില്‍നിന്ന് അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടിടത്താണ് നമ്മുടെ കാലത്ത് എല്ലാം ഞൊടിയിടയില്‍, ഏതാനും വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ സംഭവിക്കുന്നത്. മനുഷ്യ നാഗരികതയിലെ മൂന്നാം യുഗമായിരുന്നു വ്യവസായ വിപ്ലവം. അവിടെ നിന്ന് വിവര നാഗരികതയുടെ നാലാം യുഗത്തിലേക്കെത്താന്‍ ഏതാനും പതിറ്റാണ്ടുകള്‍ മാത്രമേ ആവശ്യമായി വന്നുള്ളൂ. അതാകട്ടെ അതിവേഗം നാഗരികതയുടെ അഞ്ചാം യുഗത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയുമാണ്. ആ അഞ്ചാം ഘട്ടം എങ്ങനെയായിരിക്കുമെന്ന് നമുക്കിന്ന് ഒരു ധാരണയുമില്ല; നാമതിന്റെ പടിവാതില്‍ക്കലില്‍ എത്തിനില്‍ക്കുകയാണെങ്കിലും.
നമ്മുടെ കാലത്തിന്റെ രണ്ടാമത്തെ സവിശേഷതയായി ഞാന്‍ ആ പുസ്തകത്തില്‍ പറയുന്നത്, ജീവിതം പകിടകളി പോലെയായി എന്നതാണ്. രോഗത്തിനും പട്ടിണിക്കുമെതിരെയുള്ള പോരാട്ടത്തില്‍ പുതിയ തലമുറകള്‍ വിജയിക്കുന്നതു പോലെ പഴയ തലമുറകള്‍ വിജയിക്കാതിരുന്നത് എന്തുകൊണ്ട്? അവരേതായാലും നമ്മേക്കാള്‍ ബുദ്ധി കുറഞ്ഞവരോ മനുഷ്യത്വം കുറഞ്ഞവരോ ആയിരുന്നില്ലല്ലോ. അവരുടെ സാധ്യതകള്‍ പരിമിതമായിരുന്നു എന്നതു മാത്രമാണ് കാരണം. എന്തുകൊണ്ടാണ് പഴയ തലമുറകള്‍ നാം ഭൂമിയെ നശിപ്പിക്കുന്നതു പോലെ നശിപ്പിക്കാതിരുന്നത്? അവര്‍ നമ്മേക്കാള്‍ സന്മനസ്സുള്ളവരോ ദൂരക്കാഴ്ച ഉള്ളവരോ ആയതുകൊണ്ടല്ല. അവരുടെ സാധ്യതകള്‍ പരിമിതമായിരുന്നു. കഴിഞ്ഞ രണ്ടു നൂറ്റാണ്ട് കാലത്തിനിടയില്‍ ശാസ്ത്ര - സാങ്കേതികരംഗത്തുണ്ടായ വളര്‍ച്ചയാണ് ഈ യുഗത്തെ അതുവരെയുള്ള മനുഷ്യ ചരിത്രത്തില്‍നിന്ന് വേറിട്ടു നിര്‍ത്തുന്നത്. നമ്മുടെ തലമുറ ആര്‍ജിച്ചു കഴിഞ്ഞിരിക്കുന്ന നിര്‍മാണശക്തിയും വൈഭവവും വളരെക്കൂടുതലാണ്. സംഹാരശക്തിയും അതേ അളവില്‍ ഭീതിജനകമാംവിധം കൂടിയിട്ടുണ്ട്. അസാധാരണ വേഗതയില്‍ ചൂതു കളിക്കുന്ന അനുഭവസമ്പന്നനായ ഒരാളെ സങ്കല്‍പ്പിക്കുക. എത്രയും പണം ചൂതു കളിച്ച് നേടുന്നതില്‍ മാത്രമാണ് അയാളുടെ ശ്രദ്ധ. ഒന്നിനു പിറകെ ഒന്നായി കളി ജയിച്ച് സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത മാജിക് ഫിഗറില്‍ അയാള്‍ എത്തിക്കഴിഞ്ഞു. പെട്ടെന്നായിരുന്ന ഒട്ടും നിനച്ചിട്ടില്ലാത്ത ആ തോല്‍വി. നേടിയതൊക്കെ ഒറ്റയടിക്ക് അയാളുടെ കൈവിട്ടു പോയി. ഇവിടെ കോടീശ്വരനാകാനും പൊളിഞ്ഞു പാപ്പരാകാനുമുള്ള രണ്ട് സാധ്യതകള്‍ ഈ ചൂതാട്ടക്കാരന്റെ മുന്നിലുണ്ട്. കളിനിയമങ്ങള്‍ പാലിക്കുക, അല്ലെങ്കില്‍ കളിയില്‍നിന്ന് പിന്മാറുക. ഇതല്ലാത്ത മറ്റൊരു വഴി അയാള്‍ക്ക് മുമ്പിലില്ല. ലാഭത്തിന്റെ അത്ര ഭീമാകാരമായിരിക്കും നഷ്ടത്തിന്റെ അളവും.
ആണവോര്‍ജം വൈദ്യുതി ഉല്‍പ്പാദനത്തിന് വളരെയേറെ പ്രയോജനപ്പെട്ടു. അതേ ആണവ നിലയത്തില്‍നിന്നുള്ള വികിരണങ്ങള്‍ കാന്‍സറിനും കാരണമാകുന്നു. അതില്‍നിന്നു തന്നെ ബോംബ് വികസിപ്പിച്ചെടുത്താല്‍ മനുഷ്യകുലത്തെ തന്നെ ഭൂമുഖത്തു നിന്ന് തുടച്ചുനീക്കാന്‍ അത് മതിയാവും. പെട്രോള്‍, കല്‍ക്കരി, കാര്‍ നിര്‍മാണ മേഖല ലക്ഷങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയും അവരെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റുകയും ചെയ്തു. അത്തരം വ്യവസായങ്ങളാണ് അന്തരീക്ഷോഷ്മാവ് അമിതമായി കൂടാനും അങ്ങനെ മഹാവനങ്ങള്‍ കത്തിനശിക്കാനും കാരണമാവുന്നത്. ബാക്ടീരിയ പരത്തുന്ന രോഗങ്ങളെ കഴിഞ്ഞ അരനൂറ്റാണ്ടായി തടഞ്ഞുനിര്‍ത്തുന്നത് ആന്റി ബയോട്ടിക്കുകളുടെ കണ്ടുപിടിത്തമാണ്. അതിനു മുമ്പുള്ള നൂറ്റാണ്ടുകളില്‍ ബാക്ടീരിയ അണുക്കളുടെ അഴിഞ്ഞാട്ടമായിരുന്നു. പക്ഷേ ഇതേ ആന്റിബയോട്ടിക്കുകള്‍ മനുഷ്യശരീരത്തെ പ്രതിരോധിക്കുന്ന അണുക്കളെയും അതോടൊപ്പം നശിപ്പിക്കുന്നുണ്ട്. വൈറസുകള്‍ക്ക് കയറിപ്പറ്റാന്‍ ഇത് അവസരമൊരുക്കുന്നു. മുമ്പത്തേക്കാള്‍ വലിയ ദുരന്തങ്ങള്‍ക്ക് കാരണമാക്കുകയും ചെയ്യുന്നു. ഭൂമധ്യരേഖാ വനങ്ങളിലേക്ക് കടന്നുകയറി നിങ്ങള്‍ക്ക് മേത്തരം മര ഉരുപ്പടികളുമായി തിരിച്ചിറങ്ങാം. അപ്പോഴേക്കും ചിമ്പാന്‍സികളുമായോ വവ്വാലുകളുമായോ അറിഞ്ഞോ അറിയാതെയോ കോണ്‍ടാക്ട് ഉണ്ടായി ആദ്യം നിങ്ങള്‍ എത്തിച്ചേര്‍ന്ന ഗ്രാമത്തിലേക്കും പിന്നെ മൊത്തം ലോകത്തേക്കും എബോള പോലുള്ള വൈറസുകളെ നിങ്ങള്‍ എത്തിച്ചിരിക്കും. നാം വളരെ വേഗത്തില്‍ ലോകം മുഴുക്കെ ചുറ്റിയടിക്കുമ്പോള്‍ ഉണങ്ങിയ പുല്ലില്‍ തീപ്പൊരി വീഴുന്നതു പോലെ കൊറോണ പോലുള്ള വൈറസുകളെയും പടര്‍ത്തുകയല്ലേ ചെയ്യുന്നത്?
പറഞ്ഞു വരുന്നത് ഇതാണ്: ലോകത്ത് ഒന്നും സൗജന്യമായി ലഭിക്കുന്നില്ല. ഓരോന്നിനും വലിയ വില ഒടുക്കേണ്ടിവരുന്നുണ്ട്. ഏതൊരു ക്രിയാത്മക കാര്യത്തിന്റെയും മറുവശത്ത് ഒരു നിഷേധാത്മകത ഒളിഞ്ഞിരിപ്പുണ്ട്. തിരിച്ചും അങ്ങനെത്തന്നെ. എന്റെ എല്ലാ ലേഖനങ്ങളും സൂക്ഷ്മമായി വായിച്ച് കമന്റിടുന്ന ഒരു സുഹൃത്തുണ്ട് എനിക്ക് ചിക്കാഗോയില്‍ .ഈ ലേഖനം വായിച്ച് അദ്ദേഹമിട്ട കമന്റ്: മലിനീകരണം കുറക്കാന്‍ മൊത്തം മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയാത്തതാണ് രണ്ടാഴ്ച കൊണ്ട് കൊറോണ ചെയ്തത്.

Comments