Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 27

3145

1441 ശഅ്ബാന്‍ 02

ബാലകൃഷ്ണന്‍ വള്ളിക്കുന്ന്

അബ്ദുര്‍റഹ്മാന്‍ മാങ്ങാട്

ജീവിതകാലം മുഴുവന്‍ മാപ്പിളസാഹിത്യത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കായി വിനിയോഗിച്ച, അക്കാദമിക ജാടകളില്ലാത്ത, എല്ലാ അന്വേഷണാര്‍ഥികളെയും തുല്യരായി കണ്ട് പരിഗണിക്കാന്‍ മനസ്സു കാണിച്ച നിഷ്‌കളങ്കതയുടെ നിറകുടമായിരുന്നു ബാലകൃഷ്ണന്‍ മാഷ് എന്ന പി.ബി വള്ളിക്കുന്ന്.
1936-ല്‍ അയ്യപ്പന്റെയും അമ്മുവിന്റെയും പുത്രനായി വള്ളിക്കുന്നില്‍ ജനനം. നാട്ടിലെയും പരിസരത്തെയും സ്‌കൂളുകളില്‍ പ്രാഥമിക പഠനം. കോഴിക്കോട് ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് കേന്ദ്രത്തില്‍നിന്ന് അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി, ദീര്‍ഘകാലത്തെ അധ്യാപക ജീവിതം. ഇതിനിടയില്‍ ഡിഗ്രിയും പി.ജിയും സ്വന്തമായി പഠിച്ച് എഴുതിയെടുത്തു. 1970-ല്‍ മൈസൂര്‍ റീജ്യനല്‍ കോളേജ് ഓഫ് എജുക്കേഷന്റെ സമ്മര്‍ കറസ്‌പോണ്ടന്റ് കോഴ്‌സില്‍ ചേര്‍ന്ന് ബി.എഡും പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഹൈസ്‌കൂളില്‍ മലയാളം അധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ചു. 1991-ല്‍ സര്‍വീസില്‍നിന്ന് പെന്‍ഷന്‍ പറ്റി പിരിഞ്ഞ ശേഷം വിവിധ സമാന്തര സ്ഥാപനങ്ങളില്‍ അധ്യാപകനായും മേധാവിയായും ജോലി നോക്കി.
സാഹിത്യവാസന കുട്ടിക്കാലം മുതലേ പ്രകടമായിരുന്നു. 1954-ല്‍ യുവകവി മാസികയില്‍ ആദ്യത്തെ കവിത അച്ചടിമഷി പുരണ്ടു. തുടര്‍ന്ന് യുവകവി, കൃഷിക്കാരന്‍, ദേശാഭിമാനി വാരിക തുടങ്ങിയ ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു. 1970 മുതല്‍ മാപ്പിളസാഹിത്യ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു.
അറബി-മലയാള പഠനത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാനുണ്ടായ കാരണം അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു: ''ബി.എ പരീക്ഷക്ക് പഠിച്ചുകൊണ്ടിരുന്ന 1966-'67 കാലത്താണ് മാപ്പിളസാഹിത്യവുമായി ബന്ധപ്പെടാന്‍ എനിക്ക് അവസരം ലഭിച്ചത്. പാഠപുസ്തകങ്ങളിലൊന്ന് മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന കാവ്യമായിരുന്നു. അതിലെ ഭാഷാരീതിയും മൊഴിവഴക്കങ്ങളും ഇശല്‍ ഘടനയുമൊക്കെ തികച്ചും അപരിചിതമായിരുന്നതുകൊണ്ട് ഒരു സഹായകഗ്രന്ഥമന്വേഷിച്ച് നട്ടം തിരിയേണ്ടി വന്നപ്പോള്‍ ഈ കാവ്യശാഖയെ കുറിച്ച് ഗൗരവമായ പഠനങ്ങളൊന്നും നടന്നുകഴിഞ്ഞിട്ടില്ലെന്ന ദയനീയ വസ്തുതയാണ് തിരിച്ചറിയാനായത്. മലയാള സാഹിത്യ പരിസരത്തില്‍നിന്നും പുറംതള്ളപ്പെട്ട ഈ കാവ്യശാഖയെക്കുറിച്ച് ഗൗരവമായ പഠനങ്ങള്‍, ആ സാമൂഹികതയെ തിരിച്ചറിയാനുള്ള ഉപാധിയാണെന്ന് കാണാന്‍ പ്രയാസമൊന്നുമുണ്ടായിരുന്നില്ല. മാപ്പിളസാഹിത്യ പാരമ്പര്യത്തെ അവഗണിച്ചുകൊണ്ടുള്ള മലയാള സാഹിത്യപഠനം അപൂര്‍ണമായേ കരുതാനാവുകയുള്ളൂവെന്നുള്ള ശൂരനാട് കുഞ്ഞന്‍പിള്ളയുടെ ഒരു ലേഖനം ചന്ദ്രികയില്‍ വായിക്കാനായതും അക്കാലത്താണ്. തിരൂരങ്ങാടി മാപ്പിള സാഹിത്യ സെമിനാറില്‍ ഉയര്‍ന്നുകേട്ട അഭിപ്രായങ്ങളും ഉദ്‌ബോധനങ്ങളും മാപ്പിള സാഹിത്യപാരമ്പര്യത്തിന്റെ മഹത്വവും ഉദാത്തതയും ഉദ്‌ഘോഷിക്കുന്നതായിരുന്നു. എന്നാല്‍ പ്രാദേശിക സാഹിത്യവിചാരത്തിന്റെ പൊതു വൈകാരിക നിരപ്പിലേക്ക് അതിനെ ഇറക്കി എഴുന്നള്ളിക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങളൊന്നും അവിടെ ഉയര്‍ന്നുകേട്ടില്ല.''
ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യണമെന്ന ചിന്തയാണ് തന്നെ മാപ്പിളപ്പാട്ട് പഠനരംഗത്തേക്കെത്തിച്ചതെന്ന് അദ്ദേഹം വിലയിരുത്തുന്നു. മാഷ് തന്നെ അക്കഥ പറയട്ടെ: ''മലയാള ഭാഷാധ്യാപകനായി തിരൂരങ്ങാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെത്തിയപ്പോള്‍ എന്റെ അന്വേഷണത്തിന് ഒട്ടേറെ അനുകൂല സാഹചര്യങ്ങള്‍ ഒത്തുവരികയുണ്ടായി. മലയാള ഭാഷയില്‍ മുദ്രിതമായിരുന്ന ഏതാനും അറബി-മലയാള രചനകളില്‍നിന്ന് അവയിലെ പദവാക്യ ഛന്ദസ്‌കരണത്തിലെ സവിശേഷ ചേരുവകളുടെ സ്വഭാവവും അതിസാധാരണമായ സാമൂഹികാവബോധത്തിലെ സൗന്ദര്യസമീപനവും കുരുക്കഴിക്കാന്‍ അറബിഭാഷാ പണ്ഡിതന്മാരുമായുള്ള സൗഹൃദം ഉപകരിച്ചു. 1972 മുതല്‍ മാപ്പിള സാഹിത്യത്തിന്റെ ഈ സൗന്ദര്യ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഏതാനും ലേഖനങ്ങള്‍ ചന്ദ്രിക ആഴ്ചപ്പതിപ്പിലും വാരാന്തപ്പതിപ്പിലുമായി പ്രസിദ്ധീകരിച്ചപ്പോള്‍ അന്ന് ചന്ദ്രികയുടെ അമരക്കാരനായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബില്‍നിന്ന് ലഭിച്ച പ്രോത്സാഹനവും പ്രേരണയും തുടരന്വേഷണത്തിന് ഏറെ പ്രചോദകമായി - മാപ്പിള സാഹിത്യ ചരിത്രാന്വേഷണത്തിലെ വഴിവിളക്കായിരുന്ന കെ.കെ മുഹമ്മദ് അബ്ദുല്‍കരീം സാഹിബ് സഹായഹസ്തങ്ങള്‍ നീട്ടിയത് എന്റെ സാഹസത്തിന് ആത്മധൈര്യം പകര്‍ന്നു.''
മൗലികമായ ഒരു ഡസന്‍ രചനകള്‍ കൊണ്ട് അറബി-മലയാള ഭാഷാപഠനത്തെ സമ്പന്നമാക്കിയ പ്രതിഭയാണ് വള്ളിക്കുന്ന്. തന്റെ സത്യസന്ധതയും നിഷ്‌കളങ്കതയും ആത്മാര്‍ഥതയും ആരുടെ മുമ്പിലും അടിയറവെക്കാന്‍ ചെരിപ്പു ധരിക്കാത്ത, മുറിക്കൈയന്‍ ഖദര്‍ ഷര്‍ട്ടിടുന്ന, ഒറ്റമുണ്ട് ഖദര്‍ ധരിക്കുന്ന ഈ ഫഖീര്‍ ഒരുക്കമായിരുന്നില്ല.
ഒരിക്കല്‍ ഞാനദ്ദേഹത്തോട് പറഞ്ഞു: 'മാഷേ, നിങ്ങളെന്തിനാണ് ചന്ദ്രികയില്‍ മാത്രം കിടന്നു കറങ്ങുന്നത്? നിങ്ങളുടെ മാപ്പിള സാഹിത്യപഠനങ്ങള്‍ പൊതുവായനക്കാര്‍ക്കു കൂടി ലഭ്യമാകണമെങ്കില്‍ മറ്റു പ്രസിദ്ധീകരണങ്ങളിലൂടെ അവ വെളിച്ചം കാണേണ്ടതില്ലേ? അപ്പോഴല്ലേ സാഹിത്യത്തിനും നിങ്ങള്‍ക്ക് ഒരു പൊതു ജനകീയമുഖം കൈവരിക.'' അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ മറുപടി ഇങ്ങനെ: ''അബ്ദുര്‍റഹ്മാന്‍, എന്നെ ഈ രംഗത്തേക്ക് കൊണ്ടുവന്നതും പ്രോത്സാഹിപ്പിച്ചതും ചന്ദ്രികയും സി.എച്ചുമാണ്. ഇനിയും അതില്‍തന്നെ എഴുതാനാണ് ഞാനുദ്ദേശിക്കുന്നത്. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരായ എം.ടിയും എസ്.കെ പൊറ്റക്കാടും മുകുന്ദനും ടി. പത്മനാഭനുമൊക്കെ എഴുതിത്തെളിഞ്ഞ ആഴ്ചപ്പതിപ്പിന് ജനകീയ മുഖമില്ലെന്നാണോ താന്‍ പറയുന്നത്?''
മറ്റൊരു സംഭവം അദ്ദേഹം ഓര്‍ക്കുന്നത് ഇങ്ങനെയാണ്: ''1992-ല്‍ കേരള സാഹിത്യ അക്കാദമി മാപ്പിള സാഹിത്യവുമായി ബന്ധപ്പെട്ട് ഒരു ഗ്രന്ഥരചനക്ക് എനിക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചുതന്നു. ഗ്രന്ഥരചനക്ക് ഉപയോഗപ്പെടുത്താന്‍ കെ.കെ മുഹമ്മദ് അബ്ദുല്‍കരീം സാഹിബ് അദ്ദേഹത്തിന്റെ സ്വകാര്യശേഖരം എനിക്ക് അനുവദിച്ചിരുന്നു. കോഴിക്കോട് സര്‍വകലാശാല മലയാള വിഭാഗത്തിലെ പ്രതാപിയായൊരു ഡോക്ടറെയാണ് എനിക്ക് ഗൈഡായി അക്കാദമി നിര്‍ദേശിച്ചിരുന്നത്. ആദ്യ സന്ദര്‍ശനത്തില്‍ നിറഞ്ഞ മനസ്സോടെ എന്നെ സ്വാഗതം ചെയ്ത ആ മാന്യന്‍ ഏതാനും ദിവസത്തിനുശേഷം വിചിത്രമായൊരു വ്യവസ്ഥ മുന്നോട്ടുവെച്ചു. ഗ്രന്ഥരചനക്കായും അല്ലാതെയും ഞാന്‍ പരിശോധിക്കാന്‍ ഉദ്ദേശിക്കുന്ന രേഖകളുടെ ഫോട്ടോകോപ്പി അദ്ദേഹത്തിനു നല്‍കണമെന്നതായിരുന്നു നിബന്ധന. വിശ്വാസപൂര്‍വം ഒരാള്‍ എനിക്കേല്‍പിച്ചുതരുന്ന സ്വകാര്യസമ്പാദ്യത്തിന്റെ പകര്‍പ്പ് മോഷ്ടിക്കാന്‍ എനിക്കാവില്ലെന്നറിയിച്ചപ്പോള്‍ ഡോക്ടറുടെ മട്ടു മാറി. 'എങ്കില്‍ തന്നെ ഗൈഡ് ചെയ്യാന്‍ എനിക്കാവില്ല' എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ 'ഇക്കാര്യം നമുക്ക് ഇവിടെ അവസാനിപ്പിക്കാം' എന്ന് മറുപടി നല്‍കുകയും സ്‌കോളര്‍ഷിപ്പ് വേണ്ടെന്ന് അക്കാദമിയെ അറിയിക്കുകയും ചെയ്തു'' (മാപ്പിള സാഹിത്യ പഠനങ്ങള്‍ - മുഖവുര).
അദ്ദേഹത്തിന്റെ മുഖ്യ രചനകള്‍: മാപ്പിളപ്പാട്ട് ഒരാമുഖ പഠനം (1999), മാപ്പിള സംസ്‌കാരത്തിന്റെ കാണാപ്പുറങ്ങള്‍ (2000), മാപ്പിള സാഹിത്യവും മുസ്‌ലിം നവോത്ഥാനവും (2008), മാപ്പിള സാഹിത്യപഠനങ്ങള്‍ (2011), മാപ്പിളപ്പാട്ട് പാഠങ്ങളും പഠനങ്ങളും  (സഹരചന - 2006), സ്ത്രീപക്ഷ വായനയുടെ മാപ്പിള പാഠാന്തരങ്ങള്‍ (2012), മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യലോകം (2015), മാപ്പിളപ്പാട്ട് വഴക്കങ്ങള്‍ -ചരിത്ര-സാമൂഹിക പശ്ചാത്തലത്തില്‍ (2014), മലപ്പുറം പടപ്പാട്ട് -പാഠവും പഠനവും (2016), മാപ്പിള ഭാഷ- അറബി മലയാളത്തില്‍നിന്ന് ശ്രേഷ്ഠമലയാളത്തിലേക്ക് (2018).
വിവിധ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാറില്‍നിന്നോ അക്കാദമികളില്‍നിന്നോ വേണ്ടത്ര പരിഗണനയോ ആദരവോ അദ്ദേഹത്തിനു ലഭിക്കുകണ്ടായില്ല. മാപ്പിളപ്പാട്ടുകള്‍ക്കുവേണ്ടി ഉഴിഞ്ഞുവെച്ച ആ ധന്യജീവിതത്തിന് 2020 മാര്‍ച്ച് 7-ന് വിരാമമായി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (17-19)
ടി.കെ ഉബൈദ്‌