Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 17

വാര്‍ത്തകള്‍ വിശേഷങ്ങള്‍

മൂസക്കുട്ടി വെട്ടിക്കാട്ടിരി

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇസ്ലാമും ശരീഅത്തും ചര്‍ച്ചാ വിഷയം

നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇസ്ലാമും ശരീഅത്തും ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പായി. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനു മത്സരിക്കുന്ന ന്യൂവെറ്റ് ഗിന്റിച്ചാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇസ്ലാമിനെ വലിച്ചിഴക്കുന്നത്. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനുള്ള മത്സരത്തില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന മിറ്റ് റോംനിയില്‍ നിന്നും റിക് സാന്റോമിയില്‍നിന്നും കടുത്ത മത്സരം നേരിടുന്ന ഗിന്റിച്ച് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ മുഴുത്ത ഇസ്ലാം വിരോധമാണ് പ്രസംഗിക്കുന്നത്. മുന്‍ വൈറ്റ്ഹൌസ് സ്പീക്കര്‍ കൂടിയായ ഗിന്റിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ലഭിക്കുകയാണെങ്കില്‍ ഒബാമയെയാണ് നവംബറില്‍ നേരിടുക. അതുകൊണ്ടുതന്നെ ഒബാമയെകൂടി ലക്ഷ്യംവെച്ചാണ് ഇസ്ലാം വിരോധം ഇളക്കിവിടുന്നത്.
'ഇസ്ലാമുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ പ്രസിഡന്റ് ഒബാമ പെട്ടെന്നുതന്നെ മാപ്പ്ചോദിക്കുന്നത് കാണാം. എന്നാല്‍ കാത്തലിക് ചര്‍ച്ചിനെ എതിര്‍ക്കുകയും ചെയ്യുന്നു' എന്ന് ഗിന്റിച്ച് ജോര്‍ജിയയില്‍ പ്രസംഗിച്ചതായി 'പോളിറ്റികോ' മാഗസിനാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒബാമ ഇസ്ലാമിന്റെ കാര്യത്തില്‍ വളരെ 'സെന്‍സിറ്റീവ്' ആണെന്നും അദ്ദേഹം ഒരു മുസ്ലിം അനുകൂല പ്രസിഡന്റാണെന്നും ന്യൂവെറ്റ് ഗിന്റിച്ച് ആരോപിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയ മല്‍സരത്തിനിടെ നടന്നുവരുന്ന ഒരു സംവാദത്തിനിടെ ഒബാമയെ ലക്ഷ്യംവെച്ച് ഇസ്ലാമിനെ ആക്രമിക്കാന്‍ രൂക്ഷമായ ഭാഷയാണ് ന്യൂവെറ്റ് ഗിന്റിച്ച് ഉപയോഗിച്ചത്. ഒബാമയും സൌദി അറേബ്യന്‍ ഭരണാധികാരി അബ്ദുല്ല രാജാവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഒബാമ അല്‍പം താഴ്ന്ന് അബ്ദുല്ല രാജാവുമായി ഹസ്തദാനം ചെയ്ത രീതിയെ കളിയാക്കി 'ഭാവിയില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റും സുഊദി രാജാവിന്റെ മുമ്പില്‍ കുനിയുക'യില്ലെന്ന് ഗ്രിന്റിച്ച് കളിയാക്കുന്നുണ്ട്.
അഫ്ഗാനിസ്താനില്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ പ്രസിഡന്റ് ഒബാമ മാപ്പ് പറഞ്ഞതും ഗിന്റിച്ച് തെരഞ്ഞെടുപ്പ് വിഷയമാക്കുന്നുണ്ട്. എന്നാല്‍ ഒബാമ തന്റെ ചെയ്തികളെ പ്രതിരോധിച്ചുകൊണ്ട് രംഗത്തെത്തി. അനേകം പേരുടെ മരണത്തിനിടയാക്കിയേക്കാവുന്ന ഒരു വൈകാരിക പ്രശ്നം ഒതുക്കാനാണ് മാപ്പ് പറഞ്ഞതെന്നാണ് ഒബാമയുടെ ഭാഷ്യം. ഗിന്റിച്ചിനെ തളക്കാന്‍ അതു മതിയാകില്ലെന്ന് ഒബാമക്കറിയാം. അടിക്കടി ഇസ്രയേലിനെ സുഖിപ്പിക്കുന്ന പ്രസ്താവനകളിറക്കിയാണ് ഒബാമ വോട്ടുറപ്പിക്കുന്നത്.
ഒന്നുറപ്പാണ്. തന്റെ രക്തത്തിന്റെ ഭാഗമായ ഇസ്ലാംവിരോധം വോട്ടിനുവേണ്ടിയും ന്യൂവെറ്റ് ഗിന്റിച്ച് നന്നായി ഉപയോഗപ്പെടുത്തും. ഇസ്ലാമിനും ശരീഅത്തിനുമെതിരെ ഗിന്റിച്ച് ഇതിനു മുമ്പും രംഗത്തുവന്നിട്ടുണ്ട്. 2010 ല്‍ ഗിന്റിച്ചും ഭാര്യയും ചേര്‍ന്ന് നിര്‍മിച്ച, ഇസ്ലാമിനെ അങ്ങേയറ്റം വികലമായും തീവ്രവാദികളുടെ മതമായും ചിത്രീകരിക്കുന്ന അാലൃശരമ മ ഞശസെ എന്ന സിനിമ വന്‍കോളിളക്കം സൃഷ്ടിച്ചിരുന്നു.

സ്പോര്‍ട്സിലും 'അറബ് വസന്തം' വരുന്നു


ഏറെക്കാലമായി ഫുട്ബോള്‍ മല്‍സരക്കളത്തിനു പുറത്ത്നിര്‍ത്തിയ 'ഹിജാബി'ന് മോക്ഷം ലഭിക്കുമെന്ന് സൂചന. കളിക്കളത്തില്‍ ശരീരം മറക്കുന്ന വസ്ത്രം ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ ഇന്റര്‍നാഷ്നല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് (കഎഅആ) ധാരണയിലെത്തിയതായി 'ഫിഫ' എക്സിക്യൂട്ടീവ് അംഗം ജോര്‍ദാനിലെ അലി ബിന്‍ അല്‍ഹുസൈന്‍ രാജകുമാരനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കളിക്കളത്തിലെ സുരക്ഷാ സംവിധാനം ഉറപ്പാക്കാന്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത 'ഹിജാബ'ായിരിക്കും പ്രഥമ ഘട്ടത്തില്‍ ഉപയോഗിക്കുക. ജൂലൈയില്‍ നടക്കുന്ന 'ഇഫാബ്' അംഗങ്ങളുടെ സമ്പൂര്‍ണ യോഗത്തിലായിരിക്കും അന്തിമ അനുമതി ലഭിക്കുകയെന്നും അലി ബിന്‍ അല്‍ഹുസൈന്‍ രാജകുമാരന്‍ പറഞ്ഞു.
2007-ല്‍ മുസ്ലിം വനിതാ ഫുട്ബോള്‍ താരങ്ങള്‍ ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം ധരിച്ച് കളിക്കളത്തിലിറങ്ങുകയും 'ഫിഫ' വിലക്കേര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് 'ഹിജാബ്' വിവാദമായത്. കഴിഞ്ഞ വര്‍ഷം ഒളിമ്പിക് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിന്റെ രണ്ടാം റൌണ്ടില്‍ ജോര്‍ദാനുമായി മത്സരിക്കാന്‍ 'ഹിജാബ്' ധരിച്ച് കളിക്കളത്തിലിറങ്ങിയ ഇറാന്‍ വനിതാ ടീമിന് 'ഫിഫ' വിലക്കേര്‍പ്പെടുത്തിയിരുന്നു. സ്പോര്‍ട്സിലെ മുസ്ലിം വസ്ത്രധാരണ രീതിക്കുള്ള വിലക്ക് നീക്കുന്നതിനെക്കുറിച്ചാലോചിക്കാന്‍ 'ഫിഫ'യോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ലിബിയന്‍ ബ്രദര്‍ഹുഡ് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി

ലിബിയയിലെ അല്‍ഇഖ്വാനുല്‍ മുസ്ലിമൂന്‍ ( മുസ്ലിം ബ്രദര്‍ഹുഡ്) മറ്റു ഇസ്ലാമിക പാര്‍ട്ടികളുമായി ചേര്‍ന്ന് 'ജസ്റിസ് ആന്റ് ഡെവലപ്മെന്റ്' എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി. ഖദ്ദാഫിയുടെ കാലത്ത് രാഷ്ട്രീയ തടവുകാരനായിരുന്ന മുഹമ്മദ് സവാന്‍ പുതിയ പാര്‍ട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ലിബിയയില്‍ അടുത്ത ജൂണില്‍ നടക്കാനിരിക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ ബ്രദര്‍ഹുഡിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി മുഖ്യ ശ്രദ്ധാകേന്ദ്രമായിരിക്കും.
ലിബിയയില്‍ കഴിഞ്ഞ 42 വര്‍ഷമായി ക്രൂരമായ അടിച്ചമര്‍ത്തലിനും പീഡനങ്ങള്‍ക്കും വിധേയമായിട്ടും ബ്രദര്‍ഹുഡിന്റെ സംഘടനാശേഷിയോ കരുത്തോ ചോര്‍ന്നിട്ടില്ല. അറബ് വസന്തത്തിന്റെ ചുവടുപിടിച്ച് തുനീഷ്യയിലും മൊറോക്കോയിലും ഈജിപ്തിലും ബ്രദര്‍ഹുഡ് കൈവരിച്ച വിജയം ലിബിയയിലെ തെരഞ്ഞെടുപ്പിലും ബ്രദര്‍ഹുഡ് ആവര്‍ത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ജസ്റിസ് ആന്റ് ഡെവലപ്മെന്റ് പാര്‍ട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ 'വഞ്ചകന്‍' എന്ന മുദ്രകുത്തി മുഅമ്മര്‍ ഖദ്ദാഫി തന്നെ ജയിലിലടക്കുകയായിരുന്നുവെന്ന് മുഹമ്മദ് സവാന്‍ പറഞ്ഞു. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പൂര്‍ണ രൂപം വരാനിരിക്കുന്നേയുള്ളൂ. ഇസ്ലാമിക മൂല്യങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ട് എല്ലാവര്‍ക്കും നീതിലഭിക്കുന്ന ഒരു ദേശീയ പാര്‍ട്ടിയാണ് ലക്ഷ്യം. പാര്‍ട്ടി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ പലരും വര്‍ഷങ്ങളോളം ഖദ്ദാഫി യുഗത്തില്‍ രാഷ്ട്രീയ തടവുകാരായി കഴിഞ്ഞവരാണ്. മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് അലി അല്‍കറമി 30 വര്‍ഷമാണ് ജയില്‍ പീഡനങ്ങളനുഭവിച്ചത്.
പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് സ്വതന്ത്ര അസ്തിത്വമുണ്ടെന്നും ഇഖ്വാനുല്‍ മുസ്ലിമൂന്‍ മുമ്പത്തെപോലെ മത സാമൂഹിക സാംസ്കാരിക രംഗങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിരതമാകുമെന്നും സാമ്പത്തിക ശാസ്ത്ര വിദഗ്ധനും ബ്രദര്‍ഹുഡ് നേതാവുമായ അബ്ദുല്ല ശാമിയ പറഞ്ഞു. ലിബിയന്‍ വിപ്ളവത്തില്‍ സ്ത്രീകളുടെ പങ്ക് അനിഷേധ്യമാണെന്നും വിപ്ളവാനന്തര ലിബിയയുടെ രാഷ്ട്രീയ പ്രക്രിയയിലും സ്ത്രീകളുടെ സ്ഥാനം മുന്‍സീറ്റുകളിലായിരിക്കുമെന്നും ലിബിയന്‍ വിപ്ളവത്തിന്റെ മുന്നണിപ്പോരാളിയും മുസ്ലിം ബ്രദര്‍ഹുഡ് കൂടിയാലോചനാ സമിതി അംഗവുമായ ഡോ. മാജിദ അല്‍ഫലാഹ് പറഞ്ഞു. ലിബിയയില്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍ (മുസ്ലിം ബ്രദര്‍ഹുഡ്) സ്ഥാപിതമായത് 1949-ലാണെങ്കിലും നിരോധം മൂലം പൊതുപരിപാടികള്‍ നടത്താനുള്ള സ്വാതന്ത്യ്രമുണ്ടായിരുന്നില്ല. ഖദ്ദാഫിയുടെ പതനത്തിനുശേഷം 2011 നവംബറിലാണ് പാര്‍ട്ടി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്.

ന്യൂജേഴ്സിയില്‍ മുസ്ലിംകളെ പ്രകോപിപ്പിക്കാന്‍ നീക്കം

ന്യൂജേഴ്സില്‍ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഭാഗത്തും ബ്രോക്ക്ലിനില്‍ ജൂത കേന്ദ്രങ്ങളിലും ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഇംഗ്ളീഷിലും ഹീബ്രു ഭാഷയിലും പരസ്യബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഒരു അമേരിക്കന്‍ നിരീശ്വര സംഘടനയാണ് ബില്‍ബോര്‍ഡ് സ്ഥാപിച്ചത്. 'ഥീൌ സിീം ശ' മ ാ്യവേ മിറ ്യീൌ വമ്ല മ രവീശരല' എന്നാണ് ബോര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുസ്ലിംകളെ പ്രകോപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കരുതുന്നതായി കൌണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ (ഇഅകഞ) വക്താക്കള്‍ പറഞ്ഞു.

ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേല്‍ തീരുമാനം അന്തിമമെന്ന് ഒബാമയോട് നെതാന്യാഹു

ആണവായുധം സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ഇറാനെ അതില്‍നിന്ന് പിന്തിരിപ്പിക്കുന്ന കാര്യം തങ്ങള്‍ സ്വന്തം നോക്കുമെന്ന് അമേരിക്കയില്‍ സന്ദര്‍ശനം നടത്തിവരുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ബാറാക്ക് ഒബാമയുമായി വൈറ്റ് ഹൌസില്‍വെച്ചുനടന്ന കൂടിക്കാഴ്ചയില്‍ തുറന്നടിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒബാമയുടെ ഉറപ്പിനു കാത്തുനില്‍ക്കാതെ സ്വയം തീരുമാനമെടുക്കാനുള്ള കാരണവും നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലിനു ഭീഷണിയുയര്‍ത്തുന്ന ഒരു തീവ്ര ഇസ്ലാമിക രാഷ്ട്രം ആണവായുധം സ്വന്തമാക്കാന്‍ പാടില്ലെന്നതുതന്നെ. എന്നാല്‍ ലോകത്തെവിടെയും താന്തോന്നിത്തം കാണിക്കുകയും മുസ്ലിംസമൂഹത്തോടും ഇസ്ലാമിക രാഷ്ട്രങ്ങളോടും കടുത്ത പക വെച്ചു പുലര്‍ത്തുകയും ചെയ്യുന്ന ഇസ്രയേലിന്റെ കൈവശമുള്ള അനേകം സംഹാര ശേഷിയുള്ള ആണവായുധ ശേഖരത്തിന്റെ കാര്യമെന്തെന്ന ചോദ്യം അപ്രസക്തം. കാരണം -ലോജിക്കൊന്നും ആര്‍ക്കുമറിയില്ലെങ്കിലും - ഇസ്രയേലിന്റെ സുരക്ഷിതത്വം ലോകത്തിന്റെ കടമയാകുന്നു.
അതേതായാലും ഇസ്രയേലിന്റെ ഇറാന്‍ ആക്രമണത്തിന്റെ പബ്ളിക് റിലേഷന്‍ പണികള്‍ ലോകത്തെ വിവിധ മാധ്യമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതിന്റെ ആദ്യപടിയെന്നോണം പതിവുപോലെ മുസ്ലിം വിരുദ്ധത പ്രചരിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. അതോടൊപ്പം ഇറാനിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ഇത്തരം മാധ്യമങ്ങള്‍ക്ക് കവര്‍സ്റോറിയാണ്. അതിന്റെ മുന്നോടിയായി ഇറാന്‍ പാര്‍ലമെന്റ് പ്രഥമ ഘട്ട തെരഞ്ഞെടുപ്പില്‍ അഹ്മദി നിജാദ് പരാജയപ്പെടുന്നതായും ഖാംനഈ ആധിപത്യം നേടുന്നതായും ഇവര്‍ തമ്മില്‍ ശക്തമായ ആഭ്യന്തര കലഹം നടന്നുവരുന്നതായുമൊക്കെ പൊടിപ്പും തൊങ്ങലുംവെച്ച വാര്‍ത്തകളും ഫീച്ചറുകളും വന്നുതുടങ്ങിയിട്ടുണ്ട്. അതിനും പുറമെ രാജ്യത്തെ പൊതുഖജനാവിലേക്കടക്കേണ്ട എണ്ണവിറ്റുകിട്ടിയ ദശലക്ഷക്കണക്കിന് ഡോളര്‍ അഹ്മദി നിജാദ് അടച്ചിട്ടില്ലെന്ന ആരോപണം ശക്തമാണെന്നുമുള്ള വാര്‍ത്തകള്‍ തലക്കെട്ടുകള്‍ പിടിച്ചു കഴിഞ്ഞു. ഇറാനുമായി ഒരു യുദ്ധത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്താന്‍ ഇസ്രയേലിന് ഇത്രയും സമയം തന്നെ ധാരാളമാണ്.

ഖുദ്സിലെ തുരങ്ക നിര്‍മാണം മസ്ജിദുല്‍ അഖ്സയെ അപായപ്പെടുത്തും

ലോക മുസ്ലിംകളുടെ മൂന്നാമത്തെ പുണ്യഗേഹമായ മസ്ജിദുല്‍ അഖ്സയെ അപായപ്പെടുത്തുന്ന രീതിയില്‍ ഇസ്രയേല്‍ തുടരുന്ന തുരങ്ക നിര്‍മാണം അവസാനിപ്പിക്കാന്‍ മുന്നോട്ടുവരണമെന്ന് ഖുദ്സ് സംരക്ഷണത്തിനുള്ള മുസ്ലിം ക്രിസ്ത്യന്‍ ഖുദ്സ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. അധിനിവേശ ഖുദ്സ് നഗരത്തില്‍ ഇസ്രയേലിന്റെ അതിക്രമം അവസാനിപ്പിക്കാനും മസ്ജിദുല്‍ അഖ്സയുടെ ആന്തരിക ഭാഗത്ത് തുരങ്കം നിര്‍മിച്ച് പള്ളി തകര്‍ക്കാനുള്ള ശ്രമത്തില്‍നിന്ന് ജൂതരാഷ്ട്രത്തെ തടയാനും ഐക്യ രാഷ്ട്ര സഭ മുന്നോട്ടുവരണമെന്നും ഖുദ്സ് സംരക്ഷണ സമിതി അഭ്യര്‍ഥിച്ചു. മസ്ജിദുല്‍ അഖ്സയുടെ വടക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന പള്ളിയുടെ സംരക്ഷണഭിത്തിയില്‍നിന്ന് മണ്ണ് ഇളകിവീഴാന്‍ തുടങ്ങിയത് ഗുരുതരമായി കാണണമെന്നും ഇതുമൂലം അല്‍അഖ്സക്ക് ഭീഷണിയുയര്‍ന്നതായും ഖുദ്സ് സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി.
മസ്ജിദുല്‍ അഖ്സയുടെ സമീപമുള്ള മണ്ണിടിച്ചില്‍ തുടര്‍ന്നാല്‍ അല്‍അഖ്സയുടെ തകര്‍ച്ചയായിരിക്കും ഫലമെന്ന് ഖുദ്സ് സംരക്ഷണ സമിതി അധ്യക്ഷന്‍ ഡോ. ഹന്ന ഈസ പറഞ്ഞു. സമ്പൂര്‍ണ ജൂത പട്ടണം നിര്‍മിക്കുകയെന്ന വ്യാജേന ഇസ്രയേല്‍ നടത്തുന്ന ഖനനം അല്‍അഖ്സയെ തകര്‍ത്ത് തല്‍സ്ഥാനത്ത് വാഗ്ദത്ത ജൂത ദേവാലയം പണിയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം