Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 27

3145

1441 ശഅ്ബാന്‍ 02

എ.ടി മുഹമ്മദ് കുട്ടി

ടി. അബ്ദുര്‍റഹ്മാന്‍, തിരൂര്‍ക്കാട്

ഗള്‍ഫിലെ സുഹൃത്തും ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ അബൂദബി ഘടകത്തിന്റെ സാരഥികളിലൊരാളുമായിരുന്ന പട്ടാമ്പി എ.ടി മുഹമ്മദ് കുട്ടി സാഹിബ് ഈ ലോകത്തോട് വിടപറഞ്ഞു. പഠനവും പാരായണവും ജീവിത തപസ്യയാക്കിയ അദ്ദേഹത്തിന് അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്നു. ഔപചാരിക വിദ്യാഭ്യാസം നാലില്‍ നിര്‍ത്തിയെങ്കിലും കഠിനാധ്വാനവും നിരന്തര വായനയും അദ്ദേഹത്തെ എഴുത്തുകാരനും പ്രഭാഷകനുമാക്കി. സെന്ററിലെ വിവിധ യൂനിറ്റുകളിലുള്ള ഖുര്‍ആന്‍-ഹദീസ് ക്ലാസുകള്‍ ഏല്‍പിച്ചിരുന്നത് അദ്ദേഹത്തെയാണ്. പ്രതിരോധവിഭാഗത്തില്‍ ജോലിയിലായിരുന്നപ്പോള്‍, സൗജന്യ ഭക്ഷണവും താമസവും ലഭിക്കുമായിരുന്നെങ്കിലും പ്രസ്ഥാന പ്രവര്‍ത്തനത്തിനും വായനക്കും വേണ്ടി അദ്ദേഹം ഐ.സി.സി ഓഫീസില്‍ താമസമാക്കി. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ഇറക്കുന്ന പുതിയ പുസ്തകങ്ങള്‍ അപ്പപ്പോള്‍ വായിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ജമാഅത്തംഗങ്ങളുടെ അഖിലേന്ത്യാ സമ്മേളനമുണ്ടെങ്കില്‍ അതില്‍ പങ്കെടുക്കാന്‍ പാകത്തില്‍ അദ്ദേഹം വാര്‍ഷിക ലീവ് പുനഃക്രമീകരിക്കും. നഗരത്തില്‍നിന്ന് 15 കി.മീ അകലെ മുസഫ്ഫയിലെ അല്‍ജാബിര്‍ കമ്പനിയിലെ തൊഴിലാളികള്‍ക്കുള്ള വാരാന്ത ക്ലാസുകള്‍ അദ്ദേഹമാണ് നടത്തിപ്പോന്നിരുന്നത്. ഐ.സി.സി വൈസ് പ്രസിഡന്റ്, ലൈബ്രേറിയന്‍, യൂനിറ്റ് കണ്‍വീനര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. രണ്ടു വ്യാഴവട്ടക്കാലത്തെ ഗള്‍ഫ് ജീവിതത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ നിരവധി പേരെ ഐ.സി.സിയുടെ വിവിധ പരിപാടികളില്‍ പങ്കെടുപ്പിക്കുകയുണ്ടായി. പ്രവാസ ജീവിതത്തില്‍നിന്ന് വിരമിച്ച ശേഷം പട്ടാമ്പി മദീനാ പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നടത്തുന്ന ഇസ്‌ലാമിക് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായും ഹല്‍ഖാ നാസിമായും പ്രവര്‍ത്തിച്ചിരുന്നു. ഏരിയാ മദ്യവര്‍ജന സമിതിയിലെ സജീവാംഗവുമായിരുന്നു. ശയ്യാവലംബിയാകുന്നതു വരെ ഈ സ്ഥാനങ്ങളില്‍ അദ്ദേഹം തുടര്‍ന്നു. ഭാര്യ ആഇശ. ശങ്കരമംഗലം യൂനിറ്റ് ഹല്‍ഖാ സെക്രട്ടറി ശറഫുദ്ദീന്‍ അടക്കം ആറു മക്കളുണ്ട്. ഇളയമകന്‍ റഈസ് കോഴിക്കോട് എസ്.ഐ.ഒ ഓഫീസിലാണ്. എല്ലാവരും പ്രസ്ഥാന പ്രവര്‍ത്തകരും ഗുണകാംക്ഷികളുമാണ്.

 

ഹഫ്‌സ നാസര്‍

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഏരിയയുടെ വനിതാ കണ്‍വീനറായിരുന്നു ഹഫ്‌സ സാഹിബ. സൗമ്യമായ ഇടപെടലും പുഞ്ചിരിയും കൊണ്ട് സഹപ്രവര്‍ത്തകരുടെയൊക്കെ ഹൃദയം കവര്‍ന്ന അവരെ 'ഹഫ്‌സാത്ത' എന്നാണ് വിളിച്ചിരുന്നത്. പ്രസ്ഥാന കുടുംബത്തില്‍ ജനിക്കുകയും പ്രസ്ഥാനത്തോടൊപ്പം സഞ്ചരിക്കുകയും ചെയ്തിരുന്ന ഹഫ്‌സാത്ത ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തിനു ശേഷം ര് വര്‍ഷം മുമ്പ് നാട്ടിലെത്തുകയും ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളിയാവുകയും ചെയ്തു.
ഏരിയാ ഓര്‍ഗനൈസറായി സ്ഥാനമേറ്റതിനുശേഷം ശാരീരിക അസ്വസ്ഥതകള്‍ പോലും മറന്ന് ഉത്തരവാദിത്ത നിര്‍വഹണത്തില്‍ പരിപൂര്‍ണ ആത്മാര്‍ഥത കാണിച്ചിരുന്നു. എല്ലാ പ്രവര്‍ത്തകരോടും പ്രത്യേക ബന്ധം കാത്തുസൂക്ഷിച്ചു. സ്വന്തം നാട് ഹരിപ്പാടായിരുന്നെങ്കിലും വിവാഹം ചെയ്തയച്ച പത്തനാപുരത്തുകാര്‍ക്കും ഭര്‍തൃമാതാവിനും സഹോദരങ്ങള്‍ക്കും നാട്ടുകാര്‍ക്കും വരെ പ്രിയങ്കരിയായിരുന്നു. മോശമല്ലാത്ത സാമ്പത്തിക ഭദ്രത ഉണ്ടായിരുന്ന സഹോദരി ദൈവിക മാര്‍ഗത്തില്‍ ചെലവഴിക്കുന്നതിലും മുന്നിലായിരുന്നു. ഇണയായ നസറുദ്ദീന്‍ സാഹിബിന്റെ ഹൃദയ വിശാലത അവരുടെ സ്വദഖകളുടെ തൂക്കം വര്‍ധിപ്പിച്ചു. പ്രസ്ഥാന മാര്‍ഗത്തില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ചിരുന്ന ഒരു ക്ലാസില്‍ സംബന്ധിക്കാനായി ബസ്സ് കാത്തുനില്‍ക്കെയാണ് കുഴഞ്ഞുവീണത്. അഞ്ച് ദിവസങ്ങള്‍ക്കു ശേഷം നാഥന്റെ വിളിക്കുത്തരം നല്‍കി അവര്‍ യാത്രയാവുകയും ചെയ്തു.
നാല് മക്കള്‍. അവര്‍ക്കെല്ലാം ദീനീ വിജ്ഞാനം നല്‍കുന്നതിലും ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ തന്നെ പഠിപ്പിക്കുന്നതിലും അതീവ ശ്രദ്ധ പുലര്‍ത്തി. എല്ലാവരും ദീനീപ്രവര്‍ത്തകരാണ്. ജമാഅത്ത് അംഗത്വത്തിന് അപേക്ഷിച്ച് മൂന്നുദിവസം ആലുവയിലെ ക്യാമ്പില്‍ പങ്കെടുത്ത് ദിവസങ്ങള്‍ക്കു ശേഷമാണ് വിടവാങ്ങല്‍. മക്കള്‍: ഹസനുല്‍ ബന്ന, സുമയ്യ, ഖലീല്‍, സുരയ്യ.

സോഫിയ പല്ലന

 

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും സ്വര്‍ഗത്തില്‍
ഉന്നത സ്ഥാനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (17-19)
ടി.കെ ഉബൈദ്‌