Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 27

3145

1441 ശഅ്ബാന്‍ 02

'പ്രതിസന്ധികളെ സാധ്യതകളാക്കി പരിവര്‍ത്തിപ്പിക്കണം'

പ്രഫ. അത്വാഉല്ലാ സിദ്ദീഖി/ഡോ. മുനീര്‍ മുഹമ്മദ് റഫീഖ്

ക്രിസ്ത്യന്‍-മുസ്‌ലിം ബന്ധങ്ങളില്‍ (Christian-Muslim Relations) ആഗോളതലത്തില്‍ ശ്രദ്ധേയനായ ബ്രിട്ടീഷ് പ്രഫസറാണ് ഡോ. അത്വാഉല്ലാ സിദ്ദീഖി. ബ്രിട്ടനിലെ ലെസ്റ്റര്‍ഷെയറില്‍ (Leicestershire) പ്രവര്‍ത്തിക്കുന്ന ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസ കേന്ദ്രമായ Markfeild Institute of Higher Education- ന്റെ സ്ഥാപകരില്‍ ഒരാളാണ് ഇന്ത്യന്‍ വംശജനായ പ്രഫ. സിദ്ദീഖി. ഖുര്‍ശിദ് അഹ്മദ്, ഖുര്‍റം മുറാദ് തുടങ്ങിയ പാക് പണ്ഡിതന്മാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച ഈ വിദ്യാഭ്യാസ സ്ഥാപനം ഇസ്‌ലാമിക പഠനങ്ങളിലും ഇസ്‌ലാമിക് ബാങ്കിംഗിലും ഫിനാന്‍സ് & മാനേജ്‌മെന്റിലും ഡിഗ്രിതലം മുതല്‍ പി.എച്ച്.ഡി വരെയുള്ള കോഴ്‌സുകള്‍ നടത്തിവരുന്നുണ്ട്. 2001 മുതല്‍ 2008 വരെ സ്ഥാപനത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ച സിദ്ദീഖി, ലെസ്റ്റര്‍ യൂനിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് ഫെല്ലോയായും സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. Leicester Council of Faith-ന്റെ സ്ഥാപകാംഗവും ബ്രിട്ടനിലെ ക്രൈസ്തവ-ഇസ്‌ലാം വിശ്വാസികളുടെ സംയുക്ത കൂട്ടായ്മയായ ക്രിസ്ത്യന്‍-മുസ്‌ലിം ഫോറത്തിന്റെ സ്ഥാപക നേതാക്കളിലൊരാളുമാണ്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ 2007-ല്‍ പുറത്തിറങ്ങിയ Islam at Universities in England: Meeting the Needs and Investing the Future  ആണ് സിദ്ദീഖിയുടെ പ്രധാന കൃതി. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യയില്‍ ശരീഅ മാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ (ഫിഖ്ഹുല്‍ മുആസ്വിര്‍) ഏതാനും ദിവസങ്ങള്‍ വിസിറ്റിംഗ് പ്രഫസറായി ക്ലാസ്സുകളെടുത്ത സന്ദര്‍ഭത്തില്‍ അദ്ദേഹവുമായി അല്‍ ജാമിഅ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. മുനീര്‍ മുഹമ്മദ് റഫീഖ് നടത്തിയ സംഭാഷണം.

 

ഇസ്‌ലാമിക വിഷയങ്ങളില്‍ പ്രത്യേകിച്ച്, ക്രിസ്ത്യന്‍-മുസ്‌ലിം റിലേഷന്‍സ് എന്ന വിഷയത്തിലാണ് കഴിഞ്ഞ കുറേ കാലങ്ങളായി താങ്കളുടെ ഗവേഷണവും രചനകളുമൊക്കെ. ഇസ്‌ലാമിക കലാലയങ്ങളിലെ പുതിയ ഗവേഷണങ്ങളെയും പഠനരീതികളെയും എങ്ങനെ നോക്കിക്കാണുന്നു?  

ഗവേഷണം നമുക്കിടയില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന, ഏറെ സ്വീകാര്യമായ പദമായി മാറിയിട്ടുണ്ട്. എന്താണ് റിസര്‍ച്ച്/ഗവേഷണം കൊണ്ട് നാം മനസ്സിലാക്കുന്നത്? ഈ ചോദ്യത്തിനാണ് നാം ആദ്യം ഉത്തരം നല്‍കേണ്ടത്. കുറേ വിവരങ്ങള്‍ ശേഖരിക്കലാണ് (Collection of Informatio‑)  ഗവേഷണം എന്നാണ് നാം പൊതുവെ ധരിച്ചുവെച്ചിരിക്കുന്നത്. എന്റെ അഭിപ്രായത്തില്‍ ഗവേഷണം വിവരശേഖരണമല്ല. റിസര്‍ച്ച് എന്നാല്‍ ഒരു വാദമുയര്‍ത്തല്‍ (Advancing an Arguement)  ആണ്. ഒരു കോടതിയില്‍ എങ്ങനെയാണോ ഒരു വാദം സമര്‍ഥിക്കുന്നത്, അതുപോലെ, അക്കാദമിക വൃത്തങ്ങളിലോ പൊതുരംഗത്തോ ഒരു വാദഗതി മുന്നോട്ടുവെക്കുന്നതിനാണ് ഗവേഷണം എന്നു പറയുന്നത്. ഇവിടെ നിങ്ങളുടെ തന്നെ ഒരു കേസായി നിങ്ങളുടെ വാദഗതികള്‍ ആധികാരികമായും വസ്തുനിഷ്ഠമായും സത്യസന്ധമായും സമര്‍ഥിക്കുകയാണ്. ഈയൊരു സമര്‍ഥനത്തിന് വളരെ നേരത്തേതന്നെ ചില കഴിവുകള്‍ നിങ്ങള്‍ ആര്‍ജിച്ചെടുക്കേണ്ടിവരും. വാദമുഖങ്ങള്‍ ഫലപ്രദമായി മുന്നോട്ടുവെക്കുന്നതിന് നിങ്ങള്‍ സെക്കന്ററി തലം മുതല്‍ ഗവേഷണ നൈപുണികള്‍ (ഞലലെമൃരവ ടസശഹഹ)െ നേടിയെടുക്കേണ്ടതുണ്ട്. അങ്ങനെ നിങ്ങള്‍ക്കതില്‍ അനുഭവ പരിജ്ഞാനം ഉണ്ടാകണം. 
നമുക്കിവിടെ ജാമിഅ മില്ലിയ്യ, അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി തുടങ്ങി ഒരുപാട് സ്ഥാപനങ്ങള്‍ ഉണ്ട്. സ്ഥാപനങ്ങള്‍ എന്തിനാണെന്ന് കൃത്യമായ ഒരു വിഷന്‍ നമുക്കുണ്ടാകണം. അങ്ങനെ വ്യത്യസ്തമായ വിഷനും സ്ട്രാറ്റജിയുമൊക്കെയുള്ള വിദ്യാഭ്യാസ സ്ഥാപനമാകുമ്പോള്‍ അത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആയിരിക്കണമെന്നില്ല. സമൂഹത്തിന്റെ ആവശ്യം എന്താണെന്ന് നാം തിരിച്ചറിഞ്ഞ് വരുംതലമുറയെ അതിന് പ്രാപ്തരാക്കുകയാണ് വേണ്ടത്.
വലിയ വിഭാഗമാളുകള്‍ ഇന്ന് തടവറകളിലുണ്ട്. ആധുനിക ജീവിതരീതി മൂലം ഒരുപാട് കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നു. ഐ.ടി മേഖലയില്‍ തൊഴിലെടുക്കുന്ന യുവജനങ്ങളില്‍ വലിയൊരു വിഭാഗത്തിന് മുസ്‌ലിംകളുമായി ഇടപഴകുന്നതിനും മറ്റും അവസരമുണ്ടാകുന്നു. അവര്‍ തമ്മില്‍ വിവാഹിതരാകുന്നു. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയ പ്രഫഷണലുകള്‍ക്കിടയിലെ  മിശ്രവിവാഹങ്ങള്‍, ഇസ്‌ലാമിനോടുള്ള അവരുടെ സമീപനം തുടങ്ങി വേറെയും നിരവധി വിഷയങ്ങള്‍. ഇതുവരെയും നമ്മള്‍ ഗൗരവമായി അഡ്രസ്സ് ചെയ്യാത്ത ഇത്തരം വിഷയങ്ങള്‍ നമ്മുടെ ഗവേഷണത്തിന്റെയും കരിക്കുലത്തിന്റെയും ഭാഗമാകണം. 

കഴിഞ്ഞ ഏതാനും ദശകങ്ങളായി വിദ്യാഭ്യാസരംഗത്ത് മുസ്‌ലിം സമൂഹത്തിന് ഏറെ മുന്നോട്ടുപോകാനായിട്ടുണ്ട്. ഏതു തരത്തിലുള്ള മാറ്റം വിദ്യാഭ്യാസരംഗത്തുണ്ടാകണമെന്നാണ് താങ്കള്‍ കരുതുന്നത്? 

തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂവെന്ന് മുസ്‌ലിം സമൂഹം ഇപ്പോള്‍ തിരിച്ചറിയുന്നു. മുസ്‌ലിം വിദ്യാഭ്യാസരംഗത്ത് ആ ഉണര്‍വ് നമുക്ക് കാണാം. മുസ്‌ലിംകള്‍ തങ്ങളുടെ മക്കളെ സ്വകാര്യ സ്‌കൂളുകളില്‍ അയച്ച് അവരെ ഡോക്ടര്‍, എഞ്ചിനീയര്‍, സിവില്‍ സര്‍വന്റ്‌സ് മേഖലകളില്‍ പഠിക്കാനയക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങളായി പൊതുവെയുള്ള ഒരു ട്രെന്റാണിത്. ഇതൊക്കെ നല്ലതു തന്നെ. ഇതോടൊപ്പം തന്നെ സാമൂഹിക ശാസ്ത്ര വിഷയങ്ങളിലും നമുക്ക് വിദഗ്ധരെ ആവശ്യമുണ്ട്. ഡിസിഷന്‍ മേക്കിംഗ്, പോളിസി പ്ലാനിംഗ് തുടങ്ങിയ രംഗങ്ങളില്‍ മുസ്‌ലിം പങ്കാളിത്തം ഉണ്ടാകണമെങ്കില്‍ സാമൂഹിക ശാസ്ത്ര വിഷയങ്ങളിലും അവര്‍ക്ക് നൈപുണികള്‍ ഉണ്ടായിരിക്കണം. സാമൂഹിക ശാസ്ത്ര മേഖലകളിലേക്കും മക്കളെ പറഞ്ഞയക്കാന്‍ നാം ശ്രദ്ധിക്കണം. പൊളിറ്റിക്കല്‍ സയന്‍സ്, എകണോമിക്‌സ്, ഫിലോസഫി, എജുക്കേഷന്‍ തുടങ്ങിയ സാമൂഹിക ശാസ്ത്ര വിഷയങ്ങള്‍ പഠിച്ചിറങ്ങുന്ന പുതിയ തലമുറ നമുക്കുണ്ടാകണം. ഈ രംഗങ്ങളിലെ ഗവേഷണങ്ങളുടെയും ആസൂത്രണത്തിന്റെയും അടിസ്ഥാനത്തിലാണ് സാമൂഹിക- രാഷ്ട്രീയ രംഗങ്ങളില്‍ നയരൂപീകരണങ്ങള്‍ ഉണ്ടാവുക. സര്‍ക്കാരിന്റെ നയരൂപീകരണങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ഈ മേഖലയില്‍ ഗവേഷണം നടത്തി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിയുന്നു. ഭാവിയില്‍ മുസ്‌ലിംകള്‍ക്ക് ഏറെ വെല്ലുവിളികള്‍ ഈ രംഗത്താണുണ്ടാവുക. അതിനാല്‍ ഈ മേഖലയില്‍ അവരുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസം സര്‍ക്കാറിന്റെ പോളിസിയുടെ ചട്ടക്കൂടിനകത്ത് വരുന്ന കാര്യമാണ്. ഒരുപാട് അവസരങ്ങള്‍ നമുക്കിവിടെയുണ്ട്. പക്ഷേ, അതിന് അനുയോജ്യരായ മുസ്‌ലിം എക്‌സ്‌പേര്‍ട്ടുകള്‍ ഇല്ല എന്നതാണ് പ്രശ്‌നം. അതിനാല്‍, മുസ്‌ലിം സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവരുടെ വിദ്യാര്‍ഥികളെ മേല്‍പറഞ്ഞ സാമൂഹിക വിഷയങ്ങളില്‍ ഗവേഷണം നടത്താന്‍ പ്രാപ്തരാക്കണം. ഈ രംഗങ്ങളില്‍ കൂടി കഴിവുള്ള നേതൃനിരയെ വളര്‍ത്തിക്കൊണ്ടുവരിക എന്നതാണ് മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതല.  

ഇന്ത്യയിലെ മുസ്‌ലിം സമൂഹം ഒരു പ്രബോധക സംഘം എന്ന നിലയില്‍, ന്യൂനപക്ഷങ്ങളായിരിക്കെത്തന്നെ, എവ്വിധം പ്രവര്‍ത്തിക്കണമെന്നാണ് താങ്കള്‍ കരുതുന്നത്?

ന്യൂനപക്ഷം എന്ന ആശയത്തില്‍തന്നെ ഒരു പ്രശ്‌നമുണ്ട്. ഈ പദപ്രയോഗം ഭൂരിപക്ഷത്തെ ആശ്രയിക്കുന്നവരാണ് ന്യൂനപക്ഷം എന്ന് ധ്വനിപ്പിക്കുന്നു. ഭൂരിപക്ഷത്തിന്റെ ഔദാര്യത്തില്‍, അവരെ ആശ്രയിച്ചു കഴിയേണ്ടവരാണെന്ന മനോഭാവമുണ്ട് ന്യൂനപക്ഷം എന്ന പ്രയോഗത്തില്‍. ഇതൊരു ശരിയായ മനോഭാവമാണെന്ന് എനിക്കു തോന്നുന്നില്ല. ന്യൂനപക്ഷങ്ങള്‍ സ്വയം തന്നെ തങ്ങളെ ചെറുതായി കാണുകയും, എന്നിട്ട് ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്ന് പരിതപിക്കുകയുമാണ്. ഇത്, നാം നമ്മെത്തന്നെ തളര്‍ത്തുന്ന, ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന നിഷേധാത്മക സമീപനമാണ്. വിധേയത്വമനസ്സ് സൃഷ്ടിക്കാനേ ഇതുപകരിക്കൂ.  അശുഭ ചിന്തകളിലേക്കും അത് കൊണ്ടെത്തിക്കും. ഇത്തരമൊരു മനോഭാവം അപകടരമാണ്. 
രണ്ടാമത്തെ കാര്യം, ന്യൂനപക്ഷം എന്ന അവസ്ഥ ആപേക്ഷികമാണ്. ന്യൂനപക്ഷം എന്ന വിശേഷണം സ്ഥലകാല സാഹചര്യത്തിനനുസരിച്ച് രൂപപ്പെടുന്നതാണ്. ഒരുകാലത്ത് ന്യൂനപക്ഷം ആയിരുന്നവര്‍ എല്ലാ കാലത്തും അങ്ങനെയാവണമെന്നില്ല. ഒരു പ്രദേശത്തെ ന്യൂനപക്ഷം, മറ്റു പലയിടങ്ങളിലും ഭൂരിപക്ഷമാകാം. അങ്ങനെ നോക്കുമ്പോള്‍ ആരാണിവിടെ സ്ഥിരമായി ന്യൂനപക്ഷം എന്ന ചോദ്യം വരും. ഉദാഹരണത്തിന് ഒരു ജില്ലയിലെ ന്യൂനപക്ഷം മറ്റൊരു ജില്ലയില്‍ ഭൂരിപക്ഷമാകാം. കാരണം, ജനങ്ങള്‍ ഒരു സ്ഥലത്തു നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിം സമൂഹത്തിനിടയില്‍തന്നെ, ഈയര്‍ഥത്തില്‍ ന്യൂനപക്ഷങ്ങളുണ്ട്. ഉദാഹരണത്തിന് ഉര്‍ദു സംസാരിക്കുന്ന മുസ്‌ലിംകളാണ് ഇന്ത്യയില്‍ കൂടുതലും. എന്നാല്‍, അവര്‍ കേരളത്തില്‍ ന്യൂനപക്ഷമാണ്. എണ്ണത്തില്‍ കുറവാണ് എന്നതുകൊണ്ട്, അത് മോശമാകണമെന്നില്ല. അതിനാല്‍ ന്യൂനപക്ഷം എന്ന ആശയം തീര്‍ച്ചയായും വ്യത്യസ്തതകളുള്ള, പല തലങ്ങളുള്ള സങ്കല്‍പമാണ്. അതിനാല്‍ ന്യൂനപക്ഷം എന്ന് വിശേഷിപ്പിച്ച്, നാം മറ്റുള്ളവരേക്കാള്‍ പിറകിലാണെന്ന അപകര്‍ഷ ചിന്ത ഉണ്ടാക്കിക്കൂടാത്തതാണ്. 
ഈ വിശേഷണം നമ്മുടെ മനസ്സിനെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കിയാവണം അതിനോടുള്ള നമ്മുടെ സമീപനം. ന്യൂനപക്ഷം എന്ന ആശയത്തിന്റെ തടവറയിലായിപ്പോകാന്‍ പാടില്ല. ഒരു കാര്യം കൂട്ടിച്ചേര്‍ക്കട്ടെ. ഇവിടെ നമ്മള്‍ പ്രബോധക സമൂഹമാണ്. ദഅ്‌വത്ത് ന്യൂനപക്ഷമാണെങ്കിലും ഭൂരിപക്ഷമാണെങ്കിലും ഉണ്ടാകണം. ഇസ്‌ലാം പ്രബോധനം ചെയ്യുമ്പോള്‍ തുടക്കകാലത്ത്, മുഹമ്മദ് നബി മാത്രമായിരുന്നുവല്ലോ. അപ്പോള്‍ ഒരൊറ്റ വ്യക്തി മാത്രമായിരുന്നിട്ടും പ്രബോധനം നിര്‍വഹിക്കപ്പെട്ടു. ഞാനൊരു ന്യൂനപക്ഷക്കാരനാണല്ലോ എന്ന് അവിടുന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അതിനാല്‍ ദഅ്‌വത്തിന്റെ കാര്യത്തില്‍, ഇസ്‌ലാമിനെ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന കാര്യത്തില്‍, ഒരിക്കലും ന്യൂനപക്ഷം എന്ന സംജ്ഞയുടെ തടവറയിലാകരുത് ഇന്ത്യന്‍ മുസ്‌ലിംകള്‍. 

മുമ്പ് നമ്മുടെ ചര്‍ച്ചകളിലും പഴയകാല ഗ്രന്ഥങ്ങളിലും തീരെ ഇടംപിടിക്കാതിരുന്ന സംജ്ഞയാണ് ന്യൂനപക്ഷം എന്നത്. സമീപകാലത്ത് ന്യൂനപക്ഷ ഫിഖ്ഹ് (Minority Fiqh) എന്ന സംജ്ഞ രൂപപ്പെടുകയും തുടര്‍ന്ന് പല ചര്‍ച്ചകളും പഠനങ്ങളും തദ്‌വിഷയകമായി ഉയര്‍ന്നുവരികയും ചെയ്തിട്ടുണ്ട്. ന്യൂനപക്ഷ ഫിഖ്ഹിനെ എങ്ങനെ നോക്കിക്കാണുന്നു? 

ഫിഖ്ഹീ വീക്ഷണത്തില്‍ ഇതിനെ നോക്കിക്കാണുമ്പോള്‍, വേറെയും കുറേ ന്യൂനപക്ഷങ്ങളെ മുസ്‌ലിംകള്‍ക്കിടയില്‍ നാം കാണുന്നു. ഹനഫികള്‍ ശാഫിഈ സമൂഹത്തില്‍ ന്യൂനപക്ഷമായിരിക്കും; ശാഫിഈകള്‍ ഹനഫീ സമൂഹത്തില്‍ ന്യൂനപക്ഷമായിരിക്കുന്നതുപോലെത്തന്നെ. അവരൊന്നും തങ്ങള്‍ ന്യൂനപക്ഷമാണെന്ന് സ്വയം വിളിക്കുകയോ അവകാശപ്പെടുകയോ ചെയ്യുന്നില്ലല്ലോ. തങ്ങള്‍ ഒരൊറ്റ സമൂഹത്തിന്റെ ഭാഗമാണെന്നാണ് അവരൊക്കെയും  കരുതുന്നത്. സമൂഹത്തെക്കുറിച്ച നമ്മുടെ ചിന്തകളില്‍ മാറ്റം വരേണ്ട സമയമായിരിക്കുന്നു. ഈ സമൂഹം നമ്മുടേതാണ്. നമ്മള്‍ ഈ സമൂഹത്തോടു ചേര്‍ന്നിരിക്കുന്നു. ഈ സമൂഹത്തിലെ നമ്മുടെ ഭാവി, നാം എങ്ങനെ ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. അതിനാല്‍ ഈ സമൂഹത്തിന് എന്ത് സംഭവിച്ചാലും അത് നമ്മെയും ബാധിക്കും. ഈ സമൂഹത്തിലെ എല്ലാവരുമായും ബന്ധപ്പെട്ടാണ് നമ്മുടെ ഭാവി. ഈ സമൂഹത്തിലെ ആര്‍ക്ക് സംഭവിക്കുന്ന വിപത്തും നമ്മെക്കൂടി ബാധിക്കും. മുസ്‌ലിംകളുടെ വിശ്വാസവും ജീവിതരീതികളുമൊന്നും ജനങ്ങളില്‍നിന്ന് അകലേക്ക് മാറ്റി സംരക്ഷിച്ചു നിര്‍ത്തേണ്ടവയല്ല. മറ്റുള്ളവരെ ഉള്‍ക്കൊള്ളുന്നതും അവരുടെ വിശ്വാസങ്ങള്‍ പരിഗണനയിലെടുക്കുന്നതുമായ നിലപാടുകളാണ് ഉണ്ടാവേണ്ടത്.  സമൂഹത്തിലെ മറ്റു ജനവിഭാഗങ്ങളെ, അവരുടെ മത-ചിന്താ-കാഴ്ചപ്പാടുകളെ നാം കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. കാരണം നാമിന്ന് പരസ്പരാശ്രിത സമൂഹത്തിലാണ് ജീവിക്കുന്നത്. നമ്മെക്കുറിച്ച് മാത്രം ചിന്തിച്ച് നമുക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല. അതിനാല്‍ നമ്മെക്കുറിച്ച് മാത്രമല്ല, സമൂഹത്തിലെ എല്ലാവരെക്കുറിച്ചും നാം ആലോചിക്കുകയും സംസാരിക്കുകയും വേണം.   

ഇന്ത്യക്കും ബ്രിട്ടനും ബഹുസ്വര സമൂഹങ്ങള്‍ എന്ന നിലയില്‍ കുറേയേറെ സമാനതകള്‍ ഉണ്ട്. എന്നാല്‍ ഈ രണ്ട് സമൂഹങ്ങള്‍ക്കിടയില്‍ ഒരുപാട് വ്യത്യാസങ്ങളുമുണ്ട്. രണ്ട് സമൂഹങ്ങളെയും അടുത്തറിയുകയും അനുഭവിക്കുകയും ചെയ്ത ഒരാളെന്ന നിലയില്‍ ബ്രിട്ടീഷ് മുസ്‌ലിം ജീവിതത്തെയും ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തെയും എങ്ങനെ നോക്കിക്കാണുന്നു? 

ബ്രിട്ടനും ഇന്ത്യയും ബഹു മത-സാംസ്‌കാരിക വൈവിധ്യങ്ങളുള്ള സമൂഹങ്ങളാണ്. ബ്രിട്ടനിലെ മുസ്‌ലിംകള്‍ വളരെയേറെ അനുഭവസമ്പത്തുള്ള ഒരു ബഹു സാംസ്‌കാരികതയുടെ ഭാഗമാണ്. നീണ്ടകാലത്തെ ജനാധിപത്യ പരീക്ഷണങ്ങളുടെ ചരിത്രമുണ്ട്  ബ്രിട്ടന്. ബ്രിട്ടനില്‍ നിയമങ്ങള്‍ വലിയ അളവില്‍ വിലമതിക്കപ്പെടുന്നുണ്ട്. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന തത്ത്വവും അതിനനുസരിച്ചുള്ള നീതിനിര്‍വഹണവും ഭരണക്രമവും കണിശമായി പുലരുന്ന രാജ്യമാണ് ബ്രിട്ടന്‍. 
ഇന്ത്യയിലേക്കു വരുമ്പോള്‍, ഇവിടെയും മുസ്‌ലിംകള്‍ ജനസംഖ്യാനുപാതത്തില്‍ ന്യൂനപക്ഷം തന്നെയാണ്. എന്നാല്‍ കഴിഞ്ഞ കുറേകാലം, മുസ്‌ലിംകള്‍ ഇവിടെ ഭരണകര്‍ത്താക്കളായിരുന്നു. ദീര്‍ഘകാലം ഇവിടത്തെ ഭൂരിപക്ഷം, മുസ്‌ലിം ഭരണാധികാരികളുടെ തണലില്‍ ജീവിച്ചവരാണ്. ദീര്‍ഘകാലത്തെ മുസ്‌ലിം ഭരണത്തില്‍ തങ്ങള്‍ ചൂഷണത്തിന് ഇരകളായി എന്ന പൊതുബോധം ഇവിടെ മനപ്പൂര്‍വം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ ഇന്ത്യയിലെ മുസ്‌ലിം ചരിത്രം അവര്‍ക്ക് ഭീതിയുടേതാണ്; യാഥാര്‍ഥ്യം അങ്ങനെയല്ലെങ്കിലും. 
ബ്രിട്ടനെ സംബന്ധിച്ചേടത്തോളം, ഇവിടെയുള്ളതുപോലെ, ഒരു മുസ്‌ലിംവിരുദ്ധ പൊതുബോധം ബ്രിട്ടന്റെ ചരിത്ര പശ്ചാത്തലത്തിലില്ല. മുസ്‌ലികളില്‍ അധികപേരും ഇവിടെ ജനിച്ചു വളര്‍ന്നവരാണ്. ഇവിടെ ഒരു ജനാധിപത്യ വ്യവസ്ഥിതി നേരാംവണ്ണം നിലനില്‍ക്കണമെങ്കില്‍ നിയമം അനുശാസിക്കുന്ന ഒരു സമൂഹമുണ്ടാകണം. നിയമവ്യവസ്ഥ നടപ്പിലാക്കുന്ന ഇഛാശക്തിയുള്ള ഭരണകൂടമുണ്ടായിരിക്കണം. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിയമലംഘനങ്ങള്‍ നമ്മില്‍ ഒട്ടും പ്രതീക്ഷ ജനിപ്പിക്കുന്നില്ല. എല്ലാ പൗരന്മാരുടെയും കാര്യത്തില്‍ നിയമവാഴ്ച ഒരുപോലെയല്ല എന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട് ഇന്ത്യയില്‍. കടുത്ത വിവേചനങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 
അതിനാല്‍ ഇന്ത്യയിലെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഇപ്പോള്‍ അവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്, അവരുടെ ആഭ്യന്തരകാര്യങ്ങളിലാണ്. അവരുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായിരിക്കുന്ന സാഹചര്യം അവരെ പരസ്പരം പോരടിക്കുന്നതില്‍നിന്ന് ഐക്യപ്പെടുന്നതിലേക്ക് എത്തിച്ചിട്ടുണ്ട്. പഴയതിനേക്കാള്‍ അവര്‍ പരസ്പരം ഒരുമിച്ചുനിന്നു പ്രവര്‍ത്തിക്കാന്‍ തയാറാകുന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടായ ഏറ്റവും പോസിറ്റീവായ കാര്യം, അവര്‍ക്കിടയിലെ അസ്പൃശ്യത മാറി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള മേഖലകള്‍ തുറന്നുകിട്ടി എന്നതാണ്. രാഷ്ട്രീയമായി മറ്റുള്ളവരെ ഉള്‍ക്കൊള്ളുന്നതിലും രാഷ്ട്രീയ വെല്ലുവിളികളെ ഒരുമിച്ചു നേരിടുന്നതിലും പുതിയ തലമുറകളുടെ പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യുന്നതിലും ഇസ്‌ലാം വിമര്‍ശനങ്ങളെ ഒറ്റക്കെട്ടായി നേരിടുന്നതിലുമെല്ലാം ഈ യോജിപ്പ് ദൃശ്യമാണ്. ഈ ഐക്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാക്ഷാത്കരിക്കാന്‍ കഴിയുന്ന വലിയ ലക്ഷ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കേണ്ടതുണ്ട്.  

ഇന്ത്യന്‍ സമുഹത്തില്‍നിന്ന് വ്യത്യസ്തമായി പാശ്ചാത്യര്‍ ഇസ്‌ലാമിലേക്കു കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതായി കേള്‍ക്കുന്നു. 9/11 സംഭവത്തിനു ശേഷം, പാശ്ചാത്യലോകത്ത് വലിയ തോതില്‍ ഇസ്‌ലാമാശ്ലേഷം (വിശിഷ്യാ യുവജനങ്ങള്‍) നടക്കുന്നതായും അറിയുന്നു. എന്താണ് ബ്രിട്ടനിലെ സാഹചര്യം?  

പടിഞ്ഞാറന്‍ നാടുകളിലെ ജനങ്ങള്‍ ഇസ്‌ലാമാശ്ലേഷിക്കുന്നതിന് പല കാരണങ്ങളുണ്ട്. ഇസ്‌ലാമനുസരിച്ച് ജീവിക്കുന്ന മുസ്‌ലിംകളുമായുള്ള സൗഹൃദങ്ങളും ഇടപഴക്കങ്ങളും, നല്ല പുസ്തകങ്ങള്‍ വായിക്കുന്നതുമെല്ലാം അവരുടെ മനസ്സില്‍ വലിയ സ്വാധീനമുണ്ടാക്കുന്നു. ഇതാണ് ആദ്യഘട്ടം. മനസ്സില്‍ ഉടലെടുക്കുന്ന പലതരം സംശയങ്ങള്‍ നിവര്‍ത്തിക്കുന്നതിനായി പിന്നീടവര്‍ ഇസ്‌ലാമിനെ ഗൗരവത്തോടെ പഠിച്ചുതുടങ്ങുന്നു. ഒരു മതത്തില്‍നിന്ന് മറ്റൊരു മതത്തിലേക്കുള്ള പരിവര്‍ത്തനം ഒരു സുപ്രഭാതത്തില്‍ സംഭവിക്കുന്നതല്ല. അതിന് പലപ്പോഴും നീണ്ട സമയമെടുക്കും. ഇതാണ് കഴിഞ്ഞ കുറേ നാളുകളായി ഇംഗ്ലണ്ടിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഐഡിയല്‍ ഇസ്‌ലാമും ആക്ച്വല്‍ മുസ്‌ലിമും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് അവര്‍ മനസ്സിലാക്കാന്‍ തുടങ്ങുന്നതോടെ അവര്‍ ആത്മസംഘര്‍ഷത്തിലാകുന്നു. ഇസ്‌ലാം സ്വീകരിക്കുന്ന അധികപേരും ചരിത്രത്തിലെ അനിതരസാധാരണമായ മാതൃകാ വ്യക്തിത്വങ്ങളെ വായിച്ചറിഞ്ഞാണ് ഇസ്‌ലാമാശ്ലേഷിക്കുന്നത്. എന്നാല്‍ മുസ്‌ലിംകളില്‍ വലിയൊരു പങ്കും യഥാര്‍ഥ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവരല്ല എന്ന തിരിച്ചറിവ് അവരില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇക്കാരണംകൊണ്ട് ഇസ്‌ലാമാശ്ലേഷിച്ച ശേഷം, ഇസ്‌ലാം വിട്ടുപോയ നിരവധി പേരെ ഞാന്‍ കണ്ടിട്ടുണ്ട്. ഇസ്‌ലാമാശ്ലേഷം മാത്രമല്ല, ഇസ്‌ലാം സ്വീകരിച്ച് അത് ഉപേക്ഷിക്കുന്ന പ്രവണതയും പടിഞ്ഞാറുണ്ട്. നവാഗതരായ മുസ്‌ലിംകളെ അക്കമഡേറ്റ് ചെയ്യുന്നതില്‍ പാരമ്പര്യ മുസ്‌ലിംകള്‍ക്ക് തീര്‍ച്ചയായും വീഴ്ച സംഭവിച്ചിട്ടുണ്ട്. നവമുസ്‌ലിംകളുടെ ആവശ്യങ്ങള്‍ അന്വേഷിച്ചറിയണം.  സമാനരീതിയിലുള്ള പ്രശ്‌നം ഇന്ത്യയിലും ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പുതുതലമുറയില്‍ പെട്ടവര്‍ ഇവിടെയും ഇസ്‌ലാം സ്വീകരിക്കുന്നുണ്ട്. ഇസ്‌ലാം സ്വീകരിക്കുന്ന യുവതക്ക് നല്ല മാതൃകാജീവിതം കാണിച്ചുകൊടുക്കാന്‍ മുസ്‌ലിംകള്‍ക്കാവുന്നുണ്ടോ എന്നതാണ് പരമപ്രധാനം. 
    
ആഗോള മുസ്‌ലിം സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ഇസ്‌ലാമോഫോബിയ. ഭരണകൂടങ്ങളും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മതേതരകക്ഷികളും എഴുത്തുകാരുമൊക്കെ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഇന്ന് ഇസ്‌ലാംഭീതിയിലാണ്. ഈ പ്രശ്‌നത്തെ എങ്ങനെ നേരിടാം?  

ഇസ്‌ലാമിനെ കുറിച്ച് പ്രതിലോമ ചിന്തകള്‍ വെച്ചുപുലര്‍ത്തിയ നീണ്ട ചരിത്രമുണ്ട് ബ്രിട്ടന്. കുരിശുയുദ്ധങ്ങളിലേക്കും പിന്നീട് തുര്‍ക്കി ഉസ്മാനി ഖിലാഫത്ത് വിരുദ്ധതയിലേക്കും മുസ്‌ലിം രാജ്യങ്ങളുടെ കോളനിവല്‍ക്കരണത്തിലേക്കുമൊക്കെ ചെന്നെത്തുന്നതാണ് ആ ചരിത്രം. പക്ഷേ, ഇത്രയും പ്രതിലോമകരമായ കാര്യങ്ങള്‍ ഉള്ളപ്പോള്‍തന്നെ, 1997-ല്‍ ബ്രിട്ടീഷ് ജനത ഇസ്‌ലാമോഫോബിയക്കെതിരെ ഒന്നിച്ച് അണിനിരന്നിട്ടുണ്ട്. 1997-ല്‍ ഇസ്‌ലാമോഫോബിയക്കെതിരെ ബ്രിട്ടീഷ് സര്‍ക്കാര്‍ കമീഷന്‍ രൂപീകരിക്കുകയും അവര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളിലും മറ്റും മുസ്‌ലിംകള്‍ വിവേചനത്തിന് ഇരയാകപ്പെടരുതെന്ന് നിഷ്‌കര്‍ഷിക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. ഈ കമീഷന്‍, ഇന്റര്‍ഫെയ്ത്ത് സംരംഭം എന്ന നിലയില്‍ ഹിന്ദുക്കള്‍, സിഖുകാര്‍, ജൂതര്‍, ക്രിസ്ത്യാനികള്‍ എല്ലാവരും ഉള്‍പ്പെട്ടതായിരുന്നു. അതിനാല്‍ പൊതു സമൂഹത്തില്‍ അതിന് സ്വീകാര്യതയുണ്ടായിരുന്നു. 2017-ല്‍ ചില ഭേദഗതികള്‍ നിര്‍ദേശിക്കപ്പെട്ടു. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ സര്‍ക്കാറുകളും ഇസ്‌ലാമോഫോബിയ ഉണ്ടെന്ന് അംഗീകരിക്കണമെന്നും ഇസ്‌ലാമോഫോബിയ എന്നാല്‍ ഇസ്‌ലാമിനെ മാത്രം ഭയക്കുന്നതല്ല, മുസ്‌ലിംകളെ ഭയത്തോടെ വീക്ഷിക്കുന്നതും അതില്‍ പെടുമെന്നും ഭേദഗതിയില്‍ നിര്‍ദേശിച്ചു. 1997-ല്‍ രൂപീകരണ കാലത്ത് ഇസ്‌ലാമോഫോബിയയുടെ നിര്‍വചനത്തില്‍ ഇസ്‌ലാംപേടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2017-ല്‍ എത്തിയപ്പോള്‍, ഇസ്‌ലാമോഫോബിയ എന്നാല്‍ ഇസ്‌ലാംപേടി മാത്രമല്ല, മുസ്‌ലിംപേടിയുമാണെന്ന് പുനര്‍നിര്‍വചിക്കപ്പെട്ടു. മുമ്പ് ഇസ്‌ലാമോഫോബിയ മൂലം ഒരാള്‍ വിവേചനത്തിന് വിധേയനായാല്‍, അയാള്‍ക്ക് കോടതിയില്‍ പോകാന്‍ പറ്റുമായിരുന്നില്ല. കാരണം കോടതി ഇസ്‌ലാംപേടി എന്നാല്‍ ഒരു മതത്തിനെതിരെയുള്ള പേടി എന്ന നിലയില്‍ മാത്രമേ പരിഗണിക്കുമായിരുന്നുള്ളൂ. മുസ്‌ലിം എന്ന നിലയില്‍ ഒരാള്‍ അനുഭവിക്കേണ്ടിവരുന്ന വിവേചനങ്ങളും പീഡനങ്ങളും ഇസ്‌ലാമോഫോബിയയുടെ ഭാഗമായി അന്ന് പരിഗണിക്കപ്പെട്ടിരുന്നില്ല. ഇപ്പോള്‍ കോടതികള്‍ മുസ്‌ലിംകള്‍ക്കെതിരിലുള്ള വിവേചനങ്ങളും ഇസ്‌ലാമോഫോബിയയുടെ ഭാഗമായി പരിഗണിച്ചുതുടങ്ങി. മുസ്‌ലിംകള്‍ എല്ലാ രാഷ്ട്രീയ കക്ഷികളോടും ഇതംഗീകരിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. 
ഇസ്‌ലാംഭീതിക്ക് അറുതിവരുത്താന്‍ മുസ്‌ലിംകളും അവരാല്‍ കഴിയുന്നത് ചെയ്യുന്നുണ്ട്. 1993-ല്‍ Islam Awareness Week (ഇസ്‌ലാം പഠനവാരം) എന്ന പേരില്‍ ചെറിയ സംരംഭത്തിന് ബ്രിട്ടീഷ് മുസ്‌ലിംകള്‍ തുടക്കമിട്ടിരുന്നു. ഒരാഴ്ചക്കാലം എല്ലാ സംഘടനകളും ജനങ്ങളും ഇസ്‌ലാമിനെ കുറിച്ച് സംസാരിക്കുകയും പഠിക്കുകയും ചെയ്യും. '93-ല്‍ ആരംഭിച്ച ഈ സംരംഭം പിന്നീട് ക്രമേണ എല്ലാവരും ഏറ്റെടുത്ത് ഇന്ന് ഒരു ജനകീയ പരിപാടിയായി മാറിയിട്ടുണ്ട്. ഒക്‌ടോബറിലോ നവംബറിലോ ആയിരിക്കും 'ഇസ്‌ലാം അവയര്‍നെസ്സ് വീക്' പ്രഖ്യാപിക്കുക. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, പാര്‍ലമെന്റും Islam Awareness Week  നടപ്പാക്കിതുടങ്ങി. പ്രധാനമന്ത്രി തന്നെ, ഇസ്‌ലാമിനെ പഠിക്കാന്‍ തയാറാവണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ജനങ്ങള്‍ക്ക് സന്ദേശം നല്‍കുന്നു. ലോക്കല്‍ റേഡിയോ സ്റ്റേഷനുകളടക്കം 'ഇസ്‌ലാമിക് അവയര്‍നെസ്സ് വീക്' ആചരിച്ചു തുടങ്ങിയിരിക്കുന്നു. 'ഇസ്‌ലാമിക് അവയര്‍നെസ്സ് വീക്' ബ്രിട്ടീഷ് കള്‍ച്ചറിന്റെ ഭാഗമായിത്തീര്‍ന്നിട്ടുണ്ട് എന്നുവരെ പറയാം.  
മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്റെ ശ്രമഫലമായി Visit my Mosque എന്ന പരിപാടിയും ബ്രിട്ടീഷ് മുസ്‌ലിംകള്‍ നടത്തിവരുന്നു. ബ്രിട്ടനിലെ മുസ്‌ലിം പള്ളികള്‍ സന്ദര്‍ശിക്കാനായി എല്ലാവര്‍ക്കു മുമ്പിലും ഒരു പ്രത്യേക ദിവസം തുറന്നിടുന്നു. പ്രദേശത്തെ എല്ലാ പള്ളികളും അതിന്റെ ലിസ്റ്റുകള്‍ വെബ്‌സൈറ്റിലൂടെയും പത്രങ്ങളിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും പരസ്യപ്പെടുത്തുകയും എല്ലാ അമുസ്‌ലിം സഹോദരങ്ങള്‍ക്കും സന്ദര്‍ശനത്തിന് അവസരമൊരുക്കുകയും ചെയ്യുന്നു. നിരവധി ആളുകളാണ് പള്ളികള്‍ സന്ദര്‍ശിക്കുന്നത്. നിരവധി ഗ്രാമീണര്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് ഞങ്ങളുടെ ഗ്രാമമായ മാര്‍ക്ഫീല്‍ഡില്‍ ഞങ്ങള്‍ക്ക് ഒരു ചെറിയ പള്ളിയുണ്ട്. ഞങ്ങളത് പള്ളിയായി നിര്‍മിച്ചതൊന്നുമല്ല. ആളുകള്‍ കൂടിവന്നപ്പോള്‍ നമസ്‌കരിക്കാനായി ആ സ്ഥലം ഞങ്ങള്‍ സൗകര്യപ്പെടുത്തുകയായിരുന്നു. എങ്കിലും Visit my Mosque ദിവസത്തില്‍ ഞങ്ങള്‍ സന്ദര്‍ശകര്‍ക്കായി പള്ളി ഒരുക്കുകയും നിരവധി ആളുകള്‍ അവിടം രാവിലെ പത്തുമുതല്‍ വൈകീട്ട് 4 വരെ സന്ദര്‍ശിക്കുകയും ചെയ്യുന്നു. ചായയും ചെറു പലഹാരങ്ങളും ചെറിയ സമ്മാനവുമൊക്കെ നല്‍കുന്നതോടൊപ്പം, ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന ചെറിയ വീഡിയോ പവര്‍പോയിന്റ് പ്രസന്റേഷനുകള്‍ പ്രദര്‍ശിപ്പിക്കുന്നു. നമസ്‌കാര വേളകളില്‍ അവര്‍ക്ക് ആരാധനാ മുറകള്‍ കാണാനുള്ള സൗകര്യവും ചെയ്തുകൊടുക്കുന്നു. ഇങ്ങനെയാണ് Visit my Mosque കാമ്പയിന്‍ തുടങ്ങിയത്. അതിനാല്‍ ഇസ്‌ലാമോഫോബിയ ഉണ്ടെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍ ഇതുപോലെ നിങ്ങള്‍ സമൂഹത്തില്‍ ക്രിയാത്മകമായിട്ടെന്തെങ്കിലും ചെയ്യുക എന്നതാണ് പരിഹാരം. 

ഇന്ത്യയിലെ മുസ്‌ലിംകളും ഇത്തരം സമീപനങ്ങള്‍ സ്വീകരിക്കണമെന്നാണോ താങ്കള്‍ പറയുന്നത്? 

തീര്‍ച്ചയായും. ഇന്ത്യയിലും ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കുന്ന തരത്തിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യാം. പ്രാദേശിക തലം മുതല്‍, ജില്ലാ-സംസ്ഥാന തലങ്ങളില്‍ വരെ സമാന രീതികള്‍ ആവിഷ്‌കരിക്കാം. ഇവിടെ ഓരോ പ്രദേശത്തിന്റെയും അവസ്ഥകള്‍ വ്യത്യസ്തമാണ്. ആ വ്യത്യസ്തതകളെയും സാഹചര്യങ്ങളെയും പരിഗണിച്ചായിരിക്കണം പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടത്. 93-ല്‍ ഈ കാമ്പയിന്‍ ഞങ്ങള്‍ ആരംഭിക്കുമ്പോള്‍ അത് വളരെ ചെറിയ വൃത്തത്തില്‍ പരിമിതമായിരുന്നു. ഓരോ വര്‍ഷവും അതിന്റെ വളര്‍ച്ച എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്നിപ്പോള്‍ ഇതെല്ലാം ഇംഗ്ലീഷ് സംസ്‌കാരത്തിന്റെ ഭാഗമായി. ഇസ്‌ലാമിനെ ഭയക്കുന്ന ഒരു സമൂഹം കൂടി ഇപ്പോള്‍ ഈ കാമ്പയിന്‍ ഏറ്റെടുത്തു എന്നാണ് ഇതിലെ ഏറ്റവും വലിയ മാറ്റം. ബ്രിട്ടീഷ് മുസ്‌ലിംകളുടെ നിരന്തര യത്‌നമാണ് ഇവിടെ വിജയം കണ്ടത്. എപ്പോഴൊക്കെ നമുക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ നമ്മുടെ ഭാഗത്തുനിന്ന് അവ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. അങ്ങനെയെങ്കില്‍ അത് വിജയം കാണുകതന്നെ ചെയ്യും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (17-19)
ടി.കെ ഉബൈദ്‌