Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 27

3145

1441 ശഅ്ബാന്‍ 02

താലിബാനും ഹിന്ദുത്വവും പിന്നെ ജമാഅത്തെ ഇസ്‌ലാമിയും

എ.ആര്‍

''തുര്‍ക്കിക്കു ശേഷം ഇപ്പോഴിതാ മുല്ലാ ബറാദര്‍ അഫ്ഗാനിസ്താനില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുമെന്ന് പറയുന്നു. ഇന്ത്യയിലെ ജമാഅത്തെ ഇസ്‌ലാമിയോ വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള അതിന്റെ പോഷക സംഘടനകളോ പോപ്പുലര്‍ ഫ്രണ്ടോ അതിന്റെ രാഷ്ട്രീയ മുഖമായ എസ്.ഡി.പി.ഐയോ ഒന്നും ബറാദറിന്റെ പ്രഖ്യാപനത്തിനു നേരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ ഹിന്ദുത്വവാദികളെ കഠിനമായി വിമര്‍ശിക്കുന്ന ഇക്കൂട്ടര്‍ ഹിന്ദുത്വവാദികളുടെ അപരദേശങ്ങളിലെ പ്രതിരൂപങ്ങളായ ഇസ്‌ലാമിസ്റ്റുകളെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നു'' (ഹമീദ് ചേന്ദമംഗല്ലൂര്‍, ഉദ്ധരണം: 'മനസാ വാചാ' പംക്തിയില്‍ ദേശാഭിമാനി 2020 മാര്‍ച്ച് 14).
1994-ല്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ പ്രസ്ഥാനം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത നാല് പേരില്‍ ഒരാളും മേധാവി മുല്ലാ ഉമറിന്റെ സഹോദരീഭര്‍ത്താവും വലംകൈയുമാണ് മുല്ല അബ്ദുല്‍ ഗനി ബറാദര്‍. 2001-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ഒളിവിലായിരുന്ന ബറാദര്‍, താലിബാന്റെ സൈനികവും രാഷ്ട്രീയുവമായ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചയാളായിരുന്നു. ശത്രുവിനെ അഫ്ഗാന്‍ മണ്ണില്‍നിന്നും തുരത്തുന്നതുവരെ ജിഹാദ് തുടരുമെന്ന് ശപഥം ചെയ്ത ബറാദറാണ്, ഒടുവില്‍ ദോഹയില്‍ നടന്ന യു.എസ്- താലിബാന്‍ ചര്‍ച്ചകളില്‍ താലിബാന്‍ ടീമിനെ നയിച്ചതും ഇപ്പോള്‍ കരാറൊപ്പിട്ടതും. മുല്ലാ ഉമര്‍ ആരോഗ്യവാനായി കഴിയുന്നുവെന്നും സഖ്യസേനക്കെതിരായ യുദ്ധത്തിന് നേതൃത്വം നല്‍കുന്നത് അദ്ദേഹമാണെന്നും ബറാദര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
അഫ്ഗാനിസ്താനിലെ സോവിയറ്റ് പാവ ഭരണാധികാരി നജീബുല്ലയെ ഗളഛേദം ചെയ്ത് ആ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതു മുതല്‍ 2001 സെപ്റ്റംബര്‍ 11 വരെ മുല്ലാ ഉമറിന്റെ നേതൃത്വത്തിലുള്ള താലിബാനാണ് രാജ്യം ഭരിച്ചതെന്ന് സര്‍വര്‍ക്കുമറിയാം. വേള്‍ഡ് ട്രേഡ് സെന്റര്‍- പെന്റഗണ്‍ ആക്രമണത്തിന്റെ ആസൂത്രകന്‍ സുഊദി ഭീകര പ്രസ്ഥാനമായ അല്‍ഖാഇദയുടെ സുപ്രീമോ ഉസാമാ ബിന്‍ലാദിനാണെന്ന് പ്രഖ്യാപിച്ച അമേരിക്ക, അയാളെ തങ്ങളെ ഏല്‍പിക്കണമെന്ന ആവശ്യം താലിബാന്‍ ഭരണകൂടം നിരസിച്ചതിനെത്തുടര്‍ന്ന് കാബൂളില്‍ നാറ്റോ സൈന്യത്തെ ഇറക്കി താലിബാനെ അധികാരഭ്രഷ്ടമാക്കിയതും അമേരിക്കന്‍ പൗരനായ ഹാമിദ് ഖര്‍സായിയെ പകരം പ്രതിഷ്ഠിച്ചതുമൊക്കെ അനന്തര സംഭവങ്ങള്‍. നീണ്ട 18 വര്‍ഷങ്ങള്‍ അത്യാധുനികായുധങ്ങള്‍ ഉപയോഗിച്ചു നടത്തിവന്ന ആക്രമണങ്ങള്‍ക്ക് താലിബാനെ തോല്‍പിക്കാനോ പകുതിയിലധികം വരുന്ന അഫ്ഗാന്‍ പ്രദേശങ്ങളെ മോചിപ്പിക്കാനോ അമേരിക്കക്ക് കഴിഞ്ഞില്ലെന്നതും ഏറ്റവുമൊടുവില്‍ താലിബാനുമായി ദോഹയില്‍ ദീര്‍ഘകാലം തുടര്‍ന്ന ചര്‍ച്ചകളിലൂടെ സൈന്യത്തെ പിന്മാറ്റാന്‍ തീരുമാനിക്കേണ്ടിവന്നതും തങ്ങളുടെ തലക്കു മീതെ ഒപ്പിട്ട അടിയറവ് കരാറില്‍ പ്രതിഷേധിച്ച് അഫ്ഗാന്‍ പാവസര്‍ക്കാര്‍ ഇടഞ്ഞുനില്‍ക്കുന്നതും പരക്കെ അറിയാവുന്ന സംഭവവികാസങ്ങള്‍ മാത്രം. മാറിയ സാഹചര്യത്തില്‍ അഫ്ഗാന്‍ ഭരണം തങ്ങളുടെ കൈകളില്‍ വീണ്ടുമെത്തുമെന്ന് കരുതി താലിബാന്‍ ഇസ്‌ലാമിക ഭരണത്തെക്കുറിച്ച് സംസാരിക്കുന്നത് സ്വാഭാവികം.
മുല്ലാ ഉമറിന്റെ നേതൃത്വത്തില്‍ താലിബാന്‍ ഭരണകൂടം നടത്തിവന്നത് അവരുടെ ദൃഷ്ടിയില്‍ ഇസ്‌ലാമിക ഭരണമാണ്. ആ ഭരണത്തെ എതിര്‍ത്തത് ലോകത്തിലെ സെക്യുലര്‍ രാജ്യങ്ങള്‍ മാത്രമല്ല, മുസ്‌ലിം ഭരണകൂടങ്ങളും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമെല്ലാമാണ്. സമാധാനത്തിലും നീതിയിലും മനുഷ്യസ്‌നേഹത്തിലും അധിഷ്ഠിതമാവേണ്ട ഇസ്‌ലാമിക സ്റ്റേറ്റ് സങ്കല്‍പത്തെ, പ്രാകൃത നിയമങ്ങളുടെ അശാസ്ത്രീയ പ്രയോഗവത്കരണം വഴി താലിബാന്‍ വികലമാക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിനെ ഉത്തരവാദപ്പെട്ട ഒരു പ്രസ്ഥാനവും അനുകൂലിക്കുകയോ അംഗീകരിക്കുകയോ ചെയ്തില്ലെന്നു മാത്രമല്ല നിശിതമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയുമാണ് ചെയ്തത്. 'നിങ്ങള്‍ തോന്നിയ പോലെ ഭരിച്ചോളൂ. എന്നാല്‍ ദയവായി അത് ഇസ്‌ലാമിന്റെ പേരില്‍ വേണ്ട' എന്ന് ഒരു ഘട്ടത്തില്‍, പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമി സാരഥി ഖാദി ഹുസൈന്‍ അഹ്മദിന് മുല്ലാ ഉമറിനോട് പറയേണ്ടിവന്നത് ഇവിടെ ഓര്‍ക്കാവുന്നതാണ്. അതേസമയം, എത്രതന്നെ തള്ളിപ്പറഞ്ഞാലും താലിബാന്റേത് തീവ്ര ദേശീയതയിലോ വംശീയതയിലോ ഊന്നുന്ന ഭരണമായിരുന്നില്ല, അവര്‍ പൊരുതിയതും അമേരിക്കന്‍ സാമ്രാജ്യത്വത്തോടും അവരോടൊപ്പം നിന്ന അഫ്ഗാനികളോടും ആയിരുന്നു എന്നതും വസ്തുത മാത്രം. സാമ്പ്രദായിക ഗോത്രവര്‍ഗ സംസ്‌കൃതിയും യാഥാസ്ഥിതിക ഇസ്‌ലാമിക ദര്‍ശനവും കൂടിക്കലര്‍ന്ന രാഷ്ട്രീയമാണ് താലിബാന്റേത്. അതിനെ എത്ര വേണമെങ്കിലും വിമര്‍ശിക്കാം, എതിര്‍ക്കാം. എന്നാല്‍ ഇന്ത്യയില്‍ ആര്‍.എസ്.എസ് സര്‍വശക്തിയുമുപയോഗിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വംശീയ ഹിന്ദുത്വ നയപരിപാടികളോട് ഒരു സാദൃശ്യവും താലിബാന്റെ മതാധിഷ്ഠിത ഭരണസങ്കല്‍പത്തിനില്ല. ആര്‍.എസ്.എസ്സിന്റേതും താലിബാന്റേതും ഒരേ രീതിയിലുള്ള മതരാഷ്ട്രവാദമാണെന്ന ജല്‍പനം, തീവ്ര ഹിന്ദുത്വത്തിന് ഒരു മുസ്‌ലിം സമാന്തരം കണ്ടെത്താനുള്ള കുതന്ത്രം മാത്രമാണ്. താലിബാനിസത്തെ ജമാഅത്തെ ഇസ്‌ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്നു എന്ന പച്ചക്കള്ളം, തന്നെ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തവരെയും വിശ്വസിക്കാവുന്ന ഒരേയൊരു മതേതരവാദിയായി തന്നെ അവതരിപ്പിച്ച സാക്ഷാല്‍ സെന്‍കുമാറിനെയും ഒരേയവസരത്തില്‍ പ്രസാദിപ്പിക്കാനുദ്ദേശിച്ചുകൊണ്ടുള്ള തറവേലയാണ്. മൂന്നാമതൊരു കൂട്ടരെക്കൂടി സുഖിപ്പിക്കാന്‍ മാറിയ സാഹചര്യത്തില്‍ ലേഖകന്‍ ഉന്നം വെച്ചിരിക്കാം. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഉണ്ടയില്ലാ വെടിയുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന സി.പി.എം, സംഘികളെ അനുനയിപ്പിക്കാന്‍ കണ്ടെത്തിയ സമയവും ഇതാണല്ലോ. തിയോക്രാറ്റിക് സ്റ്റേറ്റ് അഥവാ മതരാഷ്ട്രത്തെ, സംഘടനയുടെ രൂപീകരണം തൊട്ട് ഇന്നേവരെ തീര്‍ത്തും നിരാകരിച്ച പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിയുടെ പേരില്‍ അതേ വ്യാജാരോപണം പതിനായിരം വട്ടം ആവര്‍ത്തിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെടുന്നില്ലെങ്കില്‍ പട്ടികള്‍ കുരക്കട്ടെ, സാര്‍ഥവാഹക സംഘം മുന്നോട്ട് എന്നേ ഓര്‍മിപ്പിക്കാനുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (17-19)
ടി.കെ ഉബൈദ്‌