Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 27

3145

1441 ശഅ്ബാന്‍ 02

ഇസ്‌ലാമും അംബേദ്കറും രവിചന്ദ്രന്റെ മതംമാറ്റവും

റഹ്മാന്‍ മധുരക്കുഴി

ജാതി ഉന്മൂലനം ഇസ്‌ലാമിലൂടെ മാത്രമേ സാധ്യമാവൂ എന്ന തിരിച്ചറിവും, ആത്മാഭിമാനവും അന്തസ്സുമുള്ള ജീവിതം ഇസ്‌ലാമിന്റെ കുടക്കീഴില്‍ മാത്രമേ ലഭ്യമാവൂ എന്ന ദൃഢബോധ്യവും ഇസ്‌ലാമാശ്ലേഷത്തിലെത്തിച്ച രവിചന്ദ്രന്റെ (ഡോ. റഈസ് മുഹമ്മദ്) തുറന്നുപറച്ചിലുകള്‍ (2020 മാര്‍ച്ച് 06) ഏറെ ചിന്തോദ്ദീപകമത്രെ.
ബുദ്ധമതത്തിലേക്കുള്ള പരിവര്‍ത്തനം അന്തസ്സുള്ള ജീവിതം പ്രദാനം ചെയ്യുകയില്ലെന്ന് ഡോ. അംബേദ്കര്‍ക്കറിയാമായിരുന്നുവെങ്കിലും നിലവിലുള്ള പ്രതികൂല സാഹചര്യം ഇസ്‌ലാമിലേക്കുള്ള മതംമാറ്റത്തില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചുവെന്നതാണ് യാഥാര്‍ഥ്യം. താന്‍ ഹിന്ദുമതം ഉപേക്ഷിക്കുകയാണെന്നും മരിക്കുന്നതിനു മുമ്പ് പുതിയ മതം സ്വീകരിക്കുമെന്നും 1935-ല്‍ അംബേദ്കര്‍ പ്രഖ്യാപിച്ചിരുന്നു. പിന്നെ ചില അനുയായികള്‍ അദ്ദേഹത്തെ സമീപിച്ച് തങ്ങള്‍ക്കും മതംമാറണമെന്നു പറഞ്ഞപ്പോള്‍, ഇസ്‌ലാം സ്വീകരിക്കാനാണ് അദ്ദേഹം അവരെ ഉപദേശിച്ചത്. അംബേദ്കറുടെ മറാത്തി ഭാഷയിലുള്ള Bahish Krit Bharath (മാര്‍ച്ച് 15, 1929) എന്ന വാരികയുടെ മുഖപ്രസംഗത്തിലൂടെയായിരുന്നു ഇസ്‌ലാം സ്വീകരിക്കാന്‍ അദ്ദേഹം ഉപദേശിച്ചത്. "Ambedkar on Muslims' എന്ന ഗ്രന്ഥത്തില്‍ ആനന്ദ് തെല്‍തുബ്‌ടെ "His advice to them was to accept Islam' എന്ന് വ്യക്തമാക്കുന്നു.
'നിങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കില്‍ മുസ്‌ലിംകള്‍ എന്ന നിലക്കുള്ള രാഷ്ട്രീയ അവകാശങ്ങള്‍ നിങ്ങള്‍ക്ക് ലഭ്യമാവും' എന്ന് "Why go for conversion?  (പേജ് 18) എന്ന തന്റെ ഗ്രന്ഥത്തിലും അംബേദ്കര്‍ പറയുന്നുണ്ട്.
ആര്യസമാജത്തിലോ ബുദ്ധമതത്തിലോ ക്രിസ്തുമതത്തിലോ ചേരുന്നുകൊണ്ട് അധഃസ്ഥിതരായ തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയില്ലെന്ന് തുറന്നുപറഞ്ഞ അംബേദ്കര്‍ ഇന്ത്യാ വിഭജനത്തിന്റെ പേരില്‍ മുസ്‌ലിംകളോട് കോപക്രാന്തരായി നിലകൊള്ളുന്ന ഹൈന്ദവരെ കൂടുതല്‍ പ്രകോപിതരാക്കാന്‍ ഇസ്‌ലാമിലേക്കുള്ള മതംമാറ്റം വഴിവെക്കുമെന്ന് ഭയന്നതിനാലാണ് പ്രസ്തുത ഉദ്യമത്തില്‍നിന്നും പിന്തിരിഞ്ഞതെന്ന് അംബേദ്കറുടെ ശിഷ്യനായ വസീര്‍ വന്‍കേദ് ചൂണ്ടിക്കാണിക്കുന്നു. പ്രതികൂല സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ ഇസ്‌ലാം സ്വീകരിക്കാന്‍ അംബേദ്കര്‍ക്ക് കഴിയാതെപോയെങ്കിലും ഇസ്‌ലാമിക തത്ത്വങ്ങള്‍ അംബേദ്കറെ ഹഠാദാകര്‍ഷിച്ചിരുന്നു. ഇന്ത്യക്കൊരു ഭരണഘടന നിര്‍മിക്കുന്നതിലെ മുഖ്യശില്‍പിയായിരുന്ന അംബേദ്കറെ ഇസ്‌ലാമിക നിയമങ്ങള്‍ ശക്തിയായി സ്വാധീനിച്ചിരുന്നതായി വസീര്‍ വന്‍കേദ് ചൂണ്ടിക്കാണിക്കുന്നു(Dalit Voice, June 16-30, 1985).
ഇസ്‌ലാമേതര മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ സാമൂഹികനീതി ലഭ്യമാവുകയില്ലെന്ന അംബേദ്കറുടെ തിരിച്ചറിവ് ഉള്‍ക്കൊണ്ട അദ്ദേഹത്തിന്റെ ചില അനയായികള്‍ പറയുന്നതിങ്ങനെ: ''ബുദ്ധമതത്തിലേക്കോ ക്രിസ്തുമതത്തിലേക്കോ സിഖ് മതത്തിലേക്കോ മതപരിവര്‍ത്തനം ചെയ്താലും, സവര്‍ണ ഹിന്ദുക്കള്‍ തങ്ങളോട് അസ്പൃശ്യരോടെന്ന പോലെത്തന്നെ പെരുമാറുന്നു. ഇസ്‌ലാം മാത്രമാണ് ഏക അപവാദം'' (ദലിത് വോയ്‌സ് 1-5-1987).
'അംബേദ്കറോടൊപ്പം ബുദ്ധമതത്തിലേക്ക് മാറിയിട്ടും ജാതിമുദ്ര അവരുടെ മുതുകില്‍നിന്ന് മാഞ്ഞുപോയില്ല. വ്യത്യസ്ത മതപരിവര്‍ത്തനങ്ങളെക്കുറിച്ച് ഞാന്‍ പഠിച്ചു. ജാതി ഉന്മൂലനം ഇസ്‌ലാമിലൂടെ മാത്രമേ സാധ്യമാകൂ എന്ന് ഞാന്‍ തിരിച്ചറിഞ്ഞു'. ഈ യാഥാര്‍ഥ്യം തന്നെയാണ് രവിചന്ദ്രനും അഭിമുഖത്തില്‍ വെട്ടിത്തുറന്നു പറയുന്നത്.
അംബേദ്കര്‍ ബുദ്ധമതത്തിലേക്ക് മതംമാറിയ സാഹചര്യത്തേക്കാള്‍ തീക്ഷ്ണമായ സാഹചര്യമാണ് നിലവിലുള്ളത്. ഹിന്ദുത്വ ശക്തികളുടെ കടുത്ത എതിര്‍പ്പുകള്‍ അതിജയിച്ച് ഇസ്‌ലാമിലെത്തിച്ചേരാന്‍ അധിക പേര്‍ക്കും കഴിയാതെ പോകുന്നു എന്നതാണ് യാഥാര്‍ഥ്യം. 

 

 

കീഴടങ്ങല്‍ പരിഹാരമല്ല

പ്രബോധനം ലക്കം 3143-ല്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ്  സആദത്തുല്ല ഹുസൈനി എഴുതിയ ലേഖനം വായിച്ചു. സമകാലിക ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ അറിയേണ്ടതും മനസ്സിലാക്കേണ്ടതുമായ ലേഖനം. നിരന്തരമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരാണ് മുസ്‌ലിം സമൂഹം. ചിലപ്പോഴെങ്കിലും തിരിച്ചടിയുടെയും സായുധ സജ്ജീകരണത്തിന്റെയും ആവശ്യകത തോന്നിപ്പോകുന്ന സാഹചര്യം വിശ്വാസികള്‍ക്കിടയില്‍ ഉണ്ടായിക്കാണും. സായുധ പോരാട്ടം (ജിഹാദ്) ഭരണകൂടം നിലവിലുള്ളപ്പോള്‍ ചെയ്യേണ്ടതാണ്. ആയുധരഹിത പോരാട്ടമാണ് വിജയത്തിന് വലിയ സാധ്യതയുള്ളത്. സര്‍വായുധസജ്ജരായ ഭരണകൂടത്തിന് അത്തരം സംഘങ്ങളെ അടിച്ചൊതുക്കുക പ്രയാസമുള്ള കാര്യമല്ല. അതേസമയം ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് ജനകീയ പിന്തുണ ലഭിക്കുക മാത്രമല്ല, സായുധ പോരാട്ടങ്ങളേക്കാള്‍ അവക്ക് പത്തിരട്ടി വിജയസാധ്യത ഉണ്ടുതാനും. എന്നാല്‍ ശത്രുവിനു മുമ്പില്‍ കീഴടങ്ങലോ വിധേയത്വമോ വിശ്വാസികള്‍ക്ക് ചേര്‍ന്നതുമല്ല. 
സന്ദര്‍ഭത്തിന്റെ തേട്ടമനുസരിച്ച് വായിച്ചിരിക്കേണ്ട കാതലായ ലേഖനമാണ് ഹുസൈനിയുടേത്. സോഷ്യല്‍ മീഡിയയില്‍ കുന്നുകൂടിക്കിടക്കുന്ന എഴുത്തുകളേക്കാള്‍ എന്തുകൊണ്ടും പ്രയോജനകരമാണ് തെരഞ്ഞെടുക്കപ്പെടുന്ന ഇത്തരം ലേഖനങ്ങള്‍. 

അബ്ദുര്‍റസാഖ് പുലാപ്പറ്റ
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (17-19)
ടി.കെ ഉബൈദ്‌