Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 20

3144

1441റജബ് 25

ഇസ്‌ലാമിന്റെ  അതിരിനപ്പുറമുള്ള സ്വന്തബന്ധങ്ങള്‍

വി.കെ ജലീല്‍

ഇസ്‌ലാമിലേക്കുള്ള ഒരാളുടെ വിശ്വാസ പരിവര്‍ത്തനം, അയാളുടെ കുടുംബാംഗങ്ങളുമായുള്ള സ്‌നേഹാര്‍ദ്രമായ ഇടപഴക്കങ്ങള്‍ക്ക്  പരിക്കേല്‍പിക്കാന്‍ ഹേതുവായിത്തീരേണ്ടതുണ്ടോ?  ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം, അങ്ങനെ ഇല്ലെന്നു മാത്രമല്ല, ബന്ധുക്കളായ മനുഷ്യര്‍, പുറംകാഴ്ചയില്‍  മത-മതേതര സംഘ വൈവിധ്യങ്ങളുടെ ഏതു ഗണത്തോട് ചേര്‍ന്നുനില്‍ക്കുന്നവരായാലും,  എല്ലാവരും ഒരേ സ്രഷ്ടാവിന്റെ  സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ  സന്തതികളും ആണെന്നാണ്  ഇസ്‌ലാമിന്റെ ഏറ്റവും മൗലികമായ അധ്യാപനം. ഈ അധ്യാപനാടിത്തറയുടെ ബലത്തിലാണ്   അതിന്റെ സാമൂഹിക-സദാചാര-രാഷ്ട്രീയ- നിയമ വ്യവസ്ഥകളുടെ സുഭദ്ര സൗധം പണിതുയര്‍ത്തപ്പെട്ടിട്ടുള്ളത്.
ഒരു കുടുംബത്തിലെ ചിന്താശീലനായ ഒരു വ്യക്തി, അത് സ്ത്രീയോ പുരുഷനോ ആവട്ടെ, സ്വമത വിശ്വാസാചാരങ്ങളില്‍ അസംതൃപ്തിപ്പെട്ട് ഇസ്‌ലാമിലേക്ക് പ്രതീക്ഷാപൂര്‍വം കടന്നുവരുമ്പോള്‍, ആ വ്യക്തിയെ മഹത്തായ  മാനുഷിക ബന്ധങ്ങളെക്കുറിച്ച് ഇസ്‌ലാം എന്താണ് ചൊല്ലിപ്പഠിപ്പിക്കുന്നത്? ആദ്യം മാതാപിതാക്കളുടെ  കാര്യമെടുക്കാം.
'നിന്റെ  മാതാപിതാക്കള്‍ ഏകദൈവവിശ്വാസ വിരുദ്ധമായ കാര്യങ്ങളിലേക്ക് നിന്നെ നിര്‍ബന്ധിക്കുന്നുവെങ്കില്‍, അക്കാര്യത്തില്‍ മാത്രം നീ  അവരെ തീരെ അനുസരിക്കരുതെന്നേയുള്ളു; എന്നാല്‍ മറ്റെല്ലാ ലൗകിക കാര്യങ്ങളിലും ഏതവസരത്തിലും  അവരോട് നന്നായി പെരുമാറണം' എന്നാണ് വിശുദ്ധ ഖുര്‍ആന്റെ അസന്ദിഗ്ധമായ അധ്യാപനം.
ഇസ്‌ലാമിലേക്ക് തുടര്‍ച്ചയായി  ആളുകള്‍ കടന്നുവന്നുകൊണ്ടിരുന്ന മക്കയിലും മദീനയിലും മറ്റിടങ്ങളിലും ഇസ്‌ലാമിന് ഈ വിഷയം നിരന്തരം കൈകാര്യം ചെയ്യേണ്ടിവന്നിട്ടുണ്ട്. അതുകൂടി പ്രമാണിച്ച്  വിശുദ്ധ ഖുര്‍ആന്‍, മാതാപിതാക്കളോടും മറ്റു അടുത്തതും അകന്നതുമായ കുടുംബ ബന്ധുക്കളോടും അനിവാര്യമായും പുലര്‍ത്തേണ്ട ഉറ്റബന്ധങ്ങളെക്കുറിച്ച് നിരവധി കല്‍പ്പനകളും ഉദ്‌ബോധനങ്ങളും നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രത്യേക നിര്‍ദേശം ആവശ്യമായ വൈവാഹിക ബന്ധത്തിന്റെയും അനന്തരാവകാശത്തിന്റെയും കാര്യങ്ങളില്‍ മതിയായ വിശദീകരണം നല്‍കുകയും ചെയ്തിരിക്കുന്നു. ഭംഗിയാര്‍ന്ന ഒരുപാട്  പ്രവാചക മാതൃകകളും കാണാം.
പ്രവാചക പത്‌നി ആഇശ(റ)യുടെ സഹോദരി അസ്മാ (റ) ഒരിക്കല്‍ തിരുസന്നിധിയില്‍ വന്ന് ബോധിപ്പിച്ചു. ''തിരുദൂതരേ, എന്റെ അവിശ്വാസിയായ മാതാവ്  എന്തോ സഹായം ആഗ്രഹിച്ചു എന്നെ സമീപിച്ചിരിക്കുന്നു. ഞാന്‍ എന്തു ചെയ്യണം?'' തിരുമേനി പറഞ്ഞു: ''അസ്മാ അവരോട് തികച്ചും നല്ലനിലയില്‍ ബന്ധപ്പെടുക.'' എന്നുവെച്ചാല്‍ അവരുടെ ആവശ്യം എന്താണോ അത് നിര്‍വഹിച്ചുകൊടുക്കുക. ഈ സംഭവം ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. 
നബിതിരുമേനിയുടെ പത്‌നി സ്വഫിയ്യ (റ) ജനിച്ചതും വളര്‍ന്നതും ജൂതമതക്കാരിയായിട്ടായിരുന്നല്ലോ. സ്വാഭാവികമായും ജൂതമതക്കാരായ അടുത്ത കുടുംബ ബന്ധുക്കളും അവര്‍ക്കുണ്ടായിരുന്നു. ഒരിക്കല്‍ അവരെക്കുറിച്ച്, ഇപ്പോഴും അവര്‍  ശാബ്ബത്ത് (ശനി) നാളിനെ ഏറെ ഇഷ്ടപ്പെടുകയും  ജൂതന്മാരുമായി ധാരാളം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നുണ്ടെന്ന പരാതി ഖലീഫ ഉമറിന്റെ അടുത്തെത്തി. അവര്‍ക്ക് സേവനം ചെയ്തിരുന്ന ഒരു അടിമപ്പെണ്ണ് തന്നെയായിരുന്നു പരാതിക്കാരി. സത്യവിശ്വാസികളുടെയെല്ലാം പ്രിയ മാതാവായ സ്വഫിയ്യ, ഖലീഫക്ക് നല്‍കിയ മറുപടി, 'എനിക്ക്  വെള്ളിയാഴ്ചയോടല്ലാതെ, ശാബ്ബത്ത് നാളിനോട്  ഒരു മമതയും ഇല്ല. ജൂതമതക്കാരായി എനിക്ക് ചില അടുത്ത ബന്ധുക്കള്‍ ഉണ്ട്. അവരുമായി ബന്ധപ്പെടാറുമുണ്ട്' എന്നായിരുന്നു.
പിന്നീട് പരാതിക്കാരിയെ വിളിച്ച് സ്വഫിയ്യ താന്‍ എന്തിനിതു ചെയ്തു എന്നന്വേഷിച്ചപ്പോള്‍ ആ പെണ്ണ് പറഞ്ഞു: 'പിശാചിന്റെ കെണി, അല്ലാതെന്താ?'. സ്വഫിയ്യ അന്നേരം, ഒരു പ്രവാചക പത്‌നിയില്‍നിന്നുണ്ടാവേണ്ട അനശ്വരമായ, മാതൃകാ പ്രതികരണം അതിമനോഹരമായി ഇസ്‌ലാമിക മദീനാ ചരിത്രത്തിന്റെ താളുകളില്‍ സ്വപ്രവൃത്തികൊണ്ട് ആലേഖനം ചെയ്തു. അതായത്, അവളുടെ പിഴ പൊറുത്ത്, ഉടനെ അവളെ അടിമത്തത്തില്‍നിന്ന് സ്വതന്ത്രയാക്കി, ആ പെണ്ണിനോട് അത്യൗദാര്യം കാണിച്ചു!  ത്വബരി 'അസ്സംത്വുസ്സമീന്‍ ഫീ മനാഖിബി ഉമ്മഹാത്തില്‍ മുഅ്മിനീന്‍' എന്ന കൃതിയില്‍ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്.
പില്‍ക്കാലത്ത് അമീര്‍ മുആവിയ ഇവരുടെ താമസസ്ഥലം (ഹുജ്‌റ) ഒരു ലക്ഷം ദീനാര്‍ വില കൊടുത്തു വാങ്ങിയപ്പോള്‍, തുകയുടെ മൂന്നിലൊന്ന്, അപ്പോഴും ജൂതനായിരുന്ന തന്റെ സഹോദരന് അവര്‍ നല്‍കുകയുണ്ടായി. ഇത് കൊടുക്കുന്നതിനു മുമ്പായി അവര്‍ ഒരിക്കല്‍കൂടി സഹോദരനെ ഇസ്ലാമിലേക്ക് ക്ഷണിച്ചിരുന്നു എന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഹിജ്‌റ വര്‍ഷം 211-ല്‍ നിര്യാതനായ പ്രമുഖ യമനീ ഖുര്‍ആന്‍ - ഹദീസ് വിശാരദന്‍ അബ്ദുല്‍ റസാഖു ബ്‌നു ഹുമാം അസ്സന്‍ആനിയുടെ  ഉദ്ധരണിയാണ് ഈ വിവരണത്തിനാധാരം. മുആവിയ(റ)യുടെ ഭരണകാലത്താണ് സ്വഫിയ്യ (റ) നിര്യാതയായത്. ഏതു വര്‍ഷത്തിലാണ് എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ട്.
വിശുദ്ധ ഖുര്‍ആനിലെ അറുപതാം അധ്യായത്തിലെ എട്ടാം വചനം വ്യാഖ്യാനിച്ചുകൊണ്ട് മാലികീ ചിന്താധാരയിലെ പ്രമുഖ പണ്ഡിതനായ അബൂബക്‌റുബ്‌നുല്‍ അറബി, മറ്റെല്ലാ കാര്യത്തിലും അമുസ്‌ലിം ബന്ധുക്കളോട് നന്നായി പെരുമാറുന്നതോടൊപ്പം, തങ്ങളുടെ ധനത്തിന്റെ ഒരു ഭാഗം കൂടി അവര്‍ക്ക് നല്‍കണം എന്നാണ് ഖുര്‍ആന്‍ പറയുന്നത് എന്ന് വിശദീകരിച്ചിട്ടുണ്ട്. 'വ തുഖ്‌സിത്വൂ' എന്ന പ്രയോഗത്തെയാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നത്.
നബി തിരുമേനി ഒരിക്കല്‍ പറഞ്ഞു: ''ഖുറൈശികള്‍ കുടുംബ ബന്ധം പ്രബലപ്പെടുത്തുന്ന എന്ത് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചാലും ഞാന്‍ അത് അംഗീകരിക്കും.'' അവരുടെ വിശ്വാസം പരിഗണിക്കാതെ തന്നെ എന്നര്‍ഥം.
മക്കാവിജയവേളയില്‍ ഉണ്ടായ ഒരു സംഭവം രേഖപ്പെട്ടു കിടക്കുന്നത് കാണുക: നബി തിരുമേനി ഒരുനൂറു തിരക്കുകള്‍ക്കിടയിലും, മക്കയില്‍ ആയിരുന്നപ്പോള്‍  തന്നെ ദിനേന കഠിനമായി ദ്രോഹിച്ചിരുന്ന പിതൃവ്യന്‍ അബൂലഹബിന്റെ അവിശ്വാസികളായ പുത്രന്മാര്‍ ഉത്ബയെയും മുഅത്തബിനെയും കുറിച്ച് താല്‍പര്യപൂര്‍വം അന്വേഷിക്കാറുണ്ടായിരുന്നു. 'അവരിരുവരും താങ്കള്‍ക്ക് മുഖം തരാന്‍ ഭയന്ന് ഇവിടെവിടെയോ ഒളിച്ചുകഴിയുന്നുണ്ട്'- അനുചരന്മാര്‍ റസൂലിനോട് പറഞ്ഞു. അവരെ വേഗത്തില്‍ കണ്ടെത്തി തന്റെ മുന്നില്‍ കൊണ്ടുവരാന്‍ തിരുമേനി നിര്‍ദേശിച്ചു. അല്‍പസമയത്തിനകം,  അറഫയില്‍ ഒളിമറയില്‍ കഴിഞ്ഞിരുന്ന നബിപുത്രി റുഖിയ്യയുടെ മുന്‍ ഭര്‍ത്താവായ ഉത്ബയും അനുജന്‍ മുഅത്തബും തിരുസന്നിധിയില്‍ ഹാജരാക്കപ്പെട്ടു. അവരുടെ ഉള്ളില്‍ തിരുമേനിയെ കുറിച്ച നിരവധി ഭയാശങ്കകള്‍ നന്നായി പുകയുന്നുണ്ടായിരുന്നു. അത്രയും അഗ്‌നിയാണ് അവര്‍ തിരുജീവിതത്തില്‍ കോരിയിട്ടിരുന്നത്. അവരെ കണ്ടപാടേ തിരുമേനി സ്‌നേഹ പുരസ്സരം അഭിവാദ്യം ചെയ്തു. ഇസ്‌ലാമിനെ ഹ്രസ്വ മനോഹരമായി പരിചയപ്പെടുത്തി. ഇരുവരും മുസ്‌ലിംകളായി! അന്നേരം നബിതിരുമേനി അതിരറ്റ ചാരിതാര്‍ഥ്യത്തോടെ പറഞ്ഞു: 'അല്ലാഹുവിനോട് ഞാന്‍ എന്റെ സഹോദരങ്ങളെ ചോദിച്ചു; അവന്‍ എനിക്കവരെ തന്നു.' അവരിരുവരും ആ നിമിഷം മുതല്‍  തിരുമേനിയുടെ തോളോടു ചേര്‍ന്ന് ഇസ്ലാമിക പ്രവര്‍ത്തനങ്ങളിലേക്കാണ്ടിറങ്ങി. ഹുനൈന്‍, ത്വാഇഫ് സംഘര്‍ഷങ്ങളില്‍ വീറോടെ പങ്കെടുത്തു.
രക്തബന്ധമുള്ള അമുസ്‌ലിംകളോട് പുലര്‍ത്തുന്ന അതേ സ്‌നേഹബന്ധവും കടപ്പാടുകളും, മുലകുടി ബന്ധത്തിലൂടെയുള്ള അമുസ്‌ലിം കുടുംബാംഗങ്ങളോടും ദീക്ഷിക്കണമെന്ന് നബിതിരുമേനി സ്വന്തം പ്രവൃത്തിയിലൂടെ മുസ്‌ലിംകള്‍ക്ക് കാണിച്ചുകൊടുത്തു.
ഹുനൈന്‍ യുദ്ധത്തില്‍ പരാജയപ്പെട്ട  ഹവാസിന്‍ ഗോത്രത്തിന്റെ പ്രതിനിധിസംഘം, തിരു സൈന്യം തടവുകാരാക്കിയവരുടെ മോചനത്തിന് തിരുമേനിയോട്  അഭ്യര്‍ഥിച്ചത്, അവരുടെ  കൂട്ടത്തില്‍ താങ്കളെ പാലൂട്ടുക വഴി ഉണ്ടായ  അടുത്ത ബന്ധുക്കള്‍   ഉണ്ടെന്ന് എടുത്തു പറഞ്ഞുകൊണ്ടാണ്. അവരുടെ സമര്‍ഥനായ  വക്താവ്  സുഹൈറു ബ്‌നു അബാസ്വദദ് ആണ് തിരുമേനിയുമായി  സംഭാഷണം നടത്തിയതെന്ന് ഇബ്‌നുഹിശാം രേഖപ്പെടുത്തിയിരിക്കുന്നു. അത് അനുസ്മരിച്ചപ്പോള്‍ തിരുമേനി അവരെ ഒന്നടങ്കം തല്‍ക്ഷണം  മോചിപ്പിക്കാന്‍ അനുചരന്മാരെ പ്രേരിപ്പിച്ചു. അല്ലെങ്കിലും, അന്യമത ബന്ധു സ്‌നേഹം ഇസ്‌ലാമിന്റെ ജന്മസ്വഭാവമാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്! ഇസ്‌ലാമിന്റെ പിറവിയുടെ ഒന്നാം തീയതി മുതല്‍, ഇസ്‌ലാമിന്റെ  വിശ്വാസവീറും വിശദാംശങ്ങളും മനസ്സിലാക്കിക്കൊണ്ടു തന്നെ, അതിനു കാവലായ അബൂത്വാലിബും, അദ്ദേഹത്തിന്റെ ആഹ്വാനം ചെവിക്കൊണ്ട് മൂന്നു വര്‍ഷം നീണ്ടുനിന്ന കിരാത ബഹിഷ്‌കരണത്തില്‍ ഭാഗഭാക്കായവരും സുതരാം തെളിയിക്കുന്നത് എന്താണ്? ബഹിഷ്‌കൃതരില്‍ ഭൂരിഭാഗവും, അല്ലെങ്കില്‍ ഒരുപാട് പേര്‍ തിരുമേനിയുടെ അടുത്ത ബന്ധുക്കളായ അവിശ്വാസികളായിരുന്നു എന്നതല്ലേ യാഥാര്‍ഥ്യം? ഇതിലടങ്ങിയ ദൈവാഭിലാഷം വിളിച്ചു പറയുന്നതെന്താണ്? ബന്ധുക്കളോടു മാത്രം നല്ല ബന്ധം നിലനിര്‍ത്തണമെന്നല്ല, വിശ്വാസമാറ്റം, ബന്ധവിഛേദത്തിന് ഹേതുവല്ല എന്ന് മാത്രം പറയാനേ ഇവിടെ ഉദ്ദേശ്യമുള്ളൂ.

Comments

Other Post

ഹദീസ്‌

മൂന്നു കാര്യങ്ങള്‍ ഹൃദയത്തെ നിര്‍മലമാക്കും
മുഹമ്മദ് സ്വാലിഹ് മുന്‍ജിദ്‌

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (14-16)
ടി.കെ ഉബൈദ്‌