Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 20

3144

1441റജബ് 25

ഇസ്‌ലാംഭീതിയെ അതിജയിക്കുന്ന പ്രതീക്ഷകള്‍

വി.പി അബൂബക്കര്‍ സിദ്ദീഖ്

ആധുനിക, ഉത്തരാധുനിക യൂറോപ്പ് പലതരത്തില്‍ ഇസ്‌ലാംവിരുദ്ധമോ അല്ലെങ്കില്‍ ഇസ്‌ലാമികമൂല്യങ്ങളുടെ നിരാകരണമോ ആണെന്ന് ചിത്രീകരിക്കപ്പെടാറുണ്ട്. ഇസ്‌ലാമിക സംസ്‌കാരം, ഇസ്‌ലാമിക വേഷവിധാനം, ഇസ്‌ലാമിക സാഹിത്യം എല്ലാം പാശ്ചാത്യ ചട്ടക്കൂടിന് വിരുദ്ധവും അന്യവുമാണ് എന്ന ഒരു ആഖ്യാനമാണ് ഇതിനടിസ്ഥാനം. ഇസ്‌ലാമിക ഭീകരത, മതമൗലികവാദം, മതരാഷ്ട്രീയവത്കരണം, വിഭാഗീയത, ഇസ്‌ലാമിസം തുടങ്ങിയ പ്രയോഗങ്ങള്‍ ഈ ആഖ്യാനത്തെ പൊലിപ്പിച്ചെടുക്കുകയും ചെയ്യുന്നു. പ്രഫസര്‍ സാമുവല്‍ ഹണ്ടിങ്ടണ്‍ മുന്നോട്ടു വെച്ച 'നാഗരികതകള്‍ തമ്മിലെ സംഘട്ടനം' (Clash of Civilizations)  എന്ന ആശയം, യൂറോപ്യന്‍-ഇസ്‌ലാമിക നാഗരികതകള്‍ പരസ്പരവിരുദ്ധമാണെന്നും, യൂറോപ്പ് പരിഷ്‌കൃതരും മുസ്‌ലിംകള്‍ അപരിഷ്‌കൃതരുമാണെന്നും വരുത്തിത്തീര്‍ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇസ്‌ലാം പൂര്‍ണാര്‍ഥത്തിലുള്ള യൂറോപ്പിന്റെ നിരാകരണമാണെന്ന 1862-ല്‍ ഏണസ്റ്റ് റെനന്‍ നടത്തിയ അന്ധമായ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണീ വാദങ്ങളെല്ലാം. 9/11-ലെ ഭീകരാക്രമണം, ഈ ഇസ്‌ലാമികവിരുദ്ധതയെ പൂര്‍ണാര്‍ഥത്തില്‍ രാഷ്ട്രീയവത്കരിക്കുകയും ഇസ്‌ലാമോഫോബിയ എന്ന മിഥ്യ യൂറോപ്പില്‍ പടര്‍ന്നുപിടിക്കുന്നതിന് ഹേതുവാകുകയും ചെയ്തു. ബുഷ് ആഹ്വാനം ചെയ്ത 'ഭീകരതാ വിരുദ്ധ യുദ്ധം' വെറും ഇസ്‌ലാമിക്-യൂറോപ്യന്‍ സംസ്‌കാരങ്ങളുടെ സംഘട്ടന(Conflict of Cultures)മായി പരാവര്‍ത്തനം ചെയ്യപ്പെട്ടത് ഇതിനുദാഹരണമാണ്. 9/11-നെ തുടര്‍ന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ് കോനി നടത്തിയ പ്രസ്താവന, ഇസ്‌ലാമികവിരുദ്ധത എത്രത്തോളം യൂറോപ്പില്‍ രൂഢമൂലമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. കോനിയുടെ പ്രസ്താവന ഇങ്ങനെ: ''പടിഞ്ഞാറന്‍ സംസ്‌കാരം പവിത്രവും ഉദാത്തവുമാണ്. എന്നാല്‍ ആധുനികതയുമായി സമരസപ്പെടുന്നതില്‍ പോലും ഇസ്‌ലാം പരാജയപ്പെട്ടിരിക്കുന്നു.''
സമകാലിക സാഹചര്യത്തില്‍, ഇസ്‌ലാമിക ഭീകരവാദം അല്ലെങ്കില്‍ ഇസ്‌ലാംഭീതി എന്ന സംജ്ഞ തല്‍പരകക്ഷികളുടെയും മാധ്യമങ്ങളുടെയും സൃഷ്ടിയാണ് എന്ന് ഇന്ന് ലോകം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. യൂറോപ്യന്‍ ചരിത്രത്തിലെ ഒരു പ്രത്യേക ഘട്ടത്തില്‍ യൂറോപ്യന്‍ സാഹിത്യമൊന്നടങ്കം ഇസ്‌ലാമിനെതിരെ ഫണം ഉയര്‍ത്തുന്നുണ്ട്. അന്ന്, പ്രവാചകനെ(സ) കപടനായും നുണയനായും സ്ത്രീദൂഷകനായും  ചിത്രീകരിക്കുന്ന നിരവധി സിനിമകളും നോവലുകളും ചിത്രങ്ങളും വ്യാപകമായി യൂറോപ്പില്‍ പ്രചരിക്കുകയും വിപണിയില്‍ വിറ്റഴിക്കപ്പെടുകയുമുണ്ടായി. Rules of Engagement എന്ന സിനിമയിലെ വില്യന്‍ കഥാപാത്രം വിശുദ്ധ ഖുര്‍ആനെ പറ്റി പറഞ്ഞത്, ഈ ഗ്രന്ഥം അമേരിക്കയെയും അമേരിക്കന്‍ ജനതയെയും ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്നു എന്നാണ്. ട്രൂ ലൈസ്, എക്‌സിക്യൂട്ടീവ് ഡിസിഷന്‍, ദ സീജ് തുടങ്ങി നിരവധി സിനിമകള്‍ ഇസ്‌ലാമിനെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തു. രക്തച്ചൊരിച്ചിലിന്റെയും മതഭ്രാന്തിന്റെയും അടിച്ചമര്‍ത്തലിന്റെയും നിഷ്ഠുരതയുടെയും പര്യായമായി ഇസ്‌ലാമിനെ വിശേഷിപ്പിച്ചവരും വിരളമായിരുന്നില്ല.
തങ്ങളുടെ മതത്തെയും മതകീയാചാരങ്ങളെയും ആത്മീയാചാര്യന്മാരെയും പിച്ചിച്ചീന്തുന്ന യൂറോപ്യന്‍ വാര്‍പ്പുമാതൃകയെ സ്വാഭാവികമായും മുസ്‌ലിം സമൂഹം വെറുത്തു. ഭാഷ, ജീവിതരീതി, വസ്ത്രധാരണം, ഭക്ഷണരീതി തുടങ്ങി യൂറോപ്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട എല്ലാറ്റിനോടും ഒരു കാലത്ത് മുസ്‌ലിം സമൂഹം അകലം പാലിച്ചത് അതുകൊണ്ടായിരുന്നു. ചില തല്‍പരകക്ഷികളുടെ കുത്സിത ശ്രമങ്ങളുടെ ഫലമായി പാശ്ചാത്യരില്‍ പലരും ഇസ്‌ലാമിനെ വെറുക്കുക മാത്രമല്ല, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പേടിക്കാനും തുടങ്ങി. തീര്‍ത്തും ഭീകരമായിരുന്നു ഇതിന്റെ പരിണതി. ഇസ്‌ലാമോഫോബിയ എന്ന സംജ്ഞ ജനകീയവത്കരിക്കപ്പെട്ടു. 9/11-ലെ ഭീകരാക്രമണത്തോടെ ഇസ്‌ലാം ഭീകരതയുടെ മതമാണെന്ന മിത്ത് യൂറോപ്യന്‍ ജനതയുടെ മനസ്സില്‍ വിശ്വാസമായി വേരൂന്നി. തങ്ങളുടെ രാജ്യം ഇസ്‌ലാമികവത്കരിക്കപ്പെടുമോ എന്ന് ഇന്നും പല അമേരിക്കക്കാരും പേടിക്കുന്നുണ്ട്. പ്രസിദ്ധ നോവലിസ്റ്റ് റോബേര്‍ട്ട് ഫെറിന്‍ഗോയുടെ 'Prayers for the Assassin', 'Sin of the Assassin', 'Heart of the Assassin' എന്നീ മൂന്ന് നോവലുകളുടെയും പ്രമേയം, 35 വര്‍ഷങ്ങള്‍ക്കുശേഷം യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക 'ഇസ്‌ലാമിക് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക' എന്നായി പുനര്‍നാമകരണം ചെയ്യപ്പെടും എന്ന പ്രവചനമാണ്. 
അമേരിക്കയെ ഇസ്‌ലാമികവത്കരിക്കാനുള്ള ബ്രദര്‍ഹുഡ് അടക്കമുള്ള സംഘടനകളുടെ ശ്രമങ്ങള്‍ പഠിക്കാന്‍ 'സെന്റര്‍ ഫോര്‍ സെക്യൂരിറ്റി പോളിസി'(CSP) എന്ന റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കപ്പെട്ടിട്ടുണ്ട് വാഷിങ്ടണില്‍. ഡേവിഡ് ഗോബട്‌സിന്റെ Muslim Mafia; Inside the Secret Underworld That's Conspiring to Islamize America  എന്ന കൃതി ഇവ്വിഷയകമായി രചിക്കപ്പെട്ടതാണ്. അമേരിക്ക ഒരുദാഹരണം മാത്രം. മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെ സ്ഥിതിയും സമാനം തന്നെ.
ഈ സാഹചര്യത്തില്‍, യൂറോപ്പിന്റെ 'ഇസ്‌ലാമിനെ വെറുക്കുക' എന്ന നയത്തിന്റെ കാര്യകാരണങ്ങള്‍ അന്വേഷിക്കുന്നത് പ്രസക്തമാണ്. യഥാര്‍ഥത്തില്‍, യൂറോപ്യന്‍ നവോത്ഥാനമെന്നത് ഇസ്‌ലാമിന്റെ നിരാകരണത്തിനു മേല്‍ സ്ഥാപിക്കപ്പെട്ടതല്ല. യൂറോപ്പിലെ നവോത്ഥാന നായകര്‍ മതത്തിനെതിരെ ആഞ്ഞടിച്ചുവെന്നത് ശരി. പക്ഷേ അത് അക്കാലത്തെ ക്രിസ്ത്യന്‍ പൗരോഹിത്യ സഭക്കെതിരെയായിരുന്നു. സങ്കുചിതവും വിഭാഗീയവുമായ മാര്‍ഗത്തില്‍ മതത്തെ ചൂഷണം ചെയ്ത് കലാ-സാഹിത്യ സംസ്‌കൃതിയുടെ മേല്‍ മതാധിപത്യം സ്ഥാപിച്ച ക്രൈസ്തവ സഭയെ തള്ളിപ്പറഞ്ഞ് യൂറോപ്യന്‍ രാജ്യങ്ങളെ മതരഹിത സെക്യുലരിസ്റ്റ് റിപ്പബ്ലിക്കുകളായി പ്രഖ്യാപിക്കുകയായിരുന്നു അവര്‍. ഇവിടെ ഇസ്‌ലാമോ മതം തന്നെയോ പ്രതിക്കൂട്ടിലായിരുന്നില്ല. ഉദാഹരണത്തിന്, ഇമ്മാനുവല്‍ കാന്റിന്റെ Critique of Pure Reason  എന്ന കൃതിയില്‍ മതത്തെയല്ല, ചര്‍ച്ചിനെയാണ് അദ്ദേഹം വിമര്‍ശനവിധേയമാക്കുന്നത്. 1788-ല്‍ പ്രസിദ്ധീകരിച്ച കാന്റിന്റെ Critique of Practical Reason-ല്‍ സമുദായത്തിന്റെ സുതാര്യമായ മുന്നോട്ടുപോക്കിന് ദൈവം അനിവാര്യമാണെന്ന് സ്ഥാപിക്കുന്നത് കാണാം. ഗോതാല്‍ഡ് ലെസ്സിങ് 1779-ലെ തന്റെ Nathan; The Wise  എന്ന നാടകത്തില്‍ മുസ്‌ലിംകളെ നല്ല റോള്‍മോഡലുകളായി അവതരിപ്പിക്കുന്നുണ്ട്. പലപ്പോഴും വിസ്മൃതമാവുന്ന, എന്നാല്‍ ഏറെ ശ്രദ്ധേയമായ ഒരു സംഭവം ഇക്കാലത്ത് യൂറോപ്പില്‍ അരങ്ങേറുന്നുണ്ട്. ഫ്രാങ്കോ വോള്‍ട്ടയറിന്റെ ‘Mahomet; Prophet of Lies’ എന്ന നാടകം 1740-ല്‍ അരങ്ങില്‍ വന്നപ്പോള്‍ ഫ്രഡറിക് ദി ഗ്രേറ്റ് തന്റെ കൈപ്പടയില്‍ വോള്‍ട്ടയറിനൊരു കത്തെഴുതുകയുണ്ടായി. ഈ നാടകം മൂലം മുസ്‌ലിം സമുദായത്തിന് നല്‍കേണ്ടിവരുന്ന വലിയ വിലയെ ചൂണ്ടിക്കാട്ടിയും ഈ ചെയ്തിയില്‍ വോള്‍ട്ടയറിനെ അധിക്ഷേപിച്ചുമായിരുന്നു ആ കത്ത്. കത്ത് വായിച്ച വോള്‍ട്ടയറിന് മാനസാന്തരമുണ്ടാവുകയും തന്റെ നാടകത്തില്‍ ആവിഷ്‌കരിക്കപ്പെട്ടതുപോലുള്ള ഒരു തെറ്റും മുഹമ്മദ് നബി ചെയ്തിട്ടില്ലെന്ന് കുറ്റസമ്മതം നടത്തുകയും ചെയ്തു. യൂറോപ്യന്‍ നവോത്ഥാന നായകരാരും തന്നെ ഇസ്‌ലാംവിരോധികളോ മതവിരോധികളോ ആയിരുന്നില്ല.
എന്നാല്‍, 19-ാം നൂറ്റാണ്ടിന്റെ ആദ്യകാലം തൊട്ട് സെക്യുലരിസം പതിയെ നിരീശ്വരവാദത്തിലേക്കും സംശയവാദത്തിലേക്കും വഴിമാറുകയായിരുന്നു. ലുഡ്വിഗ് ഫ്യൂഡ്ബാക്ക്, ചാള്‍സ് ഡാര്‍വിന്‍, കാള്‍ മാര്‍ക്‌സ്, സിഗ്മണ്ട് ഫ്രോയ്ഡ് എന്നീ നാലു പേര്‍ അസ്തിവാരമിട്ട നിരീശ്വരവാദവും സന്ദേഹവാദവും യൂറോപ്പില്‍ പടര്‍ന്നുപിടിക്കുന്നതോടെയാണ് മതവിരുദ്ധത പ്രത്യേകിച്ച് ഇസ്‌ലാം വിരുദ്ധത യൂറോപ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാകുന്നത്. 1882-ല്‍ ദൈവം മരിച്ചു എന്ന് പ്രഖ്യാപിക്കുമ്പോള്‍ യൂറോപ്യന്‍ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായത്തിന് നാന്ദികുറിക്കുകയായിരുന്നു നീഷെ. ആധുനികത(Modernity)യോടൊപ്പം അതിന്റെ മൂലശിലയായി മതനിന്ദ യൂറോപ്പില്‍ തലപൊക്കി. ദൈവഗ്രന്ഥങ്ങളെയോ ദൈവികപരികല്‍പനകളെയോ കൂസാതെ തോന്നിയതെന്തും ചെയ്യാന്‍ സര്‍വസ്വാതന്ത്ര്യവും നല്‍കുന്ന ഈ 'പുതിയ മതം' ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടി. സ്വാഭാവികമായും മതനിഷ്ഠയില്‍ കഴിയുന്ന മുസ്‌ലിംകളും അവരുടെ ഭക്ഷണ, വസ്ത്രരീതികളുമൊക്കെ അവര്‍ക്ക് വെറുക്കപ്പെട്ടതായി. ഈയൊരു ഭീകരാന്തരീക്ഷത്തിലാണ് യൂറോപ്യന്‍ സംസ്‌കാരത്തെ പവിത്രവത്കരിക്കാനും ഇസ്‌ലാമിക സംസ്‌കാരത്തെ അപരിഷ്‌കൃതമായി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നത്. തൊട്ടുപിറകെ, ഇസ്‌ലാമിക തീവ്രവാദം, ഭീകരാക്രമണം, ഇസ്‌ലാമിസം, ജിഹാദ് തുടങ്ങിയ മാധ്യമങ്ങള്‍ സൃഷ്ടിച്ച പദാവലികള്‍ സാഹചര്യം കൂടുതല്‍ വഷളാക്കുകയും ചെയ്തു.
ആധുനികതയുമായി സമരസപ്പെടാന്‍ കഴിയാത്ത ഒരു പഴഞ്ചന്‍ പ്രത്യയശാസ്ത്രമായി ഇസ്‌ലാം ചിത്രീകരിക്കപ്പെട്ടെങ്കിലും, സമകാലിക പോസ്റ്റ് മോഡേണ്‍ യുഗത്തില്‍ ഇസ്‌ലാം കൂടുതല്‍ സുരക്ഷിതമാണെന്നു പറയാം. ഞങ്ങള്‍-നിങ്ങള്‍ വ്യത്യാസ(Us-Them Binary‑)മില്ലാതെ എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനും ബഹുമാനിക്കാനുമുള്ള മനോഭാവം ഉത്തരാധുനികതയുടെ സവിശേഷതയാണ്. ഇസ്‌ലാമിന്റെ സുരക്ഷിതത്വത്തിന് ഒരു കാരണമിതാണ്. ബഹുസ്വരതയും മതസൗഹാര്‍ദവും വലിയ തോതില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നതിന്റെ പരിണിതഫലമാണിത്. ഏതു പ്രത്യയശാസ്ത്രത്തെയും തള്ളിപ്പറയാതെ അവയെ കേള്‍ക്കാനും ഉള്‍ക്കൊള്ളാനും യൂറോപ്യര്‍ സന്നദ്ധരാണിന്ന്. അതുകൊണ്ടുതന്നെ, യൂറോപ്പില്‍ ഇസ്‌ലാം കൂടുതല്‍ സ്വാഗതം ചെയ്യപ്പെടുന്നു. ലോസ് ആഞ്ചലസിന്റെയും ഫിലാഡെല്‍ഫിയയുടെയും പട്ടണമേധാവികള്‍ ഈ പട്ടണങ്ങളെ സമാധാനപരമായ മാര്‍ഗത്തിലൂടെ ലഹരിമുക്ത പ്രദേശമാക്കാന്‍ അമേരിക്കന്‍-ആഫ്രിക്കന്‍ മുസ്‌ലിംകളെ സമീപിച്ചത് ഇതിനുദാഹരണമാണ്. ഇസ്‌ലാമിനെ പ്രതിചേര്‍ക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ഇസ്‌ലാമികാദര്‍ശത്തെ പ്രതിരോധിക്കുന്നതിനു പോലും അവര്‍ ഉത്സാഹം കാണിക്കുന്നു. പ്രസിദ്ധ നോവലിസ്റ്റായ ടോം ക്ലന്‍സിയുടെ പ്രസ്താവന നോക്കുക: 'ഇസ്‌ലാമിക ടെററിസം എന്ന വിശേഷണം ശുദ്ധ വിഡ്ഢിത്തമാണ്, പരിഹാസ്യം! മാധ്യമങ്ങളുടെ ഇഷ്ടപ്പെട്ട പദമാണത്. ഈ ആളുകള്‍ പ്രവര്‍ത്തിക്കുന്നത് മതപരമായിട്ടൊന്നുമല്ല. കാരണം ഒന്നേയുള്ളൂ, അവര്‍ വിഡ്ഢികളാണ്.' ഇവിടെ ക്ലന്‍സി, ടെററിസത്തെ ഇസ്‌ലാമിന്റെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമത്തെ ചോദ്യംചെയ്യുകയാണ്. 1985 ആഗസ്റ്റ് 19-ന് പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ച് പ്രഖ്യാപിക്കുകയുണ്ടായി: 'ഞങ്ങള്‍ മുസ്‌ലിംകളെ ബഹുമാനിക്കുന്നു. അവരും ഞങ്ങളും ഒരേ ദൈവത്തെയാണ് ആരാധിക്കുന്നത്. പരമകാരുണ്യവാനും സര്‍വജ്ഞാനിയുമായ ദൈവം.'
പടിഞ്ഞാറന്‍ സംസ്‌കാരം പവിത്രവും ഇസ്‌ലാമിക സംസ്‌കാരം അപരിഷ്‌കൃതവുമാണെന്ന വാദം തത്ത്വത്തിലും യാഥാര്‍ഥ്യത്തിലും അബദ്ധജടിലമാണ്. പരിഷ്‌കൃതവും ഉദാത്തവുമെന്ന് അവകാശപ്പെടുന്ന പടിഞ്ഞാറന്‍ നാഗരികത അമൂര്‍ത്ത സങ്കല്‍പങ്ങള്‍ക്കു (Abstract Concepts) പുറമെ യഥാര്‍ഥ ലോകത്ത് എന്തു ധാര്‍മികതയാണ് പുലര്‍ത്തിയത്? അവ മുന്നോട്ട് വെച്ച ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം തുടങ്ങിയ ആശയങ്ങള്‍ കളങ്കപ്പെടുത്തിയത് പടിഞ്ഞാറ് തന്നെയല്ലേ? അഫ്ഗാനിസ്താന്‍, ലിബിയ, ഇറാഖ്, കുവൈത്ത്, ഈജിപ്ത് തുടങ്ങി ഏഷ്യയിലെയും ആഫ്രിക്കയിലെയും സമ്പന്നവും സമൃദ്ധവുമായ രാജ്യങ്ങളിലെ 'അപരിഷ്‌കൃത സമൂഹത്തെ സംസ്‌കരിച്ചെടുക്കാന്‍' അവയെ വെറും തരിശുനിലങ്ങളാക്കിയതിന് ഉത്തരവാദികള്‍ ആരാണ്? കോളനിവത്കരണത്തിലൂടെ ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളെയും സാംസ്‌കാരികമായും സാമ്പത്തികമായും രാഷ്ട്രീയമായും ചൂഷണം ചെയ്തത് മുസ്‌ലിംകളായിരുന്നോ? കോടിക്കണക്കിന് ജൂതരെ ഗ്യാസ് ചേമ്പറിലിട്ട് നിഷ്‌കരുണം കൊന്നുതള്ളിയ ഹിറ്റ്‌ലറിന്റെ നാസിസം അരങ്ങേറിയത് യൂറോപ്പിലല്ലേ? രണ്ട് ലോകയുദ്ധങ്ങള്‍ ആരുടെ പടപ്പായിരുന്നു? ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബിട്ടത് അമേരിക്കയല്ലേ? വംശവെറിയുടെ പേരില്‍ മനുഷ്യരെ പിച്ചിച്ചീന്തുന്നതാണോ പരിഷ്‌കൃത സമൂഹത്തിന്റെ രീതി? വെള്ളക്കാരുടെ വര്‍ണവിവേചനവും പാതിരിമാരുടെ വിജ്ഞാനവിരോധ  (Obscurantism‑) വും തീര്‍ത്തും അപരിഷ്‌കൃതമല്ലേ? നഗ്നപ്രദര്‍ശന(ഋഃവശയശശേീിശാെ)ത്തെയും ലൈംഗിക വാണിജ്യ(Sexploitation)ത്തെയും പ്രോത്സാഹിപ്പിക്കലാണോ സ്ത്രീസ്വാതന്ത്ര്യം? സ്റ്റാലിന്റെയും പോള്‍പോട്ടിന്റെയും തേര്‍വാഴ്ചക്ക് സമാനമായ ഒരു പതിപ്പ് ഇസ്‌ലാമിക ചരിത്രത്തില്‍ കണ്ടെത്താന്‍ സാധിക്കുകയില്ല. ഇസ്‌ലാമിക സംസ്‌കൃതിയെ അപരിഷ്‌കൃതവും പഴഞ്ചനുമെന്ന് വിശേഷിപ്പിക്കുന്നവര്‍ ചരിത്രാവബോധമില്ലാത്തവരാണ്. ആഫ്രിക്കയിലെ അപരിഷ്‌കൃത സമൂഹങ്ങളില്‍ ഇസ്‌ലാമിക പ്രബോധനം പ്രചുരമായതോടെ ദൃശ്യമായ സാംസ്‌കാരികബോധം യൂറോപ്പിലെ ക്രിസ്ത്യന്‍ മിഷനറിമാരെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. വന്യവും കിരാതവുമായ ജീവിതം നയിച്ചവര്‍ ഇസ്‌ലാമിലേക്ക് കടന്നുവരുന്നതോടെ അവരില്‍ ദൃശ്യമാകുന്ന വൈജ്ഞാനിക ബോധത്തിനും സംസ്‌കാര-നാഗരികതക്കും ചരിത്രം സാക്ഷിയാണ്.
യൂറോപ്യന്‍ സംസ്‌കാരത്തിന് പരിമിതികളും പോരായ്മകളും ഉണ്ടെങ്കിലും അനുകരിക്കാവുന്ന പലതും അതിലുണ്ട്. യൂറോപ്പ് വികസിപ്പിച്ചെടുത്ത ശാസ്ത്ര-വൈജ്ഞാനിക നേട്ടം അസൂയാവഹമാണ്. യൂറോപ്പില്‍ വികാസം പ്രാപിച്ച ടെക്‌നോളജി ലോകഘടനയെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. അതേസമയം, ആത്മീയമായി വീര്യം കുറഞ്ഞ ഒരു ജനതയായി അവര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഇസ്‌ലാമിനെയും പടിഞ്ഞാറിനെയും തമ്മില്‍ കോര്‍ത്തിണക്കുന്ന ഒരു പാലം പണിയലാണ് ഇപ്പോഴത്തെ അനിവാര്യത. മറ്റൊന്നിനെയും സ്വീകരിക്കാന്‍ തയാറല്ലാത്ത മതപണ്ഡിതര്‍ ഇന്ന് മുസ്‌ലിം ലോകത്തുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഇത്തരം സങ്കുചിത ചിന്താഗതി മാറ്റിവെച്ച് ഉള്‍ക്കൊള്ളല്‍ മനോഭാവത്തോടെ ഒരു ബഹുസ്വര സമൂഹം കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഉലമാക്കള്‍ ഇന്ന് ചെയ്യേണ്ടത്. ഇസ്‌ലാം ഭീതിയുടെയും ഭീകരതയുടെയും മതമാണെന്ന വാദം കെട്ടിച്ചമച്ച ആഖ്യാനം മാത്രമാണെന്ന് പുറംലോകത്തെ ബോധ്യപ്പെടുത്തല്‍ ഓരോ മുസ്‌ലിമിന്റെയും കടമയാണ്. ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന പരസ്പര ബഹുമാനം, സ്‌നേഹം, സാഹോദര്യം തുടങ്ങിയവയാല്‍ കെട്ടിപ്പടുത്ത ഒരു ജീവിതരീതി വ്യക്തിജീവിതത്തിലേക്ക് കൊണ്ടുവന്നാണ് അവര്‍ ഈ കടമ നിര്‍വഹിക്കേണ്ടത്. അതിന്, ലോകം മൊത്തം തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന തെറ്റിദ്ധാരണ ആദ്യം മുസ്‌ലിംകള്‍ പിഴുതെറിയണം. 

(ചെമ്മാട് ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴ്‌സിറ്റിയിലെ പി.ജി വിദ്യാര്‍ഥിയാണ് ലേഖകന്‍)

Comments

Other Post

ഹദീസ്‌

മൂന്നു കാര്യങ്ങള്‍ ഹൃദയത്തെ നിര്‍മലമാക്കും
മുഹമ്മദ് സ്വാലിഹ് മുന്‍ജിദ്‌

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (14-16)
ടി.കെ ഉബൈദ്‌