Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 20

3144

1441റജബ് 25

നീതിയുടെ സംസ്ഥാപനം

ടി. മുഹമ്മദ് വേളം

ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം ഇഖാമത്തുദ്ദീനാണ്. ഇസ്‌ലാമിനെ തത്ത്വമെന്ന നിലക്കും പ്രയോഗമെന്ന നിലക്കും സ്ഥാപിച്ചു പരിപാലിക്കലാണത്. ജമാഅത്തെ ഇസ്‌ലാമി ആദ്യം ലക്ഷ്യമായി അംഗീകരിച്ച ഹുകൂമത്തെ ഇലാഹിയോ പിന്നീട് അംഗീകരിച്ച ഇഖാമത്തുദ്ദീനോ കേവല രാഷ്ട്ര സ്ഥാപനമല്ല, ജീവിതത്തിന് എന്തെല്ലാം മണ്ഡലങ്ങളുണ്ടോ അവിടെയെല്ലാം സത്യത്തെ സ്ഥാപിച്ചു നിലനിര്‍ത്തലാണ്. ഇക്കാര്യം സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി ഒന്നിലധികം സ്ഥലങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്:
''..... നമ്മുടെ ജീവിതം പ്രവാചകന്മാര്‍ കൊണ്ടുവന്ന മാര്‍ഗദര്‍ശനപ്രകാരം അല്ലാഹുവിന്റെ പൂര്‍ണമായ അടിമത്തത്തിലും അനുസരണത്തിലും അധിഷ്ഠിതമായിരിക്കുകയാണ് അതിന്റെ താല്‍പര്യം. ചിലപ്പോള്‍ നാമതിന് ഹുകൂമത്തെ ഇലാഹി എന്ന സംജ്ഞയും ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ വിവക്ഷ മറ്റുള്ളവരുടെ വീക്ഷണത്തില്‍ എന്തുതന്നെയായാലും നമ്മുടെ വീക്ഷണത്തില്‍ അല്ലാഹുവിനെ യഥാര്‍ഥ വിധികര്‍ത്താവായി അംഗീകരിച്ചുകൊണ്ട് വ്യക്തിഗതവും സാമൂഹികവുമായ മുഴുവന്‍ ജീവിതത്തെയും അവനു കീഴ്‌പ്പെടുത്തുക എന്നതു മാത്രമാണ്'' (പ്രസ്ഥാനവും പ്രവര്‍ത്തകരും, അധ്യായം 2).
മൗലാനാ മൗദൂദിയുടെ ജനകീയ ഗ്രന്ഥമായ ഖുതുബാത്തില്‍ ഇതേ ആശയം ഇങ്ങനെ പറയുന്നുണ്ട്: 
''..... 'ആരെങ്കിലും അല്ലാഹു അവതരിപ്പിച്ചതുകൊണ്ടല്ലാതെ വിധികല്‍പ്പിച്ചാല്‍ അവര്‍ നിഷേധികളാണ്' (അല്‍മാഇദ 44). വിധികല്‍പ്പിക്കുക എന്നതുകൊണ്ടുള്ള വിവക്ഷ കോടതികളില്‍ വല്ല കേസും എത്തുമ്പോള്‍ അതിനുള്ള വിധി മാത്രം അല്ലാഹുവിന്റെ ഗ്രന്ഥം അനുസരിച്ചാകണമെന്നല്ല. പിന്നെയോ, മനുഷ്യന്‍ തന്റെ ജീവിതത്തിലെ സകല വിഷയങ്ങളിലും അനുനിമിഷം കല്‍പിക്കേണ്ട വിധിയാണ് യഥാര്‍ഥത്തില്‍ അതുകൊണ്ട് ഉദ്ദേശിക്കുന്നത്'' (അധ്യായം 7, 'മുസ്‌ലിം എന്ന് ആര്‍ക്കാണ് പറയുന്നത്?'). 
ഇഖാമത്തുദ്ദീന്‍ എന്നത് കേവല രാഷ്ട്ര സംസ്ഥാപനമല്ല, വ്യക്തി-സാമൂഹിക ജീവിതങ്ങളുടെ പുനര്‍നിര്‍മാണമാണ്. ഹുകൂമത്തെ ഇലാഹിയെയും ഇഖാമത്തുദ്ദീനിനെയും രാഷ്ട്ര കേന്ദ്രീകൃതമായല്ല, ജീവിതഗന്ധിയായാണ് അബുല്‍ അഅ്‌ലാ മൗദൂദി വിശദീകരിക്കുന്നത്. രാഷ്ട്രവും ജീവിതത്തിന്റെ ഭാഗമാണെന്നു മാത്രം. ഈ വിശദീകരണത്തിന് ജീവിത സമഗ്രതയുടെ നിറവും മണവുമാണുള്ളത്, കേവല അധികാര പരിവര്‍ത്തനത്തിന്റെ പരുഷതയല്ല. മറ്റൊരര്‍ഥത്തില്‍ അതൊരു രാഷ്ട്രത്തെക്കുറിച്ച സ്വപ്‌നം പോലുമല്ല. മറ്റൊരു ലോകം സാധ്യമാണെന്ന സാര്‍വ ലൗകികതയെക്കുറിച്ച സങ്കല്‍പമാണ്. സ്വപ്‌നം പ്രസ്ഥാനമാവുന്നത് സ്വപ്‌നത്തിലേക്കെത്തിച്ചേരാനുള്ള പദ്ധതികള്‍ ഉണ്ടാകുമ്പോഴാണ്.
ജമാഅത്തെ ഇസ്‌ലാമിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇഖാമത്തുദ്ദീന്‍ എന്ന സമൂഹ പുനര്‍നിര്‍മാണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ്. ഇഖാമത്തുദ്ദീന്‍ എന്ന കേന്ദ്രത്തിനു ചുറ്റുമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും കറങ്ങുന്നത്. ജമാഅത്തെ ഇസ്‌ലാമി ഭരണഘടനയിലെ അംഗങ്ങളുടെ ഉദ്ദിഷ്ട മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്ന ഭാഗത്ത് പറയുന്നു: ''..... തന്റെ അധ്വാന പരിശ്രമങ്ങളെല്ലാം ഇഖാമത്തുദ്ദീനാകുന്ന ലക്ഷ്യത്തില്‍ കേന്ദ്രീകരിക്കുക, തന്റെ ജീവിതത്തിന്റെ സാക്ഷാല്‍ ആവശ്യങ്ങളൊഴിച്ച് പ്രസ്തുത ലക്ഷ്യത്തിന് സഹായകമല്ലാത്ത എല്ലാ പ്രവര്‍ത്തനങ്ങളും വര്‍ജിക്കുക....'' ജമാഅത്തില്‍ അണിനിരന്ന വ്യക്തികളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇഖാമത്തുദ്ദീനിനു വേണ്ടിയാകണമെങ്കില്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയേണ്ടതില്ലല്ലോ. ജമാഅത്തെ ഇസ്‌ലാമിയുടെ നയപരിപാടികളുടെ മുഴുവന്‍ തലക്കെട്ടുകളും അവക്കു കീഴിലെ പ്രവര്‍ത്തനങ്ങളും ഇഖാമത്തുദ്ദീനിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ്.
ഇത് തികച്ചും യുക്തിഭദ്രമാണ്. ഹ്രസ്വലക്ഷ്യങ്ങളിലൂടെയേ അന്തിമലക്ഷ്യത്തില്‍ എത്തിച്ചേരാനാവുകയുള്ളൂ. നിരവധി സങ്കേതങ്ങള്‍ പിന്നിട്ടുകൊണ്ടേ ഏത് ദീര്‍ഘദൂര യാത്രികനും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാവുകയുള്ളൂ. ഇത് ഏതൊരു യാത്രയുടെയും ലൗകിക നിയമമാണ്. പ്രസ്ഥാനം ഒരു ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ്. പ്രസ്ഥാനം എന്ന സംസ്‌കൃത വാക്കിന്റെ തന്നെ ഒരര്‍ഥം യാത്ര എന്നാണ്. ഇക്കാര്യം അബുല്‍ അഅ്‌ലാ മൗദൂദി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇടക്കാല ലക്ഷ്യങ്ങളിലൂടെ (ദര്‍മിയാനീ മഖാസിദ്) മാത്രമേ പൂര്‍ണ ലക്ഷ്യത്തിലേക്ക് എത്തിച്ചരാന്‍ കഴിയുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.
മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ഇന്ത്യയില്‍ സഹോദര സമുദായാംഗങ്ങള്‍ക്കിടയിലെ പ്രബോധന പ്രവര്‍ത്തനങ്ങളെയാണ് ജമാഅത്ത് ഇഖാമത്തുദ്ദീനു വേണ്ടിയുള്ള വഴിയായി ഒന്നാമതായി മനസ്സിലാക്കുന്നത്. അതേസമയം ജമാഅത്ത് നയപരിപാടിയിലെ എല്ലാ തലക്കെട്ടുകളും ധര്‍മസംസ്ഥാപനത്തിന്റെ വഴികളുമാണ്. ജമാഅത്തെ ഇസ്‌ലാമി ഒരു പ്രബോധന പ്രസ്ഥാനമാണെന്ന് പറയാറുണ്ട്. ഇതിനര്‍ഥം ജമാഅത്ത് പ്രബോധനം മാത്രം നിര്‍വഹിക്കുന്ന പ്രസ്ഥാനമാണെന്നല്ല. അല്ലെങ്കില്‍ സത്യദീനിന്റെ സംസ്ഥാപനത്തിനുള്ള ഏകമാര്‍ഗം പ്രബോധനമാണെന്നുമല്ല. പ്രവാചകന്‍ പറയുന്നുണ്ട്; '....ആരെങ്കിലും നമസ്‌കാരത്തെ സ്ഥാപിച്ചു നിലനിര്‍ത്തിയാല്‍ (മന്‍ അഖാമഹാ) അവന്‍ ദീനിനെ സ്ഥാപിച്ചു നിലനിര്‍ത്തി (ഫഖദ് അഖാമദ്ദീന്‍)'. ഇതിനര്‍ഥം ഒരു നാട്ടില്‍ പള്ളിയുണ്ടാക്കുകയും ഇമാമിനെ നിശ്ചയിക്കുകയും ജനങ്ങള്‍ അഞ്ചു നേരം നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്താല്‍ സത്യദീനിന്റെ സംസ്ഥാപനമായി എന്നല്ലല്ലോ. നമസ്‌കാരത്തിന്റെ സംസ്ഥാപനം ദീനിന്റെ സംസ്ഥാപനത്തിന്റെ മുഖ്യഭാഗമാണെന്നാണ് അതിന്റെ അര്‍ഥം.
പ്രബോധനത്തിലൂടെ മാത്രമല്ല; സമുദായ സംസ്‌കരണത്തിലൂടെയും പ്രവര്‍ത്തകരുടെ നിരന്തര ശുദ്ധീകരണത്തിലൂടെയും വളര്‍ച്ചയിലൂടെയും, മുസ്‌ലിം സമൂഹത്തിന്റെ സുരക്ഷയിലൂടെയും വളര്‍ച്ചയിലൂടെയും, നീതിയുടെ സംസ്ഥാപനത്തിലൂടെയും ജനസേവനത്തിലൂടെയുമെല്ലാമാണ് സത്യം സംസ്ഥാപിതമാവുക. അനീതി കൊടികുത്തി വാഴുന്ന സമൂഹത്തില്‍ നീതിയുടെ സംസ്ഥാപനം വളരെ പ്രധാനമാണ്. സത്യസാക്ഷ്യത്തെ നീതിയുടെ സാക്ഷ്യമായി ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട് (അന്നിസാഅ് 135). നീതിയുടെയും അനീതിയുടെയും മാനദണ്ഡം അല്ലാഹുവും അവന്റെ പ്രവാചകനും പഠിപ്പിച്ച മാനദണ്ഡമാണ്. മുസ്‌ലിമെന്നോ മുസ്‌ലിമിതരരെന്നോ വ്യത്യാസമില്ലാതെ സമൂഹത്തില്‍ പൊതുവില്‍ നീതി സ്ഥാപിച്ചെടുക്കുക എന്നത് സത്യത്തെ സ്ഥാപിച്ചെടുക്കുന്നതില്‍ പരമപ്രധാനമായ കാര്യമാണ്. ഒരു സമൂഹത്തിന്റെ മൗലികമായ ആശയപരിവര്‍ത്തനം പരമപ്രധാനമാണ്. പക്ഷേ, അതിലേക്കെത്തിച്ചേരുക പ്രബോധന പ്രവര്‍ത്തനങ്ങളിലൂടെ മാത്രമല്ല, മര്‍ദിതരുടെ വിമോചന പോരാട്ടങ്ങളിലൂടെ കൂടിയാണ്. പ്രബോധനം തന്നെ വിമോചനത്തിന്റെ ഉള്ളടക്കമുള്ളതായിരിക്കണം. മര്‍ദകന് ഇത് തന്റെ മര്‍ദനത്തിനെതിരെ ഉള്ളതാണെന്നും മര്‍ദിതന് തന്റെ മര്‍ദിതാവസ്ഥക്ക് അറുതി വരുത്തുന്നതാണെന്നും ബോധ്യപ്പെടുത്തുന്നതുകൂടിയാവണമത്. ഒപ്പം തത്ത്വപ്രചാരണത്തിനപ്പുറം നീതി നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി പ്രായോഗികമായി ഇടപെടുന്നതു കൂടിയാണ് സത്യസംസ്ഥാപനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം. നിരന്തരം നീതി നേടിയെടുത്തുകൊണ്ടുള്ള, നീതി നേടിക്കൊടുത്തുകൊണ്ടുള്ള പ്രയാണമാണത്. പ്രപഞ്ചത്തിന്റെ തന്നെ അച്ചുതണ്ടാണ് നീതി. അല്ലാഹു അങ്ങനെ നിശ്ചയിച്ചത് മനുഷ്യര്‍ നീതി കാണിക്കാനാണ്, അനീതി കാണിക്കാതിരിക്കാനാണ്. (അര്‍റഹ്മാന്‍ 7-9). നീതിയുടെ അച്ചുതണ്ടിലേ പ്രപഞ്ചഘടന മാത്രമല്ല, ഭൂമിജീവിതവും നിലനില്‍ക്കുകയുള്ളൂ. ഭൂമിയില്‍ ഏറ്റവും മെച്ചപ്പെട്ട ജീവിതത്തെ സ്ഥാപിക്കുന്നതിന്റെ പേരുകൂടിയാണ് ഇഖാമത്തുദ്ദീന്‍. ഭൂമിയിലെ മെച്ചപ്പെട്ട ജീവിതത്തിന്റെ ഉത്തോലകം നീതിയാണ്.
മൗലിക ആദര്‍ശ പ്രബോധനത്തിലൂടെയും സമൂഹം അത് സ്വീകരിക്കുന്നതിലൂടെയും മാത്രമേ നീതി സ്ഥാപിതമാവൂ എന്ന ആത്യന്തികവാദം ഇസ്‌ലാമിനില്ല. അടിസ്ഥാന നന്മതിന്മകളെക്കുറിച്ച മനുഷ്യ മനസ്സാക്ഷി ദൈവത്തോട് ചാഞ്ഞുനില്‍ക്കുന്നതാണ്. അതുകൊണ്ടാണ് നന്മയെ കുറിക്കാന്‍ 'മഅ്‌റൂഫ്' (അറിയപ്പെട്ടത്, പരിചിതമായത്), തിന്മയെ കുറിക്കാന്‍ 'മുന്‍കര്‍' (അറിയപ്പെടാത്തത്, അപരിചിതമായത്) എന്നീ പദങ്ങള്‍ ഖുര്‍ആന്‍ പ്രയോഗിച്ചത്. ഈ രണ്ടു പദങ്ങള്‍ ഉപയോഗിച്ചാണ് നന്മ കല്‍പ്പിക്കുക, തിന്മ വിലക്കുക എന്ന ഉത്തമസമൂഹത്തിന്റെ ഉത്തരവാദിത്തത്തെ അല്ലാഹു പഠിപ്പിച്ചത്. പ്രബോധനവും നീതിക്കായുള്ള പോരാട്ടവും പരസ്പരബന്ധമുള്ള രണ്ടു പ്രവര്‍ത്തനങ്ങളാണ്. നീതി പുലരാന്‍ ഒരു സമൂഹത്തിന്റെ സമ്പൂര്‍ണമായ ആശയപരിവര്‍ത്തനത്തിന് കാത്തിരിക്കൂ എന്നു പറയുന്നത് പ്രവാചക മാതൃകയല്ല. ഓരോ ഘട്ടത്തിലും സാധ്യമാവുന്ന രീതിയില്‍ നീതി സ്ഥാപിച്ചുകൊണ്ടുള്ള മുന്നേറ്റമാണ് ഇസ്‌ലാമിക പ്രസ്ഥാനം. ഒരിടത്ത് എത്ര അളവില്‍ നീതി പുലരുന്നുവോ അത്ര അളവില്‍ ദീന്‍ പുലരുകയാണ് ചെയ്യുന്നത്. നമസ്‌കാരം സ്ഥാപിതമാവുമ്പോള്‍ ദീന്‍ സ്ഥാപിതമാവുന്നു എന്ന് പ്രവാചകന്‍ പറഞ്ഞതുപോലെ തന്നെയാണ് നീതി സ്ഥാപിക്കപ്പെടുമ്പോള്‍ ദീന്‍ സ്ഥാപിക്കപ്പെടുന്നു എന്നതും. തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നീ മൗലിക സത്യങ്ങളിലൂടെ നീതിയിലേക്കും നീതിയില്‍നിന്ന് ഈ മൗലിക സത്യങ്ങളിലേക്കും തിരിച്ചും മറിച്ചും സഞ്ചരിക്കുന്ന സമൂഹനിര്‍മാണ രീതിശാസ്ത്രമാണ് ഇസ്‌ലാം. ഭൂരിപക്ഷത്തിന് ആദര്‍ശ പരിവര്‍ത്തനമുണ്ടാകുന്നതുവരെ നീതിപുലരാന്‍ കാത്തിരിക്കുക എന്ന രീതി ഇസ്‌ലാമിനില്ല. പലായനം ചെയ്ത് മദീനയില്‍ എത്തിയ പ്രവാചകന്‍ അവിടെ അപ്പോള്‍ സാധ്യമാവുന്ന നീതിയും നന്മയും സ്ഥാപിച്ചെടുക്കുകയാണ് ചെയ്തത്; സമൂഹത്തില്‍ ഭൂരിഭാഗം മുസ്‌ലിംകള്‍ അല്ലാതിരിക്കെത്തന്നെ. പ്രബോധന പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തു. തെറ്റായ രണ്ട് ആത്യന്തിക വാദങ്ങള്‍ ആളുകള്‍ക്കിടയില്‍ കാണാനുണ്ട്; ഒന്ന്, പ്രബോധനം മാത്രമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം. നാമൊരു പ്രബോധന പ്രസ്ഥാനമാണ്. എല്ലാ മനുഷ്യരും നമുക്ക് പ്രബോധിതര്‍ മാത്രമാണ്. എല്ലാ പ്രശ്‌നവും പ്രബോധനത്തിലൂടെ പരിഹരിക്കപ്പെടും. മറ്റൊന്ന് നാമൊരു വിമോചന പ്രസ്ഥാനമാണ്. വിമോചന പോരാട്ടം തന്നെയാണ് പ്രബോധനം. മൗലിക തത്ത്വങ്ങളുടെ അധ്യാപനം അത്ര പ്രധാനമല്ല. ഇത് ര് ആത്യന്തികതകളാണ്. സത്യത്തെ സ്ഥാപിക്കാനാവണമെങ്കില്‍ മനുഷ്യനെയും ജീവിതത്തെയും കുറിച്ച മൗലിക സത്യങ്ങള്‍ പ്രബോധനം ചെയ്യപ്പെടണം. നിലനില്‍ക്കുന്ന അധികാര വ്യവസ്ഥയെ സ്പര്‍ശിക്കുന്നത് കൂടിയായിരിക്കുമത്. പക്ഷേ തത്ത്വപ്രഘോഷണം കൊണ്ടുമാത്രം സമൂഹത്തെ ചലിപ്പിക്കാനാവില്ല. അവിടെയാണ് സത്യാടിത്തറയിലുള്ള വിമോചന പോരാട്ടങ്ങള്‍, നീതിയുടെ സംസ്ഥാപനങ്ങള്‍ പ്രസക്തമാവുന്നത്. നീതിയുടെയും നന്മയുടെയും സാധ്യമാവുന്ന രൂപങ്ങള്‍ സ്ഥാപിച്ചെടുത്തുകൊണ്ടാണ് നമുക്ക് സത്യത്തിന്റെ പൂര്‍ണതയെ സ്ഥാപിച്ചെടുക്കാനാവുക.

Comments

Other Post

ഹദീസ്‌

മൂന്നു കാര്യങ്ങള്‍ ഹൃദയത്തെ നിര്‍മലമാക്കും
മുഹമ്മദ് സ്വാലിഹ് മുന്‍ജിദ്‌

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (14-16)
ടി.കെ ഉബൈദ്‌