Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 13

3143

1441 റജബ് 18

ദുരധികാരത്തിനെതിരെ വിശ്വാസ കവചം 

വി.കെ ജലീല്‍

കാലം പരുഷവും സന്ദര്‍ഭങ്ങള്‍ ഏറെ ദയാരഹിതവുമായിത്തീരുമ്പോഴെല്ലാം, 'മദീനയുടെ ഏടുകളി'ല്‍നിന്നു, സ്വന്ത്വനം പോലെ ചില അനുഭവകഥകള്‍ തെളിഞ്ഞുവരും. അവ പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ വേണ്ടുവോളം ഉത്തേജനം പകരും. അതിലൊന്നാണ്, ദുരധികാരത്തിനു മുന്നില്‍ പതറാതെ നിന്ന പടയാളിയായ അബ്ദുല്ലാഹിബ്‌നു  ഹുദാഫയുടെ കഥ. അത് ഒരാളുടെ മാത്രം കഥയല്ല എന്ന് ചരിത്രം നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. അബൂ  ഹുദാഫയെന്നുകൂടി സ്‌നേഹപൂര്‍വം വിളിച്ചുവന്ന ഇദ്ദേഹത്തെ പരാമര്‍ശിക്കുമ്പോഴെല്ലാം 'അല്‍സഹ്മി' എന്ന് ചേര്‍ത്തു പറയും. അത് അദ്ദേഹത്തിന്റെ അനന്യമായ പാരമ്പര്യചേരുവകളിലേക്ക് വിരല്‍ചൂണ്ടാനാണ്. ഖുറൈശികളിലെ ഏറെ ആള്‍ബലവും ധീരതയും ധൈഷണിക മികവും ഉള്ളവരായിരുന്നു എന്നും സഹ്മ് കുടുംബം.  അജ്ഞാനകാല മക്കയിലെ പൊതുസ്വീകാര്യരായ പല ന്യായാധിപന്മാരും ഈ കുടുംബത്തില്‍പെട്ടവരായിരുന്നു. ഇസ്ലാമിനും കിട്ടി കഥാപുരുഷനെക്കൂടാതെ, ഖൈസുബ്‌നു അബില്‍ ആസ്വ്, ഖുനൈസു ബ്‌നു ഹുദാഫ, അംറുബ്‌നു ആസ്വ് തുടങ്ങി കുറേ പ്രമുഖരെ.
നമുക്ക് കഥയിലേക്ക് വരാം. ഈ വീരകഥ ഒരുപാടു പേര്‍ ഉദ്ധരിച്ചിട്ടുണ്ട്. ബൈഹഖിയുടേതാണ് ഏറ്റവും  ഹ്രസ്വമായ  വിവരണം എന്ന് തോന്നുന്നു.
ഹിജ്‌റ പത്തൊമ്പതാം  വര്‍ഷം, റോമന്‍ സൈന്യത്തെ നേരിടാന്‍ ഖലീഫ ഉമര്‍ പട്ടാളത്തെ അയച്ചു. അതില്‍ അബ്ദുല്ലാഹിബ്‌നു ഹുദാഫയും ഉണ്ടായിരുന്നു. യുദ്ധത്തിനിടെ, മുന്നൂറ് പേര്‍ റോമന്‍ സൈന്യത്തിന്റെ പിടിയിലായി. മുസ്‌ലിം സേനയുടെ ധീരതയും സ്വഭാവ ഗരിമയും ആദര്‍ശ മാര്‍ഗത്തിലുള്ള മരണപ്രേമവും അവരുടെ രണശൂരതയും അന്ന് ലോക സൈനിക വേദികളില്‍ വിസ്മയ ശ്രുതിയായിരുന്നു. റോമന്‍ ഭരണാധികാരി ഖൈസറും ഒരുപാട് കേട്ടിട്ടുണ്ടായിരുന്നു. അത് നേരില്‍ പരീക്ഷിക്കണം എന്ന് അദ്ദേഹത്തിന് തോന്നിയതിനാലാവാം, ഒരു മുസ്‌ലിം തടവുകാരനെ തന്റെ മുമ്പില്‍ ഹാജരാക്കാന്‍ ചക്രവര്‍ത്തി ആവശ്യപ്പെട്ടത്. ഇബ്‌നു ഹുദാഫ(റ) യെ അവര്‍ ഹാജരാക്കി. ഇദ്ദേഹം മുഹമ്മദിന്റെ ഏറ്റവുമടുത്ത സഹപ്രവര്‍ത്തകരിലൊരാളാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു.
ചങ്ങലയില്‍ ബന്ധിതനായ അബൂ ഹുദാഫയോട് ദ്വിഭാഷി മുഖേന ഖൈസര്‍ സംസാരിച്ചുതുടങ്ങി. ഇസ്‌ലാമിനോടുള്ള വിരോധം അയാളില്‍ പതഞ്ഞു പൊങ്ങുന്നുണ്ടായിരുന്നു.
''ക്രിസ്തുമതം സ്വീകരിച്ചാല്‍ വെറുതെ വിടാം''
''അതിനേക്കാള്‍ മരണമാണ് എനിക്കിഷ്ടം''
ആളു ധീരനാണെന്ന് ബോധ്യപ്പെട്ടു.
''ക്രിസ്തുമതത്തിലേക്ക് വന്നാല്‍, ഭരണത്തില്‍ പങ്കാളിയാക്കാം''
''താങ്കള്‍ക്ക് അധീശാധികാരമുള്ള സാമ്രാജ്യം മുഴുക്കെയും, പുറമെ അറബികളുടെ പക്കലുള്ള അധികാര മേഖലകളും കൂടി ഏല്‍പ്പിച്ചുതന്നാലും,  ഒരു നിമിഷത്തേക്ക് എന്റെ വിശ്വാസം വെടിയാന്‍ ഞാന്‍ തയാറല്ല.''
അപ്പോള്‍ അദ്ദേഹത്തെ കുരിശിലേറ്റി നിര്‍ത്തി. അമ്പെയ്ത് ഭയപ്പെടുത്താന്‍ ഖൈസര്‍ കിങ്കരന്മാരോട് പറഞ്ഞു. അവര്‍ അദ്ദേഹത്തെ കുരിശിലേറ്റി, ശരീരത്തിനപ്പുറവും ഇപ്പുറവുമായി അമ്പു പായിച്ചുകൊണ്ടിരിക്കെ, ചക്രവര്‍ത്തി ആവശ്യം ആവര്‍ത്തിച്ചു, അബൂഹുദാഫ വര്‍ധിതവീര്യത്തോടെ നിരസിച്ചു. 
''ക്രിസ്തുമതം സ്വീകരിച്ചില്ലെങ്കില്‍ താങ്കളെ വധിക്കും.''
''ബോധിച്ചത് ചെയ്യാം, വിശ്വാസം വിടില്ല.''
അപ്പോള്‍, അന്നത്തെ പതിവനുസരിച്ച്, ഒരു വലിയ ചെമ്പുപാത്രത്തില്‍ എണ്ണ തിളപ്പിച്ചു, അതില്‍ എറിയുമെന്ന് ഭീഷണിപ്പെടുത്തി (വെള്ളം എന്നാണ് ബൈഹഖിയുടെ റിപ്പോര്‍ട്ട്). ചെമ്പില്‍ എറിഞ്ഞാല്‍ എങ്ങനെയിരിക്കും എന്ന് കാണിക്കാന്‍ രണ്ടു തടവുകാരെ അബൂ ഹുദാഫ കാണ്‍കെ, തിളക്കുന്ന പാത്രത്തിലേക്ക് എറിഞ്ഞു. അപ്പോഴും നിലപാടില്‍ ഒരു മാറ്റവും ഇല്ല എന്ന് കണ്ടപ്പോള്‍, ചക്രവര്‍ത്തി അബൂ ഹുദാഫയെയും എറിയാന്‍ കല്‍പ്പിച്ചു. ആ നിമിഷം വരെ ദൃഢമാനസനായി നിന്ന അബൂ ഹുദാഫയുടെ മുഖം വാടി. കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇതു കണ്ട രാജകിങ്കരന്മാര്‍, ചക്രവര്‍ത്തിയോട് വിവരം പറഞ്ഞു. മരണഭയം അബൂ ഹുദാഫയുടെ നിലപാടില്‍ മാറ്റം വരുത്തി എന്ന് എല്ലാവരും ഉറപ്പിച്ചു.
ചക്രവര്‍ത്തി ചോദിച്ചു: ''എന്താ ക്രിസ്തുമതത്തില്‍ ചേരാന്‍ സമ്മതമായോ.''
''ഇല്ല, ഒരിക്കലുമില്ല.''
''പിന്നെ എന്തിനാണ് കരഞ്ഞത്?''
''താമസിയാതെ ഞാനീ പാത്രത്തിലേക്ക് എറിയപ്പെടും. അതോടെ ദൈവമാര്‍ഗത്തില്‍ ജീവന്‍ ബലി അര്‍പ്പിക്കാനുള്ള എന്റെ അവസരം തീര്‍ന്നുപോകും എന്നോര്‍ത്തപ്പോഴുണ്ടായ ദുഃഖം എനിക്ക് സഹിക്കാനായില്ല. എന്റെ ശരീരത്തിലെ രോമകൂപങ്ങള്‍ക്കു തുല്യം ആത്മാക്കള്‍ എനിക്കുണ്ടായിരുന്നുവെങ്കില്‍ അവയെല്ലാം ദൈവമാര്‍ഗത്തില്‍ ഓരോന്നായി ബലിയര്‍പ്പിക്കാന്‍ സാധിക്കുമായിരുന്നല്ലോ എന്നതാണ് ഇപ്പോഴത്തെ എന്റെ ദുഃഖചിന്ത.''
''എന്റെ ശിരസ്സില്‍ ആദരപൂര്‍വം ഒന്നു ചുംബിക്കാമോ? എങ്കില്‍ താങ്കളെ വെറുതെ വിടാം.''
ഈ രംഗം എങ്ങനെയെങ്കിലും ഒന്ന് അവസാനിപ്പിക്കണമെന്ന് ഖൈസറിനു തോന്നിയിരിക്കാം.
''മറ്റു തടവുകാരെയും മോചിപ്പിക്കുമോ?''
''അതേ''
അബൂ ഹുദാഫ പറയുന്നു: ''ഒരു ശത്രുവിന്റെ ശിരസ്സില്‍ ചുംബനമര്‍പ്പിക്കുന്നത് ഒട്ടും അഭികാമ്യമല്ലെന്നറിയാം. പക്ഷേ ഞാന്‍ എന്റെ സഹതടവുകാരെ ഓര്‍ത്ത് അത് ചെയ്തു.''
മോചിതരായ സൈന്യം മദീനയില്‍ ഖലീഫയുടെ ചാരത്തണഞ്ഞു. വിവരങ്ങളറിഞ്ഞ ഖലീഫ ഉമര്‍(റ) അങ്ങേയറ്റം സന്തുഷ്ടനായി. അദ്ദേഹം പറഞ്ഞു: 'ഇന്ന് മുസ്‌ലിം ഉമ്മയിലെ ഓരോ അംഗവും അബൂ ഹുദാഫയുടെ ശിരസ്സില്‍ ചുംബനമര്‍പ്പിക്കാന്‍ ബാധ്യസ്ഥരാണ്. ഞാന്‍ ആദ്യം അത് ചെയ്യാം.' ഖലീഫ എഴുന്നേറ്റ് അബൂ ഹുദാഫയുടെ ശിരസ്സില്‍ ചുംബനമര്‍പ്പിച്ചു.
 

Comments

Other Post

ഹദീസ്‌

സമുന്നത ചിന്തയുടെ ആള്‍രൂപങ്ങള്‍
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (13)
ടി.കെ ഉബൈദ്‌