Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 13

3143

1441 റജബ് 18

അമേരിക്ക തോറ്റ് പിന്മാറുകയാണ്

ഇതെഴുതുമ്പോള്‍ അഫ്ഗാനിസ്താനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ താലിബാന്‍ കേന്ദ്രത്തിനെതിരെ അമേരിക്കന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച വാര്‍ത്തകളാണ് പുറത്തു വരുന്നത്. നിവൃത്തികേടുകൊണ്ട് നടത്തിയ ആക്രമണം എന്നേ ഇതിനെപ്പറ്റി പറഞ്ഞു കൂടൂ. അമേരിക്ക സൈനികമായി ഇത്രയും നിസ്സഹായമായിപ്പോയ അവസ്ഥ അടുത്ത കാലത്തൊന്നും ഉണ്ടായിരിക്കാനിടയില്ല. താലിബാന്‍ നിരന്തരം ആക്രമണം നടത്തി ഒറ്റ രാത്രി പതിനാറ് അഫ്ഗാന്‍ സൈനികരെ കൊന്നൊടുക്കുമ്പോള്‍ അവരുടെ സംരക്ഷണം ഏറ്റെടുത്ത് രണ്ട് പതിറ്റാണ്ടായി യുദ്ധം ചെയ്യുന്ന അമേരിക്കന്‍ സേനക്ക് എന്തെങ്കിലും ചെയ്‌തെന്ന് വരുത്തിത്തീര്‍ത്തല്ലേ പറ്റൂ. പക്ഷേ ഈ പ്രത്യാക്രമണത്തില്‍ അമേരിക്കക്ക് ഒട്ടും താല്‍പ്പര്യമില്ല. കാരണം കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി താലിബാന്‍ നേതാക്കളുമായി നടത്തിവരുന്ന ചര്‍ച്ചക്കൊടുവില്‍ ഫെബ്രുവരി 29-ന് ദോഹയില്‍ വെച്ച് അവരുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടി ഏതു വിധവും രക്ഷിച്ചെടുക്കേണ്ടത് ഇപ്പോള്‍ അമേരിക്കയുടെ ആവശ്യമാണ്. തങ്ങളുടെ സൈന്യത്തെ അഫ്ഗാനില്‍നിന്ന് പിന്‍വലിക്കാന്‍ അതേ മാര്‍ഗമുള്ളു. അതിനാല്‍ ദോഹ കരാറില്‍ താലിബാന്‍ പറഞ്ഞേടത്തൊക്കെ ഒപ്പിട്ടുകൊടുക്കുക മാത്രമാണ് അമേരിക്ക ചെയ്തത്. അമേരിക്ക കാബൂളില്‍ സ്ഥാപിച്ച പാവ ഭരണകൂടത്തോട് ഒരു ചര്‍ച്ചക്കുമില്ല എന്ന് താലിബാന്‍ ശഠിച്ചപ്പോള്‍ ആ അപമാനകരമായ ഉപാധിപോലും ട്രംപ് ഭരണകൂടത്തിന് അംഗീകരിക്കേണ്ടിവന്നു. അങ്ങനെ അമേരിക്കയുടെ സ്വന്തം ആളായ അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനിക്ക് ഒരു റോളുമില്ലാതെയാണ് ദോഹാ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
അശ്‌റഫ് ഗനി ഭരണകൂടം തങ്ങളുടെ മുഴുവന്‍ പോരാളികളെയും ജയിലില്‍നിന്ന് മോചിപ്പിക്കുന്നതു വരെ പോരാട്ടം തുടരുമെന്നാണ് താലിബാന്‍ പറയുന്നത്. താന്‍ കക്ഷിയല്ലാത്ത ഒരു കരാര്‍ താനെന്തിന് പാലിക്കണം എന്ന മറുവാദമാണ് ഗനി ഉയര്‍ത്തുന്നത്. ഏതായാലും അമേരിക്കന്‍ ന്യായവാദങ്ങള്‍ എന്തു മാത്രം പൊള്ളയായിരുന്നുവെന്ന് ദോഹാകരാര്‍ നമ്മോട് വിളിച്ചുപറയുന്നുണ്ട്. 'അമേരിക്കന്‍ പട്ടാളക്കാരുടെ ചോര പുരണ്ട മതമൗലിക കൊലപാതകികള്‍' എത്ര പെട്ടെന്നാണ് അമേരിക്കക്ക് സ്വീകാര്യരായതെന്ന് നോക്കൂ. താലിബാന്‍ അവരുടെ നിലപാടുകളില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ? ലവലേശമില്ല. പറഞ്ഞതൊക്കെയും വിഴുങ്ങി സമ്പൂര്‍ണമായി ആയുധം വെച്ച് കീഴടങ്ങുക തന്നെയാണ് അമേരിക്ക ചെയ്തത്. കാരണം രണ്ടായിരത്തി അഞ്ഞൂറിലധികം സൈനികരുടെ ജീവന്‍ താലിബാനുമായുള്ള പോരാട്ടത്തില്‍ അമേരിക്കക്ക് നഷ്ടമായിട്ടുണ്ട്. അമേരിക്ക ഇങ്ങനെയൊക്കെ കിണഞ്ഞു നോക്കിയിട്ടും അഫ്ഗാന്റെ പകുതിയിലധികം ഭാഗങ്ങള്‍ ഇപ്പോഴും താലിബാന്റെ നിയന്ത്രണത്തില്‍തന്നെ. അവര്‍ ശക്തിയാര്‍ജിക്കുന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നതും. അമേരിക്കന്‍ സൈനികര്‍ ഇനിയുമവിടെ മരിച്ചുവീഴുമെന്നര്‍ഥം. മാത്രവുമല്ല, അഫ്ഗാന്‍ അധിനിവേശത്തിനു ശേഷം അമേരിക്ക അവിടെ ചെലവിട്ട സംഖ്യ രണ്ട് ട്രില്യന്‍ ഡോളറാണത്രെ. അത് അഫ്ഗാന്‍ ജി.ഡി.പിയുടെ ആയിരം ഇരട്ടി വരും! അതേ, വിയറ്റ്‌നാമിനും ഇറാഖിനും ശേഷം അമേരിക്ക മൂന്നാമതൊരു രാജ്യത്തു നിന്നു കൂടി തോറ്റു പിന്മാറുകയാണ്.

Comments

Other Post

ഹദീസ്‌

സമുന്നത ചിന്തയുടെ ആള്‍രൂപങ്ങള്‍
അബ്ദുര്‍റശീദ് നദ്‌വി

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (13)
ടി.കെ ഉബൈദ്‌