Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 06

3142

1441 റജബ് 11

യുദ്ധാവശിഷ്ടങ്ങളുടെ മ്യൂസിയം

മെഹദ് മഖ്ബൂല്‍

നമുക്ക് കേട്ടറിവ് മാത്രമുള്ള ചുറ്റുപാടുകളുടെ പൊടിക്കാറ്റുകളാണ് അത്വിയ്യ അബവിയുടെ എഴുത്തുകളില്‍. ഓരോ വരിയിലൂടെയും നമ്മള്‍ സഞ്ചരിക്കുമ്പോള്‍ എന്തെല്ലാം തരം ജീവിതങ്ങളാണല്ലേ എന്ന് നടുക്കം വരും. ദൈവമേ, ദുരിതങ്ങളില്‍ അവര്‍ക്ക് നീ കാവലായുണ്ടാകണേ എന്ന് അറിയാതെ പ്രാര്‍ഥിക്കും. 
ഉമ്മയുടെ വയറ്റിലായിരിക്കെ സോവിയറ്റ് യുദ്ധകാലത്ത്   അഫ്ഗാന്‍ വിട്ടതാണ് അത്വിയ്യ അബവി. ഉമ്മയോടും ഉപ്പയോടും സഹോദരനോടുമൊപ്പം ജീവിതം തിരഞ്ഞോടുകയായിരുന്നു. മോസ്‌കോയിലേക്കും പിന്നെ ജര്‍മനിയിലേക്കും പിന്നീട് യു.എസി ലേക്കും അവര്‍ വാസം മാറി. 
അമേരിക്കയിലായിരിക്കെ ഉപ്പയും ഉമ്മയും എന്നും അഫ്ഗാനിലെ കഥകള്‍ പറയും, പ്രശ്‌നങ്ങളെല്ലാം ഒതുങ്ങിയാല്‍ നമുക്ക് അഫ്ഗാനിലേക്ക് മടങ്ങണമെന്ന് കൊതി പറയും. 1980-കളായിരുന്നു ആ കാലം. ശനിയാഴ്ചകളിലുള്ള അഫ്ഗാന്‍ സ്‌കൂളില്‍ അത്വിയ്യയും സഹോദരനും പോകാന്‍ തുടങ്ങി. അഫ്ഗാന്‍ ഭാഷയില്‍ എഴുതാനും വായിക്കാനും അവരെ പഠിപ്പിക്കാന്‍ ഉപ്പ വലിയ താല്‍പര്യം കാണിച്ചു. എന്നെങ്കിലും അഫ്ഗാനിലെ കാലുഷ്യങ്ങളെല്ലാം അടങ്ങുമല്ലോ, അന്നേരം  തിരികെ പോകുമ്പോള്‍ മക്കള്‍ക്ക്  ഉപകാരപ്പെടുമല്ലോ എന്നായിരുന്നു ഉപ്പ വിചാരിച്ചത്. 
വീട്ടിനുള്ളില്‍ അഫ്ഗാന്‍ സംസ്‌കാരമായിരുന്നെങ്കില്‍ പുറത്ത് തീര്‍ത്തും വ്യത്യസ്തമായ ലോകമായിരുന്നു.
ഗോത്ര വര്‍ഗങ്ങളും ഗ്രൂപ്പുകളുമെല്ലാമായി വൈവിധ്യങ്ങള്‍ നിറഞ്ഞ അഫ്ഗാനിനെ കുറിച്ചുള്ള കഥകളായിരുന്നു ഉമ്മ പറഞ്ഞുകൊടുത്തിരുന്നത്. പക്ഷേ നിരന്തരം പത്രങ്ങളിലൂടെ കേള്‍ക്കുന്നതാകട്ടെ  വിമത ഗ്രൂപ്പുകള്‍ തമ്മിലുള്ള ചോരക്കഥകളും.
നമ്മളൊരിക്കല്‍ അഫ്ഗാനിലേക്ക് തിരികെ പോകും എന്ന് ഇടക്കിട ആഗ്രഹം പറഞ്ഞിരുന്ന ഉപ്പയും ഉമ്മയും പിന്നീട് അതേപ്പറ്റി പറയാതെയായി. അവരുടെ പ്രതീക്ഷകളാകെയും കെട്ടിരുന്നു. കൂടുതല്‍ നരകമാവുകയായിരുന്നു അഫ്ഗാന്‍. 
 2001- ല്‍ അമേരിക്കയും അഫ്ഗാനെ ആക്രമിച്ചു. ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ അഫ്ഗാനിലേക്കായി. പിന്നെയും അവസാനിക്കാത്ത രക്തച്ചൊരിച്ചില്‍.  2005-ലാണ് ആദ്യമായി അത്വിയ്യ അബവി അഫ്ഗാനില്‍ പോകുന്നത്. ഒരു ഡോക്യുമെന്ററി എടുക്കുന്നതിന് വേണ്ടിയായിരുന്നു അത്. യുദ്ധാവശിഷ്ടങ്ങളുടെ മ്യൂസിയമായി മാറിയിരുന്നു അപ്പോഴേക്കും അഫ്ഗാന്‍. സോവിയറ്റ് ടാങ്കുകള്‍ അവിടവിടെയായി കാണാം. അംഗവൈകല്യം സംഭവിച്ച അനേകരാണ് തെരുവില്‍ നിറയെ. പിന്നീട് 2008-ല്‍ സി.എന്‍.എന്നിനും എന്‍.ബി.സി ന്യൂസിനുമെല്ലാം ടെലിവിഷന്‍ കറസ്‌പോണ്ടന്റായി ജോലി ചെയ്യാനായി അഫ്ഗാനില്‍ വന്നു. അഞ്ച് വര്‍ഷത്തോളം അഫ്ഗാനില്‍ താമസിച്ചു. ആ അനുഭവങ്ങളില്‍നിന്നാണ് അത്വിയ്യ അബവി തന്റെ ആദ്യ നോവല്‍ 'ദ സീക്രട്ട് സ്‌കൈ'    എഴുതുന്നത്. വീര്‍പ്പു മുട്ടുന്ന അഫ്ഗാന്‍ ജീവിതവും മതത്തെ തെറ്റായി മനസ്സിലാക്കിയവരുടെ ചെയ്തികളുമെല്ലാം അതിലുണ്ട്. പ്രണയം പോലും  അസാധ്യമായ കാലാവസ്ഥയെ കുറിച്ച്  നോവലില്‍ അത്വിയ്യ പറയുന്നു. നെഞ്ചിടിപ്പോടെ മാത്രം വായിക്കാവുന്ന പ്രണയകഥയാണ് ദ സീക്രട്ട് സ്‌കൈ. പിന്നീട് സിറിയയിലേക്ക് ജോലിയാവശ്യാര്‍ഥം പോവുകയും ആ അനുഭവങ്ങള്‍ ചേര്‍ത്ത് എ ലാന്‍ഡോഫ് പെര്‍മനന്റ് ഗുഡ്‌ബൈയ്‌സ് എന്ന നോവല്‍ എഴുതുകയും ചെയ്തു. നിങ്ങളെവിടെ വസിക്കുന്നു എന്നതിനനുസരിച്ചാണ് നിങ്ങളുടെ ആയുസ്സെന്ന് അതില്‍ അത്വിയ്യ അബവി പറയുന്നുണ്ട്. ഏതു നേരവും ആകാശത്തു നിന്ന് അപകടം പെയ്തിറങ്ങാവുന്ന നരകമായി മാറിയ സിറിയയുടെ കഥ വിറക്കുന്ന അക്ഷരങ്ങളിലാണ് അവര്‍ പകര്‍ത്തിവെച്ചത്.
 യുദ്ധം നക്കിയെടുത്ത നാടുകളുടെ ജീവിതങ്ങള്‍ എന്തുമാത്രം ഭയാനകമാണ്! അവിടത്തെ ഓരോ മനുഷ്യനും എത്രായിരം കഥകളായിരിക്കും! എത്ര വര്‍ഷമെടുത്താവും അവരോരോ ദിവസവും ജീവിക്കുന്നുണ്ടാവുക! 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആത്മാഭിമാനികളുടെ പ്രാര്‍ഥന
അമല്‍ അബൂബക്കര്‍