Prabodhanm Weekly

Pages

Search

2020 മാര്‍ച്ച്‌ 06

3142

1441 റജബ് 11

എന്റെ ദലിതനുഭവങ്ങള്‍

ടി.കെ അബ്ദുല്ല

നടന്നു തീരാത്ത വഴികളില്‍ ഓര്‍മകള്‍ അവസാനിക്കുന്നില്ല-7

1967-ല്‍ ഞങ്ങള്‍ ചെറിയകുമ്പളത്ത് മാറിത്താമസിച്ചത് മുതലാണ് ദലിതരുമായി നേരിട്ടിടപഴകാന്‍ സന്ദര്‍ഭമുണ്ടായത്. താമസിച്ച് ഏതാനും ദിവസമേ കഴിഞ്ഞുള്ളൂ, അയല്‍പക്കത്തെ ദലിത് കുടുംബത്തിലെ എണ്‍പതിനടുത്ത് പ്രായമുള്ള കൊറുമ്പിയമ്മ ഞങ്ങളുടെ നിത്യസന്ദര്‍ശകയായി. മിക്കപ്പോഴും രാപ്പാര്‍ക്കാനാണ് വരിക. ഞങ്ങള്‍ക്ക് വളരെ സന്തോഷം. പാട്ടും കിസ്സയുമായി നല്ല നേരംപോക്ക്. ഈ വലിയമ്മയുടെ മക്കളും പേരമക്കളുമായി നൂറുകണക്കിന്  ദലിതര്‍ കുമ്പളത്തും പരിസരങ്ങളിലുമായി താമസിച്ചുവരുന്നു. പഴയ തലമുറകളില്‍ അക്ഷരജ്ഞാനം പോലും പേരിന് മാത്രം. അതേസമയം, സ്വന്തം തൊഴിലില്‍ വിദഗ്ധരും പരിചയസമ്പന്നരുമാണ്. ഔപചാരിക വിദ്യാഭ്യാസമില്ലെങ്കിലും പ്രതിഭയും ഐഡിയയും ജന്മസിദ്ധം. ഒരുദാഹരണം, കൊറുമ്പി മകന്‍ പറങ്ങോടന്‍. മരം മുറിയിലാണ് പറങ്ങോടന്റെ കഴിവും മികവും. ഏത് വളഞ്ഞ തെങ്ങും പുരക്ക് ചാഞ്ഞ മരവും പറങ്ങോടന്‍ ഒന്നിനും പരുക്കേല്‍ക്കാതെ അതിവിദഗ്ധമായി മുറിച്ചുമാറ്റും. കോടാലികൊണ്ടാണ് വെട്ടുന്നതെങ്കിലും കണ്ണിലാണ് കാണി. ആ നോട്ടത്തില്‍ ഏത് മരവും ഉന്നംപിഴക്കാതെ നിലംതൊടും. അതേസമയം, ഒരിക്കലും കാശ് തികയാത്ത പറങ്ങോടന്‍ പണിയായുധം പണയം വെച്ചും കാശ് പിടുങ്ങും. സുരാപാനമാണ് പറങ്ങോടന്‍മാരുടെ അന്തകന്‍. നിര്‍മാണത്തൊഴില്‍ വിദഗ്ധനായ ബാബുവോട് വിദ്യാഭ്യാസത്തെ പറ്റി ചോദിച്ചപ്പോള്‍ ഒന്നാം ക്ലാസ് എന്ന് മറുപടി. ഈ ഒന്നാം ക്ലാസുകാരന്‍ നിര്‍മാണകലയില്‍ പി.എച്ച്.ഡിയാണ്. 
ഈ കുടുംബാംഗങ്ങളില്‍ പലരും നീണ്ടകാലം, മുജാഹിദ്-ജമാഅത്ത് പണ്ഡിതനായ എം. അബ്ദുല്ലക്കുട്ടി മൗലവിയുടെ ജോലിക്കാരും വീട്ടുവേലക്കാരുമായിരുന്നു (കുമ്പളത്താണ് മൗലവിയുടെ വീട്). അതുകൊണ്ടാവണം, ഇവരുടെ സംസാരത്തിലും പെരുമാറ്റത്തിലും മുസ്‌ലിം സംസ്‌കാരശൈലി പ്രകടമാണ്. കൊറുമ്പിയമ്മയുടെ പേരമകള്‍ അറുപത്തിയഞ്ച് കഴിഞ്ഞ നാരായണി 'അസ്സലാമു അലൈകും' എന്ന് സലാം ചൊല്ലിയാണ് ഈയിടെ എന്റെ വീട്ടില്‍ വന്നുകയറിയത്. ദൈവത്തിന് അല്ലാഹു എന്നാണ് പറയുക. ബാങ്ക് കേള്‍ക്കുമ്പോള്‍ അല്ലാഹു അക്ബര്‍ എന്ന് ചൊല്ലുക പതിവാണെന്നും പറഞ്ഞു. ഇതൊക്കെ എങ്ങനെ പഠിച്ചു എന്നു ചോദിച്ചാല്‍ നാരായണിക്ക് മറുപടി റെഡി: അല്ലാഹു പഠിപ്പിച്ചത്! അല്ലാഹു എങ്ങനെ പഠിപ്പിച്ചു? മലക്കുകള്‍ പറഞ്ഞു തന്നത്. ചിലപ്പോള്‍ നാരായണി ജിന്നുകള്‍ എന്നും പറയും. ജിന്നും മലക്കും തമ്മിലുള്ള വ്യത്യാസമൊന്നും ഒരു ഹരിജന്‍ സ്ത്രീ അറിയാത്തതില്‍ അതിശയമില്ല (ജിന്നില്‍പെട്ട ഇബ്‌ലീസ് മലക്കുകള്‍ക്കൊപ്പം ഉണ്ടായിരുന്നല്ലോ!)
കുമ്പളം മഹല്ല് പള്ളി നിര്‍മാണത്തിന് കണ്ടെത്തിയ സ്ഥലം ഹരിജന്‍ കുഞ്ഞിരാമന്റെ വീടിന് തൊട്ടടുത്തായിരുന്നു. സംഗതി കുഞ്ഞിരാമനെ അറിയിച്ചപ്പോള്‍ വളരെ സന്തോഷം. വലിയ ഉത്സാഹവും ആവേശവും. ദലിത്-മുസ്‌ലിം ബന്ധത്തിന്റെ വേറൊരു മാതൃകയാണിത്.
മറ്റൊരു ദലിത് കുടുംബത്തലവനാണ് പൊതുപ്രവര്‍ത്തകനായ പുലയന്‍ കണ്ണന്‍. ഏത് പൊതു സ്റ്റേജിലും സാംസ്‌കാരിക സദസ്സിലും കണ്ണന്റെ സാന്നിധ്യം കട്ടായം. പ്രസംഗിക്കുകയും ചെയ്യും. കണ്ണന്‍ കല്യാണം പറഞ്ഞ കഥ ഓര്‍ക്കുന്നു. മൂന്നര പതിറ്റാണ്ട് മുമ്പാണ്. അയിത്താചാരം തേഞ്ഞുമാഞ്ഞു തീര്‍ന്നിട്ടില്ലാത്ത കാലം. മകന്റെ കല്യാണമാണ്. ടി.കെ മൗലവി വന്നേ പറ്റൂ. ഞാന്‍ വാക്ക് കൊടുത്തു. ദലിത് കല്യാണമായതുകൊണ്ട് എന്തായാലും പോകണമെന്ന് എനിക്കുതന്നെ നിര്‍ബന്ധമായിരുന്നു. കല്യാണത്തിന് ചെന്നപ്പോള്‍ ചിത്രം വിചിത്രം. ദലിതരല്ലാത്ത ഒരേയൊരാള്‍ ഞാന്‍ മാത്രം! പിന്നൊരു മുസ്‌ലിം പോലീസുകാരനും. അത് വരന്റെ ഉറ്റ സുഹൃത്തായതുകൊണ്ട് വന്നതാണ്. എനിക്ക് അതിശയം തോന്നി. കോണ്‍ഗ്രസും കമ്യൂണിസ്റ്റും ലീഗുമൊക്കെ അയിത്ത വിരുദ്ധരായിട്ടും പൊതുപ്രവര്‍ത്തകനായ കണ്ണന്റെ കല്യാണ വീട്ടില്‍ അവരെയൊന്നും കാണാത്തതെന്ത്? പിന്നീടാണറിയാന്‍ കഴിഞ്ഞത്, അവരെല്ലാം കാലത്തും തലേന്നാളും മറ്റുമായി പാത്തും പതുങ്ങിയും മുഖം കാണിച്ചു പോയിട്ടുണ്ട്. കല്യാണസദസ്സില്‍ വരാന്‍ എന്തോ അസ്‌ക്യത! ഇന്ന് ഇതെല്ലാം മാറി.
ഒരു അത്യാഹിതത്തില്‍ മരണപ്പെടുന്നതിന് രണ്ടു നാള്‍ മുമ്പ് കണ്ണന്‍ വീട്ടില്‍ വന്നിരുന്നു. സന്തോഷമായി പിരിഞ്ഞതാണ്. ഒടുവിലത്തെ വരവായിരുന്നു. 
രാജ്യമെമ്പാടും ഹരിജന പീഡനമാണെങ്കിലും കേരളം പൊതുവില്‍ അങ്ങനെയല്ല. ഞങ്ങളുടെ പ്രദേശം അല്ലേയല്ല. എന്നാല്‍ ദലിതന്നും ആദിവാസിക്കുമുള്ള ഭരണഘടനാവകാശവും നിയമ പരിരക്ഷയും ചിലപ്പോള്‍ അവര്‍ക്ക് പ്രതികൂലമായും അനുഭവപ്പെടുന്നുണ്ട്. ഹരിജന്‍ ഭൂമി വില്‍ക്കാന്‍ ഉദ്ദേശിച്ചാല്‍ മറ്റുള്ളവര്‍ വാങ്ങാന്‍ ഭയപ്പെടുന്നു. സ്വത്ത് വിറ്റ് ആധാരം ചെയ്താലും, വിറ്റതല്ല, പണയംവെച്ചതാണെന്ന് കക്ഷി വാദിച്ചാല്‍ കോടതിവിധി ഹരിജന് അനുകൂലമാകുമെന്ന് പണം മുടക്കുന്നവന് പേടിയാണ്.

ഹരിജനെ വെച്ച് രാഷ്ട്രീയക്കളി

ഒറ്റക്കണ്ടത്തില്‍ ഞങ്ങള്‍ കൂട്ടായി വാങ്ങിയ ഭൂസ്വത്തിലെ ഒരു കൈതോലത്തൈയുമായി ബന്ധപ്പെട്ടതാണ് സംഭവം. ഒരു സന്ധ്യാസമയത്ത് ഒറ്റക്കണ്ടം വീട്ടില്‍ ഒരു സംഘം രാഷ്ട്രീയ പ്രവര്‍ത്തകര്‍ കയറിവരുന്നു. ഖദര്‍ ജുബ്ബയും കക്ഷത്ത് ഡയറിയുമൊക്കെയായി വരുന്ന അവരെ രാഷ്ട്രീയക്കാരെന്ന് തിരിച്ചറിയാന്‍ എളുപ്പം. ഇരിക്കാന്‍ ക്ഷണിച്ചപ്പോള്‍, ഇരിക്കാനല്ലത്രെ വന്നത്! ഒരു ഗൗരവപ്പെട്ട കാര്യം മൗലവിയെ ഉണര്‍ത്താനാണ്. മറ്റൊന്നുമല്ല, മൗലവി വാങ്ങിയ ഈ പറമ്പില്‍ ദലിതന്‍ ബാലന്‍ പായ മെടയാനുപയോഗിക്കുന്ന ഒരു കൈതോലത്തൈ ഉണ്ടായിരുന്നു. അത് മൗലവി തെങ്ങിന് വളമായി വെട്ടിയിട്ടു. ഇതുമൂലം പാവപ്പെട്ട ബാലന്റെ അന്നമാണ് മുടങ്ങിയത്. തക്കതായ നഷ്ടപരിഹാരം വേണം എന്നതായിരുന്നു സംഘത്തിന്റെ ആവശ്യം. തെങ്ങിന്‍ തടം തുറന്ന് വളം ചെയ്യുമ്പോള്‍ പറമ്പിലെ കാടും പടലും വെട്ടിയിടുന്ന പതിവുണ്ട്. അക്കൂട്ടത്തില്‍ കൈതോലത്തൈയുടെ തലപ്പും വെട്ടിയിട്ട് കാണും. സംഘക്കാര്‍ വന്ന് പറയുമ്പോഴാണ് ഈ 'ഭയങ്കര' സംഭവം ഞാനറിയുന്നത്. കൂട്ടത്തില്‍ എന്നെ അല്‍പമൊന്ന് വിരട്ടാനും സംഘം മറന്നില്ല: മൗലവി വിവരമുള്ള ആളല്ലേ? കൈതോല കൊണ്ടാണ് പാവപ്പെട്ട ദലിതര്‍ പായ മെടയുന്നതെന്ന് മൗലവി അറിയേണ്ടതല്ലേ, ബാലന്‍ കേസിന് പോയാല്‍ പ്രശ്‌നമാവും എന്നിങ്ങനെയായിരുന്നു സ്വരം. സംഗതിയൊന്ന് പഠിച്ച് മറുപടി തരാമെന്ന് ഞാന്‍ പറഞ്ഞത് സമ്മതിച്ച് അവര്‍ തല്‍ക്കാലം പിരിഞ്ഞുപോയി. 
സ്ഥലത്തെ തലമുതിര്‍ന്ന നേതാവിനെ ചെന്ന്കണ്ടപ്പോഴാണ് സംഗതിയുടെ ഉള്ളുകള്ളി വെളിച്ചത്തായത്. മുതിര്‍ന്ന സവര്‍ണ നേതാവിന് എന്നെ കേട്ടറിയാം. അദ്ദേഹം മനസ്സ് തുറന്നു: ഈ ബാലന്‍ ഞങ്ങള്‍ക്കൊരു ബാധ്യതയാണ്. അവന്‍ ഈയടുത്താണ് ഇടത് വിട്ട് പാര്‍ട്ടിയിലേക്ക് വന്നത്. മൗലവിക്കറിയാമല്ലോ, ബാലനെ തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ നേരെ പോകുന്നത് 'മറ്റേ' പാര്‍ട്ടിയിലേക്കായിരിക്കും. മാന്യ സവര്‍ണ നേതാവിന്റെ ശൈലിയില്‍ പുഛവും നിസ്സഹായതയും നിഴലിച്ചിരുന്നു.
സംഘം വീണ്ടും വന്നപ്പോള്‍ ഞാനവരോട് പറഞ്ഞതിന്റെ ചുരുക്കം: ബാലന്റെ കൈതപ്രശ്‌നത്തില്‍ തെറ്റു പറ്റിയെങ്കില്‍ വേണ്ടതു ചെയ്യാന്‍ എനിക്ക് ഒരു മടിയുമില്ല. ഹരിജനെ സഹായിക്കേണ്ടത് എന്റെ തന്നെ ആദര്‍ശമാണ്. പക്ഷേ, നിങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്റെ ഒരന്വേഷണത്തിന് ന്യായമായ വിശദീകരണം നല്‍കേണ്ടതുണ്ട്. അന്യനാട്ടുകാരനായ ഞാന്‍ ഇവിടെ വന്ന് താമസിച്ച്, കുറേ ആഴ്ചകളായി. ഇവിടെയൊരു കൈതോലത്തണ്ട് ഹരിജന്‍ ബാലന്‍ വെട്ടാറുള്ളത് പരദേശിയായ ഞാനെങ്ങനെ അറിയും? ഇത്രയും നാള്‍ക്കകം ഒന്നുകില്‍ നിങ്ങള്‍ പറയണം, അല്ലെങ്കില്‍ സ്ഥലം വിറ്റ ഉടമ പറയണം. ഇത് രണ്ടും ഉണ്ടായിട്ടില്ല. ബാലനാകട്ടെ, ഒരു പരാതിയും പറഞ്ഞില്ല. പിന്നെ, എന്റെ ഭാഗത്ത് എന്ത് വീഴ്ചയാണ് വന്നതെന്ന് നിങ്ങള്‍ വിശദീകരിച്ചുതരേണ്ടതല്ലേ?  എന്നായിരുന്നു എന്റെ ചോദ്യം. ഹരിജന്റെ കാര്യത്തില്‍ ഇത്തരം ന്യായവാദങ്ങളൊന്നും വിലപ്പോകില്ല, മൗലവി ചെയ്യേണ്ടത് ചെയ്യലാണ് നല്ലത് എന്ന് ആവര്‍ത്തിച്ച് അവര്‍ തിരിച്ചുപോയി. വര്‍ത്തമാനത്തില്‍ ഭീഷണിയുടെ സ്വരം വായിച്ചെടുക്കാമായിരുന്നു.
പ്രശ്‌നം സങ്കീര്‍ണമാവുന്നതില്‍ എനിക്കും ആശങ്കയുണ്ടായിരുന്നു. രാഷ്ട്രീയ മുതലെടുപ്പ് ഒഴിവാക്കിക്കൊണ്ട് പരിഹാരം ചിന്തിക്കുന്നതിനിടെയാണ് ദിവാകരന്‍ മാസ്റ്ററെ ഓര്‍മ വരുന്നത്. പൊതു സമ്മതനായ മധ്യസ്ഥനാണ്, രാഷ്ട്രീയത്തില്‍ മാര്‍ക്‌സിസ്റ്റായ ദിവാകരന്‍ മാസ്റ്റര്‍. ഞാനുമായി നല്ല ബന്ധവുമാണ്. ചെന്നു കണ്ട് വിഷയം അവതരിപ്പിച്ചു തുടങ്ങുന്നതേയുള്ള, മാസ്റ്റര്‍ പറഞ്ഞു: 'മൗലവി വിശദീകരിക്കേണ്ടതില്ല. നമ്മുടെ ബാലന്റെ പ്രശ്‌നമല്ലേ, ഞാന്‍ നോക്കിക്കൊള്ളാം.' എനിക്ക് വളരെ സന്തോഷവും ആശ്വാസവുമായി. നന്ദിപറഞ്ഞ് തിരിച്ചുപോരുമ്പോള്‍, ഇനി ആ സംഘം അങ്ങോട്ട് വരികയില്ല എന്നും മാസ്റ്റര്‍ പറയുന്നുണ്ടായിരുന്നു.  
നൂറ്റാണ്ടുകളായി പീഡനങ്ങളും പിന്നാക്കാവസ്ഥയും അനുഭവിച്ചുപോന്ന ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പില്‍ ഇത്തരം സംഭവങ്ങളൊന്നും അസാധാരണമല്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും  ദലിത് പീഡനം ഒരു സമസ്യയായി തുടരുമ്പോഴും, ചില മേഖലകളിലെങ്കിലും വേറിട്ട അനുഭവങ്ങളുണ്ടെന്ന് സൂചിപ്പിക്കുകയാണിവിടെ. നിയമപരമായ അവകാശങ്ങളോ ഭരണഘടനാ സുരക്ഷയോ ഇല്ലാത്തതല്ല ദലിതരുടെ മൗലിക പ്രശ്‌നം. സവര്‍ണ മേല്‍ജാതി മനസ്സാണ് പ്രശ്‌നം. ഒരേക ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ സന്തതികളുമെന്ന ആശയവിശാലതയുടെ പരിസരങ്ങളില്‍ മാത്രമാണ് യഥാര്‍ഥ പരിഹാരമെന്ന് തോന്നുന്നു. ഇവിടെയാണ് ഇസ്‌ലാമിന്റെ ഏക മാനവിക ദര്‍ശനവും സമത്വ സാഹോദര്യ വീക്ഷണവും പ്രസക്തമാകുന്നത്. 

അമുസ്‌ലിം പ്രദേശത്ത് ഒരു ഉദ്ഹിയ്യത്ത്!

തീര്‍ത്തും പുതുമയുള്ളതാണ് ബലിപെരുന്നാളിലെ ഉദ്ഹിയ്യത്തുമായി ബന്ധപ്പെട്ട സംഭവം. ഒരു ബലിപെരുന്നാളിന്റെ രണ്ടുനാള്‍ മുമ്പ് ഞാന്‍ എന്തോ ആവശ്യത്തിന് ഹിറാ സെന്ററില്‍ വന്നതാണ്. ഗള്‍ഫില്‍നിന്ന് ആടിനെ ബലിയറുക്കാന്‍ അനുവദിച്ചുകിട്ടിയ സംഖ്യ ഒരു പ്രാദേശിക ഹല്‍ഖാ ഭാരവാഹി വാങ്ങാന്‍ മടിച്ചുനില്‍ക്കുന്നു. അത്രയും സംഖ്യ കൊണ്ട് തങ്ങളുടെ വലിയ പ്രദേശത്ത് ആട്ട്മാംസം വിതരണം ചെയ്യുക പ്രാ യോഗികമല്ലാത്തതാണ് കാരണം. സെക്രട്ടറിയാവട്ടെ, പെരുന്നാള്‍ പ്രമാണിച്ച് ഓഫീസ് പൂട്ടി നാട്ടില്‍ പോകേണ്ട അവസാന ശ്രമത്തിലാണ്. ഉദ്ഹിയ്യത്ത്‌സംഖ്യ പെരുന്നാളിനു മുമ്പ് ആരെയെങ്കിലും ഏല്‍പിച്ചേ പറ്റൂ. ബാധ്യത ഒഴിവാക്കാന്‍ എന്നോട് ചോദിച്ചു: ആടുബലിക്കുള്ള തുക ടി.കെ കൊണ്ടുപോകുന്നോ എന്ന്.  ഞാന്‍ രണ്ടും കല്‍പിച്ച് സന്തോഷപൂര്‍വം സംഖ്യ സ്വീകരിച്ചു. അങ്ങനെ ഞാന്‍ ആദ്യമായി, മുസ്‌ലിംകള്‍ നാമമാത്രമായ ഒറ്റക്കണ്ടത്തില്‍ ആടുബലികര്‍മം നി ര്‍വഹിച്ചു. എന്റെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞ പതിനഞ്ചോളം മുസ്‌ലിംവീടുകളില്‍ വേണ്ടവിധം മാംസം എത്തിച്ച ശേഷവും നല്ലൊരു ഭാഗം മിച്ചം വന്നു. അതുപയോഗിച്ച് അയല്‍പക്കങ്ങളിലെ എല്ലാ ഹിന്ദു-ക്രിസ്ത്യന്‍ വീടുകളിലും ഹദിയയായി ഓരോ കിലോ വീതം മാംസം വിതരണം ചെയ്യാന്‍ കഴിഞ്ഞു. ഇങ്ങനെ ചെയ്യുമ്പോള്‍ അസാധാരണമായ പ്രതികരണമൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും അനുഭവം മറിച്ചായിരുന്നു. അത്ഭുതകരമായ ഒരനുഭവം പോലെയാണ് ഹിന്ദു-ക്രിസ്ത്യന്‍ കുടുംബങ്ങള്‍ അത് സ്വാഗതം ചെയ്തത്.  പെരുന്നാളിന് മുസ്‌ലിംകളുടെ മൃഗബലി എന്നൊക്കെ കേട്ടതല്ലാതെ അവരുടെ ജീവിതത്തില്‍  ഇതാദ്യത്തെ അനുഭവമായിരുന്നു. പ്രത്യേകിച്ച് അന്യമതസ്ഥര്‍ക്ക് ഇതില്‍ പങ്ക് നല്‍കുമെന്ന് ഒരു ധാരണയും അവര്‍ക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ എനിക്കും പ്രസ്ഥാനത്തിനും നല്ല മതിപ്പും മൈലേജും ലഭിച്ചു. എന്നോടുള്ള നല്ല സമീപനത്തില്‍ ഇതിനും ഒരു പങ്കുണ്ടെന്ന് തോന്നുന്നു. മൗലവി നമ്മെ സോപ്പിടുകയാണ് എന്ന തരത്തിലുള്ള ഒറ്റപ്പെട്ട അപശബ്ദങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും വിലപ്പോയില്ല. പരസ്പര വിശ്വാസവും സൗഹൃദവും വളരുന്നതിന് സംഭവം വളരെയേറെ സഹായകമായി.  
ഈ ഉദ്ഹിയ്യത്ത് ആവശ്യത്തിലേക്ക് പോരാതെ വന്ന ഒരാട് ചാക്കോച്ചന്റെ മറ്റൊരു മകന്റെ കൈവശമുണ്ടായിരുന്നു. അന്നത്തെ സ്ഥിതിക്ക് ആയിരം രൂപ വിലമതിക്കുന്ന നല്ല ഒരു കൂറ്റനാട്. അത് വില്‍ക്കുമോ എന്നന്വേഷിക്കാന്‍ എന്റെ ഒത്താശക്കാരനായ ആലിക്കുട്ടിയെ ആയിരം രൂപയും കൊടുത്ത്  പറഞ്ഞയച്ചു. ആയിരം തന്നെ കൊടുക്കണമെന്നും സംഖ്യ കുറക്കരുതെന്നും ചട്ടം ചെയ്തുകൊണ്ടാണ്  അയച്ചതെങ്കിലും ആടും 250 ഉറുപ്പികയുമായാണ് ആലിക്കുട്ടി തിരിച്ചുവന്നത്. ചേട്ടന്‍ ആടിനെ സന്തോഷപൂര്‍വം തന്നെങ്കിലും കാശ് വാങ്ങാന്‍ മടിച്ചുനിന്നത്രെ. മൗലവി ആയിരം രൂപ തന്നിട്ടുണ്ടെന്ന് പറഞ്ഞ് നി ര്‍ബന്ധിച്ചപ്പോള്‍ 750 രൂപ മാത്രം സ്വീകരിച്ചു എന്നായിരുന്നു ആലിക്കുട്ടിയുടെ മറുപടി. ഒരു ക്രിസ്ത്യാനി ചേട്ടനി ല്‍നിന്നുായ ഈ പെരുമാറ്റം എന്നെ അതിശയപ്പെടുത്തി. അപ്പോഴാണ് ഒരു ചെറിയ കാര്യം ഓര്‍മ വരുന്നത്. ചേട്ടന്‍ റെയില്‍വേ ഉദ്യോഗസ്ഥനാണ്. പതിവായി കോഴിക്കോട് പോകും. ഒരു ദിവസം ഞങ്ങളിരുവരും ബസില്‍ ഒന്നിച്ചപ്പോള്‍ ചേട്ടനറിയും മുമ്പ്  ഇരുവരുടെയും ടിക്കറ്റ് ഞാനാണെടുത്തിരുന്നത്. നമ്മള്‍ ചെറുതെന്ന് കരുതുന്ന ഇത്തരം പെരുമാറ്റ രീതികള്‍ അവര്‍ക്കിടയില്‍ പുതുമയുള്ളതായിരിക്കാം. ഒരുവന്റെ ചെറിയ ചെറിയ നന്മകള്‍ അപരന്റെ വലിയ വലിയ നന്മകള്‍ക്ക് പ്രചോദനമാകുന്നുവെന്ന പാഠമാണിത് നല്‍കുന്നത്.
എന്റെ മനസ്സിനെ വല്ലാതെ തൊട്ടുണര്‍ത്തിയ സംഭവമാണ് ഞങ്ങള്‍ക്ക് പറമ്പ് വിറ്റ ചേട്ടന്‍ പാപ്പച്ചന്‍, ഒടുവില്‍ പിരിഞ്ഞുപോകുമ്പോള്‍ ബാക്കിവെച്ച സമ്മാനവും സമഭാവനയും. ചേട്ടന്‍ വലിയ മതക്കാരനൊന്നുമല്ല, മുഴുകുടിയനുമാണ്. വീടൊഴിഞ്ഞ് പിരിഞ്ഞുപോകുന്ന ദിവസം എനിക്കെത്താന്‍ കഴിഞ്ഞില്ല, താക്കോല്‍ അയല്‍ക്കാരനെ ഏല്‍പിച്ചാണ് ചേട്ടന്‍ പോയത്. പിറ്റേന്നാള്‍ ഞങ്ങള്‍ വന്നു വീട് തുറന്നപ്പോള്‍ ആദ്യം കണ്ടത് ഒന്നാംതരമൊരു പഴുത്ത പൂവന്‍കുല മച്ചില്‍ തൂങ്ങിക്കിടക്കുന്നതാണ്. ഫര്‍ണിച്ചറുകളൊന്നും കൊണ്ടുപോയില്ല. പത്തായം തുറന്നു നോക്കിയപ്പോള്‍ ഒരു ചാക്ക് നെല്ല് ഞങ്ങള്‍ക്കു വേണ്ടി കരുതിവെച്ചിരിക്കുന്നു. മറ്റൊരു ഭാഗത്ത് ചേന, ചേമ്പ്, കപ്പയാദി നാട്ടുവിളകളും മാറ്റിവെച്ചിട്ടുണ്ട്. ഇത്രയൊക്കെ നന്മയുള്ള ഒരാള്‍ മദ്യപാനി ആയതെന്തുകൊണ്ട് എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു (മദ്യം മനഷ്യന്റെ ശത്രു എന്നാണല്ലോ!). അത്യന്തം സന്തോഷകരമായ അയല്‍പക്ക ബന്ധങ്ങളും മതസമുദായ സൗഹൃദവും മാറ്റിവെച്ച് ഞങ്ങള്‍ക്ക് ചെറിയ കുമ്പളത്തേക്ക് തിരിച്ചുപോരേണ്ടിവന്നത്, ഉമ്മയുടെ രോഗവും മകള്‍ സാജിദയുടെ കല്യാണവും കാരണമായിട്ടാണ്. 

വാല്‍ക്കഷ്ണം: ഞങ്ങളുടെ ഒറ്റക്കണ്ടം വീട്ടില്‍ പറയ ജാതിയില്‍പെട്ട ഒരു വെളുത്തേന്‍ വരാറുണ്ടായിരുന്നു. കൈയില്‍ ഒരു കത്തിയുണ്ടാകും. വന്നാല്‍ വെറുതെയിരിക്കില്ല. കത്തികൊണ്ട് എന്തെങ്കിലുമൊരു ഉപകരണം ഭംഗിയായി ചെത്തിയുണ്ടാക്കും. അറു പാവമാണെങ്കിലും ഒരു പരാതിയും പറയില്ല. വെളുത്തേന്റെ സ്വഭാവ മഹിമ ഞങ്ങളെ അതിശയിപ്പിച്ചു. ഭക്ഷണത്തിനൊപ്പം മാംസമുണ്ടെങ്കില്‍ ഭക്ഷണം കഴിഞ്ഞ് കത്തിയില്‍ ഒരു കരവിരുത് തെളിയും. ഇറച്ചിയുടെ എല്ല് നേരിയ അടരുകളായി സാവധാനത്തില്‍ ചെത്തിയെടുക്കും. അല്‍പം ഉപ്പുംമുളക് ചേര്‍ത്ത് അത് നുണയുന്നത് കാണാന്‍ ബഹുരസമാണ്. ഞങ്ങള്‍ ഒറ്റക്കണ്ടം വിട്ട് കുമ്പളത്തേക്ക് മടങ്ങിയ ശേഷവും ഒന്നോ രണ്ടോ വട്ടം വെളുത്തേന്‍ വന്നതായി പിന്നീട് ഒറ്റക്കണ്ടം അയല്‍ക്കാര്‍ പറഞ്ഞാണ് അറിഞ്ഞത്. ഏറെ നേരം ഞങ്ങളെ കാണാതെ കാത്തുനിന്നാണത്രെ മടങ്ങിയത്. തിരിച്ചുപോക്കില്‍ കണ്ണു നിറഞ്ഞതായും അയല്‍ക്കാര്‍ പറഞ്ഞു. വെളുത്തേന്റെ മേല്‍വിലാസം സൂക്ഷിക്കാതിരുന്നത് ഞങ്ങള്‍ക്ക് പറ്റിയ വലിയ വീഴ്ചയായി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആത്മാഭിമാനികളുടെ പ്രാര്‍ഥന
അമല്‍ അബൂബക്കര്‍