Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 17

കലാപാനന്തര ഗുജറാത്തിനെപ്പറ്റി ശക്കീല്‍ അഹ്മദ് സംസാരിക്കുന്നു

കവര്‍‌സ്റ്റോറി - ശക്കീല്‍ അഹ്മദ്/ കെ.കെ സുഹൈല്‍

2002-ലെ ഗുജറാത്ത് വംശഹത്യക്ക് ശേഷം മോഡി സര്‍ക്കാറിനേറ്റ കനത്ത പ്രഹരമായിരുന്നു 2012 ഫെബ്രുവരി 8-ലെ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. ഗുജറാത്ത് വംശഹത്യാ കേസുകളില്‍ നരേന്ദ്ര മോഡി സര്‍ക്കാറിനെ നിശിതമായി വിമര്‍ശിച്ച ഹൈക്കോടതി കലാപസമയത്ത് സര്‍ക്കാര്‍ കാട്ടിയ നിഷ്‌ക്രിയത്വവും അനാസ്ഥയുമാണ് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിച്ചതെന്നും കുറ്റപ്പെടുത്തി. വംശഹത്യക്കിടെ തകര്‍ക്കപ്പെട്ട അഞ്ഞൂറിലധികം ആരാധനാലയങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഭാസ്‌കര്‍ ഭട്ടാചാര്യയും ജസ്റ്റിസ് ജി.ബി പാര്‍ഡിവാലയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ട്രസ്റ്റുകളുടെ സ്ഥാപനങ്ങള്‍ക്ക് മാത്രമല്ല, വ്യക്തികളുടേതിനും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിച്ച് നടപടികള്‍ വേഗത്തിലാക്കാന്‍ 26 ജില്ലകളിലെ പ്രിന്‍സിപ്പല്‍ ജഡ്ജിമാരോട് കോടതി നിര്‍ദേശിച്ചു.
നഷ്ടപരിഹാരം നല്‍കുന്നത് ഭരണഘടനയുടെ 27-ാം വകുപ്പിന്റെ ലംഘനമാണെന്നായിരുന്നു മോഡി സര്‍ക്കാറിന്റെ വാദം. മതസ്ഥാപനങ്ങള്‍ പുതുക്കിപ്പണിയാന്‍ നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയില്ലെന്നും വാദിച്ചു. മോഡിയുടെ ഈ വാദമാണ് ഹൈക്കോടതി തള്ളിയത്. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിനും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ഒട്ടേറെ പ്രത്യാശകള്‍ നല്‍കുന്ന ഈ കോടതിവിധി ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് റിലീഫ് കമ്മിറ്റി ഓഫ് ഗുജറാത്തിന്റെ നിതാന്ത ജാഗ്രതക്കും നിയമപോരാട്ടങ്ങള്‍ക്കും കടപ്പെട്ടിരിക്കുന്നു. ഈ സംഘടനയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന നിയമപോരാട്ടങ്ങളിലൊന്നു മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഐ.ആര്‍.സി നല്‍കിയ 13 കേസുകള്‍ കൂടി ഇനിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
കലാപത്തില്‍ തകര്‍ക്കപ്പെട്ട മതസ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍ ശിപാര്‍ശ ചെയ്ത പശ്ചാത്തലത്തില്‍ 2003-ലാണ് ഐ.ആര്‍.സി ഇപ്പോള്‍ വിധി വന്ന കേസില്‍ കോടതിയെ സമീപിച്ചത്. കലാപകാലത്ത് ഗുജറാത്തില്‍ തകര്‍ത്ത പള്ളികള്‍ അടക്കമുള്ള മതസ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി പണിയണമെന്നും സ്വന്തം നിലക്ക് പുതുക്കിപ്പണിത കമ്മിറ്റികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് എട്ടു വര്‍ഷത്തിലേറെ നീണ്ടുപോയ കേസില്‍ റിലീഫ് കമ്മിറ്റി വാദിച്ചിരുന്നത്. ഗുജറാത്ത് വംശഹത്യക്ക് പത്താണ്ട് തികഞ്ഞ സന്ദര്‍ഭത്തിലാണ് മോഡിക്ക് കനത്ത പ്രഹരമേല്‍പിച്ച കോടതിവിധി വന്നത്.
1992-ലെ ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമാണ് ഐ.ആര്‍.സി പ്രവര്‍ത്തനമാരംഭിക്കുന്നത്. ഗുജറാത്ത് വംശഹത്യയുടെ ഇരകളെ ആശ്വസിപ്പിക്കാനും പുനരധിവസിപ്പിക്കാനും അവരുടെ കേസുകള്‍ അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യാനും ഇസ്‌ലാമിക് റിലീഫ് കമ്മിറ്റി ഓഫ് ഗുജറാത്ത് 2002-ല്‍ കലാപം കഴിഞ്ഞയുടന്‍ ഇടപെടല്‍ ആരംഭിച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമി ഗുജറാത്ത് അമീര്‍ ശക്കീല്‍ അഹ്മദാണ് ഐ.ആര്‍.സിയുടെ ചെയര്‍മാന്‍. വിഷന്‍ 2016 പദ്ധതിയുടെ ഭാഗമായി ആരംഭിച്ച അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സിന്റെ ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം. ചരിത്രം സൃഷ്ടിച്ച കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പത്ത് വര്‍ഷം പിന്നിടുന്ന ഗുജറാത്ത് വംശഹത്യയെക്കുറിച്ചും ഐ.ആര്‍.സി.ജിയുടെ പോരാട്ടങ്ങളെക്കുറിച്ചും ശക്കീല്‍ അഹ്മദ് പ്രബോധനത്തോട് സംസാരിക്കുന്നു.

കലാപാനന്തര ഗുജറാത്തിലെ ഐ.ആര്‍.സി (ഇസ്‌ലാമിക് റിലീഫ് കമ്മിറ്റി)യുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ?
1992-ലെ ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമാണ് ഐ.ആര്‍.സി പ്രവര്‍ത്തനമാരംഭിക്കുന്നത്. 2000-ല്‍ ഗുജറാത്തില്‍ ശക്തമായ ഭൂമികുലുക്കമുണ്ടായപ്പോഴും ഐ.ആര്‍.സി വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയുണ്ടായി. 2002-ലെ കലാപമാണ് ജനങ്ങളെ ഏറ്റവും കൂടുതല്‍ ബാധിച്ചത്; പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തെ. ഒരുപാട് ജീവനുകള്‍ കത്തിയെരിഞ്ഞു. അര ലക്ഷത്തിലധികം പേര്‍ ഇന്നും അഭയാര്‍ഥികളായി നരകിക്കുന്നു. ലോകത്തെമ്പാടുമുള്ള സുമനസ്സകളുടെയും ഇന്ത്യന്‍ ജനതയുടെയും സഹായത്തോടെ ഐ.ആര്‍.സിക്ക് 125 കോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളും നടത്താന്‍ സാധിച്ചു.

പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ രീതി എന്താണ്?
ഐക്യരാഷ്ട്ര സഭയുടെ ചട്ട പ്രകാരം രാജ്യത്തിനകത്ത് കുടിയൊഴിപ്പിക്കപ്പട്ടവര്‍ക്ക് (Internally Dsiplaced People) ഒരു നിശ്ചിത ഘട്ടം വരെയുള്ള റിലീഫ് ആണ് കൊടുക്കേണ്ടത്. ഇവിടെ നര്‍മദ ക്യാമ്പില്‍ കശ്മീരില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത ആളുകള്‍ക്ക് വേണ്ടി കൊടുത്തത് ഇത്തരത്തിലുള്ളതാണ്. അല്ലാത്ത ആളുകള്‍ക്ക് ഗവണ്‍മെന്റ് ഒരുതരത്തിലുള്ള പുനരധിവാസവും നല്‍കിയിട്ടില്ല. എത്രത്തോളമെന്നാല്‍ ഗുജറാത്തില്‍ ഇപ്പോഴും 50,000ല്‍ അധികം ആളുകള്‍ 24 ക്യാമ്പുകളിലായി ജീവിച്ചുകൊണ്ടിരിക്കുന്നു. ഇവരുടെ കേസ് കോടതിയില്‍ നടന്നുവരികയാണ്. ഉടനെ തന്നെ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഐ.ആര്‍.സിയുടെ മറ്റെന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്?
വലിയ തോതിലുള്ള പുനരധിവാസ സംരംഭങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ എടുത്ത് പറയേണ്ട പ്രവര്‍ത്തനങ്ങളിലൊന്നാണ് വ്യക്തികള്‍ക്ക് മാര്‍ഗനിര്‍ദേശവും നിയമസഹായവും നല്‍കല്‍. ഇതിന്റെ ഒന്നാം ഘട്ടത്തിന് 'Aggressive Legal Aid' എന്നാണ് ഞങ്ങള്‍ നല്‍കിയ തലക്കെട്ട്.
കോടതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കലാപബാധിതര്‍ക്കും മറ്റും നിയമസഹായങ്ങള്‍ നല്‍കുക, അവരെ ഉദ്ബുദ്ധരാക്കുക എന്നീ കാര്യങ്ങളാണ് ഒന്നാം ഘട്ടമായി നടന്നത്. രണ്ടാം ഘട്ടത്തില്‍ കലാപം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവര്‍ത്തനം. കുഴപ്പക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ ഗുജറാത്തില്‍ മാത്രം എടുത്ത് പറയത്തക്ക പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. ജനങ്ങള്‍ക്ക് ധൈര്യം നല്‍കാനായതോടൊപ്പം പ്രശ്‌നക്കാരെ കണ്ടെത്തി ശിക്ഷവാങ്ങി കൊടുക്കാനും കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒറ്റക്കും പലരുമായി ചേര്‍ന്നും പ്രവര്‍ത്തിച്ചു. വിവര ശേഖരണത്തിന് മാത്രമായി തന്നെ വലിയ സജ്ജീകരണങ്ങള്‍ ഒരുക്കി.
500 മുതല്‍ 600 വരെ കേസുകള്‍ താഴെ തട്ടില്‍ നിന്ന് സുപ്രീം കോടതി വരെ എത്തിച്ചു. ബാക്കിയുള്ള കേസുകള്‍ ഹൈക്കോടതിയില്‍ നടക്കുന്നു. ഇതില്‍ എടുത്ത് പറയാവുന്ന വിജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉദാഹരണമായി, ഉറ്റവര്‍ വധിക്കപ്പെട്ടതിന്റെ പേരിലുള്ള നഷ്ടപരിഹാരത്തുകയായ ഏഴു ലക്ഷം രൂപ ഗുജറാത്തിലെ 1200 പേര്‍ക്ക് ലഭിച്ചു. അതുപോലെ സ്വത്തും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ക്ക് 10 ഇരട്ടിയിലധികം നഷ്ടപരിഹാരത്തുക ലഭിച്ചു. ചരിത്രത്തില്‍ ആദ്യമായി കാണാതായ ആളുകള്‍ക്ക് വേണ്ടിയുള്ള നഷ്ടപരിഹാരത്തുക 2000 പേര്‍ക്ക് ലഭിച്ചു. മതസ്ഥാപനങ്ങള്‍ തകര്‍ത്തതിനുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2003-ല്‍ തന്നെ ഞങ്ങള്‍ കേസ് ഫയല്‍ ചെയ്തിരുന്നു. അതിന്റെ വിധി വന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം ഗുജറാത്ത് ഗവണ്‍മെന്റ് നഷ്ടം സംഭവിച്ച എല്ലാ മതസ്ഥാപനങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണം. പൊളിച്ചു കളഞ്ഞവ പുനരുദ്ധരിക്കുകയും വേണം. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഗുജറാത്തില്‍ ഭരണകൂടം നടത്തിയ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ച് സുപ്രീം കോടതി നിര്‍ദേശപ്രകാരം കമ്മിറ്റി രൂപവത്കരിച്ച് അന്വേഷണം ആവശ്യപ്പെട്ടു.
ലോക ചരിത്രത്തില്‍ തന്നെ ആദ്യമായി, ഭരിച്ചുകൊണ്ടിരിക്കുന്ന ഗവണ്‍മെന്റിന് എതിരായി വന്ന 4000 കേസുകളില്‍ 2170 എണ്ണം ക്ലോസ് ചെയ്തിരുന്നു. സംഘടനയുടെ പ്രവര്‍ത്തന ഫലമായി സുപ്രീം കോടതി ആ 2170 കേസുകളും പുനഃപരിശോധനക്ക് വിധിച്ചു.
ഇത്തരം നിയമപരമായ ഇടപെടല്‍ കാരണം ഗുജറാത്ത് ആഭ്യന്തരമന്ത്രിക്ക് പോലും ജയിലിലേക്ക് പോകേണ്ടതായി വന്നു. കുറ്റവാളികളായ പല സീനിയര്‍ പോലീസ് ഉദ്യോഗസ്ഥരെയും ജയിലിലേക്കയക്കാനും സാധിച്ചു.

ഐ.ആര്‍.സിയുടെ ഗുജറാത്തിലെ പ്രവര്‍ത്തനങ്ങളാണോ ദേശീയതലത്തില്‍ എം.പി.സി.ആറി(അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്)ന്റെ രൂപവത്കരണത്തിന് കാരണമായത്?
അതെ. ഐ.ആര്‍.സിയുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്നുതന്നെ പറയാം. അഗ്രസ്സീവ് ലീഗല്‍ എയ്ഡില്‍ നിന്ന് ലഭിച്ച അനുഭവങ്ങളാണ് ഇങ്ങനെ ചിന്തിപ്പിച്ചത്. പൗരാവകാശങ്ങള്‍ സംരംക്ഷിക്കാന്‍ വേണ്ടി ദേശീയതലത്തില്‍ ഒരു കൂട്ടായ്മ- അതാണ് എ.പി.സി.ആര്‍. ഇപ്പോള്‍ ഇതിന്റെ കീഴില്‍ ആയിരത്തിലധികം പേര്‍ നിയമസഹായം നല്‍കാന്‍ കെല്‍പ്പുള്ള സാമൂഹിക പ്രവര്‍ത്തകര്‍ (Legal Social Workers) ആകാന്‍ വേണ്ടി പരിശീലനം നേടിക്കൊണ്ടിരിക്കുന്നു. ഇവരുടെ സഹായത്തോടെ ഇപ്പോള്‍തന്നെ ഒരുപാട് റിപ്പോര്‍ട്ടുകള്‍ തയാറാക്കപ്പെട്ടു കഴിഞ്ഞു. ദേശീയ മനുഷ്യാവകാശ കമീഷനില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നു. മറ്റൊരു സുപ്രധാന ദൗത്യവും എ.പി.സി.ആര്‍ ഏറ്റെടുക്കുകയുണ്ടായി. പലതരം കേസുകള്‍ ചുമത്തപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് ദല്‍ഹിയില്‍ ജയിലില്‍ കഴിയുന്ന നിരപരാധികള്‍ക്ക് വേണ്ടിയുള്ള നിയമ പോരാട്ടം.
എ.പി.സി.ആറിനോടൊപ്പം മറ്റു മനുഷ്യാവകാശ സംഘടനകളും അതില്‍ അണിചേരുകയുണ്ടായി. ഇത് വളരെയധികം ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

വേറെ ഏതൊക്കെ തലങ്ങളിലാണ് ഇടപെടലുകള്‍?
കര്‍ണാടകയിലും മഹാരാഷ്ട്രയിലും മറ്റു ചില സംസ്ഥാനങ്ങളിലും ആകെ തകരാറിലായ പൊതുവിതരണ സംവിധാനം അഴിമതിമുക്തമാക്കാനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.
ദാരിദ്ര്യ രേഖക്ക് താഴെയുള്ള 50 ശതമാനം വരുന്ന ദരിദ്ര ജനങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയ പൊതുവിതരണ സംവിധാനം (Public Distribution System) സാധാരണക്കാരന്റെ നട്ടെല്ലാണ്. ഇത് അവതാളത്തിലാവുമ്പോഴാണ് പട്ടിണി മരങ്ങള്‍ വ്യാപകമാകുന്നത്. ഈ സംവിധാനത്തെ അഴിമതി മുക്തമാക്കുക എന്നത് അല്‍പം ശ്രമകരമായ പണിയാണ്. ഏറ്റവും താഴെ തട്ടു മുതല്‍ മുകളറ്റം വരെ അഴിമതി രഹിത വിതരണ സംവിധാനം ഉണ്ടാകണം. ഇതിനു വേണ്ടി വിവിധതലങ്ങളില്‍ ശ്രമം നടന്നുകൊണ്ടിരിക്കുന്നു.
മറ്റൊരു വിഷയം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടാണ്. മറ്റു ചില എന്‍.ജി.ഒകളും ഇതില്‍ സഹകരിക്കുന്നുണ്ട്. ബീഹാര്‍, ആസാം, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നായി ആയിരത്തിലധികം നവ വധുക്കളെ ലക്ഷക്കണക്കിന് രൂപക്ക് ഹരിയാനയിലും മറ്റും വില്‍പന നടത്തുന്നുണ്ട്.ഇതിനെതിരെ നിയമ പോരാട്ടം മാത്രമല്ല നടത്തുന്നത്. സമൂഹത്തെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. നാല് സംസ്ഥാനങ്ങളില്‍ റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കൂടാതെ, ഗുജറാത്ത് കലാപത്തില്‍ പിടിക്കപ്പെട്ട നിരപരാധികള്‍ക്ക് വേണ്ടിയും 'ഭീകരവിരുദ്ധ യുദ്ധ'ത്തില്‍ പിടിക്കപ്പെട്ടവര്‍ക്ക് വേണ്ടിയും എല്ലാവിധ നിയമ സഹായങ്ങളും നല്‍കുന്നുണ്ട്. ഇവരുടെ പേരിലുള്ള കള്ളക്കേസുകള്‍ അനാവരണം ചെയ്തുകൊണ്ട് വിശദമായ റിപ്പോര്‍ട്ടുകളും തയാറാക്കിവരുന്നു.
എ.പി.സി.ആറിന്റെ മുഖ്യ പരിഗണനയില്‍ ഒന്നാണ്, ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ഗീയ കലാപ പുനരധിവാസ ബില്ല്. കലാപങ്ങള്‍ തടയാനും ഇരകളെ പുനരധിവസിപ്പിക്കാനുമുള്ള നിയമ-ഭരണകൂട സംവിധാനത്തെക്കുറിച്ച് ധാരാളം ആലോചനകള്‍ നടക്കുന്നുണ്ട്.

മൊത്തത്തില്‍ ഐ.ആര്‍.സിയുടെയും എ.പി.സി.ആറിന്റെയും പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
പാശ്ചാത്യര്‍ക്ക് ഒരു രീതിയുണ്ട്. അവര്‍ ഒരു പട്ടിയെ കൊല്ലണമെന്ന് വിചാരിച്ചാല്‍ ആദ്യം അതിനെ പേപ്പട്ടിയാക്കി ചിത്രീകരിക്കും, പിന്നെ വെടിവെക്കും. ആരും ഒരക്ഷരം മിണ്ടില്ല. നന്നായി എന്ന് പ്രശംസിക്കുകയേയുള്ളൂ. പെട്രോള്‍, ഗ്യാസ്, വെള്ളം ഇങ്ങനെ അമേരിക്ക എന്ത് ആഗ്രഹിക്കുന്നുവോ അത് നേടിയെടുക്കാന്‍ അവരുപയോഗിക്കുന്ന തന്ത്രമാണിത്. അഫ്ഗാനികളും ഇറാഖികളുമൊക്കെ ഇതിന്റെ ഇരകളാണ്. ഇറാന്‍ ഇരയാക്കപ്പെടാനിരിക്കുന്നു. അധികാരി ശക്തനാണെങ്കില്‍ ആശ്രിതരായ ആളുകള്‍ തല്‍ക്കാലം നുണ പറഞ്ഞേക്കാം. പക്ഷേ, അത് അധികകാലം നിലനില്‍ക്കില്ല. അധികാരി എത്ര ശക്തനായാലും അയാളെ ജനം വലിച്ചെറിയുന്ന നാള്‍ വരും. അത് തന്നെയാണ് അമേരിക്കയില്‍ സംഭവിക്കുക, ഇവിടെയും സംഭവിക്കുക. കുറച്ച് സമയം എടുക്കുമെന്ന് മാത്രം. അവസ്ഥകള്‍ മാറിവരികതന്നെ ചെയ്യും. അതിക്രമികള്‍ ശിക്ഷിക്കപ്പെടാതെ പോകില്ല. ഞങ്ങളുടെ പോരാട്ട ചരിത്രം നല്‍കുന്ന പാഠമതാണ്.
തയാറാക്കിയത്:
മാജിദ് അഴിക്കോട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം