Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 17

മുസ്‌ലിം ലീഗ് ന്യൂനപക്ഷ രാഷ്ട്രീയത്തെ റദ്ദ് ചെയ്യുകയാണ്

വീക്ഷണം - ടി. മുഹമ്മദ് വേളം

യൂത്ത് ലീഗിന് പുതിയ നേതൃത്വം നിലവില്‍ വന്നിരിക്കുന്നു. മുസ്‌ലിം യുവജനം ചരിത്രത്തില്‍ ശ്രദ്ധയുടെ വലിയ വെളിച്ചത്തില്‍ നില്‍ക്കുന്ന സമയമാണിത്. അറബ് വിപ്ലവത്തിന്റെ പ്രധാന കാരണം അറബ് സമൂഹത്തിലെ വര്‍ധിച്ച യുവജന സാന്നിധ്യമാണ്. അറബ് സമൂഹത്തിലെ ശരാശരി പ്രായം ഇരുപത്തിരണ്ട് വയസ്സാണ്. ലോകതലത്തില്‍ അത് ഇരുപത്തിയെട്ടാണ്. അറബ് ജനസംഖ്യയുടെ അറുപത് ശതമാനം ഇരുപത്തിയഞ്ച് വയസ്സിന് താഴെയാണ്. അത്തരമൊരു സമൂഹത്തില്‍ വിപ്ലവ വിസ്മയങ്ങള്‍ സംഭവിക്കുക സ്വാഭാവികമാണ്. അറബ് വസന്തത്തെക്കുറിച്ച് പഠിച്ച എല്ലാ സാമൂഹിക രാഷ്ട്രീയ പണ്ഡിതന്മാരും അതിലെ യുവജന മുന്‍കൈയെക്കുറിച്ച് രേഖപ്പെടുത്തുന്നുണ്ട്.
പാര്‍ട്ടിക്കകത്തും അതുവഴി പാര്‍ട്ടിക്ക് പുറത്തും അധികാരം ലഭിക്കാനുള്ള പാമ്പും കോണിയും കളിയായി യുവജന സംഘടനാ പ്രവര്‍ത്തനത്തെ കാണാതെ പുതിയ കാലവുമായി ആശയപരമായ സംവേദനങ്ങള്‍ സാധ്യമായാല്‍ യൂത്ത് ലീഗിന് സമുദായത്തിനും രാജ്യത്തിനും വേണ്ടി ഒരുപാട് പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. പുതിയ ആശയങ്ങളും പുതുമയുള്ള പ്രവര്‍ത്തനങ്ങളും സംഭാവന നല്‍കപ്പെടുക എന്നത് വിദ്യാര്‍ഥി-യുവജന സംഘാടനങ്ങളിലൂടെ ഏതൊരു പ്രസ്ഥാനത്തിനും ലഭിക്കേണ്ട പ്രധാന നേട്ടമാണ്. വിദ്യാര്‍ഥി-യുവജന-വനിത- തൊഴിലാളി-അധ്യാപക-ഉദ്യോഗസ്ഥ-സാംസ്‌കാരിക മേഖലകളെയൊന്നും ഗൗരവത്തിലെടുക്കുന്ന ഒരു സംഘടനാ പ്രവര്‍ത്തന സംസ്‌കാരമല്ല മുസ്‌ലിം ലീഗിന്റേത്. കേരളത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെയോ തൊഴിലാളി പ്രസ്ഥാനത്തിന്റെയോ യുവജന-വനിത മുന്നേറ്റത്തിന്റെയോ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ ലീഗിന്റെ സംഭാവനകള്‍ വളരെ ചെറുതായിരിക്കും. ഇവയെയൊന്നും കാര്യഗൗരവത്തിലില്ലാതെ തന്നെ തങ്ങളുടെ പരമലക്ഷ്യമായ അധികാരം അതിന്റെ സമൃദ്ധിയോടെ കൈവരുന്നുണ്ട് എന്നതായിരിക്കും ലീഗ് ഇത്തരം കാര്യങ്ങളെ ഗൗരവത്തിലെടുക്കാത്തതിന്റെ മനഃശാസ്ത്രം. അധികാരത്തിനപ്പുറം എന്തെങ്കിലും സാമൂഹിക ദൗത്യം നിര്‍വഹിക്കാനുള്ളതായി ലീഗ് മനസ്സിലാക്കുന്നില്ല.
പോഷക സംഘടനാ പ്രവര്‍ത്തനത്തിന്റെ ഈ പൊതുപ്രവണതയില്‍ നിന്ന് ചെറിയ വ്യത്യാസം പ്രകടിപ്പിച്ചുകൊണ്ട് യൂത്ത് ലീഗ് മാറ്റത്തിന്റെ സൂചനകള്‍ പ്രകടിപ്പിക്കുന്നുണ്ട്. കെ.എം ഷാജി പ്രസിഡന്റായിരുന്ന കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ കേരളത്തിലെ ധാരാളം സാംസ്‌കാരിക പ്രവര്‍ത്തകരുമായി ബന്ധം സ്ഥാപിക്കാന്‍ സംഘടന ശ്രമം നടത്തിയിട്ടുണ്ട്. ചെങ്ങറ ഭൂസമരത്തില്‍ ചെറിയ അളവില്‍ ഇടപെട്ടിട്ടുണ്ട്. കേരളത്തിലെ ഭൂപ്രശ്‌നത്തെക്കുറിച്ച മുസ്‌ലിം ലീഗിന്റെയോ അതല്ലെങ്കില്‍ യൂത്ത് ലീഗിന്റെയോ നിലപാട് എന്താണ്, അവര്‍ ഭരണത്തിലിരിക്കുമ്പോള്‍ ഭൂപ്രശ്‌നത്തോട് എന്ത് സമീപനം സ്വീകരിക്കുന്നു, അല്ലെങ്കില്‍ ഈ സമരങ്ങളിലെല്ലാം യൂത്ത് ലീഗിന് എത്രയളവില്‍ ആത്മാര്‍ഥതയുണ്ട് എന്ന ചോദ്യങ്ങളെല്ലാം ബാക്കി നില്‍ക്കുന്നു. എങ്കിലും പതിവില്‍ നിന്ന് വ്യത്യസ്തമായ യുവജന ലീഗിന്റെ സാമൂഹിക ഇടപെടല്‍ ശ്രദ്ധേയമാണ്.
ആശയപരമായ അടിത്തറയില്ലായ്മയാണ് മുസ്‌ലിംലീഗിന്റെ ആകര്‍ഷണീയതയും വികര്‍ഷണീയതയും. അധികാരത്തിന്റെ കാന്തികവലയത്തിനകത്തുള്ള സാമുദായിക ആള്‍ക്കൂട്ടമാണത്. പക്ഷേ, കഴിഞ്ഞ യൂത്ത് ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗം വഴി ചില താത്ത്വികാടിത്തറകള്‍ ലീഗ് സമാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്. മുസ്‌ലിം ലീഗിന്റെ ചരിത്രത്തെ പിന്തുടരുന്ന രാഷ്ട്രീയ വിദ്യാര്‍ഥികളെ സംബന്ധിച്ചേടത്തോളം പ്രധാനമായ കാര്യമാണിത്. ഈ താത്ത്വികാടിത്തറ ലീഗിനാകെയുള്ള അടിസ്ഥാന രാഷ്ട്രീയ ദര്‍ശനത്തെയും തകര്‍ത്തു കൈയില്‍ കൊടുക്കുന്നതാണ് എന്നതാണ് വിചിത്രമായ കാര്യം.
ലീഗിതര സ്രോതസ്സുകളില്‍ നിന്ന് ആശയപരമായ സമ്പന്നത സമാര്‍ജിച്ച മുന്‍ യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം ഷാജി ഇമെയില്‍ വിഷയത്തിലെ മാധ്യമത്തിന്റെ ഇടപെടലിനെക്കുറിച്ചെഴുതുന്നു. 'സ്വകാര്യ വാദം' വാദത്തിനുവേണ്ടി അംഗീകരിച്ചുകൊണ്ടു തന്നെ ചോദിക്കട്ടെ, ഭരണകൂടം പൗരന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതെന്തിന് എന്നായിരുന്നില്ലേ വര്‍ഗീയ ദുഷ്ടലാക്ക് ഇല്ലാത്ത ഒരു പ്രസിദ്ധീകരണം ചോദിക്കേണ്ടിയിരുന്നത്? അങ്ങനെ ചോദിച്ചിരുന്നുവെങ്കില്‍ കുറച്ചുകൂടി മാന്യത കൈവരുമായിരുന്നു. മനുഷ്യാവകാശങ്ങളെപ്പറ്റി ആത്മാര്‍ഥമായി ആകുലതയുള്ളവര്‍ ഇത് കേരളീയ പൗരസമൂഹത്തിന്റെ പൊതുപ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു ചെയ്യുക. പക്ഷേ, മാധ്യമത്തിന് അതായിരുന്നില്ല താല്‍പര്യം. അവര്‍ക്കിത് 'മുസ്‌ലിം വേട്ട'യായി ചിത്രീകരിക്കണമായിരുന്നു (ചന്ദ്രിക ദിനപത്രം, 2012 ജനുവരി 30).
268 പേരുടെ ഇമെയില്‍ സര്‍ക്കാര്‍ ചോര്‍ത്തി എന്നു പറഞ്ഞതിലല്ല ഷാജിക്ക് പ്രശ്‌നമുള്ളത്. അതില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ് എന്നതിലുമല്ല അദ്ദേഹത്തിന് എതിരഭിപ്രായമുള്ളത്. അത്തരമൊരു നീക്കം നടത്തിയിട്ടുണ്ടെങ്കില്‍ അതിനെ എതിര്‍ക്കുന്നതിലല്ല അദ്ദേഹം കുഴപ്പം കാണുന്നത്. ഒരു വാദത്തിനുവേണ്ടിയെങ്കിലും അത് സമ്മതിക്കുന്നതില്‍ അദ്ദേഹത്തിന് പ്രയാസമില്ല. മറിച്ച് അതിനെ ഒരു പൗരാവകാശ പ്രശ്‌നമായി ഉന്നയിക്കുന്നതിനു പകരം മുസ്‌ലിംകളെ സര്‍ക്കാര്‍ ടാര്‍ഗറ്റ് ചെയ്യുന്നു എന്ന രീതിയില്‍ അവതരിപ്പിച്ചതിലാണ് അദ്ദേഹം വമ്പിച്ച കുഴപ്പം കാണുന്നത്.
ഇത് തന്നെയാണ് സംഘ്പരിവാര്‍ എത്രയോ കാലമായി രാജ്യത്തു പറഞ്ഞുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങള്‍ റദ്ദ് ചെയ്യണം. പകരം, എല്ലാവര്‍ക്കും പൗരവകാശമാണുണ്ടാവേണ്ടത്. ന്യൂനപക്ഷ കമീഷന്‍ പിരിച്ചുവിടണം. മനുഷ്യാവകാശ കമീഷനേ ഉണ്ടാവാന്‍ പാടുള്ളൂ. ഇതേ വാദഗതിയാണ് ഷാജി ഉന്നയിക്കുന്നത്. പ്രശ്‌നത്തെ വിശകലനം ചെയ്യാം. അത് പൗരാവകാശ പ്രശ്‌നമെന്ന നിലയിലായിരിക്കണം. മത ന്യൂനപക്ഷമോ മുസ്‌ലിംകളോ അനുഭവിക്കുന്ന പ്രശ്‌നമെന്ന നിലക്കാവരുത്.
സര്‍വേന്ത്യാ മുസ്‌ലിംലീഗും ശേഷം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗും കോണ്‍ഗ്രസിനോട് ചരിത്രത്തിലെ വലിയ പോരാട്ടങ്ങള്‍ നടത്തിയത് ഈ ഒരൊറ്റ കാര്യത്തിന്റെ പേരിലായിരുന്നു. ചത്തകുതിര എന്ന തെറികേട്ടതും സ്പീക്കറാവാന്‍ തൊപ്പി ഊരേണ്ടിവന്നതും മുസ്‌ലിം രാഷ്ട്രീയ സ്വത്വത്തിന്റെ പേരിലായിരുന്നു. അന്ന് മാത്രമല്ല ഇന്നും ലീഗും കോണ്‍ഗ്രസുമായുള്ള ആകെയുള്ള അഭിപ്രായ വ്യത്യാസം ഈ ഒരൊറ്റ വിഷയത്തിലാണ്. സാമ്പത്തിക കാഴ്ചപ്പാടിലോ വിദേശ നയത്തിലോ വിദ്യാഭ്യാസ വിഷയത്തിലോ വികസന വീക്ഷണത്തിലോ കോണ്‍ഗ്രസില്‍ നിന്ന് ഒരു വ്യത്യാസവും ലീഗിനില്ല. ഇത്രയൊക്കെയായിട്ടും കോണ്‍ഗ്രസ്സില്‍ ലയിക്കാതെ ലീഗിനെ നിലനിര്‍ത്തുന്ന ഏക ഘടകം മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുസ്‌ലിം സമൂഹം കേവല പൗരന്മാര്‍ എന്നതിനപ്പുറം മുസ്‌ലിംകള്‍ എന്ന നിലയില്‍ സംഘടിക്കണമെന്ന രാഷ്ട്രീയ വാദമുഖമാണ്.
ഒരു പ്രശ്‌നത്തില്‍ മുസ്‌ലിം വിവേചനമോ പീഡനമോ ഉണ്ട് എന്നു പറയാന്‍ പാടില്ല എന്ന വാദത്തിലൂടെ ലീഗ് നേതാവ് ലീഗിനെ സ്വയം റദ്ദ് ചെയ്യുകയാണ്.
സി.പി.എമ്മിനകത്ത് നിന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ് മുസ്‌ലി-ദലിത് സ്ത്രീ സ്വത്വ സമൂഹങ്ങളുടെ പ്രശ്‌നമുന്നയിച്ചപ്പോള്‍ അതിനെതിരെ ഏറ്റവും തീവ്രമായ കാമ്പയിന്‍ നടത്തിയത് യൂത്ത് ലീഗിന്റെ അന്നത്തെ സംസ്ഥാന പ്രസിഡന്റ് കെ.എം ഷാജിയായിരുന്നു. മുസ്‌ലിം രാഷ്ട്രീയ സ്വത്വബോധത്തിന്റെ പേരില്‍ മാത്രം നിലവില്‍ വന്ന ഒരു പാര്‍ട്ടിയുടെ യുവജന നേതാവ് എന്തിനാണ് മുസ്‌ലിം സ്വത്വ പ്രശ്‌നമുന്നയിച്ച കെ.ഇ.എന്നിനെതിരെ അതിശക്തമായ ആക്രമണം നടത്തിയത് എന്നത് ദുരൂഹമാണ്.
ഇന്ത്യന്‍ സമൂഹത്തിലെ പ്രശ്‌നങ്ങളെ മുസ്‌ലിം എന്ന കാറ്റഗറി ഉപയോഗിച്ച് വിശകലനം ചെയ്യാന്‍ പാടില്ല എന്നു സിദ്ധാന്തിക്കുമ്പോള്‍ അപ്രസക്തമാവുന്നത് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗാണ്. കെ.എം ഷാജി ആര്‍ക്കൊക്കെയോ എതിരായ യുദ്ധത്തിനിടയില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തെ തന്നെയാണ് റദ്ദ് ചെയ്യുന്നത്. മുസ്‌ലിം ലീഗിലെ ഈ പുതിയ സൈദ്ധാന്തികര്‍ ഇത് ചെയ്യുന്നത് ആര്‍ക്കുവേണ്ടിയാണ്! ആരാണ് ഇവരുടെ ഗുരുക്കന്മാര്‍ എന്നത് ഇനിയും വെളിപ്പെടേണ്ട കാര്യമാണ്.
ആദര്‍ശപരമായ സമ്പന്നതകളൊന്നുമില്ലാത്ത സാമുദായികത ലീഗിന്റെ ദാരിദ്ര്യമാണ്. പാര്‍ട്ടിയുടെ ആശയ അടിത്തറകളെ കാലികമായും ആദര്‍ശപരമായും വികസിപ്പിക്കുക എന്നത് പാര്‍ട്ടി ഏറ്റെടുക്കേണ്ട ഒരു ദൗത്യമായിരുന്നു. സമുദായ ശത്രുക്കള്‍ നിര്‍മിക്കുന്ന, ലീഗിനെ സംബന്ധിച്ചേടത്തോളം ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന തത്ത്വശാസ്ത്രങ്ങള്‍ വാടകക്കെടുത്ത്, തങ്ങള്‍ എന്താണ് പറയുന്നതെന്ന് തങ്ങള്‍ക്കുതന്നെ അറിയാതെ സംസാരിക്കാനാണ് പുതിയ ലീഗ് സൈദ്ധാന്തികര്‍ വിധിക്കപ്പെട്ടിരിക്കുന്നത്.
മതത്തിന്റെ മൂല്യങ്ങളെയോ വിമോചനപരതയേയോ രാഷ്ട്രീയത്തില്‍ സന്നിവേശിപ്പിക്കാന്‍ 1905-ല്‍ ധാക്കയില്‍ മുസ്‌ലിം പ്രമാണിമാര്‍ രൂപം നല്‍കിയ സര്‍വേന്ത്യാ ലീഗോ അതിന്റെ തന്നെ അടുത്തദശയായ ജിന്നയോ തുടര്‍ന്നുവന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗോ ശ്രമിച്ചിട്ടില്ല. മുസ്‌ലിംകള്‍ മാത്രമല്ല, ദലിതരും ആദിവാസികളും ഉള്‍പ്പെടെയുള്ള മറ്റു പീഡിതരുടെയും സ്വത്വസമരങ്ങളുടെ പക്ഷത്തുനില്‍ക്കുകയും അങ്ങനെ സ്വന്തം അടിത്തറയെ ആശയപരമായും പ്രായോഗികമായും വികസിപ്പിക്കുകയും ചെയ്യുന്നതിനു പകരം മുസ്‌ലിം മേല്‍വിലാസം നിലനിര്‍ത്തിക്കൊണ്ട് തന്നെ മര്‍ദകരുടെ പക്ഷത്ത് നിലയുറപ്പിച്ച് എങ്ങനെ ഭൗതികലാഭം നേടാം എന്ന പരീക്ഷണമാണ് യൂത്ത് ലീഗടക്കം നടത്തിക്കൊണ്ടിരിക്കുന്നത്. കേവല സാമുദായികതക്കപ്പുറം സഞ്ചരിച്ച് മതത്തിന്റെ മൂല്യങ്ങളും വിമോചനപരതയും സ്വാംശീകരിക്കാന്‍ ശ്രമിക്കുക എന്നതായിരുന്നു ലീഗ് ഏറ്റെടുക്കേണ്ടിയിരുന്ന ചരിത്ര ദൗത്യം. ആശയപരമായും ചരിത്രപരമായും മര്‍ദിതരുടെ പക്ഷത്ത് നില്‍ക്കാന്‍ ബാധ്യതയുള്ള ഒരു സമുദായത്തിന്റെ കുറിമാനമുപയോഗിച്ചാണ് ഇവര്‍ വേട്ടക്കാരോടൊപ്പം ഓടുന്നത് എന്നതാണ് ഖേദകരമായ കാര്യം. ലോകവ്യാപകമായ മര്‍ദക ശൃംഖലയുടെ ആയുസ്സിന്റെ ആസന്നമായ അന്ത്യനിമിഷം വരെയാണ് ഇത്തരമൊരു രാഷ്ട്രീയത്തിന്റെയും ആയുസ്സ് എന്ന് പുതിയ ചെറുപ്പക്കാരെങ്കിലും മനസ്സിലാക്കുന്നത് നന്നായിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം