Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 21

3140

1441 ജമാദുല്‍ ആഖിര്‍ 27

ദ്വിരാഷ്ട്ര വാദത്തിന്റെ ആചാര്യന്മാര്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

(ഇന്ത്യാ വിഭജനം ആര്‍.എസ്.എസ് അജണ്ടയാണ്-2)

സംഘ് പരിവാറിന്റെ താത്ത്വിക ആചാര്യനായ വി.ഡി സവര്‍ക്കറും (1883-1966) ബി.എസ് മൂഞ്ചെയും ദ്വിരാഷ്ട്ര വാദമുന്നയിച്ച് രംഗത്ത് വന്നതാണ് ഇന്ത്യാവിഭജനത്തിന് അടിത്തറയൊരുക്കിയ മൂന്നാമത്തെ ഘട്ടം. മഹാരാഷ്ട്രയിലെ നാസിക്കില്‍, മറാത്തി ചിത്പവന്‍ ബ്രാഹ്മിണ്‍ കുടുംബത്തിലാണ് സവര്‍ക്കര്‍ ജനിച്ചത്. ബ്രിട്ടനില്‍ നിയമം പഠിക്കാന്‍ പോയ അദ്ദേഹം, അവിടെ ഇന്ത്യാ ഹൗസ്, ഫ്രീ ഇന്ത്യാ സൊസൈറ്റി എന്നീ സംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയുണ്ടായി. ദ ഇന്ത്യന്‍ വാര്‍ ഓഫ് ഇന്‍ഡിപെന്റന്‍സ്, ഇന്ത്യന്‍ റബല്യന്‍ ഓഫ് 1857 എന്നീ പുസ്തകങ്ങള്‍ ഈ ഘട്ടത്തില്‍ അദ്ദേഹം എഴുതി. ഇന്ത്യാ ഹൗസുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ 1910-ല്‍  അറസ്റ്റിലായി. 15 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട അദ്ദേഹം അന്തമാന്‍ ജയിലില്‍ അടക്കപ്പെട്ടു. ജാതിരാഷ്ട്രവാദം, ആര്‍.എസ്.എസ് രൂപീകരണം, വര്‍ഗീയ ധ്രുവീകരണം മുതല്‍ ഇന്ത്യാവിഭജനം വരെ, രാജ്യത്തെ അപായപ്പെടുത്തിയ കാര്യങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായതിനാലാണ് സവര്‍ക്കറുടെ  വംശീയസിദ്ധാന്തത്തിന്റെ നാള്‍വഴികള്‍ കൂടി വിശദീകരിക്കേണ്ടി വരുന്നത്.
ഒന്നല്ല, ഒരുപാട് മാപ്പപേക്ഷകള്‍ക്ക് ശേഷമാണ് സവര്‍ക്കര്‍ അന്തമാന്‍ ജയിലില്‍ നിന്ന് രത്‌നഗിരി ജയിലിലേക്ക് മാറ്റപ്പെടുന്നതും, ബ്രിട്ടീഷ് അജണ്ടകളുടെ ഏജന്റായി മാറുന്നതും. 1911 ഏപ്രിലില്‍ ജയിലിലടക്കപ്പെട്ട സവര്‍ക്കര്‍ 1911 ആഗസ്റ്റില്‍ ആദ്യ മാപ്പപേക്ഷ സമര്‍പ്പിച്ചെങ്കിലും തള്ളപ്പെട്ടു. തുടര്‍ന്ന് 1913, 1917, 1919, 1920 വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച മാപ്പപേക്ഷകളും ബ്രിട്ടീഷ് ഗവണ്‍മെന്റ് തള്ളി. ശേഷം, സര്‍ദാര്‍ പട്ടേലും ബാലഗംഗാധര തിലകനും മറ്റും സവര്‍ക്കറെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടു. ആ സന്ദര്‍ഭത്തില്‍ സവര്‍ക്കറുടെ വംശീയ ജാതിരാഷ്ട്ര ചിന്തകള്‍ പുറത്ത് വന്നതായി അറിയില്ല. ഈ ആവശ്യത്തെ തുടര്‍ന്ന്, സവര്‍ക്കറെ പൂര്‍ണമായും മോചിപ്പിക്കുകയല്ല, അന്തമാന്‍ ജയിലില്‍ നിന്ന്, മഹാരാഷ്ട്രയിലെ രത്‌നഗിരി ജയിലിലേക്ക് മാറ്റുകയാണുണ്ടായത്. 1921 മെയ് രണ്ടിനായിരുന്നു ഇത്. ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് കൂറുള്ളവനായി പ്രവര്‍ത്തിക്കുമെന്ന് കരാര്‍ ചെയ്ത മാപ്പപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഈ മാറ്റം. എന്തായിരുന്നു ഈ ജയില്‍ മാറ്റത്തിന്റെയും മഹാരാഷ്ട്രയിലെ താമസത്തിന്റെയും ലക്ഷ്യമെന്ന് സവര്‍ക്കറുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.  ഇന്ത്യന്‍ ജനതയെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും അതിനായി വംശീയ, ജാതിരാഷ്ട്ര അജണ്ടകള്‍ വികസിപ്പിക്കുകയുമായിരുന്നു സവര്‍ക്കറുടെ നിയോഗം. ഇത് ബ്രിട്ടീഷുകാര്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം കൂടിയായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍.
രത്‌നഗിരി ജയിലില്‍ ബ്രിട്ടീഷുകാരുടെ ചെലവിലും കസ്റ്റഡിയിലും താമസിച്ചുകൊണ്ടാണ് സവര്‍ക്കര്‍ 'ദ ഹിന്ദുത്വ' എന്ന ഗ്രന്ഥം തയാറാക്കിയത്. 1922-ല്‍ എഴുതിത്തീര്‍ന്ന്, 1923- ല്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തിലാണ് ദ്വിരാഷ്ട്ര വാദം അദ്ദേഹം ആദ്യമായി മുന്നോട്ട് വെച്ചത്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും മാറ്റിനിര്‍ത്തിയുള്ള ഒരു ജാതിദേശീയതയെക്കുറിച്ച കാഴ്ചപ്പാടാണ് അദ്ദേഹം ആദ്യം അവതരിപ്പിച്ചത്; 'ഈ അടുത്ത കാലത്തു വരെ ഹിന്ദുക്കളായിരിക്കുകയും ക്രിസ്ത്യന്‍, മുഹമ്മദന്‍ മതങ്ങളിലേക്ക് ചേക്കേറുകയും ചെയ്തവരുടെ കൂട്ടത്തിലുള്ളവരില്‍ ആദ്യത്തെ തലമുറയെങ്കിലും വളരെ ആവേശത്തോടെ തങ്ങളുടെ പുതിയ മതത്തെ ആശ്ലേഷിച്ചവരാണ്. നമ്മുടെ എല്ലാവരുടെയും പിതൃഭൂമി ഒന്നാണെങ്കിലും രക്തത്തിലും പാരമ്പര്യത്തിലും തങ്ങള്‍ പൂര്‍ണമായി ഹിന്ദുവാണെങ്കിലും തങ്ങളെ ഹിന്ദുക്കളായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. തങ്ങളുടെ പുതിയ സംസ്‌കാരങ്ങളെ പുണര്‍ന്നതോടു കൂടി ഹിന്ദു സംസ്‌കൃതി സംസ്‌കാരത്തിനു മേല്‍ അവര്‍ക്കുള്ള എല്ലാ അവകാശങ്ങളെയും അവര്‍ കൈയൊഴിഞ്ഞു കഴിഞ്ഞു. ഹിന്ദു സംസ്‌കാരത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ് അവരെന്ന് അവര്‍ക്ക് തോന്നലുണ്ടാകുന്നു. അവരുടെ വീരന്മാരും വീരാരാധനയും ഉത്സവങ്ങളും ആഘോഷങ്ങളും ആദര്‍ശങ്ങളും കാഴ്ചപ്പാടുകളും ഞങ്ങളുടേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിക്കഴിഞ്ഞു.'13 ഭിന്നമായ രണ്ട് സംസ്‌കാരങ്ങള്‍ എന്നതുകൊണ്ട്, രാഷ്ട്രങ്ങളാണ് സവര്‍ക്കര്‍ ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാം. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന സാമ്രാജ്യത്വ തന്ത്രത്തിന്റെ ഉപകരണമായി പിന്നീട് സവര്‍ക്കര്‍ മാറിയെന്ന് വ്യക്തം. ജയിലില്‍ നിന്ന് മോചിപ്പിക്കുമ്പോള്‍, ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് കൂറ് കാണിക്കും എന്ന് വാഗ്ദാനം ചെയ്ത സവര്‍ക്കര്‍, മുസ്‌ലിംകളെ ശത്രുസ്ഥാനത്ത് നിര്‍ത്തി, ഹിന്ദുക്കളെ സംഘടിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചതില്‍ നിന്ന് ഈ കൂറ് വ്യക്തമാണ്. 1924-ല്‍ രത്‌നഗിരി ജയിലില്‍ നിന്ന് മോചിതനായ അദ്ദേഹത്തിന് ബ്രിട്ടീഷുകാര്‍ തന്നെ ഒരു ബംഗ്ലാവ് ഒരുക്കിക്കൊടുത്തിരുന്നു. അവിടെ താമസിച്ചുകൊണ്ടാണ് സവര്‍ക്കര്‍ വര്‍ഗീയ പ്രചാരണവും വംശീയ ജാതിവാദികളുടെ സംഘാടനവും നിര്‍വഹിച്ചത്.14  തന്റെ ഗ്രാമത്തില്‍ ഹിന്ദു-മുസ്‌ലിം സംഘര്‍ഷമുണ്ടായപ്പോള്‍, കുറച്ച് കുട്ടികളെക്കൂട്ടി അവിടത്തെ മുസ്‌ലിം പള്ളി ആക്രമിക്കാന്‍ പന്ത്രണ്ടാം വയസ്സില്‍ നേതൃത്വം കൊടുത്ത പാരമ്പര്യവും സവര്‍ക്കര്‍ക്കുണ്ട്.15 ഇതേ മാനസികാവസ്ഥയില്‍ നിന്നു കൊണ്ടാണ് ഹിന്ദുത്വ സംസ്‌കാരത്തില്‍ ലയിക്കാത്ത മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും പുറംതള്ളിയ രാഷ്ട്രസങ്കല്‍പം അദ്ദേഹം അവതരിപ്പിച്ചത്.16
ബിലാസ്പൂരിലെ ഒരു ബ്രാഹ്മിണ്‍ കുടുംബത്തില്‍ ജനിച്ച ബി. എസ് മൂഞ്ചെ ഹിന്ദുമഹാസഭയുടെ മറ്റൊരു പ്രമുഖ നേതാവായിരുന്നു. 1923-ല്‍ ഔദ് സമ്മേളനത്തിലെ മൂന്നാം സെഷനില്‍ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി; 'ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേതും ഫ്രാന്‍സ് ഫ്രഞ്ചുകാരുടേതും ജര്‍മനി ജര്‍മന്‍കാരുടേതുമെന്ന പോലെ ഇന്ത്യ ഹിന്ദുക്കളുടേതാണ്. ഹിന്ദുക്കള്‍ സംഘടിച്ചാല്‍, ബ്രിട്ടീഷുകാരെയും അവരുടെ ശിങ്കിടികളായ മുസ്‌ലിംകളെയും കീഴ്‌പ്പെടുത്താന്‍ കഴിയും. ഇനി മുതല്‍ ഹിന്ദുക്കള്‍ തങ്ങളുടേതായ ഒരു ലോകം സൃഷ്ടിച്ചെടുക്കണം. അതിനായി, അവര്‍ സംഘടിക്കുകയും ശുദ്ധി ചെയ്യകയും വേണം.'17 മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും മതംമാറ്റി ഹിന്ദുമതത്തില്‍ ചേര്‍ക്കുന്നതാണ് ശുദ്ധി. ഇതിനു വേണ്ടി തുടങ്ങിയ ശുദ്ധി പ്രസ്ഥാനം ഘര്‍വാപ്പസിയുടെ പൂര്‍വ രൂപമാണ്. ഇന്ത്യ ഹിന്ദുവിന്റെ രാഷ്ട്രമാണെന്ന് സമര്‍ഥിക്കാന്‍ മൂഞ്ചെ ഉദാഹരിച്ച വിദേശ രാഷ്ട്രങ്ങള്‍ ഒന്നും തന്നെ മതാടിസ്ഥാനത്തില്‍ സ്ഥാപിതമായവയോ മതം നോക്കി പൗരത്വം നല്‍കുന്നവയോ അല്ല. ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടേതാണ്, അവരില്‍ എല്ലാ മതക്കാരുമുണ്ട്. ഇന്ത്യ ഇന്ത്യക്കാരുടേതാണ്, അവരില്‍ എല്ലാ വിശ്വാസക്കാരുമുണ്ട് എന്നതല്ലേ ശരി? ഇത് മനസ്സിലാക്കാത്ത ചിന്താശൂന്യതയായിരുന്നു മൂഞ്ചെയുടെ സമീകരണം.

സവര്‍ക്കറുടെ പ്രഖ്യാപനം

ഹിന്ദു മഹാസഭയുടെ അഹ്മദാബാദ് സമ്മേളനത്തിലെ സവര്‍ക്കറുടെ പ്രഖ്യാപനമാണ് നാലാം ഘട്ടം. 1923-ല്‍ ആര്യന്‍ ജാതിരാഷ്ട്രത്തിന്റെ അടിസ്ഥാന ചിന്തകള്‍ അവതരിപ്പിച്ച്, പതിനാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, 1937-ല്‍, ഹിന്ദു മഹാസഭയുടെ പത്തൊമ്പതാം സമ്മേളനത്തില്‍ സവര്‍ക്കര്‍ കുറേക്കൂടി വ്യക്തമായി ദ്വിരാഷ്ട്ര വാദം പ്രഖ്യാപിച്ചു: 'പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്ന രണ്ട് രാഷ്ട്രങ്ങളാണ് ഇന്ന് ഇന്ത്യയിലുള്ളത്. പക്വതയില്ലാത്ത പല രാഷ്ട്രീയക്കാരും ഇന്ത്യ സൗഹാര്‍ദത്തില്‍ കഴിയുന്ന ഒരൊറ്റ രാജ്യമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. അത് അവരുടെ സ്വപ്‌നങ്ങള്‍ മാത്രമാണ്. ചിന്താശൂന്യരായ അവര്‍ സ്വപ്‌നത്തെ യാഥാര്‍ഥ്യമെന്ന്  തെറ്റിദ്ധരിച്ചിരിക്കുന്നു. അതുകൊണ്ടാണവര്‍ വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ അസ്വസ്ഥരാകുന്നത്, സാമുദായിക സംഘടനകളെ കുറ്റപ്പെടുത്തുന്നത്. യഥാര്‍ഥത്തില്‍, മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കുമിടയിലുള്ള  മതപരവും സാംസ്‌കാരികവും ദേശീയവുമായ ശത്രുത നൂറ്റാണ്ടുകളിലൂടെ നമുക്ക് കൈമാറിക്കിട്ടിയതാണ്. സമയം പാകമാകുമ്പോള്‍ നിങ്ങള്‍ക്കത് പരിഹരിക്കാനാകും. അവരെ അംഗീകരിക്കാതെ, തിരസ്‌കരിച്ച് അടിച്ചമര്‍ത്താനാകില്ല. ആഴത്തിലുള്ള രോഗം അവഗണിക്കുന്നതിനേക്കാള്‍ സുരക്ഷിതം രോഗനിര്‍ണയവും ചികിത്സയുമാണ്. അസുഖകരമായ വസ്തുതകളെ നമുക്ക് ധൈര്യപൂര്‍വം അഭിമുഖീകരിക്കാം. ഏകശിലാത്മകമായ ഒരു ഇന്ത്യയല്ല ഇവിടെയുള്ളത്. മറിച്ച് ഹിന്ദുക്കള്‍, മുസ്‌ലിംകള്‍ എന്ന രണ്ടു രാഷ്ട്രങ്ങളാണ്.'18  ഇന്ത്യാ വിഭജനത്തോടെ സ്വാതന്ത്ര്യം നേടുന്നതിന്റെ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സവര്‍ക്കര്‍ ഈ പ്രഖ്യാപനം നടത്തുന്നത്. അതും ഹിന്ദു മഹാസഭയുടെ സമ്മേളനത്തില്‍, അര്‍ഥശങ്കക്കിടയില്ലാത്ത വിധം.
ഇന്ത്യാ വിഭജനത്തോട് ഏതെങ്കിലും നിലക്ക് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍, പാകിസ്താന്‍ വാദം ഉയര്‍ത്തിയ സര്‍വേന്ത്യാ മുസ്‌ലിം ലീഗിനോട് വിയോജിക്കുകയായിരുന്നു ഹിന്ദു മഹാസഭയും ആര്‍.എസ്.എസും ചെയ്യേണ്ടിയിരുന്നത്. ഇതിനു വിരുദ്ധമായി 1940-ല്‍ പാകിസ്താന്‍ പ്രമേയം അവതരിപ്പിച്ച ശേഷവും, 1942-ല്‍ സര്‍വേന്ത്യാ മുസ്‌ലിം ലീഗിനെ പിന്തുണക്കുകയും, അധികാരം പങ്കിട്ട് മുസ്‌ലിം ലീഗിനെ ശക്തിപ്പെടുത്തുകയുമാണ് ഹിന്ദു മഹാസഭ ചെയ്തത്. 1942-ലെ സിന്ധ്-ബംഗാള്‍ കൂട്ടുകക്ഷി മന്ത്രിസഭ സര്‍വേന്ത്യാ മുസ്‌ലിം ലീഗും ഹിന്ദു മഹാസഭയും ചേര്‍ന്നതായിരുന്നു. സിന്ധിലെ ഗുലാം ഹുസൈന്‍ ഹിദായത്തുല്ലയുടെ മന്ത്രിസഭയിലും വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ സര്‍ദാര്‍ ഔറംഗസേബ് ഖാന്റെ ഗവണ്‍മെന്റിലും ബംഗാളില്‍ ഫസ്‌ലുല്‍ ഹഖിന്റെ മന്ത്രിസഭയിലും ഹിന്ദു മഹാസഭയുടെ നേതാക്കള്‍ മന്ത്രിമാരായിരുന്നു.19 
1937-ലെ ഇന്ത്യന്‍ പ്രവിശ്യാ തെരഞ്ഞെടുപ്പുകളില്‍ ഹിന്ദു മഹാസഭയെ നിലംപരിശാക്കി ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് വന്‍വിജയം നേടിയ ശേഷമാണ് ഹിന്ദു മഹാസഭയും സര്‍വേന്ത്യാ മുസ്‌ലിം ലീഗും തമ്മില്‍ സഖ്യം രൂപപ്പെട്ടത്. മുസ്‌ലിം ലീഗ് അധികാരത്തിലേറി, പാകിസ്താന്‍ വാദത്തിന് വേണ്ടത്ര ശക്തി സംഭരിച്ചാല്‍ മാത്രമേ, ജാതിരാഷ്ട്രമെന്ന തങ്ങളുടെ സ്വപ്‌നം സഫലീകരിക്കാനാകൂ എന്ന കണക്കുകൂട്ടലായിരുന്നു സഖ്യത്തിനു പിന്നില്‍. 1942-ല്‍ ഹിന്ദു മഹാസഭയുടെ കാന്‍പൂരില്‍ ചേര്‍ന്ന ഇരുപത്തിനാലാം സമ്മേളനത്തില്‍ സവര്‍ക്കര്‍ നടത്തിയ അധ്യക്ഷ പ്രസംഗത്തിലെ ഒരു ഭാഗം ശ്രദ്ധിക്കുക: 'പ്രായോഗിക രാഷ്ട്രീയത്തില്‍ ന്യായമായ ഒത്തുതീര്‍പ്പുകള്‍ ആവശ്യമാണെന്ന് മഹാസഭക്ക് അറിയാം. സിന്ധിലെ കൂട്ടുകക്ഷി മന്ത്രിസഭയില്‍ ലീഗിനോടൊപ്പം പങ്കാളിയാകാനുള്ള സിന്ധ് ഹിന്ദു സഭയുടെ തീരുമാനത്തിന് ഈയിടെ നാം സാക്ഷികളാവുകയുണ്ടായി. ബംഗാളിന്റെ കാര്യം എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസിനു പോലും കീഴടങ്ങാത്ത, കാടന്‍മാരായ ലീഗുകാര്‍ ഹിന്ദു മഹാസഭയോടും സഖ്യസര്‍ക്കാറിനോടും ബന്ധപ്പെട്ടതോടെ വിട്ടുവീഴ്ച മനസ്സും സഹകരണ മനോഭാവവുമുള്ളവരായി വളര്‍ന്നു. ഹിന്ദു മഹാസഭയുടെ  ആദരണീയനായ നേതാവ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെയും മേല്‍നോട്ടത്തിലുള്ള, ഫസ്‌ലുല്‍ ഹഖ് പ്രധാനമന്ത്രിയായ ആ കൂട്ടുകക്ഷി ഗവണ്‍മെന്റ് ഒരു വര്‍ഷമോ അതിലേറെയോ വിജയകരമായി പ്രവര്‍ത്തിക്കുകയുണ്ടായി. രണ്ട് സമുദായങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുകയും ചെയ്തു. പൊതുതാല്‍പര്യങ്ങള്‍ക്കായി രാഷ്ട്രീയ അധികാര കേന്ദ്രങ്ങള്‍ പിടിച്ചടക്കാന്‍ ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ പരിശ്രമിച്ചതിന്റെ ഒട്ടേറെ ഉദാഹരണങ്ങള്‍ വേറെയും കാണാം.'20
ഹിന്ദു മഹാസഭ കൂടി പങ്കാളികളായ ഇതേ സിന്ധ് പ്രവിശ്യാ അസംബ്ലിയാണ് ഇന്ത്യയെ വിഭജിച്ച് പാകിസ്താന്‍ രാഷ്ട്രം രൂപീകരിക്കണം എന്ന് 1943-ല്‍ പ്രമേയം പാസ്സാക്കിയത്.21 ഇന്ത്യയെ ഏതെങ്കിലും തരത്തില്‍ വിഭജിക്കുന്നതിനെതിരെ ഹിന്ദു മഹാസഭ പ്രത്യക്ഷത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും, സിന്ധിലെ സഖ്യകക്ഷി മന്ത്രിസഭയിലുള്ള ഹിന്ദു മഹാസഭാ മന്ത്രിമാര്‍ ആരും തന്നെ രാജിവെക്കുകയുണ്ടായില്ല. സാധാരണ മട്ടില്‍ ഒരു പ്രതിഷേധം സംഘടിപ്പിച്ച് മതിയാക്കുകയാണ് അവര്‍ ചെയ്തത്.22 ഹിന്ദു മഹാസഭയും ആര്‍.എസ്.എസ്സും സത്യത്തില്‍ ദ്വിരാഷ്ട്ര വാദത്തിന് എതിരായിരുന്നെങ്കില്‍, പാകിസ്താന്‍ വാദമുന്നയിച്ച മുസ്‌ലിം ലീഗിനൊപ്പം എന്തിന് അധികാരം പങ്കിട്ടു? പാകിസ്താന്‍ പ്രമേയം പാസ്സാക്കിയിട്ടും സിന്ധ് പ്രവിശ്യാ മന്ത്രിസഭയില്‍നിന്ന് എന്തുകൊണ്ട് രാജിവെച്ചില്ല? രാഷ്ട്രീയ കരുനീക്കങ്ങളിലൂടെ പരോക്ഷമായി വിഭജനത്തിന് കളമൊരുക്കുകയും, പ്രത്യക്ഷത്തില്‍ വിഭജനത്തിന് എതിരാണെന്ന് വരുത്തിത്തീര്‍ക്കുകയുമായിരുന്നു ആര്‍.എസ്.എസ്സിന്റെ തന്ത്രം. വിഭജനത്തിന്റെ പാപഭാരം മുസ്‌ലിം ലീഗിന്റെയും ജിന്നയുടെയും തലയില്‍ കെട്ടിവെച്ചുകൊണ്ട്, ജാതിരാഷ്ട്രത്തിലേക്ക് ചുവടുവെക്കാനാണ് അവര്‍ ശ്രമിച്ചത്.
വിഭജനാനന്തര ഇന്ത്യ ജാതിരാഷ്ട്രം ആകണമെന്ന് ആര്‍.എസ്.എസ് നേതാവ് ബി.എസ് മൂഞ്ചെ 1947 ആഗസ്റ്റില്‍ പ്രഖ്യാപിച്ചത് ഈ ലക്ഷ്യം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ട സ്വാതന്ത്ര്യ പോരാട്ടം സഫലമായ സന്തോഷത്തോടെ, രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണരുമ്പോള്‍, 1947 ആഗസ്റ്റ് 14-ന് പുറത്തിറങ്ങിയ ഓര്‍ഗനൈസറില്‍ അദ്ദേഹം എഴുതി: 'ദേശീയതയുടെ തെറ്റായ സങ്കല്‍പ്പങ്ങളാല്‍ സ്വാധീനിക്കപ്പെടാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. ഇപ്പോഴും ഭാവിയിലും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ലളിതമായൊരു കാര്യം നാം അംഗീകരിക്കണം. ഹിന്ദുസ്താന്‍ എന്നാല്‍ ഹിന്ദുക്കളുടെ മാത്രം രാഷ്ട്രമാണെന്ന് അംഗീകരിക്കലാണത്. രാജ്യം ഹിന്ദുക്കള്‍ക്ക് വേണ്ടി, ഹിന്ദു ആചാരങ്ങളുടെ മാത്രം അടിത്തറയില്‍ നിര്‍മിക്കേണ്ടതാണ്.'23 മുസ്‌ലിംകള്‍ക്ക് വേണ്ടി പാകിസ്താന്‍ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞിരിക്കെ ഇന്ത്യ വംശീയ ജാതിരാഷ്ട്രമാകണമെന്ന ന്യായമാണ്  പുതിയ രാഷ്ട്രത്തിന്റെ  നയരൂപീകരണ വേളയില്‍ മൂഞ്ചെ മുന്നോട്ട് വെച്ചത്.
പൗരത്വം മതാധിഷ്ഠിതമാക്കണമെന്ന വാദം ആ ഘട്ടത്തില്‍ തന്നെ ഭരണഘടനാ നിര്‍മാണ സഭയില്‍ ജാതിവാദികള്‍ ഉയര്‍ത്തിയിരുന്നുവെങ്കിലും, വോട്ടെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. മൂഞ്ചെയുടെയും മറ്റും നേത്യത്വത്തിലാണ് ജാതി രാഷ്ട്രത്തിന് വേണ്ടി അവര്‍ കരുനീക്കിയിരുന്നത്. ഹിംസാത്മക വംശവെറിയുടെ നായകരിലൊരാളായ ബെനിറ്റോ മുസോളിനിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്ന മൂഞ്ചെ, ഇറ്റലി സന്ദര്‍ശിച്ച്, നാസികളുടെ പ്രവര്‍ത്തനങ്ങളും സൈനിക സംവിധാനങ്ങളും മറ്റും നേരിട്ട് കണ്ട് മനസ്സിലാക്കിയാണ്, അതേ മാതൃകയില്‍ ആര്‍.എസ്.എസിനെ രൂപപ്പെടുത്തിയത്. 1931 -ലാണ് മൂഞ്ചെ ഇറ്റലി സന്ദര്‍ശിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ മാര്‍സിയ കസൊലാരി രേഖപ്പെടുത്തിയിട്ടുണ്ട്.24 ഇന്ത്യയെ വിഭജിച്ച്, ആര്യന്‍ വംശീയ ജാതിരാഷ്ട്രം സ്ഥാപിക്കണമെന്ന് താത്ത്വികമായി പറയുക മാത്രമല്ല, നാസി മാതൃകയില്‍ ആര്‍.എസ്.എസ് എന്ന അര്‍ധസൈനിക സംഘം രൂപീകരിക്കുകയും ചെയ്തു മൂഞ്ചെ. ഇതേ വംശീയ ലക്ഷ്യത്തോടെ, ഇന്ത്യന്‍ സൈന്യത്തിലേക്ക് തങ്ങളുടെ ആളുകളെ റിക്രൂട്ട് ചെയ്യാനായി, യുവാക്കള്‍ക്കു വേണ്ടി, നാസിക്കില്‍ ഭോണ്‍സാല മിലിറ്ററി സ്‌കൂള്‍ സ്ഥാപിച്ചതും ഇതേ മൂഞ്ചെ തന്നെയാണ്. ഈ ആസൂത്രണങ്ങളെയാണ് മഹാത്മാ ഗാന്ധിയും അംബേദ്കറും ആസാദും നെഹ്‌റുവും മറ്റും ചേര്‍ന്ന് സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണവേളയില്‍ തകര്‍ത്തുകളഞ്ഞത്.

പാകിസ്താന്‍ വാദത്തിന്റെ വക്താക്കള്‍

കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലെ നിയമ വിദ്യാര്‍ഥിയായിരുന്ന ചൗധരി റഹ്മത്തലിയാണ് 1933-ല്‍ പാകിസ്താന്‍ എന്ന ആശയം ആദ്യമായി മുന്നോട്ട് വെക്കുന്നത്. ചീം ീൃ ചല്‌ലൃ; അൃല ണല ീേ ഘശ്‌ല ീൃ ജലൃശവെ എീൃല്‌ലൃ എന്ന തലക്കെട്ടില്‍, പാകിസ്താന്‍ പ്രഖ്യാപനം എന്നറിയപ്പെട്ട ഒരു ലഘുലേഖയിലാണ് റഹ്മത്തലി തന്റെ മുസ്‌ലിം രാഷ്ട്ര സങ്കല്‍പ്പം അവതരിപ്പിച്ചത്. ലണ്ടനില്‍ നടന്ന നാലാം വട്ടമേശ സമ്മേളനത്തിലെ പ്രതിനിധികളെ അഭിസംബോധന ചെയ്യുന്നതായിരുന്നു ഈ പ്രബന്ധം. പക്ഷേ, ഒരു വിദ്യാര്‍ഥിയുടെ അഭിപ്രായം എന്നതിനപ്പുറം ആരും ഈ നിര്‍ദേശത്തെ മുഖവിലക്കെടുത്തില്ല. ജിന്ന ഉള്‍പ്പെടെയുള്ളവരെ ക്ഷണിച്ച് റഹ്മത്തലി ഒരു വിരുന്ന് സംഘടിപ്പിക്കുകയുണ്ടായി. പാകിസ്താന്‍ ആശയം ജിന്നയുടെയും മറ്റും മനസ്സിലേക്ക് കയറ്റിവിടലായിരുന്നു ലക്ഷ്യം. വിരുന്നില്‍ പങ്കെടുത്ത ജിന്ന പക്ഷേ പാകിസ്താന്‍ രാഷ്ട്രം എന്ന ആശയം അംഗീകരിച്ചില്ല. 'കക്കയിറച്ചി മാത്രമേ ജിന്നക്ക് ദഹിച്ചുള്ളൂ, പാകിസ്താന്‍ എന്ന ആശയം ദഹിച്ചില്ല' എന്നാണത്രെ ഇതുസംബന്ധിച്ച് തമാശ രൂപേണ അന്ന് പലരും വിലയിരുത്തിയത്. എന്നാല്‍, റഹ്മത്തലി തന്റെ സ്വപ്‌നവുമായി മുന്നോട്ട് പോവുകയും തുടര്‍ന്നും നിരവധി ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പാകിസ്താന്‍ ദേശീയ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം, ഉദ്ദിഷ്ട മുസ്‌ലിം രാഷ്ട്രത്തിന്റെ മാപ്പും 'പാകിസ്താനു' പുറമെ നിരവധി പേരുകളും നിര്‍ദേശിക്കുകയുണ്ടായി; ഹൈദറിസ്താന്‍, സിദ്ദീഖിസ്താന്‍, ഫാറൂഖിസ്താന്‍, മുഈനിസ്താന്‍, മാപ്ലിസ്താന്‍, സഫീസ്താന്‍, നാസറിസ്താന്‍ തുടങ്ങിയവയായിരുന്നു ആ പേരുകള്‍!
മഹാകവിയും സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ അന്നത്തെ പ്രസിഡന്റുമായിരുന്ന അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍, മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനങ്ങള്‍ ചേര്‍ത്ത് ഒരു സ്വയംഭരണാധികാര സ്റ്റേറ്റ് എന്ന ആശയം മുന്നോട്ട് വെച്ചിരുന്നെങ്കിലും അന്നത്തെ മുസ്‌ലിം നേതൃത്വം അത് ഗൗരവത്തില്‍ എടുത്തില്ല. ഇഖ്ബാലിന്റെ ആശയങ്ങള്‍ ജിന്ന തള്ളിക്കളയുകയാണുണ്ടായത്. 'ഒരു കവിയുടെ സ്വപ്‌നമാണ് ഇഖ്ബാലിന്റേത്' എന്നാണ് ലണ്ടനില്‍ വെച്ച് ജിന്ന പ്രതികരിച്ചത്. 1905 -ലെ ബംഗാള്‍ വിഭജനത്തിനും ജിന്ന എതിരായിരുന്നു. മതേതരത്വത്തിന്റെ അംബാസഡറായിരുന്നു ജിന്ന എന്ന് എല്‍.കെ അദ്വാനി പാകിസ്താന്‍ സന്ദര്‍ശനവേളയില്‍ വിശേഷിപ്പിച്ചത് ഓര്‍ക്കുക. മുഹമ്മദലി ജിന്ന ദ്വിരാഷ്ട്ര വാദത്തിലും പാകിസ്താന്‍ രൂപീകരണത്തിലും പ്രധാന പ്രതിയല്ല എന്ന് ബി.ജെ.പി നേതാവായിരുന്ന ജസ്വന്ത് സിംഗ് തന്റെ, 'ജിന്ന, ഇന്ത്യ, പാര്‍ടീഷ്യന്‍, ഇന്‍ഡിപെന്റന്‍സ്' എന്ന പുസ്തകത്തില്‍ അവതരിപ്പിച്ചത് ഏറെ വിവാദമാവുകയുണ്ടായല്ലോ. ഹിന്ദു -മുസ്‌ലിം ഐക്യം മുന്‍നിര്‍ത്തിയുള്ള 1916-ലെ ലഖ്‌നൗ കരാര്‍ ജിന്നയുടെ വലിയ നേട്ടമായിരുന്നു, ഇന്ത്യാ വിഭജനത്തിന്റെ പാപഭാരം ജിന്നയുടെ തലയില്‍ കെട്ടിവെക്കുകയായിരുന്നു, സര്‍ദാര്‍ പട്ടേലും നെഹ്‌റുവുമായിരുന്നു അതിന്റെ ഉത്തരവാദികള്‍ എന്നൊക്കെയാണ് ജസ്വന്ത് സിംഗിന്റെ വിലയിരുത്തല്‍. ഇന്ത്യാ-പാക് വിഭജനം ഒഴിച്ചുകൂടാന്‍ പറ്റാത്തതായിരുന്നില്ല, ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്ന ജസ്‌വന്ത് സിംഗിന്റെ നിരീക്ഷണവും ശ്രദ്ധേയമാണ്. ഹിന്ദുമഹാസഭ ദ്വിരാഷ്ട്ര വാദം മുന്നോട്ട് വെച്ച ആദ്യഘട്ടത്തിലൊന്നും മുസ്‌ലിം നേതാക്കളോ സമുദായമോ അത് അംഗീകരിക്കുകയേ ഉണ്ടായില്ല. എന്നാല്‍, പിന്നീട്  സാമുദായിക ധ്രുവീകരണത്തിന്റെ സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ടവരും, റഹ്മത്തലിയുടെ ആശയങ്ങള്‍ പിന്തുടര്‍ന്നവരുമൊക്കെ ചേര്‍ന്ന് 1940-ഓടെ പാകിസ്താന്‍ വാദത്തിന് ഒരു ഭാഗത്ത് സ്വീകാര്യത നേടിക്കൊടുക്കുകയായിരുന്നു.
സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ ലാഹോര്‍ സമ്മേളനം നടക്കുന്നത് 1940 മാര്‍ച്ച് 23-നാണ്. മുസ്‌ലിം ലീഗ്, പാകിസ്താന്‍ രാഷ്ട്രം ഔദ്യോഗികമായി  ആവശ്യപ്പെടുന്ന പ്രമേയം മുഹമ്മദലി ജിന്നയുടെ നേത്യത്വത്തില്‍ ഈ സമ്മേളനത്തിലാണ് പാസാക്കിയത്. അഥവാ, ഹിന്ദുമഹാസഭ ദ്വിരാഷ്ട്ര വാദം മുന്നോട്ട് വെച്ച് അരനൂറ്റാണ്ട് കഴിഞ്ഞാണ് ഇന്ത്യ രണ്ടു രാഷ്ട്രങ്ങളാണെന്ന നിലപാട്  ജിന്ന കൈക്കൊണ്ടത്. ഇതോടെ, സംഘ്പരിവാറിന്റെ വിഭജനവാദത്തെ, നീണ്ട പതിറ്റാണ്ടുകള്‍ക്ക് ശേഷം സര്‍വേന്ത്യാ മുസ്‌ലിം ലീഗ് അംഗീകരിക്കുകയായിരുന്നു. ആര്‍.എസ്.എസ് തീവ്രപ്രചാരണം നല്‍കിയ ആര്യന്‍ വംശീയ ജാതിരാഷ്ട്രം, ബംഗാള്‍ വിഭജനം, വര്‍ഗീയ കലാപങ്ങളും സാമുദായിക ധ്രുവീകരണവും, കോണ്‍ഗ്രസിനകത്തെ ഒരു വിഭാഗത്തിന്റെ നിലപാട് തുടങ്ങിയവയോടൊപ്പം, മുസ്‌ലിംകളില്‍ ഒരു വിഭാഗത്തില്‍ ശക്തിപ്പെട്ട സാമുദായിക വൈകാരികതയും സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ  പാകിസ്താന്‍ പ്രമേയത്തിന് നിമിത്തമായി. അവകാശങ്ങളില്‍ പലതും നിഷേധിക്കപ്പെടുന്നു എന്ന് അനുഭവങ്ങളിലൂടെ ബോധ്യപ്പെടുകയും സ്വന്തമായൊരു രാഷ്ട്രമല്ലാതെ അതിന് പരിഹാരമില്ലെന്ന് തോന്നുകയും ചെയ്തപ്പോഴാണ്, ജിന്ന വിഭജനത്തിന്റെ വക്താവായത്. 1940 മുതല്‍ മാത്രമാണ് ജിന്ന വാശിയോടെ പാകിസ്താന്‍ വാദം പ്രചരിപ്പിച്ചതെന്ന് ഓര്‍ക്കേണ്ടതാണ്. 1937-ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതും ജിന്നയെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചതായി ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്. 1945-46-ലെ തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ വാദം ഉന്നയിച്ചാണ് ജിന്ന പ്രചാരണം നടത്തിയതെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ ലീഗിന് കഴിഞ്ഞില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൂടെ ധ്രുവീകരണം ശക്തിപ്പെടുകയും വിഭജനം ഉറപ്പാവുകയും ചെയ്തു.
എന്നാല്‍, വിഭജനത്തെ ശക്തമായി എതിര്‍ക്കുന്ന ദേശീയ നേതാക്കളും മുസ്‌ലിം നേതാക്കളും ധാരാളം ഉണ്ടായിരിക്കെ, ആര്‍.എസ്.എസിന്റെ ദ്വിരാഷ്ട്ര വാദത്തെ തള്ളിക്കളയുകയായിരുന്നു ജിന്നയും സര്‍വേന്ത്യാ ലീഗും ചെയ്യേണ്ടിയിരുന്നത്. 'ഇന്ത്യ മതാധിഷ്ഠിതമായി രണ്ടാണെന്ന് നിങ്ങള്‍, ആര്‍.എസ്.എസ് പറയുന്നു. ഞങ്ങള്‍ അത് അംഗീകരിക്കുന്നില്ല, ഇന്ത്യ ഒന്നാണ്' എന്നായിരുന്നു ജിന്ന പറയേണ്ടിയിരുന്നത്. എണ്‍പത് വര്‍ഷങ്ങള്‍ മുമ്പെടുത്ത ഒരു നിലപാടിനെക്കുറിച്ച്, അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിസ്മരിച്ച്, ഇന്ന് നടത്തുന്ന വിമര്‍ശനാത്മക വിലയിരുത്തലല്ല ഇത്. അന്നു തന്നെ, ജിന്നയെയും മറ്റും പ്രമുഖ മുസ്‌ലിം നേതാക്കള്‍ താക്കീത് ചെയ്തത് ഓര്‍മപ്പെടുത്തുക മാത്രമാണ്. അത്യന്തം വൈകാരികമായ പ്രക്ഷുബ്ധാവവസ്ഥകളില്‍ വിവേകത്തിന്റെ ശബ്ദം സ്വീകാര്യമാവുക അപൂര്‍വമാണ്. അതു തന്നെയാകണം അന്ന് സംഭവിച്ചത്. എന്നാല്‍, വിഭജനത്തിന്റെ ഭവിഷ്യത്തിനെക്കുറിച്ച്, അബുല്‍ കലാം ആസാദും അല്ലാ ബഖ്ഷും അബുല്‍ അഅ്‌ലാ മൗദൂദിയും ഉള്‍പ്പെടെയുള്ള മുസ്‌ലിം നേതൃത്വം അന്ന് നല്‍കിയ മുന്നറിയിപ്പുകള്‍ സത്യമായി പുലരുന്നത് എങ്ങനെയെന്ന് ഇന്ന് നമുക്ക് അനുഭവിച്ചറിയാനാകുന്നുണ്ടല്ലോ. ചരിത്രത്തിന്റെ ഈ പാഠം വര്‍ത്തമാനകാലത്തെ നിലപാടുകള്‍ക്ക് മാര്‍ഗദര്‍ശകമാകേണ്ടതാണ്.
സര്‍വേന്ത്യാ മുസ്‌ലിം ലീഗും ജിന്നയും അന്ന് കൈക്കൊണ്ട നിലപാടിനെക്കുറിച്ച് ഡോ. ബി.ആര്‍ അംബേദ്കറിന്റെ നിരീക്ഷണം കൂടി ശ്രദ്ധിക്കുക; 'വിചിത്രമായിതോന്നാം, ഏക രാഷ്ട്ര-ദ്വിരാഷ്ട്ര പ്രശ്‌നത്തില്‍, തമ്മില്‍ വിയോജിക്കുന്നതിന് പകരം, പരസ്പരം യോജിക്കുകയാണ് സവര്‍ക്കറും ജിന്നയും ചെയ്തത്. ഇന്ത്യ, ഹിന്ദു രാഷ്ട്രവും മുസ്‌ലിം രാഷ്ട്രവും എന്ന രണ്ട് രാജ്യങ്ങളാണെന്ന നിലപാട് ഇരു വിഭാഗവും അംഗീകരിക്കുകയായിരുന്നു'.25 സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മര്‍ദമാണ് ജിന്നയെ അങ്ങനെയൊരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിച്ചതെന്ന് പറയാം. പക്ഷേ,  സമ്മര്‍ദങ്ങളെ മറികടന്ന്, മൗദൂദിയും ആസാദും മറ്റനവധി മുസ്‌ലിം നേതാക്കളും മുന്നോട്ടുവെച്ച, ദീര്‍ഘദര്‍ശനപരമായ നിലപാട് പ്രയോഗത്തില്‍ വരുത്തുമ്പോഴാണ് ഒരാള്‍ മികച്ച നേതാവാകുന്നത്. അന്ന് വിഭജിച്ചിരുന്നില്ലെങ്കില്‍, പിന്നീട് ഇന്ത്യയുടെ വിഭജനം നടക്കുമായിരുന്നുവെന്ന നിരീക്ഷണം ശരിയായിരിക്കാം. പക്ഷേ, ആ വിഭജനം മതാധിഷ്ഠിതമായ രണ്ട് രാജ്യങ്ങള്‍ എന്നതില്‍ പരിമിതമാകാന്‍ യാതൊരു സാധ്യതയുമുണ്ടാകുമായിരുന്നില്ല. മൗണ്ട് ബാറ്റണ്‍ ആദ്യം അവതരിപ്പിച്ച വിഭജനരേഖ രണ്ടു രാഷ്ട്രങ്ങളുടേതായിരുന്നില്ല എന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. 

(തുടരും)


കുറിപ്പുകള്‍

13. Maratha [V. D. Savarkar],  Hindutva, VV Kelkar, Nagpur, 1923, p. 88.
    Lise McKean, 15 May 1996. Divine Enterprise: Gurus and the Hindu Nationalist Movement. University of Chicago Press. pp. 73, 79, 85. ISBN 978-0-226-56010-6.^ Dhananjay Keer , 1971
14. Dr. Ambedkar: Life and Mission. Popular Prakashan. p. 54. ISBN 978-81-7154-237-6
15. Savarkar, Modi‑’s mentor: The man who thought Gandhi a sissy”. The Economist. 20 December 2014. Archived from the original on 6 February 2016. Retrieved 22 December 2014.^ Jyotirmaya Sharma, 2011). Hindutva: Exploring the Idea of Hindu Nationalism ,Third ed. Penguin Books India. p. 128. ISBN 978-0-14-341818-4.
16. Maratha ,V. D. Savarkar, Hindutva, VV Kelkar, Nagpur, 1923, p. 88
17. Cited in Dhanki, J. S., Lala Lajpat Rai and Indian Nationalism, S Publications, Jullundur, 1990, p. 378
18. Samagar Savarkar Wangmaya (Collected Works of Savarkar), Hindu Mahasabha,  Poona, 1963, p.296
19. Religious Dimensions of Indian Nationalism: A Study of RSS. Shamsul Islam , Media House. pp. 313. The jan Sangh: A biography of an Indian Political Party, Baxter, Craig. University of Pennsylvania Press. p. 20.
20. Collected Works of V.D. Savarkar. Maharashtra Prantik Hindusabha. pp. 479-480.  B. R. Ambedkar, Pakistan or the Partition of India, Govt. of Maharashtra, Bombay, 1990, Reprint of 1940 edition, p.479,480.
21. Asian Societies in Comparative Perspective: Papers Presented at the 7th Annual Conference of the Nordic Association for Southeast Asian Studies, Møn, Denmark, 1990. NIAS Press. 1991. pp. 800-. ISBN 978-87-87062-14-5.
22.    The RSS and the BJP: A Division of Labour.Abdul Gafoor Abdul Majeed Noorani, LeftWord Books. pp. 59.
23.    ഓര്‍ഗനൈസര്‍, 1947 ആഗസ്റ്റ് 1424.    Economic and Political weeky, January 22, 2000
25.    B. R. Ambedkar, Pakistan or the Partition of India, Govt. of Maharashtra, Bombay, 1990 [Reprint of 1940 edition], p. 142

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

നാല് മൂല്യങ്ങള്‍
അമല്‍ അബൂബകര്‍