Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 21

3140

1441 ജമാദുല്‍ ആഖിര്‍ 27

തോല്‍ക്കാന്‍ മനസ്സില്ലാത്ത പോരാളികള്‍

ആലിക്കോയ പള്ളിക്കലകം

സംഘ് പരിവാര്‍ ഫാഷിസത്തെയും പൗരത്വ ഭേദഗതി നിയമത്തെയും കുറിച്ച് പ്രമുഖ എഴുത്തുകാരുടെ ഗഹനവും പ്രൗഢവുമായ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകമാണ് 'പോകാന്‍ മനസ്സില്ല.' പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കകം രണ്ടാം പതിപ്പു പുറത്തിറങ്ങി എന്നതില്‍നിന്നുതന്നെ പുസ്തകത്തിന്റെ പ്രസക്തി മനസ്സിലാക്കാം. കെ.ഇ.എന്‍ എഡിറ്റ് ചെയ്ത ഈ പുസ്തകത്തില്‍ ഡോ. എം.ജി.എസ് നാരായണന്‍, എം.പി വീരേന്ദ്രകുമാര്‍, സച്ചിദാനന്ദന്‍, കെ.പി രാമനുണ്ണി, പി.കെ പോക്കര്‍, പി.കെ പാറക്കടവ്, എന്‍.പി ഹാഫിസ് മുഹമ്മദ്, എന്‍.പി ചെക്കുട്ടി, വേണു അമ്പലപ്പടി, ഹസനുല്‍ ബന്ന, മുഹമ്മദ് താഹിര്‍ (യു.എസ്.എ), ടി. മുഹമ്മദ് വേളം, ഇ.കെ ദിനേശന്‍,  ഡോ. കെ. അശ്‌റഫ് തുടങ്ങിയവരുടെ മികവുറ്റ ലേഖനങ്ങളുണ്ട്
അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ദല്‍ഹി ജാമിഅ മില്ലിയ്യ മുതലായ കാമ്പസുകളില്‍ തുടങ്ങിവെച്ച പ്രതിഷേധ തീനാളം രാജ്യമൊന്നാകെ പടര്‍ന്നു കത്തുന്നു.  അമേരിക്കന്‍ ഐക്യനാടുകള്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, ന്യൂസിലാന്റ്, ജര്‍മനി തുടങ്ങിയ ലോകരാജ്യങ്ങളിലും ജനകീയ പ്രക്ഷോഭത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പരിപാടികള്‍ വ്യാപകമായി നടക്കുന്നുണ്ട്. ഇത്രയും പ്രധാനമായ വിഷയത്തിലെ  പ്രമുഖ എഴുത്തുകാരുടെ ശ്രദ്ധേയമായ ഇടപെടലുകളാണ് ഈ പുസ്തകം.
ഓരോ ലേഖനത്തിലും സംഘ് പരിവാര്‍ ഫാഷിസത്തിനെതിരായ രോഷവും പ്രതിഷേധവും നിറഞ്ഞുനില്‍ക്കുന്നു. എം.പി വീരേന്ദ്രകുമാര്‍ എം.പി എഴുതുന്നു: ''വിശ്വമാനവികതയെ ഹൃദയമിടിപ്പാക്കിയ മഹാത്മജിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികം നമ്മള്‍ ആഘോഷിച്ച ഈ വേളയിലാണ് രാജ്യത്ത് മോദി സര്‍ക്കാര്‍ ദേശീയ പൗരത്വ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ താല്‍പര്യമെന്ന മട്ടില്‍ ഒരു പാര്‍ട്ടിയുടെ ഇംഗിതങ്ങള്‍ ഒന്നൊന്നായി രാജ്യത്ത് നടപ്പാക്കുന്ന കാഴ്ചയാണ് നാമിപ്പോള്‍ കാണുന്നത്...... ഈ സാഹചര്യത്തില്‍ ദേശീയതലത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ഭിന്നതകള്‍ മാറ്റിവെച്ചുകൊണ്ട് രാജ്യതാല്‍പര്യത്തിനായി ഒരുമിക്കണം. ന്യൂനപക്ഷങ്ങളെ അടക്കിഭരിച്ചുകൊണ്ട് രാജ്യം ഭൂരിപക്ഷ മതസ്ഥരുടേതാക്കി മാറ്റാനുള്ള അപകടകരമായ ശ്രമങ്ങളെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു...''
'പൗരത്വ ഭേഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ തുടങ്ങിയ വിവേചനപരവും ഭരണഘടനയുടെ മൂലതത്ത്വങ്ങള്‍ക്കു വിരുദ്ധവുമായ നീക്കങ്ങള്‍ക്കെതിരെ ഇപ്പോള്‍ നാടെമ്പാടും നടക്കുന്ന പ്രക്ഷോഭം മുമ്പെങ്ങുമില്ലാത്ത വിധം ഭയപ്പെടുത്തുന്നുണ്ടെന്നു വേണം കരുതാന്‍' എന്നെഴുതിയ പ്രമുഖ കവി സച്ചിദാനന്ദന്‍ മാതാപിതാക്കളുടെ ജനനരേഖകള്‍ കാണിക്കുകയെന്നത് എല്ലാ മതങ്ങളിലും പെട്ട പാവങ്ങള്‍ക്കു മാത്രമല്ല, മധ്യവര്‍ഗത്തില്‍ പെട്ട ഇന്ത്യക്കാര്‍ക്കു പോലും പ്രയാസകരമാണെന്ന് സൂചിപ്പിക്കുന്നു.
'അടുക്കളയിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച മാംസത്തിന്റെ പേരില്‍ മനുഷ്യരെ അടിച്ചു കൊല്ലുമ്പോഴും തീവണ്ടിയാത്രക്കാരന്റെ പൊതിച്ചോറില്‍ ഒളിഞ്ഞിരിക്കുന്ന ബീഫിന്റ പേരില്‍ അടിച്ചു കൊല്ലുമ്പോഴും പ്രതികരിക്കാത്ത, വേദനിക്കാത്ത, കണ്ണു നനയാത്ത, അരുത് എന്നു പറയാന്‍ കഴിയാത്ത ഒരു ജനതയായി ഇന്ത്യക്കാരായ നമ്മളും മാറിയില്ലേ എന്ന ആശങ്ക മാത്രമല്ല യാഥാര്‍ഥ്യവും നമുക്കു മുന്നിലുണ്ടെ'ന്നു  പി.കെ പോക്കര്‍ എഴുതുന്നു. അദ്ദേഹം തുടരുന്നു; 'വാജ്‌പേയ് ഗവണ്‍മെന്റിന്റെ കാലത്ത് 2003 മെയ് 7-ന് അന്നത്തെ ആഭ്യന്തരമന്ത്രി എല്‍.കെ അദ്വാനി ഒപ്പിട്ടു പ്രസിദ്ധീകരിച്ച ഉത്തരവാണ് ഇന്ത്യന്‍ പൗരത്വ രജിസ്‌ട്രേഷനിലൂടെ ഓരോ ഇന്ത്യക്കാരനും കടന്നുപോകണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഭേദഗതി വാസ്തവത്തില്‍ ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രനിര്‍മിതിക്കു വേണ്ട തുടക്കമായിരുന്നു .....'
'ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഹൈന്ദവരെയും ഹിന്ദു ധര്‍മത്തെയുമാണ് കൂടുതല്‍ പരിക്കേല്‍പ്പിച്ചിട്ടുള്ളത്, മുസ്‌ലിംകളെയോ മറ്റു ന്യുനപക്ഷങ്ങളെയോ അല്ല' എന്ന് കെ.പി രാമനുണ്ണി ചൂണ്ടിക്കാട്ടുന്നു. മൂന്നു കഥകളില്‍ കൂടി പൗരത്വം തെളിയിക്കാനാവശ്യമായ രേഖകള്‍ സംബന്ധിച്ച് മനോഹരമായി വര്‍ണിച്ചിരിക്കുന്നു പി.കെ.പാറക്കടവ്. 'എന്താണ് ഈയൊരു കാലത്ത് ഇങ്ങനെയൊരു പൗരത്വ ഭേദഗതി നിയമം കൊണ്ടുവരാനുള്ള പാതിരാ ശ്രമമെന്നതിന് ന്യായീകരണം നല്‍കാന്‍ ഭരണകര്‍ത്താക്കള്‍ക്കോ അവരെ പിന്താങ്ങുന്നവര്‍ക്കോ സാധിച്ചിട്ടില്ല' എന്ന് വിശദീകരിക്കുന്ന എന്‍.പി ഹാഫിസ് മുഹമ്മദ് തുടര്‍ന്നെഴുതുന്നു: 'അസമില്‍ 80 ലക്ഷത്തോളം മുസ്‌ലിംകള്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്ന് ഇക്കാലം വരെയും പെരുംനുണ പറഞ്ഞു പ്രചരിപ്പിച്ചവര്‍ തന്നെ നടത്തിയ കണക്കെടുപ്പില്‍ വസ്തുതകള്‍ പുറത്തുവന്നിരിക്കുന്നു... മഹാഭൂരിപക്ഷം കുടിയേറിയ ഹൈന്ദവരാണെന്നു തെളിഞ്ഞതാണ്....'
'ഹിന്ദുക്കള്‍, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ജൈനര്‍, ബുദ്ധര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയില്‍ വര്‍ത്തിച്ചു. അങ്ങനെ മഹത്തായ ഒരു പാരമ്പര്യമുണ്ട് നമുക്ക്. അത് നഷ്ടപ്പെടാതെ സൂക്ഷിക്കുകയും സമാധാനപരമായ ആശയസംവാദത്തിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും വേണം' എന്നു എം.ജി.എസ് നാരായണന്‍ വിലയിരുത്തുന്നു. പശു ഇന്ത്യന്‍ സാമൂഹിക ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും അത്രമാത്രം പ്രധാനമായ പ്രതീകമാണ് എന്നു വെളിപ്പെടുത്തുന്ന സംഭവമാണിതെന്നു 1950-കളില്‍ ജവഹര്‍ലാല്‍ നെഹറു പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഇന്ത്യയില്‍ ഗോഹത്യ നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ദേശീയ പ്രക്ഷോഭം നടന്നതു സംബന്ധിച്ച് എന്‍.പി ചെക്കുട്ടി എഴുതുന്നു.
'പൗരത്വ ബില്ലും പ്രക്ഷോഭ വീറും' എന്ന കെ.ഇ.എന്നുമായി നടത്തിയ അഭിമുഖം ഈ ഗ്രന്ഥത്തെ സമ്പന്നമാക്കുന്നു. പൗരത്വ ബില്ല് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കെ.ഇ.എന്‍ നല്‍കുന്ന മറുപടികള്‍ വളരെ പഠനാര്‍ഹവും വസ്തുതകള്‍ സത്യസന്ധമായി വിവരിക്കുന്നതുമാണ്. 'ചീനാര്‍ മരത്തിന്റെ ആത്മകഥ' എന്ന പേരില്‍ അത്യന്തം മനോഹരമായ ഒരു കവിത ഈ ഗ്രന്ഥത്തില്‍ സച്ചിദാനന്ദന്‍ എഴുതിയിരിക്കുന്നു. സമകാലികപ്രസക്തമായ  നല്ലൊരു വായനാനുഭവമാണിത്.
അമേരിക്കയില്‍ താമസിക്കുന്ന ഫ്രീലാന്റ് ജേര്‍ണലിസ്റ്റായ മുഹമ്മദ് താഹിര്‍ എഴുതുന്നു: 'ഒരു കാര്യം ഉറപ്പാണ്. ഈ നിയമങ്ങള്‍ എല്ലാം നടപ്പിലാക്കിക്കഴിയുമ്പോള്‍ ഒരു വലിയ ശതമാനം ആളുകള്‍ക്കും അവരുടെ പൗരത്വം നിഷേധിക്കപ്പെടാം. അവരുടെ വോട്ടവകാശം നഷ്ടപ്പെട്ടേക്കാം. അത് ഒരു പ്രത്യേക മതവിഭാഗത്തില്‍പെട്ടവര്‍ മാത്രം ആയിരിക്കില്ല. അതില്‍പെട്ടവര്‍ മുഴുവന്‍ പാവപ്പെട്ടവരും സ്‌കൂളില്‍ പോകാന്‍ പറ്റാത്തവരും വിദേശത്ത് കഴിയുന്നവരുമൊക്കെ ആയിരിക്കും.'
പ്രമുഖ പത്രപ്രവര്‍ത്തകനും മാധ്യമം ദല്‍ഹി ബ്യൂറോ ചീഫുമായ ഹസനുല്‍ ബന്നയുടെ അന്വേഷണാത്മകവും ഗംഭീരവുമായ ലേഖനം പൗരത്വ ഭേദഗതി ബില്ലിന്റെ നാനാവശങ്ങളും സ്പര്‍ശിക്കുന്നതോടൊപ്പം അസമിലെ വര്‍ത്തമാനകാല സ്ഥിതിവിവരങ്ങളും വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. മാതാപിതാക്കളുടെ പേരുണ്ടായിട്ടും പ്രായപൂര്‍ത്തിയാകാത്ത അവരുടെ മക്കള്‍ പൗരത്വ പട്ടികയില്‍നിന്ന് ഒഴിവായ സംഭവങ്ങളായിരുന്നു അസമില്‍ കൂടുതല്‍ കണ്ടതെന്നും അദ്ദേഹം തെളിവുകള്‍ സഹിതം വിശദീകരിക്കുന്നു. കിട്ടാത്ത രേഖകള്‍ ചോദിച്ചാല്‍ അത്രയും പേരെ പുറത്താക്കാമെന്നതു തന്നെയാണ് അധികൃതരുടെ ഉന്നമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ടി. മുഹമ്മദ് വേളം, ഡോ. കെ. അശ്‌റഫ്, വേണു അമ്പലപ്പടി, ഇ.കെ ദിനേശന്‍ തുടങ്ങിയവരുടെ പഠനാര്‍ഹമായ  ലേഖനങ്ങളും പുസ്തകത്തില്‍ വായിക്കാം.
പൗരത്വ ഭേദദഗതി നിയമത്തിന്റെ (THE CITIZENSHIP (AMENDMENT ) ACT 2019 No 47 of 2019) പകര്‍പ്പും മലയാള പരിഭാഷയും അനുബന്ധമായി നല്‍കിയത് പുസ്തകത്തിന്റെ പ്രത്യേകതയാണ്. പൗരത്വ ഭേദഗതി ബില്ലിന്റെ എല്ലാ വശങ്ങളും സ്പര്‍ശിക്കുന്ന ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം ഈ പ്രക്ഷോഭകാലത്തെ മികച്ച വൈജ്ഞാനിക ഇടപെടലാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

നാല് മൂല്യങ്ങള്‍
അമല്‍ അബൂബകര്‍