Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 21

3140

1441 ജമാദുല്‍ ആഖിര്‍ 27

കായംകുളം സമ്മേളനത്തിന്റെ ഗൃഹാതുര സ്മരണകള്‍

കെ.എ ജബ്ബാര്‍ അമ്പലപ്പുഴ

'മുറാദ് ഹോഫ്മന്‍, വിശ്വാസത്തിന്റെ പച്ചപ്പിലെന്നും' എന്ന തലക്കെട്ടില്‍ വി.എം ഇബ്‌റാഹീം എഴുതിയ അനുസ്മരണ ലേഖനം (ലക്കം 34) രണ്ടു പതിറ്റാണ്ട് പിന്നിലേക്കു പ്രബോധനം വായനക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ പര്യാപ്തമായി. മുറാദ് ഹോഫ്മന്റെ മരണവാര്‍ത്ത മാധ്യമത്തില്‍ കണ്ടപ്പോള്‍ മനസ്സില്‍ ഓടി എത്തിയത് കായംകുളത്ത് നടന്ന എസ്.ഐ.ഒ സമ്മേളന വേദിയിലെ സുസ്‌മേരവദനനായ അദ്ദേഹത്തിന്റെ പ്രൗഢമായ പ്രഭാഷണമാണ്. ദേശീയപാതയോരത്തെ പുല്‍ക്കാടുനിറഞ്ഞ ചതുപ്പുനിലം യന്ത്രസാമഗ്രികളുടെയൊന്നും സഹായമില്ലാതെ കുറേ പ്രവര്‍ത്തകരുടെ വിശ്രമമില്ലാത്ത കഠിന പരിശ്രമം കൊണ്ട് സമ്മേളന നഗരിയാക്കി മാറ്റി. ആവേശത്തോടെ പരിപാടികള്‍ക്കായി കാത്തിരിക്കുമ്പോള്‍ സമ്മേളന തലേ രാത്രി പെയ്ത ശക്തമായ മഴ പ്രവര്‍ത്തകരെ സ്തബ്ധരാക്കിയെങ്കിലും ആവേശവും ആത്മവിശ്വാസവും കൈവിടാതെ വെള്ളത്തില്‍ മുങ്ങിയ സമ്മേളന നഗരിയെ പൂര്‍വസ്ഥിതിയിലാക്കാന്‍ പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു. നാട്ടുകാരുടെ നിസ്സീമമായ സഹകരണത്തോടെ പ്രൗഢമായ സദസ്സില്‍ സമ്മേളനം തുടങ്ങി. രണ്ടാംദിവസം സമാപന സമ്മേളനത്തില്‍ മുറാദ് ഹോഫ്മന്റെ പ്രസംഗം ആരംഭിക്കാനിരിക്കെ കോരിച്ചൊരിയുന്ന മഴ ആരംഭിച്ചു. അന്നത്തെ അമീര്‍ കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ആഹ്വാനം വന്നു. ഒരു പ്രവര്‍ത്തകനും ഇരിപ്പിടത്തില്‍നിന്നും എഴുന്നേല്‍ക്കാന്‍ പാടില്ല. കാരണം പതിനയ്യായിരം കിലോമീറ്റര്‍ താണ്ടി ഇവിടെ എത്തിയ നമ്മുടെ അതിഥിയോടുള്ള അനാദരവായിരിക്കുമത്. അമീറിന്റെ വാക്കുകള്‍ അക്ഷരംപ്രതി ഉള്‍ക്കൊണ്ട അനുയായികള്‍ കോരിച്ചൊരിയുന്ന മഴ സസന്തോഷം ആസ്വദിച്ചു പരിപാടി ധന്യമാക്കിയത് കണ്ട മര്‍ഹൂം കെ. മൊയ്തു മൗലവി തന്റെ വികാരനിര്‍ഭരവും ഭക്തിസാന്ദ്രവുമായ ഉദ്‌ബോധന പ്രാര്‍ഥനയില്‍ അത് പ്രത്യേകം എടുത്തു പറഞ്ഞു. അമീറിന്റെ അഭ്യര്‍ഥന ശിരസ്സാ വഹിച്ച ഈ യുവസമൂഹത്തില്‍ തീര്‍ച്ചയായും പ്രതീക്ഷ കാണുന്നു. പതിറ്റാണ്ട് കഴിയുമ്പോഴും മറ്റൊരു പ്രസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്ത ഇസ്‌ലാമിലെ ഇമാറത്തും ഇത്വാഅത്തും കാത്തുസൂക്ഷിച്ചു മുന്നേറാന്‍ കഴിയുന്നത്, നമ്മുടെ പൂര്‍വികരായ നേതാക്കളുടെ നിസ്വാര്‍ഥമായ ത്യാഗപരിശ്രമങ്ങള്‍ കാരണമായിരുന്നു.
പുതിയ കാലഘട്ടത്തിലും സമുദായവും പ്രസ്ഥാനവും അഭിമുഖീകരിക്കുന്ന തീക്ഷ്ണമായ വെല്ലുവിളികള്‍ നേരിടാന്‍ പൂര്‍വിക നേതാക്കളുടെ ത്യാഗസന്നദ്ധതയും അര്‍പ്പണബോധവും തിരിച്ചുപിടിക്കുക മാത്രമേ വഴിയുള്ളൂ. ഓര്‍മയുടെ ഓരങ്ങളില്‍നിന്നും ആ സമ്മേളനത്തിന്റെ ഗൃഹാതുരത്വവും അതിന്റെ മുഖ്യാതിഥിയായ മുറാദ് ഹോഫ്മനും വായനക്കാരിലെത്തിച്ച പ്രബോധനത്തിനും വി.എം ഇബ്‌റാഹീമിനും നന്ദി. 

 

 

ഈ ശത്രുതക്ക് മറ്റൊരു കാരണം കൂടിയുണ്ട്

എ.ആര്‍ എഴുതിയ 'അനവസരത്തിലെ നിഴല്‍ യുദ്ധം' (ലക്കം 3136) എന്ന ലേഖനമാണ് ഈ കത്തിനുള്ള പ്രചോദനം. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജമാഅത്തെ ഇസ്‌ലാമിക്ക് അയിത്തം കല്‍പിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.
കേരളത്തിലെ ഭാവിനേതാക്കളും പ്രവര്‍ത്തകരും ഉരുത്തിരിഞ്ഞുവരേണ്ട കലാലയങ്ങള്‍ പലതും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടന കുത്തകയാക്കിവെച്ചിരുന്നു. മറ്റ് മുഖ്യധാരാ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് പല കലാലയങ്ങളിലും തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനോ യൂനിറ്റ് പോലും ഉണ്ടാക്കാനോ കഴിഞ്ഞിരുന്നില്ല. എസ്.എഫ്.ഐ തങ്ങളുടെ സംഘശക്തി കൊണ്ടും കായികബലം കൊണ്ടും എല്ലാവരെയും അടിച്ചമര്‍ത്തുകയായിരുന്നു. ഈ സ്വഭാവം ഉള്‍ക്കൊള്ളാനാവാത്ത ഒരു വിഭാഗം എസ്.എഫ്.ഐയില്‍നിന്നുതന്നെ ഉയര്‍ന്നുവരികയുണ്ടായി. പക്ഷേ, ഒന്നും അറിയാത്തപോലെ മൗനം ദീക്ഷിക്കുക മാത്രമേ അവര്‍ക്ക് വഴിയുണ്ടായിരുന്നുള്ളൂ. ഈ അവസരത്തില്‍ ഫ്രറ്റേണിറ്റി എന്ന വിദ്യാര്‍ഥി പ്രസ്ഥാനം സഹന സമരത്തിലൂടെ എസ്.എഫ്.ഐയുടെ ഫാഷിസ്റ്റ് അതിക്രമങ്ങളെ ചോദ്യം ചെയ്ത് രംഗത്തുവന്നു. എസ്.എഫ്.ഐക്കെതിരെ ധൈര്യപൂര്‍വം സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിച്ചു. എസ്.എഫ്.ഐയുടെ തനിനിറം ജനമധ്യത്തില്‍ തുറന്നുകാട്ടി. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ നേതാക്കളെ പരസ്യമായി ചോദ്യം ചെയ്തു. സമരങ്ങള്‍ സംഘടിപ്പിച്ചു. ഇത് അവരുടെ മൈലേജ് ഗണ്യമായി കുറച്ചിട്ടുണ്ട്. ഇപ്പോഴത്തെ സി.പി.എം ശത്രുതക്ക് ഇതുംകൂടി കാരണമായിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. 

 

 

ഒന്നായി ചേരണം സംഘ് പരിവാറിനെതിരെ

ആര്‍.എസ്.എസ്സിന്റെ രണ്ടാമത്തെ സര്‍സംഘചാലക്  മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ 'വിചാരധാര'യില്‍ മുസ്‌ലിംകള്‍ മാത്രമല്ല, ക്രൈസ്തവരും വംശഹത്യക്ക് വിധേയരാകേണ്ട ശത്രുക്കളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നിവരെ ആഭ്യന്തര ശത്രുക്കളായാണല്ലോ അതില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ, മുസ്‌ലിംകളും ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും ഒരുമിച്ച് നിന്ന് വംശീയ-വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പൊരുതേണ്ട സന്ദര്‍ഭമാണിത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടക്കത്തില്‍ മടിച്ച് നിന്നിരുന്ന ക്രിസ്തീയ സമൂഹം പതിയെ  കളത്തില്‍ ഇറങ്ങിയതിന്റെ വാര്‍ത്തകള്‍ അങ്ങിങ്ങ് പ്രത്യക്ഷപ്പെടുന്നുണ്ട്. ദല്‍ഹിയിലെ ശാഹീന്‍ ബാഗില്‍ സമരക്കാര്‍ക്ക് ഭക്ഷണം നല്‍കാന്‍ സാമ്പത്തിക പ്രയാസം കാരണം ഫഌറ്റ് വിറ്റ ഡി.എസ്. ബിന്ദ്രയുടെ നേതൃത്വത്തിലുള്ള സിഖ് സമൂഹവുമുണ്ട്. ബഹുസ്വര ജനാധിപത്യ ഇന്ത്യക്ക് കണ്‍കുളിര്‍മ നല്‍കുന്ന കാഴ്ചകളാണിവയെല്ലാം.
മാര്‍ത്തോമ സഭയുടെ ആഭിമുഖ്യത്തില്‍ പമ്പാതീരത്ത് നടന്ന മാരാമണ്‍ കണ്‍വെന്‍ഷനില്‍ മെത്രാപ്പോലീത്ത പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. നിയമം ഉടന്‍ നിരുപാധികമായി പിന്‍വലിക്കണമെന്നും വിസമ്മതിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്തരുതെന്നുമുള്ള ഗോവ - ദാമന്‍ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പി നെറി ഫെരാവോ ആവശ്യപ്പെടുകയുണ്ടായി. ജനാധിപത്യത്തില്‍നിന്ന് മതാധിപത്യ രാജ്യത്തിലേക്ക് രാജ്യത്തെ കൊണ്ട് പോയി മത ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് പൗരത്വ ഭേദഗതി നിയമമെന്നും ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ ഏവര്‍ക്കും കഴിയണമെന്നും ചങ്ങനാശ്ശേരി മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തിലും ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പ് തരുന്ന മതേതരത്വം കാത്തുസൂക്ഷിക്കണമെന്നും മതപരിഗണന കൂടാതെ പൗരത്വം നല്‍കി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും കൊച്ചിയില്‍ നടന്ന പഞ്ചദിന സിനഡ് സമ്മേളനത്തില്‍ സിറോ മലബാര്‍ സഭ ആവശ്യമുന്നയിച്ചതും മതേതരത്വം തകര്‍ക്കാനുള്ള ശ്രമങ്ങളെ ശക്തിയുക്തം എതിര്‍ക്കുമെന്ന് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച് പ്രഖ്യാപിച്ചതും കാണാം. ഇതെല്ലാം ശുഭസൂചനകളാണ്.
രാജ്യത്തുടനീളം പടര്‍ന്ന് പന്തലിച്ച് കൊണ്ടിരിക്കുന്ന വ്യത്യസ്ത കൈവഴികളില്‍ നിന്നുള്ള ഇത്തരം മിന്നല്‍ പിണരുകള്‍ ഒന്നായി ചേര്‍ന്ന് സംഘ്പരിവാറിനെതിരായ അഗ്‌നിഗോളമായി മാറേണ്ടതുണ്ട്. നിയമ ഭേദഗതി മൂലം ഏറെ വില കൊടുക്കേണ്ടി വരുന്ന മുസ്‌ലിം മത-രാഷ്ട്രീയ സംഘടനകള്‍ മാത്രം പൊതുവേദികള്‍ രൂപികരിക്കുന്നതിന് പകരം, ക്രൈസ്തവ സംഘടനകളെയും സമാന ചിന്താഗതിയുള്ള മറ്റു സാമുദായിക-സാംസ്‌കാരിക-രാഷ്ട്രീയ-ഗാന്ധിയന്‍- അഭിഭാഷക- തൊഴിലാളി- വിദ്യാര്‍ഥി- യുവജന  സംഘടനകളെയും ഉള്‍പ്പെടുത്തി പൊതുവേദികള്‍ ജില്ലാ-പ്രാദേശിക തലങ്ങളില്‍ വരെ രൂപീകരിക്കണം. രാജ്യത്തുടനീളം പടരുന്ന ശാഹീന്‍ ബാഗുകള്‍ തട്ടവും തലപ്പാവുമിട്ടവരും ളോഹയിട്ടവരും കന്യാസ്ത്രീ വസ്ത്രധാരികളും കാഷായ-പൂണൂല്‍ ധാരികളും തലപ്പാവ് ധരിച്ച സിഖുകാരും മറ്റും നിറയുന്ന മഴവില്‍ സമരമായി മാറട്ടെ. 'വിചാരധാര' പേറുന്ന വിഷപ്പാമ്പുകളെ തുരത്താന്‍ സകലമാന ഭിന്നതകളും മറന്ന് ജനകീയ പ്രതിരോധവും ഉപരോധവുമല്ലാതെ വെറെയൊരു വഴിയുമില്ല. ഇത്തരമൊരു ജനകീയ ഉയിര്‍ത്തെഴുന്നേല്‍പ്പ്  സംഘ്പരിവാറിനെയും അവര്‍ നിയന്ത്രിക്കുന്ന ഭരണകൂടത്തെയും പരാജയപ്പെടുത്തുമെന്നതില്‍ സംശയമേതുമില്ല. 

വി. ഹശ്ഹാശ് കണ്ണൂര്‍ സിറ്റി

 


പ്രാര്‍ഥനകള്‍ പാഴാവുകയില്ല

വിശ്വാസികളുടെ ആത്മാര്‍ഥമായ പ്രാര്‍ഥനകള്‍ പാഴാവുകയില്ല. പ്രാര്‍ഥനകള്‍ അജയ്യനായ ഏക ശക്തിയോടാവുമ്പോള്‍ വിജയം സുനിശ്ചിതമാണ്. പ്രവര്‍ത്തനങ്ങളുടെ നൈരന്തര്യം കൂടിയാകുമ്പോള്‍ വിശ്വാസികളുടെ ആഗ്രഹ സഫലീകരണം എളുപ്പമാകുന്നു. 
നിര്‍ണായകമായ ബദ്‌റിന്റെ ചരിത്രം നമുക്ക് ഓര്‍മയുണ്ട്. ഏകനായ പടച്ചതമ്പുരാന്‍ ദിവ്യസന്ദേശങ്ങളിലൂടെ അറിയിച്ചുകൊടുത്തതൊക്കെ ജീവിതത്തില്‍ പകര്‍ത്തിയ അന്ത്യപ്രവാചകന്‍ (സ) അല്ലാഹുവിനോട് ഉറക്കമിളച്ച് പ്രാര്‍ഥിച്ചു. ആയിരങ്ങളോട് ഏറ്റുമുട്ടി വിജയക്കൊടി പാറിക്കാന്‍ ചെറുസംഘം വിശ്വാസികള്‍ മതിയെന്ന് ചരിത്രം പറയുന്നു. ബദ്‌റില്‍ അത് വിജയം കണ്ടു. വിശ്വാസികളുടെ ആത്മവിശ്വാസത്തിന്റെ അടയാളമായി വിജയ ചരിത്രങ്ങളുടെ മരിക്കാത്ത ചിത്രങ്ങള്‍ ഏറെയുണ്ട്.
പീഡനങ്ങളും അക്രമങ്ങളും കൊണ്ട് പൊറുതിമുട്ടിയ ഏകദൈവ വിശ്വാസികള്‍ വ്യക്തി ജീവിത വിശുദ്ധിയോടെ തങ്ങളുടെ സ്രഷ്ടാവിനോട് അപേക്ഷിച്ചപ്പോഴൊക്കെ അവര്‍ക്കാശ്വാസമായി അദൃശ്യശക്തിയുടെ കനിവുണ്ടായിട്ടുണ്ട്. ഇപ്പോഴും, ഇടക്കൊക്കെ വരള്‍ച്ചയുടെ പിടിയിലമര്‍ന്ന് ചൂടിന്റെ കാഠിന്യവും കൃഷിയിടങ്ങളിലെ നഷ്ടവും കൂടുമ്പോള്‍, പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ഥന അവിടെ  മഴയുടെ തണുപ്പായി പെയ്തിറങ്ങാറുണ്ട്. സര്‍വലോകാധിപതിയിലുള്ള അചഞ്ചലമായ വിശ്വാസവുമായി ജീവിതം തുടര്‍ന്നു പോരുന്നവര്‍ ഈ ആള്‍ക്കൂട്ടങ്ങളിലെവിടെയൊക്കെയോ ഉണ്ട്. അവരുടെ പ്രാര്‍ഥനകള്‍ക്ക് പരിഹാരവുമായി പരമശക്തി നമ്മുടെയൊക്കെ ചാരത്തുണ്ട്.
ഇന്ത്യയിലെ പല മസ്ജിദുകളിലും നമസ്‌കാരത്തോടൊപ്പം പ്രത്യേക പ്രാര്‍ഥനകള്‍ക്ക് (ഖുനൂത്ത്) തുടക്കം കുറിച്ചുകഴിഞ്ഞു. പലരും പ്രഭാത നമസ്‌കാരങ്ങളോടൊപ്പം ചെയ്തിരുന്ന പ്രാര്‍ഥന (ഖുനൂത്ത്) മറ്റു നിര്‍ബന്ധ നമസ്‌കാരങ്ങളിലും ഉള്‍പ്പെടുത്തികൊണ്ടിരിക്കുന്നു. പ്രവര്‍ത്തനത്തോടൊപ്പമുള്ള പ്രാര്‍ഥനകള്‍ക്ക് ദൈവസഹായം ഉണ്ടാവുമെന്ന് വിശ്വാസിക്ക്  ഉറപ്പുണ്ട്. വിശ്വാസദൃഢതയാല്‍ ഉയരുന്ന പ്രാര്‍ഥനയുടെ മന്ത്രധ്വനികള്‍ ശത്രുക്കളില്‍ ശൈഥില്യവും പരാജയവുമായി പെയ്തിറങ്ങാതിരിക്കില്ല. 

റസാഖ് എടവനക്കാട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (5-6)
ടി.കെ ഉബൈദ്‌

ഹദീസ്‌

നാല് മൂല്യങ്ങള്‍
അമല്‍ അബൂബകര്‍