Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 14

3139

1441 ജമാദുല്‍ ആഖിര്‍ 20

'ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണ്'

വി.കെ കുട്ടു, ഉളിയില്‍

രാജ്യമൊട്ടാകെ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതികരണവും പ്രക്ഷോഭവും നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ആര്‍.എസ്.എസിന്റെ അഖിലേന്ത്യാ നേതാവ് മോഹന്‍ ഭാഗവത് ചെയ്ത പ്രസ്താവനയാണ് മുകളില്‍ കുറിച്ചിരിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ തന്നെയായിരുന്നു ഇപ്പോഴത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മോദി, പ്രക്ഷോഭകാരികളെ അവര്‍ ധരിച്ച വസ്ത്രം നോക്കി തിരിച്ചറിയാമെന്നും പറഞ്ഞത്. ഇത്തരം പ്രസ്താവനകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടെന്നവണ്ണം, ഉത്തര്‍പ്രദേശിലെ പോലീസ് ഓഫിസര്‍ നിയമത്തിനെതിരെ പ്രതികരിച്ചുകൊണ്ട് പ്രകടനം നടത്തിയവരോട് പറഞ്ഞത് പാകിസ്താനിലേക്ക് പോ എന്നായിരുന്നു. 
ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നവര്‍ അല്‍പമെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും ഇന്ത്യയുടെ വികസന ചരിത്രവും ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ ഇത്തരം പ്രസ്താവനകള്‍ ഇന്ത്യന്‍ ജനത കേള്‍ക്കേണ്ടിവരുമായിരുന്നില്ല. ഒരു കളവ് നൂറു പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞാല്‍ അത് സത്യമാകുമെന്ന് പറഞ്ഞ ഹിറ്റ്‌ലറുടെ പ്രചാരണ മന്ത്രി ഗീബല്‍സിന്റെ സിദ്ധാന്തം പിന്‍പറ്റുന്നവരെ ഭരിക്കുന്നത് ന്യൂനപക്ഷത്തെ ശത്രുക്കളാക്കി പ്രചരിപ്പിച്ച് ഭൂരിപക്ഷത്തിന്റെ പിന്തുണ നേടാനാവുമെന്ന നാസി ചിന്തയാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുണ്ടായ ഇന്ത്യയുടെ വികസനത്തെക്കുറിച്ചും മുസ്‌ലിംകള്‍ക്ക് അതിലുള്ള പങ്കിനെ കുറിച്ചും അറിയാത്ത സങ്കുചിത വര്‍ഗീയ ചിന്താധാര സ്വാധീനിച്ച വ്യക്തികളുടെ പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴത്തെ അരക്ഷിതാവസ്ഥക്കു കാരണം.
ഇന്ത്യ ബ്രിട്ടീഷ് അടിമത്തത്തിലായിരുന്നപ്പോള്‍ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗപൂര്‍ണമായ സമരങ്ങള്‍ക്കിടയില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഗാന്ധിജിയടക്കമുള്ള ചുരുക്കം സമരനേതാക്കളെ വട്ടമേശ സമ്മേളനത്തിനായി ലണ്ടനിലേക്ക് ക്ഷണിച്ചു. 1912 മുതല്‍ ദല്‍ഹിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കോംറേഡ് എന്ന ഇംഗ്ലീഷ് വാരികയുടെ സ്ഥാപക പത്രാധിപരായിരുന്ന മൗലാനാ മുഹമ്മദലിയും (ജൗഹര്‍), ഗാന്ധിജിയോടൊപ്പം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ആ സമ്മേളനത്തില്‍ മുഹമ്മദലി ജൗഹര്‍ ബ്രിട്ടീഷ് അധികൃതരുടെ മുഖത്തേക്ക് വിരല്‍ചൂണ്ടി ചെയ്ത പ്രസംഗം ചരിത്രത്താളുകളില്‍ മിന്നിത്തിളങ്ങുന്നു. 'ഒന്നുകില്‍ എന്റെ മാതൃരാജ്യത്തിന് സ്വാതന്ത്ര്യം; അല്ലെങ്കില്‍ സ്വാതന്ത്ര്യമുള്ള രാജ്യത്ത് എനിക്ക് ആറടി മണ്ണ്. അതില്‍ കുറഞ്ഞതൊന്നും ഞാന്‍ സ്വീകരിക്കുകയില്ല' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹം ആ സമ്മേളന യാത്രയില്‍ ലണ്ടനില്‍തന്നെ മരണപ്പെടുകയും ചെയ്തു. മൗലാനാ മുഹമ്മദലി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹത്തിന്റെ സെക്രട്ടറിയായി ജോലി ചെയ്തിട്ടുണ്ട്. 
ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരെ പോരാട്ടം നടത്തിയതു കാരണം ഭഗത്‌സിങ് അടക്കം പലരും ബ്രിട്ടീഷ് ഭരണത്തിന്റെ തൂക്കുമരണ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. അതൊന്നും ഹിന്ദുരാഷ്ട്രത്തിനു വേണ്ടിയായിരുന്നില്ല. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും സിക്കുമടക്കമുള്ള മതവിശ്വാസികള്‍ സാഹോദര്യത്തോടെ, സൗഹാര്‍ദത്തോടെ ജീവിച്ചിരുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയായിരുന്നു. 
സുഭാഷ് ചന്ദ്രബോസിന്റ നിര്‍ദേശമനുസരിച്ച് രണ്ടാം ലോക യുദ്ധകാലത്ത് ജപ്പാന്റെ മുങ്ങിക്കപ്പല്‍ വഴി മലബാര്‍ തീരത്തിറങ്ങി അധിനിവേശ ശക്തികളായിരുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന്, പിടിച്ചു തൂക്കിലേറ്റിയത് മലയാളി മുസ്‌ലിം യുവാവായിരുന്ന അബ്ദുല്‍ഖാദറിനെയായിരുന്നു. തൂക്കിലേറ്റപ്പെട്ടതിന്റെ തലേദിവസം അദ്ദേഹം പിതാവിനെഴുതിയത് മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് താന്‍ മരണം വരിക്കുന്നത് എന്നായിരുന്നു.
ഇതേകാലത്ത് സംഘ്പരിവാറിന്റെ സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാറിന് മാപ്പ് ഹരജികള്‍ സമര്‍പ്പിച്ചുകൊണ്ടായിരുന്നു ജയില്‍മോചിതനായത്. 
ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ കാലത്ത് തൊഴിലില്ലായ്മയും ഭക്ഷ്യക്ഷാമവും കാരണം ബംഗാളിലും ഒറീസയിലും ആയിരക്കണക്കിന് പട്ടിണി മരണങ്ങള്‍ സംഭവിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളും ഇസ്‌ലാമിക പണ്ഡിതന്മാരുമായിരുന്ന മൗലാനാ അബുല്‍ കലാം ആസാദും റാഫി അഹ്മദ് കിദ്വായിയും അദ്ദേഹത്തിന്റെ കാബിനറ്റില്‍ മന്ത്രിമാരായിരുന്നു. മൗലാനാ അബുല്‍ കലാം ആസാദിന് വിദ്യാഭ്യാസ വകുപ്പും റാഫി അഹ്മദ് കിദ്വായിക്ക് ഭക്ഷ്യ വകുപ്പുമായിരുന്നു. ഭക്ഷ്യക്ഷാമം കാരണം രണ്ടാംലോക യുദ്ധം മുതല്‍ രാജ്യമൊട്ടാകെ ഭക്ഷ്യധാന്യക്കടത്തും പൊതുവിപണിയിലെ വില്‍പനയും നിരോധിച്ചിരുന്നു. പട്ടണങ്ങളില്‍ റേഷന്‍ കടകള്‍ മുഖേനയായിരുന്നു നിയന്ത്രിതമായ ഭക്ഷ്യധാന്യ വില്‍പന. സ്വാതന്ത്ര്യലബ്ധിയോടെ നടപ്പാക്കിയ ഒന്നാം പഞ്ചവത്സര പദ്ധതിയും രണ്ടാം പഞ്ചവത്സര പദ്ധതിയും പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് കാര്‍ഷിക വികസനമായിരുന്നു. ആ കാലത്താണ് വടക്കേ ഇന്ത്യയില്‍ ഭക്രാനങ്കല്‍ അണക്കെട്ടും മധ്യേന്ത്യയില്‍ നാഗാര്‍ജുന അണക്കെട്ടും തമിഴ്‌നാട്ടില്‍ അളിയാര്‍ അണക്കെട്ടും മലബാറില്‍ പാലക്കാട് മലമ്പുഴ അണക്കെട്ടും പണിത് കര്‍ഷകര്‍ക്ക് വേണ്ടത്ര വെള്ളം നല്‍കി രാജ്യത്തെ ഭക്ഷ്യോല്‍പാദനത്തില്‍ സ്വയം പര്യാപ്തമാക്കുക, മാത്രമല്ല കയറ്റുമതി രാജ്യമാക്കുകയും ചെയ്തത്. 
ഭക്ഷ്യമന്ത്രി റാഫി അഹ്മദ് കിദ്വായിയുടെ കഴിവുറ്റ പ്രവര്‍ത്തനം കാരണമായിരുന്നു ഭക്ഷ്യധാന്യ കരിഞ്ചന്തക്കച്ചവടക്കാരുടെ ഭയപ്പെടുത്തലുകള്‍ തൃണവല്‍ഗണിച്ചുകൊണ്ട് 1954 മെയ് മാസംവരെ രാജ്യത്തുണ്ടായിരുന്ന ഭക്ഷ്യധാന്യക്കടത്തിനും പൊതുവില്‍പ്പനക്കുമുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കിയത്. കേരളം പോലുള്ള ഭക്ഷ്യധാന്യ കമ്മി സ്‌റ്റേറ്റുകളില്‍ ഭക്ഷ്യധാന്യ വില ഉയരാതിരിക്കാന്‍ റേഷന്‍ ഷോപ്പുകള്‍ വഴി സബ്‌സിഡി നിരക്കില്‍ അരി എത്തിക്കാനുള്ള സംവിധാനവുമുണ്ടാക്കി. 
റാഫി അഹ്മദ് കിദ്വായി മരിച്ചപ്പോള്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉത്തര്‍പ്രദേശ് ഗ്രാമത്തിലെ അദ്ദേഹത്തിന്റെ ഭവനം സന്ദര്‍ശിച്ചിരുന്നു. ആ ചെറുവീട് കണ്ടപ്പോള്‍ നെഹ്‌റുവിന്റെ കണ്ണില്‍നിന്ന് കണ്ണുനീര്‍ വീണ വാര്‍ത്തകള്‍ അക്കാലത്തെ പത്രങ്ങളില്‍ വായിച്ചത് ഓര്‍ക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ വൈസ് പ്രസിഡന്റും മൂന്നാമത്തെ പ്രസിഡന്റുമായിരുന്ന ഇസ്‌ലാമിക പണ്ഡിതനായിരുന്നു ഡോ. സാകിര്‍ ഹുസൈന്‍. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അദ്ദേഹം വൈസ് ചാന്‍സലറായിരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ജാമിഅ മില്ലിയ്യ. തങ്ങളുടെ പൂര്‍വികര്‍ ത്യാഗം ചെയ്തും ജീവന്‍ നല്‍കിയും നേടിയെടുത്ത മാതൃരാജ്യത്തെ പുതിയ പൗരത്വ നിയമ ഭേദഗതിയിലൂടെ, വിവേചനത്തിലൂടെ രണ്ടാംകിട പൗരന്മാരുടെ അവസ്ഥയിലെത്തിക്കുന്നത് കാരണമുണ്ടായ ആത്മാഭിമാനക്ഷതത്താലാണ്     വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്. 
വസ്ത്രധാരണം കണ്ടാലറിയാം ആരാണ് പ്രക്ഷോഭത്തിനിറങ്ങിയതെന്നു പറഞ്ഞ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ ഒരു കാര്യം ഉണര്‍ത്താന്‍ ആഗ്രഹിക്കുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും നൂറുകണക്കിന് കര്‍ഷകര്‍ സര്‍ക്കാറിന്റെ ഭരണവൈകല്യം കാരണം ആത്മഹത്യ ചെയ്തപ്പോള്‍ മോദിയുടെ മോടി കൂട്ടാനായി പത്തുലക്ഷം ഉറുപ്പികയുടെ കോട്ടുതെയ്ച്ച പ്രധാനമന്ത്രിക്കെതിരെ അവര്‍ സമരം ചെയ്തിരുന്നില്ല. ഇന്ത്യന്‍ പൗരന്മാരുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചപ്പോള്‍ മാത്രമാണ് അവര്‍ സമരത്തിനിറങ്ങിയത്. പാകിസ്താനിലേക്ക് പോകൂ എന്നു പറഞ്ഞ യു.പി പോലീസ് ഉദ്യോഗസ്ഥന്മാരെയും ഒരു കാര്യം ഉണര്‍ത്താന്‍ ആഗ്രഹിക്കുന്നു; പാകിസ്താനുവേണ്ടി ചാരപ്പണി ചെയ്തതിന് ഇന്ത്യന്‍ ജവാന്മാര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അവരില്‍ ഒരു മുസ്‌ലിമും ഇല്ല. എന്നാല്‍ ഇന്ത്യയുടെ രക്ഷക്കുവേണ്ടി പാകിസ്താനോട് പൊരുതി പാക് ജവാന്മാരെ വധിച്ച് വീരമൃത്യു വരിച്ച ഇന്ത്യന്‍ മുസ്‌ലിം ജവാന്‍ മരണാനന്തര ധീരചക്ര ബഹുമതി നേടിയിട്ടുണ്ട്. 
സത്യം, സമത്വം, സാതന്ത്ര്യം എന്ന മുദ്രാവാക്യം മുഴക്കിയിരുന്ന സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്‌നം രാജ്യത്ത് പുലരുമെന്ന പ്രതീക്ഷയോടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (2-4)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗമായിരിക്കണം ലക്ഷ്യം
പി.വൈ സൈഫുദ്ദീന്‍ മാള