Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 14

3139

1441 ജമാദുല്‍ ആഖിര്‍ 20

ഇന്ത്യാ വിഭജനം ആര്‍.എസ്.എസ് അജണ്ടയാണ്

സദ്‌റുദ്ദീന്‍ വാഴക്കാട്

ആഴമുള്ള മുറിവുകളില്‍നിന്ന് നിരന്തരം ചോരയിറ്റുന്ന സാമൂഹിക ദുരന്തങ്ങളാണ് രാഷ്ട്ര വിഭജനങ്ങള്‍. ലോകചരിത്രം സാക്ഷിയായ ഇത്തരം നിരവധി വെട്ടിമുറിക്കലുകളുടെ ദാരുണമായ പ്രത്യാഘാതങ്ങള്‍ സാമൂഹിക പഠനങ്ങളുടെ നിലവിലുള്ള മാപിനികള്‍ കൊണ്ടൊന്നും അളക്കാന്‍ കഴിയുന്നതല്ല. പലായനത്തിന്റെയും പുനരധിവാസത്തിന്റെയും, പിന്നീട് പതിറ്റാണ്ടുകളെടുത്ത് പരിമിതികളോടെ സാധ്യമായേക്കാവുന്ന ഭൗതിക വളര്‍ച്ചയുടെയും പരിഹാരക്രിയകളില്‍ തീരുന്നതല്ല, വേരുകള്‍ പിഴുതെറിയപ്പെട്ട് അന്യവല്‍ക്കരിക്കപ്പെടുന്നവരുടെ കാലാതീതമായ വേദനകള്‍. ഭൂമിശാസ്ത്രപരമായ മുറിച്ചു മാറ്റലുകള്‍ക്കപ്പുറം, ജനപദങ്ങളെ ചുഴറ്റിയെറിയുന്ന മഹാമാരിയെന്ന് വിഭജനത്തെ വിശേഷിപ്പിക്കേണ്ടിവരുന്നത്, നീണ്ട കാലങ്ങളിലേക്ക് അവ ബാക്കിവെക്കുന്ന പ്രത്യാഘാതങ്ങള്‍ കാരണമാണ്. വെറുപ്പിന്റെ വേര് പടര്‍ത്തി സമൂഹഗാത്രത്തെ അത് കാലാകാലങ്ങളില്‍ പിളര്‍ത്തിക്കൊണ്ടിരിക്കും.

ഇന്ത്യാ വിഭജനം ബാക്കിവെച്ചത്

ഇന്ത്യാ ഉപഭൂഖണ്ഡത്തെ പിളര്‍ത്തി മാറ്റിയ ചരിത്രാനുഭവങ്ങള്‍ മാത്രമെടുത്താല്‍, 1905-ലെ ബംഗാള്‍ വിഭജനം എന്ന പരീക്ഷണവും, അതിന്റെ തുടര്‍ച്ചയായി നടപ്പിലാക്കിയ 1947-ലെ ഇന്ത്യാ വിഭജനവും ഇതിന്റെ അനുഭവസാക്ഷ്യങ്ങളാണ്. സി.എ.എ എന്ന് പേരിട്ട, 2019-ലെ പൗരവിഭജന നിയമവും അതിന്റെ പിന്നിലെ അജണ്ടകളും, കശ്മീരിലെയും അസമിലെയും ഉത്തര്‍പ്രദേശിലെയും ഭരണകൂട ഭീകരതകളും ഈ ചരിത്രത്തോട്  ചേര്‍ത്തുവെച്ചാല്‍ ചിത്രം വ്യക്തമാകും. ഇവയൊന്നും പല ഘട്ടങ്ങളില്‍ നടന്ന വേറിട്ട സംഭവങ്ങളല്ല, ഒരേയൊരു ലക്ഷ്യത്തിലേക്കുള്ള ആസൂത്രിതമായ തുടര്‍പ്രക്രിയകളാണ്. ഈ ചരിത്രത്തോട് ചേര്‍ത്തുവെച്ചാണ്, 'നിങ്ങള്‍ പാകിസ്താനിലേക്ക് പോകൂ' എന്ന, യു.പിയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയും കൊടുങ്ങല്ലൂരിലെ ഒരു അധ്യാപകന്റെയും തൃശൂര്‍ മുല്ലക്കരയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെയും മറ്റും ആക്രോശങ്ങളെ നാം വായിക്കേണ്ടത്.
ദക്ഷിണേന്ത്യക്ക് പൊതുവിലും കേരളത്തിന് പ്രത്യേകിച്ചും മനസ്സിലാക്കാന്‍ പ്രയാസമുള്ളതായിരുന്നു ഇന്ത്യാ വിഭജനത്തിന്റെ ദുരന്തങ്ങള്‍. വായിച്ചും പറഞ്ഞുകേട്ടുമുള്ള അറിവിനപ്പുറം അനുഭവമായി, പിന്നെയും പിന്നെയും അടുത്ത തലമുറകളെപ്പോലും വേട്ടയാടുന്ന തിക്തയാഥാര്‍ഥ്യമായി വിഭജനം നമ്മുടെ ജീവിതത്തില്‍ ഇടപെട്ടിട്ടില്ല. ഹിന്ദുസ്താന്‍ കി തഖ്‌സീം കേരള മേ നഹീ ഹുയീ ഹെ (ഇന്ത്യയുടെ വിഭജനം കേരളത്തില്‍ നടന്നിട്ടില്ല) എന്ന് ചരിത്രാനുഭവമുള്ളവര്‍ വിശദീകരിച്ചത് ഇതുകൊണ്ടത്രെ. എഴുപത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആദ്യ വിഭജനത്തിന്റെ മുറിവുകളുണങ്ങാത്ത  ഉത്തരേന്ത്യന്‍ സാമൂഹികാവസ്ഥകള്‍ പക്ഷേ, തീര്‍ത്തും വ്യത്യസ്തമാണ്. ലക്ഷക്കണക്കിന് മനുഷ്യര്‍ കൊല ചെയ്യപ്പെട്ട ആ ദുരന്തത്തിന്റെ സാംസ്‌കാരിക ആഘാതവും വളരെ വലുതായിരുന്നു. ഒരു ജനവിഭാഗത്തിന്റെ അസ്തിത്വത്തെ തന്നെ അരക്ഷിതമാക്കുന്നതിന്റെ അടിസ്ഥാനമായി വിഭജനം ഇപ്പോഴും അവരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു രാജ്യത്തിന്റെ നെഞ്ചകത്തേക്കാണ്, അതിനേക്കാള്‍ അപകടകരമായ പൗരവിഭജന നിയമം അശനിപാതം പോലെ വന്നു പതിച്ചിരിക്കുന്നത്. 1947-ലെ ഇന്ത്യാ വിഭജനവും പാകിസ്താന്‍ രാഷ്ട്രരൂപീകരണവും, പുതിയ പൗരത്വ ഭേദഗതി നിയമത്തിനുള്ള പ്രധാന ന്യായമായി സംഘ്പരിവാര്‍ അവതരിപ്പിക്കുമ്പോള്‍, പ്രശ്‌നത്തിന് കുറേക്കൂടി ഗൗരവം കൈവരുന്നുണ്ട്.

വിഭജന വാദം ജാതിരാഷ്ട്രത്തിനു വേണ്ടി

അവിഭക്ത ഇന്ത്യയില്‍ ദ്വിരാഷ്ട്ര വാദം ശക്തമായി ഉന്നയിച്ച്, രാജ്യം വെട്ടിമുറിക്കാന്‍ പശ്ചാത്തലമൊരുക്കിയ ഹിന്ദു മഹാസഭയുടെ പൗത്രന്മാര്‍ തന്നെയാണ് ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിലൂടെ മറ്റൊരര്‍ഥത്തിലുള്ള വിഭജനത്തിലേക്ക് രാജ്യത്തെ എടുത്തെറിയാന്‍ ശ്രമിക്കുന്നത്. ആര്യന്‍ വംശീയജാതിരാഷ്ട്രം സ്ഥാപിക്കാന്‍ വേണ്ടി തന്ത്രപൂര്‍വം പാകിസ്താനെ മുറിച്ചുമാറ്റിയവര്‍, ഇപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. 'ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ മുന്‍കൈയിലാണ് 1947-ല്‍ ഇന്ത്യയെ മതാധിഷ്ഠിതമായി വിഭജിച്ചത്, മുസ്‌ലിംകള്‍ക്ക് വേണ്ടി അന്നു തന്നെ പാകിസ്താന്‍ സ്ഥാപിച്ചിട്ടുണ്ട്' തുടങ്ങിയ തെറ്റായ വാദങ്ങളാണ്, മുസ്‌ലിംകളെ മാറ്റിനിര്‍ത്തിയ പൗരത്വ ഭേദഗതിക്കുള്ള ന്യായമായി സംഘ് പരിവാര്‍ അവതരിപ്പിക്കുന്നത്. ബി.ജെ.പിയുടെ ആഭ്യന്തര മന്ത്രി അമിത് ഷാ മുതല്‍ കേരള നിയമസഭയിലെ ഏക ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ വരെ ഈ വാദം ഉന്നയിച്ചിട്ടുണ്ട്. 'എന്തുകൊണ്ട് ഈ ബില്ല് അനിവാര്യമാകുന്നുവെന്ന് നിങ്ങള്‍ക്ക് അറിയണോ? കോണ്‍ഗ്രസ് ഈ രാജ്യത്തെ മതാധിഷ്ഠിതമായി വിഭജിച്ചിരുന്നില്ലെങ്കില്‍ ഈ ബില്ല് കൊണ്ടുവരേണ്ടിയിരുന്നില്ല. രാജ്യത്തെ മതപരമായി ഭിന്നിപ്പിച്ചത് കോണ്‍ഗ്രസ്സാണ്, ഞങ്ങളല്ല' എന്നാണ് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്.1
വംശവെറിയില്‍ അധിഷ്ഠിതമായ പൗരത്വ ഭേദഗതി നിയമത്തെ വിഭജനത്തിലേക്കും പാകിസ്താന്‍ രൂപീകരണത്തിലേക്കും ചേര്‍ത്തുവെക്കാനുള്ള ഈ ശ്രമം ചരിത്രവിരുദ്ധവും അപകടകരവുമാണ്. സുധീന്ദ്ര കുല്‍ക്കര്‍ണി അതിശക്തമായാണ് അമിത് ഷായുടെ ആരോപണത്തോട് പ്രതികരിച്ചത്. 'മുതിര്‍ന്ന കേന്ദ്രമന്ത്രി, ഒരു കറുത്ത നിയമത്തെ ന്യായീകരിക്കാന്‍ വെളുത്ത കള്ളം പറയുന്നത് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ അപൂര്‍വമായിരിക്കും. മതാധിഷ്ഠിതമായ വിഭജനം, കോണ്‍ഗ്രസ് ചെയ്തിട്ടില്ല, അംഗീകരിച്ചിട്ടുമില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'വസ്തുനിഷ്ഠമായി ചരിത്രം വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാത്തതു കൊണ്ടാണ് പാര്‍ലമെന്റിനകത്ത് ഇത്തരം പ്രസ്താവനകള്‍ നടത്തേണ്ടി വരുന്നത്' എന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബും തുറന്നടിച്ചു.2 ഒട്ടേറെ ചരിത്രകാരന്മാര്‍ ഈ വ്യാജപ്രസ്താവത്തെ എതിര്‍ത്ത് രംഗത്തു വന്നുവെങ്കിലും, ഇന്ത്യാ വിഭജനം അടിസ്ഥാനപരമായി ജാതി രാഷ്ട്ര വക്താക്കളുടെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും അജണ്ടയായിരുന്നുവെന്നത് ഈ സന്ദര്‍ഭത്തില്‍ ഏറെയൊന്നും ചര്‍ച്ചയായില്ല. ആരാണ് വിഭജനത്തിന് ഉത്തരവാദി എന്ന ചോദ്യത്തിന്റെ മറുപടി, നെഹ്‌റു/ജിന്ന, കോണ്‍ഗ്രസ്/സര്‍വേന്ത്യാ ലീഗ് എന്ന ദ്വന്ദ്വങ്ങളില്‍ കേന്ദ്രീകരിക്കലാണ് പതിവ്. അങ്ങനെ, യഥാര്‍ഥ പ്രതികളില്‍ നിന്ന് ചര്‍ച്ച വഴി മാറിപ്പോകുന്നു.
സംഘ് പരിവാറിന്റെ പൂര്‍വികരായ ഹിന്ദു മഹാസഭ ഉള്‍പ്പെടെയുള്ളവരുടെ  അജണ്ടയായിരുന്നു യഥാര്‍ഥത്തില്‍  ഇന്ത്യാ വിഭജനം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ, വിഭജനവും ആര്യന്‍ വംശമേധാവിത്വമുള്ള ജാതിരാഷ്ട്രവും സ്വപ്‌നം കണ്ട് കരുക്കള്‍ നീക്കിയിരുന്നു സംഘ്പരിവാറിന്റെ പൂര്‍വപിതാക്കള്‍. മുസ്‌ലിംകളെ വേര്‍പ്പെടുത്തി അകറ്റിയാല്‍ മാത്രമേ ഇന്ത്യയില്‍ ഒരു വംശീയ ജാതിരാഷ്ട്രം രൂപീകരിക്കാന്‍ കഴിയൂ എന്ന് ഉറപ്പുള്ളതുകൊണ്ടാണ് അവര്‍ അതിനുള്ള പിന്നാമ്പുറ നീക്കങ്ങള്‍ സമര്‍ഥമായി നടത്തിയത്. ഇന്ത്യയുടെ ഭൂരിപക്ഷഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആര്യഭാരതം ആയിരുന്നു യഥാര്‍ഥ ലക്ഷ്യമെങ്കിലും ആദ്യഘട്ടത്തില്‍ അത് തുറന്ന് പറയാതെ, മുസ്‌ലിംകള്‍ക്ക് സ്വന്തമായൊരു രാജ്യം എന്ന സങ്കല്‍പ്പം മുന്നോട്ടു വെക്കുകയാണ് ജാതിമേധാവിത്വം ചെയ്തത്. പ്രത്യക്ഷത്തില്‍, യഥാര്‍ഥ ലക്ഷ്യത്തിനു വിപരീതം പ്രഖ്യാപിക്കുക! അതിന്റെ സ്വാഭാവിക പ്രതിപ്രവര്‍ത്തനമെന്ന നിലയില്‍ യഥാര്‍ഥ ലക്ഷ്യം വന്നുചേരും. അല്ലെങ്കില്‍, നേടിയെടുക്കുക എളുപ്പമാകും. മുസ്‌ലിംകള്‍ക്ക് വേണ്ടി എന്ന പേരില്‍ പാകിസ്താന്‍ രാഷ്ട്രം ഉണ്ടാക്കിയതു തന്നെ, സംഘ് പരിവാറിന് ആര്യവംശാധിപത്യമുള്ള ജാതിരാഷ്ട്രം നിര്‍മിക്കാന്‍ വേണ്ടിയായിരുന്നു.

മുസ്‌ലിംകള്‍ എന്ന പ്രതിബന്ധം

രണ്ട് കാരണങ്ങളാല്‍ അവിഭക്ത ഇന്ത്യയിലെ മുസ്‌ലിംകള്‍ തങ്ങളുടെ ജാതിരാഷ്ട്രത്തിന് തടസ്സമാണെന്ന് വംശീയവാദികള്‍ മനസ്സിലാക്കിയിരുന്നു. ഒന്ന്, എല്ലാ തലങ്ങളിലും കഴിവും കരുത്തും നേതൃശേഷിയുമുള്ള  ഇത്രയേറെ മുസ്‌ലിംകളെ ഉള്‍ക്കൊള്ളുന്ന അവിഭക്ത ഇന്ത്യയില്‍ ആര്യന്‍ വംശമേധാവിത്വത്തിലുള്ള ഒരു ജാതിരാഷ്ട്രം അസാധ്യമാണ്. മുസ്‌ലിംകളുടെ ജനസംഖ്യാ അനുപാതവും കഴിവും കരുത്തും വഴി  ഭരണനിര്‍വഹണത്തിന്റെ സര്‍വ മേഖലകളിലും അവര്‍ക്ക് നല്ല പ്രാതിനിധ്യം കൈവരിക സ്വാഭാവികം. മുഹമ്മദലി ജിന്ന അവിഭക്ത ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുവരെ പരിഗണിക്കപ്പെട്ടിരുന്നു. വിഭജനപൂര്‍വ ഇന്ത്യയിലെ മുസ്‌ലിംകള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഒരര്‍ഥത്തിലുള്ള അനീതിയും അടിച്ചേല്‍പ്പിക്കാന്‍ ജാതി മേധാവിത്വത്തിന് കഴിയുമായിരുന്നില്ല. അതുകൊണ്ട്, ശക്തരായ മുസ്‌ലിം നിരയെ പാകിസ്താന്‍ എന്ന രാജ്യം കൊടുത്ത് പുറംതള്ളുക. ശേഷിക്കുന്ന ഇന്ത്യയെ  ജാതിരാഷ്ട്രമാക്കുക എളുപ്പമായിരിക്കും.  കുറച്ച് മുസ്‌ലിംകള്‍ പാകിസ്താനിലേക്ക് പോകാതെ ഇന്ത്യയില്‍ ബാക്കിയായാലും പ്രശ്‌നമാകില്ല. സാമ്പത്തിക സ്വാശ്രയത്വമോ നേതൃത്വമോ ഇല്ലാത്ത, അടിച്ചമര്‍ത്തി ഭരിക്കാന്‍ മാത്രം ദുര്‍ബലരായിരിക്കും അവര്‍.
രണ്ട്, ആര്യന്‍ ജാതിമേധാവിത്വമുള്ള രാഷ്ട്രത്തില്‍ കീഴാള ജനത അടിമകളായി ജീവിക്കണം. ദലിതരുള്‍പ്പെടെയുള്ള അസവര്‍ണ വിഭാഗങ്ങളെ, ജാതി വിവേചനത്തിലൂടെ അടിമവല്‍ക്കരിക്കാന്‍, വര്‍ധിച്ച മുസ്‌ലിം സാന്നിധ്യമുള്ള ഒരു സാമൂഹിക ഘടനയില്‍ സാധ്യമല്ല. കരുത്തുറ്റ ഒരു മുസ്‌ലിം ജനത അത് അനുവദിക്കില്ല. ജാതിഭ്രാന്തില്‍ നിന്ന്, ഇന്ത്യയിലെ മര്‍ദിത ജനവിഭാഗങ്ങളെ വിമോചിപ്പിക്കുന്നതില്‍ ചരിത്രപരമായ ദൗത്യം നിര്‍വഹിച്ച ദര്‍ശനമാണ് ഇസ്‌ലാം. സ്വാമി വിവേകാനന്ദന്‍ മുതല്‍ ജവഹര്‍ലാല്‍ നെഹ്‌റു വരെ എത്രയോ പേര്‍ അത് രേഖപ്പെടുത്തിയിട്ടുണ്ട്.  ജാതിമേധാവിത്വത്തിന്റെ മസ്തകത്തില്‍ പ്രഹരിച്ച ഇസ്‌ലാമിക ദര്‍ശനം തെല്ലൊന്നുമല്ല 'മേലാളരെ' അലോസരപ്പെടുത്തിയത്. ആര്യന്‍ വംശീയ മേധാവിത്വം സ്വപ്‌നം കാണുന്ന ജാതിരാഷ്ട്രത്തിലെ അടിമവല്‍ക്കരണത്തിന് ഈ സമത്വ ദര്‍ശനത്തിന്റെ സജീവ സാന്നിധ്യം  വലിയ വിലങ്ങുതടിയാണ്. മുസ്‌ലിംകളിലെ കാമ്പും കാതലുമുള്ള ഒരു വിഭാഗത്തെ പുറംതള്ളിക്കൊണ്ട്  അത് മറികടക്കുകയായിരുന്നു ദ്വിരാഷ്ട്രവാദത്തിന്റെ രണ്ടാമത്തെ ഉന്നം.

ഹിന്ദു മഹാസഭയും ഇന്ത്യാ വിഭജനവും

ഇന്ത്യാ വിഭജനത്തിന്റെ ആദ്യവിത്ത് നട്ടത് ആരാണെന്ന് തീര്‍ത്തു പറയുക എളുപ്പമല്ല. എന്തായിരുന്നാലും അത്, ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സോ മഹാത്മാ ഗാന്ധിയോ ജവഹര്‍ലാല്‍ നെഹ്‌റുവോ അല്ല. മുസ്‌ലിംകളോ മുഹമ്മദലി ജിന്നയോ അല്ല. രാജ് നാരായണ്‍ ബസു, നഭ ഗോപാല്‍ മിത്ര മുതല്‍ ഭായി പരമാനന്ദ വരെയുള്ള ജാതിവാദികളായിരുന്നു ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ആദ്യകാല വക്താക്കള്‍. ബി.എസ് മൂഞ്ചെ, ഹാര്‍ ദയാല്‍, സവര്‍ക്കര്‍ തുടങ്ങിയവര്‍ അടുത്ത നിരയില്‍ വരുന്നു.
ആര്യന്‍ പാരമ്പര്യത്തില്‍ അഭിമാനം കൊണ്ട, ബംഗാളി മേല്‍ജാതിക്കാരായ രാജ് നാരായണ്‍ ബസു (1826-1899), അദ്ദേഹത്തിന്റെ ആത്മമിത്രം നഭ ഗോപാല്‍ മിത്ര (1840-1894) എന്നിവരെ ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെയും ജാതിരാഷ്ട്രവാദത്തിന്റെയും സഹപിതാക്കള്‍ എന്ന് വിശേഷിപ്പിക്കാം. മഹാ ഹിന്ദുസമിതി അഥവാ,  ആള്‍ ഇന്ത്യാ ഹിന്ദു അസോസിയേഷന്‍ രൂപീകരണത്തിന് നേത്യത്വം നല്‍കിയ നാരായണ്‍ ബസു, ജാതി വ്യവസ്ഥയോടുകൂടിത്തന്നെ ആര്യന്‍ വംശമേധാവിത്വം സ്ഥാപിച്ചെടുക്കാനുള്ള പ്രചാരണത്തിന് തുടക്കമിട്ടു. ക്രൈസ്തവ- ഇസ്ലാം ദര്‍ശനങ്ങളേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന സാമൂഹിക വ്യവസ്ഥയായാണ് ജാതീയതയിലധിഷ്ഠിതമായ ഹിന്ദുത്വത്തെ അദ്ദേഹം അവതരിപ്പിച്ചത്. ഹിന്ദുമഹാസഭയുടെ ആദിമരൂപമായ ഭാരത് ധര്‍മ മണ്ഡല്‍ രൂപീകരിക്കാന്‍ പിന്തുണ നല്‍കിയ ബസു ഈ സംഘടനകള്‍ വഴി ഇന്ത്യയില്‍ ജാതിരാഷ്ട്രം സ്ഥാപിക്കാനാകുമെന്ന് വിഭാവന ചെയ്തു. പിന്നീട് ലോകം മുഴുവന്‍ കീഴടക്കുന്ന ആഗോള സാമ്രാജ്യമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നം.3
വാര്‍ഷിക ഹിന്ദു മേളക്ക് തുടക്കമിട്ട ബംഗാളി മേല്‍ജാതിക്കാരനായ നഭ ഗോപാല്‍ മിത്ര, ബംഗാളി ഹിന്ദുത്വ സംസ്‌കാരത്തിലൂന്നിയ ഈ ആഘോഷം 1867 മുതല്‍ 1880 വരെ മുടക്കമില്ലാതെ നടത്തി. ജാതി ദേശീയതയുടെ പ്രചാരണത്തിനായി ഒരു ദേശീയ സംഘവും (ചമശേീിമഹ ടീരശല്യേ) ദേശീയ പത്രവും തുടങ്ങിയ മിത്ര, ഹിന്ദുക്കള്‍ക്ക് തങ്ങളുടേതായ രാഷ്ട്രം വേണമെന്ന ചിന്ത ബംഗാളി ഹിന്ദുക്കള്‍ക്കിടയില്‍ പൊതുവിലും മേല്‍ജാതിക്കാര്‍ക്കിടയില്‍ വിശേഷിച്ചും  പ്രചരിപ്പിച്ചു. ഹിന്ദുക്കള്‍ സ്വന്തമായി രാഷ്ട്രം രൂപീകരിക്കുക, ഭാഷയുടെയും പ്രദേശങ്ങളുടെയും വ്യത്യാസങ്ങളില്ലാതെ ഹിന്ദുക്കളെല്ലാവരും അതില്‍ ചെന്നുചേരുക എന്ന നിര്‍ദേശം അദ്ദേഹം സമര്‍പ്പിച്ചു. ജിന്നയുടെ പാകിസ്താന്‍ വാദത്തിന്റെ അര നൂറ്റാണ്ട് മുമ്പ് നഭ ഗോപാല്‍ മിത്ര ദ്വിരാഷ്ട്രവാദം മുന്നോട്ടു വെച്ചതായി ആര്‍.സി മജുംദാര്‍ നിരീക്ഷിക്കുന്നുണ്ട്.4 ഇതാണ് ദ്വിരാഷ്ട്ര വാദത്തിന്റെ ഒന്നാം ഘട്ടം. മതാത്മക ദേശീയതയുടെ കുറി ചാര്‍ത്തിയ ജാതിരാഷ്ട്ര സങ്കല്‍പ്പവും മിത്ര മുന്നോട്ട് വെച്ചു; 'ഇന്ത്യന്‍ ദേശീയ ഐക്യത്തിന്റെ അടിസ്ഥാനം ഹിന്ദു മതമാണ്. ഭാഷാ, പ്രാദേശിക വ്യത്യാസമില്ലാതെ, ഇന്ത്യയിലെ ഹിന്ദുക്കളെ ഹിന്ദു ദേശീയത ആലിംഗനം ചെയ്യുന്നു.'5  ഇതോടെ ഇന്ത്യക്കകത്ത് മതമുഖമുള്ളൊരു ജാതിദേശീയത ശക്തിപ്പെട്ടു തുടങ്ങുകയാണുണ്ടായത്. അത് ഇന്ത്യന്‍ സമൂഹത്തില്‍ മാനസികമായൊരു പിളര്‍പ്പിന് കാരണമായി വര്‍ത്തിച്ചു.
ബംഗാളി മേല്‍ജാതി നേതാക്കളുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത, ഹിന്ദുക്കളെയും മുസ്‌ലിംകളെയും ആദ്യമായി വേര്‍തിരിച്ച ഈ രാഷ്ട്ര സങ്കല്‍പമാണ് ബംഗാള്‍ വിഭജനത്തിന് അടിത്തറയൊരുക്കിയത്. ഹിന്ദു ഭൂരിപക്ഷമുള്ള കിഴക്കും മുസ്‌ലിം ഭൂരിപക്ഷമുള്ള പടിഞ്ഞാറുമായി 1905-ല്‍ ബംഗാള്‍ വിഭജിക്കപ്പെട്ടത്, ആര്യന്‍ മേല്‍ജാതിക്കാര്‍ ഉയര്‍ത്തിയ ദ്വിരാഷ്ട്രവാദത്തിന്റെയും ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിന്റെയും ആദ്യ വിജയമായിരുന്നു. ഭൂമിശാസ്ത്രപരവും ഭരണപരവും മറ്റുമായ കാരണങ്ങള്‍ പറഞ്ഞാലും, ബംഗാള്‍ വിഭജനത്തിന്റെ വേരുകള്‍ ആര്യന്‍ വംശീയവാദികളുടെ  ജാതിരാഷ്ട്ര വാദത്തിലാണ് ചെന്നുനില്‍ക്കുന്നത്. മതാധിഷ്ഠിതമായാണ് 1905-ല്‍ ബംഗാള്‍ വിഭജനം നടന്നത് എന്നതു തന്നെയാണ് അതിന് മതിയായ തെളിവ്. ഈ സന്ദര്‍ഭത്തിലും തുടര്‍ന്നും നടന്ന ചര്‍ച്ചകളും സമരങ്ങളും പ്രശ്‌നങ്ങളുമെല്ലാം മത-സാമുദായിക സ്വഭാവമുള്ളതായിരുന്നു. ധാക്കയിലെ അന്നത്തെ നവാബ് ബ്രിട്ടീഷുകാരില്‍നിന്ന് അഞ്ച് ലക്ഷം കടം വാങ്ങിയതിനാല്‍ ബംഗാള്‍ വിഭജന വിഷയത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ അനുസരിക്കാന്‍ നിര്‍ബന്ധിതനായിരുന്നു. മുസ്‌ലിം നേതാക്കള്‍ക്ക് ബംഗാള്‍ വിഭജനത്തില്‍ താല്‍പര്യമില്ലായിരുന്നുവെന്ന ചരിത്ര വസ്തുത ഇവിടെ പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.6 എന്നാല്‍, ഈ വിഭജനം തെറ്റും പരാജയവുമാണെന്ന തിരിച്ചറിവില്‍നിന്നാണ് 1911-ല്‍ രണ്ടു പ്രവിശ്യകളെയും സംയോജിപ്പിക്കുകയും, ഭാഷാടിസ്ഥാനത്തില്‍ പുതിയ വിഭജനം നടത്തുകയും ചെയ്തത്. അസം, ബംഗാള്‍, ഒറീസ തുടങ്ങിയവ പില്‍ക്കാലത്തും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന പലതരം സാമൂഹിക പ്രശ്‌നങ്ങളുടെ ഒരു കാരണം 1905-ലെയും 1947-ലെയും  വിഭജനങ്ങളാണ്.
ആര്യന്‍ ജാതിരാഷ്ട്രത്തിന്റെയും ഇന്ത്യാ വിഭജനത്തിന്റെയും പ്രാഥമിക പരീക്ഷണമായിരുന്നു ബംഗാള്‍ വിഭജനം. ഇന്ത്യയിലെ ഏറ്റവും വലിയൊരു ഭൂപ്രദേശത്തെ, മതസമുദായ വിഭാഗീയത ഇളക്കി വിട്ട്, കലാപങ്ങള്‍ സൃഷ്ടിച്ച്, ധ്രുവീകരിച്ച് വിഭജിക്കുക! ശേഷം, ഇന്ത്യയെത്തന്നെ മതാധിഷ്ഠിതമായി വിഭജിച്ച് ജാതിരാഷ്ട്രം പണിയുക. സംഘ് പരിവാറിന്റെ പൂര്‍വപിതാക്കളാണ് ബംഗാള്‍ വിഭജനത്തിന് അടിത്തറയൊരുക്കിയതെങ്കില്‍, ഹിന്ദുമഹാസഭയുടെ പിന്തുടര്‍ച്ചക്കാരായ ആര്‍.എസ്.എസാണ് ഇന്ത്യാ വിഭജനത്തിന് പശ്ചാത്തലമൊരുക്കിയത്. ഒരേ ലക്ഷ്യത്തിലേക്കുള്ള, ഒരേ നേതൃശ്യംഖലയുടെ തുടര്‍ പ്രവര്‍ത്തനമാണിത്. ആദ്യം അസമില്‍ എന്‍.ആര്‍.സി നടപ്പിലാക്കി പൗര വിഭജനത്തിന്റെ ഒന്നാം ഘട്ടം പരീക്ഷിച്ച ശേഷം, രണ്ടാം ഘട്ടത്തില്‍ ഇന്ത്യയൊട്ടാകെ അത് വ്യാപിപ്പിക്കാനുള്ള ബി.ജെ.പി ഗവണ്‍മെന്റിന്റെ തീരുമാനം ഈ ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ്.

ഭായി പരമാനന്ദ്, ലാലാ ലജ്പത് റായ്

ആര്യന്‍ ജാതിദേശീയതയുടെ ദാര്‍ശനികനായി വാഴ്ത്തപ്പെട്ടിരുന്ന ഭായി പരമാനന്ദും (1876-1947) ലാലാ ലജ്പത് റായിയുമാണ് ദ്വിരാഷ്ട്ര വാദത്തിന്റെ രണ്ടാം ഘട്ടത്തിലെ വക്താക്കള്‍. പഞ്ചാബിലെ ഒരു ബ്രാഹ്മിണ്‍ കുടുംബത്തില്‍ ജനിച്ച പരമാനന്ദിന്റെ അഛന്‍ ആര്യസമാജത്തിന്റെ സജീവ പ്രചാരകനായിരുന്നു. ഹിന്ദു മഹാസഭയുടെ നേതാക്കളിലൊരാളായിരുന്ന പരമാനന്ദ് രാജ്യം വിഭജിക്കണമെന്ന ആശയം 1908-10 കാലത്തുതന്നെ മുന്നോട്ടു വെച്ചിട്ടുണ്ട്. രാജ് നാരായണ്‍ ബസു, നഭ ഗോപാല്‍ മിത്ര എന്നിവരുടേതില്‍നിന്ന് വ്യത്യസ്തമായി, കുറേ കൂടി വിപുലമായ രാഷ്ട്ര സങ്കല്‍പമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. വലിയൊരു ഭൂപ്രദേശത്തെ രണ്ടായി വെട്ടിമുറിക്കുന്ന ദ്വിരാഷ്ട്രവാദമായിരുന്നു അത്. ലാലാ ലജ്പത് റായ് 1909-ല്‍ അദ്ദേഹത്തിന് അയച്ച കത്തുകളില്‍ നിന്നാണത്രെ ഈ ചിന്ത രൂപപ്പെട്ടത്.7 'ഹിന്ദു ദേശീയ പ്രസ്ഥാനം' എന്ന ലഘുലേഖയില്‍ ഈ ആശയം പരമാനന്ദ് അവതരിപ്പിച്ചിട്ടുണ്ട്. 'സിന്ധിന് അപ്പുറമുള്ള പ്രദേശങ്ങള്‍ അഫ്ഗാനിസ്താനുമായും വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളുമായും ചേര്‍ന്ന് വലിയൊരു മുസ്‌ലിം രാജ്യമാക്കുകയും ഹിന്ദുക്കള്‍ അവിടെ നിന്ന് മടങ്ങുകയും ഇവിടെയുള്ള മുസ്‌ലിംകള്‍ അങ്ങോട്ട് പോവുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുക' എന്നതായിരുന്നു അദ്ദേഹത്തിന്റെ സങ്കല്‍പ്പം.8 ഇത്ര വ്യക്തമായി ഇതിന് മുമ്പ് ആരും മതാധിഷ്ഠിത ദ്വിരാഷ്ട്ര വാദം മുന്നോട്ട് വെച്ചിട്ടില്ലെങ്കിലും ലജ്പത് റായിയുടെ അവതരണങ്ങള്‍ ഒരു മാതൃകയായി പരമാനന്ദക്ക് മുമ്പിലുണ്ടായിരുന്നു.9
പഞ്ചാബിലെ ഒരു ജൈനമത കുടുംബത്തില്‍ ജനിച്ച ലാലാ ലജപത് റായ് (1865-1928) ലാഹോര്‍ ആര്യസമാജം, ഹിന്ദു മഹാസഭ എന്നിവയുടെ ആശയങ്ങളില്‍ ആകൃഷ്ടനാവുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍, ഹിന്ദുത്വത്തെ ദേശീയതക്കും മുകളില്‍ പ്രതിഷ്ഠിച്ചിരുന്ന അദ്ദേഹം, ഹിന്ദു മഹാസഭയുമായുള്ള ബന്ധത്തിന്റെ പേരില്‍ വിമര്‍ശനവിധേയനായിരുന്നു. പഞ്ചാബിലെ ഹിസാര്‍ ജില്ലയില്‍, ഒരേ സമയം ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെയും ആര്യസമാജത്തിന്റെയും ജില്ലാ ഘടകങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് അദ്ദേഹം മുന്നോട്ടു പോയത്. 1880-കളില്‍ അദ്ദേഹം കോണ്‍ഗ്രസ്സില്‍ സജീവമായിരുന്നു. ആ ഘട്ടത്തില്‍ പാര്‍ട്ടിയുടെ ആശയ രൂപീകരണത്തിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട് എന്നതില്‍നിന്ന് പലതും മനസ്സിലാക്കാനുണ്ട്. എന്നാല്‍, ഭഗത് സിംഗിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ നൗ ജവാന്‍ ഭാരത് സഭ പോലുള്ളവ അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്തു വന്നതും കാണാം.  ഈയൊരു ആശയാടിത്തറയില്‍ നിന്നു കൊണ്ടാണ്, 'ഹിന്ദുക്കള്‍ സ്വയം തന്നെ ഒരു രാഷ്ട്രമാണ്, അവര്‍ എല്ലാ നിലക്കും സ്വയം പ്രതിനിധീകരിക്കുന്നു' എന്ന് 1889-ല്‍ തന്നെ ലാലാ ലജ്പത് റായ് പറഞ്ഞത്. ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ ആശയങ്ങള്‍ അവതരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ ഹിന്ദുസ്താന്‍ റിവ്യൂവില്‍  അദ്ദേഹം ഇത് എഴുതിയതായി എ.ജി നൂറാനി ചൂണ്ടിക്കാട്ടുന്നു.10
1924-ല്‍, ഈ മതാധിഷ്ഠിത ദ്വിരാഷ്ട്ര വാദം കുറേകൂടി വ്യക്തതയോടെ ലജ്പത് റായ് അവതരിപ്പിച്ചിട്ടുണ്ട്; 'എന്റെ പദ്ധതിയനുസരിച്ച് നാല് പ്രവിശ്യകളാണ് മുസ്‌ലിംകള്‍ക്ക് അവകാശപ്പെട്ടത്. ഒന്ന്, വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ പഠാന്‍ പ്രവിശ്യ. രണ്ട്, പടിഞ്ഞാറന്‍ പഞ്ചാബ്. മൂന്ന്, സിന്ധ്. നാല്, കിഴക്കന്‍ ബംഗാള്‍. ഇന്ത്യയുടെ മറ്റേതെങ്കിലും ഭാഗത്ത്, ഒരു പ്രവിശ്യ രൂപീകരിക്കാന്‍ മതിയായ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ടെങ്കില്‍, അതും സമാന രീതിയില്‍ നിര്‍ണയിക്കാവുന്നതാണ്. ഒന്നിച്ചു നില്‍ക്കുന്ന ഏകീകൃത ഇന്ത്യ ഇല്ല എന്നത് വ്യക്തമായി മനസ്സിലാക്കേണ്ടതാണ്.  അതായത്, ഇന്ത്യയെ മുസ്‌ലിം ഇന്ത്യ, മുസ്‌ലിമേതര ഇന്ത്യ എന്ന് കൃത്യമായി വിഭജിക്കേണ്ടതുണ്ട്.'11 മുസ്‌ലിംകളല്ലാത്തവര്‍ക്കെല്ലാം പൗരത്വം നല്‍കുന്ന പുതിയ ഭേദഗതി നിയമത്തിന്റെ വേരുകള്‍ 'മുസ്‌ലിമേതര ഇന്ത്യ' എന്ന ലജ്പത് റായിയുടെ ചിന്തകളിലാണ് ചെന്നു ചേരുന്നതെന്ന് പറയാം.
ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും പുറത്താക്കിയുള്ള ജാതിരാഷ്ട്ര വാദം 1925-ല്‍ തന്നെ മുന്നോട്ടു വെച്ചയാളാണ് ലാലാ ഹാര്‍ദയാല്‍ (1884-1939). ദല്‍ഹിയില്‍ ജനിച്ച കായസ്ത ബ്രാഹ്മണനായിരുന്ന ഹാര്‍ ദയാല്‍ ആര്യസമാജത്തിലും സവര്‍ക്കറിലും ആകൃഷ്ടനായിരുന്നു. വന്ദേമാതരം പത്രത്തിന്റെ എഡിറ്ററായിരുന്ന ഹാര്‍ ദയാല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ സേവനം ചെയ്തിരുന്ന ബഹുഭാഷാ പണ്ഡിതനാണ്. കാന്‍പൂരില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പ്രതാപ് പത്രത്തിലാണ് അദ്ദേഹം തന്റെ വാദങ്ങള്‍ അവതരിപ്പിച്ചത്. ആര്യന്‍വല്‍ക്കരിക്കപ്പെട്ട അഫ്ഗാനിസ്താന്‍ കൂടി ചേര്‍ന്നതായിരുന്നു ഹാര്‍ദയാലിന്റെ ജാതി രാഷ്ട്രം: 'ഹിന്ദു വംശത്തിന്റെയും ഹിന്ദുസ്താന്റെയും പഞ്ചാബിന്റെയും ഭാവി നാല് തൂണുകളില്‍ അധിഷ്ഠിതമാണ്; ഒന്ന്, ഹിന്ദു സംഘാടനം. രണ്ട്, ഹിന്ദു രാജ്. മൂന്ന്, മുസ്‌ലിംകളെ ശുദ്ധീകരിച്ച് മതംമാറ്റല്‍. നാല്, അഫ്ഗാനിസ്താനെയും അതിര്‍ത്തി പ്രദേശങ്ങളെയും കീഴ്‌പ്പെടുത്തി ശുദ്ധീകരിക്കല്‍. ഹിന്ദുരാഷ്ട്രം ഈ നാല് കാര്യങ്ങളും നിര്‍വഹിക്കാത്ത കാലത്തോളം നമ്മുടെ കുട്ടികളുടെയും കൊച്ചുമക്കളുടെയും സുരക്ഷ എപ്പോഴും അപകടത്തിലായിരിക്കും. ഹിന്ദുവംശത്തിന്റെ സുരക്ഷ അസാധ്യമായിത്തീരും. ഹിന്ദു വംശത്തിന് ഒരു ചരിത്രമേയുള്ളൂ. അതിന്റെ സ്ഥാപനങ്ങള്‍ ഏകതാനമാണ്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഹിന്ദുസ്താന്റെ പരിധികളില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. കാരണം, അവരുടെ മതങ്ങള്‍ വിദേശിയാണ്. അവര്‍ പേര്‍ഷ്യന്‍, അറേബ്യന്‍, യൂറോപ്യന്‍ നിയമങ്ങളെയാണ് സ്‌നേഹിക്കുന്നത്. കണ്ണില്‍ നിന്ന് കരട് നീക്കുന്ന പോലെ, ഈ വിഭാഗങ്ങളെ രണ്ട് മതങ്ങളില്‍ നിന്ന് ശുദ്ധീകരിച്ചെടുക്കണം. അഫ്ഗാനിനിസ്താനും അതിര്‍ത്തിയിലെ പര്‍വത പ്രദേശങ്ങളും മുമ്പ് ഇന്ത്യയുടെ ഭാഗമായിരുന്നു. ഇപ്പോഴത് ഇസ്‌ലാമിന്റെ ആധിപത്യത്തിനു കീഴിലാണ്. നേപ്പാളില്‍ ഹിന്ദുമതം ഉള്ളതുപോലെ, അഫ്ഗാനിലും അതിര്‍ത്തി പ്രദേശങ്ങളിലും ഹിന്ദു സ്ഥാപനങ്ങള്‍ ഉണ്ടാകണം. ഇല്ലെങ്കില്‍ സ്വരാജ് നേടുന്നതു കൊണ്ട് പ്രയോജനമുണ്ടാകില്ല.'12 ഈ രാഷ്ട്ര സങ്കല്‍പ്പത്തിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ് പാകിസ്താന്‍ കൊടുത്ത് കുറേ മുസ്‌ലിംകളെ പുറംതള്ളിയത്. 

(തുടരും)

 

കുറിപ്പുകള്‍
1.    https://timeosfindia.indiatimes.com/india/congress-divided-india-on-the-basis-of-religion-amit-shah/articleshow/72439239.cms
2.    https://www.telegraphindia.com/india/history-contests-amit-shah-on-partition/cid/1725610
3.    Majumdar, R. C., History of the Freedom Movement in India, Vol. I. Calcutta: Firma KL Mukhpadhyay, 1971, 295-296.
4.    Majumdar, R. C., Three Phases of India’s Struggle for Freedom . Bombay: Bharatiya Vidya Bhavan, 1961
5.    Majumdar, R. C., Three Phases of India’s Struggle for Freedom , Bombay: Bharatiya Vidya Bhavan, 1961,P. 8.
6.    A Concise History of Modern India, Barbara Metcalf, Thomas Metcalf, Cambridge univrercity Press 2006, P. 159
7.    Parmanand, Bhai, The Story of My Life, P41
8.    Parmanand, Bhai in pamphlet titled, ‘The Hindu National Movement’‑, cited in B.R. Ambedkar, Pakistan or the Partition of India (Bombay: Government of Maharashtra, 1990), 35-36‑, first Published December 1940, Thackers Publishers, Bombay.
9.    Jaffrelot, Christophe (2009). Hindu Nationalism: A Reader. Princeton University Press. pp. 193-. ISBN 1-4008-2803-1.^ “Hindus- Muslims in 1857 & Emergence of 2 Nation Theory”. Shamsul Islam. Retrieved 19 May 2007
10. Noorani, A. G., ‘Parivar & Partition’‑, Frontline, Chennai, August 22, 2014, p. 52.
11. Rai, Lala Lajpat, ‘Hindu-Muslim Problem XI’‑, The Tribune, Lahore, December 14, 1924, p. 8.
12. Ambedkar, B. R., Pakistan or the Partition of India, Maharashtra Government, Bombay, 1990, p. 129.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (2-4)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗമായിരിക്കണം ലക്ഷ്യം
പി.വൈ സൈഫുദ്ദീന്‍ മാള