Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 14

3139

1441 ജമാദുല്‍ ആഖിര്‍ 20

സഭ യേശുവിനൊപ്പം നില്‍ക്കുക

ഡോ. ഇ.എം സക്കീര്‍ ഹുസൈന്‍

ധര്‍മവും അധര്‍മവും തമ്മില്‍ സംഘട്ടനം നടക്കുമ്പോള്‍ നിങ്ങള്‍ ധര്‍മത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ച് പോരാടുന്നില്ലെങ്കില്‍ പിന്നെ നിങ്ങള്‍ ദേവാലയത്തിലാണോ, വ്യഭിചാരശാലയിലാണോ എന്നതൊന്നും പ്രസക്തമായ വിഷയമേയല്ല എന്ന് അലി ശരീഅത്തി പറയുന്നുണ്ട്. യേശുവിന്റെ ജനനത്തിന് കുറച്ചു മുമ്പാണ് സാപാര്‍ട്ടക്കസ് എന്ന അടിമയുടെ നേതൃത്വത്തില്‍ മര്‍ദിത ജനസമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പായി അടിമ വിപ്ലവം നടന്നത്. റോം ആയിരക്കണക്കിന് അടിമകളെ കുരിശില്‍ തറച്ച് പ്രതികാരം വീട്ടി. അവരുടെ രക്ഷക്കായിക്കൂടിയായിരുന്നു യേശുവിന്റെ ആഗമനം. സമൂഹത്തിന്റെ ഓരങ്ങളിലേക്കു തള്ളപ്പെട്ടവര്‍ക്കും അശരണര്‍ക്കും ആലംബഹീനര്‍ക്കുംവേണ്ടി യേശു സംസാരിച്ചു.
''നീതിക്കു വേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍. സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാകുന്നു. എന്നെ പ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങള്‍ക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. നിങ്ങള്‍ ആനന്ദിച്ചാഹ്ലാദിക്കുവിന്‍. സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.  നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്'' (മത്തായി 5:3-12).
നീതിക്കു വേണ്ടി പീഡനങ്ങളേല്‍ക്കുന്നവര്‍ക്കൊപ്പമായിരുന്നു യേശു; പീഡകര്‍ക്കൊപ്പമായിരുന്നില്ല. എല്ലാവിധ തിന്മകളും വ്യാജമായിപ്പറഞ്ഞ് നിരപരാധികളെ പീഡിപ്പിക്കുക എന്നത് എക്കാലത്തെയും അധര്‍മികളുടെ വേലയായിരുന്നു. 'ദൈവരാജ്യ'ത്തിന്റെ വേലക്കാര്‍ എന്നും അതിനെതിരായിരുന്നു.
അധര്‍മികളുടെ മെഗാഫോണ്‍ ആയി മാറുന്നുണ്ടോ ഇന്നത്തെ സഭയുടെ സുനഹദോസ്? അതാണല്ലോ 'ലൗ ജിഹാദ്' വിവാദം തെളിയിക്കുന്നത്. രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികളും തള്ളിക്കളഞ്ഞ ഒരു ആരോപണം സഭ വീണ്ടും ചര്‍ച്ചയാക്കിയതിന്റെയും ഇടയ ലേഖനമാക്കിയതിന്റെയും പ്രചോദനം എന്തെങ്കിലുമാവട്ടെ, അത് യേശുവിന്റെ അധ്യാപനങ്ങളുമായി ഒരിക്കലും ഒത്തുപോകുന്നില്ല എന്ന് തീര്‍ത്തു പറയാനാകും.

ആരെയാണ് ആലഞ്ചേരി ഭയക്കുന്നത്?

ഭയപ്പെടുത്തി സമ്മര്‍ദത്തിലാക്കി കാര്യം നേടുക എന്ന ഫാഷിസ്റ്റ്‌രീതിക്ക് വിധേയനായിട്ടാണ് മറ്റു സഭാനേതാക്കള്‍ എതിര്‍ത്തിട്ടും സ്വന്തം പ്രസിദ്ധീകരണങ്ങളില്‍തന്നെ എതിര്‍ശബ്ദങ്ങള്‍ വന്നിട്ടും ഇത്തരം അപലപനീയമായ ശ്രമങ്ങള്‍ക്ക് സിനഡ് മുതിര്‍ന്നത് എന്നാണ് മനസ്സിലാക്കാനാവുന്നത്.
ക്രൈസ്തവ ദര്‍ശനത്തെ നട്ടുനനച്ച ധീരരായ രക്തസാക്ഷികളുടെ നീണ്ട പരമ്പര തന്നെയുണ്ട് ക്രൈസ്തവ സഭാചരിത്രത്തില്‍. ആ രക്തസാക്ഷിത്വങ്ങള്‍ക്ക് വിലപേശുകയാണ് സിനഡ് ഈ പ്രവൃത്തിയിലൂടെ ചെയ്തിരിക്കുന്നത്. ആറു മണിക്കൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്താല്‍ വെച്ചുമാറാനുള്ളതാണോ ക്രൈസ്തവ വിശ്വാസം?
യേശു പറയുന്നു: ''നിങ്ങള്‍ അവരെ ഭയപ്പെടേണ്ട. എന്തെന്നാല്‍ മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കില്ല. അന്ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍. ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ട, മറിച്ച് ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍'' (മത്തായി: 10:26-29).
ഭയപ്പെടാനര്‍ഹന്‍ ആരെന്ന് ബൈബിള്‍ കൃത്യമായി പറയുന്നുണ്ട്. അതറിയാത്തവര്‍ വിശ്വാസികളുടെ നേതൃത്വം വഹിക്കാന്‍ യോഗ്യരാണോ എന്നാണ് കുറച്ചുകാലമായി അല്‍മായരിലെ ബുദ്ധിയുള്ളവര്‍ ഉയര്‍ത്തുന്ന ചോദ്യം.
ഒഡീഷയിലും ബിഹാറിലും കണ്ഡമാലിലും തുടങ്ങി ഉത്തരേന്ത്യയിലെ വിവിധ ദേശങ്ങളില്‍ ഇപ്പോഴും ക്രിസ്ത്യാനികള്‍ അറുകൊലക്ക് വിധേയരായിക്കൊണ്ടിരിക്കുമ്പോഴാണ് അതു കാണാതെയുള്ള സിനഡിന്റെ വിലാപങ്ങള്‍. കണക്കെടുക്കുമ്പോള്‍ എല്ലാ കണക്കും എടുക്കണമല്ലോ. മറ്റു സമൂഹങ്ങളിലേക്ക് പോയ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ കണക്കിനേക്കാള്‍ കൂടുതലായതുകൊണ്ടാണോ ക്രിസ്ത്യന്‍ സമൂഹത്തിലേക്കു വന്ന പെണ്‍കുട്ടികളുടെ കണക്കെടുക്കാത്തത്? അതിനെ എന്തു പേരിട്ടു വിളിക്കണം; 'ലവ് ക്രുസേഡ്' എന്നോ?

അടുത്ത ഇര

ക്രിസ്ത്യാനികളാണ് അടുത്ത ഇര എന്നത് മറന്നാണോ സിനഡ് ഈ കളിക്കിറങ്ങിയിരിക്കുന്നത്? അടുത്ത ഇര എന്നല്ല, എന്നോ മുതല്‍ ഇരകളാക്കപ്പെട്ടവര്‍ എന്നത് കണ്ണുതുറന്ന് കാണാത്തവര്‍ എങ്ങനെയാകും കുഞ്ഞാടുകളെ സംരക്ഷിക്കുക? ഗ്രഹാം സ്റ്റെയ്ന്‍ തന്റെ പത്തുവയസ്സുകാരന്‍ മകന്‍ ഫിലിപ്പിനോടും ആറു വയസ്സുകാരന്‍ തിമോത്തിയോടുമൊപ്പം തീകൊളുത്തപ്പെട്ട് ചാമ്പലായതിനുപിന്നില്‍ ആരായിരുന്നു? ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ പെട്ട സിസ്റ്റര്‍ റാണി മരിയ വട്ടാലില്‍, ബസില്‍ യാത്രക്കാരുടെ മുമ്പിലിട്ട് ക്രൂരമര്‍ദനത്തിന് വിധേയയായി കൊല്ലപ്പെട്ടതിനു പിന്നില്‍ ആരായിരുന്നു? ഉത്തരേന്ത്യ മുഴുവന്‍ ക്രൈസ്തവ സമൂഹങ്ങളെ അടിച്ചോടിച്ച്, ഭവനങ്ങളില്‍നിന്ന് പുറത്താക്കി, പള്ളികള്‍ തകര്‍ത്ത്, വിശ്വാസ ഭവനങ്ങള്‍ ബുള്‍ഡോസറുകള്‍ കൊണ്ട് നിരപ്പാക്കി വംശനാശത്തിനൊരുങ്ങിയിരിക്കുന്നവരുമായി 'കൂട്ടായ്മയുടെ വലംകൈ' കൊടുക്കാന്‍ ആലഞ്ചേരി പിതാവിനെയും സിനഡിനെയും പ്രേരിപ്പിക്കുന്ന പ്രചോദന കേന്ദ്രം ഏതാണ്? അതൊരിക്കലും പരിശുദ്ധ റൂഹാ ആകാന്‍ ഇടയില്ല.
അല്‍മായരുടെ പുറപ്പാട്
പണ്ടത്തെപ്പോലെ ബൈബിള്‍ വായിക്കാത്തവരല്ല ഇന്നത്തെ അല്‍മായര്‍. പിതാക്കന്മാരുടെ വാക്ക് വേദവചനങ്ങള്‍ക്കു വിരുദ്ധമാണെന്നു കണ്ട് തള്ളിക്കളയുന്ന പുതുതലമുറയെ ഈ പിതാക്കന്മാര്‍ ഭയപ്പെടുക തന്നെ വേണം. ആരുടെയും പ്രേരണയില്ലാതെ, പിതാക്കന്മാരുടെ ആഹ്വാനമില്ലാതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസാരിക്കുകയും റാലികളില്‍ അണിനിരക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അല്‍മായര്‍ തന്നെയാണ് ഇപ്പറഞ്ഞതിന്റെ വലിയ തെളിവ്.
ചെന്നായ്ക്കൂട്ടങ്ങള്‍ക്ക് ആട്ടിന്‍പറ്റത്തെ ഒറ്റിക്കൊടുക്കാന്‍ ഇടയന്‍ ശ്രമിക്കുന്നു എന്നു കാണുമ്പോള്‍ ആട്ടിന്‍പറ്റം ഇടയനെ ഒഴിവാക്കി സ്വയരക്ഷക്കു ശ്രമിക്കും. അതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. 'അനുസരണ വ്രതം' വേദവിപരീതമാകുമ്പോള്‍ പാലിക്കേണ്ടതില്ല എന്നു തന്നെയാണ് പ്രമാണം. ഒരു പരിധിവരെ മാത്രമേ ഇതറിയുന്ന പണ്ഡിതന്മാരും പാതിരിമാരും ഇതൊക്കെ സഹിക്കൂ എന്നതിന്റെ തെളിവാണ്, കര്‍ദിനാളിന്റെ ഇടയ ലേഖനമായിട്ടു പോലും പള്ളികളില്‍നിന്ന് ബഹിഷ്‌കൃതമായത്.
''അന്യായ സമ്പത്തില്‍നിന്നുള്ള ബലി പങ്കിലമാണ്'' (പ്രഭാ: 34:18).
ബൈബിള്‍ വായിക്കുന്ന അല്‍മായര്‍, പത്രവും വായിക്കുന്നവരാണല്ലോ. അഴിമതിയുടെ കറപുരണ്ട കരങ്ങളാല്‍ അര്‍പ്പിതമായ ബലി സ്വീകാര്യമല്ലെന്ന് വേദപുസ്തകത്തില്‍ വായിക്കുമ്പോള്‍ തങ്ങളുടെ പ്രാര്‍ഥനകള്‍ സ്വീകാര്യരാകുന്നവരാല്‍ നടത്തപ്പെടണമെന്നു കരുതാന്‍ അവര്‍ക്കവകാശമില്ലേ?
എവിടെ പ്രവാചക ശബ്ദങ്ങള്‍?
ദൈവനാമങ്ങളാല്‍ മുഖരിതമാകേണ്ട ദേവാലയം സ്വര്‍ണക്കിലുക്കങ്ങളാല്‍ നിറഞ്ഞപ്പോള്‍ യേശു ചാട്ടവാര്‍ വീശി അധര്‍മികളെ ദേവാലയത്തില്‍നിന്നും തുരത്തിയോടിച്ചു. അനീതിക്കെതിരെ ഉയരേണ്ട ആ ചാട്ടവാറും പ്രവാചക ശബ്ദവും ഇന്നെവിടെ?
മര്‍ദിത ജനതയുടെ പ്രാര്‍ഥന 'സങ്കീര്‍ത്തനങ്ങളി'ല്‍ ഇപ്രകാരം വായിക്കാം:
പ്രതികാരത്തിന്റെ ദൈവമായ യഹോവേ
പ്രതികാരത്തിന്റെ ദൈവമേ പ്രത്യക്ഷനാകേണമേ!
ഭൂമിയെ വിധിക്കുന്നവനേ എഴുന്നേല്‍ക്കേണമേ!
അഹങ്കാരിക്ക് അര്‍ഹമായ ശിക്ഷ നല്‍കേണമേ!
യഹോവേ ദുഷ്ടന്മാര്‍ എത്രനാള്‍ ഉയര്‍ന്നുനില്‍ക്കും?
എത്രനാള്‍ അഹങ്കരിക്കും?
ആ ദുഷ്ടന്മാരുടെ മനോഗതം എന്തെന്ന് സങ്കീര്‍ത്തകന്‍ പറയുന്നു:
''അവര്‍ ഗര്‍വിഷ്ഠമായ വാക്കുകള്‍ ചൊരിയുന്നു. ദുഷ്‌കര്‍മികള്‍ വമ്പു പറയുന്നു. യഹോവേ, അങ്ങയുടെ ജനത്തെ അവര്‍ ഞെരിക്കുന്നു. അവര്‍ വിധവയെയും വിദേശിയെയും വധിക്കുന്നു. അനാഥരെ കൊന്നുകളയുന്നു. യഹോവ കാണുന്നില്ല, യാക്കോബിന്റെ ദൈവം ഗ്രഹിക്കുന്നില്ല എന്നവര്‍ പറയുന്നു.''
ഇതാണ് അധര്‍മികളുടെയും ദുഷ്ടന്മാരുടെയും മനോഗതം. ഈ മനോഗതവുമായി മുന്നോട്ടുപോകുന്ന ഭരണാധികാരികളോട് അവരുടെ മുഖത്തുനോക്കി പറയേണ്ട പ്രവാചക ശബ്ദം ഇങ്ങനെയാകേണ്ടിയിരുന്നു:
''പടുവിഡ്ഢികളേ, അറിഞ്ഞുകൊള്ളുവിന്‍
ദോഷരേ, നിങ്ങള്‍ക്ക് എന്ന് വിവേകം വരും?
ചെവി നല്‍കിയവന്‍ കേള്‍ക്കുന്നില്ലെന്നോ?
കണ്ണു നല്‍കിയവന്‍ കാണുന്നില്ലെന്നോ?
ജനതകളെ ശിക്ഷിക്കുന്നവന് നിങ്ങളെ ശിക്ഷിക്കുവാന്‍
കഴിയുകയില്ലെന്നോ?
യഹോവ മനുഷ്യരുടെ വിചാരങ്ങള്‍ അറിയുന്നു.
അവര്‍ ഒരു ശ്വാസം മാത്രം.''
ഇത്തരം പ്രവാചക ശബ്ദങ്ങള്‍ കേള്‍ക്കേണ്ടിയിരുന്ന കേന്ദ്രങ്ങള്‍, ഇന്ന് 'കേന്ദ്ര'ത്തില്‍നിന്നുള്ള ഊഹാപോഹങ്ങള്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍, ചിന്താശേഷിയും പ്രതികരണ ശേഷിയുമുള്ള അല്‍മായരും പുരോഹിതന്മാരും പ്രതികരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

യഹോവ അവരെ തൂത്തെറിയും

യഹോവേ, അവിടുന്ന് അഭ്യസിപ്പിക്കുകയും നിയമം പഠിപ്പിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍......
എന്റെ ഹൃദയത്തില്‍ ആകുലതകള്‍ വര്‍ധിക്കുമ്പോള്‍ അങ്ങ് നല്‍കുന്ന ആശ്വാസം എന്നെ ഉന്മേഷവാനാക്കുന്നു.
നിന്റെ പ്രമാണത്തിനു വിരോധമായി നേരുകേടു നിര്‍മിച്ചുണ്ടാക്കിയ നേരുകെട്ടവരുടെ സിംഹാസനത്തിനു നിന്നോടു സഖ്യതയില്ലല്ലോ!
അവര്‍ നീതിമാന്റെ ജീവനെതിരായി ഒത്തുചേരുന്നു.
കുറ്റമില്ലാത്തവനെ അവര്‍ മരണത്തിനു വിധിക്കുന്നു.
എന്നാല്‍, യഹോവ എന്റെ ശക്തികേന്ദ്രമാണ്, എന്റെ ദൈവം എന്റെ അത്താണിയും.
അവരുടെ അകൃത്യം അവിടുന്ന് അവരിലേക്കു തന്നെ തിരിച്ചുവിടും.
അവരുടെ ദുഷ്ടതമൂലം അവരെ നിര്‍മാര്‍ജനം ചെയ്യും.
നമ്മുടെ ദൈവമായ യഹോവ അവരെ തൂത്തെറിയും (സങ്കീ: 94).
യഹോവ അവരെ തൂത്തെറിയുമ്പോള്‍ നമ്മുടെ പിതാക്കന്മാരും സുനഹദോസ് അംഗങ്ങളും അവരില്‍ ഇല്ലാതിരിക്കട്ടെ - ആമേന്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (2-4)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗമായിരിക്കണം ലക്ഷ്യം
പി.വൈ സൈഫുദ്ദീന്‍ മാള