Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 14

3139

1441 ജമാദുല്‍ ആഖിര്‍ 20

ഇത് ചരിത്രം സൃഷ്ടിക്കാനുള്ള സമയമാണ്

കെ. ഷമ്മാസ് അള്ളാംകുളം

രാഷ്ട്രീയ അനീതികള്‍ക്കും സാമൂഹിക ജീര്‍ണതകള്‍ക്കുമെതിരെയും അവകാശ സംരക്ഷണത്തിനു വേണ്ടിയും വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങുന്നത് പുതിയ സംഭവമല്ല. ചരിത്രപ്രധാനമായ ഒട്ടുമിക്ക പ്രക്ഷോഭങ്ങളിലും പ്രത്യക്ഷമായോ പരോക്ഷമായോ വിദ്യാര്‍ഥികള്‍ അണിനിരന്നിട്ടുണ്ട്. കലാലയങ്ങളിലെ  ചുവരുകള്‍ക്കുള്ളില്‍ ജ്ഞാനസമ്പാദനത്തില്‍ മുഴുകുമ്പോഴും വിദ്യാര്‍ഥികളുടെ മനസ്സില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ അവബോധം സജീവമായിരുന്നുവെന്നാണ്, വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ ചരിത്രം പറയുന്നത്.
1960-ല്‍ അമേരിക്കയിലെ വിദ്യാര്‍ഥികള്‍ വര്‍ണവിവേചനത്തിനും വിയറ്റ്‌നാം യുദ്ധത്തിനുമെതിരെ പ്രതികരിച്ചത് ഓര്‍ക്കുക. അമേരിക്കയുടെ കിരാതമായ കമ്പോഡിയന്‍ ആക്രമണത്തിനെതിരെ ആദ്യമായി പ്രതികരിച്ചത് യു.എസ്സിലെ വിദ്യാര്‍ഥികളായിരുന്നു. 1989-ല്‍ ചൈനയില്‍ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നടന്ന വിദ്യാര്‍ഥി പ്രക്ഷോഭവും ടിയാനന്‍മെന്‍ സ്‌ക്വയറിലെ കൂട്ടക്കൊലയും ചരിത്രപ്രധാനമാണ്. 
'വിപ്ലവകരമായ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാനും അനീതിക്കെതിരെ കണ്ണടക്കുന്ന അധികാരികളുടെ കണ്ണ് തുറപ്പിക്കാനും വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ അനിവാര്യമാണെ'ന്ന് കവിയും സാമൂഹിക പ്രവര്‍ത്തകനുമായ എച്ച്.എല്‍.വി ഡെറോസിയോ പറയുകയുണ്ടായി. വിദ്യാര്‍ഥികളില്‍ സംഘബോധം വളര്‍ത്താന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സംഘടനയാണ് 'യങ് ഇന്ത്യ'. പത്തൊമ്പതാം നൂറ്റാണ്ടിലെ നവോത്ഥാന മുന്നേറ്റത്തിനു വേണ്ടിയും 1905-ലെ ബംഗാള്‍ വിഭജനത്തിന് എതിരെയും യങ് ഇന്ത്യ നന്നായി പൊരുതിയിട്ടുണ്ട്. 1920-ല്‍ മഹാത്മാ ഗാന്ധി നിസ്സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുത്തത് ദല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍ കോളേജില്‍ വെച്ചായിരുന്നു. ഇങ്ങനെ സ്വാതന്ത്ര്യസമരങ്ങളുടെയും വിവേചനത്തിനെതിരെയുള്ള  പോരാട്ടങ്ങളുടെയും ചരിത്രം വിദ്യാര്‍ഥി സമരങ്ങളുടെ സ്മരണകള്‍ കൊണ്ടല്ലാതെ പൂര്‍ണമാവില്ല. 1930-ലെ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ച് തെരുവിലിറങ്ങിയിരുന്നു. അന്ന് വിദ്യാര്‍ഥിസമരത്തില്‍ പ്രസംഗിക്കാനെത്തിയ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത്, 'ദേശീയ സമരത്തില്‍ പങ്കെടുക്കുക എന്നത് വിദ്യാര്‍ഥികളുടെ പരിശുദ്ധമായ ഉത്തരവാദിത്വമാണ്' എന്നാണ്. 
ജനാധിപത്യവും മതേതരത്വവും രോഗാതുരമായിക്കഴിഞ്ഞ മോദി-ഷാ കാലത്ത് പ്രതിരോധത്തിന്റെ വന്മതില്‍ തീര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഇന്ത്യയുടെ ക്രിയാത്മക പ്രതിപക്ഷമെന്ന് വിളിക്കാവുന്ന വിദ്യാര്‍ഥി സമൂഹം. It isn't a time to teach and learn history, but to create it(ഇത് ചരിത്രം പഠിക്കാനോ പഠിപ്പിക്കാനോ ഉള്ള സമയമല്ല, ചരിത്രം സൃഷ്ടിക്കാനുള്ള സമയമാണ്) എന്ന് ജാമിഅയുടെ പ്രഥമ വൈസ് ചാന്‍സ്‌ലര്‍ മൗലാനാ മുഹമ്മദലി ജൗഹര്‍ സ്വാതന്ത്ര്യ സമരകാലത്ത് വിദ്യാര്‍ഥികളോടും അധ്യാപകരോടും ആഹ്വാനം ചെയ്തത്, രണ്ടാം സ്വാതന്ത്ര്യസമരത്തിന് അണിനിരന്ന ആധുനിക വിദ്യാര്‍ഥി സമൂഹത്തിനും പ്രചോദനമാകട്ടെ. 


രാഷ്ട്രീയ സ്വാര്‍ഥതയില്‍ കേരളത്തിലെ സമരങ്ങള്‍

'ജനകീയ സമരങ്ങള്‍ ഏറ്റെടുക്കേണ്ടത് വിശാല സഖ്യങ്ങള്‍' എന്ന ശീര്‍ഷകത്തിലെ മുഖവാക്ക് (ലക്കം 3136) വളരെ പ്രസക്തമാണ്. കേരളത്തിനു പുറത്ത് വലിയ തോതില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധ്യതയുള്ള ആശയമാണിത്. നിര്‍ഭാഗ്യവശാല്‍, രാഷ്ട്രീയ സ്വാര്‍ഥതയിലേക്ക് സമരത്തെ ചുരുട്ടിക്കെട്ടാനുള്ള ശ്രമങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. സഘ് പരിവാറിനെ സഹായിക്കുന്നതായിപ്പോകുന്നു കേരളത്തില്‍ പലരുടെയും നിലപാട്. 
പൗരത്വ നിയമ ഭേദഗതിയില്‍ മാത്രം ചുരുങ്ങാതെ, രാജ്യത്ത് പിറന്നുവളര്‍ന്ന പൗരന്മാരില്‍ ഭരണകൂടം അവിശ്വാസം രേഖപ്പെടുത്തുന്ന രീതിയില്‍ രേഖ ചോദിക്കുന്ന എന്‍.പി.ആറും എന്‍.ആര്‍.സിയും ഇന്ത്യയിലുടനീളമുള്ള നിര്‍ഭയ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന ഇന്നര്‍ലൈന്‍ പെര്‍മിറ്റുമൊക്കെ സമരമുഖങ്ങളില്‍ ചര്‍ച്ചയാവേണ്ടതുണ്ട്. രാജ്യത്ത് സംജാതമായ സാമ്പത്തിക തകര്‍ച്ചയും പ്രധാന പ്രശ്‌നമാകണം. ഫാഷിസത്തെ തിരിച്ചറിഞ്ഞും തുറന്നുകാട്ടിയുമുള്ള നിലപാടുകളാണ് നാം ഉയര്‍ത്തിപ്പിടിക്കേണ്ടത്.

കെ. ഷമ്മാസ് അള്ളാംകുളം

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (2-4)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗമായിരിക്കണം ലക്ഷ്യം
പി.വൈ സൈഫുദ്ദീന്‍ മാള