Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 14

3139

1441 ജമാദുല്‍ ആഖിര്‍ 20

മര്‍മങ്ങളില്‍ തൊടാത്ത ബജറ്റ് ചര്‍ച്ചകള്‍

ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ സാമ്പത്തിക ശാസ്ത്ര പ്രഫസറായ ജയതി ഘോഷ് പറഞ്ഞതുപോലെ, 2020-ലെ കേന്ദ്ര ബജറ്റ് വലിയ നഷ്ടമുണ്ടാക്കുന്നത് പൊതുജനങ്ങള്‍ക്കായിരിക്കും. ഇപ്പോള്‍ തന്നെ ജനം വലിയൊരു സാമ്പത്തിക മാന്ദ്യത്തെ മുഖാമുഖം കാണുകയാണ്. നോട്ടുനിരോധവും ജി.എസ്.ടിയും സാധാരണക്കാരെയും ഇടത്തരക്കാരെയും കുത്തുപാളയെടുപ്പിച്ചു കഴിഞ്ഞു. നഷ്ടപ്പെട്ട അവരുടെ തൊഴിലുകള്‍ തിരിച്ചുനല്‍കാനോ വരുമാന മാര്‍ഗങ്ങള്‍ പുനഃസ്ഥാപിക്കാനോ കഴിഞ്ഞ ബജറ്റില്‍ നിര്‍ദേശങ്ങളൊന്നുമുണ്ടായിരുന്നില്ല. ഈ  ബജറ്റിലും ഇല്ല. കുറേ കണക്കുകള്‍ അവതരിപ്പിക്കുകയാണ് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. ഗവണ്‍മെന്റിന് പിരിഞ്ഞുകിട്ടുമെന്ന് പ്രതീക്ഷിക്കുന്ന തുകയാണ് അതിലൊന്ന്. കഴിഞ്ഞ ഒമ്പതു മാസമായി വളരെ മന്ദഗതിയില്‍ എത്തിച്ചേര്‍ന്നുകൊണ്ടിരുന്ന റവന്യൂ വരുമാനത്തില്‍ ഇനിയുള്ള മൂന്ന് മാസം വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കണക്കവതരണം. സമ്പദ്ഘടന തിരിച്ചുവരവിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാതെ ക്ഷയിച്ചുകൊണ്ടിരിക്കുമ്പോള്‍ ബജറ്റവതരണത്തില്‍ എടുത്തുപറഞ്ഞ പ്രതീക്ഷകള്‍ എങ്ങനെ പൂവണിയാനാണ്!
ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താവിന് ത്രാണിയില്ലാതാവുന്നു എന്നതാണ് മാന്ദ്യത്തിന് ഒരു പ്രധാന കാരണമായി പറയുന്നത്. സാധാരണക്കാരുടെ കൈകളില്‍ പണമെത്തുമ്പോഴാണ് അവര്‍ക്ക് വാങ്ങല്‍ ശേഷി കൈവരിക്കാനാവുക. ഗ്രാമീണ മേഖലയില്‍ തൊഴിലുകള്‍ സൃഷ്ടിക്കുകയാണ് അതിനുള്ള ഒരു പ്രധാന വഴി. എന്നാല്‍ അത്തരം നീക്കങ്ങളൊന്നും ഈ ബജറ്റില്‍ കാണാനില്ല. കഴിഞ്ഞ ബജറ്റില്‍ ഭക്ഷണം, കൃഷി, ഗ്രാമീണ വികസനം, ഭവന നിര്‍മാണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വളരെ മര്‍മപ്രധാനമായ മേഖലകളില്‍ വലിയ വെട്ടിക്കുറവാണ് വരുത്തിയിരുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് പണമനുവദിക്കുന്നതില്‍ വലിയ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നാണ് ഈ ബജറ്റും നല്‍കുന്ന സൂചന. മാത്രമല്ല, ധാരാളമാളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റൊഴിവാക്കാനും തീരുമാനിച്ചിരിക്കുന്നു. ഉദാരവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും സ്വാഭാവിക ഫലമാണിത്. കോണ്‍ഗ്രസ് ഭരണകാലത്തും ഏതാണ്ട് ഇതേ നിലപാടായിരുന്നുവെങ്കിലും, സംഘ് പരിവാറിന് പല നിലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുകയെന്ന അജണ്ട ഇതിനു പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ബജറ്റവതരണം കണക്കുകള്‍ കൊണ്ടുള്ള കളിയാണെന്ന് പറയാനുള്ള കാരണം പല പ്രധാന വശങ്ങളും അത് മൂടിവെക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. രാജ്യത്ത് തൊഴിലില്ലായ്മ കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ്. പക്ഷേ ഇങ്ങനെയൊരു പ്രശ്‌നം തന്നെ ഉള്ളതായി ബജറ്റവതരണം കേട്ടാല്‍ തോന്നുകയില്ല. ധനിക-ദരിദ്ര അന്തരം അതിഭീകരമാംവിധം വര്‍ധിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. അതിന് ഒരു പ്രതിവിധിയും ബജറ്റ് നിര്‍ദേശിക്കുന്നില്ലെന്നു മാത്രമല്ല, കോര്‍പറേറ്റുകള്‍ക്ക് വീണ്ടും നികുതിയിളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ആ പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യുന്നു. കൊടുത്തു വീട്ടാനുള്ള കടവും അതിന്മേല്‍ പെരുകിവരുന്ന പലിശയും അവലോകനങ്ങളില്‍ പൊതുവെ കടന്നുവരാറില്ല; പലിശ എങ്ങനെയൊക്കെയാണ് നമ്മുടെ സമ്പദ്ഘടനയെയും പൊതുജനത്തെയും മാരകമായി ബാധിക്കുന്നത് എന്നും. ക്രോണി കാപിറ്റലിസം എന്നു പേരിട്ട് വിളിക്കുന്ന രാഷ്ട്രീയക്കാരും കോര്‍പറേറ്റുകളും തമ്മിലുള്ള അവിഹിത സൗഹൃദം അഴിമതിയെ എങ്ങനെ സ്ഥാപനവത്കരിക്കുന്നു എന്നും ചര്‍ച്ചയാവുന്നില്ല. ബജറ്റാവട്ടെ, സമ്പദ്ഘടനയാവട്ടെ വിശകലനങ്ങളത്രയും ഉപരിപ്ലവമായിപ്പോകുന്നു എന്നു പറയേണ്ടിവരും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (2-4)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വര്‍ഗമായിരിക്കണം ലക്ഷ്യം
പി.വൈ സൈഫുദ്ദീന്‍ മാള