Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 07

3138

1441 ജമാദുല്‍ ആഖിര്‍ 13

സ്വലാത്തിന്റെ മഹത്വവും ശ്രേഷ്ഠതയും

നൗഷാദ് ചേനപ്പാടി

നബി(സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലണമെന്ന് അല്ലാഹു ഖുര്‍ആനില്‍ കല്‍പിച്ചതാണ് (അല്‍അഹ്‌സാബ് 56). അത് ഇബാദത്തുമാണ്. അതിന്റെ ശ്രേഷ്ഠതയെപ്പറ്റി നിരവധി സ്വഹീഹായ ഹദീസുകളുമുണ്ട്. എപ്രകാരമാണ്  അങ്ങയുടെമേല്‍ ഞങ്ങള്‍ സ്വലാത്ത് ചൊല്ലേണ്ടത് എന്ന് സ്വഹാബത്ത്  ചോദിച്ചപ്പോള്‍ നമസ്‌കാരത്തില്‍ ചൊല്ലുന്ന ഇബ്‌റാഹീമീ സ്വലാത്താണ് നബി (സ) അവര്‍ക്ക് പഠിപ്പിച്ചു കൊടുത്തത്. ബുഖാരിയും മുസ്‌ലിമുമടക്കം ഏതാണ്ടെല്ലാ ഹദീസ് കിതാബുകളും ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഇന്ന് കാണുന്ന സ്വലാത്തിന്റെ മറ്റു രൂപങ്ങളൊന്നും ഹദീസ് ഗ്രന്ഥങ്ങളില്‍ കാണുകയില്ല. ഖുത്വ്ബയില്‍ സ്വലാത്ത് ചൊല്ലല്‍ 'സലഫി'കളുടെ നിര്‍മിതിയാണെന്നുള്ള വിചിത്ര വാദങ്ങള്‍ വരെ പ്രചരിപ്പിക്കുന്ന കാലമാണിത്. നൂറ്റാണ്ടുകളായി ശാഫിഈ മദ്ഹബില്‍ ഖുത്വ്ബയുടെ അഞ്ചു ഫര്‍ളുകളില്‍ ഒന്നാണത് എന്നതുപോലും മറന്നുകൊണ്ട്. സ്വഹാബത്ത് വെള്ളിയാഴ്ചത്തെയും പെരുന്നാളുകളുടെയും ഖുത്വ്ബകളില്‍ സ്വലാത്ത് ചൊല്ലാറുണ്ടായിരുന്നതായി സ്വഹീഹായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാലാം ഖലീഫ അലി (റ) ഖുത്വ്ബയില്‍ അല്ലാഹുവിനെ സ്തുതിച്ചതിനുശേഷം നബി(സ)യുടെമേല്‍ സ്വലാത്ത് ചൊല്ലിയിരുന്നതായി ഔനുബ്‌നു അബീ ജുഹൈഫ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു. 
അലി(റ) ഖുലഫാഉര്‍റശിദുകളില്‍പെട്ട ആളാണ്. 'എന്റെ സുന്നത്തിനെയും സച്ചരിതരും സന്മാര്‍ഗികളുമായ എന്റെ  ഖുലഫാഉര്‍റാശിദുകളുടെ  സുന്നത്തിനെയും നിങ്ങള്‍ പിന്‍പറ്റണം. അണപ്പല്ലുകള്‍കൊണ്ട് അതിനെ നിങ്ങള്‍ കടിച്ചുപിടിക്കണം' എന്നാണ് നബി(സ)യുടെ കല്‍പന. അതുകൊണ്ടുതന്നെ ഖുത്വ്ബയില്‍ സ്വലാത്ത് ചൊല്ലല്‍ സുന്നത്താണ്.
സ്വലാത്ത് ചൊല്ലുന്നതിന്റെ മഹത്വങ്ങളും ശ്രേഷ്ഠതകളും പറയാം, ഹദീസുകളുടെ അടിസ്ഥാനത്തില്‍തന്നെ. 1. അത് അല്ലാഹുവിന്റെ കല്‍പന അനുസരിക്കലാണ്. 2. അത് ഇബാദത്താണ്. 3. ഒരു സ്വലാത്ത് ചൊല്ലിയവന്റെ മേല്‍ അല്ലാഹുവില്‍നിന്നുള്ള  പത്ത് സ്വലാത്ത് ലഭിക്കും. പ്രബലമായ അഭിപ്രായത്തില്‍ അല്ലാഹുവില്‍നിന്ന് മുഅ്മിനുകള്‍ക്കുള്ള  സ്വലാത്ത് അവന്റെ കാരുണ്യം ചൊരിയലാണ്. മലക്കുകളുടെ സ്വലാത്ത് അല്ലാഹു മുഅ്മിനുകള്‍ക്ക് കാരുണ്യം ചൊരിഞ്ഞുകൊടുക്കേണമേ എന്നുള്ള പ്രാര്‍ഥനയും. രണ്ടാമത്തെ അഭിപ്രായത്തില്‍, അല്ലാഹുവിങ്കല്‍നിന്നുള്ള സ്വലാത്തെന്നാല്‍ അവന്റെ മഗ്ഫിറത്താണ്. 4. അതുമുഖേന ഒരാള്‍ക്ക്  പത്തു ദറജകള്‍ ഉയര്‍ത്തപ്പെടും. 5. അവന് പത്തു നന്മകള്‍-ഹസനാത്ത്- എഴുതപ്പെടും. 6. അവന്റെ പത്തു തിന്മകള്‍-സയ്യിആത്ത്- മായ്ക്കപ്പെടും. 7. ദുആക്ക് മുമ്പു ചൊല്ലിയാല്‍ അത് അല്ലാഹുവിലേക്കെത്താന്‍ സഹായിക്കുകയും ആ ദുആക്ക് ഉത്തരം കിട്ടാന്‍ സാധ്യതയേറുകയും ചെയ്യുന്നു. 8. സ്വലാത്ത് മാത്രം ചൊല്ലിയാലോ അതോടൊപ്പം  നബി(സ)ക്കു 'വസീല' കിട്ടാനും കൂടി ദുആ ചെയ്താലോ വിചാരണനാളില്‍  നബി(സ)യുടെ ശഫാഅത്ത് കിട്ടാന്‍ അത് കാരണമാവും. 9. പാപങ്ങള്‍ പൊറുക്കാന്‍ കാരണമാകുന്നു. 10. നേരിടുന്ന പ്രയാസങ്ങളില്‍നിന്ന് അല്ലാഹു ആശ്വാസം നല്‍കും. 11. പരലോകത്തെ ഭീകരമായ അവസ്ഥയില്‍ അല്ലാഹുവിന്റെ സാമീപ്യം അവനു ലഭ്യമാകും.12. സമ്പത്ത് ചെലവഴിക്കാനില്ലാത്ത ദരിദ്രര്‍ക്ക് അതുമൂലം  സ്വദഖ നല്‍കുന്ന പ്രതിഫലം ലഭിക്കും. 13. അതുമുഖേന അവന്റെ ആവശ്യങ്ങള്‍ നിറവേറപ്പെടും. 14. അല്ലാഹുവിന്റെയും മലക്കുകളുടെയും സ്വലാത്ത് അവനു ലഭിക്കാന്‍ കാരണമായിത്തീരും. 15. സ്വലാത്ത് മുഖേന അത് ചൊല്ലുന്നവന് ശുദ്ധി-ത്വഹാറത്ത്-യും സംസ്‌കരണവും - സകാത്ത്-  കൈവരും. 16. മരണത്തിനു മുമ്പേ അവന് സ്വര്‍ഗം കൊണ്ടുള്ള സന്തോഷവാര്‍ത്ത ലഭിക്കുന്നു. 17. പരലോകത്തെ ഭീകരാന്തരീക്ഷത്തില്‍നിന്ന് മോചനം കിട്ടാന്‍ കാരണമാകുന്നു. 18. സ്വലാത്ത് ചൊല്ലുമ്പോള്‍ നബി(സ)യുടെ സ്വലാത്തും സലാമും തിരിച്ചുകിട്ടാന്‍ കാരണമാകുന്നു. 19. മുമ്പു മറന്നുപോയ കാര്യങ്ങളെ ഓര്‍മയില്‍ കൊണ്ടുവരാന്‍ സ്വലാത്ത് കാരണമാകുന്നു. അറബികള്‍ എന്തെങ്കിലും മറന്നാല്‍ സ്വലാത്ത് ചൊല്ലുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അന്നൊന്നും അത് മനസ്സിലായിരുന്നില്ല. 20. ഒരു സദസ്സില്‍ സ്വലാത്ത് ചൊല്ലിയാല്‍ അന്ത്യദിനത്തിലെ സദസ്സില്‍ അത്  ഖേദത്തിന്  കാരണമാകാതിരിക്കും. 21. വരാനിരിക്കുന്ന ദാരിദ്ര്യത്തെ അത് തടയും. 22. നബി(സ)യുടെ പേരു കേള്‍ക്കുമ്പോള്‍ സ്വലാത്ത് ചൊല്ലുന്നത് ഇഹത്തിലും പരത്തിലും ലുബ്ധന്‍ എന്ന പേരു വരുന്നത് തടയും. 23. ഒരു സദസ്സ് ദുഷിക്കാതിരിക്കണമെങ്കിന്‍ അതില്‍ അല്ലാഹുവിനെ  സ്തുതിക്കുകയും സ്വലാത്ത് ചൊല്ലുകയും വേണം. 24. പരലോകത്തെ പ്രയാണത്തില്‍ അവനത് വെളിച്ചമായിരിക്കും. 25. അല്ലാഹുവെ സ്തുതിച്ചുകൊണ്ടും സ്വലാത്ത് ചൊല്ലിക്കൊണ്ടും ആരംഭിക്കുന്ന സംസാരം പൂര്‍ണതയിലെത്തും. ഇനിയും അനവധിയുണ്ട്. അസ്സ്വലാത്തു വസ്സലാമു അലാ റസൂലില്ലാഹ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (1)
ടി.കെ ഉബൈദ്‌

ഹദീസ്‌

ദൈവസാമീപ്യം നേടാനുള്ള വഴികള്‍
ബിലാല്‍ ബദ്‌റുദ്ദീന്‍