Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 07

3138

1441 ജമാദുല്‍ ആഖിര്‍ 13

ആഹ്ലാദവേള ആഹ്ലാദിക്കാനുള്ളതാണ്

മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

മനുഷ്യപ്രകൃതത്തിന്റെ അനിവാര്യതകളിലൊന്നാണ് ആഹ്ലാദിക്കാന്‍ അവസരമുാവണമെന്നത്. ആഹ്ലാദവേളകള്‍ ആഘോഷിക്കാനുള്ളതുമാണ്. പ്രകൃതി മതമാകുന്ന ഇസ്‌ലാം മനുഷ്യന്റെ പ്രകൃതിപരമായ ഈ ചോദനയുടെ പൂര്‍ത്തീകരണം ഉപാധികളോടെ അനുവദിച്ചിട്ടുണ്ട്. സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും അവസരങ്ങള്‍ പൂര്‍ണമായും അനുഭവിക്കാന്‍ മനുഷ്യന് അവകാശമുണ്ടെന്ന് അത് പഠിപ്പിക്കുന്നു.
ഉയര്‍ന്ന പ്രതീക്ഷകളോടെ, ഉന്മേഷവാന്മാരായി, പുതിയ സ്വപ്‌നങ്ങളുമായി മനുഷ്യര്‍ കഴിയണമെന്നാണ് ഇസ്‌ലാമിന്റെ ആഗ്രഹം. അനുവദിച്ച സന്ദര്‍ഭങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിക്കാതിരിക്കുന്നതും സന്തോഷപ്രകടനം ദീനിന്റെ മഹത്വത്തിന് ചേര്‍ന്നതല്ലെന്ന് ധരിക്കുന്നതും ഇസ്‌ലാമിനെ സംബന്ധിച്ച അറിവില്ലായ്മയില്‍ സംഭവിക്കുന്നതാണ്.
നിര്‍ബന്ധ ദീനീബാധ്യതകള്‍ നിര്‍വഹിക്കാന്‍ ഭാഗ്യമുാവുക, സുഹൃത്തിന് വിദ്യാഭ്യാസ മേഖലയിലോ മറ്റോ ഉയര്‍ന്നു പോകാന്‍ അവസരം ലഭിക്കുക, ദൈവം പണവും സമ്പത്തും നല്‍കി അനുഗ്രഹിക്കുക, ദീര്‍ഘയാത്ര കഴിഞ്ഞ് വീട്ടില്‍ സുരക്ഷിതനായി തിരിച്ചെത്തുക, വളരെ അടുത്തയാള്‍ ദൂരയാത്ര ചെയ്ത് മടങ്ങിയെത്തുക, വീട്ടില്‍ നമുക്ക് അടുപ്പമുള്ള ഒരു അതിഥിയെത്തുക, വിവാഹമോ ജനനമോ ഉണ്ടാവുക, രോഗാവസ്ഥയിലായിരുന്ന ഉറ്റവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുക, ഇസ്‌ലാമിക കൂട്ടായ്മകള്‍ക്ക് മികച്ച വിജയമുായെന്ന് വിവരം ലഭിക്കുക തുടങ്ങി ആഹ്ലാദമുാകുന്ന അവസരങ്ങള്‍ നിരവധിയാണ്. ഇസ്‌ലാം ആഹ്ലാദപ്രകടനത്തിന് അനുമതി നല്‍കുക മാത്രമല്ല, അതിനെ ദീനിന്റെ അടിസ്ഥാന പ്രകൃതമായി എണ്ണുകയും ചെയ്തിരിക്കുന്നു.
കഅ്ബുബ്‌നു മാലിക്(റ) പറയുന്നു: ''അല്ലാഹു എന്റെ പശ്ചാത്താപം സ്വീകരിച്ചതായ സന്തോഷവാര്‍ത്ത ലഭിച്ചപ്പോള്‍ ഞാന്‍ ഉടനെ നബിയുടെ അടുക്കല്‍ ചെന്നു. സലാം പറഞ്ഞുകൊണ്ട് നബിയെ അഭിമുഖീകരിച്ചപ്പോള്‍ സന്തോഷത്താല്‍ അവിടുത്തെ മുഖം വെട്ടിത്തിളങ്ങുകയായിരുന്നു. സന്തോഷമുണ്ടാകുമ്പോഴൊക്കെ തിരുമുഖം ഞാന്‍ അങ്ങനെയാണ് കണ്ടിട്ടുള്ളത്. അപ്പോഴത് ഒരു നക്ഷത്രക്കഷ്ണം കണക്കെ പ്രഭാപൂരിതമായിരിക്കും'' (രിയാദുസ്സ്വാലിഹീന്‍).
ഹിജ്‌റ ചെയ്ത് മദീനയിലെത്തിയ ശേഷം പ്രവാചകന്‍ പറഞ്ഞു: ''വര്‍ഷത്തില്‍ രണ്ട് ആഘോഷങ്ങള്‍ കൊണ്ടാടിയിരുന്നു നിങ്ങള്‍. ഇപ്പോള്‍ അല്ലാഹു അതിനേക്കാള്‍ കേമമാര്‍ന്ന രണ്ട് ആഘോഷങ്ങള്‍ നിങ്ങള്‍ക്കു സമ്മാനിച്ചിരിക്കുന്നു. ഈദുല്‍ ഫിത്വ്‌റും ഈദുല്‍ അദ്ഹായും ആണ് അവ. വര്‍ഷത്തിലെ ഈ രണ്ട് ആഘോഷങ്ങള്‍ നിങ്ങള്‍ സന്തോഷത്താലും ആഹ്ലാദത്താലും നിറക്കുക. ഉള്ളുതുറന്ന് വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുക. ആ ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കരുത്. കാരണം ഈ ദിനങ്ങള്‍ ഭക്ഷണപാനീയങ്ങള്‍ക്കുള്ളതാണ്. പരസ്പരം സ്‌നേഹം പങ്കുവെച്ചും നാഥനെ സ്തുതിച്ചും പെരുന്നാള്‍ ആഘോഷിക്കുക.'' കുളിച്ച് വൃത്തിയായി ഉള്ളതില്‍ ഏറ്റവും നല്ല വസ്ത്രമണിഞ്ഞ്, സുഗന്ധം പൂശി, നല്ല ഭക്ഷണം ഒരുക്കി, അനുവദനീയ വിനോദങ്ങളിലേര്‍പ്പെടാന്‍ കുട്ടികള്‍ക്കു അവസരം നല്‍കി മനം നിറഞ്ഞായിരിക്കണം പെരുന്നാളിനെ വരവേല്‍ക്കേത്. ആഇശ(റ) ഉദ്ധരിക്കുന്നു: ''പെരുന്നാള്‍ സുദിനം ബുആസ് പോരാട്ടത്തെ അനുസ്മരിച്ച് കുറച്ച് പെണ്‍കുട്ടികള്‍ പാട്ടുപാടുകയായിരുന്നു. അപ്പോള്‍ അബൂബക്ര്‍ (റ) അവിടേക്കു കടന്നുവന്ന് പറഞ്ഞു: 'നബിയുടെ വീട്ടില്‍ വെച്ച് പിശാചിന്റെ വാദ്യാലാപനമോ?' അതുകേട്ട നബി (സ) പറഞ്ഞു: 'അബൂബക്ര്‍, അവരെ വിട്ടേക്കുക. എല്ലാ സമൂഹത്തിനും ആഘോഷ സുദിനങ്ങളുണ്ട്. പെരുന്നാള്‍ നമ്മുടെ ആഘോഷസുദിനമാണ്.''
മറ്റൊരിക്കല്‍ എത്യോപ്യയില്‍നിന്നുള്ള ചില അഭ്യാസികള്‍ മദീനാപള്ളിക്കടുത്ത് വെച്ച് തങ്ങളുടെ ആയോധനകലകള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. നബി(സ) അത് വീക്ഷിച്ചെന്നു മാത്രമല്ല പത്‌നി ആഇശ(റ)ക്ക് അത് കാണാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു. പ്രവാചകന്റെ മറവില്‍നിന്ന് കുറേനേരം അതുകണ്ട് അവര്‍ ക്ഷീണിതയായപ്പോള്‍ അവിടുന്ന് പറഞ്ഞു: 'ഇനി നിനക്കു പോകാം' (ബുഖാരി).
ആഹ്ലാദം പങ്കിടുമ്പോള്‍ ഇസ്‌ലാമിക മര്യാദകളും നാം പാലിച്ചിരിക്കണം. നമുക്ക് സന്തോഷം സമ്മാനിച്ചവര്‍ക്കുള്ള നന്ദിപ്രകാശനം(ശുക്‌റന്‍) അതിന്റെ ഭാഗമാണ്, നന്ദിസൂചകമായ സുജൂദും(സജദ ശുക്ര്‍) നിര്‍വഹിക്കുക. ഇസ്‌ലാമിക രീതിക്കു നിരക്കാത്ത യാതൊരു പ്രകടനവും സന്തോഷത്തള്ളിച്ചയില്‍ സംഭവിക്കാന്‍ പാടില്ല. അഹങ്കാരവും ഡംഭും പ്രകടിപ്പിക്കുംവിധമാകരുത് ആഹ്ലാദപ്രകടനം. വിനയവും താഴ്മയും കൈവെടിയരുത്.
ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ക്കു അല്ലാഹു നല്‍കിയ അനുഗ്രഹത്തില്‍ നിങ്ങള്‍ മതിമറന്ന് ആഹ്ലാദിക്കരുത്. തീര്‍ച്ചയായും അല്ലാഹു യാതൊരു അഹങ്കാരിയെയും അഹംഭാവിയെയും ഇഷ്ടപ്പെടുന്നില്ല.'' സന്തോഷം സമ്മാനിച്ചവനെ (നാഥനെ) കൂടുതല്‍  കൂടുതലായി സ്മരിക്കുന്നതാവണം വിശ്വാസിയുടെ രീതി.
റമദാന്റെ പകലില്‍ നോമ്പനുഷ്ഠിച്ചതിനും രാത്രിനമസ്‌കാരം നിര്‍വഹിച്ചതിനും ശേഷം വന്നെത്തുന്ന പെരുന്നാള്‍  അല്ലാഹു നല്‍കിയ പണത്തില്‍നിന്ന് പാവപ്പെട്ടവര്‍ക്കു ഭക്ഷണം നല്‍കിയാണ് നാം ആഘോഷിക്കാന്‍ തുടങ്ങുന്നത്. റമദാനിലെ അനുഷ്ഠാനങ്ങളില്‍ സംഭവിച്ചുപോകാന്‍ ഇടയുള്ള വീഴ്ചകള്‍ മായ്ക്കാനും അശ്രദ്ധകള്‍ പൊറുക്കാനും ഒപ്പം പാവപ്പെട്ട സഹോദരന് അന്നേദിവസം സന്തോഷം പകര്‍ന്നു നല്‍കാനുമുള്ള ആഹ്ലാദത്തിന്റെ സാമൂഹിക പ്രകടനമാണ് നാമിവിടെ കാണുന്നത്.
നമ്മുടെ സന്തോഷത്തില്‍ മറ്റുള്ളവരെ പങ്കെടുപ്പിക്കുകയും മറ്റുള്ളവരുടെ സന്തോഷം ഇരട്ടിക്കുന്നതിന് അവരുടെ സന്തോഷത്തില്‍ നാം പങ്കുചേരുകയും വേണം. സന്തോഷ പങ്കുവെപ്പില്‍ ആശംസകളും അനുമോദനങ്ങളും കൈമാറണം. കഅ്ബുബ്‌നു മാലികി(തബൂക്ക്് യുദ്ധത്തില്‍ പങ്കെടുക്കാതിരുന്ന സ്വഹാബി)ന്റെ പശ്ചാത്താപം സ്വീകരിക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ സ്വഹാബികള്‍ ഉടനെതന്നെ അദ്ദേഹത്തിന്റെ അടുക്കലെത്തി ആഹ്ലാദത്തില്‍ പങ്കുകൊണ്ടു. എത്രത്തോളമെന്നാല്‍ ആ വിഷയത്തില്‍ ത്വല്‍ഹ(റ)യുടെ ആഹ്ലാദ- സന്തോഷ പ്രകടനം ജീവിതാവസാനം വരെ കഅ്ബ്, ഇടക്കിടെ എടുത്തുപറയാറുണ്ടായിരുന്നു. വാര്‍ധക്യകാലത്ത് തന്റെ ജീവിത പരീക്ഷണങ്ങളും പശ്ചാത്താപവുമൊക്കെ മകന്‍ അബ്ദുല്ലക്കു വിവരിച്ചുനല്‍കിയപ്പോഴും കഅ്ബ്(റ), ത്വല്‍ഹയുടെ ആഹ്ലാദപ്രകടനത്തെ പരാമര്‍ശിച്ചു സംസാരിക്കുകയും അതിനെ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നു അനുസ്മരിക്കുകയുമുണ്ടായി. കഅ്ബിന്റെ പശ്ചാത്താപം സ്വീകരിച്ച വിവരം ലഭിച്ച പ്രവാചകനാകട്ടെ ആഹ്ലാദം പങ്കുവെച്ചുകൊണ്ട് പറഞ്ഞതിങ്ങനെ: 'കഅ്ബ്, ഇന്ന് താങ്കളുടെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ സുദിനമാണ്' (രിയാദുസ്സ്വാലിഹീന്‍).
വിവാഹം, ജനനം തുടങ്ങിയ സന്തോഷാവസരങ്ങളില്‍ ആ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് അഭിനന്ദനം നേരണം. വിവാഹവേളയില്‍ നബി(സ) നേരാറുണ്ടായിരുന്ന ആശംസാ വാചകം അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്നു:
ബാറകല്ലാഹു ലക വ ബാറക അലൈകുമാ വജമഅ ബൈനകുമാ ഫീ ഖൈര്‍ (തിര്‍മിദി-അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ, രണ്ടു പേര്‍ക്കും അവന്‍ അനുഗ്രഹം ചൊരിയട്ടെ, നന്മയോടെ നിങ്ങളെ സംയോജിപ്പിക്കുകയും ചെയ്യുമാറാകട്ടെ). ഒരാള്‍ക്കു കുഞ്ഞു ജനിച്ചപ്പോള്‍ ഹുസൈന്‍(റ) അനുമോദന സന്ദേശത്തില്‍ പറഞ്ഞു:
'അല്ലാഹു, അവന്റെ ഈ സമ്മാനത്തില്‍ നിനക്ക് നന്മയും അനുഗ്രഹവും ചൊരിയട്ടെ. അതിന് നന്ദി രേഖപ്പെടുത്താനും അവന്‍ നിനക്കു ഉതവി നല്‍കട്ടെ. കുട്ടികള്‍ക്ക് അവന്‍ യുവത്വത്തിന്റെ വസന്തമേകട്ടെ, അവരെ അച്ചടക്കശീലമുള്ളവരുമാക്കട്ടെ.'
ദൂരത്തുനിന്ന് മടങ്ങിയെത്തുന്ന ഉറ്റവരെ ആഹ്ലാദപൂര്‍വം സ്വീകരിക്കണം. ലക്ഷ്യം പൂര്‍ത്തീകരിച്ചും സുരക്ഷിതരായും അവര്‍ മടങ്ങിയെത്തിയതിനാലാണ് ഈ ആഹ്ലാദം. ആ സന്തോഷപ്രകടനത്തിന് ബന്ധപ്പെട്ടവരെ ക്ഷണിച്ച് ഒരു ചടങ്ങും സംഘടിപ്പിക്കാം. അതില്‍ ധൂര്‍ത്തോ ദുര്‍വ്യയമോ ഉണ്ടാവാതിരിക്കണം. നബി(സ) തബൂക്ക് യുദ്ധത്തില്‍നിന്ന് മടങ്ങിവരുമ്പോള്‍ പുരുഷന്മാരും കുട്ടികളും സനിയ്യാതുല്‍ വിദാഇല്‍ ചെന്ന് അവരെ സ്വീകരിച്ചാനയിച്ചിരുന്നു (അബൂദാവൂദ്). മക്കയില്‍നിന്ന് ഹിജ്‌റ നടത്തി മദീനയുടെ തെക്കു ഭാഗത്തു കൂടിയായിരുന്നു പ്രവാചകന്‍ പട്ടണത്തില്‍ പ്രവേശിച്ചത്. അപ്പോള്‍ പുരുഷന്മാരും സ്ത്രീകളും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമെല്ലാം ചേര്‍ന്ന് അദ്ദേഹത്തെ വരവേറ്റു. ആഹ്ലാദപൂര്‍വം അന്‍സ്വാറുകളിലെ പെണ്‍കുട്ടികള്‍ പാടി:
ത്വലഅല്‍ ബദ്‌റു അലൈനാ
മിന്‍സനിയ്യാതില്‍ വിദാഇ*
വജബശ്ശുക്‌റു അലൈനാ
മാ ദആ ലില്ലാഹി ദാഇ
അയ്യുഹല്‍ മബ്ഊസു ഫീനാ
ജിഅ്ത ബില്‍ അംരില്‍ മുത്വാഇ
(ഥനിയ്യാതുല്‍ വിദാഇലൂടെ ഞങ്ങളിലേക്ക് ഇതാ ഒരു പൂര്‍ണചന്ദ്രന്‍ കടന്നു വന്നിരിക്കുന്നു. അല്ലാഹുവിന്റെ ഈ പ്രബോധകന്‍ ഞങ്ങള്‍ക്കൊപ്പം ഉള്ള കാലമെല്ലാം നാഥന് സ്തുതിയര്‍പ്പിക്കുകയാണ് ഞങ്ങള്‍. ഞങ്ങളിലേക്കു നിയോഗിക്കപ്പെട്ട പ്രവാചകരേ; എന്നെന്നും അനുസരിക്കപ്പെടേണ്ട സത്യസന്ദേശവുമായാണ് താങ്കള്‍ ഞങ്ങളിലേക്കു നിയുക്തനായിരിക്കുന്നത്).
ഒരിക്കല്‍ ഒരു യാത്ര കഴിഞ്ഞ് മദീനയില്‍ മടങ്ങിയെത്തിയ പ്രവാചകന്‍ ഒരു ഒട്ടകത്തെ, അല്ലെങ്കില്‍ പശുവിനെ അറുത്ത് ജനങ്ങള്‍ക്കു സദ്യ ഒരുക്കിയിരുന്നു (അബൂദാവൂദ്).
വിവാഹവേളയില്‍ കുടുംബക്കാരെയും സുഹൃത്തുക്കളെയും ക്ഷണിച്ച് സല്‍ക്കാരം സംഘടിപ്പിക്കാം. ആ ഘട്ടത്തില്‍ ഗാനമാലപിക്കാനും ദഫ് മുട്ടാനും നബി(സ) അനുമതി നല്‍കുകയുണ്ടായി. സന്തോഷപ്രകടനം, വിവാഹം പരസ്യപ്പെടുത്തല്‍ എന്നിവയും അതിന്റെ ഉദ്ദേശ്യമാണ്. ആഇശ(റ)യുടെ കുടുംബത്തിലെ ഒരു സ്ത്രീയെ അന്‍സ്വാരിയായ ഒരാള്‍ വിവാഹം കഴിച്ചപ്പോള്‍ അവരെ ഭര്‍തൃഗൃഹത്തിലേക്ക് യാത്രയാക്കുന്ന നേരം നബി(സ) ചോദിച്ചു: 'ദഫ് മുട്ടാനും ഗാനമാലപിക്കാനും പറ്റുന്ന സംഘത്തെ എന്തുകൊണ്ടാണ് അവര്‍ക്കൊപ്പം അയക്കാതിരുന്നത്?' റബീഅ് ബിന്‍തു മുഅവ്വദ് എന്ന സ്ത്രീയുടെ വിവാഹവേളയില്‍ അവര്‍ക്കടുത്തിരുന്ന് ചില പെണ്‍കുട്ടികള്‍ പാട്ടുപാടി. ബദ്‌റില്‍ രക്തസാക്ഷികളായ മഹാന്മാരെ പറ്റിയായിരുന്നു പ്രസ്തുത ഗാനം. കൂട്ടത്തില്‍ ഒരു കുട്ടി, 'നാളത്തെ കാര്യങ്ങള്‍ അറിയുന്ന ഒരു നബി നമ്മോടൊപ്പമുണ്ട്' എന്ന് പാടിയത് നബി(സ) കേള്‍ക്കുകയുണ്ടായി. അപ്പോള്‍ അവിടുന്ന് പറഞ്ഞു: 'ആ വരി ഉപേക്ഷിക്കുക; ആദ്യം പാടിയവ തുടരുകയും ചെയ്യുക' (ബുഖാരി).
പ്രവാചകന്‍ തന്റെ വിവാഹത്തോടനുബന്ധിച്ച് സദ്യ ഒരുക്കിയിരുന്നു; സദ്യ നല്‍കാന്‍ അനുചരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: 'ഒരു ആടിനെയെങ്കിലും അറുത്ത് വലീമ (വിവാഹസല്‍ക്കാരം) നടത്തുക' (ബുഖാരി). വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ചുരുങ്ങിയത് അവര്‍ക്ക് ആശംസാ സന്ദേശമെങ്കിലും അയക്കണം. വിവാഹം പോലുള്ള വേളയില്‍ സമ്മാനം നല്‍കുന്നത് ബന്ധം ഊഷ്മളമാകാന്‍ സഹായകമാണ്. തന്റെ നിലവാരത്തിന് യോജിച്ച സമ്മാനമേ നല്‍കാവൂ, അതില്‍ പ്രദര്‍ശനപരത ഉണ്ടാകരുത്. എല്ലാം നിഷ്‌കളങ്ക ഹൃദയത്തോടെയാവണം. 

വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

* മദീനയുടെ തെക്കുവശത്തുള്ള ഒരു മൊട്ടക്കുന്നാണ് സനിയ്യാതുല്‍ വിദാഅ്. അതിഥികളെ യാത്രയയക്കുമ്പോള്‍ മദീനക്കാര്‍ ആ കുന്ന് വരെ അവരെ അനുഗമിക്കാറുായിരുന്നു. അതിനാലാണ് 'യാത്രയയക്കുന്ന കുന്ന്' എന്നര്‍ഥമുള്ള സനിയ്യാതുല്‍ വിദാഅ് എന്ന് അതിന്  പേരുവന്നത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (1)
ടി.കെ ഉബൈദ്‌

ഹദീസ്‌

ദൈവസാമീപ്യം നേടാനുള്ള വഴികള്‍
ബിലാല്‍ ബദ്‌റുദ്ദീന്‍