Prabodhanm Weekly

Pages

Search

2020 ഫെബ്രുവരി 07

3138

1441 ജമാദുല്‍ ആഖിര്‍ 13

കണ്ണങ്കോട് മഹ്മൂദ്, ചൊക്ലി

ഖാദര്‍ മാസ്റ്റര്‍, ചൊക്ലി

സജീവ പ്രസ്ഥാന പ്രവര്‍ത്തകനായിരുന്നു കണ്ണങ്കോട് മഹ്മൂദ് സാഹിബ്. 1980-ല്‍ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന അദ്ദേഹം ദഅ്‌വത്ത് നഗര്‍ സമ്മേളനത്തിന് ഒരു വര്‍ഷം മുമ്പാണ് പ്രവര്‍ത്തന രംഗത്ത് സജീവമായത്.
ചൊക്ലി ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രശസ്ത കുടുംബമായ കണ്ണങ്കോട് വീട്ടില്‍ പരേതരായ സൂപ്പി-നഫീസ ദമ്പതികളുടെ മൂത്ത പുത്രനാണ്. പ്രസ്ഥാനത്തില്‍ വന്നതോടെ യാഥാസ്ഥിതിക വിഭാഗക്കാരില്‍നിന്നും ശക്തമായ എതിര്‍പ്പുകളും ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നു. കുറച്ചുകാലം ഖത്തറിലായിരുന്നു. പിന്നീട് നാട്ടില്‍തന്നെ കോണ്‍ട്രാക്ട് ജോലിയില്‍ ഏര്‍പ്പെട്ടു. ജോലിസംബന്ധമായോ അല്ലാതെയോ ഉള്ള സാമ്പത്തിക കാര്യങ്ങളില്‍ ഏറെ സൂക്ഷ്മത പുലര്‍ത്തി. ഏറ്റെടുത്ത ഏത് ചുമതലയും കാര്യക്ഷമമായും ഉത്തരവാദിത്വത്തോടെയും നിര്‍വഹിച്ചു.
ജനസേവന രംഗത്താണ് അദ്ദേഹത്തിന്റെ നിറസാന്നിധ്യമുണ്ടായിരുന്നത്. ഏറ്റെടുത്ത പ്രസ്ഥാന ചുമതലകള്‍ക്കു പുറമെ സ്വന്തമായി പല നിര്‍ധന കുടുംബങ്ങള്‍ക്കും വീടു നിര്‍മാണത്തിനും മറ്റും വലിയ സഹായങ്ങള്‍ നല്‍കിവരാറുണ്ടായിരുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന പാവപ്പെട്ട പല കുടുംബങ്ങള്‍ക്കും അദ്ദേഹം അത്താണിയായിരുന്നു.
ചൊക്ലി മസ്ജിദുല്‍ ഹുദാ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി, മേനപ്രം പെട്ടിപ്പാലം ഹിറാ മസ്ജിദ് സെക്രട്ടറി, ചൊക്ലി ബൈത്തുസ്സകാത്ത് ജോ. സെക്രട്ടറി എന്നിവക്കു പുറമെ ചൊക്ലിയില്‍ പ്രസ്ഥാനകേന്ദ്രമായി നിര്‍മിക്കുന്ന 'യൂനിറ്റി സെന്ററി'ന്റെ സജീവ പ്രവര്‍ത്തകനും സെക്രട്ടറിയുമായിരുന്നു. യൂനിറ്റി സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കെയാണ് വിയോഗം.

 

 

ചാക്കാപ്പിള്ളി ഇബ്‌റാഹീം

കോതമംഗലം പ്രാദേശിക ജമാഅത്തിലെ കാര്‍കുനായിരുന്നു നെല്ലിക്കുഴി ഇബ്‌റാഹീം സാഹിബ്. ലളിത ജീവിതം നയിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയായിരുന്ന അദ്ദേഹം, ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ചെലവഴിക്കുന്നതില്‍ മുന്നിലായിരുന്നു. ചെലവഴിക്കുന്നത് മറ്റുള്ളവര്‍ അറിയാന്‍ ഒട്ടും താല്‍പര്യപ്പെട്ടിരുന്നില്ല. സ്വന്തം ജീവിതം മറ്റുള്ളവര്‍ക്ക് മാതൃകയാക്കിയ അദ്ദേഹം അനുഷ്ഠാന കര്‍മങ്ങളില്‍ കൃത്യത കാത്തുസൂക്ഷിച്ചുപോന്നു. ജമാഅത്ത് അംഗത്വത്തിന് അപേക്ഷിച്ച് അമീറിന്റെ അഭിമുഖത്തിനായി കാത്തിരിക്കുമ്പോഴാണ് അദ്ദേഹം അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. 

ഇല്‍യാസ് തെക്കുംപറമ്പില്‍

 

 

സൈനുദ്ദീന്‍,ഒലവക്കോട്

പാലക്കാട് ജില്ലയിലെ ഒലവക്കോട് റെയില്‍വെ കോളനി ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനായിരുന്നു സൈനുദ്ദീന്‍ സാഹിബ്. ഇശാ നമസ്‌കാരം ജമാഅത്തായി പള്ളിയില്‍ നിര്‍വഹിച്ച് വീട്ടിലെത്തിയ ശേഷം ശരീരം തളര്‍ന്ന് വീഴുകയായിരുന്നു. എന്ത് പ്രയാസമുണ്ടായിരുന്നാലും ചിരിക്കുന്ന മുഖത്തോടെയല്ലാതെ അദ്ദേഹത്തെ കാണാന്‍ കഴിയുമായിരുന്നില്ല. ഓട്ടോ തൊഴിലാളിയായ അദ്ദേഹം ഡ്രൈവര്‍മാരെ വരിചേര്‍ത്ത് പ്രബോധനം നല്‍കിയിരുന്നു. കൂട്ടുകാരായ ഡ്രൈവര്‍മാരുടെ കുട്ടികള്‍ക്ക് മലര്‍വാടി എത്തിക്കാന്‍ ശ്രമിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ വളരെ സൂക്ഷ്മാലുവായിരുന്നു. 5 വര്‍ഷം മുമ്പ് വരെ സി.ഐ.ടി.യു തൊഴിലാളിയും ഇടത് ചിന്താഗതിക്കാരനുമായിരുന്ന അദ്ദേഹം പ്രസ്ഥാനത്തെ മനസ്സിലാക്കി കടന്നുവരികയായിരുന്നു, കുടുംബത്തെ പ്രസ്ഥാനത്തിലേക്ക് കൊണ്ട്‌വരാനും അദ്ദേഹത്തിന് കഴിഞ്ഞു. ഹല്‍ഖയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. സഹോദര സമുദായാംഗങ്ങളില്‍ അദ്ദേഹത്തിന് വിപുലമായ ബന്ധങ്ങളുണ്ടായിരുന്നു. ഭാര്യ: ജമീല. മക്കള്‍: ഷമീര്‍, ഷമീല, ജെസ്‌ല.

പി.എ ബഷീര്‍, റെയില്‍വെ കോളനി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-34 / സബഅ്‌ - (1)
ടി.കെ ഉബൈദ്‌

ഹദീസ്‌

ദൈവസാമീപ്യം നേടാനുള്ള വഴികള്‍
ബിലാല്‍ ബദ്‌റുദ്ദീന്‍