Prabodhanm Weekly

Pages

Search

2020 ജനുവരി 31

3137

1441 ജമാദുല്‍ ആഖിര്‍ 06

'മണ്‍സൂണ്‍ ഇസ്‌ലാം' മധ്യകാല മലബാറിന്റെ സാര്‍വദേശീയതയും പുതിയ വായനകളും

അനസ് പടന്ന

സമുദ്രവ്യാപാരത്തിലെ മലബാര്‍ സാന്നിധ്യവും വിശാല ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ അതിന്റെ സവിശേഷമായ സ്ഥാനവും ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്. കാലാവസ്ഥയും ഭൂപ്രകൃതിയും ഭാഷയും സംസ്‌കാരവും മതവും സമ്മേളിച്ച അപൂര്‍വമായ ഒരു മിശ്രിതമാണ് മധ്യകാല മലബാറിന്റെ സ്വഭാവം തേടിപ്പോകുമ്പോള്‍ നമ്മെ എതിരേല്‍ക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ നാലു ദിക്കുകളിലും ചിതറിക്കിടന്നിരുന്ന മറ്റു തീരപ്രദേശങ്ങള്‍ പോലെ തന്നെ ഇസ്‌ലാമിന്റെ പൊതു നാഗരിക ഗുണങ്ങള്‍ പ്രകടമാക്കിയതോടൊപ്പം അതിന്റെ പ്രാദേശികമായ അസ്തിത്വത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു എന്നത് മലബാറിന്റെ സവിശേഷതയായിരുന്നു. കേവലമായ ആത്മീയ ആഖ്യാനത്തിനപ്പുറമുള്ള ഇസ്‌ലാമിന്റെ വിശാലമായ വായനയും അവതരണവും ഇത്തരമൊരു പ്രാദേശിക പതിപ്പ് രൂപപ്പെടുത്തുന്നതില്‍ വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്. മലബാറിലെയും ഇന്തോനേഷ്യയിലെയും ചൈനയിലെയും ഉത്തരാഫ്രിക്കയിലെയും ഇസ്‌ലാമിന്റെ പതിപ്പുകള്‍ വിശ്വാസപരമായി ഏകത്വം ഘോഷിച്ചപ്പോഴും സാംസ്‌കാരികമായി വൈജാത്യം പുലര്‍ത്തിയവയായിരുന്നു എന്നത് അതിനുള്ള പ്രകടമായ തെളിവാണ്.
ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായ  സെബാസ്റ്റ്യന്‍ പ്രാങ്കേ (Sebastian R. Prange) തന്റെ Monsoon Islam: Trade and Faith on the Medieval Malabar Coast എന്ന പുസ്തകത്തില്‍ വരച്ചുകാണിക്കുന്നതും മലബാര്‍ തീരപ്രദേശങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന ഇസ്‌ലാമിന്റെ പ്രാദേശിക രൂപത്തെയും വൈവിധ്യമാര്‍ന്ന അതിന്റെ വികാസ പ്രക്രിയകളെയുമാണ്. മണ്‍സൂണ്‍ കാറ്റിന്റെ ഗതിവിഗതികള്‍ക്കനുസരിച്ച് കപ്പലിന്റെ പായകള്‍ ക്രമീകരിച്ച് കിഴക്കോട്ട് യാത്ര ചെയ്ത അറബ് വ്യാപാരികളും സഞ്ചാരികളും എത്തിച്ചേര്‍ന്നിരുന്നത് സുഗന്ധവ്യഞ്ജനങ്ങള്‍ മണക്കുന്ന കേരളത്തിലാണ്. പോര്‍ച്ചുഗീസുകാരനായ വാസ്‌കോഡ ഗാമ കാപ്പാട് കപ്പലിറങ്ങുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്നേ തന്നെ അറബികളും പേര്‍ഷ്യക്കാരും ആഫ്രിക്കന്‍, ചൈനീസ് മുസ്‌ലിംകളുമൊക്കെ കേരളതീരത്തെ തുറമുഖ പട്ടണങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ഈ കച്ചവടയാത്രകള്‍ വഴി കൈമാറ്റം ചെയ്യപ്പെട്ടത് ചരക്കുകള്‍ മാത്രമായിരുന്നില്ല, മതവും സംസ്‌കാരവും വിജ്ഞാനവും സാങ്കേതിക വിദ്യയുമൊക്കെ വിശാല ഇന്ത്യന്‍ മഹാസമുദ്രത്തിലെ തുറമുഖ നഗരങ്ങള്‍ പരസ്പരം കൈമാറി. ഇന്ത്യന്‍ മഹാസമുദ്ര തീരത്തുള്ള കിഴക്കന്‍ ആഫ്രിക്കന്‍ നാടുകളിലും അറേബ്യന്‍ ഉപദ്വീപിന്റെ ഒമാന്‍, യമന്‍, ഏദന്‍ പ്രദേശങ്ങളിലും കേരളത്തിലെ മലബാറിലും മലയാ ദ്വീപസമൂഹങ്ങളിലും ഇന്നും ശക്തമായ വേരോട്ടമുള്ളത് ശാഫിഈ ഫിഖ്ഹ് അടിസ്ഥാനമാക്കിയുള്ള ചിന്താധാരകള്‍ക്കാണ് എന്നത് ആദാനപ്രദാനങ്ങളുടെ വ്യാപ്തിയെ സൂചിപ്പിക്കുന്നു.
ഖൈബര്‍ ചുരം വഴി ഇന്ത്യയിലേക്ക് കടക്കുകയും ഗംഗാ-യമുനാ സമതലങ്ങളില്‍ വ്യാപിക്കുകയും ചെയ്ത ഉത്തരേന്ത്യന്‍ ഇസ്‌ലാമിന്റെ പൊതുഭാഷ പേര്‍ഷ്യനായിരുന്നു. മുഗള്‍ കാലഘട്ടം പേര്‍ഷ്യന്‍ ഭാഷയുടെ അഭൂതപൂര്‍വമായ വളര്‍ച്ചക്ക് കാരണമായത് അതിന് രാജകൊട്ടാരങ്ങളിലും ഔദ്യോഗിക രേഖകളിലും നല്‍കപ്പെട്ടിരുന്ന പരിഗണനയുടെ പിന്‍ബലത്തിലാണ്. എന്നാല്‍ മലബാര്‍ തീരങ്ങള്‍ അടക്കം ഇന്ത്യന്‍ മഹാസമുദ്രത്തിലെ തീരപ്രദേശങ്ങള്‍ അറബിയെ പൊതുഭാഷ(Lingua Franca)യായി അംഗീകരിച്ചവയും അറബ് സംസ്‌കാരത്തെ നേരിട്ട് സ്വാംശീകരിക്കുകയും ചെയ്തവയാണെന്ന് പ്രാങ്കേ തന്റെ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. മലബാര്‍ തീരത്ത് ശാഫിഈ മദ്ഹബിന്റെയും അറബി ഭാഷയുടെയും വ്യാപനത്തില്‍ മഖ്ദൂം പണ്ഡിതന്മാര്‍ വഹിച്ച പങ്കിനെ കുറിച്ചും പ്രാങ്കേ തന്റെ പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ അറബ് സംസ്‌കാരത്തെ സ്വീകരിച്ചതോടൊപ്പം തന്നെ അതിനെ കേരളത്തിന്റെ തനതായ സാംസ്‌കാരിക ഘടകങ്ങളുമായി വിളക്കിച്ചേര്‍ത്ത ഇസ്‌ലാമിന്റെ ഒരു പ്രാദേശിക പതിപ്പ് വികാസം പ്രാപിച്ചു എന്നത് ശ്രദ്ധേയമാണ്.
പതിനാറാം നൂറ്റാണ്ടോടു കൂടി ഇന്ത്യന്‍ മഹാസമുദ്ര ഭാഗങ്ങളില്‍ പോര്‍ച്ചുഗീസ് ആധിപത്യം ശക്തമായതോടെ കേരളവുമായുള്ള അറബ് ബന്ധത്തിന് ശക്തിക്ഷയമുണ്ടായി. കച്ചവടയാത്രകളെ വൈജ്ഞാനിക യാത്രകള്‍ കൂടിയായി കണ്ടിരുന്ന അറബികളില്‍നിന്ന് വ്യത്യസ്തമായി വാണിജ്യ കുത്തക നേടിയെടുക്കുന്നതിനായി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയിറങ്ങിയ പോര്‍ച്ചുഗീസുകാര്‍ പലപ്പോഴും സാംസ്‌കാരികമായ ഉള്‍ക്കൊള്ളലിനും കേരളാതീരത്ത്, പ്രത്യേകിച്ച് മലബാര്‍ ഭാഗത്ത് നിലനിന്നിരുന്ന മതസൗഹാര്‍ദാന്തരീക്ഷത്തിനും ഭീഷണിയായിരുന്നു. അറബികള്‍ക്കു ശേഷം ഇന്ത്യന്‍ മഹാസമുദ്ര പ്രദേശങ്ങളില്‍ കച്ചവടം നടത്തിയത് നേരിട്ട് മലബാര്‍ മുസ്‌ലിംകള്‍ തന്നെയായിരുന്നു എന്നത് പോര്‍ച്ചുഗീസ് ശക്തിയുമായുള്ള നിരന്തര പോരാട്ടങ്ങള്‍ക്ക് വഴിവെച്ചു. സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫയും കുഞ്ഞാലി മരക്കാന്മാരുടെ നാവിക യുദ്ധങ്ങളും അറക്കല്‍ ബീവിമാരുടെ രാഷ്ട്രീയ ഇടപെടലുകളും പുതുതായി രൂപം കൊണ്ട മലബാര്‍ ഇസ്‌ലാമിന്റെ പ്രകടനങ്ങളായിരുന്നു. പ്രമുഖ ചരിത്രകാരന്‍ മൈക്കല്‍ പിയേഴ്‌സണും (Michael Pearson) ലെയ്ഡന്‍ സര്‍വകലാശാലയില്‍ ഗവേഷകനും മലയാളിയുമായ ഡോ. മഹ്മൂദ് കൂരിയയും (Mahmood Kooria) എഡിറ്റര്‍മാരായ Malabar in the Indian Ocean - Cosmopolitanism in a Maritime Historical Region  എന്ന പുസ്തകം മലബാര്‍ എന്ന കൊച്ചു പ്രദേശം ഇന്ത്യന്‍ മഹാസമുദ്രത്തിലെ വ്യാപാര-വാണിജ്യ ശൃംഖലയില്‍ എന്തുകൊണ്ടും സാര്‍വദേശീയ (Cosmopolitan) സ്വഭാവമുള്ളതായിരുന്നു എന്നു സ്ഥാപിക്കുന്നു.
സെബാസ്റ്റ്യന്‍ പ്രാങ്കേയുടെ 'മണ്‍സൂണ്‍ ഇസ്‌ലാം' വ്യത്യസ്തമാകുന്നത് യൂറോ-കേന്ദ്രിത (Euro-centric) ഇന്ത്യന്‍ മഹാസമുദ്ര വായനകളില്‍നിന്നുള്ള ഒരു തിരിഞ്ഞുനടത്തമാണ് അത് എന്നതിനാലാണ്. യൂറോപ്യന്‍ സ്രോതസ്സുകളോടൊപ്പം തന്നെ വലിയ തോതില്‍ മലയാളം, അറബി, പേര്‍ഷ്യന്‍, ഹീബ്രു, ലത്തീന്‍ രേഖകളും ഉപയോഗപ്പെടുത്തിയത് പുതിയൊരു ചിത്രം അവതരിപ്പിക്കാന്‍ സഹായകമായി. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ പോര്‍ച്ചുഗീസ് സാന്നിധ്യത്തെ കുറിച്ച സര്‍ദാര്‍ കെ.എം പണിക്കരുടെ പുസ്തകവും വാണിജ്യ ശ്യംഖലകളെ പറ്റി പയസ് മലേക്കണ്ടത്തിലിന്റെ രചനകളും പ്രാങ്കേ അദ്ദേഹത്തിന്റെ എഴുത്തിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്നത് പുസ്തക രചനയില്‍ അദ്ദേഹം സ്വീകരിച്ച സമഗ്രമായ സമീപനത്തെയാണ് സൂചിപ്പിക്കുന്നത്.
നാലു പ്രധാന അധ്യായങ്ങളിലായി സെബാസ്റ്റ്യന്‍ പ്രാങ്കേ മണ്‍സൂണ്‍ ഇസ്‌ലാം എന്ന പുസ്തകത്തെ വിഭജിക്കുന്നു. The Port (തുറമുഖം), The Mosque (പള്ളി), The Palace (കൊട്ടാരം), The Sea (കടല്‍) എന്നിങ്ങനെ. The Port എന്ന ആദ്യഭാഗത്ത് തുറമുഖങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ മണ്‍സൂണ്‍ ഇസ്‌ലാമിന്റെ സാമ്പത്തിക അടിത്തറകള്‍ പരിശോധിക്കുകയാണ്. കച്ചവട സമൂഹങ്ങള്‍ക്ക് സാമൂഹികമായ ഇടങ്ങള്‍ പ്രദാനം ചെയ്തത് തുറമുഖങ്ങളാണ്. മാസങ്ങളോളം കടലില്‍ യാത്ര ചെയ്യുന്നവന്റെ പ്രതീക്ഷ ഉദ്ദേശിച്ച തുറമുഖത്ത് നങ്കൂരമിടുക, തന്റെ ചരക്കുകള്‍ ലാഭത്തില്‍ വിറ്റഴിക്കുക അല്ലെങ്കില്‍ വാങ്ങുക എന്നതാണ്. കൊല്ലവും കൊച്ചിയും കോഴിക്കോടും തൊട്ട് ഹോര്‍മുസും (Hormuz) മലാക്കയും (Malakka) ഏദനും (Aden) ഒക്കെ വലിയൊരു ശ്യംഖലയിലെ കണ്ണികളായിരുന്നു. അറബിയായിരുന്നു ഈ തുറമുഖങ്ങളെ ബന്ധിപ്പിച്ച പൊതുഭാഷ. എങ്കിലും ചൈനീസും പേര്‍ഷ്യനും കൈകാര്യം ചെയ്യാന്‍ അറിയുന്നവരും അവിടങ്ങളില്‍ ഉണ്ടായിരുന്നു. വാണിജ്യ ഇടപാടുകളില്‍ ഭാഷകള്‍ക്ക് ഇന്നും ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണല്ലോ കല്‍പിക്കപ്പെടുന്നത്.
മധ്യകാല മലബാറിലെ മുസ്‌ലിംകളുടെ മത-സാമൂഹിക മണ്ഡലങ്ങളില്‍ പള്ളികള്‍ക്കുണ്ടായിരുന്ന സ്ഥാനമാണ് രണ്ടാം അധ്യായത്തിലെ ചര്‍ച്ച. മണ്‍സൂണ്‍ പള്ളികള്‍ (Monsoon Mosques)  എന്ന പേരില്‍ പ്രാങ്കേ തന്നെ എഴുതിയ ഒരു ലേഖനത്തില്‍ എന്തുകൊണ്ട് മധ്യകാല മലബാറിലെ പള്ളികളെ താന്‍ മണ്‍സൂണ്‍ പള്ളികള്‍ എന്ന് വിശേഷിപ്പിച്ചു എന്നു പറയുന്നുണ്ട്. മണ്‍സൂണ്‍ കാറ്റിനെ ആസ്പദമാക്കി നടത്തുന്ന കച്ചവടയാത്രകള്‍ വഴി ലഭിക്കുന്ന ലാഭവിഹിതമാണ് പലപ്പോഴും ഇത്തരം പള്ളി നിര്‍മാണാവശ്യങ്ങള്‍ക്കുള്ള സാമ്പത്തിക സ്രോതസ്സായി വര്‍ത്തിച്ചിരുന്നത്. മണ്‍സൂണിനെ ആശ്രയിച്ച് കച്ചവടം മാത്രമല്ല, പള്ളി നിര്‍മാണവും നടന്നിരുന്നു എന്നദ്ദേഹം സമര്‍ഥിക്കുന്നു.
അക്കാലത്ത് നിര്‍മിക്കപ്പെട്ട പള്ളികളെല്ലാം തന്നെ പശ്ചിമേഷ്യയിലോ ഉത്തരേന്ത്യയിലോ കണ്ടുവന്നിരുന്ന വാസ്തുശില്‍പ ശൈലിയില്‍ (Indo-Saracenic Architecture) നിന്ന് വ്യത്യസ്തമായി തദ്ദേശീയ നിര്‍മാണ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ അക്കാലത്തെ പള്ളികളും ക്ഷേത്രങ്ങളും തിരിച്ചറിയാനാവാത്ത വിധം സമാനമായിരുന്നു. തദ്ദേശീയമായി വികസിച്ചുവന്ന ഇസ്‌ലാമിന്റെ ആവിഷ്‌കാരങ്ങളായിരുന്നു അന്നത്തെ പള്ളികള്‍. പോര്‍ച്ചുഗീസുകാരുമായുള്ള യുദ്ധകാലത്ത് പല പള്ളികളും ഒളിത്താവളങ്ങളായും സൈനിക ഓഫീസുകളായുമൊക്കെ ഉപയോഗിച്ചിരുന്നു എന്നത് കേവലം ആരാധനാലയങ്ങള്‍ക്കപ്പുറമുള്ള ധര്‍മവും നിര്‍വഹിച്ചിരുന്നു എന്നതിന് തെളിവാണ്.
അക്കാലത്ത് നിലനിന്നിരുന്ന ഭരണകൂടങ്ങളുമായുളള മുസ്‌ലിം വ്യാപാര സമൂഹങ്ങളുടെ ബന്ധത്തെയാണ് മൂന്നാം അധ്യായത്തില്‍ വരച്ചുകാണിക്കുന്നത്. സാമൂതിരിയും മുസ്‌ലിംകളും തമ്മിലുണ്ടായിരുന്ന വ്യാപാരക്കരാര്‍ പോര്‍ച്ചുഗീസ് എന്ന വിദേശ ശക്തിയെ തുരത്തി തദ്ദേശീയമായി തന്നെ സമുദ്രവ്യാപാരത്തെ പുഷ്ടിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയായിരുന്നുവെന്ന് പ്രാങ്കേ വാദിക്കുന്നു. എന്നാല്‍, 1513-ല്‍ പോര്‍ച്ചുഗീസുകാരും സാമൂതിരിയും തമ്മില്‍ ഒപ്പുവെച്ച കരാര്‍ പോര്‍ച്ചുഗീസ് അതിക്രമങ്ങള്‍ക്കെതിരെ പരസഹായമില്ലാതെ തന്നെ പട നയിക്കാര്‍ മലബാര്‍ മുസ്‌ലിംകളെ പ്രേരിപ്പിച്ചുവെന്നും ഇത് അവരുടെ അഭിമാനബോധം വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. മേല്‍പറഞ്ഞ ഘടകങ്ങള്‍ എങ്ങനെയാണ് സമുദ്ര സഞ്ചാരങ്ങള്‍ക്കും വ്യാപാരത്തിനും സഹായകമായി വര്‍ത്തിച്ചത് എന്നാണ് The Sea എന്ന നാലാം അധ്യായത്തില്‍ വിശദീകരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ മലബാര്‍ മുസ്‌ലിംകള്‍ നടത്തിയ ഇടപെടലിന്റെ വാണിജ്യപരമായ മാനങ്ങള്‍ക്കൊപ്പം അതിന്റെ മതകീയ, രാഷ്ട്രീയ മാനങ്ങള്‍ കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട് എന്നതാണ് പുസ്തകം മുന്നോട്ടു വെക്കുന്ന പ്രധാന ആശയങ്ങളിലൊന്ന്. പ്രാങ്കേ അഭിപ്രായപ്പെടുന്നതുപോലെ, ഇസ്‌ലാമിന്റെ സാര്‍വലൗകികവും സാര്‍വദേശീയവുമായ ആദര്‍ശത്തെ പുതിയ രൂപഭാവങ്ങളില്‍ തദ്ദേശീയമായി അവതരിപ്പിച്ചു എന്നതാണ് മണ്‍സൂണ്‍ ഇസ്‌ലാമിന്റെ വിജയം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (72-73)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യമുള്ളപ്പോള്‍ ദാനം ചെയ്യുക
അബ്ദുസ്സമദ് കൂട്ടിലങ്ങാടി