Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 10

അനുസ്മരണം

അസ്ലം അഹ്മദ്
ദല്‍ഹി യൂനിവേഴ്സിറ്റി വിദ്യാര്‍ഥിയും ദല്‍ഹി മലയാളി ഹല്‍ഖയില്‍ലെ പ്രവര്‍ത്തകനുമായിരുന്ന അസ്ലം അഹ്മദ് നാഥങ്കലേക്ക് യാത്രയായി. ശാന്തപ്രകൃതനായ അസ്ലം ജെ.ഡി.ടി ഹൈസ്കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ തന്നെ വെള്ളിമാട്കുന്ന് എസ്.ഐ.ഒ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എല്ലാവരോടും സൌഹാര്‍ദത്തോടെ മാത്രം ഇടപെടുന്ന, സ്വന്തം കാര്യങ്ങളേക്കാള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തല്‍പര്യം കാണിക്കുന്ന പ്രകൃതമായിരുന്നു അസ്ലമിന്റേത്. ദല്‍ഹി യൂനിവേഴ്സിറ്റിക്ക് കീഴിലെ ഹന്‍സ്രാജ് കോളേജിലെ ബി.എസ്.സി ബോട്ടണി വിഭാഗം മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ദല്‍ഹിയില്‍ സുഹൃത്തിന്റെ വീട്ടില്‍ രാത്രി താമസിക്കവെ അതിശൈത്യം മൂലമുള്ള ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കവെയായിരുന്നു അന്ത്യം. തിരുവമ്പാടി കല്ലുരുട്ടിയില്‍ ചെപങ്ങത്തൊടിക വീട്ടില്‍ അബൂബക്കറിന്റെയും ജെ.ഡി.ടി ഹൈസ്കൂള്‍ അധ്യാപിക ആഇശക്കുട്ടിയുടെയും മകനാണ് അസ്ലം. ഫഹീം, ഷിബിന്‍, ലുലു ഫാത്വിമ എന്നിവര്‍ സഹോദരങ്ങളാണ്.
സുഹൈറലി

കെ.കെ.എം അബൂബക്കര്‍
കെ.കെ മുഹമ്മദ് അബൂബക്കര്‍ ജമാഅത്തെ ഇസ്ലാമി അംഗവും മൊറയൂര്‍ ഗുഡ്വില്‍ ചാരിറ്റബ്ള്‍ ട്രസ്റ് അംഗവും പൌരമുഖ്യനുമായിരുന്നു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് പുരോഗമന ചിന്തകളും ആശയങ്ങളും ഉണ്ടായിരുന്നു. കുറെകാലം ബീഡിതൊഴിലാളിയായിരുന്നു. ബീഡി കമ്പനികളില്‍ പത്രങ്ങള്‍, മാസികകള്‍ പ്രത്യേകിച്ച് പ്രബോധനം വായിച്ചു കൊടുക്കുന്ന ആളായിരുന്നു. മരിക്കുന്ന തലേദിവസം സന്ദര്‍ശിച്ച പ്രവര്‍ത്തകരോടു എനിക്കു പ്രബോധനം വായിച്ചു കേള്‍പ്പിക്കണം എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. രോഗപീഡയും വാര്‍ധക്യവും തളര്‍ത്താത്ത ആ കര്‍മയോഗിയുടെ വിയോഗം, നാട്ടുകാര്‍ക്കും പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും തീരാനഷ്ടമാണ്. രണ്ട് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമുണ്ട്.
കെ. കോമു മാസ്റര്‍ മൊറയൂര്‍

ഉമ്മാച്ചയ് ഹജ്ജുമ്മ
കുന്ദമംഗലം പ്രാദേശിക ജമാഅത്ത് അംഗമായിരുന്ന മര്‍ഹൂം എന്‍. ഉസ്മാന്‍ കുട്ടിയുടെ ഭാര്യ ഉമ്മാച്ചയ് ഹജ്ജുമ്മ(72) അല്ലാഹുവിലേക്ക് യാത്രയായി. പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ അവരുടെ മരണം വരെയും സംഘടനയോടൊപ്പം നിലകൊണ്ടു. പ്രസ്ഥാനത്തിന്റെ ഒട്ടേറെ നേതാക്കളെയും പണ്ഡിതരെയും നേരില്‍ കാണാനും അവരുടെ ക്ളാസുകളും പ്രഭാഷണങ്ങളും ശ്രവിക്കാനും അവസരം ലഭിച്ച വനിതകളിലൊരാളായിരുന്നു ഉമ്മാച്ചയ്ത്ത. ആദ്യകാല പ്രവര്‍ത്തകര്‍ സ്വായത്തമാക്കിയ അച്ചടക്കത്തിന്റെയും തര്‍ബിയത്തിന്റെയും സ്വാധീനം അവരില്‍ പ്രകടമായിരുന്നു. പ്രാസ്ഥാനിക പരിപാടികളില്‍ സ്ഥിരമായി സംബന്ധിക്കും. മൂന്ന് ആണ്‍കുട്ടികളും ഏഴ് പെണ്‍കുട്ടികളുമാണുള്ളത്.
ആമിനാ ഹുസൈന്‍ കുന്ദമംഗലം

പി.സി ബഷീര്‍ അഹമ്മദ്
താമരശ്ശേരി-കൂടത്തായി പ്രദേശത്ത് എളിമയുടെ ആള്‍രൂപമായി നിറഞ്ഞുനിന്ന ഇസ്ലാമിക വ്യക്തിത്വമായിരുന്നു ഈയിടെ നമ്മോട് വിടപറഞ്ഞ പി.സി ബഷീര്‍ അഹമ്മദ്. അണ്ടോണയിലെ പറശ്ശേരി ചേലാമ്പൊയില്‍ തറവാട്ടില്‍ ജനിച്ച ബഷീര്‍ അഹമ്മദ് വിവിധ ആശയ പരിസരങ്ങളില്‍ അലഞ്ഞെങ്കിലും നിരന്തരമായ അന്വേഷണങ്ങള്‍ക്കും വായനക്കുമൊടുവില്‍ ജമാഅത്തെ ഇസ്ലാമിയില്‍ എത്തിച്ചേരുകയായിരുന്നു.
മമ്പാട് എം.ഇ.എസ് കോളേജില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ ബഷീര്‍ സാഹിബ് അറബി ഭാഷയില്‍ ആശയ വിനിമയം നടത്താനുള്ള പ്രാപ്തി സ്വയം നേടിയെടുത്തു. സുഹൃദ് വൃന്ദത്തിലെ ഇതര മതവിശ്വാസികള്‍ക്ക് ഇസ്ലാമിന്റെ സന്ദേശം പരിചയപ്പെടുത്തുന്നത് അദ്ദേഹം ബാധ്യതയായി ഏറ്റെടുത്തു.
ബന്ധപ്പെട്ട ഓരോ വ്യക്തിക്കും സ്നേഹത്തിന്റെ നറുമണവും ഇസ്ലാമിന്റെ ദിവ്യപ്രകാശവും നല്‍കിയാണ് അല്ലാഹുവിന്റെ സന്നിധിയിലേക്ക് അദ്ദേഹം യാത്രയായത്.
സി.എ മജീദ് താമരശ്ശേരി


Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം