Prabodhanm Weekly

Pages

Search

2020 ജനുവരി 31

3137

1441 ജമാദുല്‍ ആഖിര്‍ 06

മായ്ക്കപ്പെടുന്ന ഗാന്ധിജിയും ഉയര്‍ത്തപ്പെടുന്ന ഗോഡ്‌സെയും

പി.ടി കുഞ്ഞാലി

എന്റെ ദൈവം എന്നിലെ സത്യബോധമാണെന്നും സ്വതന്ത്ര ഇന്ത്യയുടെ ഒന്നാം പരിഗണന ദേശത്തിലെ അവസാനത്തെ മനുഷ്യനും അവന്റെ കണ്ണുനീരില്‍നിന്നുള്ള വിമോചന പ്രഖ്യാപനമാണെന്നും പരസ്യമായി പ്രഖ്യാപിച്ച ദേശനായകനാണ് ഗാന്ധിജി. ഇങ്ങനെ മനുഷ്യബന്ധങ്ങളെയും ആത്മീയ സാക്ഷാത്കാരത്തെയും പൗരസമൂഹത്തിന്റെ ആത്മബോധത്തോട് ഉള്‍ച്ചേര്‍ത്തു നിര്‍ത്തിയതുകൊണ്ടാണ് ഗാന്ധിജിക്ക് ഇന്ത്യന്‍ സാമൂഹികതയില്‍ ഇത്രമേല്‍ സ്വാധീനശേഷി ലഭ്യമായത്.  ഇരമ്പിമറിയുന്ന ഇന്ത്യന്‍ വൈവിധ്യങ്ങളുടെ സമീകൃത ഭാവമായി അദ്ദേഹം മാറിയതും. അങ്ങനെയാണ് ഗാന്ധിജി ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ കേന്ദ്രമായതും വിമോചനപ്പോരാട്ടങ്ങളുടെ ഭാവതീവ്രമായ പ്രതീകമായതും. ഇന്ത്യയില്‍ മാത്രമല്ല, ഇന്ന് മനുഷ്യസ്വാതന്ത്ര്യത്തെ പ്രതിയുള്ള ലോകബോധത്തെ ഇത്രമേല്‍ സ്പര്‍ശിച്ച ഒരിന്ത്യക്കാരന്‍ ഗാന്ധിജിയെപ്പോലെ മറ്റൊരാളില്ല. കാരണം ഗാന്ധിജിയുടെ ഇന്ത്യ ഈ ദേശത്തിലെ സര്‍വമനുഷ്യരും അവരുടെ നിര്‍ഭയ ജീവിതവുമായിരുന്നു. അവരുടെ സമ്പൂര്‍ണസൗഖ്യവും ഉലര്‍ന്നുനില്‍ക്കുന്ന ആത്മബോധവുമായിരുന്നു. സ്വന്തത്തോട് നിറഞ്ഞ സത്യസന്ധത കാണിച്ച ഗാന്ധിജിക്ക് അപരത്വത്തോട് കാപട്യം കാട്ടാനായില്ല. തനിക്ക് കൈവരുമായിരുന്ന അധികാരത്തിന്റെ അംശവടിയും സോപാനപ്പടികളും പിന്നിലുപേക്ഷിച്ച് സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷവും ഇന്ത്യന്‍ ഗ്രാമങ്ങളിലെ പരമതവിദ്വേഷച്ചതുപ്പിലൂടെ മുളവടിയുമൂന്നി ആ അര്‍ധനഗ്നന് നടന്നുപോകാനായത് അതുകൊണ്ടാണ്.
ഇദ്ദേഹത്തിന് ഒരേസമയം ബിര്‍ളാ മന്ദിരത്തിന്റെ സമൃദ്ധിയും ദല്‍ഹിയിലെ തോട്ടികള്‍ താമസിച്ചിരുന്ന  കോളനിയും  സ്വീകാര്യമായത് അങ്ങനെയാണ്. അപരത്വത്തെ തന്റെ ഇടനെഞ്ചിലേക്ക് ഇത്രമേല്‍ ആശ്ലേഷിച്ചുനിര്‍ത്താന്‍ ഗാന്ധിജിക്ക് സാധിതമായതും ഈ സാമൂഹികബോധം കൊണ്ടുതന്നെയാണ്. അങ്ങനെയാണ് ഗാന്ധി ഈ ദേശത്തിന്റെ രാഷ്ട്രപിതാവായത്. വെറുപ്പിന്റെ കുടില കശ്മലതക്കിത് സ്വീകാര്യമാകില്ല. അപരത്വത്തിന്റെ സമ്പൂര്‍ണ നിരാകരണമാണ് ആത്മത്തിന്റെ സ്ഥാപനയുക്തിയെന്ന് വിശ്വസിക്കുന്നവര്‍ക്കും ഇത് സമ്മതമാകില്ല. അപരം ശത്രുസ്ഥാനമാണെന്നും ആ ശത്രുസ്ഥാനം അപ്പാടെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്നുമുള്ള ത്രേതായുഗബോധ്യം വഴിതെറ്റിച്ചുകഴിഞ്ഞാല്‍ പിന്നെ ഹിംസയുടെ വേതാളങ്ങള്‍ക്ക് ഉന്നം ഇടറുകയില്ല. അങ്ങനെയാണ് ബ്രാഹ്മണ്യപ്പടയപ്പാടെ കൊളോണിയല്‍ അധിനിവേശത്തിന് നാഗസ്വരം പാടിയപ്പോള്‍ സ്വന്തം തൊഴിലും കുടുംബവും വകഞ്ഞ് സ്വാതന്ത്ര്യലബ്ധിക്കായി സ്വജീവിതം സമര്‍പ്പിച്ച  ഗാന്ധിജി ഇവര്‍ക്ക് ശത്രുവാകുന്നത്. പിന്നീട് നടന്നതത്രയും എഴുപത് പിന്നിട്ട ആ വൃദ്ധജീവിതത്തെ എങ്ങനെയും ഇല്ലാതാക്കാനുള്ള മൃഗീയതയായിരുന്നു. ഏറെത്തവണത്തെ അത്യധ്വാനത്തിനൊടുവില്‍ അത്  വിജയം കണ്ടു. ഗാന്ധിജി എന്ന ഇവരുടെ 'ദേശശത്രു' ഇല്ലാതായി.
പക്ഷേ, കുടിലമായ ആ ഉന്മൂലനത്തിലൂടെ അദൃശ്യപ്പെടുന്നതായിരുന്നില്ല ഇന്ത്യന്‍ സാമൂഹികതയിലെ ഗാന്ധിയന്‍ ശേഷി. ദീര്‍ഘകാല ഇന്ത്യയില്‍ ഹിന്ദുത്വം കുതറിക്കളിച്ചത് ഈ സാന്നിധ്യവും കൂടി ദേശപ്രത്യക്ഷത്തില്‍നിന്നും പാടേ വിപാടനം നടത്താനാണ്. അതിന്റെ പ്രഥമ പരിശ്രമമായിരുന്നു പാര്‍ലമെന്റിന്റെ അകത്തളത്തില്‍ ഗാന്ധിചിത്രത്തിന് എതിര്‍ദിശയില്‍ ഗാന്ധിവധത്തിലെ പ്രതിയും ബ്രിട്ടീഷ് ഭക്തനുമായിരുന്ന സവര്‍ക്കറുടെ ഛായാചിത്രം അനാഛാദിതമായത്. അവിടെ ചെന്ന് സവര്‍ക്കറെ വണങ്ങുന്നവര്‍ക്ക് ഇന്ന് ഗാന്ധിചിത്രത്തിന് പുറംതിരിഞ്ഞുനില്‍ക്കുക തന്നെ വേണം.
ഗാന്ധിവധം നടന്നത് ഏതോ മനുസ്മൃതിക്കാലത്തല്ല, സ്വതന്ത്ര ഇന്ത്യയില്‍ ചരിത്രത്തിന്റെ നിറവെട്ടത്തിലാണാ നിഷ്ഠുരഹത്യ സംഭവിച്ചത്. അതിനൊക്കെ നേര്‍സാക്ഷിയായവരുടെ  തലമുറ ഇന്നും ഇന്ത്യയിലുണ്ട്. കമീഷന്‍ റിപ്പോര്‍ട്ടുകളായും വിധിന്യായങ്ങളായും അത് ലഭ്യവുമാണ്. ഗാന്ധിവധം നടത്തിയ ഗോഡ്‌സെ കോടതിയില്‍ നടത്തിയ ദീര്‍ഘമായ  പ്രസ്താവനയുണ്ട്. ഇതിന്റെയൊക്കെ ഒത്ത മധ്യത്തില്‍നിന്നാണ് നാം അത്യന്തം കഠോരതയാര്‍ന്ന പുതിയ ഗാന്ധിവധങ്ങളുടെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുന്നത്. ഗാന്ധിജിയുടെ സ്വന്തം സംസ്ഥാനത്തുനിന്നാണീ വാര്‍ത്തകള്‍ ഘനസാന്ദ്രതയില്‍ ഭീതിദമായി ഇരച്ചെത്തുന്നത്. സ്വാതന്ത്ര്യസമരത്തെ ഒറ്റിയവര്‍ക്കും ബക്കിംഗ്ഹാം കൊട്ടാരത്തില്‍ അനുസരണം പ്രഖ്യാപിച്ചവര്‍ക്കും  ഒരു ആയുസ്സത്രയും ദേശസ്വാതന്ത്ര്യത്തിനായി കര്‍മയോഗം ചെയ്തവരെ ഇന്നും ഭയം തന്നെയാണ്. തങ്ങളുടെ ഒറ്റുവേഷം ഇവരെ വേട്ടയാടിക്കൊണ്ടിരിക്കും. അപ്പോള്‍ ചെയ്യാനാവുക ചരിത്രത്തെയപ്പാടെ അട്ടിമറിക്കുകയാവും. അതുകൊണ്ടാണ് ഗണപതിയുടെ നാസിക പ്ലാസ്റ്റിക് സര്‍ജറിയാണെന്നും ത്രേതായുഗത്തിലേ വിമാനസഞ്ചാര രഹസ്യം ഇവിടെ ഉണ്ടായിരുന്നെന്നും പറയാന്‍ മടിയില്ലാത്തവര്‍ ഗാന്ധിജി കൊല്ലപ്പെട്ടതല്ലെന്നുകൂടി പറയുന്നതിന്റെ രാഷ്ട്രീയം. കൊല്ലപ്പെട്ടതാണെങ്കില്‍ മാത്രമേ കൊലയാളിയെ തിരക്കേണ്ടതുള്ളു. രണോത്സുകരായ ഹിന്ദുത്വര്‍ക്ക് പൊള്ളുന്ന പ്രതിരോധം തന്നെയാണ് ഗാന്ധിസ്മൃതി. മതവും ദൈവവും അവതാര സങ്കല്‍പ്പങ്ങളും അപരനെ നിഗ്രഹിക്കാനുള്ള മനുപ്രോക്ത വരായുധങ്ങളായി കാണുന്ന വെറുപ്പിന്റെ ശക്തികള്‍ക്ക് അതേ സങ്കല്‍പ്പനങ്ങള്‍ കൊണ്ട് അപരത്വത്തെ ആശ്ലേഷിക്കുന്ന ഗാന്ധി മരിച്ചു അബ്ദങ്ങള്‍ പിന്നിട്ടാലും അശ്രീകരം തന്നെയാവും. അപ്പോള്‍ പിന്നെ ചരിത്രം വെട്ടിത്തിരുത്തുകയല്ലാതെ എന്തുചെയ്യും? അപ്പോള്‍ പതിയേ ഗാന്ധിജിയും ഗാന്ധിയന്‍ ജീവിത പരിസരങ്ങളും ഇന്ത്യയില്‍ അസ്തമിച്ചുപോകും. ഇതിനായുള്ള മൂഢ പ്രവൃത്തികളാണ് ഇപ്പോള്‍ ബിര്‍ളാ മന്ദിരത്തില്‍ തകൃതിയാവുന്നത്. 
രാഷ്ട്രപിതാവ് തന്റെ ജീവിതാന്ത്യങ്ങള്‍ ചെലവിട്ടത് ബിര്‍ളാ മന്ദിരത്തിലാണ്. അവിടെനിന്നാണ് ആ ജ്ഞാനവൃദ്ധന്‍ തന്റെ അവസാനത്തെ പ്രാര്‍ഥനായോഗത്തിന് നടന്നുപോയത്. അംഗരക്ഷകരോ സ്തുതിപാഠകരോ കൂടെയില്ലാതെ തികച്ചും ഏകാന്തസുരഭിലമായിരുന്നു ആ തീര്‍ഥ സഞ്ചാരം. ഉള്‍ക്കൊള്ളലിന്റെ സ്‌നേഹമന്ത്രമാണദ്ദേഹം അക്കാലങ്ങളിലത്രയും പ്രഘോഷിച്ചു നടന്നത്. തന്നെ ഇല്ലാതാക്കാന്‍ ആയുധം രാകിയ ഈ കശ്മലരുടെ കപടവന്ദനവും കൂടി സ്വീകരിച്ച് പ്രാര്‍ഥനാപീഠം കയറിയ ഈ മഹാഗുരുവിനെ വെടിവെച്ചിട്ടവര്‍ അന്ന് ആവേശം മോന്തിയത് ക്രൗഞ്ചപ്പക്ഷികളിലൊന്നിനെ ആഹാരത്തിനായി എയ്തിട്ട കാട്ടാളനെ ശപിച്ച ഇതിഹാസത്തില്‍നിന്നായെന്നത് ധര്‍മബോധ്യങ്ങളെ സ്തബ്ധമാക്കുന്നതു തന്നെയാണ്.
അന്ന് ബിര്‍ളാ മന്ദിരത്തിന്റെ ചരല്‍മുറ്റത്ത് വെടിയുണ്ടകൊണ്ട് അന്ത്യമായ ഗാന്ധിജി സത്യമായും ഇന്നും ഇന്ത്യന്‍ ദേശജീവിതത്തെ പ്രചോദിപ്പിക്കുന്നതില്‍ മനുപ്രോക്ത ബ്രാഹ്മണ്യം കടുത്ത അരിശത്തിലാണ്. അതുകൊണ്ടാണിന്നവര്‍ ബിര്‍ളാ മന്ദിരത്തിലേക്ക് 'പഴയ കാട്ടാളനെപ്പോലെ' മണ്ടിക്കയറിയത്. അവര്‍ കൊന്നിട്ട ഗാന്ധിജിയുടെ ചോര വാരുന്ന ശേഷിപ്പുകളഖിലം ഇന്നാ സ്മൃതിമന്ദിരത്തില്‍നിന്നും വീണ്ടും ഇവര്‍ കൊന്നുതള്ളിയിരിക്കുന്നു. ആ വൃദ്ധനെഞ്ചില്‍ പതിഞ്ഞ വെടിയുണ്ടകള്‍, വെടിയേറ്റ ദിവസം അദ്ദേഹം ധരിച്ച വസ്ത്രം, സമയം നിലച്ച ഘടികാരം, ഗോഡ്‌സെ ഉപയോഗിച്ച തോക്കും അതിലെ വെടിയുണ്ടകളും ഇതൊക്കെ ചിത്രങ്ങളായി തൂങ്ങിയ ചുമരുകളില്‍ ഇന്ന്  അവയപ്പാടെ കാണാനില്ലെന്ന് പറയുന്നത്  ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയാണ്. പ്രധാനമന്ത്രിയാണത്രെ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള ഗാന്ധിസ്മൃതിയുടെ അധ്യക്ഷന്‍.  അധ്യക്ഷന്റെ ഉത്തരവനുസരിച്ചാണത്രെ  ഈ സാംസ്‌കാരിക കൊലപാതകം നടന്നത്.  ആയിരത്തിത്തൊള്ളായിരത്തി നാല്‍പത്തിയെട്ട് ജനുവരി ഇരുപതിന് ബിര്‍ളാ ഹൗസിലേക്ക് ബോംബെറിഞ്ഞ് ഗാന്ധിജിയെ ഇല്ലാതാക്കാനുള്ള ഗോഡ്‌സെയുടെ പാളിപ്പോയ പരിശ്രമത്തെ കുറിച്ച് ഇപ്പോള്‍ അവിടെയെത്തുന്നവര്‍ക്ക് ഒരടയാളവും ബാക്കിവെച്ചിട്ടില്ലെന്നും      തുഷാര്‍ ഗാന്ധി അനുസ്മരിക്കുന്നു. ഗാന്ധിജിയും അദ്ദേഹം മുന്നോട്ടുവെച്ച ഉള്‍ക്കൊള്ളലും ബ്രാഹ്മണ്യതയുടെ ആരണ്യകങ്ങളില്‍ തുടിച്ചുകുളിച്ച ഗോള്‍വാള്‍ക്കര്‍ക്കും ഗോഡ്‌സെമാര്‍ക്കും അസഹ്യമായിരിക്കും. അഞ്ചാണ്ടുകള്‍ കൂടി കഴിയുന്നതോടെ ഗാന്ധിജി എന്നൊരാള്‍ ജീവിച്ചിരുന്നിട്ടുപോലുമുണ്ടാവില്ല, ഇനി ഉണ്ടായിരുന്നെങ്കില്‍ തന്നെ ഇന്ത്യന്‍ സവര്‍ണതയുടെ പുറംപോക്കിലെവിടെയോ തെണ്ടിനടന്ന ഒരു ബനിയാ വൃദ്ധന്‍, ഗുജറാത്തിലെ ഏതോ തെരുവോരത്ത് എങ്ങനെയോ മരിച്ചുപോയ ഒരു സാധാരണക്കാരന്‍. സ്മൃതികളില്‍ പൊലിച്ചുനില്‍ക്കുന്ന ബ്രാഹ്മണ്യയുക്തിയില്‍ എങ്ങനെയാണ് ഈ ബനിയാ വൈശ്യന്‍ മഹാത്മാവാവുക? ജാതിബോധത്തിന്റെ ഈ കൊടുംകുടിലതയും ഗാന്ധിവധത്തിന്റെ സൂക്ഷ്മത്തില്‍ നമുക്ക് കണ്ടെത്താനാവും. ഹിന്ദുത്വം ബ്രാഹ്മണ്യ മേല്‍ക്കോയ്മയില്‍ അധിഷ്ഠിതം തന്നെയാണ്. ബ്രാഹ്മണ്യത്തിന് അപരം വേണം, നോട്ടമിടപ്പെട്ടവരും. മധ്യേഷ്യയില്‍നിന്ന് പടയോടി വന്നപ്പോഴേ അവരങ്ങനെയാണ്. തദ്ദേശീയരെ തുരത്തി മണ്ടിച്ചാണവര്‍ ദേശം പിടിച്ചത്. ഈ ആസുരത ആ വ്യവസ്ഥക്കകത്തുള്ളതാണ്.  അതാണ് ഇന്നും പ്രവര്‍ത്തിക്കുന്നത്. ഗാന്ധി അവര്‍ക്ക് ചതുര്‍ഥിയാകുന്നതും അതുകൊണ്ടാണ്. പക്ഷേ ഒരിക്കലും ചരിത്രം ഇവരെഴുതുന്ന നുണകളാവില്ല. ഇവര്‍ കണ്ണടച്ചിരിക്കുന്നത് ഇവരെ ആരും കാണാതിരിക്കാനാകും.  ഇവരുടെ ദേശത്തിന് ചരിത്രം ആവശ്യമില്ലല്ലോ. കാരണം ഈ ദേശത്തില്‍ മനുഷ്യനില്ല, അവരുടെ ജീവിതവുമില്ല. ഉള്ളത് അതിര്‍ത്തികളും അതിനകത്തെ പര്‍വതങ്ങളും നദികളും മാത്രം. പിന്നെ പശുക്കളും. അപ്പോള്‍ വെളിച്ചത്തിന്റെ ഗാന്ധിജി മാഞ്ഞുപോകും, കിതച്ചെത്തുക വെടിമരുന്നു മണക്കുന്ന ഗോഡ്‌സെമാരും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (72-73)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യമുള്ളപ്പോള്‍ ദാനം ചെയ്യുക
അബ്ദുസ്സമദ് കൂട്ടിലങ്ങാടി