Prabodhanm Weekly

Pages

Search

2020 ജനുവരി 31

3137

1441 ജമാദുല്‍ ആഖിര്‍ 06

ഇന്ത്യന്‍ മുസ്‌ലിംകള്‍ സ്വത്വം വീണ്ടെടുക്കുന്നു; രാജ്യത്തെയും

നിസാം പാഷ

അങ്ങനെ വലിയൊരു  ഐറണിക്ക്, വിധിവൈപരീത്യത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിരിക്കുന്നു. ഇന്ത്യയിലെ മുസ്‌ലിംകളുടെ പൗരത്വത്തിനു നേരെ ചോദ്യചിഹ്നമിടാന്‍, സി.എ.എ-എന്‍.ആര്‍.സി-എന്‍.പി.ആര്‍ എന്ന അവിശുദ്ധ ത്രിത്വം ആവിഷ്‌കരിച്ചവര്‍ ഒട്ടും നിനച്ചിരിക്കാത്ത അനന്തഫലമാണ് സംജാതമായത്; രാജ്യത്തെ മുസ്‌ലിംകള്‍ തങ്ങളുടെ ഇന്ത്യന്‍ സ്വത്വം അരക്കിട്ടുറപ്പിച്ചിരിക്കുന്നു.
സ്വാതന്ത്ര്യാനന്തരം സ്വന്തം ഇഷ്ടപ്രകാരം ഈ രാജ്യം തെരഞ്ഞെടുത്തവരാണ് മുസ്‌ലിംകള്‍. വിഭജനം കെട്ടഴിച്ചുവിട്ട വര്‍ഗീയതയുടെ വേലിയേറ്റത്തെ തടുത്തുനിര്‍ത്തിയവരാണവര്‍. എന്നിട്ടും ഈ ദേശത്തോടുള്ള അവരുടെ കൂറ് പിന്നെയും പിന്നെയും ചോദ്യം ചെയ്യപ്പെട്ടു. സ്വാതന്ത്ര്യസമരം ഉല്‍പാദിപ്പിച്ച മുസ്‌ലിം നേതാക്കളില്‍ ഗണ്യമായ വിഭാഗം പാകിസ്താനിലേക്ക് പോയതില്‍പിന്നെ ഇന്ത്യയൊട്ടുക്കും സ്വാധീനവും സ്വീകാര്യതയുമുള്ള നേതാക്കള്‍ മുസ്‌ലിംകളില്‍നിന്ന് വളര്‍ന്നു വന്നിട്ടില്ല. സച്ചാര്‍ സമിതി റിപ്പോര്‍ട്ട് പ്രകാരം, പൊതു ജീവിതത്തിന്റെ മുഴുവന്‍ അടരുകളിലും മുസ്‌ലിം പങ്കാളിത്തം പരിതാപകരമാംവിധം അദൃശ്യമാണ്. വിവിധ സായുധ സേനാ വിഭാഗങ്ങള്‍, പോലീസ്, ബ്യൂറോക്രസി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി സംഘടിത സ്വകാര്യ മേഖലയിലെ തൊഴില്‍ശക്തിയില്‍ വരെ അവരുടെ എണ്ണം ക്രമാതീതമായ അനുപാതത്തില്‍ പിറകിലാണ്, പട്ടികജാതി വിഭാഗങ്ങള്‍ക്കും താഴെ; പട്ടികവര്‍ഗ സമൂഹങ്ങളോടൊപ്പം, പലപ്പോഴും അവരുടെയും പിന്നില്‍. 
വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉയര്‍ച്ചയോടെ, 'ദേശീയത'യെ സംബന്ധിച്ച പൊതു വ്യവഹാരങ്ങളില്‍ യുദ്ധോത്സുക ദേശഭ്രാന്തും കടുത്ത വര്‍ഗീയതയും വിഷലിപ്തമായ ആണത്താധികാരവും വര്‍ധിതതോതില്‍ ചേര്‍ത്തുവെക്കപ്പെട്ടു. ഓരോ മതഭ്രാന്തനും സ്വയം 'ദേശീയവാദി' ചമഞ്ഞാണ് രംഗം കൈയടക്കിയത്. മുസ്‌ലിം എവിടെയും ദേശവിരുദ്ധനെന്നും പാക്കനുകൂലിയെന്നും ചാപ്പകുത്തപ്പെട്ടു. പാകിസ്താനിലേക്കുള്ള വഴിചൂണ്ടി ഇടക്കിടെ അവര്‍ക്കു മുന്നില്‍ നാട്ടിനിര്‍ത്തി. ഉദാരതയുടെ മൂല്യങ്ങളോടും കാഴ്ചപ്പാടുകളോടും പ്രതിപത്തി പുലര്‍ത്തുന്ന വ്യക്തികളുടെയും സംഘടനകളുടെയും കൂട്ടായ്മകളുടെയുമെല്ലാം ദേശസ്‌നേഹത്തിന്റെ തോത് അളന്നുതൂക്കി. ഭീകരരോടും വിഘടനവാദികളോടും നുഴഞ്ഞുകയറ്റക്കാരോടും ദേശവിരുദ്ധ കീടങ്ങളോടും - ഇവയില്‍ മിക്കതും മുസ്‌ലിംകളുടെ പര്യായപദങ്ങളാണ്- മൃദുനിലപാട് പുലര്‍ത്തുന്നവരെന്ന് അവരെ മുദ്രകുത്തി. ചിഹ്നങ്ങളും പ്രതീകങ്ങളും എളുപ്പം തട്ടിയെടുക്കപ്പെട്ടു. ദേശീയതയുടെ ഈ പുത്തന്‍കൂറ്റുകാരുടെ സ്വന്തമെന്ന പോലെയായി ദേശീയ പതാക. തങ്ങളുടെ പ്രകടനങ്ങളിലും റാലികളിലും  ഇവര്‍ മൂവര്‍ണക്കൊടിയേന്തി. എവിടെയും ഇതവര്‍ പ്രദര്‍ശനവസ്തുവാക്കി. കത്‌വയിലെ എട്ടുവയസ്സുകാരി മുസ്‌ലിം പെണ്‍കുട്ടിയെ പിച്ചിച്ചീന്തി കൊന്നുതിന്ന കൊടും ക്രിമിനലുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ത്രിവര്‍ണപ്പതാകയേന്തി ജമ്മുവില്‍ റോട്ടിലിറങ്ങി അലറിയവരുടെ ബീഭത്സ ചിത്രങ്ങള്‍ സൃഷ്ടിച്ച ഓര്‍മയുടെ വടുക്കള്‍ എന്നാണ് മായുക?
പശുക്കളെ ഹനിക്കുന്നുവെന്നു പറഞ്ഞ് കൂട്ടംകൂടി മനുഷ്യരെ കശാപ്പു ചെയ്തതും, നിയമബാഹ്യമായി ആളുകളെ കൊന്നുതള്ളിയതും, പരമോന്നത കോടതി നേരത്തേതന്നെ സാധുവല്ലെന്ന് വിധിപറഞ്ഞ വിവാഹമോചന രീതികളെ ക്രിമിനലൈസ് ചെയ്യുന്ന ചവറു നിയമങ്ങള്‍ ചുട്ടെടുത്തതും, സുദീര്‍ഘമായ 464 സംവത്സരങ്ങള്‍ തലയുയര്‍ത്തിനിന്ന മസ്ജിദ് നിയമവിരുദ്ധമായി തകര്‍ത്ത് രാജ്യത്തിന്റെ മതേതര ഘടന ഇനിയൊരിക്കലും കൂട്ടിച്ചേര്‍ക്കാനാകാത്ത വിധം വെട്ടിക്കീറിയതിനു പകരം അഞ്ചേക്കര്‍ വെച്ചുനീട്ടിയതും, ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്തുകളഞ്ഞ് കശ്മീരിനെ കശക്കിയെറിഞ്ഞതുമൊന്നും ഇന്ത്യന്‍ മുസ്‌ലിംകളുടെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമായിരുന്നില്ല. ഗാര്‍ഹസ്ഥ്യത്തിന്റെ സ്വാസ്ഥ്യം വെടിഞ്ഞ് തെരുവിലിറങ്ങാന്‍ ഇതൊന്നും അവരെ നിര്‍ബന്ധിച്ചില്ല;  ആ തെരുവുകളിലാകട്ടെ അപരവിദ്വേഷവും അന്യവത്കരണവും പതഞ്ഞുപൊങ്ങുന്നുണ്ടായിരുന്നു.
അതില്‍പിന്നെയാണ് എല്ലാ പരിധികളും വിട്ട നിയമങ്ങള്‍ പാസ്സാക്കിയെടുത്ത് ഭരണകൂടം പിന്നെയും കൊമ്പുകുലുക്കിയത്; മുസ്‌ലിംകള്‍ തങ്ങളുടെ പൗരത്വം തെളിയിച്ചേ പറ്റൂ. അല്ലെങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. ഇതര മതസമുദായങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല, അവര്‍ക്ക് സുരക്ഷിത മാര്‍ഗം ഉറപ്പുവരുത്തിയിട്ടുണ്ട്- ഇതാണ് ഈ നിയമങ്ങളുടെ ആകസാരം. ശേഷം നടന്നത് ചരിത്രം.
ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യയില്‍ പ്രക്ഷോഭത്തിന് പ്രാരംഭം കുറിക്കപ്പെട്ടു. വളരെ പെട്ടെന്നു തന്നെ അത് അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലേക്കും പിന്നീട് ഇന്ത്യയൊട്ടുക്കും പടര്‍ന്നുപിടിച്ചു. പ്രക്ഷോഭങ്ങളുടെ പ്രോദ്ഘാടനത്തിന് ജാമിഅ തന്നെ വേദിയായി എന്നത്, ആ വിശ്വവിദ്യാലയത്തിന്റെ പാരമ്പര്യത്തോട് ചേര്‍ന്നു നില്‍ക്കുന്നതും അതിന്റെ ചരിത്രത്തോട് നീതിപുലര്‍ത്തുന്നതുമായി. കൊളോണിയല്‍ വീക്ഷണഗതികളോട് അലീഗഢ് സര്‍വകലാശാല സമരസപ്പെടുന്നുവെന്ന് ധരിച്ച, സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ തന്നെ മുസ്‌ലിംകള്‍ അണിനിരക്കണമെന്നും അതില്‍ തുല്യ പങ്കാളിത്തം വഹിക്കണമെന്നും ചിന്തിച്ച മുസ്‌ലിം നേതാക്കളാണ് ജാമിഅ മില്ലിയ്യക്ക് അടിത്തറയിട്ടത്. അലീഗഢ് വിട്ടുവന്ന ഈ നേതാക്കള്‍ ഗാന്ധിജിയെ രക്ഷാധികാരിയാക്കി, നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും ഖിലാഫത്ത് പ്രക്ഷോഭത്തിന്റെയും സങ്കേതമാക്കി ജാമിഅ മില്ലിയ്യയെ പടുത്തുയര്‍ത്തി. സര്‍വകലാശാലക്ക് അതിന്റെ ബാലാരിഷ്ടതയില്‍ സാമ്പത്തിക പിന്‍ബലം നല്‍കുന്നതിന് ആവശ്യമെങ്കില്‍  ഭിക്ഷാപാത്രമെടുത്ത് താന്‍ നാടുചുറ്റുമെന്ന് മഹാത്മാ ഗാന്ധി പ്രഖ്യാപിച്ചു. മജാസ് ലഖ്‌നവി രചിച്ച എ.എം.യു ഗീതകം 'അലീഗഢ് കാ തരാന'യിലെ വാചകങ്ങളിലെ പ്രവചനാത്മകത, സി.എ.എ-എന്‍.ആര്‍.സി-എന്‍.പി.ആര്‍ വിരുദ്ധ പോരാട്ടങ്ങളിലെ ജാമിഅയുടെയും അലീഗഢിന്റെയും പങ്ക് ഉയര്‍ന്നുനില്‍ക്കുമ്പോള്‍ പുലരുന്നതായി കാണുന്നത് വിസ്മയജനകമാണ്:
ജോ അബ്ര്‍ യഹാന്‍ സേ ഉഠേഗാ
വോ സാരേ ജഹാന്‍ പര്‍ ബര്‍സേഗാ
(ഇവിടെനിന്ന് -വിപ്ലവത്തിന്റെ- മഴമേഘങ്ങള്‍ ഉയര്‍ന്നുപൊങ്ങും; ലോകമെങ്ങും ഹര്‍ഷവര്‍ഷമായി അത് പെയ്തിറങ്ങും).
സര്‍വതലങ്ങളിലും പാന്‍ ഇന്ത്യന്‍ സ്വഭാവം പുലര്‍ത്തുന്ന ഇപ്പോഴത്തെ ഈ ബഹുജന മുന്നേറ്റത്തെ സാമുദായികവര്‍ണം പൂശി ഒരു മുസ്‌ലിം മൂവ്‌മെന്റായി അവതരിപ്പിക്കലല്ല ഇവിടെ ഉദ്ദേശ്യം. സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ തങ്ങള്‍ക്കുള്ള തുല്യ ഓഹരി ആവശ്യപ്പെട്ടും തങ്ങളുടെ ശബ്ദം ഉച്ചത്തില്‍ മുഴക്കിയും ഇന്ത്യന്‍ തെരുവുകളില്‍ മുസ്‌ലിംകള്‍ ധീരമായി എഴുന്നേറ്റുനില്‍ക്കുന്നത്, സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമാണെന്ന് എടുത്തുപറയുക മാത്രമാണ്.
ഈ പ്രക്ഷോഭങ്ങളൊന്നും തെരഞ്ഞെടുപ്പു വിജയമാകില്ലെന്നത് നേര്. ഭൂരിപക്ഷമിപ്പോഴും മോദിയെയും ഈ വിവേചന നിയമത്തെയും പിന്തുണക്കുകയാണെന്നു തന്നെ കരുതുക. എന്നാല്‍, മോദി-ഷാ കമ്പനി അധികാരത്തിലേറിയതിനു ശേഷം വിവേചനപരവും വിഭാഗീയവുമായ അവരുടെ നയനിലപാടുകള്‍ക്കും ആക്രോശങ്ങള്‍ക്കുമെതിരെ ദേശവ്യാപകമായി ഇതാദ്യമായാണ് ഇത്തരത്തില്‍ എതിര്‍ശബ്ദം ഉയര്‍ന്നുവരുന്നത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ വ്യക്തികളോ അല്ല ഇത് ഉയര്‍ത്തിക്കൊണ്ടുവന്നത് എന്നതും ശ്രദ്ധേയമാണ്. ബഹുജനം സ്വയം പ്രതിപക്ഷമായി മുന്നോട്ടുവന്നിരിക്കുകയാണ്.
മുന്നില്‍ നിന്ന് നയിക്കാന്‍ നേതാക്കളില്ലാതെ, അടിത്തട്ടില്‍നിന്ന് സ്വാഭാവികമായി രൂപപ്പെട്ടുവരികയായിരുന്നുവെന്നത് ഈ പ്രക്ഷോഭങ്ങളെ സവിശേഷമാക്കുന്നു. വിദ്യാര്‍ഥി നേതാക്കളും ജനപ്രിയ സാംസ്‌കാരിക നായകരും മേഖലാ - പ്രാദേശിക തലങ്ങളിലെ ഐക്കണുകളും പ്രക്ഷോഭങ്ങളുടെ വേദികളില്‍നിന്ന് വേദികളിലേക്ക് ഓടിനടന്നു. ഓരോരുത്തരും തങ്ങളുടേതായ പങ്കുവഹിച്ച് എല്ലാ അര്‍ഥത്തിലും ഇതൊരു ജനകീയ പ്രസ്ഥാനമായി രൂപപ്പെടുത്തുകയായിരുന്നു. തങ്ങളുടെ ആശങ്കകള്‍ക്കും ആകുലതകള്‍ക്കും ശബ്ദം നല്‍കാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെയോ നേതാക്കളെയോ ഇനിയും കാത്തുനില്‍ക്കേണ്ടതില്ലെന്ന് സാധാരണക്കാരായ മുസ്‌ലിം സ്ത്രീകളും പുരുഷന്മാരും ദൃഢനിശ്ചയമെടുത്തു. ദേശീയതലത്തില്‍ തങ്ങളെ നയിക്കാന്‍ നേതാക്കളില്ലല്ലോ എന്ന് പരിഭവം പറഞ്ഞ് കുത്തിയിരിക്കാന്‍ അവര്‍ തയാറായില്ല. ആണും പെണ്ണും, യുവത്വവും വാര്‍ധക്യവും തെരുവുകളിലേക്കൊഴുകി നീതിക്കു വേണ്ടി ഉച്ചത്തില്‍  സംസാരിച്ചു. ഗോരക്ഷയുടെ പേരില്‍ ആള്‍ക്കൂട്ടം മുസ്‌ലിംകളെ തല്ലിക്കൊന്നപ്പോള്‍, ഹൈന്ദവതയുടെ സംരക്ഷണ ലേബലില്‍ മുസ്‌ലിംകളോട് കാട്ടുന്ന ഈ ക്രൂരതകളോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്ന് പ്രഖ്യാപിച്ച് ഇതര സമുദായാംഗങ്ങള്‍ (പരിമിത തോതിലാണെങ്കിലും) സമരരംഗത്തിറങ്ങിയ 2017-ലെ #Notinmyname (ഇതൊന്നും എന്റെ പേരിലല്ല) പ്രതിഷേധങ്ങളില്‍നിന്ന് ഭിന്നമായി കേവല ഉരുപ്പടികളായില്ല ഈ പ്രക്ഷോഭത്തില്‍ മുസ്‌ലിംകള്‍. മുന്‍നിരയില്‍ നിന്നു തന്നെ ഈ മൂവ്‌മെന്റിനെ നയിക്കുകയാണവര്‍.
ഇന്ത്യയുടെ ദേശീയ ഐക്കണുകളും പ്രതീകങ്ങളും മുസ്‌ലിംകള്‍ വീണ്ടെടുക്കുന്നതും ഈ സമരങ്ങളുടെ എടുത്തുപറയത്തക്ക സവിശേഷതയാണ്. തൊപ്പിയണിഞ്ഞും ഹിജാബ് ധരിച്ചും ദേശീയ പതാക വീശി പോരാട്ടവേദികളില്‍ അവര്‍ നിറഞ്ഞുനിന്നു. മുഖത്ത് മൂവര്‍ണം പൂശി, രാജ്യത്തെ മുഴുവന്‍ നഗരങ്ങളിലെയും പോരാട്ടമുഖങ്ങളിലും സമരത്തെരുവുകളിലും അവര്‍ പരന്നൊഴുകുന്ന ദൃശ്യങ്ങള്‍. മൗലാനാ ആസാദിന്റെയും ഡോ. സാകിര്‍ ഹുസൈന്റെയും ഛായാചിത്രങ്ങള്‍ക്കു പിന്നില്‍ ഒതുങ്ങിക്കൂടാതെ തങ്ങളുടെ പ്രയാണപഥങ്ങള്‍ അവര്‍ വിസ്തൃതമാക്കി. തങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കപ്പെടുന്ന കാലത്ത്, അതിനു വേണ്ടി പോരാടിയ മുഴുവന്‍ ദേശീയ നായകരെയും അവര്‍  നെഞ്ചോടുചേര്‍ത്ത് തിരിച്ചുപിടിച്ചിരിക്കുന്നു. ചെറുത്തുനില്‍പിന്റെ പ്രതീകമായി ഗാന്ധിജി വീണ്ടും ഉദിച്ചുയര്‍ന്നിരിക്കുന്നു. ഈ കെട്ടകാലത്ത് ആ മഹാത്മാവിന്റെ നാമം ഉയര്‍ന്നുകേള്‍ക്കുന്നത് ഘാതകനെ പറ്റിയുള്ള വാഴ്ത്തുപാട്ടിലൂടെയാണല്ലോ. താന്‍ വാര്‍ത്തെടുത്ത ഭരണഘടനാ ശില്‍പത്തിലെ 'നമ്മള്‍  ജനങ്ങളോ'ട് ഒപ്പംചേര്‍ന്ന് ഡോ. ബി.ആര്‍ അംബേദ്കര്‍ ഒരിക്കല്‍കൂടി കടന്നുവരുന്നു. ഉത്തര്‍പ്രദേശിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കുത്തകയല്ല താനെന്ന് ബാബാ സാഹെബ് വിളിച്ചുപറയുന്നു. ഇതിനോടൊപ്പം ഹസ്രത്ത് മൊഹാനിയുടെ 'ഇങ്ക്വിലാബ് സിന്ദാബാദും' ബിസ്മില്‍ അസീമാബാദിയുടെ 'സര്‍ഫറോശി  കി തമന്നാ'യും ഫൈസ് അഹ്മദ് ഫൈസിന്റെ 'ഹം ദേഖേങ്കെ'യും ജനസഞ്ചയങ്ങളുടെ ഒത്തുചേരലുകളില്‍ പ്രകമ്പനം സൃഷ്ടിച്ചു. പൗരസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിംകള്‍ക്ക് പുത്തരിയല്ലെന്ന് ഇത് നമ്മെ ഓര്‍മപ്പെടുത്തുന്നു.
അപ്രതിഹതമായ ഈ സമരമുന്നേറ്റങ്ങളെ എങ്ങനെ നേരിടണമെന്നറിയാതെ ഇരുട്ടില്‍ തപ്പുന്ന ഭരണകൂടം ശുദ്ധ അസംബന്ധങ്ങളിലേക്ക് കൂപ്പുകുത്തുന്നതാണ് പിന്നീട് നാം കാണുന്നത്. ഫൈസിന്റെ 'ഹം ദേഖേങ്കെ' ഹിന്ദുവിരുദ്ധമാണോ എന്നന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍. ബിംബങ്ങള്‍ തകര്‍ക്കാന്‍ ഇതില്‍ ആഹ്വാനമുണ്ടത്രെ! അന്വേഷണത്തിനു നിര്‍ദേശം നല്‍കിയ ഐ.ഐ.ടി കാണ്‍പൂര്‍ ഡയറക്ടര്‍ 'വിഗ്രഹഭഞ്ജകന്‍' എന്നതിന്റെ ആശയമെന്തെന്ന് നന്നായാലോചിക്കുന്നത് ഉചിതമായിരിക്കും. 'വിഗ്രഹം ധ്വംസിക്കുന്നവന്‍' എന്നാണ് ഭാഷാപരമായി ഈ വാക്കിന്റെ അര്‍ഥമെങ്കിലും സമൂഹത്തില്‍ മൂടുറച്ച ആശയങ്ങളെയും അള്ളിപ്പിടിച്ച സ്ഥാപനങ്ങളെയും ആക്രമിക്കുന്നവന്‍ എന്ന രീതിയിലേക്കും 'വിഗ്രഹഭഞ്ജകന്‍' എന്നതിന്റെ അര്‍ഥം വികസിച്ചിരിക്കുന്നു എന്നറിയാത്തവര്‍ സഹതാപമര്‍ഹിക്കുന്നു. സുപ്രീം കോടതി മുന്‍ ജഡ്ജ് പ്രഗത്ഭനമായ വി.ആര്‍ കൃഷ്ണയ്യര്‍ ഒരിക്കല്‍ ബി.ആര്‍ അംബേദ്കറെ വിശേഷിപ്പിച്ചത്, 'പ്രത്യുല്‍പന്നമതിയായ വിഗ്രഹഭഞ്ജകന്‍' എന്നായിരുന്നു. മൂര്‍ത്തികളെ അനാദരിക്കലല്ല ഈ പ്രസ്താവത്തിലൂടെ കൃഷ്ണയ്യര്‍  ഉദ്ദേശിച്ചിരിക്കുക; ഫൈസിന്റെ കവിതയിലെന്ന പോലെ.
ദേശീയ ചിഹ്നങ്ങളും പ്രതീകങ്ങളും ഐക്കണുകളും വീണ്ടെടുക്കുന്നതിനോടൊപ്പം തന്നെ, മുസ്‌ലിം പ്രക്ഷോഭകര്‍ തങ്ങളുടെ മുസ്‌ലിം സ്വത്വവും വ്യക്തിത്വവും അരക്കിട്ടുറപ്പിക്കുന്നതും കാണാം, ഈ സമരങ്ങളിലുടനീളം. നമസ്‌കാരത്തിനു വേണ്ടി പ്രതിഷേധങ്ങള്‍ നിര്‍ത്തിവെക്കപ്പെടുന്നു, പ്രാര്‍ഥനാനിരതരായ വിശ്വാസികള്‍ക്കു ചുറ്റും ഈ സമയം അമുസ്‌ലിം പ്രക്ഷോഭകര്‍ മനുഷ്യശൃംഖലകള്‍ തീര്‍ത്ത് കാവലാളുകളാകുന്നു. മസ്ജിദുകളില്‍ സംഘടിത നമസ്‌കാരങ്ങള്‍ക്കു ശേഷം കരാളമായ ഈ വിവേചനനിയമം എടുത്തുകളയപ്പെടുന്നതിനു വേണ്ടി ദുആകള്‍ (പ്രാര്‍ഥനകള്‍) നടത്തപ്പെടുന്നു. സി.എ.എ-എന്‍.ആര്‍.സി-എന്‍.പി.ആര്‍ വിരുദ്ധ പോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാജ്യത്ത് പലയിടങ്ങളിലും ആളുകള്‍ വ്രതമനുഷ്ഠിക്കുന്നു; സമൂഹ നോമ്പുതുറകള്‍ സംഘടിപ്പിക്കുന്നു.
ജാമിഅയിലും ശാഹീന്‍ ബാഗിലും സമീപമുള്ള മുസ്‌ലിം പ്രദേശങ്ങളിലുമെല്ലാം പുതിയതരം ജീവിത ശീലങ്ങളും സംസ്‌കാരങ്ങളും ഉരുവം കൊള്ളുന്നു.  ദിവസങ്ങള്‍ പിന്നിടുംതോറും പ്രക്ഷോഭത്തിലെ സ്ത്രീപങ്കാളിത്തം അഭൂതപൂര്‍വമായ തോതില്‍  വര്‍ധിച്ചുകൊണ്ടേയിരുന്നു. പ്രായപരിധികളെല്ലാം മാറിമറിഞ്ഞു. വിദ്യാര്‍ഥി പ്രസ്ഥാനം എന്നതില്‍നിന്ന്, ജീവിതത്തിന്റെ മുഴുവന്‍ തുറകളില്‍നിന്നുമുള്ള ആബാലവൃദ്ധം ജനങ്ങള്‍ അണിനിരന്ന വലിയ പ്രസ്ഥാനമായി ഈ പ്രക്ഷോഭങ്ങള്‍ വികസിച്ചു. സഞ്ചരിക്കുന്ന സ്‌കൂള്‍ ബസുകളില്‍നിന്ന് സി.എ.എ വിരുദ്ധ ബാനറുകള്‍ പുറത്തേക്കു വീശുന്ന വിദ്യാര്‍ഥികളെ നിങ്ങള്‍ക്കിവിടെ കാണാം. വീല്‍ചെയറിലിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രക്ഷോഭത്തില്‍ അണിചേര്‍ന്ന വല്യുമ്മമാരുടെ ദൃശ്യങ്ങള്‍ നിങ്ങളുടെ കണ്ണില്‍ തറക്കും. സമരരംഗത്തുള്ള തട്ടമിട്ടവരുടെ സംഖ്യ നിങ്ങള്‍ക്ക് തിട്ടപ്പെടുത്താനാവില്ല. കൂടുതല്‍ സ്ത്രീസൗഹൃദപരമായി സ്വയം പുനഃസംവിധാനിച്ചാണ് പ്രക്ഷോഭവേദികള്‍ ഈ പ്രവണതയോട് പ്രതികരിച്ചത്. ജാമിഅ കാമ്പസിലെ രണ്ട് മസ്ജിദുകളിലൊന്ന് സ്ത്രീകള്‍ക്കു മാത്രമായി പുനഃക്രമീകരിക്കപ്പെട്ടു.  ശാഹീന്‍ ബാഗില്‍ റോഡിനു മധ്യേ സഹോദരിമാര്‍ ശാമിയാന കെട്ടി. അസ്ഥി തുളക്കുന്ന തണുപ്പില്‍നിന്ന് ആശ്വാസം തേടി അവരവിടെ പരവതാനി വിരിച്ചു. കുഞ്ഞുമക്കളെ ഒപ്പമിരുത്തി രാപ്പകല്‍ ആ ധീരവനിതകള്‍ അവിടെ ധര്‍ണയിരുന്നു. ലിംഗസമത്വമില്ലെന്നു പറഞ്ഞ് നിരന്തരം പ്രതിക്കൂട്ടിലേറ്റപ്പെട്ട ഒരു സമൂഹത്തില്‍നിന്നാണ് ഇവര്‍ വരുന്നതെന്നോര്‍ക്കുക.
ദാര്‍ശനിക കവി അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ രണ്ട് ഗീതകങ്ങളെഴുതിയിട്ടുണ്ടെന്നത് നമുക്കത്ര പരിചിതമല്ല. നമുക്കറിയുന്ന സാരേ ജഹാന്‍ സേ അച്ചാ ഹിന്ദുസ്താന്‍ ഹമാരാ (ലോകത്തേറ്റവും ശ്രേഷ്ഠം നമ്മുടെ ഇന്ത്യ) ഇന്ത്യന്‍ ജനതയില്‍ ആത്മബോധവും ദേശീയ സ്വത്വവും കരുപ്പിടിപ്പിച്ച ദേശഭക്തി ഗാനമാണ്. എന്നാല്‍, അത്ര പ്രശസ്തമല്ലാത്ത മറ്റൊരു ഗീതകം കൂടിയുണ്ട് മുഹമ്മദ് ഇഖ്ബാലിന്റേതായി; ചീനോ അറബ് ഹമാരാ ഹിന്ദുസ്താന്‍ ഹമാരാ, മുസ്‌ലിം ഹേ ഹം വത്വന്‍ ഹേ സാരാ ജഹാന്‍ ഹമാരാ (ചൈനയും അറേബ്യയും നമ്മുടേത്, ഇന്ത്യ നമ്മുടേത്. നാം മുസ്‌ലിംകള്‍, ലോകം മുഴുവന്‍ നമ്മുടെ രാജ്യം). ആഗോള മുസ്‌ലിം സ്വത്വം ഉദ്‌ഘോഷിക്കുകയും ഇന്ത്യയിലെ മുസ്‌ലിംകളുടെ ഇടവും അവകാശവും വിളംബരപ്പെടുത്തുകയുമാണിവിടെ വിശ്വകവി. ഇന്നിപ്പോള്‍ ഈ രണ്ട് ഗീതകങ്ങളും സംലയിപ്പിച്ച് ധ്വനിസാന്ദ്രമായൊരു പുതുമുദ്രാവാക്യം ഗംഭീരമായി മുഴക്കിയിരിക്കുന്നു, ഇന്ത്യനന്തരീക്ഷത്തില്‍ ഇവിടത്തെ മുസ്‌ലിംകള്‍; മുസ്‌ലിം ഹേ ഹം, വത്വന്‍ ഹേ ഹിന്ദുസ്താന്‍ ഹമാരാ (മുസ്‌ലിംകള്‍ നമ്മള്‍, ഇന്ത്യ നമ്മുടെ ദേശം). 

സുപ്രീം കോടതിയില്‍ അഭിഭാഷകനായ നിസാം പാഷ 'The Wire'-ല്‍ എഴുതിയ ലേഖനം.

വിവ: മുഹമ്മദ് ഫിന്‍സര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (72-73)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യമുള്ളപ്പോള്‍ ദാനം ചെയ്യുക
അബ്ദുസ്സമദ് കൂട്ടിലങ്ങാടി