Prabodhanm Weekly

Pages

Search

2020 ജനുവരി 31

3137

1441 ജമാദുല്‍ ആഖിര്‍ 06

സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്താണ് യഥാര്‍ഥ പ്രശ്‌നം?

ഡോ. ബദീഉസമാന്‍

നാട് മുഴുക്കെ സമരത്തിലാണ്. കഴിഞ്ഞകാലം മുഴുവന്‍ നാം അഭിമാനത്തോടെ കൊണ്ടുനടന്ന ബഹുസ്വരതയുടെ താഴ്‌വേരറുക്കാന്‍ ഭരണകൂടം തന്നെ നടത്തുന്ന ശ്രമങ്ങളെ ചെറുക്കുകയാണ് പൗരന്മാര്‍. സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവക്കെതിരിലുള്ള മുദ്രാവാക്യങ്ങളാണെങ്ങും. അതിനിടയിലും ചില സംസാരങ്ങളുണ്ട്. നമ്മുടെ ബസ് യാത്രകളില്‍, തീവണ്ടി മുറികളില്‍, സ്റ്റാഫ് റൂമുകളില്‍,  ജോലിസ്ഥലങ്ങളില്‍ ഒക്കെ കേള്‍ക്കുന്ന ചിലത്. പൗരത്വസമരത്തെ സംബന്ധിച്ച മോദി-ഷാ വ്യാഖ്യാനങ്ങളെ വസ്തുതാന്വേഷണം കൂടാതെ വിശ്വസിക്കുന്നു ചിലര്‍, പ്രക്ഷോഭകര്‍ കാര്യങ്ങളറിയാതെ തുള്ളുന്നു എന്നാക്ഷേപിക്കുന്നു ചിലര്‍,  അതങ്ങ് അസമിലല്ലേ നിങ്ങള്‍ക്കൊന്നും പറ്റില്ലെന്ന് സമാശ്വസിപ്പിക്കുന്നു മറ്റു ചിലര്‍, നമുക്കൊന്നും വരില്ലപ്പാ വെറുതെ ബേജാറാക്കുകയാണെന്ന് ഗാലറിയിലിരുന്ന് ആശ്വസിക്കുന്ന വേറൊരു കൂട്ടര്‍,  പലതും കേട്ടതിനു ശേഷവും സംശയം തീരാത്തവര്‍....
പൗരത്വ സമരം ഒന്നര മാസത്തോടടുക്കുമ്പോള്‍ കേട്ടതും കണ്ടതും മുന്‍നിര്‍ത്തി ചില വിചാരങ്ങള്‍:    

എന്‍.പി.ആര്‍ എന്നാല്‍ എന്താണ്? അതും സെന്‍സസും ഒന്നല്ലേ?

എന്‍.പി.ആര്‍ എന്നത് സെന്‍സസ് അല്ല. സെന്‍സസ് എന്നത് 1948-ലെ സെന്‍സസ് ആക്ട് അനുസരിച്ച് 1951  മുതല്‍ ഓരോ പത്തു വര്‍ഷത്തിലും ഗവണ്‍മെന്റ് നടത്തുന്ന പൗരന്മാരുടെ സമഗ്രമായ വിവരശേഖരണമാണ്. അടിസ്ഥാന വിവരങ്ങള്‍ക്കു പുറമെ സാമ്പത്തിക പ്രവര്‍ത്തനം, സാക്ഷരത, പാര്‍പ്പിട സൗകര്യം, ജനന-മരണ നിരക്കുകള്‍, ലിംഗം, മതം, ഭാഷ, ജനങ്ങളേര്‍പ്പെട്ട കാര്‍ഷിക- വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവയെ കുറിച്ചൊക്കെയുള്ള വിവരങ്ങള്‍ അതില്‍ ശേഖരിക്കും.  അതായത് ഇന്ത്യന്‍ പൗരസഞ്ചയത്തിന്റെ ക്രമാനുഗതമായ വളര്‍ച്ച സംബന്ധിച്ച വിവരം ഓരോ 10 കൊല്ലത്തിലും കൃത്യമായി നല്‍കുന്ന പ്രക്രിയയാണ് സെന്‍സസ്. ജല - ഇന്ധന ലഭ്യത, ജലസേചനം, കൃഷിരീതി,  വീടിന്റെ സ്വഭാവം എന്നിവയൊക്കെ സെന്‍സസിന്റെ ഭാഗമായി പരിശോധിക്കുന്നതിനാല്‍ വികസന സംരംഭങ്ങള്‍ യഥാര്‍ഥ ഗുണഭോക്താക്കളിലെത്തുന്നുണ്ടോ എന്നറിയാന്‍ സെന്‍സസ് സഹായിക്കുന്നു.
എന്നാല്‍, 1955-ലെ പൗരത്വനിയമത്തിന് 2003-ല്‍ വാജ്‌പേയി സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ട (Citizenship Registration of Citizens and Issue of National Identity Cards Rules, 2003) പ്രകാരമാണ് എന്‍.പി.ആര്‍ എന്ന ആശയം വരുന്നത്. ഒരു പ്രദേശത്ത് താമസിക്കുന്ന ആളുകളുടെ പട്ടികയാണിത് എന്നാണ് ആ ചട്ടത്തില്‍ പറയുന്നത്. 

ആദ്യമായാണോ നമ്മുടെ രാജ്യത്ത് എന്‍.പി.ആറിനു വേണ്ടി വിവരശേഖരണം നടത്തുന്നത്?

അല്ല. 2010-ലാണ് എന്‍.പി.ആറിനു വേണ്ടി ആദ്യമായി  വിവരശേഖരണം നടത്തിയത്. 2015-ല്‍ അത് അപ്‌ഡേറ്റ് ചെയ്തു. പേര്, കുടുംബ നാഥനുമായുള്ള ബന്ധം, വിലാസം, ഇപ്പോഴത്തെ വിലാസത്തില്‍ എത്ര കാലമായി താമസിക്കുന്നു തുടങ്ങി പരിമിതമായ വിവരങ്ങളാണ് അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2020-ലെ എന്‍.പി.ആറില്‍ എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നത് എന്ന് ഇനിയും തീര്‍ച്ചപ്പെടുത്തിയിട്ടില്ല എന്നാണ് കേന്ദ്ര ഗവണ്‍മെന്റ് പറയുന്നത്.

എന്‍.പി.ആറിനു വേണ്ടി ശേഖരിക്കുന്ന വിവരങ്ങളൊക്കെ സെന്‍സസില്‍ ഉണ്ടെന്നിരിക്കെ പിന്നെ എന്തിനാണ് രണ്ടു പദ്ധതികള്‍?

ഇതിന്റെ ഉത്തരം തേടുമ്പോഴാണ് നമ്മള്‍ ഭരണകൂടത്തിന്റെ ഗൂഢപദ്ധതി മനസ്സിലാക്കുക. എന്‍.പി.ആര്‍ കേവല വിവരശേഖരണത്തില്‍ അവസാനിക്കുന്ന ഒരു പദ്ധതിയല്ല. മുകളില്‍ പറഞ്ഞ 2003-ലെ ചട്ടത്തിന്റെ 3 മുതല്‍ 6 വരെ ഖണ്ഡികകളില്‍ എന്‍.പി.ആര്‍ വിവരശേഖരണത്തിനു ശേഷം, ആ ഡാറ്റ പരിശോധിച്ച് National Register of Indian Citizens (NRIC) തയാറാക്കുമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ പരിശോധനയില്‍ ലോക്കല്‍ രജിസ്ട്രാര്‍ക്ക്  സംശയം തീരാത്തവരെ സംശയാസ്പദ (Doubtful) വിഭാഗത്തില്‍ ഉള്‍പ്പെടുത്താമെന്നും രേഖകള്‍ സമര്‍പ്പിക്കാനായി ഒന്നു രണ്ട് അവസരങ്ങള്‍ കൂടി നല്‍കിയ ശേഷവും സംശയാവസ്ഥ നീക്കാന്‍ കഴിയാത്തവരെ എന്‍.ആര്‍.സിയില്‍നിന്ന് ഒഴിവാക്കുമെന്നാണ് ചട്ടത്തില്‍ പറയുന്നത്.
അതായത്, പുതിയൊരു നിയമനിര്‍മാണമോ മറ്റൊരു വിവരശേഖരണമോ കൂടാതെ, എന്‍.പി.ആറിനു വേണ്ടി ശേഖരിക്കുന്ന വിവരങ്ങള്‍ വെച്ച് 2003-ലെ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന് എന്‍.ആര്‍.സി ഉണ്ടാക്കാന്‍ കഴിയും. അതുപോലെ, കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ 2018-19-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 1955-ലെ പൗരത്വ നിയമത്തിന്റെയും  2003-ലെ ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന എന്‍.ആര്‍.ഐ.സിയുടെ ആദ്യ പടിയാണ് എന്‍.പി.ആര്‍ എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട് (അധ്യായം 15-ലെ ഖണ്ഡിക 15.1, iv).

അപ്പോള്‍ പിന്നെ എന്‍.പി.ആറും എന്‍.ആര്‍.സിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് നരേന്ദ്ര മോദിയും അമിത് ഷായും ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണ്?

നമ്മുടെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഈ പറയുന്നത് പച്ചക്കള്ളമാണ്. എന്‍.പി.ആറിന്റെ തുടര്‍ച്ചയാണ് പൗരത്വ രജിസ്റ്റര്‍. ആഭ്യന്തരവകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇപ്പോഴും അങ്ങനെത്തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ദേശവ്യാപക എന്‍.ആര്‍.സിയെ കുറിച്ച് 2014-ല്‍ തന്റെ സര്‍ക്കാര്‍ വന്നതിനു ശേഷം ഒരു ചര്‍ച്ചയും ഒരിക്കല്‍ പോലും നടത്തിയിട്ടില്ലെന്നും ജനങ്ങളില്‍ ഭയം നിറക്കാന്‍ ചിലര്‍ പറഞ്ഞു പരത്തുന്നതാണെന്നും നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ടല്ലോ?

ശുദ്ധ കളവാണത്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി മാനിഫെസ്റ്റോയില്‍ ദേശവ്യാപക എന്‍.ആര്‍.സി നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. 2019-ലെ നിരവധി തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ അമിത് ഷാ ഇക്കാര്യം പറഞ്ഞതിന്റെ വീഡിയോകള്‍ ലഭ്യമാണ്. ഏറ്റവും അവസാനം 2019 ഡിസംബറില്‍ സി.എ.ബി ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് രാജ്യസഭയിലും ഝാര്‍ഖണ്ഡിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും അമിത് ഷാ അത് ആവര്‍ത്തിച്ചു.  

ഒരു രാജ്യത്തെ പൗരന്മാരുടെ പട്ടിക ഉണ്ടാക്കുന്നതില്‍ എന്താണ് കുഴപ്പം?

പൗരന്മാരുടെ പട്ടിക ഉണ്ടാക്കുക എന്നത് തെറ്റായ കാര്യമല്ല. പക്ഷേ, ഇന്ത്യയെപ്പോലെ വളരെ വിശാലമായ, 137 കോടിയില്‍പരം ജനങ്ങളുള്ള രാജ്യത്ത് തീര്‍ത്തും അപ്രായോഗികവും സാമ്പത്തിക- സമയവിഭവങ്ങളുടെ ധൂര്‍ത്തും മാത്രമാണത്. മൂന്നേകാല്‍ കോടി ജനങ്ങള്‍ മാത്രമുള്ള അസമില്‍  15 വര്‍ഷവും 1600 കോടി രൂപയുമാണ് അതിന് ചെലവായത്. അതിനു വേണ്ടി സര്‍ക്കാര്‍ ഓഫീസില്‍ വരി നിന്നവരുടെ സമയാധ്വാനങ്ങളുടെ വില ഉള്‍പ്പെടുത്താതെയാണിത്. അപ്പോള്‍ ഇന്ത്യ മൊത്തം അത് നടത്തിയാല്‍ കാര്യമെന്താവും എന്ന് ഊഹിക്കാം.
ഇന്ത്യയെപ്പോലെ ധാരാളം നുഴഞ്ഞുകയറ്റക്കാരുള്ള ഒരു രാജ്യത്ത് എന്‍.ആര്‍.സി അത്യാവശ്യമല്ലേ?
ഇന്ത്യയിലെ നുഴഞ്ഞുകയറ്റക്കാരെ കുറിച്ച് സംഘ് പരിവാര്‍ പടച്ചുവിട്ട ഊഹാപോഹങ്ങളിലധിഷ്ഠിതമായ പെരുപ്പിച്ച കണക്കിനെ ആധാരമാക്കിയാണ് എന്‍.ആര്‍.സി പോലുള്ള പദ്ധതി നടപ്പാക്കുന്നത്. അസമില്‍ എന്‍.ആര്‍.സിക്ക് പുറത്തായ 19 ലക്ഷം പേരും നുഴഞ്ഞുകയറ്റക്കാരാണെന്ന് സമ്മതിക്കുന്നതിനര്‍ഥം അതിര്‍ത്തി കാക്കുന്ന നമ്മുടെ വീരജവാന്മാരുടെ കാര്യക്ഷമതയെ നമ്മള്‍ ചോദ്യം ചെയ്യുന്നു എന്നാണ്. വളരെ ന്യൂനപക്ഷം വരുന്ന നുഴഞ്ഞുകയറ്റക്കാര്‍ക്കു വേണ്ടി മുഴുവന്‍ ജനങ്ങളും പൗരത്വം തെളിയിക്കേണ്ടി വരുന്നത്, അരിച്ചാക്കിലെ കുറച്ച് കല്ലൊഴിവാക്കാന്‍ അരിമണിയെടുത്ത് മാറ്റുന്ന പണിയില്‍ ഏര്‍പ്പെടുന്നതു പോലെയാണ്.

എന്‍.ആര്‍.സി തയാറാക്കുന്നതിന് സമര്‍പ്പിക്കേണ്ട രേഖകളോ കട്ട് ഓഫ് തീയതിയോ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടില്ലല്ലോ. അപ്പോള്‍ പിന്നെ എന്തിനാണ് ബഹളങ്ങള്‍?

അതു തന്നെയാണ് പ്രശ്‌നം. അസമില്‍ എന്‍.ആര്‍.സിക്ക് ബംഗ്ലാദേശ് രൂപവല്‍ക്കരണത്തിന്റെ പ്രശ്‌നമുള്ളതുകൊണ്ടാണല്ലോ 1971 മാര്‍ച്ച് 24 എന്ന കട്ട്ഓഫ് ഡേറ്റ് വന്നത്. പക്ഷേ, മുഴു രാജ്യത്തിന്റെ കാര്യത്തില്‍ അപ്പോള്‍ ഏത് തീയതി വെക്കുമെന്നത് പ്രശ്‌നമാണ്. ഏത് തീയതി വെച്ചാലും സംഭവിക്കാവുന്നത് രണ്ടാലൊന്നാണ്. ഒന്ന്, സംഘ് പരിവാര്‍ പ്രചരിപ്പിക്കുന്ന പോലെ വളരെ ലളിതമായൊരു പ്രക്രിയ.  അതായത് നിലവിലുള്ള സര്‍ക്കാര്‍ രേഖകളോ രണ്ടാളുടെ സാക്ഷ്യമോ ഒക്കെ സ്വീകരിച്ചുകൊണ്ടുള്ള ഒന്ന്. ഇപ്പോള്‍ ഇന്ത്യയിലുള്ള 137 കോടിയില്‍ മിക്കവരും അതില്‍ കയറുമെന്നിരിക്കെ പിന്നെയെന്തിന് കോടികള്‍ മുടക്കി ഈ ദരിദ്ര രാജ്യത്ത് അങ്ങനെയൊന്ന്? രണ്ടാം സാധ്യത, രേഖകളുടെ കര്‍ക്കശമായ പരിശോധനയിലൂടെ അത് നടത്തുക എന്നതാണ്. 130 കോടി ജനങ്ങള്‍ തങ്ങളുടെ ജനന- പാരമ്പര്യ രേഖകള്‍ തെളിയിക്കാന്‍ നടത്തുന്ന നെട്ടോട്ടം ചരിത്രത്തിലെ ഉപമകളില്ലാത്ത ദുരന്തമാവും. സര്‍ക്കാര്‍ തന്നെ നമുക്ക് തന്നിട്ടുള്ള നിരവധി രേഖകളില്‍ പേര്, വീട്ടുപേര്, ജനനതീയതി എന്നിവയിലുള്ള ചില്ലറ വ്യത്യാസങ്ങള്‍ കൊണ്ട് ജനങ്ങളനുഭവിച്ച പ്രയാസങ്ങള്‍ അസമില്‍ കണ്ടതാണ്. ഇപ്പോള്‍ കേന്ദ്രമന്ത്രിയായ മുന്‍ കരസേനാധിപന്‍ വി.കെ.സിങ്് തന്റെ സ്‌കൂള്‍ രജിസ്റ്ററിലെ ജനനതീയതി തെറ്റാണെന്നു പറഞ്ഞ് കേസ് നടത്തേണ്ടിവന്ന നാടാണ് നമ്മുടേത്. അപ്പോള്‍ നാട്ടിലെ ദരിദ്രകോടികളുടെ സ്ഥിതിയെന്താവുമെന്ന് ഊഹിക്കാം.

എന്താണ് സി.എ.എയില്‍ പ്രശ്‌നം? അഭയാര്‍ഥികളായി എത്തി ഇവിടെ താമസിച്ചു വരുന്ന ആളുകള്‍ക്ക് പൗരത്വം കൊടുക്കുക എന്നത് മാനുഷികമല്ലേ?

അഭയാര്‍ഥികളായി എത്തുന്നവര്‍ക്ക് അഭയം നല്‍കുന്നത് തീര്‍ത്തും മനുഷ്യത്വപരമാണ്. പക്ഷേ ഇന്ത്യ എന്ന മതനിരപേക്ഷ രാജ്യം മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിവേചനവും ആരോടും കാണിക്കില്ല എന്നത് ഭരണഘടനാപരമായി പ്രഖ്യാപിച്ച ഒന്നാണ്. ഇത് ഇന്ത്യയില്‍ താമസിക്കുന്ന അഭയാര്‍ഥികള്‍ക്കും ബാധകമായ കാര്യമാണ്. പക്ഷേ പുതിയ നിയമം, നമ്മുടെ അയല്‍പക്കത്തുള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്ന് വന്ന, രേഖകളില്ലാത്ത, മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്കു മാത്രം പൗരത്വം കൊടുക്കുമെന്ന് പറയുന്നു.  ഇത് ഇന്ത്യ വിഭാവനം ചെയ്യുന്ന തുല്യതാ സങ്കല്‍പത്തിന് വിരുദ്ധമാണ്. അതിനാല്‍ അഭയാര്‍ഥികള്‍ക്കു പൗരത്വം കൊടുക്കുന്നെങ്കില്‍ അത് വിവേചനമില്ലാതെ  എല്ലാവര്‍ക്കുമായിരിക്കണം.

മതപരമായ പീഡനം അനുഭവിക്കുന്ന ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പൗരത്വം കൊടുക്കുന്നതില്‍ എന്താണ് തെറ്റ്?

തെറ്റില്ല. പക്ഷേ, മതനിരപേക്ഷ രാജ്യമായ ഇന്ത്യ ചില മതപീഡനങ്ങളെ മാത്രം പരിഗണിക്കുന്നത് തെറ്റാണ്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ള മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് മാത്രം പൗരത്വം നല്‍കുന്ന നിയമം ദുരുദ്ദേശ്യപരമാണ്. മ്യാന്മറിലെ രോഹിങ്ക്യകള്‍, തിബത്തന്‍ ബുദ്ധമതക്കാര്‍, ശ്രീലങ്കന്‍ തമിഴര്‍ എന്നിവര്‍ മതപരമായ പീഡനം അനുഭവിക്കുന്നവരാണ്. പക്ഷേ അവരെ സി.എ.എ പരിഗണിക്കുന്നേയില്ല. അപ്പോള്‍ അയല്‍ രാഷ്ട്രങ്ങളിലെ മതപരമായ പീഡനങ്ങളല്ല, സമീപത്തുള്ള മുസ്‌ലിം രാജ്യങ്ങളിലെ പീഡനങ്ങള്‍ മാത്രമാണ് പുതിയ നിയമത്തിലെ വിഷയം. മാത്രമല്ല, പീഡനങ്ങള്‍ക്കു മതപരമെന്നതിനപ്പുറത്ത് രാഷ്ട്രീയവും വംശീയവുമായ മാനങ്ങള്‍ ഉണ്ടെന്നിരിക്കെ,  മതപരമായ കാരണം മാത്രം ചൂണ്ടിക്കാട്ടി പൗരത്വം കൊടുക്കുന്നത് മുസ്‌ലിംവിരുദ്ധത കൊണ്ട് മാത്രമാണ്.

പൗരത്വ ഭേദഗതി ബില്‍ 2019 (സി.എ.എ) അഭയാര്‍ഥികളായ ആളുകളെ മാത്രമല്ലേ ബാധിക്കുക? ഇന്ത്യയില്‍ ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിംകളെ ഒരു നിലക്കും ബാധിക്കുകയില്ലല്ലോ?

ബാധിക്കും. എങ്ങനെയെന്നു പറയാം. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അസമില്‍ തയാറാക്കിയ എന്‍.ആര്‍.സി എന്ന ദേശീയ പൗരത്വ പട്ടികയില്‍ ഇടംപിടിക്കാന്‍ 19 ലക്ഷത്തോളം ആളുകള്‍ക്ക് കഴിഞ്ഞില്ല.  പലരും തെറ്റിദ്ധരിപ്പിക്കുന്ന പോലെ ബംഗ്ലാദേശില്‍നിന്ന് വന്ന നുഴഞ്ഞുകയറ്റക്കാരല്ല ഈ 19 ലക്ഷം. പല സമയങ്ങളിലായി അഭയാര്‍ഥിയായോ നുഴഞ്ഞുകയറ്റക്കാരനായോ വന്ന ആളുകള്‍ അതില്‍ ഉള്ളതുപോലെത്തന്നെ തലമുറകളായി ഇവിടെ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ, മുസ്‌ലിമും ഹിന്ദുവുമായ ലക്ഷക്കണക്കില്‍ ആളുകള്‍ പൗരത്വ രജിസ്റ്ററില്‍നിന്ന് പുറത്തായിട്ടുണ്ട്. സര്‍ക്കാര്‍ ആവശ്യപ്പെട്ട രേഖകള്‍ കൊടുക്കാന്‍ കഴിയാത്തവരോ കൊടുത്ത രേഖകളില്‍ പേര്, വിലാസം തുടങ്ങിയവയില്‍ പൊരുത്തക്കേട് ഉള്ളതുകൊണ്ട് രേഖകള്‍ അസ്വീകാര്യമായിപ്പോയവരോ ഒക്കെയാണ് ഈ ഇന്ത്യന്‍ പൗരന്മാര്‍. അതായത് ഹാജരാക്കിയ രേഖകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കോ സോഫ്റ്റ്‌വെയറിനോ ബോധ്യപ്പെടാത്തതിനാല്‍ പൗരത്വം നിഷേധിക്കപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും ശരിയായ ഇന്ത്യന്‍ പൗരന്മാരാണ്.

എന്‍.ആര്‍.സിയും സി.എ.എയും വന്നാല്‍ മുസ്‌ലിംകള്‍ക്കല്ലേ പ്രശ്‌നം? ഹിന്ദുക്കളും മറ്റു സമുദായക്കാര്‍ക്കും പ്രശ്‌നമൊന്നുമില്ലല്ലോ? 

ശരിയല്ല. ഇന്ത്യന്‍ പൗരന്മാരായ മുസ്‌ലിമിനെ രാജ്യരഹിതനും ഹിന്ദുവിനെ പിറന്ന മണ്ണില്‍തന്നെ അഭയാര്‍ഥിയും രണ്ടാംതരം പൗരനുമാക്കുന്ന കാടന്‍ നിയമമാണത്. എങ്ങനെയെന്നു പറയാം. ഉദാഹരണത്തിന് അസമിലെ കാര്യം തന്നെയെടുക്കുക. പൗരത്വം തെളിയിക്കാനാവശ്യമായ 14 ഡോക്യുമെന്റുകള്‍ കൊടുത്തിട്ടും എന്‍.ആര്‍.സിയില്‍ ഇടം കിട്ടാതെ പോയ 19  ലക്ഷം ആളുകളാണ് അവിടെയുള്ളത്. ഇവരെല്ലാം ബംഗ്ലാദേശില്‍നിന്ന് വന്നവരല്ല. അത്തരം ആളുകളോടൊപ്പം അക്ഷരത്തെറ്റോ ഡാറ്റാ മിസ്മാച്ചിംഗോ കാരണം ലിസ്റ്റില്‍ പെടാതെ പോയ ധാരാളക്കണക്കിന് ഇന്ത്യന്‍ പൗരന്മാരും ഇതിലുണ്ട്. ഈ 19 ലക്ഷത്തില്‍ 5 ലക്ഷം പേര്‍ മുസ്‌ലികളും അവശേഷിക്കുന്നവര്‍ ഹിന്ദുക്കളുമാണ്. ഇതില്‍ മുസ്‌ലിംകള്‍ക്ക് ഇനി മാര്‍ഗമൊന്നുമില്ല.
14 ലക്ഷം ഹിന്ദുക്കളുടെ കാര്യമെടുക്കുക. അവരില്‍ എത്ര പേര്‍ ബംഗ്ലാദേശില്‍നിന്ന് വന്നവരുണ്ട്? ഊഹാപോഹങ്ങളിലൂടെ പെരുപ്പിച്ചതല്ലാതെ ഒരാളുടെ കൈയിലും കൃത്യമായ കണക്കില്ലെന്നതാണ് സത്യം. തര്‍ക്കത്തിനു വേണ്ടി അതില്‍ 7  ലക്ഷം പേര്‍ അഭയാര്‍ഥികളായി വന്നവരാണെന്ന് വെക്കുക. ബാക്കി വരുന്ന യഥാര്‍ഥ ഇന്ത്യന്‍ പൗരന്മാരും, എന്നാല്‍ രേഖകളൊപ്പിക്കാന്‍ കഴിയാത്തവരുമായ ഹിന്ദുക്കളോ? അവര്‍ക്ക് മുന്നില്‍ ഒരൊറ്റ വഴിയാണുള്ളത്. തങ്ങള്‍ പരമ്പരാഗതമായി ഇവിടെ താമസിക്കുന്നവരാണെന്ന് ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന യാഥാര്‍ഥ്യം മറച്ചുവെച്ച് ബംഗ്ലാദേശില്‍നിന്ന് ഓടിപ്പോന്നതാണെന്ന്  നുണ പറയുക. സ്വയംതന്നെ സ്വന്തം വേരുകള്‍ നിഷേധിച്ചും താന്‍ വരത്തനും അഭയാര്‍ഥിയുമാണെന്ന് എഴുതിക്കൊടുക്കുക. അതായത് തലമുറകളായി ഇവിടെ താമസിക്കുന്നവര്‍ പൗരത്വം കിട്ടാന്‍ വേണ്ടി തങ്ങള്‍ കുടിയേറിവന്ന വിദേശികളാണെന്ന് രേഖാമൂലം സ്വയം സാക്ഷ്യപ്പെടുത്തുക. അങ്ങനെ സ്വന്തം മണ്ണില്‍ അഭയാര്‍ഥികളാവുക.
മാത്രമല്ല, ഇപ്രകാരം പൗരത്വം കിട്ടുന്നവര്‍ക്ക് സാധാരണ മറ്റു പൗരന്മാര്‍ക്കുള്ളതു പോലുള്ള പ്രിവിലേജുകള്‍ ഉണ്ടാവില്ലെന്നും enhanced obligations-ന്റെ ഭാഗമായി അവര്‍ കൃത്യമായ പോലീസ് നിരീക്ഷണത്തില്‍ ആയിരിക്കുമെന്നും സി.എ.എയുടെ 6 ബി വകുപ്പില്‍ ഉണ്ടെന്ന് നമ്മോട് പറയുന്നത് സി.എ.എ പ്രചാരണ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന ജെ. സായി ദീപക് എന്ന വക്കീലാണ്. അപ്പോള്‍ ശരിക്കും രണ്ടാംതരം പൗരനുമായി.

സി.എ.എയെ എന്‍.ആര്‍.സിയുമായി ബന്ധിപ്പിച്ച് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയല്ലേ ആളുകള്‍ ചെയ്യുന്നത്?

സി.എ.എയെ എന്‍.ആര്‍.സിയുമായി ബന്ധിപ്പിച്ചത് ഏതെങ്കിലും ആളുകളല്ല. സാക്ഷാല്‍ അമിത്ഷാ തന്നെയാണ്. ഒരിക്കലല്ല; നന്നേ ചുരുങ്ങിയത് താാഴെ പറയും പ്രകാരം അഞ്ചു പ്രാവശ്യം:
1. 2019  ഏപ്രില്‍ 21-ന് പശ്ചിമ ബംഗാളിലെ റായ്ഗഞ്ചില്‍ നടന്ന ഇലക്ഷന്‍ പ്രചാരണ റാലിയില്‍.
2. 2019  ഏപ്രില്‍ 23-ന് ബി.ജെ.പിയുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍.
3.  2019 മെയ് ഒന്നിന് തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍.
4. അന്നേ ദിവസം പശ്ചിമ ബംഗാളിലെ ബൊന്‌ഗോനില്‍ നടന്ന ഇലക്ഷന്‍ പ്രചാരണ റാലിയില്‍.
5. 2019 ഒക്‌ടോബര്‍ 2-ന് എ.ബി.പി ചാനലില്‍ അ
പ്‌ലോഡ് ചെയ്ത അഭിമുഖത്തില്‍.

പാര്‍ലമെന്റ് പാസ്സാക്കി രാഷ്ട്രപതി ഒപ്പുവെച്ച ഒരു നിയമം കോടതി കൂടി ശരിവെച്ചാല്‍ ജനങ്ങള്‍ പിന്നെ എന്തു ചെയ്യാനാണ്?

ജനാധിപത്യത്തില്‍ ജനങ്ങളാണ് യഥാര്‍ഥ രാജാവ്.  2019-ലെ തെരഞ്ഞെടുപ്പില്‍ 90 കോടി വോട്ടര്‍മാരുള്ള രാജ്യത്ത് 22 കോടി ജനങ്ങളുടെ പിന്തുണയില്‍ മാത്രം ഭരണം കിട്ടിയ ബി.ജെ.പിക്ക് 137 കോടി ജനങ്ങളുടെ ജീവിതത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമനിര്‍മാണത്തിന് മാന്‍ഡേറ്റില്ല എന്നതാണ് പൗരബോധമുള്ള നാം മനസ്സിലാക്കേണ്ടത്. കൂടാതെ, 1950 ജനുവരി 26 മുതല്‍ സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം, നീതി എന്നീ നാല് അടിസ്ഥാന മൂല്യങ്ങളെ മുന്‍നിര്‍ത്തി മുന്നോട്ടു നീങ്ങുമെന്ന് പൊതു കരാറായ ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിവെച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ചവരാണ് നാം ഇന്ത്യക്കാര്‍. ഈ നാല് അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ നിര്‍മിക്കാനോ അതിന്മേല്‍ ഒപ്പുചാര്‍ത്താനോ ലജിസ്ലേച്ചര്‍,  എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി തുടങ്ങി ഒരു സംവിധാനത്തിനും അധികാരമില്ല. ഇത് ലംഘിക്കപ്പെടുന്നിടത്ത് ഈ കാര്യം അവരെ ബോധിപ്പിക്കാനാവശ്യമായ സമ്മര്‍ദ സമരങ്ങള്‍ നടത്തുക എന്നതാണ് പൗരബോധമുള്ള ഒരു ജനതക്ക് ചെയ്യാനുള്ളത്.  ഭരണസംവിധാനത്തിന്റെ വ്യത്യസ്ത ഘടകങ്ങള്‍ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്നേടത്ത് ജനകീയ സമരങ്ങള്‍ ഫലപ്രദമാണ് എന്നതിന് മാസങ്ങള്‍ക്കു മുമ്പ് ദല്‍ഹിയിലുണ്ടായ രവിദാസ് മന്ദിര്‍ സമരവിജയവും കേരളത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ശബരിമല പ്രക്ഷോഭവും തെളിവാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (72-73)
ടി.കെ ഉബൈദ്‌

ഹദീസ്‌

ആരോഗ്യമുള്ളപ്പോള്‍ ദാനം ചെയ്യുക
അബ്ദുസ്സമദ് കൂട്ടിലങ്ങാടി