Prabodhanm Weekly

Pages

Search

2020 ജനുവരി 24

3136

1441 ജമാദുല്‍ അവ്വല്‍ 29

പോലീസ് അതിക്രമങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം സംഘടനകള്‍

ന്യൂദല്‍ഹി: വിവാദമായ പുതിയ പൗരത്വ നിയമത്തിനും എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവക്കുമെതിരായി പ്രക്ഷോഭങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ മുസ്‌ലിം സംഘടനകളുടെ ഒരു സുപ്രധാന യോഗം ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് പ്രസിഡന്റ് മൗലാനാ സയ്യിദ് അര്‍ശദ് മദനിയുടെ അധ്യക്ഷതയില്‍ ദല്‍ഹിയില്‍ ചേര്‍ന്നു.  ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദിനെ കൂടാതെ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, മര്‍കസീ ജംഇയ്യത്തെ അഹ്‌ലെ ഹദീസ്, ആള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍, ആള്‍ ഇന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറ എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു. ദാറുല്‍ ഉലൂം ദയൂബന്ദ് വൈസ് ചാന്‍സ്‌ലര്‍ ഉള്‍പ്പെടെ മറ്റു പ്രമുഖ നേതാക്കളും പങ്കെടുത്തു.
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് യോഗം പാസാക്കിയ പ്രമേയങ്ങള്‍:

പൗരത്വ ഭേദഗതി നിയമം, എന്‍.പി.ആര്‍, എന്‍.ആര്‍.സി:
എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവയില്‍ യോഗം ആശങ്ക പ്രകടിപ്പിക്കുന്നു. ഭേദഗതി ചെയ്ത പൗരത്വ നിയമം ഭരണഘടനാവിരുദ്ധം മാത്രമല്ല, അത് രാജ്യത്തിന്റെ ബഹുസ്വര സ്വഭാവത്തിന് മങ്ങലേല്‍പിക്കുന്നത് കൂടിയാണ്. ഈ നിയമം ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നു. ആര്‍ട്ടിക്ക്ള്‍ 14,15,21 എന്നിവക്കും ഭരണഘടനയുടെ ആമുഖത്തിനും വിരുദ്ധമാണത്. 
        NRC  അസമില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പേരിലെ അക്ഷരങ്ങളിലും രേഖകളിലും പിശക് വന്നതിന്റെ പേരില്‍ പൗരന്മാരെ പൗരത്വ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. 
പൗരത്വ പട്ടികക്ക് വേണ്ടിയുള്ള ആദ്യപടിയെന്നോണമാണ് പൗരത്വ ഭേദഗതി നിയമം സര്‍ക്കാര്‍ കൊണ്ടുവരുന്നത്. പുതിയ NPR, 2010-ലെ പഴയ NPR - നേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. CAA - യില്‍ നിന്ന് മതവിവേചനമുള്ള നിബന്ധനകള്‍ നീക്കം ചെയ്യണമെന്ന് യോഗം ആവശ്യപ്പെടുന്നു.
ഒന്നുകില്‍ NPR പിന്‍വലിക്കുക, അല്ലെങ്കില്‍ അതില്‍നിന്ന് വിഭാഗീയത സൃഷ്ടിക്കുന്ന ചട്ടങ്ങള്‍ നീക്കം ചെയ്യുക. പുതിയ പൗരത്വ നിയമം നമ്മുടെ അയല്‍ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധത്തെ, പ്രത്യേകിച്ച് ബംഗ്ലാദേശുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും യോഗം ആശങ്കപ്പെടുന്നു.

രാജ്യത്തെ സര്‍വകലാശാലകളില്‍ നടന്ന അക്രമങ്ങള്‍:
പൗരത്വ ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന ജാമിഅ മില്ലിയ്യയിലെയും അലീഗഢിലെയും മറ്റും വിദ്യാര്‍ഥി യുവജനങ്ങള്‍ക്ക് യോഗം എല്ലാവിധ ധാര്‍മിക പിന്തുണയും നല്‍കുന്നു. ജാമിഅ മില്ലിയ്യ, അലീഗഢ്, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴസിറ്റി, ഹൈദറാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് അക്രമങ്ങളെയും യോഗം ശക്തമായി അപലപിക്കുന്നു. ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് നേരെ മുഖംമൂടിയണിഞ്ഞ ഗുണ്ടകളുടെ അക്രമം നിന്ദ്യവും അപലപനീയവുമാണ്. വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെടുമ്പോള്‍ പോലീസും ജെ.എന്‍.യു സെക്യൂരിറ്റിയും നിശ്ശബ്ദരായി നോക്കി നില്‍ക്കുക മാത്രമല്ല, അക്രമികളെ സഹായിക്കുക കൂടി ചെയ്തു. ജെ.എന്‍.യു കാമ്പസില്‍ നടന്ന അക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെടുന്നു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രക്ഷോഭകര്‍ക്കെതിരായ അക്രമങ്ങള്‍:
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സമാധാനപരമായി പ്രക്ഷോഭങ്ങള്‍ നടത്തുന്നവര്‍ക്ക് നേരെ പോലീസ് നടത്തിയ ആക്രമണങ്ങളെയും യോഗം അപലപിക്കുന്നു. അസമില്‍ നിന്ന് യു.പിയിലേക്കും കര്‍ണാടകയിലേക്കുമെത്തുമ്പോള്‍, മുപ്പതോ അതിലധികമോ പേര്‍ക്ക് പോലീസ് വെടിവെപ്പില്‍ പരിക്കേറ്റു. കൂടാതെ, നൂറുകണക്കിന് സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ പൊതുസ്വത്തുക്കള്‍ നശിപ്പിച്ചതിന്റെ പേരില്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംകളുടെ കടകള്‍ കണ്ടുകെട്ടുന്നത് അംഗീകരിക്കാനാവില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇത്തരം അതിക്രമങ്ങളെ യോഗം ശക്തമായി അപലപിക്കുകയും, പോലീസ് അതിക്രമങ്ങള്‍ക്കും അമിതാധികാര പ്രയോഗങ്ങള്‍ക്കുമെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്യുന്നു. പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും, പരിക്കേറ്റവര്‍ക്കും തക്കതായ നഷ്ടപരിഹാരം നല്‍കാനും ബി.ജെ.പി സംസ്ഥാന സര്‍ക്കാറുകള്‍ തയാറാവണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (70-71)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇരുള്‍ വന്നണയും മുമ്പേ
കെ.സി ജലീല്‍ പുളിക്കല്‍