Prabodhanm Weekly

Pages

Search

2020 ജനുവരി 24

3136

1441 ജമാദുല്‍ അവ്വല്‍ 29

മുറാദ് ഹോഫ്മന്‍ (1931-2020) വിശ്വാസത്തിന്റെ പച്ചപ്പിലെന്നും

വി.എം ഇബ്‌റാഹീം

'അര്‍ഥവത്തായത് ഉള്‍ക്കൊള്ളാനാകും, പക്ഷേ, അത് പറഞ്ഞറിയിക്കാനാകുമെന്ന് കരുതേണ്ട'- പ്രസിദ്ധ ജര്‍മന്‍ എഴുത്തുകാരന്‍ ഹെര്‍മന്‍ ഹെസ്സെയുടെ ദാസ് ഗ്ലാസ്‌പെലസ്പില്‍ എന്ന നോവലിലെ കഥാപാത്രം പറയുന്നതാണിത്. മനസ്സിലുണ്ട്, ചൊല്ലാന്‍ വയ്യ എന്നു പഴമൊഴി. 1980 സെപ്റ്റംബര്‍ 25-ന് ഇസ്‌ലാമിലേക്ക് ജീവിതത്തെ തിരിച്ചുനടത്തുമ്പോള്‍ ആ തീര്‍ഥയാത്ര വാക്കുകള്‍ക്കും വിവരണങ്ങള്‍ക്കും അതീതമായ ഒരു പ്രക്രിയയായിരുന്നു എന്നു തിരിച്ചറിഞ്ഞത് മുറാദ് ഹോഫ്മന്‍ 'ജേണി ടു മക്ക' എന്ന കൃതിയില്‍ വിവരിക്കുന്നുണ്ട്. വിശ്വാസികളെ ശല്യം ചെയ്തുകൊണ്ടിരുന്ന രണ്ടാം ഖലീഫ ഉമറിന്റെ ഇസ്‌ലാമാശ്ലേഷം ഉദാഹരിക്കുന്ന അദ്ദേഹം അബൂഹാമിദുല്‍ ഗസ്സാലി, ഒരിക്കലും വിശദീകരിക്കാനാവാത്ത നിരവധി കാരണങ്ങളിലൂടെ, ആനുഷംഗികമായ അനുഭവങ്ങളിലൂടെ വിശ്വാസം ദൈവത്തിന്റെ ഒളിയായി തന്നിലേക്ക് കടന്നുകയറുകയായിരുന്നു എന്ന് അനുസ്മരിച്ചത് ഓര്‍ത്തെടുക്കുന്നുണ്ട്. ദ്രാവകങ്ങള്‍ അന്യോന്യം ലയിച്ചുചേരുന്നതു പോലെ ഇസ്‌ലാമില്‍ താന്‍ അലിയുന്നതായി പ്രഖ്യാപിച്ച വിഖ്യാത എഴുത്തുകാരന്‍ മുഹമ്മദ് അസദായിരുന്നു ഹോഫ്മന്റെ എക്കാലത്തെയും ആദരവുറ്റ ഗുരു. ആ 'ഗുരുത്വം' അതേപടി പകര്‍ന്നുകിട്ടിയതുപോലെയായിരുന്നു മുറാദ് ഹോഫ്മന്റെ ജീവിതം-കഴിഞ്ഞ ജനുവരി 13-ന് 89-ാം വയസ്സില്‍ ജര്‍മനിയിലെ ബോണില്‍ അന്ത്യശ്വാസം വലിക്കുന്നതുവരെ. 
വിശ്വാസിയുടെ ജീവിതത്തെ പുറത്തുനിന്നും അകത്തുനിന്നും അദ്ദേഹം നന്നായി അനുഭവിച്ചറിഞ്ഞു. അള്‍ജീരിയയിലെയും മൊറോക്കോയിലെയും ജര്‍മന്‍ അംബാസഡറും പിന്നീട് നാറ്റോയുടെ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറുമായി ദീര്‍ഘകാലം ആഫ്രിക്കയിലും പശ്ചിമേഷ്യയിലും പ്രവര്‍ത്തിച്ച അദ്ദേഹം ഇസ്‌ലാമിനെയും മുസ്‌ലിംജീവിതത്തെയും അടുത്തറിഞ്ഞ് ആസ്വദിക്കാനും ഇസ്‌ലാമിന്റെ ജീവസ്സുറ്റ മനോഹരചിത്രം ലോകത്തിനു സമര്‍പ്പിക്കാനുമാണ് ജീവിതം സമര്‍പ്പിച്ചത്. ഹിറ്റ്‌ലറുടെ നാസി വാഴ്ചക്കാലത്ത് ജര്‍മനിയില്‍ കത്തോലിക്കരുടെ സായുധ യുവജന വിഭാഗമായ കോണ്‍ഗ്രിഗേഷ്യോ മറിയാനയില്‍ അംഗമായി ഹിറ്റ്‌ലര്‍ യൂത്ത് അസോസിയേഷനോട് പൊരുതിയായിരുന്നു കുഞ്ഞായ വില്‍ഫ്രഡ് വളര്‍ന്നത്. അങ്ങനെ കത്തോലിക്കരുടെ പതിവുപോലെ ജെസ്യൂട്ട് സൊസൈറ്റി ഓഫ് ജീസസില്‍ അംഗമാകുമെന്നും അടുത്തവരെല്ലാം കരുതിയപ്പോള്‍ വില്‍ഫ്രഡിന്റെ വിമതചോദ്യമുയര്‍ന്നു, സ്വിസ് ചരിത്രകാരനായ കാള്‍ ജേക്കബ് ബര്‍ക്കാര്‍ട്ടിന്റെ ആ പഴയ ചോദ്യം: ഒരു ദൈവശാസ്ത്ര പണ്ഡിതന് ക്രിസ്ത്യാനിയാവാന്‍ കഴിയുമോ? ക്രിസ്തുവിന്റെ ദൂതന്മാരില്‍ വാലറ്റത്തിനുമൊടുവിലുള്ള സെന്റ് പോളിന്റെ വ്യാഖ്യാനത്തിലെ ക്രൈസ്തവ ദര്‍ശനത്തേക്കാള്‍, 'ഭാരം പേറുന്ന ആരും മറ്റൊരാളുടെ ഭാരം വഹിക്കില്ല' എന്ന ഖുര്‍ആനിലെ 53-ാം അധ്യായം 38-ാം വാക്യമാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്. ആദിപാപത്തെയും ദൈവത്തിനും മനുഷ്യനുമിടയിലെ മാധ്യസ്ഥ്യത്തിനുള്ള സാധ്യതയെയും അതു നിരാകരിക്കുന്നതിനാല്‍ സകല വിധ അടിമത്തങ്ങളില്‍നിന്നും മുക്തനായിരിക്കും വിശ്വാസിയായ മുസ്‌ലിം എന്ന് ആ യൗവനം കണ്ടെത്തി. ഇസ്‌ലാമിനെ അതിന്റെ കണ്ണിലൂടെയാണ് താന്‍ കണ്ടതെന്ന് ഹോഫ്മന്‍. ആ കാഴ്ചയുടെ ആനന്ദം പങ്കുവെക്കുന്ന ഒരു പ്രബോധകജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അള്‍ജീരിയ ഫ്രഞ്ച് ദേശീയ ഭീകരരുടെ പിടിയിലകപ്പെട്ട് രക്തച്ചൊരിച്ചിലിലൂടെ കടന്നുപോകുന്ന കാലം. അന്നൊരു പാതിരാവില്‍ രക്തസ്രാവം മൂലം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ഭാര്യക്ക് കിട്ടാന്‍ പ്രയാസമായ നെഗറ്റീവ് ഗ്രൂപ്പ് രക്തമാണെന്ന് തിരിച്ചറിഞ്ഞ് തളര്‍ന്ന നിമിഷം. കിസ്മത്ത് (സൗഭാഗ്യം) പോലെ വീണുകിട്ടിയ ടാക്‌സിയിലെ മുസ്‌ലിം ഡ്രൈവര്‍ അമുസ്‌ലിം വിദേശിക്ക് രക്തം നല്‍കാന്‍ ഒരു ചോദ്യവുമില്ലാതെ സന്നദ്ധനായി. അതാണ് അവന്റെ വേദവും അതിന്റെ അധ്യാപനങ്ങളും പഠിക്കാന്‍ തനിക്ക് പ്രചോദനമേകിയതെന്ന് 'ജേണി ടു മക്ക'യില്‍ അദ്ദേഹം അനുസ്മരിക്കുന്നുണ്ട്.
പിന്നീട് വിശ്വാസിയായ ശേഷം യൂറോപ്പിലെ ഏറ്റവുമധികം കുടിയേറ്റക്കാരുള്ള, ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള തുര്‍ക്കി നഗരം ഇസ്തംബൂള്‍ താമസത്തിന് തെരഞ്ഞെടുത്തതെന്തെന്നതിന് പറഞ്ഞ ന്യായവും മുസ്‌ലിം ജീവിതത്തിന്റെ സൗന്ദര്യമായിരുന്നു. അതിന്റെ ഒരു നൂറ് വിശേഷങ്ങള്‍ മനോഹരമായി അയവിറക്കുന്ന കൃതിയാണ് 'ജേണി ടു മക്ക'.
1999-ല്‍ ഞാന്‍ ഈ കൃതി ഖണ്ഡശ്ശയായി പ്രബോധനം വാരികയില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കെയായിരുന്നു എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനം രണ്ടായിരം ഫെബ്രുവരി 11,12,13 തീയതികളില്‍ കായംകുളത്ത് നടത്താനുള്ള തീരുമാനമുണ്ടാകുന്നത്. സമ്മേളനത്തിന് അതിഥിയാരെന്ന ചര്‍ച്ചയില്‍ ഹോഫ്മനെ ക്ഷണിച്ചാലോ എന്നായി. തുടര്‍ന്ന് വിലാസം അന്വേഷിച്ചു. ടെലിഫോണും ഫാക്‌സുമാണ് അന്നത്തെ മുഖ്യ വിവരവിനിമയോപാധികള്‍. ആ രണ്ടു നമ്പറും കിട്ടാന്‍ വഴി തെളിഞ്ഞില്ല. ആകെ ലഭിച്ചത് ഇസ്തംബൂളിലെ അമാന പബ്ലിക്കേഷന്‍സിന്റെ മേല്‍വിലാസം. തുര്‍ക്കി നഗരമായ ടെസ്‌കികിയിലാണ് അമാന. ആ നാടു സംബന്ധിച്ച ഒരു കഥയും ഹോഫ്മന്‍ പറഞ്ഞിട്ടുണ്ട്. അവിടത്തെ പലചരക്കു കടക്കാരനോട് ഒരിക്കല്‍ ബസുമതി അരി ചോദിച്ചു ചെന്നപ്പോള്‍ സ്റ്റോക്ക് കഴിഞ്ഞിരുന്നു. പിന്നീട് ശിശിരാവധിക്കായി ഹോഫ്മന്‍ ജര്‍മനിയിലേക്ക് പോയി. അങ്ങനെ ഫ്രാങ്ക്ഫര്‍ട്ടിലായിരിക്കെ മാസങ്ങള്‍ കഴിഞ്ഞ് കടക്കാരന്റെ കാള്‍, ബസുമതി അരി പുതിയ സ്റ്റോക്ക് വന്നു, താങ്കള്‍ക്കുള്ളത് എടുത്തുവെച്ചിട്ടുണ്ടെന്ന്. ഈയൊരു സ്‌നേഹം ഇസ്‌ലാമിന്റെ സ്വഭാവ സവിശേഷതയോട് ചേര്‍ത്തുവെക്കുകയായിരുന്നു അദ്ദേഹം.
ടെസ്‌കികിയിലെ ആ നല്ല മനുഷ്യരെ മനസ്സില്‍ വിചാരിച്ച് രണ്ടും കല്‍പിച്ചാണ് 1998 ഒക്‌ടോബര്‍ രണ്ടാം വാരം ഫാക്‌സ് സന്ദേശം അയച്ചത്. മുഹമ്മദ് അസദും റജ ഗരോഡിയും താങ്കളുമൊക്കെ മലയാളിക്ക് ചിരപരിചിതരാണെന്നും 'ജേണി ടു മക്ക' പ്രബോധനം വാരികയില്‍ 'തീര്‍ഥാടകന്റെ കനവുകള്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചുവരികയാണെന്നുമൊക്കെ വിശദീകരിച്ചുകൊണ്ടായിരുന്നു ക്ഷണക്കത്ത്. മറുപടിയെക്കുറിച്ച് ഒരു പ്രതീക്ഷയും പുലര്‍ത്തിയില്ല. എന്നാല്‍ അതാ വരുന്നു, നാലാം നാള്‍ മറുപടി ഫാക്‌സില്‍. കത്തയച്ച തുര്‍ക്കിയില്‍നിന്നല്ല, ആ സന്ദേശം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് അയച്ച് അവിടെ നിന്ന് മുറാദ് ഹോഫ്മന്റെ മറുപടി: ഡിപ്ലോമാറ്റ് പാസ്‌പോര്‍ട്ടുള്ളതിനാല്‍ വിസയുടെ കാര്യം ആലോചിക്കേണ്ട. ലോകത്തെ മികച്ച വിമാന സര്‍വീസായ 'ലുഫ്താന്‍സ എയറി'ന്റെ ടിക്കറ്റ് എടുത്തുതരാന്‍ റെഡിയെങ്കില്‍ ക്ഷണം സ്വീകരിക്കുന്നു. ഞങ്ങളുടെ സന്തോഷത്തിനതിരുണ്ടായിരുന്നില്ല. പിന്നീട് ഫാക്‌സും മറുപടി ഫാക്‌സുകളുമായി.
ജര്‍മന്‍കാരന്റെ, അതും ഒരു സ്ഥാനപതിയുടെ, കൃത്യതയുടെയും കണിശതയുടെയും മുന്നില്‍ പലപ്പോഴും തോറ്റുപോയി. ഹോട്ടലിന്റെ പേര്, ഫോണ്‍ നമ്പര്‍, ദ്വിഭാഷിയുടെ പേര്, ഫോണ്‍ നമ്പര്‍ ഇങ്ങനെ അന്നോളം അപരിചിതമായ അന്വേഷണങ്ങള്‍. അതിന്റെ പൊരുള്‍ പിന്നീട് ആള്‍ ഇവിടെയെത്തിയ ശേഷമാണ് വ്യക്തമായത്. ആരെയും അലോസരപ്പെടുത്താതെ കൊച്ചിയില്‍ വിമാനമിറങ്ങി ഹോട്ടല്‍ സൗകര്യങ്ങള്‍ ആശ്രയിച്ച് സമ്മേളനത്തിനെത്തുകയായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സന്ദര്‍ശക ലോഞ്ചിലേക്ക് പതുക്കെ കയറിവരുമ്പോള്‍ അടുത്തുചെന്നു പരിചയപ്പെടുത്തി. ഞങ്ങള്‍ അര ഡസന്‍ പേര്‍ സ്വീകരിക്കാന്‍ നില്‍ക്കുന്നതു കണ്ടപ്പോള്‍ അദ്ദേഹത്തിനു കൗതുകം. കണ്ടപാടേ സലാം പറഞ്ഞ് ആദ്യം തന്നെ ഒരപേക്ഷ:  'എനിക്ക് ഭക്ഷണത്തിന് എരിവ് തീരെ വേണ്ട.' പൗരസ്ത്യര്‍ കടുത്ത എരിവും പുളിയും ഉപയോഗിക്കുന്നവരാണെന്ന് വായിച്ചറിവുണ്ടെന്നു വിശദീകരണം. വിഭജനത്തിനു ശേഷം മുസ്‌ലിംകള്‍ ഇത്ര സജീവമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് തനിക്ക് പുതിയ അറിവായിരുന്നുവെന്നും അതറിയാനുള്ള താല്‍പര്യമായിരുന്നു ക്ഷണം സ്വീകരിക്കാന്‍ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. മുപ്പത്തിമുക്കോടി ദൈവങ്ങളെ ആരാധിക്കുന്നവരാണ് ഇന്ത്യക്കാര്‍ എന്നു വായിച്ചറിഞ്ഞത് മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ ബോധ്യപ്പെട്ടു എന്ന് അദ്ദേഹം തമാശയായി പറഞ്ഞു.  
അന്ന് കൊച്ചിയില്‍ പൗരപ്രമുഖരുമായുള്ള ആശയവിനിമയത്തില്‍ അദ്ദേഹം സംസാരിച്ചു തുടങ്ങിയതുതന്നെ ഇന്ത്യന്‍ ആതിഥ്യം തന്നെ തോല്‍പിച്ചുകളഞ്ഞെന്നു പറഞ്ഞായിരുന്നു. ഇടതടവില്ലാതെ പോയ ഫാക്‌സുകളുടെ പ്രവാഹവും എയര്‍പോര്‍ട്ടില്‍ എല്ലാവരും ഒന്നിച്ചു സ്വീകരിക്കാന്‍ ചെന്നതുമൊക്കെ നന്ദിപൂര്‍വം എടുത്തുപറഞ്ഞ അദ്ദേഹം അതും ഇസ്‌ലാമിന്റെ മഹിതമായ ജീവിതാനുഭവങ്ങളിലേക്ക് ചേര്‍ത്തുവെക്കുകയായിരുന്നു. പടിഞ്ഞാറന്‍ ഇസ്‌ലാമിക ജീവിതരീതിയെക്കുറിച്ച്, മുസ്‌ലിം പ്രവര്‍ത്തനത്തെക്കുറിച്ച് അവിടെ എല്ലാം വിശദമായി സംസാരിച്ചു. ഇന്ത്യന്‍ ജീവിതത്തെ കൂടുതല്‍ അടുത്തറിയാന്‍ വിവിധ തരം അന്വേഷണങ്ങളായി. പ്രാതലിനിരുന്നപ്പോള്‍ യൂറോപ്യന്‍ അതിഥിയെ കരുതി എല്ലാവരും 'കത്തിയും മുള്ളു'മെടുത്തപ്പോള്‍ ഹോഫ്മന്‍ രണ്ടും അരികിലേക്കു മാറ്റിവെച്ച് കൈകൊണ്ട് ഭക്ഷണം കഴിച്ചു തുടങ്ങി. മുസ്‌ലിംകള്‍ മൂന്നു വിരലില്‍ വൃത്തിയോടെയേ കഴിക്കൂ എന്ന തീന്മേശയിലെ മര്യാദ സംബന്ധിച്ച അദ്ദേഹത്തിന്റെ നിരീക്ഷണം അപ്പോള്‍ ഓര്‍ത്തുപോയി.
കായംകുളം 'ദാറുസ്സലാമി'ല്‍ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടന, സമാപന സെഷനുകളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ അദ്ദേഹം സംസാരിച്ചു. ഉദ്ഘാടന സെഷനില്‍ സ്വന്തം കൃതിയുടെ മലയാള പരിഭാഷയുടെ പ്രകാശനവും നിര്‍വഹിച്ചു. കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിവിധ സംരംഭങ്ങളെക്കുറിച്ച് അടുത്തറിയു
േമ്പാള്‍ എന്തെന്നില്ലാത്ത ആവേശമായിരുന്നു അദ്ദേഹത്തിന്. ആഗോളപ്രശസ്തരായ ഇസ്‌ലാമിക പണ്ഡിതരുടെ കൃതികള്‍ക്ക് മലയാളത്തിലുള്ള പരിഭാഷകള്‍ കണ്ട് അദ്ദേഹം അഭിനന്ദിച്ചു. ശേഷം പതുക്കെ ചോദിച്ചു: 'ഈ കൃതികളുടെയൊക്കെ പകര്‍പ്പവകാശം എങ്ങനെ സംഘടിപ്പിച്ചു?' പുസ്തകങ്ങളുടെ കെട്ടും മട്ടും അദ്ദേഹത്തെ തൃപ്തിപ്പെടുത്തിയില്ല. അതു മെച്ചപ്പെടുത്താന്‍ നിര്‍ദേശിച്ചു.  സജ്ജീകരണങ്ങളുടെയും സംവിധാനങ്ങളുടെയും മികവും പ്രബോധനപ്രവര്‍ത്തനത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണെന്ന് പിന്നീട് പ്രഭാഷണത്തില്‍ അദ്ദേഹം പറയുകയും ചെയ്തു. ഇങ്ങനെ അധികമാരും ശ്രദ്ധിക്കാത്ത സൂക്ഷ്മതലങ്ങളിലേക്ക് ഇറങ്ങിച്ചെന്നായിരുന്നു അന്ന് ഇസ്‌ലാമിക പ്രബോധനത്തിന്റെ സാധ്യതകളെ സംബന്ധിച്ചു നടത്തിയ ഏറെ പുതുമ നിറഞ്ഞതും പ്രസക്തവുമായ പ്രഭാഷണം.
ശക്തമായ മഴയില്‍ മുങ്ങിയുണര്‍ന്ന ശേഷമായിരുന്നു എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനം തുടങ്ങുന്നത്. പിറ്റേന്നാള്‍ സമാപനസമ്മേളനത്തില്‍ ഹോഫ്മന്റെ പ്രസംഗം തീരും മുമ്പ് വീണ്ടും മഴ പെയ്തു. ഈ പ്രയാസങ്ങളൊന്നും തെല്ലും അലോസരപ്പെടുത്താതെ, തന്റെ അനുഭവച്ചെപ്പിലേക്കുള്ള പുതിയ പാഠങ്ങളായി എഴുതിച്ചേര്‍ക്കാനുള്ള തയാറെടുപ്പുകളുമായാണ് അദ്ദേഹം കേരളം വിട്ടത്. പിന്നീട് ദല്‍ഹി ജമാഅത്തെ ഇസ്‌ലാമി ആസ്ഥാനത്തെ പരിപാടിയില്‍ കൂടി പെങ്കടുത്ത് മടങ്ങിയ അദ്ദേഹത്തിന് എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് വൈകിയതു കാരണം ദുബൈയില്‍നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള എമിറേറ്റ്‌സിന്റെ കണക്ഷന്‍ ഫ്‌ളൈറ്റ് കിട്ടിയില്ല. അതിനാല്‍ ഏറെ സമയനഷ്ടവും പ്രയാസവും സഹിച്ചായിരുന്നു ആ മടക്കയാത്ര എന്നത് വിഷമകരമായി. സ്വദേശത്തെത്തുമ്പോള്‍ രോഗിയായിരുന്ന ബന്ധുവിന്റെ മരണവും കഴിഞ്ഞിരുന്നു. വിശേഷം തിരക്കാന്‍ പിന്നീട് വിളിക്കുമ്പോഴാണ് ഈ വിഷമയാത്രയെക്കുറിച്ച് അറിയുന്നത്. അന്ന് യാത്രയിലെ കൃത്യനിഷ്ഠയൊന്നു കൊണ്ടു മാത്രമാണ് ലുഫ്താന്‍സ എയറിന് താന്‍ ശഠിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ വിഷമങ്ങളെല്ലാം മാറ്റിവെച്ച് സമ്മേളനത്തിന്റെ മധുരസ്മരണകള്‍ അയവിറക്കാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. വിശ്വാസികളുടെ ജീവിതത്തിന്റെ ഓരോ ഇഞ്ചും പിന്തുടര്‍ന്ന് അതിനെ ഇസ്‌ലാമിന്റെ മനോഹരമായ വാങ്മയചിത്രങ്ങളാക്കി മാറ്റി സന്ദേശപ്രചാരണോപാധിയാക്കിയ സാത്വികനായ പ്രബോധകനായിരുന്നു മുറാദ് ഹോഫ്മന്‍. ഗവേഷണത്തിന്റെ ആഴത്തിലും പരപ്പിലും മാത്രമല്ല, അതിന്റെ ഹൃദയഹാരിയായ ആവിഷ്‌കാരത്തിലും അദ്ദേഹം ഗുരുസ്ഥാനീയനായ മുഹമ്മദ് അസദിനൊപ്പം നിന്നു; വിശ്വാസത്തിന്റെ പച്ചപ്പില്‍ ഇസ്‌ലാമില്‍ അലിഞ്ഞുചേര്‍ന്ന്...

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (70-71)
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇരുള്‍ വന്നണയും മുമ്പേ
കെ.സി ജലീല്‍ പുളിക്കല്‍