Prabodhanm Weekly

Pages

Search

2020 ജനുവരി 17

3135

1441 ജമാദുല്‍ അവ്വല്‍ 21

സുധീരകളായ സോദരിമാര്‍

വി.കെ ജലീല്‍

ആ സുധീരകളായ ആറു മഹിളകളില്‍ ഒരു മഹതി, സേനാനായകനായ ഉത്ബത്തുബ്‌നു ഗസ്‌വാന്റെ(റ) സഹധര്‍മിണിയായിരുന്നു. മറ്റു അഞ്ചു പേര്‍ ആരായിരുന്നു? കാലത്തെ വിസ്മയിപ്പിച്ച ആ ദ്വിഗ്വിജയത്തിന്റെ യഥാര്‍ഥ ശില്‍പികളായ മറ്റു പെണ്ണുങ്ങള്‍, അപ്പോള്‍ സൈന്യത്തില്‍ ഉണ്ടായിരുന്ന ചിലരുടെ  നേര്‍ സഹോദരികളും പത്‌നിമാരും തന്നെ ആയിരുന്നുവത്രെ. അവരുടെ പേരുകള്‍ എന്തൊക്കെയായിരുന്നു? ചിലര്‍ പറയുന്നു, അവര്‍ ആകെ അഞ്ച് പേരേ ഉണ്ടായിരുന്നുള്ളൂ എന്ന്. ചരിത്രം അങ്ങനെയാണ്. അത് ഒരേസമയം ഒരുപാട് ജിജ്ഞാസകളെ ഉണര്‍ത്തും. അവയെ എല്ലാം ശമിപ്പിക്കാനാവശ്യമായത്രയും വിവരങ്ങള്‍ ഒരിടത്തായി തരികയുമില്ല. അപൂര്‍വം ചിലപ്പോഴാവട്ടെ, എവിടെ പരതിയാലും ഒന്നും ഒട്ടും കണ്ടുകിട്ടുകയുമില്ല.
അതിശയകരമായ  ആസൂത്രണത്തിന്റെയും ഗംഭീരമായ നിര്‍വഹണചാതുരിയുടെയും ആ അനശ്വര കഥയുടെ സംക്ഷേപിതരൂപം ഇങ്ങനെ വായിക്കാം:
ആദ്യം സേനാനായകനാരെന്നു കാണുക. റസൂല്‍ പ്രവാചകനായി ജീവിച്ച ഇരുപത്തിമൂന്നു വര്‍ഷവും, തൊട്ട ഏഴു വര്‍ഷവും ചേര്‍ന്ന ഇസ്‌ലാമിന്റെ ആദ്യത്തെ മൂന്ന് ദശകങ്ങളില്‍, വിപ്ലവനാളമായി ജ്വലിച്ചുനിന്ന ഉത്ബത്തുബ്‌നു ഗസ്‌വാനെക്കുറിച്ച  പ്രതിപാദനങ്ങള്‍ ഇസ്‌ലാം ചരിത്രകൃതികളില്‍ ഒരുപാടുണ്ട്. അവയില്‍ പലതും വായനക്കാരന്റെ അകം തൊടുന്ന  ആത്മകഥാകഥന രൂപത്തില്‍ ഉള്ളവയും:
'ഇസ്‌ലാമിക സംഘത്തില്‍  ഏഴാമതായെത്തിച്ചേര്‍ന്ന സത്യാന്വേഷിയാണു ഞാന്‍.' 
'എങ്ങും പരീക്ഷണങ്ങള്‍!' 'വിശപ്പിനു ഭക്ഷണം ലഭിക്കാതെ, നാണം  ഒളിപ്പിക്കാന്‍ ഒത്ത വസ്ത്രമില്ലാതെ, മനം നുറുങ്ങിയ നിരവധി സന്ദര്‍ഭങ്ങള്‍!'
'പച്ചിലകളും പരുക്കന്‍ വസ്തുക്കളും ചവയ്ക്കുക മൂലം, വായിലുണ്ടാകുന്ന മുറിവുകള്‍ നീറ്റല്‍ സൃഷ്ടിച്ച നാളുകള്‍.'
 'ഉടുതുണി തേടി നടന്ന ഒരു ദിവസം. ആരോ ഉപേക്ഷിച്ചുപോയ ഒരു പുതപ്പ് കണ്ടുകിട്ടി. സഅ്ദു ബ്‌നു അബീവഖാസ്വിനും നഗ്നത മറയ്ക്കാന്‍ വസ്ത്രം വേണമായിരുന്നു. പുതപ്പ് നേര്‍പകുതിയാക്കി, ഒരു കീറ് അദ്ദേഹത്തിന്  കൊടുത്തു.....'
'അന്ന് ഞങ്ങളുടെ കൂടെയുള്ള ആളുകളില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരെല്ലാം, നമ്മുടെ അധീനതയിലുള്ള  ഏതെങ്കിലും പ്രദേശത്തെ 'ഭരണകര്‍ത്താക്കള്‍'  ആയിരിക്കുന്നു...! 
ഈ അര്‍ഥത്തില്‍ അദ്ദേഹം എപ്പോഴും  തന്റെ കൂടെയുള്ളവരെ ഉപദേശിക്കും. അധികാരത്തില്‍ നിന്നും ഭൗതികസുഖങ്ങളില്‍നിന്നും ഓടിയകലും.
മുഹമ്മദീയ  പ്രവാചകത്വത്തിന്റെ നാള്‍വഴികള്‍ അറിയുന്ന ആരെയും ഉത്ബയെ പോലുള്ളവരുടെ  ജീവിതാനുഭവങ്ങള്‍ പറഞ്ഞു പരിചയപ്പെടുത്തേണ്ടതില്ല. മേലാളരുടെ മര്‍ദനങ്ങള്‍. കാലം അതുവരെ കണ്ടിട്ടില്ലാത്ത കഷ്ടതകള്‍.  അബ്‌സീനിയയിലേക്കുളള രണ്ടെണ്ണമടക്കം, പലര്‍ക്കും മൂന്നു ദുര്‍ഘടങ്ങള്‍ നിറഞ്ഞ പലായനങ്ങള്‍. പ്രയാസമേറിയ പ്രബോധന പ്രവര്‍ത്തനങ്ങള്‍. ബദ്‌റില്‍ തുടങ്ങിയ പോരാട്ടങ്ങള്‍.
ഉത്ബത്തുബ്‌നു ഗസ്‌വാനെ ഖലീഫാ ഉമര്‍ അടിയന്തരമായി കൂടിക്കാഴ്ചക്ക് വിളിച്ചു. അദ്ദേഹം പറഞ്ഞു: ''അടുത്തിടെയായി, യൂഫ്രട്ടീസിന്റെ തീരങ്ങളില്‍, നമ്മുടെ മുന്നില്‍ തോറ്റ പേര്‍ഷ്യന്‍ സൈന്യം ഒരു പുനരാക്രമണത്തിനു കോപ്പു കൂട്ടുന്നുണ്ട്. 'ഉബുല്ല'യാണ് അവരുടെ ശക്തികേന്ദ്രം. അവിടെ അവര്‍ ആയുധങ്ങള്‍ ശേഖരിച്ചിരിക്കുന്നു. നിരീക്ഷണനിലയങ്ങളും സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ ഉബുല്ല വേഗത്തില്‍ കീഴടക്കണം. പക്ഷേ,  മദീനയില്‍ ഇപ്പോള്‍ താങ്കളടക്കം  സൈനിക സേവനത്തിന് കൊള്ളാവുന്ന മുന്നൂറ്റി നാല്‍പതു പേരേ ഉള്ളൂ. മറ്റുള്ളവരെല്ലാം പല പോരിടങ്ങളിലായി വിന്യസിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ പുറപ്പെടണം. ലഭ്യമാകുന്ന മുറക്ക് പോഷകസൈന്യത്തെ  അയക്കാം.''
ഖലീഫയുടെ നിര്‍ദേശം ശിരസ്സാവഹിച്ച് അവര്‍ പോയി. വന്‍ ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്ന പേര്‍ഷ്യക്കാരെ നേരിടാന്‍, ബുദ്ധിതന്ത്രങ്ങള്‍ അല്ലാതെ മറ്റൊന്നും അവരുടെ പക്കല്‍ ഉണ്ടായിരുന്നില്ല; അവര്‍ ചുമന്ന കരവാളുകളും കൂരമ്പുകളും അല്ലാതെ.
 കൂടെയുണ്ടായിരുന്ന സഹോദരിമാര്‍ക്കായിരുന്നു ഏറ്റവും വലിയ ചുമതല. ഉബുല്ല ദൂരക്കാഴ്ചയായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ സേനാനായകന്‍ അവരോട് പറഞ്ഞു: 'നിങ്ങള്‍ സഹോദരികള്‍, ഇവിടെ ഇറങ്ങണം. ഞങ്ങള്‍  ലക്ഷ്യസ്ഥാനത്തെത്തി എന്നു കണ്ടാല്‍, നിങ്ങള്‍ക്ക് കഴിയാവുന്നത്ര പൊടിപടലങ്ങള്‍ ഇവിടെ വാനില്‍ ഉയര്‍ത്തണം. കുന്തത്തില്‍ കെട്ടി നിങ്ങള്‍ക്കു തന്നിട്ടുള്ള പതാകകള്‍ ഉയര്‍ത്തിപ്പിടിച്ചു വീശണം. ഞങ്ങള്‍ക്കു പിന്നിലായി ഒരു സൈന്യത്തിന്റെ  ആഗമനാന്തരീക്ഷമാണ് നിങ്ങള്‍ സൃഷ്ടിക്കേണ്ടത്.'
ഇസ്‌ലാമിക സൈന്യം  ലക്ഷ്യസ്ഥാനത്തെത്തി. അപ്പോഴേക്കും അവര്‍ അറുനൂറില്‍പരം പേരായിരുന്നു എന്ന് കാണുന്നുണ്ട്. എല്ലാവരും ഒന്നിച്ചു ഉറക്കെ തക്ബീര്‍ ധ്വനികള്‍ മുഴക്കി. ഓര്‍ക്കാപ്പുറത്തുണ്ടായ ഈ 'തൗഹീദ്‌ഘോഷ'ത്തില്‍ ഉബുല്ല ഞെട്ടിവിറച്ചു. പേര്‍ഷ്യന്‍ സൈനിക നിരീക്ഷകര്‍ കാഴ്ചകള്‍ വിലയിരുത്തി. മുസ്‌ലിം സൈന്യത്തിന്റെ മുന്‍നിര ഇങ്ങെത്തിക്കഴിഞ്ഞിരിക്കുന്നു. അതാ ദൂരെ ഒരു വന്‍ സൈന്യത്തിന്റെ പൊടി പാറ്റിയുള്ള വരവ് കാണാം. ഇത്രയും പേരെ നേരിടാന്‍ നിലവിലുള്ള സന്നാഹങ്ങളൊന്നും പോരാ - അവര്‍ നിരൂപിച്ചു. കൈയില്‍ കിട്ടിയതുമെടുത്ത്, ടൈഗ്രീസ് നദിയില്‍ നങ്കൂരമിട്ടു നിന്നിരുന്ന യാനങ്ങളില്‍ അവര്‍ രക്ഷപ്പെട്ടു. ഒരു തുള്ളി ചോരപോലും ചിന്താതെ ദൗത്യം ഭംഗിയായി പൂര്‍ത്തിയായി.
അവര്‍ കുറേ അയല്‍ പ്രദേശങ്ങളും കീഴടക്കി. ഈ വിജയം വഴി മുസ്‌ലിംകള്‍ക്ക് അളവറ്റ ധനം കൈവന്നു. സുഭദ്രമായ സമുദ്ര വ്യാപാരത്തിനു ഒരു വലിയ വാതായനം തുറന്നുകിട്ടി. അന്ന് അവിടെ, ആ സേനാനായകന്റെ വിദഗ്ധമായ രൂപകല്‍പനയില്‍, ഖലീഫാ ഉമറിന്റെ അനുമതിയോടെ നിര്‍മിച്ച പട്ടണമാണ് ഇന്നും സജീവമായി നിലനില്‍ക്കുന്ന ഇറാഖിലെ ബസ്വറ. 
കഥ തീരുന്നില്ല. എന്നാല്‍, ഇവിടെ വീണ്ടും വീണ്ടും അടിവരയിടുന്നത് ആ പെണ്‍കരുത്തിന്റെ കൗതുകത്തിന്  മാത്രമാണ്. അല്ലെങ്കിലും, ഇസ്‌ലാം എപ്പോഴാണ് പെണ്ണിനെ പടക്കളത്തില്‍നിന്നും പറ്റേ മാറ്റിനിര്‍ത്തിയത്? ഉഹുദില്‍ ആഇശയും, തന്റെ മാതാവ് ഉമ്മു സുലൈമും വഹിച്ച പങ്കിനെ കുറിച്ച് അനസ് പറഞ്ഞതും, ഞാന്‍ റസൂലിന്റെ കൂടെ ഏഴു യുദ്ധങ്ങളില്‍ പങ്കെടുത്തു എന്ന നുസൈബയുടെ സാക്ഷ്യവും  എത്ര തവണ വായിച്ചതാണ്! ഉഹുദില്‍നിന്നു പതിമൂന്നും യമാമയില്‍നിന്ന് പതിനൊന്നും യുദ്ധമുറിവുകള്‍ അവരുടെ ശരീരത്തില്‍ ഏറ്റിരുന്നു! അവസാനമേറ്റ മുറിവുകളുടെ പ്രയാസങ്ങള്‍ ഒരു വര്‍ഷത്തോളം സഹിച്ച ശേഷമാണ് അവര്‍ പരലോകപ്രാപ്തയായത്. പ്രവാചകശിഷ്യയായ ഉമ്മുഹകീം, ശത്രുപക്ഷത്തുള്ള ഏഴ് പാര്‍സി ഭടന്മാരെയല്ലേ, ഒരു പില്‍ക്കാല യുദ്ധത്തില്‍ വകവരുത്തിയത്!
ഖൈബറില്‍ തിരുമേനിയുടെ കൂടെ ഇരുപത് വനിതകള്‍ ഉണ്ടായിരുന്നു. ഇവരില്‍ ഉമൈമ ബിന്‍ത് ഖൈസ് എന്ന പെണ്‍കുട്ടി പ്രായം അറിയിച്ചു പുഷ്പിണിയാകുന്നത് ഖൈബറില്‍ വെച്ചാണ്. ആസ്വിമുബ്‌നു അദിയ്യിന്റെയും അബ്ദുല്ലാഹിബ്‌നു അനീസിന്റെയും ഭാര്യമാര്‍, ഒരാള്‍ ഒരാണ്‍കുഞ്ഞിനും മറ്റേ ത്യാഗിനി ഒരു പെണ്‍കുഞ്ഞിനും ജന്മം നല്‍കുന്നതും ഖൈബറില്‍ വെച്ചു തന്നെ. അവിടന്നു ലഭിച്ച സമരാര്‍ജിത സമ്പത്തുക്കളില്‍ ഈ ശിശുക്കള്‍ക്കും നബിതിരുമേനി ഒരു വിഹിതം നല്‍കുകയുണ്ടായി. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (64-69)
ടി.കെ ഉബൈദ്‌