Prabodhanm Weekly

Pages

Search

2020 ജനുവരി 17

3135

1441 ജമാദുല്‍ അവ്വല്‍ 21

അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ ഒറ്റപ്പെടുന്നു

റഹ്മാന്‍ മധുരക്കുഴി

സര്‍വമത സമഭാവനയെന്ന മഹിത ദര്‍ശനത്തിന്റെ പ്രതീകമായ മതേതരത്വത്തെ പ്രതിനിധാനം ചെയ്യുന്ന മഹത്തായ നമ്മുടെ ഭരണഘടനയെ വെല്ലുവിളിക്കുന്ന മോദി-ഷാ ഭരണകൂട സൃഷ്ടിയായ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ രാജ്യം തിളച്ചുമറിയുമ്പോള്‍, ഈ കിരാത നിയമത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളും ശക്തിയാര്‍ജിച്ചുവരികയാണ്.
ലോകരാഷ്ട്രങ്ങളില്‍ പലയിടത്തും ഇന്ത്യന്‍ വംശജരുടെ കൂട്ടായ്മകളുടെയും പൗരാവകാശ സംഘടനകളുടെയും പിന്തുണയോടെ ശക്തമായ പ്രതിഷേധങ്ങള്‍ തുടരുകയാണ്. വിവിധ കലാശാലകളിലും പ്രതിഷേധം അലയടിക്കുന്നു. ഏഷ്യക്കു പുറമെ, യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ പത്രങ്ങള്‍ വന്‍പ്രാധാന്യത്തോടെയാണ് പ്രക്ഷോഭ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്. ഭരണത്തിലേറിയ ആറ് വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോദി നേരിടുന്ന ഏറ്റവും വലിയ പ്രതിഷേധമാണിതെന്ന് ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ അതിന്റെ മുഖപ്രസംഗത്തില്‍ അഭിപ്രായപ്പെടുന്നു. രാജ്യത്തിന്റെ അടിസ്ഥാനങ്ങളായ ബഹുസ്വരതക്കും മതേതരത്വത്തിനും ഭീഷണിയാണ് പൗരത്വ ഭേദഗതി നിയമമെന്നും 'എല്ലാവര്‍ക്കും അപകടകരം' എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം പറയുന്നു.
അമേരിക്കന്‍ പത്രങ്ങളായ വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് എന്നിവയില്‍ ചിത്രങ്ങള്‍ സഹിതം ഒന്നാം പേജില്‍ പ്രതിഷേധവാര്‍ത്ത കൊടുത്തിരിക്കുന്നു. ഗാര്‍ഡിയനു പുറമെ ബ്രിട്ടീഷ് പത്രങ്ങളായ ഇന്‍ഡിപെന്റന്റ്, ടെലഗ്രാഫ് എന്നിവയും ബ്ലുംബെര്‍ഗ്, ന്യൂയോര്‍ക്കര്‍, അല്‍ ജസീറ, ഗള്‍ഫ് ന്യൂസ്, ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് (സി.ജി.ടി.എന്‍), സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും പ്രക്ഷോഭ വാര്‍ത്തകള്‍ പ്രാധാന്യത്തോടെയാണ് കൊടുത്തുകൊണ്ടിരിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്, ലണ്ടനിലെ ഇന്ത്യന്‍ കമീഷനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ആയിരത്തോളം വിദ്യാര്‍ഥികള്‍ സംബന്ധിക്കുകയുണ്ടായി. സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പിന്റെയും (എസ്.ഒ.എസ്) ഇന്ത്യ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. കേംബ്രിഡ്ജ് വാഴ്‌സിറ്റി വിദ്യാര്‍ഥികളുടെ നേതൃത്വത്തിലും ഓക്‌സ്‌ഫോഡ് വാഴ്‌സിറ്റി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ റാഡ്ക്ലിഫ് ചത്വരത്തിലും പ്രതിഷേധം അരങ്ങേറി. ജര്‍മനിയിലെ ബെര്‍ലിന്‍, ഫിന്‍ലന്റിലെ ഹെല്‍സിങ്കി, സ്വിറ്റ്‌സര്‍ലന്റിലെ സൂറിച്ച് എന്നിവിടങ്ങളിലും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.
ഹാര്‍വാഡ്, കൊളംബിയ, സ്റ്റാന്‍ഫോര്‍ഡ്, മസാച്ചുസെറ്റ്‌സ് തുടങ്ങി അമേരിക്കയിലെ 19 സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും പ്രക്ഷോഭരംഗത്തുള്ള വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. പൗരത്വ നിയമം പാസ്സാക്കിയ നടപടിയെ അപലപിച്ച് അമേരിക്ക, ബ്രിട്ടന്‍, കനഡ, നെതര്‍ലന്റ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ വംശജരായ 700-ഓളം പേര്‍ പ്രസ്താവനയിറക്കി. ആസ്‌ത്രേലിയയിലും ജപ്പാനിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ സുരക്ഷാ സേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതില്‍ ഇന്ത്യയെ ആശങ്കയറിയിച്ച ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ ഇന്ത്യ മാനിക്കണമെന്ന് ആവശ്യപ്പെട്ടു. പൗരത്വ നിയമം സംബന്ധിച്ച മനുഷ്യാവകാശങ്ങള്‍ക്കായുള്ള യു.എന്‍ ഹൈക്കമീഷണര്‍ മിഷേല്‍ ബാചലെയുടെ പ്രസ്താവനയെ പിന്തുണക്കുന്നതായി ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാനി ദുജാറിക് പറഞ്ഞു. നിയമത്തിന്റെ മുമ്പില്‍ എല്ലാവരും തുല്യരാണെന്ന ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യത്തെ ദുര്‍ബലമാക്കുന്നതാണ് പുതിയ ഭേദഗതി നിയമമെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളുടെ ലംഘനമാണെന്നും മിഷേല്‍ പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലേഷ്യന്‍ പ്രധാനമന്ത്രിയും രംഗത്തു വന്നു. 'മലേഷ്യയിലേക്ക് വന്ന ഇന്ത്യക്കാരെ നമ്മള്‍ സ്വീകരിച്ചിട്ടുണ്ട്. ചൈനക്കാര്‍ക്ക് നമ്മള്‍ പൗരത്വം നല്‍കിയിട്ടുണ്ട്. പക്ഷേ, മതനിരപേക്ഷ രാജ്യമെന്ന് പറയുന്ന ഇന്ത്യ പൗരത്വത്തില്‍ മതപരമായ പരിഗണനകള്‍ നല്‍കുന്ന കാഴ്ച ദുഃഖകരമാണ്. അസ്ഥിരതയുടെ ദുരിതങ്ങള്‍ എല്ലാവരും സഹിക്കേണ്ടിവരും.' മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ പ്രതികരണം.
മുസ്‌ലിംകളൊഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനം വിവേചനമാണെന്നും ഒരു വിഭാഗം ഇന്ത്യന്‍ പൗരന്മാരുടെ പൗരത്വം റദ്ദ് ചെയ്യാന്‍, ഇന്ത്യന്‍ പൗരത്വ ഭേദഗതി നിയമം വഴി തുറക്കുമെന്നത് ആശങ്കാജനകമാണെന്നും ബഹ്‌റൈന്‍ പാര്‍ലമെന്റ് പ്രതികരിച്ചു. പൗരന്മാര്‍ക്കിടയില്‍ വിവേചനം കല്‍പിക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പാര്‍ലമെന്റ് പുറപ്പെടുവിച്ച പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. മറ്റുള്ളവരെ തുറന്ന മനസ്സോടെ സ്വീകരിക്കുന്ന ഇന്ത്യയുടെ പൗരാണിക പാരമ്പര്യത്തിന് കടകവിരുദ്ധമായ ഈ നിയമം പിന്‍വലിക്കണമെന്ന് ബഹ്‌റൈന്‍ പാര്‍ലമെന്റ് അഭ്യര്‍ഥിച്ചിരിക്കുകയാണ്.
എന്നാല്‍, പൗരത്വ ഭേദഗതി നിയമത്തെയും പൗരത്വ പട്ടികയെയും സംബന്ധിച്ച് ലോകത്തെ വിവിധ രാജ്യങ്ങളോട് ഇന്ത്യ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. യു.എന്നിനു പുറമെ യു.എസ്, ബ്രിട്ടന്‍ തുടങ്ങിയ വിവിധ രാജ്യങ്ങള്‍ പൗരത്വ സമീപനത്തെ നിശിതമായി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ ഈ വിശദീകരണം.
പൗരത്വനിയമ ഭേദഗതി പാസ്സാക്കിയ ശേഷം, ഇന്ത്യയോടുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാനാവുമെന്ന മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്റെ നിരീക്ഷണം ഏറെ പ്രസക്തമത്രെ. ഇന്ത്യയിലുണ്ടായ സംഭവങ്ങളുടെയും നടപടികളുടെയും പരമ്പരയാണ് അന്താരാഷ്ട്ര സമൂഹത്തെക്കൊണ്ട് ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. അടിസ്ഥാനപരമായി വിഭജന സ്വഭാവമുള്ളതാണ് പൗരത്വനിയമമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമീഷന്‍ വിമര്‍ശിച്ചത്.
യു.എസ് സാമാജികരുമായുള്ള യോഗത്തില്‍നിന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് ഒഴിഞ്ഞു മാറേണ്ടിവന്നു. യോഗത്തില്‍ പങ്കെടുത്ത് നിലപാട് വിശദീകരിക്കുന്നതിനു പകരം വിട്ടുനില്‍ക്കുകയാണ് ചെയ്തത്. നമ്മുടെ സുഹൃദ് രാജ്യങ്ങളെന്ന് കരുതുന്നവര്‍ പോലും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇപ്പോള്‍ എതിര്‍പ്പിന്റെ സ്വരത്തിലാണ് സംസാരിക്കുന്നത്. ഇന്ത്യക്കാര്‍ പരസ്പരം പോരടിക്കട്ടെ എന്നാണ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി പറഞ്ഞത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മുതല്‍ ജര്‍മനിയുടെ ആംഗേല മെര്‍ക്കല്‍ വരെ വിമര്‍ശനമുയര്‍ത്തുകയാണ്. ഇതാണ് നമ്മുടെ സുഹൃത്തുക്കളുടെ നിലപാടെങ്കില്‍ എതിരാളികളുടെ നിലപാട് എന്താവും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അന്താരാഷ്ട്ര ധാരണകള്‍ ലംഘിക്കുന്നവര്‍ രാഷ്ട്രീയപരവും മറ്റു തരത്തിലുമുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്ന തിക്ത യാഥാര്‍ഥ്യം ഓര്‍ക്കാതെ പോകുന്നത് ആത്മഹത്യാപരമായിരിക്കും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (64-69)
ടി.കെ ഉബൈദ്‌